Image

ജോണ്‍സണ്‍ ചതിച്ചു: ബെര്‍ലി തോമസ്‌

http://berlytharangal.com Published on 03 May, 2013
ജോണ്‍സണ്‍ ചതിച്ചു: ബെര്‍ലി തോമസ്‌

കൊച്ചുകുഞ്ഞുങ്ങളുടെ ചര്‍മ്മം പൂപോലെ മൃദൂലമാക്കും ബാക്ടീരിയകളുടെ തുടച്ചുനീക്കും എന്നൊക്കെ പറഞ്ഞും പരസ്യപ്പെടുത്തിയും അഭിവന്ദ്യ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഇന്ത്യയിലെ കുഞ്ഞുങ്ങളുടെ മേലേക്ക് വര്‍ഷിച്ചത് നല്ല ഒന്നാംതരം വിഷം ആണെന്നു കണ്ടെത്തിയിരിക്കുന്നു. ക്യാന്‍സറിനു കാരണമാകാവുന്ന എഥിലിന്‍ ഓക്‌സൈഡ് ഉപയോഗിച്ച് ജോണ്‍സണ്‍സ് ബേബി പൗഡര്‍ ശുദ്ധീകരിച്ചു എന്നു തെളിഞ്ഞതിനെത്തുടര്‍ന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് പൗഡര്‍ എത്തിക്കുന്ന മുംബൈ മുലുന്ദിലെ പ്ലാന്റിന്റെ ലൈസന്‍സ് റദ്ദാക്കിയിരിക്കുകയാണ്.

വെറുമൊരു വാര്‍ത്തയല്ല, സംഗതി സീരിയസ്സാണ്. ജോണ്‍സണും പിന്നെ ജോണ്‍സണും വല്യ പിടിപാടുള്ള കക്ഷികളാണ്. സംഗതി സത്യമാണെങ്കില്‍ തന്നെയും കമ്പനിയുടെ പൗഡര്‍ വില്‍പനയെയും ബ്രാന്‍ഡ് ഉദ്ധാരണശേഷിയെയും പ്രതികൂലമായി ബാധിക്കുന്ന ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നവര്‍ക്കും ഫേസ്ബുക്കിലും മറ്റും പോസ്റ്റു ചെയ്യുന്നവര്‍ക്കും ഷെയര്‍ ചെയ്യുന്നവര്‍ക്കും ലൈക്ക് ചെയ്യുന്നവര്‍ക്കുമൊക്കെയെതിരേ കമ്പനി കേസ് കൊടുക്കുകയും ആ കേസിന്‍മേല്‍ സത്വരനടപടികളുണ്ടാവുകയും ചെയ്‌തേക്കാം എന്നത് മനസ്സിലാക്കിക്കൊണ്ട് മാത്രം ഇത് പ്രചരിപ്പിക്കുക. ഇന്ത്യയിലെ പത്തോ നൂറോ കോടി ചാവാലിപ്പിള്ളേരാണോ അഭിവന്ദ്യ ജോണ്‍സണ്‍ ആന്‍ഡ്് ജോണ്‍സന്റെ ബ്രാന്‍ഡ് ഇമേജ് ആണോ വലുതെന്ന് സ്വയം ആലോചിക്കുക. പിള്ളേര്‍ക്കു ക്യാന്‍സര്‍ വരുന്നതും അവറ്റകള്‍ ചത്തുപോകുന്നതും സ്വാഭാവികം. കമ്പനിയുടെ ബ്രാന്‍ഡ് ഇമേജ് ഇടിയുന്നത് അങ്ങനെയല്ല (എന്‍ഡോസള്‍ഫാന്‍ വിഷമാണെന്നു പറഞ്ഞതിന് സള്‍ഫാനുണ്ടാക്കുന്ന കമ്പനിയുടെ കേസില്‍ ഡോക്ടര്‍മാര്‍ കോടതി കയറുന്ന നാടാണിത്).

ജോണ്‍സന്റെ പൗഡറിട്ടില്ലെങ്കില്‍ പിള്ളേര്‍ ചത്തുപോകുമെന്ന പിടിവാശിയോടെ ഇപ്പോഴും പൗഡറിടുന്ന പാവപ്പെട്ട അമ്മമാര്‍ ഈ വാര്‍ത്ത അറിയാനുള്ള സാധ്യത കുറവാണ്. അവര്‍ നാളെയും മറ്റന്നാളുമൊക്കെ മക്കളെ പൗഡറിട്ട് കുട്ടപ്പന്‍മാരാക്കും. അവര്‍ കട്ടപ്പൊകയന്‍മാരാകാതിരിക്കാന്‍ ഇപ്പോഴേ ശ്രദ്ധിക്കുക. ഇപ്പോള്‍ നമ്മുടെ കയ്യിലിരിക്കുന്ന പൗഡര്‍ ടിന്നിനുള്ളില്‍ വിഷമുണ്ടോ ഇല്ലയോ എന്നതല്ല. നേരത്തെ നടത്തിയ പരിശോധനയില്‍ പൗഡര്‍ ശുദ്ധീകരിക്കാന്‍ മേല്‍പ്പറഞ്ഞ എഥിലിന്‍ ഓക്‌സൈഡ് ഉപയോഗിച്ച് സ്‌റ്റെറിലൈസ് ചെയ്തു എന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2007ല്‍ വിറ്റഴിച്ച 15 ബാച്ച് പൗഡറുകള്‍ (1,60,000 ടിന്നുകള്‍) ഇത്തരത്തില്‍ ശുദ്ധീകരിക്കപ്പെട്ടവയായിരുന്നെന്നാണ് കണ്ടെത്തിയത്. എഫ്ഡിഎ വല്യ കാര്യമായിട്ട് ചോദിച്ചപ്പോള്‍ ഓ ഇതൊക്കെ സാധാരണയല്ലേ എന്ന മട്ടിലായിരുന്നേ്രത ജോണ്‍സന്റെ പ്രതികരണം. ആ പൗഡര്‍ ഉപയോഗിക്കുന്ന പിള്ളേരുടെ ജീവനില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണുള്ള അതീവശ്രദ്ധയും കരുതലും പിന്നെ മറ്റേടത്തെ ആത്മാര്‍ത്ഥതയും വ്യക്തമാക്കുന്ന മറുപടിയാണത്. ഇനി ഒരു പരസ്യം കാണാം.

എന്താ ല്ലേ ? എന്‍ഡോസള്‍ഫാന്‍ പരിശുദ്ധമാണ് പക്ഷെ, അതുപയോഗിക്കാനറിയാത്തവര്‍ ഉപയോഗിച്ച രീതി തെറ്റായിപ്പോയതുകൊണ്ടാണ് ഇവിടെ പല ദുരന്തങ്ങളും ഉണ്ടായത് എന്നു അതിന്റെ ആളുകള്‍ പറഞ്ഞതുപോലെ ചിലപ്പോള്‍ പരിശുദ്ധമായി ശുദ്ധീകരിച്ച ജോണ്‍സണ്‍സ് ബേബി പൗഡര്‍ എഫ്ഡിഐയിലെ പരിശോധിക്കാനറിയാത്ത ഉദ്യോഗസ്ഥന്‍മാര്‍ പരിശോധിച്ചതുകൊണ്ട് വിഷലിപ്തമായി കണ്ടെത്തിയതാവാം. അങ്ങനെയങ്കില്‍ എഫ്ഡിഐ ഉദ്യോഗസ്ഥരും ബേബി പൗഡറിനു ചീത്തപ്പേരുണ്ടാക്കുന്ന തരത്തില്‍ വാര്‍ത്തകളും ബ്ലോഗ് പോസ്റ്റുകളുമൊക്കെ എഴുതിയവരും പ്രതികളും കൂട്ടുപ്രതികളുമായേക്കാം. തല്‍ക്കാലം സംഭവവികാസങ്ങള്‍ ഇങ്ങനെയൊക്കെയാണ്, പിള്ളേരെ സൂക്ഷിക്കുക. പിന്നെ, പൗഡറിട്ടതുകൊണ്ട് ഇവിടെ ആരും സുന്ദരന്‍മാരോ സുന്ദരിമാരോ ആയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക