Image

കവിതയും സഹൃദയനും (ത്രേസ്യാമ്മ തോമസ്‌ നാടാവള്ളില്‍)

ത്രേസ്യാമ്മ തോമസ്‌ നാടാവള്ളില്‍ Published on 09 December, 2012
കവിതയും സഹൃദയനും (ത്രേസ്യാമ്മ തോമസ്‌ നാടാവള്ളില്‍)
മലയാളഭാഷയും സാഹിത്യവും തനിക്കു വഴങ്ങും എന്നഭിമാനിക്കുന്ന ഒരാള്‍ ഒരുകാവ്യഭാഗം കണ്ടിട്ട് വൃത്തമില്ലാത്ത ഇതെന്തുകവിത എന്നു ചോദിക്കുന്നു. വേറൊരാള്‍ വൃത്തത്തിലെഴുതിയ ഒരു കാവ്യഭാഗം വായിക്കുന്നതു കേട്ടിട്ട് ഇതു കുട്ടികള്‍ സ്‌ക്കൂളില്‍ പദ്യപാരായണം നടത്തുന്നതുപോലെയുണ്ടല്ലോ ഇതാണോ കവിത എന്നും മൂന്നാമതൊരാള്‍ വിഷയത്തില്‍ പുതുമയില്ലാത്തതിനാല്‍ ഇതെന്തു കവിതയെന്നും ചോദിക്കുന്നു.

ഈ മൂന്നു വിഭാഗത്തിലും ഉള്‍പ്പെടുന്നവര്‍ ആദ്യം കവിത എന്തെന്നു മനസ്സിലാക്കിയിട്ട് ശരിയെന്ന് ഉത്തമബോധ്യമുള്ള അഭിപ്രായങ്ങള്‍ മാത്രം പറയാന്‍ ശ്രദ്ധിക്കുക.

ഭാഷയില്‍ ഗദ്യം പദ്യം എന്നു രണ്ടു വിഭാഗങ്ങളാണുള്ളത്. വൃത്തനിയത്തോടു കൂടിയോ താളാത്മകമായോ എഴുതുന്നുവെന്നതാണ് പദ്യത്തെ ഗദ്യത്തില്‍ നിന്നുവേര്‍തിരിക്കുന്നത് പദ്യവും ഗദ്യവും പോലെ കവിതയെന്നൊരു വിഭാഗം ഭാഷയിലില്ല. ഒരു കാവ്യസൃഷ്ടി കാവ്യഗുണമുള്ളതായാല്‍ അതായത് സഹൃദയനെ ആഹ്ലാദിപ്പിക്കാനും തക്കഗുണമുള്ളതായാല്‍ അതില്‍ കവിതയുണ്ടെന്നു പറയാം. അതുകൊണ്ടാണ് ഗദ്യത്തിലും പദ്യത്തിലും ചിത്രത്തിലും ശില്പത്തിലുമെല്ലാം കവിതയുണ്ട് എന്നു പറയാനാവുന്നത്. കാവ്യഗുണമുള്ള കൃതി എന്നര്‍ത്ഥത്തില്‍ 'കവിത' എന്ന വാക്ക് പ്രചുരപ്രചാരം നേടിയിരിക്കുന്നുവെന്നേയുള്ളൂ.

എന്താണു കാവ്യം? എന്താണു കാവ്യഗുണം? വാക്യം രസാത്മകം കാവ്യം എന്നു കാവ്യത്തിനു നിര്‍വചനം. കാവ്യം രസാത്മകമോ ധ്വന്യാര്‍ത്ഥകമോ രമണീയാര്‍ത്ഥ പ്രതിപാദകമോ ആയിരിക്കണമെന്നു ഭാരതീയ സിദ്ധാന്തം പ്രസാദം മാധുര്യം ഓജസ്സ് എന്നിവയാണ് പ്രധാന കാവ്യഗുണങ്ങള്‍ ശ്ലേഷം സുകുമാരത തുടങ്ങി വേറെയും ഗുണങ്ങളുണ്ട്. ഈ ഗുണങ്ങളൊക്കെയുള്ള കൃതിയിലാണ് കവിതയുള്ളത്.

വൃത്തത്തിയെഴുതിയാലെ കവിതയാകൂ എന്നു പറയുന്നത് ഭോഷത്തമാണ്. താളലയങ്ങള്‍ മനുഷ്യന് എന്നും പ്രിയപ്പെട്ടതായാല്‍ അതു കവിതയുടെ മാറ്റു വര്‍ദ്ധിപ്പിക്കുമെന്നതില്‍ സംശയമില്ല. വൃത്തത്തിന്റെ തനതായ രീതിവിട്ട് സംഗീതാത്മകമാണഅ കവിതയെന്ന് ഒരുകൂട്ടര്‍ തെറ്റിദ്ധരിച്ചുപോകുകയാണ്. മൂന്നാമത്തെക്കൂട്ടര്‍ക്ക് വിഷയത്തിന്റെ പുതുമയാണ് കവിതയ്ക്കാധാരം. പ്രഭാതം, മഴ, കാറ്റ്, മരണം തുടങ്ങിയ വിഷയങ്ങള്‍ കവിതകളുടെയും കലാകാരന്മാരുടെയും ഇഷ്ടവിഷയങ്ങളാണ്. ഒരു പുതിയ ഭാവതലം സൃഷ്ടിച്ച് സഹൃദയനെ അവനായിരിക്കുന്ന അവസ്ഥയില്‍ നിന്ന് ഉയര്‍ന്ന ഒരനുഭൂതിതലത്തിലേക്ക് നയിക്കാനും കഴിഞ്ഞാല്‍ വിഷയത്തിന്റെ പുതുമ ഒരു വിഷയമെ അല്ല.

കാവ്യങ്ങളും കലാസൃഷ്ടികളും കണ്ട് അതാസ്വദിക്കാനും അതിലെ അനുഭൂതി നുകരാനും കഴിവുള്ളവനാണ് സഹൃദയന്‍. ആഹാ! നന്നായിരിക്കുന്നു എന്നു പറയുന്നവരൊ വായില്‍ തോന്നുന്ന അഭിപ്രായം പറയുന്നവരൊ സഹൃദയനായിരിക്കണമെന്നില്ല.

പിന്നെ, ശ്രേഷ്ഠമായ ആശയങ്ങളൊന്നുമില്ലാതെ സുന്ദരങ്ങളൊ അസുന്ദരങ്ങളൊ ആയ പദങ്ങള്‍ വൃത്തരൂപത്തില്‍ പടച്ച് വച്ച് ഒരു ശബ്ദപ്രപഞ്ചം സൃഷ്ടിച്ചാലും അതു കവിതയാകുകയില്ല.

കലാസൃഷ്ടികള്‍ പ്രത്യേകിച്ച് കവിത മനസ്സിന്റെ മനോഹരമായ ഒരാവിഷ്‌ക്കാരമാണ്. ആ സൗന്ദര്യം ആസ്വദിക്കുവാന്‍ പാകമായ ഒരു മനസ്സാണ് അനുവാചകനുണ്ടാകേണ്ടത്. അങ്ങനെയായാല്‍ അയാള്‍ സഹൃദയനാണ്. സഹൃദയന്‍ കവിതയെ വിലയിരുത്തട്ടെ.
കവിതയും സഹൃദയനും (ത്രേസ്യാമ്മ തോമസ്‌ നാടാവള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക