Image

എങ്കിലും എന്റെ ദൈവമേ…(നര്‍മ്മ കഥ)- ജോസ് ചെരിപുറം

ജോസ് ചെരിപുറം Published on 19 November, 2012
എങ്കിലും എന്റെ ദൈവമേ…(നര്‍മ്മ കഥ)- ജോസ് ചെരിപുറം
നല്ലവനായ കുഞ്ഞവറാച്ചന്‍ മരിച്ച് സ്വര്‍ഗത്ത് ചെന്നു. നല്ലവരെ ദൈവം വിളിക്കുമെന്നുള്ളതിന്റെ തെളിവാണല്ലോ, ഇതെഴുതുന്ന ഞാനുംവായിക്കുന്ന നിങ്ങളും ജീവിച്ചിരിക്കുന്നത്.

കുഞ്ഞവറാച്ചന്‍ ചെല്ലുമെന്ന് നേരത്തെ അ
റിയാമായിരുന്നതുകൊണ്ടും ആള് നല്ലവനായിരുന്നതുകൊണ്ടും ഒരു ചെക്കിംഗും ഇല്ലായിരുന്നു. കസ്റ്റംസിലെ ഗ്രീന്‍ ചാനലില്‍ക്കൂടി കടന്നുപോകുന്ന ലാഘവത്തോടെ കുഞ്ഞവറാച്ചന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു.

ശാന്തസുന്ദരമായ അന്തരീക്ഷം. ബഹളമോ ഒച്ചപ്പാടോ ഒന്നും ഇല്ല. സ്വര്‍ഗീയ അനുഭൂതി ഉളവാക്കുന്ന ആനന്ദം. കുഞ്ഞവറാച്ചന്‍ മെല്ലെ സ്വര്‍ഗത്തിലൂടെ നടക്കാന്‍ തുടങ്ങി. ഓരോരോ കാഴ്ചകള്‍ കണ്ടുകൊണ്ട്. പള്ളിയില്‍ വെച്ച് പരിചയമുള്ള ഒരു മുഖം പോലും കണ്ടില്ല.

ഒരിടത്ത് കുറെ ആള്‍ക്കാര്‍ കൂടിയിരുന്ന് ബൈബിള്‍ വായിക്കുന്നു. മറ്റൊരിടത്ത് കുറേപ്പേര്‍ ഗീതാപാരായണം നടത്തുന്നു. വേറെ ചിലര്‍ ഖുറാന്‍ വായിക്കുന്നു. ഇഷ്ടമുള്ളവര്‍ ഇഷ്ടമുള്ളവിധത്തില്‍ ആരാധന നടത്തുന്നു. എല്ലാവരും സന്തുഷ്ടരായികഴിയുന്നു. ആര്‍ക്കും ഒരു പരാതിയുമില്ല. സുഖം പരമസുഖം.

പെട്ടെന്ന് സ്വര്‍ഗത്തില്‍ ഒരു ബഹളം. മാലാഖമാര്‍ അങ്ങോട്ടുമിങ്ങോട്ടും ധൃതിയില്‍ പറക്കുന്നു. സ്വര്‍ഗീയബാന്‍ഡ് റഡിയാകുന്നു, ചുവപ്പു പരവതാനി വിരിക്കുന്നു. ബഹുമാന്യനായ ഏതോ ദിവ്യന്റെ വരവായിരിക്കാം.

പറന്നു നടന്ന ഒരു മാലാഖയെ കുഞ്ഞവറാച്ചന്‍ തടഞ്ഞു നിര്‍ത്തി. തടഞ്ഞത് മാലാഖയ്ക്ക് ഇഷ്ടപ്പെട്ടില്ല. എങ്കിലും മലാഖയല്ലേ പുറത്ത് കാണിക്കാന്‍ സാധിക്കുമോ?

'എന്താ ഇത്ര ഒരുക്കം, ആരാണ് വരുന്നത്, ആള് സാധാരണക്കാരനല്ലെന്നു തോന്നുന്നു?'

'അറിഞ്ഞില്ലേ, ഇട്ടൂപ്പ് മുതലാളി വരുന്നു. സ്വീകരണവും പൊതുയോഗവും ഒക്കെയുണ്ട്. നല്ല കലാപരിപാടികളും ഉണ്ട്.'

മാലാഖ ധൃതിയില്‍ പറന്നകന്നു.

കുഞ്ഞവറാച്ചന് വിശ്വസിക്കാന്‍ പ്രയാസം തോന്നി. സ്വര്‍ഗത്തിലും വേര്‍തിരിവുകളോ? ലോകത്തിലായിരുന്നപ്പോള്‍ മുതലാളിയെ എല്ലാവരും സ്വീകരിച്ചാനയിച്ചുകൊണ്ടു നടന്നു. സ്വര്‍ഗത്തിലും പണക്കാരന് തന്നെ മുന്‍ഗണന. താന്‍ സ്വര്‍ഗത്ത് വന്നപ്പോള്‍ സ്വീകരിക്കാനാരും വന്നില്ല. കുഞ്ഞവറാച്ചന്റെ ഞരമ്പിലെ നസ്രാണി രക്തം തിളച്ചു. ഈ അനീതിക്കെതിരെ പ്രതികരിക്കണം.

കുഞ്ഞവറാച്ചന്‍ നേരം ദൈവസന്നിധിയിലേക്ക് ചെന്നു. ദൈവവും ഇട്ടൂപ്പ് മുതലാളി വരുന്നതിന്റെ തിരക്കിലാണ്. എങ്കിലും കുഞ്ഞവറാച്ചനെ കണ്ട് പുഞ്ചിരിച്ചു. കാര്യം തിരക്കി.

കുഞ്ഞവറാച്ചന്‍ ഗൗരവം വിടാതെ ചോദിച്ചു. 'ഇവിടെ ചോദിക്കാനും പറയാനും ആളില്ലെന്നു കരുതി എന്ത് തോന്ന്യാസവും നടത്താമോ? മുതലാളിമാരെ മാത്രം സ്വീകരിച്ചാല്‍ മതിയോ? പള്ളിയിലും സ്വര്‍ഗത്തിലും പണക്കാരെ മാത്രമേ ഗൗനിക്കൂ എന്നു വെച്ചാല്‍ മഹാകഷ്ടമാണ്.'

ദൈവം ചിരിച്ചു, 'കുഞ്ഞവറാച്ചന് കാര്യം മനസ്സിലായില്ലെന്നു തോന്നുന്നു. തന്നെപ്പോലെയുള്ള സാധാരണക്കാര്‍ ദിവസവും സ്വര്‍ഗത്തിലെത്താറുണ്ട്. എന്നാല്‍ നൂറു വര്‍ഷങ്ങള്‍ക്കു മേലായി ഒരു മുതലാളി ഇവിടെ വന്നിട്ട്. അതാണ് സ്വീകരണം സംഘടിപ്പിച്ചത്.'

കുഞ്ഞവറാച്ചന്‍ പിന്നെ അവിടെ നിന്നില്ല. താലപ്പൊലി എടുക്കുന്ന തരുണികളുടെ അടുത്തേക്ക് നീങ്ങി.
ദിവസങ്ങള്‍ കടന്നുപോയപ്പോള്‍ കുഞ്ഞവറാച്ചന് സ്വര്‍ഗം മടുത്തു. ഒരു രസവുമില്ല. ഭയങ്കര ശാന്തത അരോചകമായിത്തോന്നി. പെട്ടെന്നാണ് ബോധോദയമുണ്ടായത് നരകംവരെ ഒന്നുപോയാലോ? ഛെ. വേണ്ട സ്വര്‍ഗത്തില്‍ വന്ന താനെന്തിന് നരകത്തില്‍ പോകണം. പക്ഷേ, ആ ചിന്ത വീണ്ടും വീണ്ടും കുഞ്ഞവറാച്ചനെ വേട്ടയാടാന്‍ തുടങ്ങി.

അന്ന് വൈകുന്നേരം ദൈവം നടക്കാനിറങ്ങിയപ്പോള്‍ കുഞ്ഞവറാച്ചന്‍ പതിയെ പുറകെ കൂടി. തല ചൊറിഞ്ഞു പിറകം കൂടിയ കുഞ്ഞവറാച്ചന് എന്തോ പറയാനുണ്ടെന്നു മനസ്സിലാക്കിയ ദൈവം ചോദിച്ചു, 'എന്താ കുഞ്ഞവറാച്ചാ, എന്തോ മനസ്സിലുണ്ടല്ലോ? തുറന്നു പറയൂ.'

അത്യന്തം വിനീതനായി കുഞ്ഞവറാച്ചന്‍ പറഞ്ഞു, 'ഒണ്ടേ.'

'എന്നാല്‍ പറഞ്ഞോളൂ.'

കുഞ്ഞവറാച്ചന്‍ ശബ്ദത്തില്‍ മയംവരുത്തി പറഞ്ഞു, എനിക്ക് നരകം വരെ ഒന്നു പോയാല്‍ കൊള്ളാമെന്നുണ്ട്.

ദൈവം അതുകേട്ട് ഞെട്ടി. 'വേണ്ട, കുഞ്ഞവറാച്ചാ, ആവശ്യമില്ലാത്ത ചിന്തകളൊന്നും പാടില്ല. നിന്നെ സൃഷ്ടിച്ചതും വളര്‍ത്തിയതും, കൊന്ന് ഇവിടെ കൊണ്ടുവന്നതും ഞാനാണ്. സ്വര്‍ഗത്തില്‍ വരാന്‍ എത്രപേര്‍ കഷ്ടപ്പെടുന്നുണ്ടെന്ന് നിനക്കറിയാമോ? അപ്പോഴാ ഇവിടെ വന്ന ഒരു ഏഭ്യന് നരകത്തില്‍ പോകണംപോലും.'

കുഞ്ഞവറാച്ചന്‍ ഇളിഭ്യനായി തിരികെ നടന്നു. എങ്കിലും നരകത്തില്‍ പോകണമെന്ന ചിന്ത മനസ്സില്‍നിന്നും വിട്ടുമാറാതെ നില്‍ക്കുകയാണ്.

രണ്ടുമൂന്നു ദിവസം കഴിഞ്ഞ് കുഞ്ഞവറാച്ചന്‍ വീണ്ടും ദൈവത്തെ കണ്ട് തന്റെ ആഗ്രഹം അറിയിച്ചു. ദൈവത്തിന് അത്ര സമ്മതമില്ലായിരുന്നെങ്കിലും കുഞ്ഞവറാച്ചന്റെ നിര്‍ബന്ധവും നരകം കണ്ടിട്ട് ഉടനെ തിരിച്ചുവരാമെന്ന കരാറിലും മൂന്നു ദിവസത്തേക്ക് മാത്രമായി ഒരു പാസു കൊടുത്തു. പാസ് കൊടുക്കുമ്പോള്‍ ദൈവം അരുളിച്ചെയ്തു. 'കുഞ്ഞവറാച്ചാ ഇത് വെറും മൂന്നു ദിവസത്തേക്കുള്ള പാസാണ്. നരകം എങ്ങനെയുണ്ടെന്ന് കണ്ടിട്ട് ഉടനെ തിരിച്ച് വന്നേക്കണം.'

കുഞ്ഞവറാച്ചന്‍ എല്ലാം സമ്മതിച്ചു. പാസ് വാങ്ങി ചെറിയ ഒരു ബാഗില്‍ നിത്യോപയോഗസാധനങ്ങള്‍ കുത്തിനിറച്ച് സ്ഥലം വിട്ടു.

നരകത്തോട് അടുക്കുന്തോറും ഡിസ്‌കോ മ്യൂസിക്കിന്റെ കാതടിപ്പിക്കുന്ന ശബ്ദം കേള്‍ക്കായി. പലതരം വാദ്യോപകരണങ്ങളാല്‍ ഇമ്പമാര്‍ന്ന സംഗീതം. എത്രയും വേഗം നരകത്തിലെത്താന്‍ വേണ്ടി കുഞ്ഞവറാച്ചന്‍ ആഞ്ഞു നടന്നു.

നരകകവാടത്തിലെത്തിയപ്പോള്‍ സുന്ദരിമാരായ തരുണികള്‍ നാമമാത്രവസ്ത്രധാരികളായി താലപ്പൊലിയേന്തി കുഞ്ഞവറാച്ചനെ സ്വീകരിച്ചു. കുഞ്ഞവറാച്ചന് സന്തോഷമായി. സ്വര്‍ഗത്തിലുള്ള സ്ത്രീകള്‍ പുരുഷന്മാരോട് സംസാരിക്കില്ലെന്നു മാത്രമല്ല തിരിഞ്ഞുനോക്കുകപോലുമില്ല. അകത്തേക്കു കടന്ന കുഞ്ഞവറാച്ചന് വിശ്വസിക്കാന്‍തന്നെ പ്രയാസമുള്ള കാര്യങ്ങളാണ് കാണാന്‍ കഴിഞ്ഞത്.

വാദ്യമേളങ്ങള്‍ക്കൊപ്പം ആണുങ്ങളും പെണ്ണുങ്ങളും നൃത്തംവയ്ക്കുന്നു. അംഗചലനങ്ങള്‍ക്കൊപ്പം തരുണികളുടെ മാംസളങ്ങളായ അവയവങ്ങള്‍ തുള്ളിത്തുളുമ്പുന്നു. മദ്യത്തിനാണെങ്കില്‍ ഒരു ക്ഷാമവുമില്ല. എവിടെയും ബാറുകള്‍. നീലപ്പടങ്ങള്‍ ഓടിക്കുന്ന സിനിമാശാലകള്‍. രതിക്രീഡകള്‍ അവതരിപ്പിക്കുന്ന സ്റ്റേജുകള്‍. ശാരീരികമായ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന അന്തരീക്ഷം. കുഞ്ഞവറാച്ചന്‍ ഓര്‍ത്തു. വെറുതെയല്ല ദൈവം വാശിപിടിച്ചത്. നരകത്തിലേക്ക് പോകരുതെന്ന് പറഞ്ഞത്. ഇത്രയും സുഖകരമായ ജീവിതം ഇവിടെയുള്ളപ്പോള്‍ ആര്‍ക്കുവേണം പരട്ട സ്വര്‍ഗം.

ഒരു കാര്യം കുഞ്ഞവറാച്ചന്‍ ഉറപ്പിച്ചു. മൂന്നു ദിവസത്തെ പാസിനുശേഷം തിരിച്ചു സ്വര്‍ഗത്തില്‍ ചെന്ന് തന്റെ ജംഗമസാധനങ്ങളെല്ലാം പെറുക്കിക്കെട്ടി നരകത്തില്‍ സ്ഥിരവാസമുറപ്പിക്കുക. ദൈവം എതിര്‍ക്കും, എതിര്‍ക്കട്ടെ. ജീവിച്ചിരുന്നപ്പോഴോ ഇതൊന്നും ആസ്വദിക്കാന്‍ സാധിച്ചില്ല. മരിച്ചുകഴിഞ്ഞപ്പോഴെങ്കിലും ജീവിതമൊന്നാസ്വദിക്കേണ്ടേ. കണ്ണടച്ചുതുറക്കുന്നതിനുമുന്‍പെന്നപോലെ മൂന്നുദിവസം 'ശൂ' എന്ന് കടന്നു പോയി. മനസ്സില്ലാ മനസ്സോടെ കുഞ്ഞവറാച്ചന്‍ സ്വര്‍ഗത്തിലേക്കു തിരിച്ചുപോയി. ചെന്നപാടേ തന്റെ സാധനസാമഗ്രികള്‍ എല്ലാം പെട്ടികളിലാക്കി സ്ഥലം വിടാന്‍ ഒരുങ്ങി. അപ്പോഴേക്കു ഒരു ദൈവദൂതന്‍ എത്തി അരുളി ചെയ്തു.

'കുഞ്ഞവറാച്ചനെ ദൈവം വിളിക്കുന്നു.' പെണ്ണുകെട്ടാനൊരുങ്ങുന്നവരെ പോലീസ് അറസ്റ്റുചെയ്യുന്നു എന്നു പറഞ്ഞപോലായി. മനസ്സില്‍ പിറുപിറുത്തുകൊണ്ട് കുഞ്ഞവറാച്ചന്‍ ദൈവദൂതനെ അനുഗമിച്ചു.

ദൈവത്തിന്റെ മുഖം ഗൗരവപൂര്‍ണമായിരുന്നു. എന്തോ വിലപിടിപ്പുള്ളത് നഷ്ടപ്പെട്ടതുപോലെ അല്പനേരത്തെ മൗനത്തിനുശേഷം ദീര്‍ഘനിശ്വാസത്തോടെ ദൈവം ചോദിച്ചു, 'അപ്പോള്‍ എല്ലാം തീരുമാനിച്ചു അല്ലേ?'
മനസ്സ് ഒന്നുപതറിയെങ്കിലും കുഞ്ഞവറാച്ചന്‍ ധൈര്യപൂര്‍വ്വം പറഞ്ഞു, 'അതെ.'

'എടാ കുഞ്ഞേ നീ ഇത്ര അവിവേകിയാണെന്ന് ഞാനറിഞ്ഞിരുന്നില്ല. എങ്കില്‍നിന്നെ മൂന്നു ദിവസത്തെ പാസിന് ഞാന്‍ വിടില്ലായിരുന്നു.'

കുഞ്ഞവറാച്ചന്‍ ഒരു വില്ലന്‍ ചിരിചിരിച്ചിട്ട് പറഞ്ഞു, 'വേല മനസ്സിലിരിക്കട്ടെ, ഞാനിവിടെ പോയി സുഖിക്കുന്നതില്‍ നിങ്ങള്‍ക്കസൂയയാണ്. ഈ ശുഷ്‌ക്കിച്ച സ്വര്‍ഗത്തില്‍ എന്തിരിക്കുന്നു?'

'നീ ദുഃഖിക്കേണ്ടിവരും, ഒരിക്കല്‍ ഇവിടം വിട്ടാല്‍ പിന്നെ തിരിച്ചുവരാമെന്ന് ഓര്‍ക്കേണ്ട.'

'തിരിച്ചു വരാനോ! നല്ല കളി. ബാക്കി ഇവിടെയുള്ളവര്‍ നരകത്തിലേക്ക് പോകാതെ സൂക്ഷിച്ചോ' എന്നൊരുപദേശവും കൊടുത്തിട്ട് ഭാര്യയെ പിരിഞ്ഞിരിക്കുന്ന അമേരിക്കന്‍ നവവരന്റെ ധൃതിയില്‍ കുഞ്ഞവറാച്ചന്‍ നരകത്തിലേക്ക് യാത്രയായി.

നരകവാതില്‍ക്കലെത്തിയ കുഞ്ഞവറാച്ചന്‍ അന്തംവിട്ടു നിന്നുപോയി. താലപ്പൊലിയുമായി സുന്ദരിമാരില്ല. വാദ്യാഘോഷങ്ങളില്ല. രണ്ട് രാക്ഷസരൂപികള്‍ തീ പാറുന്ന കണ്ണുകളുമായി ആക്രോശിച്ചു, 'വാടാ ഇവിടെ.'

ഭയംമൂലം കുഞ്ഞവറാച്ചന് ശബ്ദിക്കാന്‍ സാധിച്ചില്ല. കുറ്റിനാട്ടിയപോലെ നിന്നു. ആ രാക്ഷസരൂപികള്‍ കുഞ്ഞവറാച്ചനെ ശരിക്ക് രണ്ടു പൂശു പൂശി. നാട്ടിലെ പോലീസ് സ്റ്റേഷന്‍ മുറിയില്‍. പിന്നെ തൂക്കിയെടുത്ത് അകത്തേക്കെറിഞ്ഞു. ചെന്നുവീണത് തിളച്ചുകൊണ്ടിരുന്ന എണ്ണതോണിയിലാണ്.

കുഞ്ഞവറാച്ചന്‍ നല്ല 'ബാര്‍ബക്യൂ' പരുവത്തിലായപ്പോള്‍, എണ്ണചെമ്പില്‍നിന്ന് തോണ്ടി വെള്ളത്തിലേക്ക് എറിഞ്ഞു. വെള്ളത്തില്‍ വീണതും മത്സ്യങ്ങള്‍ ഓടിക്കൂടി മാസം കൊത്തിപ്പറിക്കാന്‍ തുടങ്ങി. അസഹ്യമായ നീറ്റലും വേദനയുകൊണ്ട് കുഞ്ഞവറാച്ചന്‍ പുഴുവിനെപ്പോലെ പിടച്ചു. എല്ലാ ശക്തിയും സംഭരിച്ച് അലറി ദൈവത്തെ വിളിച്ചു പറഞ്ഞു, 'എങ്കിലും ദൈവമേ എന്നോടിതു വേണ്ടായിരുന്നു. ഞാനാദ്യം വന്നപ്പോള്‍ കണ്ട നരകത്തിലും എത്ര വ്യത്യസ്തമാണ് ഇപ്പോള്‍ കണ്ട നരകം. എന്താണിതിന്റെ രഹസ്യം!!'

അത്യുന്നതങ്ങളില്‍നിന്ന് ഒരശരീരി കുഞ്ഞവറാച്ചന്റെ കാതില്‍ മുഴുങ്ങി. 'ആദ്യം നീ പോയത് വിസിറ്റിംഗ് വിസയിലാണ്. ഇപ്പോള്‍ നീ പെര്‍മനന്റ് റെസിഡന്റാണ്, ഗ്രീകാര്‍ഡ്‌ഹോള്‍ഡര്‍. ഒരുന്നതെല്ലാം അനുഭവിച്ചേ തീരൂ!!!'
എങ്കിലും എന്റെ ദൈവമേ…(നര്‍മ്മ കഥ)- ജോസ് ചെരിപുറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക