സര്‍വ്വശക്തന്‍ എന്ന പദംകൊണ്ട് നാം വിവക്ഷിക്കുന്നത് സാക്ഷാല്‍
ഈശ്വരനെയാണ്. ഒരു കാലത്ത് ഞാനും അങ്ങനെതന്നെ വിശ്വസിച്ചിരുന്നു. എന്നാല്‍
അമേരിക്കയിലെത്തി ഇവിടുത്തെ ജീവിതം കണ്ടപ്പോള്‍ ഈശ്വരനല്ല ഡോളറാണ്
സര്‍വ്വശക്തന്‍ എന്ന് തോന്നിത്തുടങ്ങി.
ഡോളറിന്റെ പച്ചയില്‍ കണ്ണുമഞ്ചി അത് നേടുന്നതിനുള്ള പരക്കംപാച്ചിലില്‍
ബന്ധങ്ങള്‍ അറ്റുവീഴുന്നു. സൗഹൃദമനോഭാവം ഇല്ലാതാകുന്നു. ഈശ്വരനെപ്പോലും
ഡോളറില്‍ തളച്ചുനിറുത്തുന്നു. ഇവിടെ പലരും ദേവാലയങ്ങളില്‍ പോകുന്നത്
ഭക്തികൊണ്ടോ, പ്രാര്‍ത്ഥിക്കുവാനോ അല്ല, മറിച്ച് തങ്ങളുടെ സാമ്പത്തിക
നേട്ടങ്ങളെ വിളംബരം ചെയ്യുവാനാണ്.
ഡിസംബറിലെ ശൈത്യമാര്‍ന്ന ഒരു സന്ധ്യയില്‍ പള്ളിമുറ്റത്തിട്ടിരുന്ന
ബെന്‍സിന്റെ ബോണറ്റില്‍ കയറി ഇരിപ്പുറപ്പിച്ച ഒരു വിദ്വാനെ എനിക്കറിയാം. ആ
കൊടുംതണുപ്പില്‍ അദ്ദേഹം കാറിന്റെ ബോണറ്റില്‍ കയറിയിരുന്നതിനു പിന്നിലുള്ള
ഉദ്ദേശം. താന്‍ വാങ്ങിയ കാറ് ആരുടേതെന്ന് നാട്ടുകാര്‍ക്ക് സംശയം വരരുതല്ലോ
എന്നു കരുതിയാണ്.
റവ.ഫാ. മൂഴൂര്‍ എഴുതിയതുപോലെ ഒരു വീടിന് ഒരു സംഘടന എന്ന വ്യവസ്ഥിതിയാണ്
അമേരിക്കന്‍ മലയാളികളുടെ ഇടയിലുള്ളത്. കേരളം വിട്ടുകഴിഞ്ഞാല്‍ ഇത്രയുമധികം
സംഘടനകള്‍ ഉള്ളത് അമേരിക്കന്‍ മലയാളി സമൂഹത്തിലായിരിക്കും. വീട്ടിലും
നാട്ടിലും ഒക്കെ അല്പസ്വല്പം സാമ്പത്തിക ഭദ്രത കൈവരുമ്പോള്‍ പിന്നെ
അച്ചായന് ഒരു നേരെപോക്ക് സംഘടനയുടെ പ്രസിഡന്റോ സെക്രട്ടറിയോ ഒക്കെയാകാം.
ആദ്യകാലങ്ങളില്‍ സംഘടനയുടെ ശിങ്കിടിയായി ഞാനും
പണപ്പിരിവിന് പല വീടുകളിലും കയറിയിറങ്ങിയിട്ടുണ്ട്. ഒരു കാലത്ത് എന്നെ
കാണുന്നതുതന്നെ സമീപവാസികള്‍ക്ക് ചതുര്‍ത്ഥിയായിരുന്നു. കഴിയുമെങ്കില്‍
അവര്‍ ഒഴിഞ്ഞുമാറുമായിരുന്നു.
അങ്ങനെയിരിക്കേയുണ്ടായ ഒരു സംഭവം എന്റെ കണ്ണുതുറപ്പിച്ചു. അതില്‍ പിന്നെ
പിരിവിനായി ഞാന്‍ ഒരു സംഘടനയുടെ കൂടെയും പോയിട്ടില്ല. സംഭവമിതാണ്, കുറെ
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെ പേരെടുത്ത ഒരു സംഘടനയുടെ ഭാരവാഹികള്‍
എന്നെയും കൂട്ടി അയല്‍വീടുകളില്‍ പിരിവിന് കയറിയിറങ്ങി. ഉള്ളില്‍
നുരഞ്ഞുപൊന്തുന്ന വിദ്വേഷമടക്കി നറുപുഞ്ചിരിയോടെ ഞങ്ങളെ സ്വീകരിക്കുകയും,
മൂന്നാലുപേര്‍ കയറിവന്ന് ചോദിച്ചാല്‍ എങ്ങനെ തെറിപറഞ്ഞു ഇറക്കിവിടും എന്ന
ആതിഥ്യമര്യാദയും ഓര്‍ത്ത് സുഹൃത്തുക്കള്‍ സംഭാവനകള്‍ നല്‍കുകയും ചെയ്തു.
അങ്ങനെ പരിപാടി വിജയകരമായി നീങ്ങിക്കൊണ്ടിരിക്കെ പരിചയമുള്ള ഒരു
സുഹൃത്തിന്റെ വീടിനു മുന്നില്‍ ഞങ്ങളെത്തി. കാര്‍ അവിടെ നിറുത്തുവാനുള്ള
ഭാവമില്ലെന്നുകണ്ട് ഞാന്‍ പറഞ്ഞു. ഇവിടെ കൂടി കയറിയിട്ടു പോകാം.
അല്പനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം സെക്രട്ടറി എന്ന മഹാന്‍ പറഞ്ഞു. അവിടെ
കയറി സമയം മിനക്കെടുത്തേണ്ട. അയാളുടെ ഭാര്യ പ്രസവിച്ചു കിടക്കുകയാണ്.
കൂടാതെ പുള്ളിക്കാരന് ടേ-ഓഫ്. ആ സമയത്ത് എവിടെയെങ്കിലും കയറി 50 ന്റെയോ
100ന്റെയോ ടിക്കറ്റ് വില്‍ക്കാന്‍ നോക്കാം.
എനിക്ക് സഹിക്കാനായില്ല. ഞാന്‍ പറഞ്ഞു. നിങ്ങള്‍ വരുന്നില്ലെങ്കില്‍ വരേണ്ട എന്നെ ഇവിടെ ഇറക്കിവിട്ടേര്.
എനിക്ക് പരിചയമുള്ള സുഹൃത്തിന്റെ വീട്ടുമുറ്റത്തുകൂടി പോയിട്ട് അവിടെ
കയറാതെ എന്ത് ജനസേവനം. ഈ സംഭവത്തോടെ ഞാന്‍ സംഘടനാപരമായ
പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടകന്നു സ്വസ്ഥനായി കഴിയുന്നു.
ഡോളറിന്റെ മായാജാലങ്ങള്‍ ഇനിയുമുണ്ട്.
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നേഴ്‌സിനെ കല്യാണം കഴിക്കാന്‍ ആരും തന്നെ
മുന്നോട്ടു വന്നിരുന്നില്ല. അതിന്റെ പ്രത്യാഘാതമാണ് നാട്ടിലെ
ആശുപത്രികളില്‍ ഇപ്പോഴും ഏകാന്തതയുടെ കരിനിഴലില്‍ നിരാശയുടെ മൂടുപടമണിഞ്ഞ
ചില മേട്രന്മാരെ നാം കാണുന്നത്. കാലം കുറെ പിന്നിട്ടപ്പോള്‍ നേഴ്‌സിനെ
മിലിട്ടറിക്കാര്‍ വിവാഹം കഴിച്ചുതുടങ്ങി. അങ്ങനെ അവര്‍ക്കും വിവാഹമെന്ന
സ്വപ്നം പൂവണിഞ്ഞു. പിന്നീട് ഗള്‍ഫുകാര്‍ നേഴ്‌സിനെ ജീവിതസഖിയാക്കി.
എഴുപതുകളുടെ പ്രാരംഭത്തില്‍ നേഴ്‌സസ്
അമേരിക്കയിലേക്കു കുടിയേറിയതോടെ, അതായത് ഡോളര്‍ ഭഗവാന്റെ കടാക്ഷം
ലഭിച്ചതോടെ. പണിക്കാര്‍ ഉപേക്ഷിച്ചിട്ടിരുന്ന കല്ല് വീടിന്റെയും
സമുദായത്തിന്റെയും മൂലക്കല്ലായി മാറി.
അങ്ങനെയിരിക്കെ നാട്ടിലുള്ള എന്റെ ഒരു സുഹൃത്തിന് അമേരിക്കയില്‍
ചേക്കേറണമെന്ന മോഹം അതികലശലായി പിടിപെട്ടു. അദ്ദേഹം യു.പി.യില്‍ ഒരു
യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുകയായിരുന്നു. ഉണക്കചപ്പാത്തിയും ഡാലും
കഴിച്ച് മടുത്തു. അമേരിക്ക എന്ന കാനാന്‍ ദേശത്തെ സ്വപ്നം കണ്ടുകൊണ്ടിരുന്ന
സുഹൃത്തിന് എങ്ങനെയെങ്കിലും അക്കരെ കടക്കണമെന്നായിരുന്നു ജ്വരം. അതിനായി
അദ്ദേഹം സ്വന്തക്കാരേയും ദല്ലാളന്മാരേയും ശട്ടംകെട്ടി. ഏതെങ്കിലും
അമേരിക്കന്‍ നേഴ്‌സ് വന്നാല്‍ ആലോചിക്കുക. വിവരമറിയിക്കുക. ദല്ലാളും
ബന്ധുക്കളും ജാഗരൂകരായി അന്വേഷണമാരംഭിച്ചു. അതാ അമേരിക്കയില്‍നിന്നൊരു
കോളാംഗി വരുന്നു. വിവരത്തിന് നമ്മുടെ സുഹൃത്തിന് കമ്പിയടിച്ചു. സന്ദേശം
കിട്ടിയ ഉടനെ കമ്പിയേക്കാള്‍ വേഗത്തില്‍ സുഹൃത്ത് നാട്ടിലെത്തി. എന്ത് ഫലം?
മൂന്നു ദിവസത്തെ ട്രെയിന്‍യാത്ര കഴിഞ്ഞ് ഇവിടെ എത്തിയപ്പോഴേക്കും പെണ്ണിനെ
മറ്റൊരാള്‍ കൊത്തിയെടുത്തു. കഥാനായകന്‍ നിരാശനായി തിരിച്ചുപോയി. കഥ
വീണ്ടും ആവര്‍ത്തിക്കുന്നു. അങ്ങനെ എന്റെ സുഹൃത്തിന്റെ അവധിയും ബാങ്ക്
ബാലന്‍സും ശൂന്യമായി.
ഒടുവില്‍ അമേരിക്കന്‍ സ്വപ്നം ഒരു മരീചികയായി മാറുമെന്ന
അവസ്ഥയിലെത്തിയപ്പോള്‍ സുഹൃത്ത് എല്ലാ വിവരങ്ങളും കാണിച്ച് എനിക്കെഴുതി.
അങ്ങനെ അമേരിക്കയില്‍നിന്ന് പെണ്ണ് അവധിക്ക് നാട്ടിലെത്തുന്നതിനു മുന്‍പേ
സുഹൃത്തിനെ വിവരമറിയിച്ച് അദ്ദേഹം നേരത്തെ നാട്ടിലെത്തി, എയര്‍പോര്‍ട്ടില്‍
വെച്ചുതന്നെ ഒരു ചെറിയ കിഡ്‌നാപ്പിംഗ് സ്റ്റെലില്‍ കല്യാണം കഴിച്ചു.
നോക്കണെ ഡോളറിന്റെ ഒരു ശക്തി.
അമേരിക്കയില്‍ എത്തിയിട്ടുള്ളവരില്‍ 95 ശതമാനവും ഏതെങ്കിലും വിധത്തില്‍ ഒരു
നേഴ്‌സുമായി എന്തെങ്കിലും ബന്ധമുള്ളവരാണ്. ഇപ്പോള്‍ നേഴ്‌സുമാരുടെ
ഉപഗ്രഹങ്ങളായി എത്തുന്ന സ്വന്തക്കാരുടെ ഊഴമാണ്. ഇന്ത്യന്‍ കടകളില്‍ വച്ച്
അവരെ പലരെയും നിങ്ങള്‍ കണ്ടിരിക്കും. അങങനെ ഞാനും പയ്യനും തമ്മില്‍
പരിചയമായി. വൈഫ് പതിവായി പോകാറുള്ള ഇന്ത്യന്‍ കടയില് വച്ച് പയ്യനെ
കണ്ടുമുട്ടുന്നു. ഭവ്യതയോടെയുള്ള പെരുമാറ്റം, മര്യാദയുള്ള സംസാരം അച്ചായാ
എന്ന വിളി കാതിനു കുളിര്‍മ പകരുന്നു. കടയില്‍ ചെല്ലാത്തതിന്‍ പരാതി.
എന്തൊരു സ്‌നേഹം! നല്ല മര്യാദയുള്ള പയ്യന്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു.
കാണുമ്പോഴൊക്കെ ഒരു ജോലി വാങ്ങിത്തരണമെന്ന് പയ്യന്‍ എന്നെ
ഓര്‍മപ്പെടുത്താറുമുണ്ട്.
കുറച്ചുനാള്‍ സ്ഥലത്തില്ലാത്തതിനാല്‍ ആഴ്ചകള്‍ക്ക് ശേഷം ഞാന്‍ ഇന്ത്യന്‍
കടയില്‍ ചെന്നു. നമ്മുടെ ഉപഗ്രഹമുണ്ടവിടെ. എന്നെ കണ്ട മട്ടില്ല. ഭയങ്കര
ഗൗരവം. ഒരു പക്ഷേ പയ്യനോട് പറയാതെ പോയതിനുള്ള നീരസമായിരിക്കാം അതോ
രണ്ടുമൂന്നാഴ്ച എന്നെ തിരിച്ചറിയാത്തവണ്ണം എന്റെ ആകൃതി തന്നെ മാറിപ്പോയോ?
ഏതായാലും സംശയം വേണ്ട, ഞാന്‍ തന്നെ അങ്ങോട്ടു കയറി സംഭാഷണത്തിനു
തുടക്കമിട്ടു. നമ്മുടെ പയ്യന്‍സ് മുക്കിയും മൂളിയും അളന്നുകുറിച്ച്
സംസാരിച്ചിട്ട് സ്ഥലം വിടുന്നു.
അന്ധാളിച്ചു നിന്ന ഞാന്‍ എന്റെ സുഹൃത്തായ കടയുടമയെ ചോദ്യരൂപേണ നോക്കുന്നു.
എല്ലാം അറിയാവുന്ന കടയുടമസ്ഥന്‍ പുഞ്ചിരിയോടെ പറഞ്ഞു. അറിഞ്ഞില്ലേ? പയ്യന്
സബ് വേയില്‍ ജോലികിട്ടി, നാല്‍പതിനായിരമാണ് സ്റ്റാര്‍ട്ടിംഗ്.