ഈസ്റ്റര്‍ പെരുന്നാള്‍ ഒരിക്കല്‍കൂടി
സമാഗതമായി. പ്രകൃതിയുടെ തന്നെ പുതുജീവന്റെ പ്രതീകമായ വസന്തകാലം
ആരംഭിക്കുമ്പോള്‍ ക്രിസ്തുനാഥന്റെ ഉയിര്‍പ്പും കൈസ്തവലോകം ആഘോഷിക്കുന്നു.
ക്രൈസ്തവരുടെ ഏറ്റവും വലിയ തിരുനാളാണ് ഈസ്റ്റര്‍. ഈസ്റ്റര്‍ ആഘോഷങ്ങള്‍
ലോകമെമ്പാടും ഭക്ത്യാദരവോടെ കൊണ്ടാടുമ്പോള്‍ ഓര്‍മ്മച്ചെപ്പില്‍
കാത്തുസൂക്ഷിക്കുന്ന ഒരുപിടി ഓര്‍മ്മകളാണ് മനസ്സില്‍ ഓടിയെത്തുന്നത്.
സ്വന്തം ഗ്രാമത്തിലേക്ക് ഓര്‍മ്മകളെ കൂട്ടിക്കൊണ്ടുപോകുന്നു. ഈസ്റ്റര്‍
ക്രൈസ്തവരുടെ ആഘോഷമാണെങ്കിലും അക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തിന്റെ
ആഘോഷമായിരുന്നു.
ഹിന്ദു-കൃസ്ത്യന്‍-മുസ്ലീം എന്ന വേര്‍തിരിവ് അവിടെയുണ്ടായിരുന്നില്ല.
അന്നത്തെ ആസുഹൃത്തുക്കളുടെ കൂട്ടായ്മ, എല്ലാ ആഘോഷങ്ങളും
ഒരുമിച്ചാഘോഷിച്ചിരുന്ന ആ കാലഘട്ടം, ഇന്ന് ഇല്ലല്ലോ എന്ന മനോവ്യഥ
മനസ്സിലെവിടെയോ ഒരു വിങ്ങല്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഈസ്റ്റര്‍
പൂര്‍വ്വാധികം ആഘോഷങ്ങളോടെതന്നെ എല്ലാ വര്‍ഷവും കടന്നു പോകുന്നു,
ബാല്യകാലസ്മരണകളിലൂടെ എത്തിനോക്കാന്‍ അവസരം സൃഷ്ടിച്ചുകൊണ്ട്.
ആഘോഷങ്ങളടുക്കുമ്പോള് അന്നത്തെ സുഹൃത്തുക്കളില്‍ ചിലരുമായി ടെലഫോണിലൂടെയോ
ഇ-മെയില്‍ വഴിയോ പഴയകാല ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നതോടെ ആഘോഷം
അവസാനിക്കുന്നു.
ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദു ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു
എന്ന സത്യമാണ്. അതുകൊണ്ടുതന്നെ ക്രിസ്തുവിന്റെ ഉയിര്‍പ്പു തിരുനാള്‍
ക്രൈസ്തവര്‍ക്ക് ആഘോഷങ്ങളുടെ ആഘോഷമാണ്. മനുഷ്യകുലത്തിന്റെ പാപങ്ങള്‍
ഏറ്റെടുത്ത ക്രിസ്തുനാഥന് ദൈവം നല്കിയ പ്രത്യുത്തരമാണ് അവന്റെ മഹനീയ
ഉത്ഥാനം.
എണ്ണമറ്റ നന്മ പ്രവര്‍ത്തികളും സ്നേഹത്തിന്റെ ഉദാത്ത ഭാവങ്ങളും യേശുവിന്
സമ്മാനിച്ചത് കുരിശിലെ വേദനാജനകമായ അനുഭവങ്ങളാണ്. നന്മകള് മാത്രം
ഹൃദയത്തിലേറ്റിയവന്, മൂല്യാപചയങ്ങളെ ജീവിതം കൊണ്ട് തിരുത്തിയവന്‍,
സ്നേഹിക്കണം എന്ന വേദമോതിയവന്‍, അവന് ലോകം സമ്മാനിച്ചത് കുരിശാണ്. ഒപ്പം
നിന്ദനങ്ങളും. പക്ഷേ, വ്യഥയുടെ ഈ കടലിനെ യേശു താതഹിതാനുസൃതം ഹൃദയത്തില്‍
ഏറ്റുവാങ്ങിയപ്പോള്‍ ഉത്ഥാനത്തിന്റെ അപാര പ്രഭയാണ് അവന് ലഭിച്ചത്.
ഉത്ഥാനത്തിന്റെ അര്‍ത്ഥതലം ഗോചരമായ ഭൗതിക ലോകത്തിനപ്പുറം ദൈവിക രാജ്യമെന്ന
യാഥാര്‍ത്ഥ്യം വരെ എത്തിനില്‍ക്കുന്ന ഒന്നാണ്. ജീവിതത്തോടും സാമൂഹ്യ
യാഥാര്‍ത്ഥ്യങ്ങളോടും അസ്വാതന്ത്ര്യ അസമത്വങ്ങളോടും നീതി നിഷേധത്തോടും
നിലക്കാത്ത നിലവിളികളോടും ചൂഷണങ്ങളോടും കൂട്ടി വായിച്ച്
വ്യാഖ്യാനിക്കുമ്പോഴാണ് ഇവയില്‍ നിന്നെല്ലാം നമ്മെ മോചിപ്പിക്കുന്ന
ഉത്ഥാനത്തിന്റെ അര്‍ത്ഥം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുക.
ലോകത്തിന്റെ വിധി ദൈവം തിരുത്തിയതിന്റെ ഓര്‍മ്മയാണ് ഈസ്റ്റര്‍.
സത്യാധിഷ്ഠിതമല്ലാത്ത ജനാധിപത്യത്തിന്റേയും ആള്‍ബലത്തിന്റേയും പേരില്‍
ഇന്നും ക്രൂശിക്കലുകളും പീഡനങ്ങളും നടക്കുന്നുണ്ട്. പൊതുജനാഭിപ്രായമോ
ഭൂരിപക്ഷമോ അല്ല സത്യം സൃഷ്ടിക്കുന്നത്. സത്യത്തോടു വിധേയത്വം
പുലര്‍ത്താത്തപ്പോള്‍ നമ്മുടെ വിധികളും അഭിപ്രായങ്ങളും യേശുവിനെ
ക്രൂശിക്കുന്നതുപോലെയാകാം. ആത്യന്തികമായ വിജയം ദൈവത്തിന്റേതാണ്. ദൈവം
സത്യത്തെ വിജയത്തിലെത്തിക്കും. ഈ പ്രതീക്ഷയുംവിശ്വാസവുമാണ് ഈസ്റ്റര്‍
നല്‍കുന്നത്.
യേശുവിനെപ്പോലെ നന്മ ചെയ്യുവാനും പുതുജീവന്‍ നല്കുവാനും നമുക്ക് കഴിയണം.
തിന്മകളെ തകര്‍ത്തുകൊണ്ട് നന്മകള് നിറഞ്ഞ പ്രവൃത്തികള്‍കൊണ്ട്
വേദനിക്കുന്ന ഹൃദയങ്ങള്‍ക്ക് സമാധാനം നല്കുവാന്, കൂട്ടായ്മയുടേയും
ധൈര്യത്തിന്റേയും ആശ്വാസത്തിന്റെയും വാക്കുകള്‍ പറയുവാന്‍,
അധര്‍മ്മത്തിനെതിരായി യേശുവിനെപ്പോലെ പോരാടുവാന്‍ നമുക്കു കഴിയട്ടേ.
ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍.