അഞ്ചുവയസ്സുകാരിയായ ബാലികക്കുപോലും രക്ഷയില്ലാത്ത ഒരു നാട്ടില്‍,
സ്ത്രീപീഡനത്തിന് എന്താണ് പരിഹാരമെന്ന ചോദ്യം വീണ്ടും ഉയരുന്നു.
ദല്‍ഹിയില്‍ മുമ്പ് പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടപ്പോള്‍ ഉയര്‍ന്ന
ഒരു പരിഹാരനിര്‍ദേശം, പ്രതിയെ ഷണ്ഠീകരിക്കുക എന്നതായിരുന്നു. എന്നാല്‍,
കുറ്റകൃത്യത്തിന്റെ രീതിയും അതിലുള്‍പ്പെടുന്നവരുടെ സാമൂഹികാവസ്ഥയും ഈ
പരിഹാരത്തെ പരിഹാസ്യമാക്കുന്നു. അതുകൊണ്ടുതന്നെയാണ്, മുമ്പത്തെ
കൊടുംക്രൂരതയില്‍ നടുങ്ങുകയും പ്രതിഷധേത്താല്‍ ആളിക്കത്തുകയും ചെയ്ത ഒരു
സമൂഹത്തിനിടയില്‍നിന്നുതന്നെ അതിനേക്കാള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട
ഒരു ഇരയും പീഡനകനായ ഒരു പ്രതിയും ഉണ്ടായത്.
നിയമം കര്‍ശനമാക്കല്‍, അത് വിട്ടുവീഴ്ചയില്ലാതെ
പാലിക്കല്‍ തുടങ്ങിയ നിയമനടപടികള്‍ പഴുതില്ലാതെ നടപ്പാക്കിയാലും
സ്ത്രീകളെക്കുറിച്ച് പുരുഷാധിപത്യസമൂഹം നിലനിര്‍ത്തിയിരിക്കുന്ന
ആധിപത്യബോധം തുടരുന്നിടത്തോളം ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കും.
പെണ്ണായിപ്പിറന്നവര്‍ പുരുഷന്റെ ഉപഭോഗത്തിനുള്ളതാണ് എന്ന, സമൂഹത്തിന്റെ
ബോധതലത്തില്‍തന്നെ പ്രബലമായി നില്‍ക്കുന്ന ബോധമാണ് അഞ്ചുവയസ്സായ
പെണ്‍കുട്ടിയോടുപോലും ചിന്തിക്കാന്‍ പോലും സാധിക്കാത്ത അത്ര പൈശാചികമായ
പീഡനം നടത്താന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. മദ്യം, മയക്കുമരുന്ന്,
മറ്റ് ജീവിതാവസ്ഥകള്‍ തുടങ്ങിയവ ഈ പൈശാചികാവസ്ഥക്ക് കരുത്തുപകരുന്നു.
അഞ്ചുവയസ്സുകാരിയെ എങ്ങനെയാണ് ഒരു മനുഷ്യന് ലൈംഗികാവയവയമുള്ള ഒരു സത്തയായി
കാണാന്‍ കഴിയുന്നത് എന്നത് അല്‍ഭുതപ്പെടുത്തുന്ന കാര്യമാണ്. അത് സ്വബോധം
നഷ്ടപ്പെട്ട ഒരു മനുഷ്യനും സമൂഹത്തിനും മാത്രം കരുതാന്‍ കഴിയുന്ന
കാര്യമാണ്. അതുകൊണ്ടുതന്നെ സ്ത്രീപീഡനത്തിനെതിരായ ബോധവല്‍ക്കരണം
എന്നാല്‍, പെണ്ണിനോടുള്ള പുരുഷന്റെയും സമൂഹത്തിന്റെയും
ബോധനിലവാരത്തിലുള്ള നവീകരണം എന്നാണ് ശരിക്കും അര്‍ഥമാക്കേണ്ടത്. അത്
ഭരണകൂടവും നിയമവും നീതിന്യായ വ്യവസ്ഥയും മാത്രം ഉള്‍പ്പെട്ട ഒരു
പരിഹാരമല്ല. എല്ലാ തലത്തിലുംപെട്ട പൗരന്മാരും സ്ത്രീപുരുഷന്മാരും അടങ്ങുന്ന
പരിഹാരമാണ്. ഇത് എല്ലാവരും ഇര ചേര്‍ക്കപ്പെടുകയും എല്ലാവരും പ്രതി
ചേര്‍ക്കപ്പെടുകയും ചെയ്യുന്ന പ്രക്രിയയാണ്. അരുന്ധതിറോയ് സൂചിപ്പിച്ച ഒരു
വിഭാഗത്തിന്റെ മാത്രം പ്രശ്നമല്ല. ഇരകളിലും പീഡകരിലും എല്ലാ
തട്ടിലുമുള്ളവരുണ്ടെന്നോര്‍ക്കണം.
ഈയൊരു പരിഹാരത്തിലേക്ക് സമൂഹത്തെ നയിക്കേണ്ട
ഉത്തരവാദിത്തമുള്ള ഭരണകൂടം എന്താണ് ചെയ്യുന്നത്? കുറ്റകൃത്യത്തെ വെറും
ക്രമസമാധാനപ്രശ്നമായി സമീപിക്കുന്നു. ദല്‍ഹിയില്‍ മുമ്പ് പെണ്‍കുട്ടി
മരിച്ചപ്പോള്‍ ആവേശപൂര്‍വം പ്രഖ്യാപിച്ച നടപടികളില്‍ എത്ര ശതമാനം
നടപ്പാക്കിയിട്ടുണ്ട് എന്ന് പരിശോധിക്കുന്നത് ഈ സാഹചര്യത്തില്‍
കൗതുകകരമായിരിക്കും. അന്ന് പ്രഖ്യാപിച്ച കോടികളുടെ പദ്ധതികളില്‍
എത്രയെണ്ണത്തിന് ഫണ്ട് അനുവദിച്ചു? അത് ആരും തിരക്കില്ല.
ഇത്തരം സംഭവങ്ങളോടുള്ള പ്രതികരണങ്ങളെയും
പ്രതിഷേധത്തെയും കണ്ണീര്‍വാതകവും ഷെല്ലുകളുമുപയോഗിച്ച് നേരിടാന്‍ മാത്രം
പരിശീലനം ലഭിച്ച ഒരു പോലീസ് സേനക്ക് പ്രതിഷേധക്കാരിയായ പെണ്‍കുട്ടിയുടെ
കരണത്തടിക്കാന്‍ മാത്രമേ കഴിയൂ. ആ പ്രതിഷേധത്തെ രാഷ്ട്രീയമായി നേരിടാന്‍ ആ
പൊലീസുകാരനാകില്ല. അങ്ങനെ നേരിടാന്‍ ആ പൊലീസുകാരന് ഉപ്പും ചോറും
നല്‍കുന്ന ഭരണകൂടം അയാളെ പരിശീലിപ്പിച്ചിട്ടുമില്ല. കാര്യങ്ങള്‍
എങ്ങനെയെങ്കിലും ഒത്തുതീര്‍പ്പാക്കാനാണ് അയാളോട് ഭരണകൂടം
ആഞ്ജാപിക്കുന്നത്. അതുകൊണ്ടാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ ആ
ബാലികയുടെ പിതാവിനുനേരെ ഒരു പൊലീസുകാരന്‍ രണ്ടായിരം രൂപ എടുത്തുനീട്ടിയത്.
അത് നിരസിച്ച സാധാരണക്കാരനായ ആ പിതാവിന്റെ ആര്‍ജവം, അദ്ദേഹത്തേക്കാള്‍
എത്രയോ ഉയരത്തിലാണെന്ന് നാം കരുതുന്ന വ്യക്തികള്‍ക്കുള്ളതിനേക്കാള്‍
ഉന്നതമാണെന്ന ആശ്വാസം മാത്രമാണ് ഇപ്പോഴുള്ളത്.