കോസലത്തിന്റെ
കാട്ടുപാതകള്‍
മൃഗക്കൊഴുപ്പ്
മണക്കുന്ന
രത്‌നാകര ഇട
(ചിതലുകള്‍ക്ക് പഥ്യമായത്)…
ഒരു പിടിച്ചുപറിയുടെ
പഴകിത്തേഞ്ഞ 'സിനേറിയ'
“ആ മരം ഈ മരം
ആ മരമീമരം”
“സെയിം ഓള്‍ഡ് ഷിറ്റ്”,
കോസലവനത്തിലെ
കുറുനരികളുടെ
വിശപ്പിലേക്ക് മറുപിള്ള
എറിഞ്ഞുകൊടുത്തിട്ട്
സൂതികര്‍മ്മണി
തല ചൊറിഞ്ഞു…
ഛെ…ഈ നശിച്ച പ്രകാശം
എന്റെ ഓര്‍മ്മകള്‍ പിളരുന്നു….
ബാലികയുടെ
പിന്‍കഴുത്തില്‍
ഒളിയമ്പിന്റെ സ്പര്‍ശനം…,
ശംബുകരക്തംകൊണ്ട്
നനഞ്ഞ വാള്‍ …
മൂക്കും മുലയും
മുറിഞ്ഞൊരു
പെണ്ണിന്റെ തേങ്ങല്‍ …
ശത്രുഗര്‍ഭം
പേറുന്ന ഭാര്യ…
അവളുടെ
കണ്ണീര്‍മഴയില്‍
ഒരു പ്രളയം..
വിയര്‍പ്പും
രേതസ്സും
മണക്കുന്ന
കടം വാങ്ങിയ
കാവി കൗപീനം
പിന്നെ ഏറെ
ഘോഷിക്കപ്പെട്ട
സരയൂവിലെ
ആത്മഹത്യ..
ഓ…വീണ്ടും പ്രകാശം
അത് എന്നില്‍ നിന്നെല്ലാം
ചുരണ്ടിയെടുക്കുന്നു…
ഒരു തുള്ളി ഇരുട്ട്
സ്വപ്നങ്ങളില്‍
പോലുമില്ലെന്നോ?
അമേദ്യവഹനാ
തസ്‌കരവീരാ..
ഹേ…രത്‌നാകരാ..
ഞാനെങ്ങനെയാണ്
നിന്റെ മൊഴികളില്‍നിന്ന്
മോഷ്ടിക്കപ്പെട്ടത്…?
ഈ ഘോര വെളിച്ചം
ആരാണ് എന്നില്‍
കോരിയൊഴിച്ചത്..?
പ്രകാശം…ഭീകരപ്രകാശം
വെട്ടിത്തിളങ്ങുന്ന
വെള്ളിമുനകളെന്നില്‍
തുളഞ്ഞിറങ്ങുന്നു.
രോമകൂപങ്ങളില്‍
നിന്നൊരായിരം
സ്ഫടികച്ചുരങ്ങള്‍
പുറപ്പെടുന്നു…
ജ്ഞാനസര്‍പ്പങ്ങളിഴയുമീ
സൈബര്‍വനത്തില്‍
എന്നെത്തളച്ചതാരാണ്…?
എന്റെ തടവറഭിത്തി
നിറയെ താമര…
എന്റെ പേരുവിളിച്ചലറുന്ന
ത്രിശൂലങ്ങള്‍…
രഥങ്ങള്‍….
കവചിത വാഹനങ്ങള്‍ …
അണുവായുധത്തലപ്പുകള്‍
ആഗ്നേയാസ്ത്രങ്ങള്‍ …
പറയൂ രത്‌നാകരാ…
നിന്റെ നാവില്‍
നിന്നെന്നെ
തട്ടിയെടുത്തതാരാണ്..?
ഓലക്കാതില്‍
രക്തം വിങ്ങുന്നതും
ചരിത്രത്തിലേക്ക്
സാക്ഷിത്തൂണുകളുയരുന്നതും
അതില്‍ താഴികക്കുടങ്ങള്‍
ഉണര്‍ന്നു തകരുന്നതും
എന്റെ കാഴ്ച്ചയിലും
ഓര്‍മ്മയിലും
താമരകളാര്‍ത്ത് വളരുന്നതും
ഞാനറിയുന്നു…
തടവറ വാതിലില്‍
ചീറിയണയുന്ന
'ജാവ' പെല്ലറ്റുകള്‍ക്കും
വൈറസ്സുകള്‍ക്കും
സൈബര്‍പ്പൂഴുക്കള്‍ക്കും
ഇടയിലൂടെ ഒരു സ്വപ്നക്കീറ്
എന്നിലേക്കൊലിച്ചു വരുന്നു…
സര്‍വ്വബ്രാഹ്മണ ഭ്രൂണ
രക്ഷാര്‍ത്ഥം ഞാനരിഞ്ഞിട്ട
ശംബുക ശിരസ്സതാ
വീണ്ടും കിളിര്‍ക്കുന്നു…
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല