കള്ളക്രിസ്ത്യാനികളും മലപ്പുറം മാപ്ലാരും പെരുന്നാള്‍ കഴിക്കുന്ന സംസ്ഥാന നിയമസഭയില്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഉല്‍സവം നടത്താന്‍ കച്ചകെട്ടിയിറങ്ങിയ ജി.സുകുമാരന്‍ നായര്‍ വിധിവൈപരീത്യം കൊണ്ട് യുഗപ്രതിസന്ധിയിലായപ്പോള്‍ രക്ഷകനായി അവതരിച്ചയാളാണ് ശരീരം നിറയെ രോമമുള്ള, കൃതാവ് നരച്ച നമ്മുടെ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്. മരിച്ചുപോയ രണ്ടു പേര് അടച്ചിട്ട മുറിയില്‍ നടത്തിയ ചര്‍ച്ച എന്‍എസ്എസിന് അനുകൂലമായിരുന്നു എന്നദ്ദേഹം പറഞ്ഞതോടെ സുകുമാരന്‍ നായര്‍ കരകയറി. പക്ഷെ, അസമയത്ത് സൂര്യനെല്ലി പൂത്തതോടെ കുര്യന് സാര്‍ തന്റെ കൃതാവു കറുപ്പിക്കുകയോ പൂര്‍ണമായി വെളുപ്പിക്കുകയോ ചെയ്യേണ്ട അവസ്ഥയിലാണ്. ഒരു തിരിച്ചറിയല്‍ പരേഡിനുള്ള വാര്‍ധക്യം ഇനിയും ബാക്കിയാണ്.
കുര്യന് സാര്‍ സുകുമാരന്‍ നായരെ പിന്തുണച്ചത് എന്തിനു വേണ്ടി എന്ന ചോദ്യത്തിനുള്ള ഉത്തരം പറയുന്നത് അന്ന് സൂര്യനെല്ലി കേസന്വേഷണ സംഘത്തിലുണ്ടായിരുന്ന ജോഷ്വ സാറാണ്. സൂര്യനെല്ലി പെണ്‍കുട്ടിയെ കുര്യന് സാര്‍ പീഡിപ്പിച്ചു എന്നു കരുതപ്പെടുന്ന ദിവസം, കുര്യന് സാര്‍ എസ്കോര്‍ട്ടില്ലാതെ നടത്തിയ യാത്രയിലെ തെളിവുകള്‍ ഇല്ലാത്ത ഏതാനും മണിക്കൂറുകള്‍ അദ്ദേഹം തന്നോടൊപ്പം എന്‍എസ്എസ് ആസ്ഥാനത്തുണ്ടായിരുന്നു എന്ന് അന്നു സുകുമാരന്‍ നായര്‍ നല്കിയ മൊഴിയാണത്രേ കേസില്‍ നിന്നും കുര്യന് സാറിനെ രക്ഷപെടുത്തിയത്. കേസിലെ അവശേഷിക്കുന്ന ജോഷ്വമാര്‍ ഇനിയും ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മന്ത്രിസഭയിലെ സല്പേരു ശിശുക്കളുടെ ഡയപര്‍ മാറ്റി മാറ്റി മടുക്കും.
സിസ്റ്റര്‍ അഭയയുടെ സ്വാഭാവിക ദുര്‍മരണത്തിന്റെ പേരില്‍ പരമപരിശുദ്ധരായ വൈദികശ്രേഷ്ഠരെ കരിവാരി തേക്കുന്നതുപോലെ സൂര്യനെല്ലി കേസിന്റെ പേരില്‍ കുര്യന് സാറിനെയും കരിവാരി തേക്കുന്നത് സിപിഎമ്മിനെ തകര്‍ക്കാന്‍ ഒബാമയും തിരുവഞ്ചൂരും ഗൂഢാലോചന നടത്തി എന്നു പറയുന്നതുപോലെയാണ് എന്നാണ് പലരും വിചാരിക്കുന്നത്. കുര്യന് സാറിന്റെ പടം പത്രത്തില്‍ കണ്ട് തിരിച്ചറിയുകയും വിവരം പൊലീസിനോടു പറയുകയും ചെയ്തിട്ട് വര്‍ഷം 15 കഴിഞ്ഞെങ്കിലും പൊലീസിനു വിസ്മയം തീര്‍ന്നിട്ടില്ല. പോരെങ്കില്‍ നായനാരുമായി ചര്‍ച്ച ചെയ്ത് കുര്യന് സാര്‍ നിരപരാധിയാണെന്നു തീരുമാനിച്ച കാര്യം കേസന്വേഷിച്ച സിബി മാത്യൂസ് വെളിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള ഒരു കേസിലേക്ക് ഈ കാലം കെട്ട കാലത്ത് കുര്യന് സാറിനെ വലിച്ചിഴയ്ക്കുന്നത് നികൃഷ്ടവും നിന്ദ്യവും നിരാശാജനകവുമാണത്രേ.
സ്ത്രീപീഡകരെ കയ്യാമം വച്ചു നടത്തിക്കാന്‍ വേണ്ടി വര്‍ഷങ്ങള്‍ക്കു മുമ്പ് അധികാരത്തിലേറുകയും ഒന്നും ചെയ്യാതിരിക്കുകയും ചെയ്ത ശേഷം പ്രതിപക്ഷസ്ഥാനത്തെത്തിയപ്പോള്‍ പത്രസമ്മേളനങ്ങള്‍ വഴി ജനങ്ങളെ കോരിത്തരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സഖാവ് വിഎസ്, കുര്യന് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. കുര്യന് സാര്‍ പീഡനം നടത്തിയോ എന്നൊന്നും നമുക്ക് പറയാനാവില്ല. മുഖ്യമന്ത്രി ഉള്‍പ്പെടെ യുഡിഎഫുകാര്‍ കുര്യന് സാറിന്റെ മാനം കാക്കാന്‍ പത്രപ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. കുര്യന് സാര്‍ കേസില്‍പ്പെട്ടത് നിര്‍ഭാഗ്യകരവും വേദനാജനകവുമാണ് എന്നാണ് ഉമ്മന്‍ ചാണ്ടി സാര്‍ പറയുന്നത്.
ഇവിടെയിപ്പോള്‍ ഇര കുര്യന് സാറാണോ സൂര്യനെല്ലി പെണ്‍കുട്ടിയാണോ എന്നു നമുക്ക് സംശയം തോന്നും. യുഡിഎഫ് നേതാക്കന്മാരുടെ പ്രതികരണങ്ങള്‍ കണ്ടാല്‍ സൂര്യനെല്ലി പെണ്‍കുട്ടി പാവപ്പെട്ട കുര്യന് സാറിനെ അനവസരത്തില്‍ പീഡിപ്പിക്കുകയാണെന്നു തോന്നും. എന്തുകൊണ്ട് ആ പെണ്‍കുട്ടി ഇത്ര കാലത്തിനു ശേഷവും ശരീരം നിറയെ രോമമുള്ള, കൃതാവ് നരച്ച ബാജിയെ ഭയപ്പെടുന്നു ? എന്തിന് ഇപ്പോഴും ബാജിയുടെ പേര് പറഞ്ഞ് വീണ്ടും മാധ്യമങ്ങളില്‍ വരുന്നു ? മാധ്യമശ്രദ്ധ കൊണ്ട് ജീവിതം നരകമായിപ്പോയ ഒരു പെണ്‍കുട്ടി വീണ്ടും അതേ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അത് ആത്മാവിനുള്ളില്‍ നിന്നു സത്യം മുട്ടിവിളിക്കുന്നതുകൊണ്ടായിരിക്കുമെന്ന് മനസ്സിലാക്കാനുള്ള വിവേകം ഉമ്മന്‍ ചാണ്ടിക്കും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടാവട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുകയാണ്.
അഭയ കേസുപോലെ അല്ല സൂര്യനെല്ലി കേസ്. കുര്യന് സാറും സൂര്യനെല്ലി പെണ്‍കുട്ടിയും ഇന്നും ജീവനോടെ ഉണ്ട്. പണ്ട് അന്വേഷിച്ചിട്ട് തെളിഞ്ഞില്ല എന്നു മുഖ്യമന്ത്രി പറയുന്നതിന് എന്തെങ്കിലും മൂല്യം കൊടുക്കേണ്ട കാര്യമുണ്ട് എന്നും തോന്നുന്നില്ല. പണ്ടന്വേഷിച്ചിട്ടു തെളിയാത്തതുകൊണ്ടണല്ലോ വീണ്ടും അന്വേഷിക്കണമെന്നു പെണ്‍കുട്ടി ആവശ്യപ്പെട്ടത്. പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞതുപോലെ ഇതൊന്നന്വേഷിച്ചാല്‍ പെണ്‍കുട്ടി പറയുന്നതില്‍ കാര്യമുണ്ടോ ഇല്ലയോ എന്നത് മനസ്സിലാക്കാമല്ലോ. കുര്യന് സാര്‍ നിരപരാധിയാണെങ്കില്‍ പിന്നെന്തിനു പേടിക്കണം ? ശാസ്ത്രീയമായ അന്വേഷണം നടക്കുകയും കുര്യന് സാര്‍ നിരപരാധിയാണെന്നു തെളിയിക്കപ്പെടുകയും ചെയ്താല്‍ അതല്ലേ കുര്യന് സാറിനും ഉമ്മന്‍ ചാണ്ടിക്കും കേരളത്തിലെ ജനങ്ങള്‍ക്കും നല്ലത് ? ഇത് ഇനി അന്വേഷിക്കാന്‍ പാടില്ല, കുര്യന് സാറിനെ നോവിക്കാന്‍ പാടില്ല എന്നൊക്കെ പറയുമ്പോള്‍ എന്തു കേസും തെളിയിക്കുന്ന തിരുവഞ്ചൂര്‍ സാറു പോലും അതിലൊരു ലോജിക്കുണ്ടെന്ന് സമ്മതിക്കുമെന്ന് എനിക്കു തോന്നുന്നില്ല.