അക്ഷരങ്ങള്‍ക്ക് ജീവനും ചൈതന്യവുമുണ്ട്. അതിന് ശക്തിയും മൂര്‍ച്ചയുമുണ്ട്.
അക്ഷരങ്ങളില്‍ സംഗീതവും നവരസങ്ങളുമുണ്ട്. അത് സചേതനങ്ങളാണ്. അക്ഷരങ്ങളിലെ ജീവന്‍
പ്രതിഫലിക്കണമെങ്കിലും അനുഭവിച്ചറിയണമെങ്കിലും അത് അര്‍ഹിക്കുന്ന അര്‍ത്ഥത്തില്‍
വാക്കുകളായി വാചകങ്ങളായി മനുഷ്യഹൃദയങ്ങളുടെ ആഴങ്ങളില്‍ കടന്നുചെല്ലണം. അവിടെ
വൈകാരികഭാവഭേദങ്ങളുടെ ഉള്‍പ്പുളകങ്ങളുദിക്കണം. അത്തരം അക്ഷരക്കൂട്ടങ്ങള്‍
ചേര്‍ന്ന് സാഹിത്യസൃഷ്ടി രൂപപ്പെടുന്നു. എന്നാല്‍ അതൊരു ഉദാത്തമായ
കൃതിയാകണമെങ്കില്‍ മറ്റു പല സുപ്രധാന ഘടകങ്ങള്‍ കൂടി ചേരേണ്ടിയിരിക്കുന്നു.
ആശയത്തില്‍ ആഴം, അവതരണത്തില്‍ രസനീയത, രൂപത്തില്‍ ശില്‍പഭംഗി, അനുവാചകരുമായി
താദാത്മ്യപ്പെടാന്‍ കഴിയുന്ന വൈകാരികതലങ്ങള്‍, പാരായണസുഖം നല്‍കുന്ന ശൈലി
മുതലായവയെല്ലാം ഉത്തമ കൃതികള്‍ക്ക് അനിവാര്യമാണ്. അത്തരം സാഹിത്യസൃഷ്ടികള്‍
എക്കാലവും ശ്രദ്ധിക്കപ്പെടും.
പശ്ചാത്തലം എന്തുമാകാം. എന്നാല്‍ അത്
ഭാവനാവൈഭവത്തോടെ നൂതനമായ ശൈലിയില്‍ അവതരിപ്പിക്കുമ്പോള്‍ അതില്‍ പുതുമ
ഉടലെടുക്കുന്നു. അക്ഷരങ്ങള്‍ സചേതനങ്ങള്‍ എന്നപോലെ ഉദാത്തമായ കൃതികളും
ജൈവേന്ദ്രിയങ്ങള്‍പോല സചേതനങ്ങളാണ്. അതിന് ചലനമുണ്ടാക്കാന്‍ കഴിയണം. അത്
വിദഗ്‌ദ്ധനായ ഒരു സംഗീതജ്ഞന്റെ സംഗീതോപകരണത്തിന്മേലുള്ള അംഗുലിസ്‌പര്‍ശംപോലെയാണ്.
അയാള്‍ ശ്രുതിമധുരവും താളസമന്വിതവുമായ സംഗീതംകൊണ്ട് ശ്രോതാക്കളെ
ആനന്ദിപ്പിക്കുന്നു. സംഗീതം കഴിഞ്ഞാലും അതിന്റെ മാറ്റൊലി ശ്രോതാക്കളുടെ ചേതസില്‍
മുഴങ്ങിക്കൊണ്ടിരിക്കും. അതുപോലെയാണ് ഉദാത്തമായ കഥകളും. കഥയാകുന്ന
മഹാസമുദ്രത്തില്‍നിന്ന് കോരിയെടുക്കുന്ന അസംസ്‌കൃത വസ്‌തുക്കളെ കാഥികന്‍
തേച്ചുമിനുക്കി വെടുപ്പാക്കണം. അക്ഷരക്കൂട്ടില്‍ കോര്‍ത്തിണക്കി
ചൈതന്യമുള്ളതാക്കണം. വാക്കുകള്‍കൊണ്ട് ഒരു പുതിയ മായാലോകം സൃഷ്‌ടിക്കാന്‍ കഴിയണം.
അത് അനുവാചകരെ ആസ്വദിപ്പിക്കാനും ആകര്‍ഷിക്കാനും കഴിയും.
ഇത്രയും
തുടക്കമായി എഴുതാന്‍ കാരണം അടുത്തസമയത്ത് ഞാന്‍ വായിച്ച, അമേരിക്കയിലെ ഒരു
സാഹിത്യകാരന്‍, സാംസി കൊടുമണ്‍ എഴുതിയ ഒരു കഥാസമാഹാരമാണ്: `യിശ്‌മായേലിന്റെ
സങ്കീര്‍ത്തനം'. ഈ കൃതി വായിച്ചിട്ട് ചില മാസങ്ങളാകുന്നു. അപ്പോഴെ എഴുതാന്‍
തോന്നിയത് ഇപ്പോള്‍ മാത്രമെ സഫലമായുള്ളുവെന്നു മാത്രം. മേല്‍ കാണിച്ചിരിക്കുന്ന
ആമുഖക്കുറിപ്പോടെ ഈ പുസ്‌തക പരിചയത്തിലേക്കു കടക്കുമ്പോള്‍ അത്തരത്തില്‍ എല്ലാം
തികഞ്ഞ ഒരു കൃതിയാണോ `യിശ്‌മായേലിന്റെ സങ്കീര്‍ത്തനം' എന്ന് ചിലരെങ്കിലും
ചിന്തിച്ചേക്കാം. എന്നാല്‍ അത്തരത്തില്‍ എല്ലാം തികഞ്ഞ പൂര്‍ണ്ണമായും ഒരു ഉത്തമ
കൃതിയാണ് ഈ ഗ്രന്ഥമെന്ന് സമര്‍ത്ഥിക്കുന്നില്ല. എന്നാല്‍ ഈ കഥാസമാഹാരത്തിലെ
കഥകളിലൂടെ കടന്നുപോകുമ്പോള്‍ ഒരു ഉത്തമ കൃതിയുടെ സൗരഭ്യം കുറച്ചെങ്കിലും
ആസ്വദിക്കാമെന്നുള്ളതിന് സംശയമില്ല. അമേരിക്കയിലെ മലയാളസാഹിത്യനഭസില്‍
ഇത്രയെങ്കിലും മികവ് ഒരു മുതല്‍ക്കൂട്ടുതന്നെയാണ്. അതേ അനുഭവമാണ് ഈ
ആസ്വാദനക്കുറുപ്പിന്റെ പിന്നിലെ ചാലകശക്തിയും.
അമേരിക്കയില്‍ മലയാളികളുടെ
പ്രധാന കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളില്‍ അവജ്ഞയുടെയും അനാസ്ഥയുടെയും ആവരണങ്ങളില്‍
ഒതുങ്ങിക്കഴിഞ്ഞിരുന്ന മലയാളഭാഷ ഇന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ പൂര്‍വ്വാധികം
ശക്തിയോടെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുകയാണ്. ഇന്ന് അമേരിക്കയിലെ
മലയാളസാഹിത്യനഭസ്, എല്ലാ വിഭാഗങ്ങളിലും, രചനകളും കൃതികളുംകൊണ്ട് സജീവവും
സമ്പന്നവുമാണെന്നുള്ളതിന് സംശയമില്ല. എഴുത്തുകാരുടെ എണ്ണത്തിലും രചനകളിലും
ധാരാളിത്തം കാണാം. എന്നാല്‍ അതില്‍ ഉദാത്തമായ അല്ലെങ്കില്‍ ഭേദപ്പെട്ട കൃതികളുടെ
സ്ഥാനത്ത് നാം എവിടെയാണെന്ന് ചിന്തിക്കേണ്ടതുണ്ട്.
അതേ ചിന്തയോടെയാണ്
ഞാന്‍ സാംസിയുടെ `യിശ്‌മായേലിന്റെ സങ്കീര്‍ത്തനം' എന്ന കഥാസമാഹാരത്തെ
സമീപിക്കുന്നതും. ഈ കൃതിയിലെ ആദ്യത്തെ കഥയിലൂടെ കടന്നുപോകാം; `ദീനാമ്മയുടെ പൂച്ച'.
നിത്യജീവിതത്തില്‍ ഉറ്റവരും ഉടയവരും പിരിഞ്ഞ് ഒറ്റയ്‌ക്കാകുന്ന കണ്ണിപറിയുന്ന
ബന്ധങ്ങളുടെ കണ്ണീരില്‍ ചാലിച്ച അനുഭവത്തിന്റെ ചുരിളഴിയുകയാണ് ഈ കഥയില്‍.
മറ്റെല്ലാവരെയുംപോലെ ഒരു നല്ല ജീവിതം കൊതിച്ച് കൈ നിറയെ കടവും, മനം നിറയെ
സ്വപ്‌നവുമായി രണ്ടുപിഞ്ചുകുഞ്ഞുങ്ങളും ഭര്‍ത്താവുമായി അമേരിക്കയിലെത്തിയതാണ്
ദീനാമ്മ.
അവളുടെ അമേരിക്കയിലെ നാളുകള്‍ കഷ്ടപ്പാടിന്റെയും
കഠിനാധ്വാനത്തിന്റെയും ദിനങ്ങളായിരുന്നു. ഊണും ഉറക്കവുമില്ലാതെ അവള്‍ ജോലിചെയ്‌തു.
മക്കളുടെ ഭാസുരമായ ഭാവി എന്ന ലക്ഷ്യം അവള്‍ക്ക് പ്രചോദനം നല്‍കി. കുടിലില്‍നിന്ന്
കൊട്ടാരം കെട്ടിപ്പടുത്തു. ഈ തിരക്കിനിടയില്‍ വിലപ്പെട്ട പലതും
ചോര്‍ന്നുകൊണ്ടിരുന്നത് അവര്‍ അറിയാതെപോയി. അമേരിക്കയില്‍ വര്‍ഷങ്ങളായിട്ടും,
ദീനാമ്മയുടെയും അവറാച്ചന്റെയും അന്തരംഗം പിന്നിട്ട നാടിന്റെ നാലുവേലിക്കുള്ളില്‍
നിറഞ്ഞുനിന്നപ്പോള്‍, മൗനരായിരുന്ന മക്കള്‍ അമേരിക്കന്‍ സംസ്‌ക്കാരത്തിന്റെ
വലയത്തിലാണ് ജീവിക്കുന്നതെന്ന സത്യം ആരും അറിയാതെപോയി. മാതാപിതാക്കളുടെ സ്‌നേഹവും
ത്യാഗവും മക്കളുടെ സ്വാതന്ത്ര്യത്തിന്റെയും സംസ്‌ക്കാരത്തിന്റെയും കൊടുമുടിയില്‍
വീണുടയുമ്പോള്‍ മാതാപിതാക്കളുടെ ജീവിതവും അവിടെ വീണുടയുകയാണ്. അവിടെയാണ്
ദീനാമ്മയുടെ മുഴുവന്‍ സ്‌നേഹവും പങ്കുവയ്‌ക്കാന്‍ കാത്തിയെന്ന പൂച്ച
കടന്നുവരുന്നത്. ആ മാര്‍ജ്ജാരം സമയമായപ്പോള്‍ ഒരു കണ്ടന്‍പൂച്ചയുടെ നീണ്ടവിളിയില്‍
മറ്റെല്ലാം മറന്ന് കാണാമറയത്തു മറഞ്ഞു. അവിടെ പിന്നെ ഒന്നും ശേഷിച്ചില്ല.
അമേരിക്കയിലെ ആദ്യകാല മലയാളികളുടെ നേര്‍ക്കു പിടിച്ചിരിക്കുന്ന ഒരു ദര്‍പ്പണമാണ്
ദീനാമ്മയുടെ പൂച്ച.
ആഗോളീകരണത്തിന്റെ നീരാളിപ്പിടിത്തത്തില്‍ എരിഞ്ഞടങ്ങുന്ന
സാധാരണ ജീവിതങ്ങളുടെ നേര്‍ക്കാഴ്‌ചയാണ് `പണ്ടാരം വേലുവിന്റെ വിത്തുകാള. ഓണം
പിറന്നാലും ഉണ്ണിപിറന്നാലും കോരന് കുമ്പിളില്‍ കഞ്ഞി' എന്ന പഴമൊഴിപോലെ എന്തൊക്കെ
ആഗോളീകരണമുണ്ടായാലും മാറ്റങ്ങളുണ്ടായാലും പണ്ടാരം വേലുവിന്റെ അന്നം അയാളുടെ
വിത്തുകാളതന്നെ. ഈ ആഗോളീകരണത്തിനെതെരെ ചില രാഷ്ട്രീയക്കാരുടെ സമരവും
മുന്നേറുന്നുണ്ട്. സമരം ശക്തമാകണമെങ്കില്‍ അവര്‍ക്ക് രക്തസാക്ഷികളുണ്ടാകണം.
അതിന് നിര്‍ദ്ദനരും നിസ്സഹായരുമായ വേലുവിനെപ്പോലുള്ളവരല്ലാതെ മറ്റാരെക്കിട്ടാന്‍?
ജനം അവശനായ കാളയുടെ കാലുകള്‍ ചേര്‍ത്തുകെട്ടി. `വേലുവിന്റെ എല്ലുകള്‍ ഒടിച്ചു'.
അവര്‍ ആക്രോശിച്ചു `ഞങ്ങള്‍ക്കുവേണ്ടത് രക്തസാക്ഷികളെയാണ്'. നാടന്‍
ജീവിതത്തിന്റെ നാനാമുഖങ്ങളും സമരക്കാരുടെ യഥാര്‍ത്ഥമുഖവും ഇവിടെ അനാവരണം
ചെയ്യുന്നു.
ആത്മീയതയുടെ മറവില്‍ ഒളിഞ്ഞിരിക്കുന്ന അസാന്മാര്‍ഗ്ഗികതയുടെ
മുഖംമൂടി അഴിഞ്ഞുവീഴുന്ന സ്ഥിതിഭേദം വളരെ വിദഗ്‌ദ്ധവും ലളിതസുന്ദരവുമായി `ഒരു
ക്രിസ്‌ത്യാനിയുടെ കഥ'യില്‍ അനാവരണം ചെയ്യുന്നു. അതോടൊപ്പം ഈ കഥയിലുടനീളം
മതങ്ങളില്‍ നടമാടുന്ന പുഴുക്കുത്തുകള്‍ക്കെതിരെ ഒളിയമ്പുകള്‍ എയ്‌തുവിടാനുള്ള അവസരം
കഥാകൃത്ത് വൃര്‍ഥാവാക്കുന്നുമില്ല, മതത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍
മതനേതാക്കളുടെ വഴിവിട്ട ജീവിതം അറിഞ്ഞിട്ടും അനങ്ങാത്ത വിശ്വാസികളുടെ
നിര്‍വ്വികാരത്തെ കഥാകൃത്ത് ക്രൂരമായി പരിഹസിക്കാനും മറക്കുന്നില്ല.
അസാന്മാര്‍ഗ്ഗികതയുടെ മുഖംമൂടി അഴിഞ്ഞുവീഴുമ്പോഴും, എന്തും ഏതും ദൈവനാമത്തില്‍
സഹിക്കുകയും ക്ഷമിക്കുകയുമാണ് സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള ഏകമാര്‍ഗ്ഗമെന്ന്
പഠിപ്പിച്ച് വിശ്വസിപ്പിച്ചിരിക്കുന്ന പാവം! വിശ്വാസികളുടെ പ്രതികരണം
കുറിക്കുകൊള്ളുംവിധം ഇവിടെ കോറിയിട്ടിരിക്കുന്നു. ശ്രദ്ധിക്കുക; `അവന്റെ നാമം
വാഴ്‌ത്തപ്പെടട്ടെ ..' എന്ന് അപ്പോഴും ജനം ഇച്ചത്തില്‍
സ്‌തുതിക്കുന്നുണ്ടായിരുന്നു.
സമുദായത്തില്‍ മനംമയക്കുന്ന മധുരവാക്കിലൂടെ
അവിഹിതബന്ധങ്ങളുറപ്പിക്കുന്ന ആള്‍മറാട്ടങ്ങളുടെ നിറക്കൂട്ടുകള്‍ക്കുള്ളിലെ
കാപടവേഷം, `ആദമേ ... ആദമേ നീ എവിടെ?' എന്ന കഥയില്‍ വെളിവാകുന്നു. അധരത്തില്‍
മധുരവും വാക്കുകളില്‍ വചനവും കയ്യില്‍ വചനഗ്രന്ഥവുമായി മറിയത്തിന്റെ ഭവനത്തില്‍
സന്ദര്‍ശനം തുടങ്ങിയ ഉപദേശകന്‍ ഏദനിലെ നടുമുറ്റത്തെ വൃക്ഷത്തിന്റെ കഥ അവളെ പറഞ്ഞു
മനസ്സിലാക്കിയ്‌ക്കുന്നു. ആ ഫലം അവളും ഇഷ്ടപ്പെട്ടു. അതവര്‍ നുകര്‍ന്നു: ആവോളം,
അനുദിനം. ഒരുദിവസം അവിചാരിതമായി വീട്ടിലെത്തുന്ന മറിയത്തിന്റെ ഭര്‍ത്താവിന്
സാക്ഷിയേകേണ്ടിവന്നത്, വചനോപദേശകനും തന്റെ ഭാര്യയും ചേര്‍ന്ന് `ജീവന്റെ കനി'
ഭക്ഷിയ്‌ക്കുന്ന കാഴ്‌ചയാണ്. രംഗംകണ്ട് അമ്പരന്ന ഭര്‍ത്താവിന്റെ മുമ്പില്‍
സന്തോഷവതിയായി കാണപ്പെട്ട ഭാര്യ, പൊടുന്നനെ അട്ടഹസിച്ചു. `സാ...ത്താ...ന്‍...,
സാത്താന്‍' (ഏദനിലെ സാത്താന്‍). അവിടെ `ചട്ടനായ' ഭര്‍ത്താവില്‍നിന്ന് ആരോഗ്യവാനായ
വചനോപദേശകന് രക്ഷപെടാന്‍ പ്രയാസമുണ്ടായില്ല. പാവം ഭര്‍ത്താവ്! അയാള്‍
ഞൊണ്ടിഞൊണ്ടി തളര്‍ന്നു. അവസാനം എല്ലാം യഹോവായില്‍ അര്‍പ്പിച്ച് ആശ്വാസം
കണ്ടെത്തുന്നു. `യഹോവേ, വേണ്ടിയിരുന്നില്ല. എന്നോടീ ചതി വേണ്ടിയിരുന്നില്ല.'
അവിടെയും എല്ലാ അപരാധവും, വിശ്വാസത്തിലുള്ള ആശ്വാസത്തില്‍ ഒതുങ്ങുകയാണ്.
`രാത്രിവണ്ടിയുടെ കാവല്‍ക്കാരന്‍' എന്ന കഥയെടുത്താല്‍ അത് നാട്ടില്‍
എന്നും, എന്നാല്‍ മറ്റൊരിക്കലുമില്ലാത്തതുപോലെ ഇന്ന് നടമാടിക്കൊണ്ടിരിക്കുന്ന
സ്‌ത്രീപിഡനങ്ങളുടെ ഒരു വ്യത്യസ്ഥതലം വെളിപ്പെടുത്തകയാണ്. കാപാലികരായ
കശ്‌മലന്മാരുടെ കൈകളില്‍ അകപ്പെട്ടുപോയ പെണ്‍കുട്ടി `രാത്രിവണ്ടിയുടെ
കാവല്‍ക്കാര'നെ കണ്ടുമുട്ടുന്നതിലൂടെ കഥയുടെ ചുരുളഴിയുന്നു.
പീഡിപ്പിക്കപ്പെട്ടെങ്കിലും അവള്‍ ഒരു സാധാരണ ബലിയാടൊ ഇരയൊ ആയിരുന്നില്ല. അവള്‍
അറിയിക്കുന്നു. `ഞാന്‍ ഒരുത്തനെ കൊന്നിട്ടാണ് വരുന്നത്.' അവസരമുണ്ടായിട്ടും തന്റെ
കുട്ടികളേയും രോഗിയായ ഭാര്യയെയും ഓര്‍ത്ത് `രാത്രിവണ്ടിയുടെ കാവല്‍ക്കാരന്‍'
മാതൃകയാകുകയാണ്. അയാള്‍ ആ കുടുംബത്തിനുമാത്രമല്ല മാതൃക, കേരളത്തിന്,
ഭാരതത്തിനുമൊത്തം മാതൃകയായി എടുത്തുകാട്ടുകയാണ് കഥാകൃത്ത് ചെയ്യുന്നത്.
വര്‍ഗ്ഗീയവിഭ്രാന്തിയുടെയും വിദ്വേഷത്തിന്റെയും അകത്തളങ്ങളില്‍, അനര്‍ഘമായ
മുല്യങ്ങള്‍ തകര്‍ന്നടിഞ്ഞ ആര്‍ഷഭാരതത്തിന്റെ ഹൃദയനൊമ്പരങ്ങളാണ് `ഉത്തമന്റെ
നൊമ്പരങ്ങളാ'യി പരിണമിക്കുന്നത്. ആ നൊമ്പരങ്ങളിലൂടെ ഒഴുകുന്ന നിണംകൊണ്ട്
കണ്ണീരണിയുന്ന ഭാരത മാതാവ്. ഈ ദുഃഖഭാരവും പേറി അലയുന്ന ഉത്തമന്‍ അവസാനം
രാഷ്ട്രപിതാവില്‍ അഭയം കണ്ടെത്തുന്നു. അയാള്‍ പ്രാര്‍ത്ഥിച്ചു; `അല്ലയോ മഹാത്മാവേ,
രാജ്യത്തിനുവേണ്ടി സ്വയം ബലിയായ അങ്ങ് ഒരു പ്രകാശമായി ഞങ്ങളെ നയിച്ചാലും.'
അമേരിക്കയും ഇറാക്കും തമ്മിലുള്ള യുദ്ധത്തെ ഓര്‍മ്മിപ്പിക്കുന്ന യുദ്ധം
എന്ന കഥയില്‍, യുദ്ധത്തിന്റെ കെടുതികളെക്കുറിച്ച് ചിന്തിച്ച് വിലപിക്കുന്ന
കഥാകൃത്തിനെയാണ് കാണാന്‍ കഴിയുന്നത്. അതോടൊപ്പം ലോകത്തിലെ ഏറ്റവും വലിയ
സൈനികശക്തിയോടുള്ള പരോഷമായ പരിഹാരങ്ങളും ഇവിടെ പ്രതിഫലിക്കുന്നുണ്ട്. അത്തരം
നിന്ദാഗര്‍ഭമായ ചില പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക. `ഇവിടെയിപ്പോള്‍ അമ്മമാര്‍
പ്രസവിക്കുന്നത് മനുഷ്യക്കൂഞ്ഞുങ്ങളെയല്ല. മനുഷ്യബോംബുകളെയാണ്.' `ഈശ്വരനെ നാം
എന്നേ ഈ ലോകത്തുനിന്നു തുരത്തി.' യുദ്ധത്തില്‍ ഒരു പിഞ്ചുകുട്ടിയുടെ ചിന്നഭിന്നമായ
ശരീരത്തെ നോക്കി കഥാകൃത്ത് പ്രതികരിക്കുന്നു. `ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തി
ഇതാ, ഈ പിഞ്ചുകുട്ടിയുടെ മുന്നില്‍ നെഗളിക്കുന്നു. യുദ്ധം ജയിച്ചതിന്റെ
നെഗളിപ്പ്.' യിശ്‌മായേലിന്റെ സങ്കീര്‍ത്തനം എന്ന കഥയും യുദ്ധത്തിനെതിരെയുള്ള ഒരു
സങ്കീര്‍ത്തനമാണ്.
വീണ്ടും ജനിച്ചവന്‍ എന്ന കഥയിലൂടെ കഥാകൃത്ത് വീണ്ടും
സമൂദായത്തിലെ പുഴുക്കുത്തുകളുടെ മറ്റൊരു തലം വെളിവാക്കുന്നു. ഇവിടെ ഒരേ
വിശ്വാസത്തിലെ ഉച്ചനീചത്വമാണ് വിഷയം. `രാമ...രാമ... പാഹിമാ...' എന്ന കഥയും
`കട്ടില്‍' എന്ന കഥയും അവതരണത്തിലെ പുതമകൊണ്ട് വ്യത്യസ്‌തത പുലര്‍ത്തുന്നു.
`കട്ടിലില്‍' എല്ലാവരും തുല്യരെന്ന് കൊട്ടിഘോഷിക്കുന്ന
രാഷ്ട്രീയപ്പാര്‍ട്ടിയ്‌ക്കുള്ളിലെ ചൂഷണങ്ങളിലേക്കും, മറ്റ് അരമനരഹസ്യങ്ങളിലേക്കും
വിരല്‍ ചൂണ്ടുന്നു. തുല്യരെന്ന് ഉച്ചസ്വരത്തില്‍ കൊട്ടിഘോഷിക്കുമ്പോഴും
പാവപ്പെട്ടവരുടെ നെഞ്ചില്‍ ചവിട്ടക്കയറി സ്ഥാനവും സമ്പത്തും സ്വന്തമാക്കുന്ന
കപടരാഷ്ട്രീയക്കാരെ വെളിച്ചത്തുകൊണ്ടുവരാനുള്ള ശ്രമവും ഇവിടെ വെളിവാകുന്നു.
വ്യത്യസ്‌തതയുടെയും പുതുമയുടെയും നിറച്ചാര്‍ത്തുകൊണ്ട് സാംസി കൊടുമണ്‍ന്റെ
രചനകള്‍ വേറിട്ടുനില്‍ക്കുന്നു. കൃത്രിമകൃത്യങ്ങളെ അനുകരിക്കാത്ത, അനുകൂലിക്കാത്ത
സര്‍ഗ്ഗധനനായ ഒരു കാഥികന്റെ ഭാവനയില്‍ നിറംചാര്‍ത്തിയ പതിനൊന്നു കഥകളിലൂടെ ഒരു
ഓട്ടപ്രദഷിണം നടത്തുകയായിരുന്നു ഇവിടെ. ആര്‍ഭാടജാഡയില്ലാതെ സൗമ്യനായി,
ലാളിത്യത്തിന്റെ അകമ്പടിയോടെ കഥപറഞ്ഞുപോകുന്ന ഒരു കഥാകൃത്തിനെ ഈ കഥാസമാഹാരത്തിലൂടെ
നമുക്ക് പരിചപ്പെടാന്‍ കഴിയും. സന്തുലിതാവസ്‌ത നഷ്ടപ്പെട്ട സമൂഹത്തിന്റെ
പിരിമുറുക്കങ്ങളില്‍ ഞെരിഞ്ഞമരുന്ന ജീവിതങ്ങളില്‍ കഥാകൃത്ത് വ്യസനിക്കുന്നു.
അതേക്കുറിച്ചെഴുതുമ്പോള്‍ സ്വയം മറന്ന് അതിലൊരു കഥാപാത്രമായി മാറുകയാണ്
കഥാകൃത്ത്. അത്തരം കഥാപാത്രങ്ങള്‍ക്ക് സ്വാഭാവികമായും ജീവനും ചൈതന്യവുമുണ്ടാകും.
അത്തരം ജീവാംശങ്ങളുടെ ചേതനായാണ് സാംസിക്കഥകളില്‍ തുടിച്ചുനില്‍ക്കുന്നത്. അത്തരം
അനുഭവങ്ങളുടെ അന്തരംഗം നേരിട്ടറിയാനുള്ള ഒരു അന്വേഷകന്റെ വൈദഗ്‌ദ്ധ്യം പല കഥകളിലും
തെളിഞ്ഞുകാണാം.
രസനീയത, പാരായണസുഖം, ആശയസൗഷ്‌ഠവം എല്ലാം ഒരളവുവരെയെങ്കിലും
സാംസിക്കഥകളില്‍ അനുഭവപ്പെടുന്നുണ്ട്. ഒരു കഥപോലും വായിച്ചു മടുക്കുകയില്ല.
പ്രത്യേക രീതിയില്‍ അവതരിപ്പിക്കുന്ന ബിംബ-പ്രതീക പ്രയോഗങ്ങള്‍കൊണ്ട് ചില കഥകള്‍
വേറിട്ട അനുഭവം പകരുന്നുണ്ട്. ബിംബങ്ങളിലെ വ്യത്യാസംപോലെ വ്യത്യസ്‌തമായി
ചിന്തിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു കാഥികനെ ഈ ഈ സമാഹാരത്തിലൂടെ
പരിചയപ്പെടാന്‍ കഴിയും.
`യിശ്‌മായേലിന്റെ സങ്കീര്‍ത്തനം' എന്ന ഈ
സമാഹാരത്തിന്റെ ശീര്‍ഷകംപോലെ, സങ്കീര്‍ത്തനംപോലെ കഥ പറയാന്‍ കഴിയുന്ന അനുഗ്രഹീതനായ
ഒരു കഥാകൃത്താണ് സാംസി കൊടുമണ്‍ എന്ന് അതിശയോക്തിയൊ, പ്രസംസയുടെ അംശമൊ ഇല്ലാതെ
സധൈര്യം സമര്‍ത്ഥിക്കാന്‍ കഴിയും. അദ്ദേഹത്തില്‍നിന്ന് ഇനിയും ഇതിലും മെച്ചപ്പെട്ട
ധാരാളം കൃതികള്‍കൊണ്ട് അമേരിക്കയില്‍ കൈരളി സമ്പന്നമാകട്ടെ എന്ന് ഞാന്‍
ആഗ്രഹിക്കുകയാണ്. സാംസിയ്‌ക്ക് എല്ലാ ഭാവുകങ്ങളും.