മിസ്റ്റര്‍ ബെര്‍ളി.. നീചവും നിന്ദ്യവുമായിപ്പോയി അത് ?
ദില്ലിയിലെ സംഭവം അല്ലേ ? ഭീകരമായിപ്പോയി…
അതല്ല… മറ്റു റേപ്പുകളെപ്പറ്റി പറഞ്ഞ് നിങ്ങളീ സമയത്ത് ഒരുമാതിരി രാഷ്ട്രീയമുതലെടുപ്പു നടത്തുന്നത്..
അതെന്താ ? എല്ലാ റേപ്പും ഒരുപോലെയല്ലേ ?
ആണെന്നൊക്കെ നമുക്ക് പറയാം… പക്ഷേ, സാഹചര്യം അല്ലേ നോക്കേണ്ടത്…
മനസ്സിലായില്ല ?
ദില്ലിയിലെ പ്രതികളെ കാര്യമായി ശിക്ഷിക്കണം എന്നതിലല്ലേ ഫോക്കസ് ചെയ്യേണ്ടത് ? ഈ സമയത്ത് ഗുജറാത്തിലെ ബലാല്‍സംഗങ്ങളെക്കുറിച്ചും പട്ടാളക്കാരുടെ ബലാല്‍സംഗങ്ങളെക്കുറിച്ചുമൊക്കെ പറയുന്നത് പുര കത്തുമ്പോള്‍ വാഴ വെട്ടുന്നതിനു തുല്യമാണ്… ചെറ്റത്തരമാണ്…
മനസ്സിലായില്ല ചേട്ടാ…
ഡോ, അതിനൊക്കെ രാഷ്ട്രീയപശ്ചാത്തലമുണ്ട്… മഹത്തായ ലക്‍ഷ്യങ്ങള്‍ നിറവേറ്റപ്പെടുമ്പോള്‍ ചിലതൊക്കെ നഷ്ടമായെന്നു വരും… അതും ഇതും ഒരുപോലെ കാണരുത്…കോമണ്‍സെന്‍സ് വേണം..
ചേട്ടനുദ്ദേശിക്കുന്ന കോമണ്‍സെന്‍സ്.. അതായത് മുന്‍വിധികള്‍ കൊണ്ടു രൂപപ്പെടുത്തിയ വിവേചനബുദ്ധി… അതെനിക്കില്ല… രാഷ്ട്രീയപശ്ചാത്തലമില്ലാത്ത ക്രിമിനലുകളെ മാത്രം ശിക്ഷിച്ചാല്‍ മതി എന്നല്ലേ ചേട്ടന്‍ പറഞ്ഞുവരുന്നത് ?
താന്‍ കൂടുതലൊന്നും ആലോചിക്കേണ്ട…തല്‍ക്കാലം എല്ലാവരും പറയുന്ന കാര്യങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്ന വല്ലതുമൊക്കെ എഴുതിയാല്‍ മതി…
ഇന്ത്യയിലെ ഓരോ കലാപത്തിലും അരങ്ങേറിയിട്ടുള്ള ഏറ്റവും ആകര്‍ഷകമായ കലാരൂപമാണ് കൂട്ടബലാല്‍സംഗം… കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇത്തരം അനേകം അനേകം സംഭവങ്ങള്‍ നടന്നിട്ടുണ്ട്.. അതും ബലാല്‍സംഗങ്ങളിള്‍പ്പെടില്ലേ ചേട്ടാ ?
പ്ലീസ് സ്റ്റോപ്പ് ദിസ് നോണ്‍സെന്‍സ്… തീവ്രവാദികള്‍ പടച്ചുണ്ടാക്കുന്ന കഥകള്‍ നിങ്ങളും ആവര്‍ത്തിക്കരുത്… അതോ തീവ്രവാദികള്‍ നിങ്ങളെയും വിലയ്‍ക്കെടുത്തോ ?
ചേട്ടന്‍ അതിര്‍ത്തിയിലുള്ള ആളുകളോടു സംസാരിച്ചിട്ടുണ്ടോ ?
എനിക്കതിന്‍റെ ആവശ്യമില്ല… അതിര്‍ത്തി കാക്കുന്നവരാണ് പട്ടാളക്കാര്‍.. അവര്‍ക്കെതിരെ സംസാരിക്കുന്നത് ശരിയല്ല..
എല്ലാ റേപ്പുകളെയും ഒരുപോലെ കാണണം എന്നു പറയുന്നത് തെറ്റാണോ ചേട്ടാ ?
അതിന് പട്ടാളക്കാരുടെ നെഞ്ചത്ത് കയറുന്നതെന്തിനാ ? ദേശദ്രോഹമാണ് നിങ്ങള്‍ പറയുന്നത്…
പട്ടാളക്കാര്‍ രാജ്യത്തിനു ചെയ്യുന്ന സേവനങ്ങളെപ്പറ്റി ചേട്ടന്‍ എന്നെ ബോധവല്‍ക്കരിക്കേണ്ട… ഞാനീ മണ്ണിലാണ് ഇത്രയും കാലം ജീവിച്ചത്… പട്ടാളക്കാര്‍ ഈശ്വരാവതാരമാണെന്ന് എനിക്കൊരഭിപ്രായമില്ല…എന്‍റെ ദേശഭക്തിയെപ്പറ്റി എനിക്ക് സംശയവുമില്ല..
ആയിക്കോട്ടെ… അതൊന്നും പറയാനുള്ള സമയമല്ല ഇത്… ഇപ്പോള്‍ നിങ്ങള്‍ ദില്ലിയിലെ റേപ്പിനെപ്പറ്റി മാത്രം പറഞ്ഞാല്‍ മതി…അതിനിടയില്‍ നിങ്ങള്‍ മറ്റുകാര്യങ്ങളെന്തിനാണ് പറയുന്നത് ?
മറ്റു കാര്യങ്ങളൊന്നും പറഞ്ഞില്ല… റേപ് ആരു ചെയ്താലും റേപ് തന്നെയാണ്… അത് ചെയ്യുന്നവരുടെ പശ്ചാത്തലവും രാഷ്ട്രീയ-സാമുദായിക പിന്‍ബലവും അനുസരിച്ച് റേപ്പിന്‍റെ സ്വഭാവം മാറുന്നില്ല.. മാറുന്നത് പ്രതിഷേധത്തിന്‍റെ സ്വഭാവമാണ്…
മറ്റു റേപ്പുകളെപ്പറ്റി ഇനിയൊരക്ഷരം പറയരുത്…
അപ്പോള്‍ റേപ് അവസാനിപ്പിക്കേണ്ടേ ?
റേപ് ഒറ്റയടിച്ച് അവസാനിപ്പിക്കാന്‍ നമുക്ക് പറ്റുമോ ?
പിന്നെന്തിനാണ് ചേട്ടന്‍മാരുടെ പ്രതിഷേധവും മറ്റും ?
ഇത്തരം കൂട്ടബലാല്‍സംഗങ്ങള്‍ ഇനിയുണ്ടാവരുത്…
അപ്പോള്‍ സിംഗിളായി ആകാമെന്നാണോ ?
ഡോ… താന്‍ ഓവറാകുന്നുണ്ട് കേട്ടോ…
അല്ല, ഞാന്‍ സീരിയസ്സായി ചോദിച്ചതാണ്…
ബലാല്‍സംഗം എന്നൊക്കെ പറഞ്ഞ് ഇങ്ങനെ ഉപദ്രവിക്കാനും കൊല്ലാനുമൊന്നും പാടില്ല.. അതിനി സംഭവിക്കരുത്..
അത് ശരി.. അപ്പോള്‍ ചേട്ടന്‍ ബലാല്‍സംഗത്തിന് എതിരല്ല… കൊലപാതകത്തിനാണ് എതിര്… അല്ലേ ?
ഇപ്പോള്‍ എല്ലാവരും ദില്ലി സംഭവത്തെക്കുറിച്ചാണ് പറയുന്നത്…ടിവിയിലൊന്നും ആരും താന്‍ പറയുന്നപോലെ പറയുന്നില്ലല്ലോ ?
ന്യൂസ് ചാനലുകളില്‍ ചര്‍ച്ചക്കെടുക്കുന്ന വിഷയങ്ങള്‍ മാത്രമേ നമ്മളും ചര്‍ച്ച ചെയ്യാവൂ എന്നൊന്നും നിയമമില്ല ചേട്ടാ… അഭിപ്രായം സ്വാതന്ത്ര്യം ഉപയോഗിക്കാന്‍ ഭയപ്പെടുകയും അതുപയോഗിക്കുന്നവനെ വിലക്കുകയും ചെയ്യുന്ന ചേട്ടനാണോ ഇവിടെ സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി ഉറഞ്ഞുതുള്ളുന്നത് ?
ഈ സമയത്ത് മറ്റു റേപ്പുകളുടെ കാര്യം പറയുന്നത് ആളുകളെ ഭിന്നിപ്പിക്കാന്‍ വേണ്ടി മാത്രമാണ്…അത് ശരിയല്ല..
അല്ല ചേട്ടാ… എല്ലാ റേപുകളെക്കുറിച്ചും പറയേണ്ട സമയമാണിത്… ഇപ്പോള്‍ മാത്രമാണ് അതിനൊരവസരം ഉണ്ടായിരിക്കുന്നത്… തങ്കമണി മുതല്‍ പറവൂര്‍ വരെയുള്ള കേസുകളെപ്പറ്റിയും പറയണം…. പാര്‍ട്ടിപ്രവര്‍ത്തകയെ പീഡിപ്പിക്കുന്ന നേതാക്കന്‍മാരെപ്പറ്റിയും കൊച്ചുനടിമാരെ റേപ് ചെയ്യുന്ന സൂപ്പര്‍ഹീറോകളെപ്പറ്റിയും കന്യാസ്ത്രീയെ കൊന്നു കിണറ്റില്‍ തള്ളുന്ന കത്തനാര്‍മാരെപ്പറ്റിയും പറയണം…
ഡോ,ഡോ… ഇതെന്തോന്ന് ബലാല്‍സംഗവിചാരണയോ… അതിനൊന്നുമുള്ള സമയമല്ല ഇത്…
പിന്നെന്തിനുള്ള സമയമാണിത് ?
ദില്ലി കുട്ടിയെപ്പറ്റി വല്ല കവിതയെഴുതുകയോ മറ്റോ ചെയ്യ്… അല്ലെങ്കില്‍ ആ പ്രതികളെ ഇഞ്ചിഞ്ചായി കൊല്ലുന്നതിനുള്ള ഐഡിയാസ് എഴുതിയിട്…
ആ ആറുപേരെ കൊല്ലാന്‍ 60 കോടി പേരെങ്കിലും റെഡിയായി നില്‍പുണ്ട്… ഞാന്‍ കൂടി വേണോ ? അതോടെ ഈ നാട് നന്നാകുമോ ?
മറ്റുള്ളവര്‍ക്ക് അതൊരു പാഠമാകുമല്ലോ…
പോക്കറ്റടിക്കാരനെ കിട്ടിയാല്‍ നാട്ടുകാര്‍ കൂട്ടംകൂടി തല്ലിച്ചതയ്‍ക്കുന്നത് മറ്റു പോക്കറ്റടിക്കാര്‍ക്കു പാഠമാകുമെന്നു വിചാരിച്ചാണോ ?
എങ്കിലവര്‍ക്കു വധശിക്ഷ നല്‍കണമെന്ന് എഴുതൂ…
ഗോവിന്ദച്ചാമിക്ക് വധശിക്ഷ വാങ്ങിക്കൊടുത്തിട്ട് ഇവിടെ റേപ് കുറഞ്ഞോ ?
അതൊക്കെ പഴയ കേസല്ലേ ? തല്‍ക്കാലം താന്‍ ദില്ലിയിലെ റേപിനെപ്പറ്റി മാത്രം സംസാരിച്ചാല്‍ മതി..
ശരി… ദില്ലിയിലെ ഭീകരന്‍മാരെ ഈ ക്രൂരകൃത്യങ്ങളിലേക്കു നയിച്ചത് മദ്യവും മയക്കുമരുന്നുമൊക്കെയാണെന്നല്ലേ പറയുന്നത് ? മിക്കവാറും എല്ലാ റേപ്പുകള്‍ക്കും പിന്നില്‍ മദ്യത്തിനും മയക്കുമരുന്നിനുമൊക്കെ വലിയ പങ്കുണ്ട്..നമ്മള്‍ മദ്യത്തിനെതിരെയും ലഹരിമരുന്നിനെതിരെയുമൊക്കെ പ്രക്ഷോഭം നടത്തേണ്ടേ ?
തനിക്കു സെന്‍സില്ലല്ലോടോ… രണ്ടെണ്ണം അടിക്കാത്ത ആരാ ഒള്ളത് ? അതൊക്കെ ഓരോരുത്തരുടെ ഫ്രീഡം… അതെപ്പറ്റിയൊന്നും അഭിപ്രായം പറയാന്‍ നിക്കണ്ട…മദ്യമാണത്രേ വില്ലന്‍… ആ ആറുപേരുടെ ശവം കാണുന്നതുവരെ നമുക്ക് ഉറങ്ങാന്‍ പറ്റുമോടോ ? എനിക്കു പറ്റില്ല… പട്ടിച്ചെറ്റകള്‍… അവന്‍മാരെ പീസുപീസാക്കി…
ങും….
അതൊക്കെ പോട്ടെ… തന്‍റെ വീടിനടുത്ത് ഏതാടോ… ഒരു പീസിനെ കുറെ ദിവസമായി കാണുന്നുണ്ടല്ലോ…
പീസോ ?
ഓ.. ഒരു മാന്യന്‍… ഡോ.. ഒരു ഹൈറ്റുള്ള പെണ്ണ് അവിടെ താമസിക്കാന്‍ വന്നിട്ടില്ലേ ? എന്തൊരു ഫിഗറാണെടോ.. അവളാണെങ്കില്‍ ഇടുന്ന ചുരിദാറൊക്കെ മുടിഞ്ഞ ടൈറ്റും…മനഷ്യന്‍റെ കണ്‍ട്രോള് കളയാന്‍…അതിരിക്കട്ടെ..നാളെ എന്താ പരിപാടി ?
ഒന്നൂല്ല… ഒന്നിനും ഒരു മൂഡില്ല…
എന്നാല്‍ രാവിലെ വീട്ടിലോട്ടു വാ… എന്‍റെ കയ്യില്‍ പുതിയ രണ്ട് സിഡി വന്നിട്ടുണ്ട്… മറ്റവന്‍… വയലന്‍റ് സംഗതികളാ… മദാമ്മയല്ല, ഇന്ത്യനാ…സൂപ്പറാന്നാ കേട്ടേ…ഉച്ചകഴിഞ്ഞ് ദില്ലി കുട്ടിയുടെ മരണത്തില്‍ അനുശോചിക്കാന്‍ നമ്മള്‍ ഫേസ്ബുക്ക് ഫ്രണ്ട്സ് ഒത്തുകൂടുന്നുണ്ട്… അത് കഴിഞ്ഞ് രണ്ടെണ്ണം വിടുന്നു, പിരിയുന്നു..
കൊള്ളാം നല്ല പരിപാടി…
അപ്പോ ശരി, നാളെക്കാണാം…
നോക്കാം..
പറഞ്ഞത് മറക്കേണ്ട… പോസ്റ്റിടുമ്പോള്‍ സൂക്ഷിച്ചോണം..
ഉത്തരവ്..
ഗുഡ്…
ബൈ !