ഏതൊരു വേട്ടയാടലിലും ഇരയും വേട്ടക്കാരനുമുണ്ട്. ഓരോ വേട്ടയുടേയും അസൂത്രണവും
നടപ്പാക്കലും വേട്ടക്കാരന് തന്നെ നിര്‍വഹിക്കുമ്പോള്‍ അതില്‍ ഇരയുടെ പങ്ക് ഇരയായി
മാറുക എന്നതു മാത്രമാണ്.ഒരു ഇരയും നായാട്ട് ആസ്വദിക്കുന്നില്ലങ്കിലും
വേട്ടക്കാരന്റെ ത്രസിപ്പിക്കുന്ന അനുഭവമാണ് ഓരോ വേട്ടയും. കിരാതമായകാട്ടുനീതിയില്‍
അക്രമിക്കാനെത്തുന്ന വേട്ടക്കാരില്‍ നിന്നും വന്യമൃഗങ്ങളില്‍ നിന്നും രക്ഷപെടാന്‍
നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടത് ഓരോ ഇരയുടെയും ബാധ്യതയാണ്. എന്നാല്‍ സാമൂഹ്യ
സാംസ്കാരിക വളര്‍ച്ച പ്രാപിച്ച ഒരു പരിഷ്കൃത സമൂഹം ഇരകളുടെ രക്ഷക്കെത്തുകയും അവരെ
വേട്ടക്കാരില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിലൂടെ
സമൂഹമാര്ജ്ജിക്കുന്നത് ഒരു സാംസ്കാരിക ഔന്നത്യമാണ്. അങ്ങനെ ഓരോ വേട്ടക്കാരനും
കാലാന്തരേണ സമൂഹത്തിന്റെ ഇരയായി മാറുന്നു. എന്നാല്‍ ഇന്ന് അധികാരവും സ്വാധീനവും
സാമൂഹ്യനീതി നിഷേധിക്കുമ്പോള്‍ യഥാരത്ഥ വേട്ടക്കാരന് ഇരകളേയും വേട്ടക്കാരേയും
പുനര്‍നിര്‍ണ്ണയം ചെയ്യാനാവുന്നു. മൃതപ്രായമായ ഇരയുടെ രക്ഷക്കെത്തുന്നതിനു പകരം
നിര്‍ദ്ദയം അവരെ വേട്ടയാടിക്കൊണ്ട് പുരോഗമനമെന്നവകാശപ്പെടുന്ന സമൂഹം പലപ്പോഴും
വേട്ടക്കാരന്റെ മേലങ്കിയണിയുന്നു.
ഭാരതീയ സ്ത്രീയുടെ വര്‍ത്തമാനകാല
അനുഭവങ്ങള്‍ പുരോഗമന സമൂഹത്തിലെ സ്ത്രീയുടെ അസ്തിത്വത്തെപ്പോലും ചോദ്യം
ചെയ്യുന്നതാണ്. വര്‍ദ്ധിച്ചുവരുന്ന പെണ്വേട്ടകളിലൂടെ അനുദിനം പുതിയ ഇരകള്‍
സൃഷ്ടിക്കപ്പെടുന്നു. ശൈശവാവസ്ഥ മുതല്‍ പല രീതിയിലുമുള്ള ലൈംഗികാക്രമണങ്ങളെ
സ്ത്രീക്ക് ചെറുക്കേണ്ടിവരുന്നു. പലപ്പോഴും അതിനെ ഫലപ്രദമായി പ്രതിരോധിക്കാനാവാതെ
അവള് പൊരുതി തളരുന്നു. സ്വന്തം വീട്ടില്‍ നിന്നുപോലുംലൈംഗികമായി ചൂഷണം
ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകുമ്പോള്‍ എവിടെയാണ് സുരക്ഷിതമായ അഭയം തേടുവാന്‍
അവള്ക്കാവുക? പൊതുനിരത്തുകളിലും, യാത്രകളിലും,തൊഴിലിടങ്ങളിലുമൊക്കെ
കൊത്തിപ്പറിക്കുന്ന കാമാര്‍ത്തമായ കണ്ണുകളോടെ കഴുകന്മാര് അവള്‍ക്ക് ചുറ്റും
വട്ടമിടുന്നു. നടന്നു നീങ്ങേണ്ട ഓരോ ഇടവഴികളിലുംതന്നെക്കാത്തിരിക്കുന്ന ദുരന്തത്തെ
അതിജീവിക്കാന്‍ ശീലിക്കേണ്ട ജീവിതാവസ്ഥ.
ദല്‍ഹിയിലെ ബസിനുള്ളില്‍ നടന്ന
ക്രൂരപീഡനത്തിലൂടെ ആധുനിക ഇന്ത്യയിലെ ഊതിപ്പെരുപ്പിച്ച സ്ത്രീസമത്വ മുഖംമൂടികള്‍
അഴിഞ്ഞു വീണു. ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും
നിഷ്ക്രിയത്വത്തിനെതിരെ തലസ്ഥാനനഗരിയില്‍ അലയടിച്ച പ്രതിക്ഷേധം ഒരു രാഷ്ട്രീയ മത
സാമൂഹ്യ സംഘടനയുടേയും തണലിലായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.ചുറ്റുമുള്ള
ഘനീഭവിച്ച നിസംഗതയുടെ തോട് ഭേദിച്ച്സാധാരണ പൗരന്മാര്പുറത്തു വന്ന ദിനം.അതിനുശേഷം
വനിതകള്‍ക്കെതിരെയുള്ള അക്രമങ്ങള്ക്കെ്തിരെ സമീപകാലങ്ങളിലുണ്ടാകുന്ന ശക്തമായ
ജനവികാരവും മാധ്യമ ജാഗ്രതയും ശുഭസൂചകമായി കണക്കാക്കാമെങ്കിലും അതിനുശേഷവും തുടരുന്ന
ലൈംഗികാക്രമണങ്ങള്‍ പൊതുവേ ഉത്കണ്ഠയുണര്‍ത്തുന്നു.
കാഴ്ചയുടെ
നിറക്കൂട്ടുകളില്‍ ലോകത്തെ അറിയാന്‍ ശ്രമിക്കുന്ന നിഷ്കളങ്ക ബാല്യത്തില്‍ ലോകം
അവള്‍ക്കു ചുറ്റും വരയ്ക്കുന്ന നിയന്ത്രണത്തിന്റെ കോലങ്ങള്‍ ചെറുപ്രായത്തില്‍
തന്നെ അവളെ ആശയക്കുഴപ്പത്തിലാക്കുന്നു. കാപട്യം നിറയുന്ന അഭിനവ ലോകത്തില്‍ പരിശുദ്ധ
പ്രണയവും ലൈംഗിക ചൂഷണമായി അധഃപധിക്കുന്നു. പ്രലോഭനത്തിന്റെ വലകള്‍ വിരിച്ചു ഇന്ന്
പെണ്‍വാണിഭസംഘങ്ങളുടെ വേരുകള്‍ നഗരങ്ങളിലും നിന്നും ഗ്രാമങ്ങളിലേക്ക് വളരുകയാണ്.
തനിക്ക് സുരക്ഷിതമായ ഒരിടം സമൂഹം നിഷേധിക്കുമ്പോള്‍ ചെറുത്തു നില്ക്കാന്
ശ്രമിക്കുന്ന സ്ത്രീക്ക് സ്വന്തം കുടുംബത്തില്‍ നിന്നും അന്യരില്‍
നിന്നുംനേരിടേണ്ടിവരുന്ന എതിര്‍പ്പ് ചെറുതല്ല. വ്യക്തി ജീവിതത്തില്‍
തിരിച്ചടികളേയും അടിച്ചമര്‍ത്തലിനേയും അതിജീവിച്ച് മുന്നോട്ടു പോകുന്ന സ്ത്രീയുടെ
രക്ഷക്ക് ഒരു പ്രത്യയശാസ്ത്രവും ആത്മീയ വേദാന്തവുംസഹായത്തിനെത്തുന്നില്ല
എന്നതാണ് സത്യം.
ലൈംഗിക ചൂഷണത്തിനിരയായ ഇരയുടെ മാനസികാവസ്ഥ പൊതുസമൂഹം പാടേ
അവഗണിക്കുന്നു. തങ്ങളുടെ ദുരനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോള്അപവര്
ചെന്നെത്തുന്നത് അവജ്ഞയും പരിഹാസവും നിറഞ്ഞ മറ്റൊരു വന്യലോകത്താണ്. അവിടെ ഇരയുടെ
വേദനചുറ്റുമുള്ള വേട്ടക്കാരെ ഹരം കൊള്ളിക്കുന്നു.വേട്ടക്കാര്‍ പൊതു സമൂഹത്തില്‍
ബഹുമാന്യരായി തലയുയര്‍ത്തി ജീവിക്കുകയും നീതി നിഷേധിക്കപ്പെട്ട ഇരകള്തലതാഴ്ത്തി
ജീവിക്കേണ്ടിവരുകയും ചെയ്യുന്ന അവസ്ഥ ഭീകരമാണ്. എല്ലാവരാലും അപമാനിക്കപ്പെട്ട
ഇരയുടെ മുമ്പില്‍ ഭീഷണി മുഴക്കിയും വെല്ലുവിളിച്ചുംകുറ്റവാളികള് വീണ്ടും അവരെ
വേട്ടയാടുന്നു. അധികാരസ്ഥാനങ്ങളില്‍ സ്വാധീനവുമുള്ള കുറ്റാരോപിതരെ സാമൂഹ്യപരമായും
രാഷ്ട്രീയപരവുമായി ചെറുക്കുവാന്‍ താരതമ്യേനെ നിരാലംബരായ ഇരകള്‍ക്ക്
സാധിക്കുന്നില്ല. ലൈംഗിക പീഡനത്തിനിരയായ പെണ്കുാട്ടികളില് നിന്നും ആ
കുടുംബത്തില്‍ നിന്നും ബോധപൂര്‍വ്വം അകലം പാലിച്ചുകൊണ്ട് ബന്ധുമിത്രാദികളും,
വാക്കിലും നോക്കിലും വേട്ടയാടല്‍ തുടര്‍ന്നു കൊണ്ടും പൊതുസമൂഹവും ഇവരെ സാമൂഹ്യ
ജീവിതത്തില്‍ ഒറ്റപ്പെടുത്തുന്നു.അടുത്ത കാലത്ത് വിതുര പെണ്‍വാണിഭക്കേസിലെ
പെണ്‍കുട്ടി ഇനി തനിക്ക് കേസ് തുടരണമെന്നോ കുറ്റവാളികള്‍ ശിഷിക്കണമെന്നോ
ആഗ്രഹമില്ലന്നും ജീവിക്കാന്‍ അനുവദിച്ചാല്‍ മാത്രം മതിയെന്നുമുള്ള ആവിശ്യം ഇവരുടെ
യഥാര്‍ത്ഥ ജീവിതാവസ്ഥ വെളിവാക്കുന്നു.
ജനാധിപധ്യ ഭരണകൂടവും നിയമപാലകരും
സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അക്രമങ്ങള്‍ക്കെതിരെ ബോധപൂര്‍വം മുഖം
തിരിയ്ക്കുന്നു. ഇന്ന് ഉന്നതപദവിയിലുള്ളവര്‍ക്ക് മനുഷ്യനിര്‍മ്മിത നിയമങ്ങളില്‍
പ്രത്യേക പരിഗണന ലഭിക്കുകയും അവര്‍ക്ക് നിയമങ്ങള്ക്ക തീതമായി
പ്രവര്‍ത്തിക്കാനാവുകയും ചെയ്യുന്നു. ന്യായവിധി കല്‍പ്പിക്കുന്നവര്‍ക്കും കേവല
മനുഷ്യന്റെ ബലഹീനതകളെ അതിജീവിക്കാന്‍ സാധിക്കാതാവുകയും അവരുടെ വ്യക്തിപരമായ
കാഴ്ചപ്പാടുകള്‍ വിധികളെ സ്വാധീനിക്കുകയും ചെയ്യുമ്പോള്‍ നീതിരഹിതമായ
ന്യായവിധികള്‍ ജന്മം കൊള്ളുന്നു.
ശക്തമായ ശിക്ഷാവകുപ്പുകളുടെ അഭാവമാണ്
കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന് നിദാനമെന്ന് കരുതാനാവില്ല. നിലവിലുള്ള
നിയമമനുസരിച്ചുള്ള ചെറിയ ശിക്ഷപോലും അക്രമികള്ക്കെ തിരെ ചുമത്തുവാന്‍ എന്തുകൊണ്ട്
ആവുന്നില്ലന്നതു വിശദീകരിക്കാന്‍ അധികാര കേന്ദ്രങ്ങള്ക്കാ വുന്നില്ല. കൂടുതല്‍
വകുപ്പുകള്‍ കൂട്ടിച്ചേര്ക്കു മ്പോഴും ഇത് ഫലപ്രദമായി നടപ്പാക്കാനുള്ള ആത്മാര്‍ഥത
ഭരണതലത്തില്‍ ഉണ്ടാകുന്നില്ല. നിയമ വ്യവസ്ഥയില്‍ രക്ഷപെടാനുള്ള പഴുതുകളുണ്ടന്നു
കുറ്റവാളികള്‍ക്ക് ഉറപ്പുള്ള കാലത്തോളം പെണ്വാ്ണിഭവും ആക്രമണങ്ങളും ആവര്‍ത്തി
ക്കപ്പെടും. ഇവിടെ ഒരു ലൈംഗിക കുറ്റവാളിക്ക് നിയമമനുശാസിക്കുന്ന ശിക്ഷ
ലഭിക്കുമെന്ന്ആര്ക്കാണ് ഉറപ്പുവരുത്താനാവുക? കോടതിക്ക് നേരെ വിരല്‍ചൂണ്ടി
അധികാരവര്‍ഗ്ഗത്തിനു രക്ഷപെടാനാവുമോ? സമഗ്രമായ അന്വേഷണം നടത്തി തെളിവുകള്‍
കോടതിയിലെത്തിക്കുക ജനാധിപത്യ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അന്വക്ഷണ
ഉദ്യോഗസ്ഥരുടെ നിഷ്പക്ഷത പലപ്പോഴും സംശയത്തിന്റെ നിഴലിലാണ്.
കോടതിയിലെത്തുന്നതിനു മുമ്പ് തന്നെ തെളിവുകള്‍ നശിപ്പിക്കപ്പെടുകയോ
പ്രതികള്‍ക്കനുകൂലമായി അവ മാറ്റപ്പെടുകയോ ചെയ്യുന്നു. പെണ്‍വാണിഭ കേസുകളുടെ വിചാരണ
പൂര്‍ത്തി യാക്കാനെടുക്കുന്ന കാലതാമസം ഇരകള്ക്കെതിരെയുള്ള നീതിനിഷേധമായി തന്നെ
കണക്കാക്കണം.
ഒരേ കുറ്റം ചെയ്യുന്നവര്‍ എങ്ങനെയാണ് നിയമത്തിനു മുമ്പില്‍ പല
രീതിയില്‍ വിചാരണ ചെയ്യപ്പെടുന്നതെന്നു ഏതൊരു പൗരനും സംശയം തോന്നുക സ്വാഭാവികമാണ്.
അധികാര വര്‍ഗ്ഗം സത്യത്തെ വളച്ചൊടിക്കുവാന്‍ നിരത്തുന്ന സാങ്കേതികതയുടെ മുന്നില്‍
ഇരയോടൊപ്പം പൊതുമനസ്സും അമ്പരക്കുന്നു.സ്ത്രീപീഡന കേസന്വേക്ഷണങ്ങള് ആരെയും
അതിശയിപ്പിക്കുന്ന വിധം അട്ടിമറിക്കപ്പെടുന്നു. സമൂഹത്തില്‍ ഉന്നതപദവി വഹിക്കുന്ന
ലൈംഗിക കുറ്റവാളികള്‍ക്ക് നിയമ നടപടികളില്‍ നിന്ന് രക്ഷപെടാന്‍ വഴിയൊരുക്കുന്ന
ഉപജാപകസംഘം എവിടെയോ ജാഗ്രതയോടെ ഉണര്‍ന്നിരിക്കുന്നു. അധികാരസ്ഥാനങ്ങളില്‍
സ്വാധീനമുള്ള ഇവര്‍ക്ക് യഥാസമയത്ത് അന്വേഷണത്തില്‍ ഇടപെടാനും രാഷ്ട്രീയസമുദായ
ഭേദമെന്യേ പ്രതികളെ രക്ഷിക്കാനുമാവുന്നു.
ഉയര്‍ന്ന സാക്ഷരതയും വികസന
മാതൃകയുമൊക്കെ കൊട്ടിഘോഷിക്കപ്പെടുമ്പോഴും കേരളസമൂഹത്തിലെ സ്ത്രീവിരുദ്ധത ആരിലും
ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. അഭ്യസ്തവിദ്യരായ ഒരു ജനതയ്ക്ക് എന്തുകൊണ്ട്
സ്ത്രീ അര്ഹികക്കുന്ന സുരക്ഷിതമായൊരു ജീവിതം
ഉറപ്പാക്കാനാവുന്നില്ലെന്നതുകേരളത്തിലെ സാമൂഹ്യരാഷ്ട്രീയ പശ്ചാത്തലത്തില്‍ വിശകലനം
ചെയ്യേണ്ടതുണ്ട്. സംരക്ഷണം ഉറപ്പാക്കേണ്ട ബന്ധുക്കളില്‍ നിന്നുണ്ടാകുന്ന ലൈംഗിക
പീഡനങ്ങള്‍ ഇന്ന് സാധാരണ വാര്‍ത്ത മാത്രമായിരിക്കുന്നു.സമീപകാലത്ത് തന്നെ
പീഡിപ്പിച്ച വളര്‍ത്തച്ഛനെതിരെ പരാതി പറഞ്ഞതിനു പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കും
അമ്മയ്ക്കുംനാട് ഊരുവിലക്കേല്പ്പിച്ചെന്നുള്ള വാര്‍ത്ത സാംസ്കാരിക കേരളത്തെ
ലജ്ജിപ്പിക്കേണ്ടതാണ്.
കേരളീയ സമൂഹത്തില്‍ ലൈംഗികതയ്ക്കുപരി യഥാര്‍ത്ഥ
സൗഹൃദങ്ങളിലേക്ക് സ്ത്രീപുരുഷ ബന്ധങ്ങള്‍ വളരാതാവുന്നു. പരസ്പരം
ബഹുമാനിക്കുവാനും കപടതയില്ലാതെ സ്നേഹിക്കാനുമാകുന്ന സ്ത്രീപുരുഷ സൗഹൃദങ്ങള്‍ ആ
സമൂഹത്തെ ശ്രേഷ്ഠമാക്കുന്നു. മൂല്യബോധത്തിലും സമത്വചിന്തയിലും അധിഷ്ഠിതമായ
സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ നമ്മുടെ വിദ്യാഭ്യാസ മേഖലയും പരാജയമടഞ്ഞെന്ന്
സമ്മതിക്കേണ്ടി വരും.കാലത്തിനൊപ്പം വളരാന്‍ മടിക്കുന്ന സമൂഹം മ്ലേച്ചമാണെന്നാവും
ചരിത്രം രേഖപ്പെടുത്തുക.കപടസദാചാരം പ്രസംഗിച്ചു അത് സംരക്ഷിക്കാനെന്ന വ്യാജേന
സ്ത്രീപുരുഷ സൗഹൃദത്തെ നിഷേധിക്കുകയും, വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയും
ചെയ്തുകൊണ്ട് ഇവര്‍ അണിയുന്ന സദാചാരപോലീസിന്റെ വികൃതമുഖം എല്ലാവര്ക്കും
പരിചിതമാണ്. മൂല്യബോധത്തിന്റെ് കേട്ടുപാടുകളെക്കുറിച്ചു വാചാലമാകുകയും
അതിനോടൊപ്പം തന്നെ നിലപാടുകളില്‍ വൈരുദ്ധ്യത പുലര്ത്തു കയും ചെയ്യുന്ന ഈ
ഇരട്ടത്താപ്പ് ഇവരുടെ കാപട്യമാണ് വെളിവാക്കുന്നത്.
ലൈംഗികാക്രമണങ്ങളെ
ന്യായീകരിക്കുന്ന വാദഗതികള്‍ പലപ്പോഴും സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്.
വസ്ത്രധാരണം, സ്വഭാവ ദൂഷ്യം, അസമയത്തെ സഞ്ചാരം തുടങ്ങിയവ ഇരയുടെമേല്‍
കെട്ടിവെയ്ക്കുന്ന രീതി വളരെവിചിത്രമാണ്. വേട്ടക്കാരനെ പ്രലോഭനങ്ങളില്‍
വീഴാതിരിക്കേണ്ടത് ഇരയുടെ ചുമതലയാണെന്നും അതിനായി അവര്‍ മാളത്തില്‍ ഒളിക്കണമെന്നു
പറയുന്ന കാട്ടുനീതി പുരോഗമന സമൂഹത്തില്‍ നടപ്പാക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നു.
വേട്ടക്കാരന്റെ് തടങ്കലില്‍ ആയിരിക്കുമ്പോള്‍ ബഹളം കൂട്ടാതിരുന്നത് ഇര ലൈംഗികത
ആസ്വദിച്ചതിനാലാവുമെന്നു വാദിക്കുന്ന മറ്റൊരു കൂട്ടരുമുണ്ട്.
ജീവനുഭീഷണിയുണ്ടാകുമ്പോള് ഭീതിയിലാണ്ട ഒരു പെണ്‍കുട്ടിയുടെ മനോനില ഇക്കൂട്ടര്‍
കണ്ടില്ലെന്നു നടിക്കുന്നു.
തെരുവോരത്ത് മയങ്ങുന്ന തെരുവ് ബാലികമാരേയും,
അയല്പലക്കത്തു നിന്നെത്തുന്ന പിഞ്ചുകുട്ടികളെയും പിച്ചിചീന്തുന്ന വികലമനസ്സുകള്‍
ഒരു സഹതാപവും അര്‍ഹിക്കുന്നില്ല. സ്ത്രീ പുരുഷ സമത്വം പ്രകൃതിതിവിരുദ്ധമാണെന്നും
സ്ത്രീയുടെ സാമൂഹ്യ ഇടപെടലുകള്‍ നിയന്ത്രിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ട്
മതമൗലിക വാദികള്‍ കുറ്റക്കാരെ പിന്തുണക്കുന്നു. ഇക്കിളിപ്പെടുത്തുന്ന കഥകള്‍ പോലെ
പീഡനവാര്ത്തകകള് കണ്ടും വായിച്ചും നിര്‍വൃതിയടയുന്ന ഒരു വിഭാഗം ഇവിടെനിശബ്ദമായി
വേട്ടക്കാരുടെ പക്ഷം ചേരുന്നു.
ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീ
സമൂഹത്തോട് വളരെ നിഷേധാത്മകമായ നിലപാടാണ് ജനകീയ സര്‍ക്കാരുകളും രാഷ്ട്രീയ
പാര്‍ട്ടികളും കാലാകാലങ്ങളായി സ്വീകരിച്ചുവരുന്നത്.പലപ്പോഴും ഇവരുടെ
സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഇടപെടലുകള്‍ രാഷ്ട്രീയലാഭം മാത്രം
ലാക്കാക്കിയുള്ളതാണെന്ന് കാണാം. പല രാഷ്ട്രീയ നേതാക്കളുടേയും മനോഭാവം അവര്‍
ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ പ്രകടമാണ്.
സ്ത്രീകളോടുള്ള അതിക്രമങ്ങളോട് പ്രതികരിക്കുന്നതില്‍ ഓരോ പാര്‍ട്ടിയുടെയും വനിതാ
സംഘടനകളുടെ പരിമിതി പ്രകടമാണ്. സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കള്‍
ഉള്പ്പെളട്ട സ്ത്രീപീഡനക്കേസുകളില്‍ കുറ്റാരോപിതരെ ന്യായീകരിക്കുവാന്‍ അവര്‍
നിര്‍ബന്ധിതരാകുന്നു. കക്ഷിരാഷ്ട്രീയത്തിന് പക്ഷം പിടിക്കുമ്പോള്‍ സ്ത്രീകളോടുള്ള
അക്രമങ്ങള്ക്കെ തിരെ നിഷ്പക്ഷമായി നിലപാടെടുക്കാന്‍ ഈ മഹിളാസംഘടനകളുടെ
നേതൃത്വത്തിനു കഴിയാതാവുന്നു. അതുകൊണ്ടുതന്നെ അവര്‍ സ്വീകരിക്കുന്ന പല നിലപാടുകളും
പൊതുസമൂഹത്തില്‍ അവരെ അപഹാസ്യരാക്കുന്നു.
സൂര്യനെല്ലി, വിതുര, പറവൂര്‍,
കിളിരൂര്‍, കവിയൂര്‍ തുടങ്ങിയ ഒട്ടനവധി സ്ത്രീ പീഡനകേസുകളിലെ ഇരകള്‍ സമൂഹത്തിനു
മുമ്പില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ കേരള മനസ്സാക്ഷി ഏറ്റെടുക്കേണ്ടതാണ്.
പ്രതികരിക്കാന്‍ മുന്നോട്ടുവരുന്ന ഇരകള്‍ക്ക് ധാര്‍മ്മിക പിന്തുണ കൊടുക്കാന്‍
സമൂഹം കടപ്പെട്ടവരാണ്. രാഷ്ട്രീയ മുതലെടുപ്പിനും ചാനല്‍ ചര്‍ച്ചകള്‍ക്കുമപ്പുറം
ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ ഭരണകൂടവും നിയമപാലകരും
തയ്യാറാകണം.മാനവികതയുടെയും സമത്വബോധത്തിന്റെയും ബാലപാഠങ്ങള്‍
ഉള്‍പ്പെടുത്തിക്കൊണ്ട് കാലഹരണപ്പെട്ട വിദ്യാഭ്യാസ മേഖലയെ നവീകരിക്കേണ്ടതുണ്ട്.
അതിനോടൊപ്പം പരിവര്‍ത്തനത്തിന് വിധേയമാകേണ്ട സമൂഹ മനോഭാവവും
പ്രാധാന്യമര്‍ഹിക്കുന്നു.
പെണ്‍കുട്ടികള്‍ക്ക് വേട്ടക്കാരെ ഭയപ്പെടാതെ
ജീവിക്കുവാന്‍ ആണ്കോയ്മയില് കെട്ടിയുയര്‍ത്തിയ കീഴ്വഴക്കങ്ങള് മാറ്റപ്പെടണം.
നിയമം നിയമത്തിന്റെ വഴിക്ക് എന്നുള്ള പതിവ് പല്ലവി ആവര്ത്തിിക്കാതെ നിയമം
നീതിപൂര്‍വവും കാര്യക്ഷമമായി നടപ്പാകാനുള്ള ആത്മാര്‍ഥത രാഷ്ട്രീയനേതാക്കളുടേയും
നിയമപാലകരുടെയും ഭാഗത്തുനിന്നുണ്ടാവണം. അതിനവര്‍ക്കായില്ലെങ്കില്‍ സ്ത്രീസമത്വത്തെ
നിഷേധിക്കുകയും ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ കണ്ണടയ്ക്കുകയും ചെയ്യുന്ന
സമൂഹത്തിലെ ജീര്‍ണ്ണിച്ച രാഷ്ട്രീയസാമൂഹ്യബോധത്തെ നവീകരിക്കാന്‍ ശക്തമായ
താക്കീതുമായി പൊതുജനം വര്‍ദ്ധിതവീര്യത്തോടെ വീണ്ടും തെരുവിലിറങ്ങും. അതിനെ
അതിജീവിക്കാന്‍ ധാര്‍മ്മികത നഷ്ടമാകുന്ന ഒരു ഭരണകൂടത്തിനാവുമോ?
