Image

ശ്വേതാ മേനോന് ഇല്ലാത്ത വേവലാതി നമ്മുക്ക് എന്തിനാ?

Somarajan Panicker Published on 21 November, 2012
ശ്വേതാ മേനോന് ഇല്ലാത്ത വേവലാതി നമ്മുക്ക് എന്തിനാ?
പ്രശസ്ത അഭിനേത്രി ശ്രീമതി. ശ്വേത മേനോന്‍ ഒരു ചലച്ചിത്രത്തിനു വേണ്ടി തന്റെ പ്രസവം ചിത്രീകരിക്കാന്‍ പ്രശസ്ത സംവിധായകന്‍ ശ്രീ  ബ്ലസ്സിയെയും ക്രൂവിനെയും അനുവദിച്ചു എന്ന വാര്‍ത്ത വന്നത് മുതല്‍ ഫേസ് ബുക്കില്‍ തലങ്ങും വിലങ്ങും അതിനെ ആക്ഷേപിച്ചു കൊണ്ടും വളരെ ചുരുക്കമായി അനുകൂലിച്ചു കൊണ്ടും ഒക്കെ നിരവധി പോസ്റ്റുകള്‍ വരുകയുണ്ടായി. അതെഴുതുന്ന ആളുകളുടെ ചിന്താഗതിയും വീക്ഷണവും ഒക്കെ അത്തരം പോസ്റ്റില്‍ നിന്നും മനസ്സിലാക്കാം. ഒരു ജാനാധിപത്യ രീതിയില്‍ നമുക്ക് ആരെയും വിമര്‍ശിക്കാന്‍ സ്വ്വതന്ത്ര്യം ഉള്ളതുപോലെ മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തെ കടന്നാക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതും ഒക്കെ ഫേസ് ബുക്കില്‍ കണ്ടു ശീലം ആയിരിക്കുന്നു .

ശ്വേത അങ്ങേയറ്റം മോശമായ ഒരു കാര്യം ചെയ്തു എന്ന് എഴുതിയ മിക്ക ആളുകളും അങ്ങിനെ എഴുതിയത് ഒരുതരം " വൈല്‍ഡ്‌ ഫാന്റസി" അല്ലെങ്കില്‍ ഭ്രാന്തമായ കാല്‍പ്പനികത്വം കൊണ്ടാണെന്ന് എനിക്ക് തോന്നുന്നു. അവരുടെ മനസ്സില്‍ രതിനിര്‍വേദത്തിലെ ചേച്ചി പ്രസവിക്കുന്നു , അത് സംവിധായകന്‍ കാണുന്നു . ഛെ! എന്ന് പറഞ്ഞവരും അത് അവളുടെ രാവുകള്‍ പടം കാണുന്നത് പോലെ ഭാവനയില്‍ കണ്ടവരും ഉണ്ട്. പിന്നെ ഫേസ് ബുക്കില്‍ നിരത്തി വിമര്‍ശിക്കുന്നു. അതാണ്‌ വൈല്‍ഡ്‌ ഫാന്റസി !

മറ്റൊരു വിഷയവും കിട്ടാഞ്ഞിട്ടു കഴിഞ്ഞ ദിവസം മുന്‍ സാംസ്കാരിക വകുപ്പ് മന്ത്രി കൂടി ആയ സ്പീക്കര്‍ കാര്‍ത്തികേയനും മറ്റൊരു തീപ്പൊരി പ്രസംഗകന്‍ ജീ സുധാകരനും ഈ വിഷയത്തില്‍ ശ്വേതയെ കണക്കിന് ശകാരിക്കാന്‍ മറന്നില്ല . അവര്‍ ഒരിക്കലും വായിച്ചിട്ടില്ലാത്ത തിരക്കഥയുള്ള ബ്ലെസ്സിയുടെ ഈ ചലച്ചിത്രം റിലീസ് ആവുന്നതോടെ നമ്മുടെ സംസ്കാരം തകര്‍ന്നു പോവുമെന്ന് രണ്ടു പേരും ഒരുപോലെ ഭയപ്പെടുന്നു .

ശ്വേതയുടെ പ്രസവം ഈ ചലച്ചിത്രത്തില്‍ എങ്ങിനെ അവതരിപ്പിക്കും എന്ന് എനിക്ക് അറിയില്ല , അതിനാല്‍ അത് ശരിയോ തെറ്റോ സാമ്പത്തിക ലാഭം ഉണ്ടായോ എന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല .

എന്റെ പ്രവര്‍ത്തന മേഖലയിലെ ചില അനുഭവങ്ങള്‍ ഈ അവസരത്തില്‍ ഞാന്‍ പങ്കു വെക്കാന്‍ ഉദ്ദേശിക്കുന്നു
എന്റെ ആദ്യ ജോലി അള്‍ട്രാ സൌണ്ട് സ്കാന്നെര്‍ സ്ഥാപിക്കലും അത് ഉപയോഗിക്കുന്നത് ഡോക്ടര്‍ മാരെ പഠിപ്പിക്കലും ആയിരുന്നു . അന്ന് ഇന്ത്യയില്‍ വലിയ പട്ടണങ്ങളില്‍ വലിയ ആശുപത്രികളില്‍ മാത്രമാണ് ഈ അത്ഭുത വസ്തു ഉണ്ടായിരുന്നത്. തോഷിബ എന്ന ഒരു കമ്പനിയുടെ അള്‍ട്രാ സൌണ്ട് സ്കാന്നെര്‍ ആണ് ഞങ്ങള്‍ വിറ്റഴിച്ചു കൊണ്ടിരുന്നത്. അന്ന് എംഡീ പാസായി വരുന്ന പല ഡോക്ടര്‍മാരും ജീവിതത്തില്‍ ആദ്യമായി ആണ് ഒരു അള്‍ട്രാ സൌണ്ട് സ്കാന്നെര്‍ കാണുന്നത് എന്ന് പറയുമ്പോള്‍ ഈ ടെക്നോളജി വരുത്തിയ മാറ്റങ്ങള്‍ ഊഹിക്കാവുന്നതെ ഉള്ളൂ. മുംബൈയിലെ പ്രമുഖ ആശുപത്രികളില്‍ അന്ന് സീ ടീ സ്കാനര്‍ പോലും എത്തിയിട്ടില്ല എന്ന് കൂടി അറിയണം . സ്കാന്‍ എന്ന് പറഞ്ഞാല്‍ അന്ന് അള്‍ട്രാ സൌണ്ട് സ്കാന്നെര്‍ മാത്രം. ആദ്യമായി ഈ മെഷീന്‍ എത്തിയപ്പോള്‍ അത് ഉപയോഗിക്കാന്‍ പഠിപ്പിക്കാന്‍ ജപ്പാനില്‍ നിന്നും ഒരു അപ്ലിക്കേഷന്‍ സ്പെഷ്യലിസ്റ്റ് വന്നു മുംബയിലെ പേര് കേട്ട ഈ ആശുപത്രിയില്‍ ഞങ്ങളെയും മൂന്നു ഡോക്ടര്‍മാരെയും പരിശീലിപ്പിച്ചു. ഐക്കോ വാത്തനാബെ എന്ന് പേരുള്ള സുന്ദരിയായ ഒരു ജാപ്പനീസ് യുവതി ആണ് ഞങ്ങളെ അള്‍ട്രാ സൌണ്ട് സ്കാന്‍ ചെയ്യാന്‍ പഠിപ്പിക്കാന്‍ എത്തിയത്. ആദ്യം ഞങ്ങളുടെ ലിവര്‍ , ഗാള്‍ ബ്ലാടെര്‍ , കിഡ്നി , ഹാര്‍ട്ട്‌ , തുടങ്ങിയവ സ്വയം സ്കാന്‍ ചെയ്തു പരിശീലിപ്പിച്ചു. മൂന്ന് നാല് ദിവസം രാവിലെ മുതല്‍ വൈകിട്ട് വരെ പ്രോബ് പിടിച്ചു സ്കാന്‍ എന്ന അത്ഭുത വസ്തു മനുഷ്യന്റെ ശരീരത്തിലെ സോഫ്റ്റ്‌ ടിഷ്യു എങ്ങിനെ സ്കാന്‍ ചെയ്യാം എന്ന് മനസ്സിലാക്കി .

എന്നെ സംബധിച്ച് അത് ഒരു പുതിയ ലോകത്തേക്കുള്ള ആദ്യ പടി, രോഗികള്‍ക്ക് വിസ്മയം , ഡോക്ടര്‍ക്ക് ആശ്വാസം, ആശുപത്രിക്ക് പുതിയ ഒരു വരുമാനം!

അടുത്ത ഘട്ടം ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കും മറ്റും ആയതിനാല്‍ ഇനി യഥാര്‍ത്ഥ രോഗികളെ തന്നെ ആവട്ടെ എന്ന് നിശ്ചയിച്ചു. സ്കാന്നെര്‍ മാത്രമല്ല ജാപ്പാന്‍ കാരി ഐക്കോയെ കാണാനും വലിയ കൌതുകം ആയിരുന്നു. ഞങ്ങള്‍ രണ്ടു എഞ്ചിനീയര്‍ മാര്‍, മൂന്നു ഡോക്ടര്‍മാര്‍, ജപ്പാന്‍ കാരി, ഒരു നേഴ്സ്, രോഗി, രോഗിയുടെ ഭര്‍ത്താവ് അങ്ങിനെ മുറിയില്‍ നിറയെ ആളാണ് . രോഗികള്‍ കൂടുതലും ഗര്‍ഭിണികള്‍, എന്താണ് ചെയ്യുന്നത് എന്നും വേദനയില്ലാതെ ഒരു പരിശോധനയാനേന്നും വയറ്റിലെ കുഞ്ഞിനെ കാണാന്‍ കഴിയും എന്നൊക്കെ ഓരോ രോഗിയെയും പറഞ്ഞു മനസ്സിലാക്കിയാണ് ഈ പഠിപ്പിക്കല്‍.

മുറിയില്‍ കയറാന്‍ നേഴ്സ് വന്നു പറയുമ്പോള്‍ മാത്രമേ ഞങ്ങള്‍ പുരുഷന്മാര്‍ അകത്തു കടക്കാന്‍ പാടുള്ളൂ. രോഗിയുടെ വയര്‍ ഒഴികെ മറ്റെല്ലാ ഭാഗങ്ങളും നന്നായി കവര്‍ ചെയ്തിരിക്കും. അത് നിയമപരമായി അങ്ങിനെ തന്നെ ആയിരിക്കുകയും വേണം. ഇതിനോടകം സ്വന്തം ലിവറും കിട്നിയും ഒക്കെ സ്വയം സ്കാന്‍ ചെയ്തു പഠിച്ചതിനാല്‍ ഈ സ്വയം സ്കാന്‍ ചെയ്യല്‍ എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു. ഒരു ഗര്‍ഭിണി ആയ രോഗിയുടെ വയറില്‍ തൊടാന്‍ ആദ്യം തോന്നിയ ഭയവും ലജ്ജയും ജാള്യതയും ഒക്കെ ക്രമേണ നീങ്ങി. എനിക്ക് ഈ സ്കാനിംഗ് പഠിച്ചിട്ടു വേണം ഭാവിയില്‍ മറ്റു ഡോക്ടര്‍ മാരെ പഠിപ്പിക്കാന്‍ എന്ന തോന്നല്‍ എന്നെ അത്തരം ഭയത്തില്‍ നിന്നും പെട്ടന്ന് മുക്തി നേടാനും പഠിച്ചു. അത്രയും ആളുകളുടെ നടുവില്‍ ഒരു രോഗി , സ്കാന്‍ ചെയ്യുന്ന ആള്‍, സ്കാന്നര്‍ എന്നല്ലാതെ മറ്റൊരു ചിന്തക്കും ഇടമില്ല. സ്കീനില്‍ വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ തലയും മുഖവും ഹൃദയം മിടിക്കുന്നതും ഒക്കെ കാണിച്ചു കൊടുക്കുപോള്‍ രോഗിയുടെ (അമ്മ എന്നതാണ് ശരി, പക്ഷെ ആശുപത്രിയില്‍ അവര്‍ വെറും രോഗി മാത്രം ആണ്, സത്യത്തില്‍ അവര്‍ രോഗി അല്ല , ഗര്‍ഭം ഒരു രോഗവും അല്ല) മുഖത്ത് തെളിയുന്ന സന്തോഷം എന്താണെന്നു ഞാന്‍ മനസ്സിലാകിയത് അന്നാണ്. അത് എനിക്ക് ജീവിതത്തില്‍ ഏറ്റവും വില മതിക്കാന്‍ ആവാത്ത പാഠവും.

നാലു കൊല്ലത്തോളം ഞാന്‍ അള്‍ട്രാ സൌണ്ട് പഠിച്ചും പഠിപ്പിച്ചും എന്റെ കരിയര്‍ മുന്നോട്ടു നീക്കി, ഇ കാലയളവില്‍ ഞാന്‍ എന്റെ താല്‍പ്പര്യം കൊണ്ടും എന്റെ അറിവ് മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടണം എന്ന ചിന്ത കൊണ്ടും സ്കാനിംഗ് നന്നായി പഠിച്ചു എന്ന് മാത്രമല്ല, അത് അനേകം ഡോക്ടര്‍മാരെ പഠിപ്പിക്കാനും പരിശ്രമിച്ചു. തോഷിബ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച ബൈ പ്ലൈന്‍ എന്‍ഡോവജൈനല്‍ പ്രോബ് ഉപയോഗിക്കുന്നത് പഠിപ്പിക്കാന്‍ പോയ നാളുകള്‍ അത് ഉപയോഗിക്കുന്ന രീതി കൊണ്ട് ഭയവും ജാള്യതയും ഒക്കെ ഉണ്ടായി എങ്കിലും അവിടെ രോഗിയും പരിശോധിക്കുന്ന ഡോക്ടറും ആണ് എന്ന് മനസ്സിനെ പാകപ്പെടുത്താന്‍ അത്തരം അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചു. ഏതൊരു രോഗിയെയയൂം സ്കാന്‍ ചെയ്യുന്ന ഡോക്ടര്‍നെ പോലെ തന്നെ ഈ വിഷയത്തില്‍ വൈദഗ്ധ്യം നേടാന്‍ ഈക്കാലം എന്നെ പ്രാപ്തനാക്കി. അതിനു എനിക്ക് കാരണമായ അനേകം രോഗികളെയും അവരുടെ ഭര്‍ത്താക്കന്മാരെയും ഞാന്‍ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു. അവരുടെ നഗ്നത ഞാന്‍ എന്റെ സ്വന്തം അമ്മയുടെയോ സഹോദരിയുടെയോ നഗ്നത കാണേണ്ടി വരുന്നതുപോലെയുള്ള ഭയത്തോടെയോ കരുണയോടെയോ കണ്ടിട്ടുള്ളൂ. അത് ഒരിക്കലും എനിക്ക് അസ്വാദ്യകരമോ ആഘോഷിക്കാനോ കാരണമല്ല. പ്രസവം എടുക്കുന്ന ഒരു പുരുഷ ഗൈനക്കൊലജിസ്റ്റ് ഉം ഈ അവസ്ഥയില്‍ തന്നെ ആയിരിക്കും ചിന്തിക്കുക .

ഒരു ആശുപത്രിയിലെ പ്രസവ മുറിയിലോ സ്കാന്‍ മുറിയിലോ എത്ര പ്രശസ്തന്‍ വന്നാലും അയാള്‍ ഒരു രോഗി മാത്രം ആയിരിക്കും. അയാളെ പരിശോധിക്കുന്ന ആള്‍ ഡോക്ടര്‍ അല്ലെങ്കില്‍ സാങ്കേതിക വിദഗ്ധന്‍, അതില്‍ കൂടുതല്‍ മാനങ്ങള്‍ നല്കുമ്പോള്‍ ആണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. രോഗിയുടെ സ്വകാര്യത അങ്ങേയറ്റം പ്രധാനവും ആണ്. പലപ്പോഴും പല പരിശോധനകളും രോഗിയുടെ സമ്മതത്തോടെ വീഡിയോ റെക്കോര്‍ഡ്‌ ചെയ്യുകയും ചെയ്യും. മറ്റുള്ളവര്‍ക്ക് പഠിക്കാന്‍ വേണ്ടി കൂടി ആണ്. അതിനു പ്രൊഫഷണല്‍ ക്യാമറകളും സാങ്കേതിക വിദഗ്ദ്ധരും ഒക്കെ ചിലപ്പോള്‍ പരിശോധനാ മുറിയിലോ പ്രസവ മുറിയിലോ വരാം. ഏറ്റവും പ്രധാനം രോഗി അതിനു പൂര്‍ണ സമ്മതം ആണെന്ന് വാക്കാലും എഴുതിയും കൊടുക്കണം എന്നത് നിര്‍ബന്ധം ആണെന്നുള്ളതാണ്. പ്രസവം ചിത്രീകരിച്ച നിരവധി വീഡിയോകള്‍ യൂ ടുബില്‍ തന്നെ ഉണ്ട്. അത് കണ്ടത് കൊണ്ട് ആകാശം ഇടിഞ്ഞു വീഴുകയോന്നും ഇല്ല.

സ്വകാര്യതയും സംസ്കാരവും ഇപ്പൊ താഴെ പ്പോവും എന്ന് പറഞ്ഞു വിമര്‍ശിച്ചവരില്‍ പലരും മുന്‍പ് ലൈംഗിക രോഗങ്ങളെ പറ്റിയും കുടുംബ ക്ഷേമാത്തെപ്പറ്റിയും എയിഡ്സ് നെ പറ്റിയും ഒക്കെ വിദ്യാഭ്യാസം നല്‍കുന്ന ചില ചിത്രങ്ങള്‍ ഇടിച്ചു കയറി കണ്ടവരായിരിക്കും. അതിലും മനുഷ്യര്‍ തന്നെയാണ് അഭിനയിച്ചത്. എല്ലാവരും അതിനു തയ്യാറാവുകയും ഇല്ല. അത്തരം ചില ചിത്രങ്ങളില്‍ അഭിനയിച്ചു പോയതിനാല്‍ ഭാവി തകര്‍ന്നു പോയ ചിലരെയെങ്കിലും പറ്റി ഞാന്‍ വായിച്ചിട്ടും ഉണ്ട്.

ശ്രീമതി ശ്വേതാ മേനോന് ഇല്ലാത്ത വേവലാതി നമ്മുക്ക് എന്തിനാ?
ബാക്കി വിമര്‍ശനങ്ങള്‍ ചിത്രം പുറത്തിരങ്ങിയിട്ട് പോരെ?

ഒരിക്കല്‍ എന്റെ ധര്‍മപത്നി എന്റെ ഫേസ് ബുക്ക്‌ സുഹൃത്തുക്കളുടെ ലിസ്റ്റ് മൈക്രോ സ്കോപ്പ് വെച്ച് പരിശോധിക്കുക ആയിരുന്നു . ഒടുവില്‍ ശ്വേതാ മേനോനെ കണ്ടു പിടിച്ചു .

" ശ്ശോ, ഇവര്‍ ആ സിനിമ നടിയല്ലേ , CT സ്കാനും കൊണ്ട് നടക്കുന്ന നിങ്ങള്ക്ക് ഇവരുമായി എന്ത് കാര്യം ? "

" ഹോ , അതല്ലേ CAT SCAN !,
CT സ്കാനിന്റെ പഴയ പേര് Computer Axial Scan ! "
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക