Image

ആത്മപാതിയ്‌ക്കായി ഒരു കുറിപ്പ്‌ (കഥ: ശ്രീപാര്‍വ്വതി)

Published on 17 April, 2013
ആത്മപാതിയ്‌ക്കായി ഒരു കുറിപ്പ്‌ (കഥ: ശ്രീപാര്‍വ്വതി)
തണുത്ത തറയുടെ ഏകാന്തതയിലേയ്‌ക്ക്‌ റാഫേല മെല്ലെ ചാഞ്ഞു. ഈ നഗരത്തിന്‌, ഉറക്കമേയില്ലേ എന്ന്‌ പരാതിപ്പെട്ട സഹപ്രവര്‍ത്തകയോട്‌ റാഫേലയ്‌ക്ക്‌ പരിഭവം തോന്നി. ലോകം മുഴുവന്‍ പരന്നു കിടക്കുന്ന എന്ന്‌ സ്വയം ബോധിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു സാമ്രാജ്യത്തിന്‍റെ അടിമയായി ഇവിടെ കിടക്കുമ്പോള്‍ നഗരത്തിന്‍റെ നന്‍മതിന്‍മകളെ സ്വീകരിക്കാതെ വെറുതേ കുറ്റം പറഞ്ഞിട്ട്‌ എന്താ കാര്യം.
ഈ അരിച്ചിറങ്ങുന്ന തണുപ്പില്‍, ഏകാന്തതയില്‍, ന്യൂയോര്‍ക്കിലെ ഏറ്റവും ഉയരം കൂടിയ ഫ്‌ലാറ്റില്‍ ആകാശം നോക്കി കിടക്കുന്നത്‌ റാഫേലയ്‌ക്ക്‌ ഏറെ ഇഷ്ടമാണ്‌.

നാട്ടിന്‍പുറത്തെ പച്ച നെല്‍പപടങ്ങളും
ചേറിന്‍റെ രൂക്ഷഗന്ധവും....
റാഫേലയ്‌ക്ക്‌ മടുപ്പ്‌ തോന്നി.

ഒരു നക്ഷത്രം പോലുമില്ലാതെ കനം തൂങ്ങി നില്‍ക്കുന്ന രാത്രി. സഹമുറിയത്തിയായ എയ്‌ഞ്ചല്‍ കൊണ്ടു വച്ച അതിവീര്യമുള്ള മുന്തിരി വൈന്‍ അടുത്തിരിക്കുന്നു ( പാലായിലുള്ള അവളുടെ വീട്ടില്‍ വാറ്റിയെടുത്തതാണു സാധനം). കിടന്നു കൊണ്ടു തന്നെ റാഫേല അതു മുഴുവന്‍ വലിച്ചു കുടിച്ചു തീര്‍ത്തു. ഇനി കണ്ണടച്ചൊന്നു മയങ്ങണം ,
നടക്കില്ല. മുന്നില്‍ ഇപ്പോഴും അവനുണ്ട്‌, വിന്‍സന്റ്‌.
അസ്വസ്ഥതയോടെ വഴുതിമാറുന്ന കൈകളില്‍ അവന്‍റെ പ്രിയപ്പെട്ട ഫ്രെഞ്ച്‌ കോഗ്‌നാക്ക്‌ തുളുമ്പുന്നു.
ചിരിക്കാനാണ്‌, തോന്നുന്നതെങ്കിലും തന്നെ ഉറ്റുനോക്കിയിരുക്കുന്ന അവന്‍റെ മുഖം നിശബ്ദയാക്കി, ഒട്ടൊന്ന്‌ ഭയപ്പെടുത്തുകയും.

`നിന്റെ കയ്യിലെ ഈ നീണ്ട രോമങ്ങള്‍ എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു .....`
അവന്‍റെ കണ്ണുകളിലേയ്‌ക്ക്‌ അപ്പോള്‍ താന്‍ നോക്കിയിരുന്നില്ലെന്ന്‌ അവളോര്‍ത്തു.
അരണ്ട മുറിയിലെ വെളിച്ചത്തില്‍ അവന്‍റെ ഇടറിയ മനസ്സ്‌ ശബ്ദം കൊണ്ടല്ലെങ്കില്‍ പോലും തിരിച്ചറിയാം, അത്രയ്‌ക്ക്‌ ആഴമുള്ള സൌഹൃദത്തിലായിരുന്നല്ലോ റാഫേലയും വിന്‍സന്‍റും.

"Fill me with thine honey....... ohh my sweet star.........'
നിയോണ്‍ ബള്‍ബിന്‍റെ വെളിച്ചത്തില്‍ ശരീരമിളക്കി ഒരു ഫിലിപ്പൈന്‍ സുന്ദരി പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു, അവള്‍ ഞങ്ങള്‍ക്കിടയില്‍ വന്നില്ലെങ്കിലും അവളുടെ പാട്ട്‌ വിന്‍സന്‍റിന്‌, വല്ലാതെ ഇഷ്ടപ്പെട്ടെന്നു തോന്നി. അതിന്‍റെ ആലസ്യത്തില്‍ അവന്‍ ഒരു ചുംബനം ആവശ്യപ്പെടുക കൂടി ചെയ്‌തതോടെ റാഫേലയ്‌ക്ക്‌ കണ്ണു നിറഞ്ഞു.

പുറത്ത്‌ താളത്തില്‍ വീണു കൊണ്ടിരുന്ന മഞ്ഞു കഷ്‌ണങ്ങള്‍ക്ക്‌ തണുപ്പില്ലാത്തതു പോലെ,
അത്യഗാധമായ മഞ്ഞു വീഴ്‌ച്ചയില്‍ ഒരു മഫ്‌ലര്‍ പോലുമില്ലാതെ റാഫേല നടന്നു, വിന്‍സന്‍റ്‌, തന്ന അഗ്‌നി കെടാത്തതു കാരണം അവള്‍ ആ തണുപ്പിനെ അറിഞ്ഞില്ലെന്നു തോന്നി.

വീഞ്ഞിന്‍റെ ലഹരിയില്‍ (ഇപ്പോള്‍ കുടിച്ച മൂന്നാമത്തെ ഗ്ലാസ്സ്‌ ഉള്‍പ്പെടെയായപ്പോള്‍ തല മന്ദിച്ചു തുടങ്ങിയിരുന്നു റാഫേലയ്‌ക്ക്‌) വിന്‍സന്‍റ്‌, മുന്നിലിരിക്കുന്നു.. തന്നെ ആഴത്തില്‍ ഉമ്മ വയ്‌ക്കുന്നു, അവള്‍ അസ്വസ്ഥപ്പെട്ടു, അവനെ കൈകൊണ്ടകറ്റാന്‍ ശ്രമിച്ചു പരാജിതയായി ആഴമേറിയ ഉറക്കത്തിലേയ്‌ക്ക്‌ വീണു പോയി.

പിറ്റേന്നത്തെ റാഫേലയുടെ ദിനം തിരക്കിന്‍റേതായിരുന്നു, പക്ഷേ അസ്വസ്ഥതയുടേയും. ഒരു മെയില്‍ അയക്കാന്‍ വൈകിയതിന്‌, ശകാരിച്ച മേലുദ്യോഗസ്ഥനെ അവള്‍ മൈന്‍ഡ്‌ ചെയ്‌തതേയില്ല, അല്ലെങ്കില്‍ ഒരു ചെറിയ കാര്യത്തിന്‌, ക്ഷോഭിക്കുകയും ചിലപ്പോള്‍ കരയുകയും ചെയ്യുന്ന ഇവള്‍ക്കിതെന്തു പറ്റി എന്ന്‌ എയ്‌ഞ്ചല്‍ ചോദിക്കുമ്പോള്‍ അവളുടെ നേരേയും നിസ്സംഗമായൊരു നോട്ടം നോക്കി എയ്‌ഞ്ചലിനേയും റാഫേല പേടിപ്പിച്ചു.

ആകാശത്തെ തൊടുന്ന ലോകത്തിന്‍റെ നെറുകയിലിരുന്നിട്ടു പോലും തന്‍റെ മനസ്സിലെ ആ നാടന്‍ പെണ്ണ്‌, വിട്ടു പോകുന്നില്ലെന്നറിഞ്ഞ്‌ റാഫേലയ്‌ക്ക്‌ വീണ്ടും വീണ്ടും അസ്വസ്ഥത തോന്നി.
ശരീരത്ത്‌ നന്നായി രോമമുള്ളവര്‍ അധികം വൈകാരികതയുള്ളവരായിരിക്കും എന്ന്‌ പണ്ട്‌ സൈക്കോളജി പഠിച്ച ഒരു കൂട്ടുകാരി പറഞ്ഞത്‌ റാഫേലയോര്‍ത്തു, തന്‍റെ കയ്യിലെ നീണ്ട രോമങ്ങളെ നോക്കിയാണ്‌, അവള്‍ അതു പറഞ്ഞത്‌, തെല്ലു കുസൃതിയോടെ...

പക്ഷേ ഇന്നു വരെ ഒരു പുരുഷനോടും തനിക്ക്‌ ഒരു സെക്ഷ്വല്‍ ഫീലിങ്ങ്‌ തോന്നിയിട്ടില്ലെന്നു പറയുമ്പോള്‍ അവള്‍ അവിശ്വസനീയതയോടെ നോക്കിയത്‌ ഓര്‍ക്കുന്നു.

വാള്‍ സ്‌ത്രീറ്റിലെ ഒരു ഫുഡ്‌ കഫേയില്‍ വച്ചാണ്‌, വിന്‍സന്‍റിനെ ആദ്യമായി കണ്ടത്‌, മലയാളി എന്ന പരിഗണനയില്‍ മാത്രം തുടങ്ങി വച്ച അടുപ്പം, അവന്‍റെ അടുത്ത പുസ്‌തകത്തിന്‍റെ പകര്‍ത്തിയെഴുത്തുകാരി വരെയാക്കി മാറ്റുമ്പോള്‍ ,സൌഹൃദം പൂക്കുന്നത്‌ തെരുവുകളിലെങ്കില്‍ പ്രണയം പടരുന്നത്‌ കോഫീ ടേബിളുകളില്‍, എന്ന ഏതോ ഇന്ത്യന്‍ കവിയുടെ വാക്കുകളെ പലപ്പോഴും സ്വയം അറിയാന്‍ കഴിയുന്നുണ്ടായിരുന്നു.

ആ പ്രണയം ഉള്ളിലിരുന്നു തുടിക്കുന്നതു കൊണ്ടാവാം അവന്‍ ആളിക്കത്തിച്ച അഗ്‌നിയെ കെടുത്താന്‍ കഴിയാത്തത്‌. , എഴുത്തുകാരിയകാന്‍ ആഗ്രഹിച്ച്‌ എന്നാല്‍ ഒരു ടാബ്ലോയിടിലെ സിറ്റി റിപ്പോര്‍ട്ടര്‍ മാത്രമായിപ്പോയ റാഫേലയ്‌ക്ക്‌ വിന്‍സന്‍റ്‌, ഒരു പിന്തുടര്‍ച്ചയായിരുന്നു, അറിയപ്പെടുന്ന ഇന്ത്യന്‍ ഇംഗ്ലീഷ്‌ എഴുത്തുകാരന്‍ , അദ്ദേഹത്തിന്‍റെ കൃതികളുടെ മലയാളം വിവര്‍ത്തക, വച്ചു നീട്ടിയ അംഗീകാരം വിന്‍സന്‍റില്‍ തനിക്കുള്ള അധികാരം ഉറപ്പിക്കല്‍ ...

പ്രണയത്തിന്‍റെ നോവ്‌ ഉള്ളിലെവിടെയോ കിടന്ന്‌ ആഴത്തില്‍ ഹൃദയത്തെ തളര്‍ത്തുന്നത്‌ റാഫേല തിരിച്ചറിഞ്ഞിരുന്നു, പൈങ്കിളി ആകുമെന്നറിഞ്ഞിട്ടും അതവളെ ഒരു സാഹിത്യകാരിയുമാക്കി മാറ്റി,

`പ്രണയം പൈങ്കിളിയല്ല വിഡ്ഡീ....` വിന്‍സന്‍റ്‌, അവളെ നോക്കി ചിരിച്ചു
അപ്പോള്‍ അവരിരുവരും ആദ്യമായി കണ്ടു മുട്ടിയ ഫുഡ്‌ കഫേയിലിരുന്ന്‌ കപ്പുച്ചിനോ ആസ്വദിക്കുകയായിരുന്നു.

അതുകൊണ്ടു തന്നെയാണ്‌, തന്റെ കയ്യിലിരുന്ന നീല കവര്‍ അവള്‍ അയാളെ ഏല്‍പ്പിച്ചത്‌, അശ്രദ്ധമായി മേശമേലിട്ടെങ്കിലും വിന്‍സന്റിന്റെ കണ്ണുകള്‍ തന്നില്‍ തന്നെ ഉണ്ടായിരുന്നത്‌ റാഫേല അറിഞ്ഞിരുന്നു.
അതവളുടെ ഹൃദയമായിരുന്നു, ആദ്യമായെഴുതിയ കാവ്യം, `മൗനം അസഹ്യമാകുന്നതും പ്രിയമാകുന്നതും അത്‌ പ്രണയത്തിലായിരിക്കുമ്പോള്‍ ആണത്രേ...

ഇനിയും ഞാന്‍ നിന്നോട്‌ പറയേണ്ടതില്ലല്ലോ എത്ര ആഴത്തിലുള്ളതാണ്‌, എന്‍റെ പ്രണയമെന്ന്‌... എനിക്ക്‌ നിന്നില്‍ നിന്ന്‌ മറയ്‌ക്കാന്‍ രഹസ്യങ്ങളൊന്നുമില്ല.

പക്ഷേ നീ പലപ്പോഴും നിശബ്ദനാണ്‌... എന്‍റെ പ്രണയത്തിന്‍റെ ഭാരം താങ്ങാന്‍ നിനക്ക്‌ പ്രയാസം തോന്നുന്നുണ്ടോ?

എങ്കില്‍ ഇനി മേല്‍ ഞാന്‍ മൌനത്തിലിരുന്നു കൊള്ളാം, ഞാന്‍ മാത്രം എരിഞ്ഞാല്‍ മതിയല്ലോ.
ഞാന്‍ നിനക്കെഴുതിയിരുന്നു, നീ എനിക്കു നല്‍കിയ മോഹക്കൂടുകള്‍ ...
പ്രണയം വലിയൊരു ശരിയത്രേ, അതിന്‍റെ തുടിപ്പില്‍ ഞാനില്ലാതായിക്കോട്ടെ... ധീരമായാണ്‌, ഞാന്‍ പടക്കളത്തില്‍ വീഴുക... പക്ഷേ നീ പൊതിഞ്ഞു കൂട്ടി തന്ന സ്വപ്‌നങ്ങള്‍ എന്നെ ഭീരുവാക്കുന്നു...
മോഹങ്ങളുടെ ഭാരം ഞാനിവിടെ ഇറക്കി വയ്‌ക്കട്ടെ....
ഞാന്‍ നിന്നെ പ്രണയിക്കുന്നു...
നീയും ഞാനുമില്ലല്ലോ... നീ മാത്രം...
എന്നില്‍ ലയിച്ചു പോയ നീ മാത്രം.
പക്ഷേ നീ മൌനം ഭക്ഷിച്ച്‌ സ്വയം എരിഞ്ഞൊടുങ്ങേണ്ട...
നമുക്കിടയില്‍ രഹസ്യങ്ങളുടെ മറക്കെട്ടുകളില്ല...
മനസ്സിനെ തുറന്നിടാം വിശാലമായ എന്‍റെ പൂന്തോട്ടത്തിലേയ്‌ക്ക്‌...
നീ എന്നെ പ്രണയിക്കണമെന്നു പോലുമില്ല, പ്രണയം അങ്ങനെയാണ്‌, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്വയം ഭക്ഷിച്ച്‌ വിശപ്പടക്കും...
എങ്കിലും നീ എന്നെ ഓര്‍ക്കുമ്പോള്‍ ആഴത്തിലുള്ള ഒരു മിടിപ്പ്‌ എന്നിലുണ്ടാകും ആ തുടിപ്പാണ്‌, എന്‍റെ ഊര്‍ജ്ജം.
എന്‍റെ പ്രണയം നിന്‍റേയും ഊര്‍ജ്ജമാകുന്നുണ്ടെങ്കില്‍ അത്‌ അനശ്വരമായിരിക്കും.
പ്രണയം കൊണ്ട്‌ ഒരു ലോകം വെട്ടിപ്പിടിക്കാമത്രേ, ഈശ്വരന്‍റെ അശരീരി....
പക്ഷേ ഒരു വാക്ക്‌, ഒരിക്കലെങ്കിലും എന്നോട്‌ പറയൂ, നീ എന്നെയും...........
പിന്നീട്‌ നീ നിന്‍റെ വഴിയില്‍ നടന്നോളൂ, പക്ഷേ ആ ഒരു വാചകത്തിന്‍റെ ആഴം മറ്റെന്തിനുമപ്പുറമായിരിക്കും.
ഏതു പാതയില്‍ നീ അപ്രത്യക്ഷനായാലും നിന്‍റെ ആത്മാവ്‌ എന്നിലെത്താന്‍ ദാഹിച്ചു കൊണ്ടിരിക്കും, അത്‌ പ്രണയത്തിന്‍റെ ഉദാത്തത...
നീ അലയേണ്ട... ഞാന്‍ കൂടെയുണ്ട്‌...
നിന്നില്‍ ......നിന്നിലെ ഓരോ തന്‍മാത്രയിലും........`

***********************

നാട്ടിലേയ്‌ക്കുള്ള എയര്‍ലൈനില്‍ കയറി ഇരിക്കുമ്പോള്‍ അസുഖകരമായൊരു തണുപ്പ്‌ റാഫേലയെ പൊതിഞ്ഞു നിന്നു. വിടാന്‍ മടിയ്‌ക്കാതെ അതവളെ പിന്നിലേയ്‌ക്ക്‌ വലിച്ചു കൊണ്ടുമിരുന്നു. പക്ഷേ വയ്യ, ജീവിക്കാന്‍ ഏറ്റവും സുഖമുള്ള രാജ്യമാണ്‌, അമേരിക്ക, അതും ന്യൂയോര്‍ക്ക്‌, വിശക്കുന്നവന്‌, അപ്പത്തിന്‍റെ രൂപമെടുത്ത്‌ ജോലികള്‍ ഇഷ്ടം പോലെ, പക്ഷേ ഒറ്റപ്പെടലിന്‍റെ രസതന്ത്രം ആസ്വാദനത്തിന്‌, തടസ്സമെന്ന്‌ തന്‍റെ നീല ബയന്‍റുള്ള ഡയറിയില്‍ കുറിച്ചു വച്ചത്‌ റാഫേല ഓര്‍ത്തു. എയര്‍പോര്‍ട്ടിലെ കൂള്‍പാലസില്‍ നിന്നും തണുപ്പില്ലാത്ത ലൈം ജ്യൂസ്‌ നുണയുമ്പോള്‍, ചോദിച്ചിട്ടും വിന്‍സന്‍റിന്‌, നല്‍കാന്‍ കഴിയാഞ്ഞ ചുംബനത്തെക്കുറിച്ചാണ്‌, റാഫേല ആലോചിച്ചത്‌. പിന്നീടൊരിക്കലും അവന്‍ അങ്ങനെ സംസാരിച്ചില്ല, തന്നില്‍ അവനു വേണ്ടി തുടിയ്‌ക്കുന്ന ആഴത്തിലുള്ള പ്രണയത്തേയും വേദനിപ്പിച്ചില്ല. എല്ലാം നിന്‍റെ ഇഷ്ടമെന്ന വാചകത്തില്‍ സ്വയം ഒതുങ്ങുമ്പോള്‍ റാഫേല അറിയുന്നുണ്ടായിരുന്നു വിന്‍സന്‍റിന്‍റെ ഹൃദയം തന്നില്‍ വന്ന്‌ ആഴത്തില്‍ ഇടിച്ചിറങ്ങുന്നത്‌.

***********

വീട്ടില്‍ വന്നു കയറിയപ്പോള്‍ മുതല്‍ മഴ നിര്‍ത്താതെ പെയ്യുന്നതെന്തെന്ന്‌ റാഫേലയ്‌ക്ക്‌ മനസ്സിലായില്ല. താന്‍ താമസിക്കുന്ന വാഷിങ്‌ടണ്‍ സ്‌ട്രീറ്റിലെ മഞ്ഞു പൊതിഞ്ഞ റോഡിലൂടെ മഞ്ഞു പൊഴിയുന്ന രാത്രിയില്‍ വിന്‍സന്‍റിന്‍റെ കൈ പിടിച്ചു നടന്നിട്ടുണ്ട്‌.
ഈ മഴയ്‌ക്ക്‌ അത്ര തണുപ്പില്ല, ഒരു ഈര്‍ച്ച...
വന്നിട്ടാദ്യം ചെയ്‌തത്‌ വിന്‍സന്‍റിന്‌, നീണ്ട ഒരു മെയിലയക്കുകയായിരുന്നു, ആദ്യമായി എഴുതുന്ന പ്രണയലേഖനം എന്ന ആമുഖത്തില്‍.

` ....,

ഒരു കത്തെഴുതണമെന്ന്‌ തോന്നി, വെറുതേ ഒരു രസം, നിനക്കല്ലാതെ വേറെ ആര്‍ക്കാണ്‌, ഞാനിത്‌ കൊടുക്കുക,
എന്നെ കുറിച്ച്‌ നിനക്കെന്തറിയാം...?
അക്ഷരങ്ങളിലൂടെ ഒരുപക്ഷേ എന്നെ തൊട്ടറിഞ്ഞുവെന്നെനിക്കറിയാം, എങ്കിലും ചിലത്‌ വാക്കുകള്‍ക്കപ്പുറമാണ്‌.

ഇവിടെ ഇപ്പോള്‍ നല്ല മഴക്കാര്‍ ... പെയ്യുമെന്നു തന്നെ തോന്നുന്നു. ഭൂമിയ്‌ക്കു മുഴുവന്‍ ഇരുണ്ട നിറം, ഒരുപാട്‌ കാത്തു നിര്‍ത്തിയില്ല, ആകാശത്തിന്‍റെ വേദനകളെ പൊട്ടിച്ചെറിഞ്ഞ്‌ മഴത്തുള്ളികള്‍ ഇറ്റിത്തുടങ്ങി. നിനക്കറിയുമോ ഞാനെന്നും ഏറെ ഇഷ്ടപ്പെട്ട ഒരു ഗന്ധം, നനഞ്ഞ മണ്ണിന്‍റെ ഗന്ധം. ആദ്യ മഴയില്‍ കുളിരണിയുന്ന മണ്ണ്‌, അവരുടെ പ്രണയത്തിന്‍റെ സ്‌മാരകം പോലെ അതിങ്ങനെ ആത്മാവിനെ തൊട്ട്‌ കടന്നു പോകും.

കുട്ടിക്കാലത്തേ ഞാന്‍ ഇതു പോലെ തന്നെ നെല്‍പ്പാടങ്ങളില്‍ ചാടിയോടി ചെറിയ തുമ്പിയെ പിടിച്ച്‌, വീടിനു മുന്നിലെ ചെറിയ തോട്ടില്‍ കളിവള്ളമുണ്ടാക്കി, ദൂരെ കാണുന്ന മലയില്‍ നോക്കി അതിന്‍റെ ഉച്ചത്തില്‍ നടക്കുന്നത്‌ സ്വപ്‌നം കണ്ട്‌, മഞ്ഞു കാലത്ത്‌ മഞ്ഞിന്‍ കനങ്ങള്‍ മുത്തുകള്‍ പോലെ തിളങ്ങി നില്‍ക്കുന്ന എട്ടുകാലി വലകളെ പതിയെ തൊട്ട്‌...

പ്രകൃതി മുഴുവന്‍ എന്‍റെ സുഹൃത്തുക്കള്‍, മരങ്ങള്‍, ഭിത്തികളില്‍ ഞാന്‍ സങ്കല്‍പ്പിച്ചു കൂട്ടുന്ന നിരവധി ചിത്രങ്ങള്‍... എല്ലാം എനിക്ക്‌ കൂട്ടുകാരായി. അവരോടൊക്കെ ഞാന്‍ ആവലാതി പറഞ്ഞു, എന്നെ ആരും സ്‌നേഹികകനില്ല... കെയര്‍ ചെയ്യാനില്ല...

പക്ഷേ ആവശ്യത്തിലധികം സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു, എന്നിരുന്നാലും എന്റെ സൗഹൃദം എന്‍റെ ചുറ്റുപാടുകള്‍ക്കപ്പുറം തളിരിട്ടില്ല. കൗമാരത്തിന്റെ നിറങ്ങള്‍ പടര്‍ന്നപ്പോള്‍ ആവലാതിയും കൂടി വന്നെന്ന്‌ നിനക്ക്‌ ഊഹിക്കാമല്ലോ.

കൌമാരം ചിത്രശലഭത്തെ പോലെയാണെന്നു കേട്ടിട്ടുണ്ട്‌, പക്ഷേ ഞാനൊരിക്കലും ആ വര്‍ണ ചിറകുള്ള ശലഭമാകാത്തതെന്തെന്നോര്‍ത്ത്‌ സങ്കടപ്പെട്ടു. ബുദ്ധിമുട്ടുകള്‍ ഭാരമേറിയ മാറാപ്പുകള്‍ പോലെ വശം കെടുത്തിക്കൊണ്ടിരുന്നു, പക്ഷേ ഭ്രാന്തമായ എന്റെ ഭാവനകള്‍ക്ക്‌ അത്‌ ഊര്‍ജ്ജം പകര്‍ന്നു എന്നതില്‍ ഞാന്‍ ഈശ്വരനോട്‌ കടപ്പെട്ടിരിക്കുന്നു. എപ്പോഴും ഞാന്‍ ഒറ്റപ്പെട്ടു നടന്നു, ആള്‍ക്കൂട്ടത്തില്‍ തനിയേ അലഞ്ഞു, ഭ്രാന്തി എന്നും വിഡ്ഡി എന്നുമുള്ള പരിഹാസപ്പേരുകളില്‍ ലോകം എന്നെ തിരിച്ചറിയുമ്പോഴും ഞാന്‍ തേടുന്നുണ്ടായിരുന്നു നിന്നെ..............

എനിക്കേറ്റവും ഇഷ്ടം നിന്നെ മരത്തോപ്പുകളില്‍ കാണാന്‍ ...
മുന്നില്‍ കാണുന്ന ഏതു മരക്കൂട്ടങ്ങള്‍ക്കപ്പുറവും നിന്‍റെ സാന്നിദ്ധ്യമുണ്ടെന്ന്‌ ഞാന്‍ വെറുതേ കിനാവു കണ്ടു. മുഖമില്ലാത്ത നിന്നെ ഓര്‍ത്ത്‌ ഞാന്‍ ഡയറിത്താളുകളില്‍ നിനക്കായി പ്രണയലേഖനങ്ങള്‍ കുത്തിക്കുറിച്ചു, എന്‍റെ സ്വകാര്യ ദുഖങ്ങള്‍ പങ്കു വച്ചു. പക്ഷേ ഒരിക്കലും നീയതു കണ്ടില്ല. പലമുഖങ്ങളില്‍ നീയെന്‍റെ മുന്നിലൂടെ വന്ന്‌ സംശയിപ്പിച്ചു, പക്ഷേ അതെല്ലാം തോന്നലുകള്‍ മാത്രമാണെന്ന്‌ വളരെ പെട്ടെന്നു തന്നെ ഞാന്‍ മനസ്സിലാക്കുന്നുമുണ്ടായിരുന്നു. ഒരു പുഞ്ചിരി കൊണ്ടു പോലും മറുപടി കുറിയ്‌ക്കാതെ തോന്നലുകളെയെല്ലാം എന്‍റെ കളിവള്ളം പോലെ ഒഴുക്കിവിട്ടു. വളരെ പെട്ടെനാണ്‌, എന്‍റെ ജീവിതം മാറിപ്പോയത്‌. നിന്നിലെ ഊര്‍ജ്ജം എന്നിലും ഉണ്ടായിട്ടാണോ എന്നറിയില്ല, എഴുത്തും കവിതകളും പുസ്‌തകങ്ങളും എന്‍റെ കൂട്ടുകാരായി, പക്ഷേ ഈശ്വരന്‍റെ തീരുമാനം ആരെ കൊണ്ടാ തടയാന്‍ പറ്റുക? ജീവിച്ച നാടു വിട്ട്‌, എന്‍റെ ഗ്രാമം വിട്ടു നഗരത്തിന്‍റെ കറുത്ത അദ്ധ്യായത്തിലേയ്‌ക്ക്‌ ചേക്കേറിയത്‌ ഈശ്വരന്‍റെ ഒരു തീരുമാനം എന്നല്ലാതെ എന്തു പറയാന്‍ .ആ നഗരം എനിക്കൊന്നും തന്നില്ല, എന്‍റെ സ്വപ്‌നങ്ങളെ കൊന്നതലലതെ... ജീവിക്കാനും നിലനില്‍പ്പിനും കെട്ടിയ വേഷങ്ങള്‍ അഴിച്ചു വയ്‌ക്കാന്‍ ധൃതിയായിരുന്നു. സ്വപ്‌നങ്ങള്‍ തള്ളിപ്പറയുന്നു എന്നായപ്പോള്‍ ഈ ലോകം എന്‍റേതല്ല എന്ന തീരുമാനത്തില്‍ എല്ലാം അവസാനിപ്പിച്ചാലോ എന്നാലോചന...
അല്ലെങ്കിലും എന്‍റെ ഏത്‌ സ്വപ്‌നമാണ്‌, നടന്നിട്ടുള്ളത്‌... സ്വപ്‌നങ്ങള്‍ അധികം കാണാത്തതു കൊണ്ട്‌ അധികം കൂട്ടാനൊന്നുമില്ല.... പക്ഷേ ഒരു മഴപ്പാതി പറഞ്ഞതു പോലെ ആത്മാവിന്‍റെ നിലവിളി ഉള്ളിലെവിടെയോ തട്ടിത്തെറിച്ചു പോകുന്നത്‌ ഞാന്‍ പലപ്പോഴും അറിഞ്ഞില്ല. പിടച്ചിലുകള്‍ ആര്‍ക്കുവേണ്ടിയാണെന്ന്‌ മനസ്സിലായില്ല.... പക്ഷേ എന്തൊക്കെയോ വന്ന്‌ കൊണ്ട്‌ എന്‍റെ ഹൃദയം മുറിഞ്ഞ്‌ ചോരയൊഴുകുന്നുണ്ടായിരുന്നു, ആ ചോരയില്‍ വിരല്‍ തൊട്ടാണ്‌, എന്‍റെ പ്രണയം ഞാന്‍ പകര്‍ത്തിയെഴിതിയത്‌. ഒരു കണ്ണാടിയിലെന്ന പോലെ അതെന്നില്‍ തെളിഞ്ഞു കാണാമായിരുന്നു.
ഇന്നിപ്പോള്‍ ഒരു വിരലകലത്തില്‍.. അല്ല ഒരു നിശബ്ദതയുടെ അരികില്‍ നീ...
ഇത്ര നാള്‍ ഓരോ മരക്കൂട്ടങ്ങള്‍ക്കപ്പുറത്തും ഞാന്‍ തേടിയത്‌ നിന്നെ ആയിരുന്നോ?
എനിക്കേറെ പ്രിയമുള്ള മഞ്ഞ ഇലകളുള്ള മരത്തോപ്പില്‍ എന്‍റെ കൈപിടിച്ച്‌ നടന്നത്‌ നീയായിരുന്നോ...
മഞ്ഞില്‍ ഊഞ്ഞാലിട്ട്‌ എന്നിലേയ്‌ക്ക്‌ വെളുത്ത പൂക്കളെ വാരിയിട്ടത്‌ നിന്‍റെ കൈകളായിരുന്നോ....?
മഴയില്‍ ഒപ്പം നനഞ്ഞത്‌ നീയായിരുന്നോ?
നിന്നില്‍ നിന്ന്‌ വരുന്ന അതിശക്തമായ മിടിപ്പുകള്‍ എന്നോട്‌ അതേ, എന്നു തന്നെയാണ്‌, പറയുന്നത്‌. അഹങ്കാരത്തിന്‍റെ ഉന്നതിയില്‍ ഞാന്‍ പലപ്പോഴും രജ്ഞിയായി. എന്നില്‍ മോഹങ്ങള്‍ ഒരിക്കലുമുണ്ടായിട്ടില്ല, ആത്മാവിനെ മാത്രം ഞാന്‍ ഗൌനിച്ചു, വസ്‌ത്രങ്ങളുടെ നിറഭേദങ്ങള്‍ എന്നെ ആകര്‍ഷിച്ചതേയില്ല. വാക്കുകളില്‍ പോലും മോഹങ്ങള്‍ എന്നില്‍ ഉയിരെടുത്തിട്ടില്ല....

പക്ഷേ..............................

നിന്നോടുള്ള പ്രണയം എന്നെ ഒരുപോലെ തളര്‍ത്തുന്നു... തിരക്കുകളിലും സഞ്ചാരങ്ങളിലും നിന്‍റെ മനസ്സ്‌ തുടിക്കുന്നത്‌ എനിക്കറിയാം, അത്‌ പലപ്പോഴും നീ പറഞ്ഞതു പോലെ എന്നില്‍ വന്‍ ഇടിച്ചിറങ്ങുന്നുണ്ട്‌...
ഒരു മറുകുറിപ്പ്‌ ആവശ്യമില്ല, എനിക്കറിയാമല്ലോ നിന്‍റെ ഹൃദയം...`

സസ്‌നേഹം
...

`സസ്‌നേഹം എന്താണെഴുതുക, ആദ്യവും അന്ത്യവും ഇല്ലാത്ത ഒരു കഥ പോലെ.
അവന്‍ തന്നെയോ ,താന്‍ അവനെയോ ഒരു പേരിലും വിളിക്കാറില്ലല്ലോ എന്ന്‌ ആശ്ചര്യത്തോടെ കത്തെഴുതുമ്പോഴാണ്‌, റാഫേല ഓര്‍ത്തത്‌.
പേരിലൊടുങ്ങാത്ത ബന്ധം, വരികളിലൊടുങ്ങാത്ത നാദം എന്നൊക്കെ പറയുന്നതു പോലെ...

മെയിലയച്ചു വിന്‍ഡോ ക്ലോസ്‌ ചെയ്യുമ്പോള്‍ റാഫേല ഒന്നു നിശ്വസിച്ചു. അക്ഷരങ്ങളുടെ ലോകത്ത്‌ അവന്‍ തനിച്ചല്ല, ആകാശത്തോളം ഉയരത്തില്‍ അവനെ ചുറ്റി സുവര്‍ണ നക്ഷത്രങ്ങളുണ്ട്‌, പക്ഷേ ഒരിക്കല്‍ അവന്‍ പറഞ്ഞ വാക്കുകള്‍ ,
`നിനകായി ഞാന്‍ വാങ്ങിയ സമ്മാനം എന്‍റെ അലമാരയെ ഇന്നും വിശുദ്ധമാക്കുന്നു, തരാന്‍ വേണ്ടി വാങ്ങിയെങ്കിലും ഇതെന്‍റെ കയ്യിലിരിക്കട്ടെ, എന്തെന്നാല്‍ ഇതു നിനക്കു വേണ്ടി മാത്രം വാങ്ങിയതാണു ..`
ഒരു ഭ്രാന്തന്‍ ചിരിയില്‍ റാഫേല സ്വയം മറന്നു. നഷ്ടപ്പെട്ട ജോലി, ഉറക്കമില്ലാത്ത നഗരം,

ഇപ്പോള്‍ മുന്നിലുള്ളത്‌ , പഠിച്ചിറങ്ങിയ കലാലയത്തിലെ നീണ്ട ഇടനാഴി,
ചേറില്‍ പുതഞ്ഞ വരമ്പുകള്‍
ആകാശത്ത്‌ വലയൊരുക്കുന്ന ബ്രൌണ്‍ നിറമുള്ള എട്ടുകാലി...
സ്വയം മടക്കമാണ്‌, നല്ലത്‌...

പക്ഷേ മടങ്ങുമ്പോള്‍ ഒന്നു മാത്രം അവനില്‍ നിന്ന്‌ കടം വാങ്ങി, അവന്‍റേതായി ഓമനിക്കാന്‍ ഒരു തുടിപ്പ്‌...
ശരീരത്തിനുമപ്പുറം ചൊരിഞ്ഞ അലിവ്‌...
അതിപ്പോള്‍ അവളുടെ ഉള്ളില്‍ പെരുകുകയാണ്‌.... അനേകം കോശങ്ങളെടുത്ത്‌, ഭ്രൂണമായി... ഒടുവില്‍ പിറവിയെടുക്കുമ്പോള്‍ ലോകത്തിനു മുന്നില്‍ വിളിച്ചു പറയാന്‍ ഒരു നാമമില്ലാതെ റാഫേല വിഷമിക്കില്ല... ആദ്യ പുസ്‌തകത്തിന്‍റെ ഒരു കോംമ്പ്‌ലിമെന്‍രറി കോപ്പി ഇതെന്‍റെ ആത്മപാതിയ്‌ക്കെന്നു പറഞ്ഞ്‌ ഒരു കൊറിയര്‍ ....
അതുവരെ, അടങ്ങാത്ത മനസ്സിന്‍റെ വിങ്ങല്‍ തുടരുമല്ലോ എന്നോര്‍ത്ത്‌ റാഫേല നാലുകെട്ടിലെ മഴ നനഞ്ഞ കോലായിലെ തണുത്ത തറയില്‍ നീണ്ടു നിവര്‍ന്നു കിടന്നു.
ആത്മപാതിയ്‌ക്കായി ഒരു കുറിപ്പ്‌ (കഥ: ശ്രീപാര്‍വ്വതി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക