ഒന്നരക്കോടി ജനങ്ങള്‍ വസിക്കുന്ന മുംബൈ എന്ന മഹാ നഗരത്തില്‍ കടുവ
എന്ന് പറഞ്ഞാല്‍ ആദ്യം ഓര്‍ക്കുന്നത് കഴിഞ്ഞ ദിവസം അന്തരിച്ച ശിവ സേന
നേതാവ് ബാല്‍ താക്കറെപ്പറ്റി ആയിരിക്കും . അദ്ദേഹം കടുവയാണോ കടലാസ്
പുലി ആയിരുന്നോ ഒരു നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ തീപ്പൊരി
നേതാവ് ആയിരുന്നോ എന്നൊക്കെ പറഞ്ഞു പലരും പലതും പറയുകയും എഴുതുകയും
ചെയ്തു . ഒരിക്കല്‍ അദ്ദേഹം ദക്ഷിനെന്ത്യാക്കാര്‍ക്കും പിന്നെ
മുസ്ലീങ്ങള്‍ക്കും ഒടുവില്‍ ഉത്തരെന്ത്യാക്കാര്‍ക്കും പേടിസ്വപ്നം
ആയിരുന്നു എന്നത് ഒരു സത്യം ആണ് . അദ്ദേഹത്തിന്റെ കാലം കഴിഞ്ഞതോടെ ആ
പേടി ഇനിയും ഉണ്ടാവുമോ എന്ന് കാലത്തിനു മാത്രമേ പറയാന്‍ ആവൂ .
എന്നാല്‍ ഈ വന്‍ നഗരത്തില്‍ ഏറെക്കുറെ സുരക്ഷിതമായ ഒരു പാര്‍പ്പിട
സമുച്ചയത്തില്‍ താമസിക്കുന്ന എന്നെ ശരിക്കും ഒരു പുലിപ്പേടി
പിടികൂടിയിരിക്കുന്നു എന്ന് പറഞ്ഞാല്‍ അത് സത്യമാണ് .
പുലി ,
കടുവ എന്നൊക്കെ പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് പടം കാണുമ്പോള്‍
ആദ്യമൊന്നും ഭയമേ തോന്നിയില്ല . ഒരു പശുവിന്റെയോ മറ്റോ വലിപ്പമുള്ള
ഒരു പൂച്ച ! അത്ര തന്നെ , അരീക്കര ഒരു നൂറു കൊല്ലം മുന്‍പ്
കളര്‍ത്തറമോടി തുടങ്ങിയ മലകളില്‍ പുലിമട ഉണ്ടായിരുന്നു എന്നൊക്കെ
അച്ഛനോട് അച്ഛന്റെ അച്ഛന്‍ പറഞ്ഞു കൊടുത്തിരുന്നു . ഞങ്ങളുടെ
കുട്ടിക്കാലത്ത് അത് വെറും കാട്ടുപ്പൂച്ചകളും പള്ളി പാക്കാനും ഒക്കെ
മാത്രം ആയി ചുരുങ്ങി . ശബരിമല ശാസ്താവിന്റെ കഥ കേട്ടതും പിന്നെ സിനിമ
കണ്ടപ്പോഴും ഒക്കെ നല്ല ഇണക്കം ഉള്ള ഒരു ഓമനയായ മൃഗം എന്നായി ഞങ്ങള്‍
കുട്ടികളുടെ ധാരണ . പക്ഷെ അച്ഛനോടൊപ്പം ആദ്യമായി തിരുവനന്തപുരം
മൃഗശാലയില്‍ ശരിക്കുള്ള കടുവയെ നേരില്‍ കണ്ടപ്പോള്‍ ആണ് അവന്റെ
ശക്തിയും ശൌര്യവും ഒക്കെ ആ അലര്‍ച്ചയില്‍ നിന്നും മനസ്സിലായത് .
അമ്മയുടെ അച്ഛന് അജാനുബാഹു ആയ ഒരു ജ്യെഷ്ടനുണ്ടായിരുന്നു ,
വെട്ടിക്കവല മൂപ്പീന്ന് എന്ന് എല്ലാരും വിളിക്കുന്ന ഈ വല്യച്ചന്‍
കടുവയെ പേടിപ്പിച്ച വല്യച്ചന്‍ എന്ന പേരില്‍ ആണ് പോലും അറിയപ്പെട്ടത്
. പത്ത് എണ്പതു കൊല്ലം മുന്‍പ് നടന്ന സംഭവം ആണ് . അന്ന് ശബരിമല
യാത്രക്ക് പോയ കടുവാ വല്യച്ചന്‍ കൊടും വനത്തില്‍ ഒറ്റയ്ക്ക് എവിടെയോ
വഴിതെറ്റി അലഞ്ഞു പോലും,, അങ്ങിനെ ഒരു ചെറിയ തോട്ടില്‍ നിന്നും വെള്ളം
കുടിക്കാം എന്ന് വിചാരിച്ചു താഴേക്കു ഇറങ്ങിയ വല്ല്യച്ചനെ തോടിന്റെ
താഴെ നിന്ന് വെള്ളം കുടിക്കുന്ന കടുവ മുഖം ഉയര്‍ത്തി നോക്കിയതും ഇമ
വെട്ടാതെ കടുവയെ നോക്കി പിന്നോട്ട് നടന്നു രക്ഷ പെട്ട് പോലും . അമ്മ
പലപ്പോഴും ഈ കഥ ഞങ്ങളെ ധൈര്യ ശാലികള്‍ ആക്കാന്‍ വേണ്ടി പറഞ്ഞു
തന്നിട്ടുണ്ട് . പക്ഷെ വല്ല പൂച്ചയോ മറ്റോ നോക്കി ഇമ വെട്ടാതെ
പുറകോട്ടു നടന്നു പരിശീലിക്കാനെ ഞങ്ങള്‍ക്ക് കഴിഞ്ഞുള്ളു .
പിന്നെ കടുവയും പുലിയേയും ഒക്കെ പല തരം മൃഗശാലകളില്‍ അല്ലെങ്കില്‍
ഡിസ്കവറി ചാനല്‍ കണ്ടു പരിചയം ഉണ്ട് . ചില മൃഗശാലകളില്‍ നമ്മള്‍
കൂട്ടിലടച്ച പോലെ ബസ് നു ഉള്ളിലും ഈ കാട്ടു രാജാക്കന്മാര്‍ നമ്മുടെ
ബസിനു ചുറ്റിലും ഒക്കെ മണം പിടിച്ചും തീറ്റ ആയി കൊടുക്കുന്ന ചെറിയ
ഇറച്ചി ക്കഷണങ്ങള്‍ കടിച്ചു കീറിയും നടക്കുന്നത് കണ്ടത് കൌതുകം നിറഞ്ഞ
ഒരു കാഴ്ച ആയിരുന്നു . അങ്ങിനെയുള്ള ഒരു മൃഗ ശാല തായലണ്ടില്‍
പോയപ്പോള്‍ തലസ്ഥാനമായ ബാങ്കോക്ക് ല്‍ കണ്ടു . നമ്മള്‍ സഞ്ചരിക്കുന്ന
ട്രക്കിലേക്ക് ചീറിയടുക്കുന്ന വലിയ ഒരു കടുവ ശരിക്കും പേടിപ്പെടുത്തുക
തന്നെ ചെയ്തു . അവിടെ കടുവക്കുട്ടികളുടെ ഒരു നേഴ്സ് റി വളരെ
ഇഷ്ടപ്പെട്ടു . ചെറിയ കടുവാക്കുഞ്ഞുങ്ങളെ നമ്മുടെ മടിയില്‍ വെച്ച് തരും
, കൂടെ നമ്മുടെ കൈയ്യില്‍ ഒരു പാല്‍കുപ്പിയും, അത് കുഞ്ഞുങ്ങളുടെ
വായില്‍ വെച്ച് കൊടുത്താല്‍ നല്ല അരുമയായി അത് കുടിക്കും , ഇടയ്ക്കു
ശല്യപ്പെടുത്തുകയോ കുപ്പി വലിച്ചു മാറ്റുകയോ ചെയ്‌താല്‍ വലിയ ദേഷ്യം
കാണിക്കും . എന്നാലും നമ്മളെ ആക്രമിക്കും എന്ന് പേടിക്കാനില്ല .
തായലണ്ടില്‍ തന്നെ പ്രസിദ്ധമായ ഒരു ബുദ്ധ മത ആശ്രമത്തില്‍ കടുവകളെ
ആടുകളെ പോലെ ഇണക്കി വളര്‍ത്തുന്ന ഒരു സ്ഥലം തിരക്ക് മൂലം കാണാന്‍
കഴിഞ്ഞില്ല .
എന്നാല്‍ വന്‍ നഗരമായ മുംബയില്‍ സഞ്ജയ് ഗാന്ധി
നാഷണല്‍ പാര്‍ക്ക് എന്ന വലിയ ഒരു റിസര്‍വ് വനം ഉണ്ട് . മൊത്തം നൂറു
ചതുരശ്ര കി മി വിസ്തൃതിയുള്ള ഈ വനം മുംബൈ നഗരത്തോട് ചേര്‍ന്ന്
ബോറിവില്ലി , മലാട്, ഗോരേഗാവ് ആരെ കോളനി ഒക്കെ തൊട്ടു കിടക്കുന്നു .
നാല്‍പ്പതോളം പുലികള്‍ ഈ വനത്തില്‍ ഉണ്ട് . കടുവയും ഒന്നോ രണ്ടോ
ഉണ്ടെന്നു പറയുന്നു . കാട്ടില്‍ നിന്നും ഇര കിട്ടാതെ പലപ്പോഴും ഈ
പുലികള്‍ അടുത്ത് കിടക്കുന്ന തൊഴിലാളി ഗ്രാമങ്ങളില്‍ പശുവിനെയോ
പട്ടിയേയോ ചിലപ്പോള്‍ മനുഷ്യരെ തന്നെയോ കൊന്നു തിന്നും . ഒരു വര്‍ഷം
ശരാശരി പത്ത് മുതല്‍ ഇരുപതു വരെ ആളുകളെ ആക്രമിക്കുകയോ കൊല്ലുകയോ
ഉണ്ടായിട്ടുണ്ട് . അതിനാല്‍ ഈ വനത്തിന്റെ അതിര്‍ത്തിയില്‍ ഉള്ള
ഗ്രാമങ്ങളും പാര്‍പ്പിട സമുച്ചയങ്ങളും ഒക്കെ പുലിപ്പേടിയില്‍ നിന്നും
വിമുക്തമല്ല .
മുംബയില്‍ ഞാന്‍ താമസിക്കുന്ന പാര്‍പ്പിട
സമുച്ചയം ഗോരേഗാവ് ആരെ കോളനി ക്ക് സമീപം ആണ് . വലിയ മതില്‍
ക്കെട്ടും സെക്യൂരിറ്റി യും ഒക്കെ യുള്ള മുപ്പത്തഞ്ചു നിലകള്‍ ഉള്ള
മൂന്നു ടവറുകള്‍ ആണ് ഈ സമുച്ചയം . അതിലെ നടുക്കുള്ള ബീ ടവറില്‍
മൂനാം നിലയില്‍ ആണ് എന്റെ ഫ്ലാറ്റ് . എന്റെ എന്ന് പറഞ്ഞാല്‍ എന്റെ
സ്വന്തം അല്ല കേട്ടോ , എന്റെ കമ്പനി എനിക്ക് താമസിക്കാന്‍
തന്നിരിക്കുന്ന സ്ഥലം ആണ് . എന്റെ ഫ്ലാറ്റില്‍ നിന്നും പുറത്തേക്കു
നോക്കിയാല്‍ ആരെ കോളനിയുടെ പച്ചയും കണ്ണെത്താ ദൂരം വരെ കാണുന്ന വന
പ്രദേശവും . ഒരു കോണ്‍ക്രീറ്റ് വനത്തില്‍ ഇങ്ങനെ പച്ച നിറഞ്ഞ ഒരു വനം
കാണുക എന്നത് എനിക്ക് എന്റെ കുഗ്രാമാത്തെ ഓര്‍മപ്പെടുത്തുന്ന ഒരു
മനോഹര കാഴ്ചയാണ് . ഇവിടെ നടക്കാന്‍ ജോഗേര്സ് ട്രാക്ക് ഉം ഒക്കെ
ഉള്ളതിനാല്‍ എനിക്ക് രാവിലെ ആറു മണിക്ക് ഈ കമ്പൌണ്ടിനുള്ളില്‍
സുരക്ഷിതമായി നടക്കാം , ഞാന്‍ അങ്ങിനെ നടക്കാന്‍ പോവുമ്പോള്‍ ആണ്
നാട്ടിലെ പഴയ കഥകള്‍ ഒക്കെ ഓര്‍ത്തെടുക്കുന്നത് .
കുറെ നാള്‍
മുന്‍പ് അധികം ദൂരെയല്ലാത്ത മുംബൈ ഐ ഐ ടീ കോളനി യില്‍ താമസിക്കുന്ന
ഒരു സുഹൃത്ത് പറഞ്ഞ കഥ കേട്ട് ഞാന്‍ ശരിക്കും ഞെട്ടി . അദ്ദേഹം
രാവിലെ ഉണര്‍ന്നു ഒന്നാം നിലയില്‍ ബാല്‍ക്കണിയില്‍ സൂര്യന്‍
ഉദിക്കുന്നത് കാണാന്‍ നില്‍ക്കുകയായിരുന്നു . പെട്ടന്ന് വീടിന്റെ
അതിര്‍ത്തി മതിലിനു മുകളില്‍ കൂടി വലിയ ഒരു പുലി നടക്കുന്നു . അയാള്‍
നിലവിളിച്ചു കൊണ്ട് വാതില്‍ അടച്ചു , ആളുകള്‍ വിവരം അറിഞ്ഞു
എത്തിയപ്പോഴേക്കും പുലി ഓടി മറഞ്ഞു . അങ്ങിനെ എത്ര എത്ര
ഫ്ലാറ്റുകള്‍കടുത്തു പുലി പ്രത്യക്ഷപ്പെട്ടിരിക്കുന്നു .
അതും പോരാഞ്ഞു ഈയിടെ അടിക്കടി പുലി പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളും
ആക്രമിച്ച വാര്‍ത്തകളും കേട്ട് എനിക്ക് ശരിക്കും ഒരു പുലിപ്പേടി
തുടങ്ങി . എല്ലാം, ഈ സ്ഥലത്തിനു അടുത്തൊക്കെ തന്നെ . ഈ വലിയ മതിലുകള്‍
ഒക്കെ പുലിക്കു നിഷ്പ്രയാസം ചാടിക്കടക്കാം . ഞങ്ങള്‍ നടക്കുന്ന
ട്രാക്ക് ആണെങ്കില്‍ ഈ ചുറ്റു മതിലിനോട് ചേര്‍ന്ന് , രാവിലെ
തണുപ്പുള്ള കാറ്റും കാതില്‍ സംഗീതവും ഒക്കെ ആസ്വദിച്ചു നടക്കുന്ന
ധാരാളം ആളുകള്‍ എത്തിച്ചേരും . എങ്കിലും ആറു മണിക്ക് എന്നെപ്പോലെ
ഒന്നോ രണ്ടോ പേരെ കാണുകയുള്ളൂ . അതിനാല്‍ എന്റെ ഹൃദയമിടിപ്പ് നടക്കാതെ
തന്നെ സ്പീട് കൂടി . മതിലും മുകളില്‍ വല്ല പൂച്ചയോ വല്ലതും
ചാടിക്കടന്നാല്‍ , ദൈവമേ അത് പോലെ തന്നെ ഒരു പുലിക്കും ചാടാവുന്നതെല്ലേ
ഉള്ളൂ എന്നോര്‍ക്കുമ്പോള്‍ ചങ്ക് ഇടിക്കും .
എന്റെ
പ്രീയപ്പെട്ട പുലീ , നീ കാട്ടില്‍ നിന്നും നിവര്‍ത്തിയില്ലാതെ നാട്ടില്‍
എത്തിയതാനെങ്കില്‍ ഞാന്‍ നാട്ടില്‍ നിന്നും നിവര്‍ത്തിയില്ലാതെ ഈ
നഗരത്തില്‍ എത്തിയതാണ് . നിന്നെപ്പോലെ തന്നെ എനിക്കും രണ്ടു
കുഞ്ഞുങ്ങള്‍ , അവരെ ഒരു കരക്ക് എത്തിക്കണം , അത്ര തന്നെ , പിന്നെ
ഞാനും നാട് പറ്റും .
ഉപദ്രവിക്കരുത് പ്ലീസ് , ഞാന്‍ ഒരു പാവമാ , നിന്നെപ്പോലെ തന്നെ