പത്രോസിന്റെ മുഖം ദേഷ്യംകൊണ്ട് ചുവന്നുതുടത്തു. പുരികകൊടികള്‍ വില്ലുപോലെ
വളഞ്ഞു. നെറ്റിയില്‍ ചുളിവുകള്‍ പ്രത്യക്ഷപ്പെട്ടു. ഗാഢമായ ചിന്തയുടെ
പ്രതിഫലനമെന്നപോലെ. നീണ്ട നരച്ച താടി തടവിക്കൊണ്ട്, അസ്വസ്ഥനായി അദ്ദേഹം
രണ്ടു ചാലു ഉലാത്തി, എന്നിട്ടു നാടകീയമായി പെട്ടെന്നു നിന്നു തല ഒരു
വശത്തേക്ക് തിരിച്ചു. ഉത്കണ്ഠാകുലരായി നില്‍ക്കുന്ന ശിഷ്യന്മാരെ നോക്കി
മൊഴിഞ്ഞു.
"അപ്പോള്‍ സംഗതികള്‍ ഇത്രത്തോളം വഷളായി ഇന്നു ശരിയാകും നാളെ ശരിയാകുമെന്നു
കരുതി നമ്മള്‍ ക്ഷമിച്ചു. ഓരോദിവസവും ചെല്ലുംതോറും അവന്മാരുടെ
അത്രിക്രമങ്ങള്‍ കൂടികൂടി വരികയാണ്. ഇതങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോT.
പത്രോസ് പറഞ്ഞത് ശരിയെന്നര്‍ത്ഥത്തില്‍ മറ്റു ശിഷ്യന്മാര്‍ തലയാട്ടി.
അല്പനേരത്തെ നിശബ്ദതയ്ക്കുശേഷം ശിഷ്യന്മാരുടെ ഇടയില്‍ നിന്നു ഒരാള്‍ പതിഞ്ഞ
സ്വരത്തില്‍ ആത്മഗതം എന്ന മാതിരി പറഞ്ഞു. "ഞാന്‍ അന്നേ പറഞ്ഞതാണ് അവന്മാരെ
ഇങ്ങോട്ടു കയറ്റണ്ട. ഈ സ്വര്‍ഗ്ഗത്തിനു പറ്റിയവന്മാരല്ല അവര്‍ എന്ന്, ഞാന്‍ പറഞ്ഞാ ആരു കേള്‍ക്കാനാണ്” എന്ന് മുനവച്ച് ഒരു കാച്ചു കാച്ചുകയും
ചെയ്തു. കൂട്ടത്തില്‍ അല്പം തന്റേടിയും ചുറുചുറുക്കുമുള്ള പൗലോസ് പറഞ്ഞു
"ഇനി കൂടുതല്‍ ഒന്നും ആലോചിക്കേണ്ട നമുക്ക് നേരിട്ടു കര്‍ത്താവിനെ കണ്ട്
കാര്യങ്ങള്‍ ധരിപ്പിക്കണം".
“ഉടനെ തന്നെ അത് വേണോ?” പത്രോസ് അല്പം മടികാണിച്ചു. നമുക്കവരെ ഒന്നുകൂടി ഉപദേശിച്ചാലോ.
കൊറെ ഉപദേശിച്ചതല്ലേ, വല്ല ഗുണവുമുണ്ടായോ, ഉപദേശത്തിനൊന്നും വലിയ പ്രസക്തി കൊടുക്കുന്ന ഇനം അല്ലിത്.
“ഒരു ഡെലിഗേഷനൊക്കെ പോകുമ്പം നല്ലതുപോലെ തയ്യാറെടുത്തുവേണം പോകുവാന്‍.
അതുപോലെ എല്ലാവരും ഒന്നിച്ച് പോകണം താനും. ശിഷ്യഗണങ്ങളിലേയ്ക്ക് നോക്കി
എല്ലാവരുമുണ്ടോ എന്ന് തിട്ടപ്പെടുത്തുന്നതിനിടയില്‍ പത്രോസ് ചോദിച്ചു
"എവിടെ നമ്മുടെ തോമ്മാ അവനെ കാണുന്നില്ലല്ലോ, പണ്ടും അവന്‍ ഇങ്ങനെയായിരുന്നു
പ്രധാനപ്പെട്ട കാര്യങ്ങള്‍ വരുമ്പോള്‍ അവനെ കാണില്ല.”
“എന്താപറയാനാ തോമായുടെ കാര്യം അവന്‍ അവരുടെ കൂടെ ചേര്‍ന്നിരിക്കയല്ലേ,
അവന്മാരുവന്നേപ്പിന്നെ എന്നും കപ്പയും, മത്തിവറുത്തതും പിന്നെ എന്തോന്നാ ആ
തെങ്ങേന്നു കിട്ടുന്ന ഒരു സാധനമുണ്ടല്ലോ. അവരെ ക്രിസ്ത്യാനിയാക്കിയത്
തോമയല്ലേ, പിന്നെങ്ങനെ നന്നാകും.”
മറ്റൊരു ശിഷ്യന്റെ കമന്റ്.
“അവന്മാരോട് മത്തി വറുക്കരുതെന്നു നിങ്ങള്‍ വിലക്കിയില്ലേ” പത്രോസ് ചോദിച്ചു.
“ഉവ്വ് വിലക്കി പക്ഷേ അവരുപറയുവാ, ഇപ്പം ഈ മത്തി വറുക്കുന്നതില്‍
നിങ്ങള്‍ക്ക് നാണക്കേടാ അല്ലേ, നിങ്ങളെ ഒക്കെ
ഉപജീവനമാര്‍ഗ്ഗമെന്തായിരുന്നു? കര്‍ത്താവിന്റെ കൂടെ കൂടുന്നതിനു മുന്‍പ്,
മീന്‍പിടുത്തമല്ലായിരുന്നോ, എന്നിട്ട് എന്താ ഒരു ഗമ ഇപ്പോള്‍”
അതുപോലെ മലമുകളില്‍ വെച്ച് വിശന്നപ്പം കര്‍ത്താവുതന്ന അഞ്ചപ്പവും രണ്ടു
മീനും കൊണ്ടാണല്ലോ അയ്യായിരത്തിനെ തീറ്റിയത്, അന്ന് അപ്പവും മീനും നിങ്ങള്‍
തിന്നു. ഇന്ന് കപ്പയും മീനും ഞങ്ങള്‍ തിന്നുന്നു, എന്നാണ് അവരുടെ കല്പന.
“കപ്പയും മത്തിയും സഹിക്കാം. ഈ തെങ്ങുംകള്ള് അതിത്തിരി കൂടുതലാ. ഇവന്മാരുടെ
ഒരു ചങ്കൂറ്റമേ, സ്വര്‍ഗ്ഗത്തില്‍ താമസിച്ചോണ്ടാ ഈ പരിപാടി. നിങ്ങള്‍ക്ക്
എന്നോടിതു നേരത്തെ പറയാമായിരുന്നു”. പത്രോസ് ദേഷ്യപ്പെട്ടു.
“ഇനി ഒട്ടും താമസിക്കേണ്ട, നമുക്ക് കര്‍ത്താവിനെ കണ്ട് ഉടനെ കാര്യത്തിന്റെ
ഗൗരവം മനസ്സിലാക്കികൊടുക്കണം. തോമാ വരുന്നില്ലെങ്കില്‍ വേണ്ട.”
പത്രോസ് ഇന്റര്‍കോംമിലൂടെ കര്‍ത്താവുമായി ബന്ധപ്പെട്ടു. കര്‍ത്താവേ, ഇത്
പത്രോസും ശിഷ്യന്മാരുമാണ്, ഒരത്യാവശ്യകാര്യം അറിയിക്കാനുണ്ടായിരുന്നു,
തിരക്കാണെന്നറിയാം സമയം കിട്ടുമ്പോള്‍ വിളിച്ചാല്‍മതി ഞങ്ങള്‍
കാത്തിരിക്കാം. കരുണാര്‍ദ്രമായ ശബ്ദത്തില്‍ കര്‍ത്താവു പ്രതിവചിച്ചു.
“നിങ്ങള്‍ എന്റെ അരുമ ശിഷ്യന്മാരാണ് എന്തെല്ലാം തിരക്കാണെങ്കിലും അതെല്ലാം
മാറ്റിവച്ചിട്ട് നിങ്ങള്‍ ആവശ്യപ്പെട്ടപ്രകാരം ദര്‍ശനത്തിന് ഞാന്‍
തയ്യാറാണ് ഉടനെ പോരിക”. ശിഷ്യന്മാരെല്ലാം അണിനിരന്നു ഒരു തരം സ്വര്‍ഗ്ഗീയ
ഡിസിപ്ലിനില്‍, പത്രോസ് ഏറ്റവും മുന്നില്‍ അവരെ നയിച്ചുകൊണ്ട് വളരെ
ചിട്ടയോടും അച്ചടക്കത്തോടും കര്‍ത്താവിന്റെ തിരുമുമ്പിലെത്തി നമസ്‌കരിച്ചു.
വിനീതരായി നിലകൊണ്ടു.
സര്‍വ്വേശ്വരന്റെ മധുരമായ ഒരു മന്ദഹാസത്താല്‍ അവര്‍ക്ക് ഹാര്‍ദ്ദവമായി സ്വാഗതമരുളി. മധുരസാന്ദ്രമായ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു.
“എല്ലാവരേയും കണ്ടതില്‍ അതിയായി സന്തോഷിക്കുന്നു, എന്താണ് നില്‍ക്കുന്നത് ഇരിക്കൂ എല്ലാവരും.”
അത്യധികം വിനയത്തോടെ പത്രോസു പറഞ്ഞു. “വേണ്ട കര്‍ത്താവേ ഞങ്ങള്‍ നിന്നോളം,
അങ്ങയുടെ മുന്നില്‍ ഇരിക്കുവാന്‍ ഞങ്ങള്‍ യോഗ്യരല്ല”. “യോഗ്യരാണോ അല്ലയോ
എന്ന് ഞാന്‍ തീരുമാനിച്ചുകൊള്ളാം നിങ്ങളുടെ ഒക്കെ കാലുകഴുകിയവനാണ് ഞാന്‍.
എനിക്ക് യാതൊരു പത്രാസുമില്ലന്നറിയാമല്ലോ പത്രോസ്സേ”.
എല്ലാവരും താഴ്മയോടെ ഇരിക്കുന്നു. സ്വര്‍ഗ്ഗീയചൈതന്യത്താല്‍ എല്ലാവരും
പരിപൂരിതരാകുന്നു. മലാഖമാര്‍ കാവല്‍ നില്‍ക്കുന്ന സര്‍വ്വശക്തതന്റെ
മുന്നില്‍ ശിഷ്യന്മാര്‍ വീണ്ടു പഴയ നിസ്സഹായരായ മുക്കുവന്മാരായിത്തീരുന്നു.
അന്തരീക്ഷത്തിലെ ടെന്‍ഷന്‍ ഒന്നയഞ്ഞപ്പോള്‍ ദൈവം കല്പിച്ചു “എന്തോ
പറയാനുണ്ടന്നാണല്ലോ പറഞ്ഞത്”.
കര്‍ത്താവേ, “നമ്മുടെ തോമായുടെ ആള്‍ക്കാര്‍ അല്ലേ”.
“അതെ” എന്ന് ഒറ്റസ്വരത്തില്‍ ശിഷ്യഗണം പ്രതിവചിച്ചു. അപ്പോള്‍ ഒരു
ശിഷ്യനൊരു സംശയം ഇവന്മാര്‍ ഇപ്പോള്‍ പെട്ടെന്ന് എന്താണ്
സ്വര്‍ഗ്ഗത്തിലേക്ക് വരാന്‍ കാരണം നേരത്തെ ഒറ്റയ്‌ക്കോ, പെട്ടെയ്‌ക്കോ
വന്നിരുന്നവര്‍ ഇപ്പോള്‍ കൂട്ടത്തോടെ വരുന്നു എന്താകാര്യം.
ശിഷ്യന്റെ ഇംഗിതം മനസ്സിലാക്കിയ സര്‍വ്വേശന്‍ പറഞ്ഞു.
പോട്ടയില്‍ നടക്കുന്ന ധ്യാനത്തില്‍ സംബന്ധിച്ച് നമ്മുടെ വൈദികര്‍ അവരെ ഇങ്ങോട്ടു പറഞ്ഞുവിടുന്നതാണ്.
അല്പനേരത്തെ മൗനത്തിനുശേഷം കര്‍ത്താവ് അരുളിചെയ്തു. നിങ്ങള്‍ ഒന്നും പറഞ്ഞില്ലല്ലോ? എന്താണ് നിങ്ങളുടെ പരാതി?
അങ്ങോട്ടു പറഞ്ഞുകൊടുക്കടാ എന്ന മട്ടില്‍ പത്രോസു ശിഷ്യന്മാരെ നോക്കി.
എന്നിട്ട് മനസ്സിലോര്‍ത്തു എന്തൊരു പരാതിയായിരുന്നു ഇവന്മാര്‍ക്ക്
എന്റെയടുക്കല്‍. ഇപ്പം ദൈവത്തെ നേരില്‍ കണ്ടപ്പോള്‍ മിണ്ടാണ്ടു
കുത്തിയിരിക്കുന്നു. അല്ലേലും വല്ലതും നടക്കണമെങ്കില്‍ താന്‍ തന്നെ
ഇറങ്ങണം. സര്‍വ്വശക്തിയും സംഭരിച്ചുകൊണ്ട് പത്രോസ് പറഞ്ഞു: “കര്‍ത്താവേ ഈ
മലയാളികള്‍ മഹാ ചെറ്റകളാണ് അവന്മാര്‍ക്ക് പൊതുജനമധ്യത്തില്‍
പെരുമാറാനറിഞ്ഞുകൂടാ. ഇവിടത്തെ യൂണിഫോം ആയ ഈ “ളോഹ”(ഒറ്റ ഉടുപ്പ്) അവന്മാര്‍
ഇടുന്നില്ല. എന്തോ കൈലിമുണ്ട് എന്നൊരു സാധനം ഉടുത്ത് ഒരു തോര്‍ത്തും
തലയില്‍കെട്ടിയാണ് നടപ്പ്. ചില അവന്മാര്‍ ബിഢി വലിയ്ക്കുന്നു. എന്തൊരു
നാറ്റം.
നമ്മുടെ ചില പള്ളി ഹാളുകള്‍ ഇവന്മാര്‍ക്ക് കലാപരിപാടികള്‍ നടത്താന്‍
കൊടുത്തു. നമ്മുടെ തോമാ ശുപാര്‍ശ ചെയ്തിട്ടാണ് കൊടുത്തത്. എല്ലാ അവന്മാരും
ഭാര്യ കുഞ്ഞുകുട്ടി പരാധീനങ്ങളുമായിട്ടാണ് വരവ്. വരുന്നതോ മുന്തിയ തരം
കാറില്‍, ഭാര്യമാരുടെ സാരി, സ്വര്‍ണ്ണാഭരണങ്ങള്‍ മുതലായവ
എത്രവിലപ്പിടുപ്പുള്ളതാണെന്നോ. അതൊക്കെ കാണിക്കാനും കൂടിയാണ് വരുന്നതെന്നു
വെച്ചോ. പിള്ളേരാണെങ്കില്‍ ഹാംബര്‍ഗ്ഗറും, പിസ്സായുമൊക്കെ തിന്ന്
പ്രായത്തില്‍ കൂടുതല്‍ വലിപ്പമുള്ളവറ്റകളാണ്. എന്നാല്‍ ഇവന്മാര്‍
നേര്‍ച്ചയിടുന്നതാണ് പരിതാപകരം. ഒരൊറ്റ ഡോളറില്‍ കൂടുതല്‍ സംഭാവന
ചെയ്യുകയില്ലെന്നു നിര്‍ബന്ധമുള്ളതുപോലെ. ഇവന്മാര്‍ പോയികഴിയുമ്പോഴാണ് ഏറെ
സങ്കടം ആന കരിമ്പിന്‍ കാട്ടില്‍ കയറിയപോലെ. സിഗററ്റുകുറ്റി
ആഷ്‌ട്രേയുണ്ടെങ്കിലും തറയിലേ ഇടൂ. കുട്ടികള്‍ വേണമെങ്കിലും, ഇല്ലെങ്കിലും,
കോക്കും സോടായും ഗ്ലാസ്സുകളില്‍ പകര്‍ന്ന് നിലത്തും കാര്‍പെറ്റിലും
മേശപ്പുറത്തും ഒഴിക്കും. മാതാപിതാക്കള്‍ ഇതൊക്കെ കണ്ടാലും കണ്ടില്ലെന്നു
നടിക്കും. സ്ത്രീകള്‍ കൊച്ചുകുട്ടികളുടെ ഡയപ്പിര്‍ ടോയിലറ്റിലും നിലത്തും
നിക്ഷേപിക്കുക എന്നു വേണ്ട അവന്മാരെ നിയന്ത്രിച്ചിലെങ്കില്‍ ആ സ്വര്‍ഗ്ഗം
അവന്മാര്‍ വന്ന കേരളം പോലെയാകും. ഒറ്റ ശ്വാസത്തില്‍ ഇത്രയും പറഞ്ഞിട്ട്
പത്രോസ് ചുറ്റുമുള്ളവരെ ഗമയില്‍ ഒന്നു വീക്ഷിച്ചു എന്നിട്ട് ഒരു
ദീര്‍ഘനിശ്വാസം വിട്ടു. കര്‍ത്താവ് എന്തോ കാര്യമായ ആലോചനയില്‍ മുഴുകി. കുറെ
നേരത്തേക്ക് ആരും ഒന്നുംതന്നെ സംസാരിച്ചില്ല. തികഞ്ഞ മൂകത, സ്വര്‍ഗ്ഗീയ
നിശബ്ദത. നിശബ്ദതയെ ഭജിച്ചുകൊണ്ട് കര്‍ത്താവ് പത്രോസിനോട് ചോദിച്ചു
നിങ്ങള്‍ അവരെ ഉപദേശിച്ചില്ലേ?
കൊള്ളാം ഉപദേശിച്ചോന്നോ. ഒരുത്തനെ കഴിഞ്ഞ ദിവസം ഞാന്‍ കണ്ടു. കപ്പയും
മത്തിയും കള്ളുമടിച്ചു കിറുങ്ങിനില്‍ക്കുന്നു. കപ്പയും മത്തിയും
ആരോഗ്യത്തിനു നല്ലതാണ്. കള്ളിന്റെ കാര്യം ചോദിച്ചപ്പം അവന്‍ പറേകാ,
കര്‍ത്താവ് ചെയ്ത ആദ്യത്തെ അത്ഭുതം വെള്ളം വീഞ്ഞാക്കിയതല്ലേ എന്ന്, പിന്നെ
അവന്‍ പറഞ്ഞതു ഞാനെങ്ങനെ കര്‍ത്താവിനോടു പറയും.
കര്‍ത്താവ് പുഞ്ചിരിച്ചു പറഞ്ഞോളൂ എന്ന് ധൈര്യം നല്‍കി. പത്രോസു
തുടര്‍ന്നു. കാനായില്‍ അങ്ങു കാണിച്ചതൊരത്ഭുതമേ അല്ലന്നു. അവന്റെ
അപ്പനപ്പൂപ്പന്മാര്‍ ഷാപ്പ് നടത്തുന്നോരായിരുന്നു എന്നും അവര്‍ വെറും
പച്ചവെള്ളം നല്ല ഒന്നാന്തരം കള്ളും ചാരായാവുമൊക്കെ ആക്കുമായിരുന്നുവെന്നും
ദൈവം പറഞ്ഞു ”ചിലപ്പോള്‍ നമ്മുടെ സമീപനം തെറ്റായിരിക്കും അവരുടെ
സംസ്‌കാരവും രീതിയും നമുക്കറിയില്ലായിരിക്കാം. നമ്മള്‍ ചിലപ്പോള്‍
ഓവര്‍റിയാക്റ്റ് ചെയ്യുന്നതായിരിക്കാം. ഇവന്മാരെ ഡീല്‍ ചെയ്തു പരിചയമുള്ള
ഓരാളോടു അഭിപ്രായം ചോദിക്കുക.”
അതാരാണെന്നായി എല്ലാവരുടെയും ആലോചന മലയാളികളെ മര്യാദ പഠിപ്പിക്കാന്‍
പറ്റിയവര്‍ ആര് എന്നുള്ള പ്രശ്‌നം അവരുടെ മുമ്പില്‍ ഒരു ചോദ്യചിഹ്നമായി
നിന്നു. സര്‍വ്വജ്ഞാനിയനായ ദൈവം തന്നെ അതിനുള്ള ഉത്തരവും കണ്ടുപിടിച്ചു.
അദ്ദേഹം ചോദിച്ചു ഇങ്ങോട്ടുവരുന്നതിനു മുമ്പ് ഇവന്മാര്‍ കൂടുതലായി
പൊയ്‌ക്കൊണ്ടിരുന്ന സ്ഥലമേതാണ്.
ശിഷ്യന്മാര്‍ ശബ്ദത്തില്‍ ഉത്തരം നല്‍കി "നരകം" അപ്പോള്‍ കാലാകാലങ്ങളായി
സാത്താനാണ് ഇവന്മാരുമായി ഡീല്‍ ചെയ്‌തോണ്ടിരുന്നത്. അപ്പോള്‍ സാത്താനോടു
തന്നെ ആരായുക. കര്‍ത്താവ് ഉടന്‍ തന്നെ സെല്ലുലര്‍ ഫോണെടുത്തു നരകത്തിലെ
നമ്പര്‍ കറക്കി. അങ്ങേത്തലയ്ക്കല്‍ നിന്നും സ്പീക്കര്‍ ഫോണിലൂടെ എല്ലാവരും
കേള്‍ക്കത്തക്ക വിധത്തില്‍ നരകത്തിലെ ശബ്ദകോലാഹങ്ങള്‍ക്കും
അട്ടഹാസങ്ങള്‍ക്കുമിടയിലൂടെ യാതൊരു മയവുമില്ലാത്ത പരുക്കന്‍ ശബ്ദം കേട്ടു.
(തിരക്കിനിടയില്‍ ഡിസ്ടര്‍ബ് ചെയ്ത ദേഷ്യത്തില്‍ )
"സാത്താന്‍ സ്പീക്കിംഗ് from നരകം"
"എന്തുവേണം ഇതൊരുശല്യമായല്ലോ"
"ഇത് സ്വര്‍ഗ്ഗത്തില്‍, ഞാനാ കര്‍ത്താവ്."
പെട്ടെന്നു സാത്താന്റെ സ്വരത്തില്‍ മാധുര്യമുണ്ടായി.
"അയ്യോ കര്‍ത്താവായിരുന്നോ. എന്തിനാവിളിച്ചത് ഈയുള്ളവനെ കൊണ്ടു എന്തെങ്കിലും…" അര്‍ധോക്തിയില്‍ നിര്‍ത്തുന്നു.
“ഒണ്ടെടോ തന്നെ കൊണ്ടൊരു കാര്യമുണ്ട്. താന്‍ നരകത്തില്‍ പല തരക്കാരേയും,
രാജ്യക്കാരേയും കൈകാര്യം ചെയ്യുന്നുണ്ടല്ലോ, ഈ മലയാളികളെ താന്‍ എങ്ങിനെയാണ്
നിയന്ത്രിക്കുന്നത്”.
ക്ഷമിക്കണം കര്‍ത്താവേ; ഒന്ന് hold ചെയ്യണം ഞാനിതാവരുന്നു.
അഞ്ച് പത്ത് മിനിട്ടു നേരത്തെ നിശബ്ദതയ്ക്ക് ശേഷം സാത്താന്‍ തിരിച്ചുവന്നു
ക്ഷമിക്കണം, ഹൊള്‍ഡ് ചെയ്യിപ്പിച്ചതില്‍. അങ്ങ്, ബ്യായ്ക്ക് ഗ്രൗണ്ടിലെ
മുദ്രാവാക്യം വിളികളും മറ്റും കേള്‍ക്കുന്നുണ്ടല്ലോ. കേരളത്തില്‍
നിന്നുവന്ന കുറെ രാഷ്ട്രീയക്കാരാണ്. അവരില്‍ ഒരുത്തന്‍ പറയുകയാ, താന്‍
എത്രകൊല്ലമായി ഈ നരകം ഭരിക്കുന്നു. ചില മലയാളി സംഘടനയുടെ പ്രസിഡന്റുപോലെ
ഇത് ഉണ്ടായ അന്നുമുതല്‍ താനല്ലേ ഇതിന്റെ ഭരണാധികാരി. അന്നത്തെ ആ പഴഞ്ചന്‍
അടുപ്പും, തീയും ഒരുമാറ്റവുമില്ല, ഉടനെ ഇലക്ഷന്‍ വേണം, അവന്മാര്‍ അതിനുള്ള
പുറപ്പാടാണ്. ഇലക്ഷന്‍ വന്നാല്‍ എന്റെ കാര്യം വെള്ളത്തിലായതുതന്നെ.
ഒരൊറ്റവോട്ടുപോലും കിട്ടുമെന്നു തോന്നുന്നില്ല. അങ്ങനെ വരികയാണെങ്കില്‍
സ്വര്‍ഗ്ഗത്തില്‍ വല്ല തൂപ്പുജോലിയും സംഘടിപ്പിച്ചുതരണം സാത്താന്റെ
സ്വരത്തില്‍ സങ്കടവും നിരാശയും നിഴലിച്ചിരുന്നു.
കര്‍ത്താവ് എന്തെങ്കിലും മറുപടി പറയാന്‍ തുടങ്ങുന്നതിനു മുന്‍പ്,
സാത്താന്റെ ക്ഷമാപണം വീണ്ടുമുണ്ടായി. ഒന്നു കൂടി ഫോണ്‍ ഹോള്‍ഡ് ചെയ്യാനായി.
ഇപ്രവാശ്യം പതിവിലും സമയമെടുത്തു സാത്താന്‍ തിരിച്ചുവരുന്നതിനു ഏകദേശം
അരമണിക്കൂറോളം കര്‍ത്താവിനു ലൈന്‍ ഹോള്‍ഡ് ചെയ്യേണ്ടിവന്നു. അവസാനം ഫോണ്‍
ശബ്ദിച്ചു എന്റെ കര്‍ത്താവേ സങ്കടമുണ്ട് ഇത്രയും നേരം ഹോള്‍ഡ്
ചെയ്യിപ്പിച്ചതിന്. എന്തു ചെയ്യാം ഈ മലയാളികള്‍ നരകത്തിലെ തീ തല്ലികെടുത്തി
എയര്‍ കണ്ടീഷന്‍ സ്റ്റാര്‍ട്ട് ചെയ്തിരിക്കുന്നു. തീയില്ലാത്ത
നരകത്തെപ്പറ്റി ഓ… എനിക്കതു ഓര്‍ക്കാന്‍കൂടി വയ്യ!!!
നിരാശ നിറഞ്ഞ ശബ്ദത്തില്‍ സാത്താന്‍ കര്‍ത്താവിനോടു അപേക്ഷിച്ചു “ഇനി
എന്നെങ്കിലും സൃഷ്ടി നടത്തുകയാണെങ്കില്‍, ഇതുപോലെയുള്ള സാധനങ്ങളെ ദയവായി
സൃഷ്ടിക്കല്ലേ…”
“ഇതെന്താരുസൃഷ്ടി”