Image

സമാധാനത്തിന്‍റെ വെള്ളിടികള്‍ (കോണ്‍ഗ്രസ് വഹ)

ബെര്‍ളി Published on 15 January, 2013
സമാധാനത്തിന്‍റെ വെള്ളിടികള്‍ (കോണ്‍ഗ്രസ് വഹ)

സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയത്തിനെതിരേ കേരളത്തില്‍ ശാന്തിയുടെയും സമാധാനത്തിന്‍റെയും ദൂതുമായി പറന്നു കളിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരു വശത്ത്. നല്ല പൊളപ്പന്‍ ഖദറിട്ട് മിന്നിത്തിളങ്ങുന്ന ഘടാഘടിയന്‍മാരായ കോണ്‍ഗ്രസ്സുകാര്‍ മറുവശത്ത്. ഇവര്‍ക്കിടയിലെ അണ്ടര്‍ധാര എത്രത്തോളം സജീവമാണ് എന്നത് വളരെ പ്രസക്തവും കാലോചിതവുമായ ഒരു അന്വേഷണമായിരിക്കും. അതിനു കാരണം രണ്ടാണ്. ഒന്ന്, കഴിവുകെട്ട മുഖ്യമന്ത്രി എന്ന ലേബലില്‍ നിന്നുകൊണ്ട് കരുത്തുറ്റതും കാര്‍ക്കശ്ശ്യം നിറഞ്ഞതുമായ നിലപാടുകളിലേക്കുള്ള ശ്രീ ഉമ്മന്‍ ചാണ്ടിയുടെ ചുവടുമാറ്റം. രണ്ട്, സിപിഎമ്മുകാരുടെ അടി കൊള്ളുന്നവര്‍ എന്ന ലേബലില്‍ നിന്നുകൊണ്ട് നിര്‍ണായകസമയങ്ങളില്‍ നല്ല യമണ്ടന്‍ ഇടി കാഴ്ചവയ്‍ക്കാനുള്ള കോണ്‍ഗ്രസ്സുകാരുടെ പ്രത്യുല്‍പ്പന്നമതിത്വം.

കണ്ണൂരിലെ കോണ്‍ഗ്രസും കേരളാ പൊലീസും തമ്മില്‍ ചേരാതെ വന്നപ്പോള്‍ രണ്ടു മാസം മുമ്പ് കണ്ടതാണ് കോണ്‍ഗ്രസിന്‍റെ അഹിംസാമുഖം. അതിനെയൊക്കെ ന്യായീകരിക്കാനും പഴയ സിപിഎം അക്രമങ്ങളുടെ കണക്കെടുത്ത് പ്രതിരോധിക്കാനും അന്നു പലരും ശ്രമിക്കുന്നതും കണ്ടു. ഗുണ്ടകള്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട്. അവര്‍ കോണ്‍ഗ്രസുകാരോടൊപ്പം നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും സിപിഎമ്മുകാരോടൊപ്പം നില്‍ക്കുമ്പോള്‍ സിപിഎം ഗുണ്ടകളെന്നും വിളിക്കുന്നതാണ് ഒരു നാട്ടുനടപ്പ്.

ഏറ്റവുമൊടുവില്‍, ഇന്നലെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് പല മാധ്യമപ്രവര്‍ത്തകര്‍ക്കും റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരിതു തോന്നുന്ന സംഭവം കിടക്കുന്നത്. പാലക്കാട് മെഡിക്കല്‍കോളേജിന് തറക്കല്ലിടുന്നചടങ്ങില്‍ ഉമ്മന്‍ചാണ്ടി പ്രസംഗം ആരംഭിച്ചയുടനെയാണ് സംഭവം. ആന്‍റി കറപ്ഷന്‍ മൂവ്‌മെന്‍റ് ഓഫ് കേരള ജനറല്‍ സെക്രട്ടറി ഷാനവാസ്, മനുഷ്യാവകാശസംരക്ഷണ മുന്നണി സെക്രട്ടറി ബെന്നി എന്നിവര്‍ കരിങ്കൊടി വീശി “മഞ്ഞക്കുളം ലോറി സ്റ്റാന്‍ഡ് അഴിമതി സിബിഐ അന്വേഷിക്കുക” എന്നു മുദ്രാവാക്യം വിളിച്ചു. അടുത്ത നിമിഷം കണ്ടത് പട്ടിണി കിടന്ന പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ടതുപോലെ വെള്ളക്കുപ്പായമിട്ട ഒരു സംഘം ആളുകള്‍ മിന്നല്‍വേഗത്തില്‍ ആ രണ്ടുപേരെ പൊതിഞ്ഞ് തുരുതുരാ ഇടിക്കുന്നതാണ്. ഗാന്ധിയന്‍ സമരമുറയില്‍ അടിയുറച്ച വിശ്വസിച്ചു മുന്നേറുന്ന പ്രസ്ഥാനത്തിന്‍റെ യുവമുകുളങ്ങളാണ് സംസ്ഥാനമുഖ്യമന്ത്രിയുടെ മുന്നില്‍വച്ച് പൊട്ടിവിരിഞ്ഞ് വിലാസമാടിയത്.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ആന്‍റി കറപ്ഷന്‍ എന്നു കേള്‍ക്കുന്നതു ദേശീയതലത്തില്‍ തന്നെ ചതുര്‍ഥിയാണ്. പിന്നെ, മഞ്ഞക്കുളം ലോറി സ്റ്റാന്‍ഡ് അഴിമതി സിബിഐ അന്വേഷിക്കേണ്ട കാര്യമില്ല എന്നത് നമുക്കെല്ലാവര്‍ക്കും അറിയാം. അപ്പോള്‍പ്പിന്നെ അങ്ങനൊരാവശ്യം ഉന്നയിച്ചത് തന്നെ തെറ്റാണ്. എന്നാല്‍, കരിങ്കൊടി കാണിച്ചും കരിദിനമാചരിച്ചുമൊക്കെ ഇവിടം വരെയെത്തിയ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഒരു കരിങ്കൊടി കാണുമ്പോഴേക്കും തരളിതരാകുന്നത് എന്തുകൊണ്ടായിരിക്കും ? തങ്ങള്‍ കരിങ്കൊടി കാണേണ്ടവരാണെന്ന കോംപ്ലക്സ് ഉള്ളില്‍ കിടക്കുന്നതുകൊണ്ടാവുമോ ?

സംസ്ഥാനമുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നത് ചെകുത്താനെ കുരിശു കാണിക്കുന്നതുപോലെയോ രക്തരക്ഷസ്സിനെ വെളിച്ചം കാണിക്കുന്നതുപോലെയോ അങ്ങേയറ്റം മാരകമായ കൃത്യമാണെന്ന മട്ടിലാണ് കോണ്‍ഗ്രസുകാര്‍ അവിടെ ഇടിഞ്ഞാടിയത്. കരിങ്കൊടിയും ഒരു കൊടി തന്നെയല്ലേ ? അതു കാണിക്കുന്നത് അക്രമരഹിതമായ ഒരു പ്രതിഷേധമാര്‍ഗമല്ലേ ? കരിങ്കൊടി കണ്ട മുഖ്യമന്ത്രിമാരാരും 12 ദിവസം പനിച്ചു കിടന്ന ചരിത്രവുമില്ല. തങ്ങളുടെ നേതാക്കന്‍മാരെങ്കിലും ചത്തുപോയാല്‍ ഇതേ യുവമുകുളങ്ങള്‍ ഇതേ കരിങ്കൊടി വളരെ പരിപാവനമായ വസ്തു പോലെ നാട്ടിലെ സകല ഇലക്ട്രിക്-ടെലിഫോണ്‍ പോസ്റ്റുകളിലും കയറ്റി കെട്ടാറുമുണ്ട്. പിന്നെന്തു കൊണ്ട് ഈ അധമന്‍മാര്‍ കരിങ്കൊടി കാണുമ്പോള്‍ ഭയപ്പെടുന്നു എന്നത് മനസ്സിലാവുന്നില്ല.

എന്തായാലും, പാലക്കാട്ട് രണ്ടു സാമദ്രോഹികള്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതാണ് വാര്‍ത്തകളില്‍ വന്നു കാണുന്നത്. അഴിമതിവിരുദ്ധ പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ മുന്നിലിട്ട് കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചത് വാര്‍ത്തയാവുന്നില്ല. ഇതിന്‍റെ പത്തിലൊന്ന് ചെറിയ സംഭവങ്ങള്‍ വരെ വടക്കേ ഇന്ത്യയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യാനും പ്രതികരിക്കാനുമുള്ള സാമൂഹികപ്രതിബദ്ധത നമുക്കുണ്ട് എന്നതും ശ്രദ്ധേയമായ സംഗതിയാണ്. കരുണാമയനും കാവല്‍വിളക്കുമായ മുഖ്യമന്ത്രിയെ ഇനി ആരും കരിങ്കൊടി കാണിക്കാതിരിക്കട്ടെ എന്നാശംസിക്കുന്നു. നല്ലവരായ കോണ്‍ഗ്രസുകാര്‍ ഇടിക്കുന്നത് ശുഭകരമായി കരുതുന്നത് ഒരാചാരമായി മാറുകയും ചെയ്യട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക