Image

ഗോപി മാമന്‍; തങ്കശ്ശേരി; ഒരു മാഗ്‌നെറ്റ് : സോമരാജന്‍ പണിക്കര്‍

സോമരാജന്‍ പണിക്കര്‍ Published on 04 May, 2013
 ഗോപി മാമന്‍; തങ്കശ്ശേരി; ഒരു മാഗ്‌നെറ്റ് : സോമരാജന്‍ പണിക്കര്‍
കൊല്ലം പട്ടണത്തില്‍നിന്നും അധികം ദൂരമല്ലാത്ത തങ്കശ്ശേരി എന്നൊരു സ്ഥലമുണ്ട . ഒരുപാട് ചരിത്രങ്ങള്‍ ഉറങ്ങുന്ന നാട്. പോര്ച്ച്ഗീസ്, ഡച്ചു ഇംഗ്ലീഷ് അധിനിവേശത്തിന്റെ ചരിത്രങ്ങള്‍ ഉറങ്ങുന്ന മനോഹരമായ ഒരു ചെറു പട്ടണം, കേരളത്തില്‍ചുരുക്കമായുള്ള ആന്‌ഗ്ലോ ഇന്ത്യന്‍ സമൂഹം തിങ്ങിപ്പാര്‍ക്കുന്ന ഈ സ്ഥലം 'ചട്ടക്കാരി പോലെയുള്ള സിനിമക്ക് പശ്ചാത്തലം ആയതില്‍ അത്ഭുതം ഇല്ല. ഒരിക്കല്‍ കേരളത്തിലെ ഏറ്റവും പ്രസിദ്ധമായിരുന്ന രണ്ടു ആന്‌ഗ്ലോ ഇന്ത്യന്‍ സ്‌കൂളുകള്‍, പെണ്‍കുട്ടികളുടെ മൌണ്ട് കാര്‍മലും ആണ്‍കുട്ടികളുടെ ഇന്‍ഫന്റ് ജീസസും ഇവിടെയാണ്. ധനികരുടെ മക്കളെ ഊട്ടിയില്‍ അയച്ചു പഠിപ്പിക്കുന്നതിന് പകരം ഇവിടെ പഠിപ്പിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു.

ചരിത്രം ഉറങ്ങുന്ന, ചട്ടക്കാരുടെ ഈ പ്രസിദ്ധമായ സ്ഥലം എന്റെ ജീവിതത്തിനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്, സ്പര്‍ശിച്ചിട്ടുണ്ട്

ഇന്ന് ആ കഥ പറയാം.

അമ്മയുടെ മൂത്ത സഹോദരനായ ഗോപി മാമന്‍ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചതോടെയാണ് മാമന്റെ ഇളയ സഹോദരങ്ങളുടെ പഠനവും ഏക സഹോദരിയായ അമ്മയുടെ പഠനവും ഒക്കെ മുന്നോട്ടുകൊണ്ടുപോവാന്‍ സാധിച്ചത്. തുച്ചമായ ഒരു സര്‍ക്കാര്‍ ജോലിയുടെ വരുമാനം കൊണ്ട് വല്ല്യചനു എല്ലാമക്കളുടെയും പഠനം നടത്തിക്കൊണ്ട് പോവാന്‍ കഴിയുമായിരുന്നില്ല. ചെറുപ്രായത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട എന്റെ അമ്മയെ ആ കുറവൊന്നും അറിയിക്കാതെ വളര്ത്തിയതും പഠിപ്പിച്ചതും ഒക്കെ ഗോപി മാമന്‍ ആണ് . അമ്മക്ക് സ്വന്തം അച്ഛന്‍ കഴിഞ്ഞാല്‍ പിന്നെ ഗോപി മാമന്‍ ആണ് ദൈവം. ആ ബന്ധവും കടപ്പാടും അമ്മ മക്കളായ ഞങ്ങള്‍ക്കു വേദ മന്ത്രം പോലെ ഉരുവിട്ട് പഠിപ്പിച്ചിരുന്നു. ഗോപിമാമന്‍ ആറ്റിങ്ങലെ ഒരു ധനിക കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ചതോടെ ഗോപി മാമനും ലീല മാമിയും മക്കളായ പ്രകാശ് അണ്ണനും പ്രസാദു അണ്ണനും ജയ ചേച്ചിയും വിജിയും ഞങ്ങള്‍ക്കു ആരാധനയോടെ ദൂരെ മാറി നിന്ന് നോക്കി നില്‍ക്കേണ്ട വിഗ്രഹങ്ങള്‍ ആയി മാറി.

അധികം താമസിയാതെ മക്കളെ എല്ലാം തങ്കശ്ശേരിയില്‍ ആന്‍ഗ്ലോ ഇന്ത്യന്‍ സ്‌ക്കൂളുകളില്‍ ചേര്‍ത്തു പഠിപ്പിക്കാന്‍ തീരുമാനിച്ചു. അതിനായി തങ്കശ്ശേരിയില്‍ വിശാലമായ ഒരു സ്ഥലം വാങ്ങി വലിയ ഒരു വീട് വെച്ചു. നാലു മക്കളെയും വല്യച്ചനെയും വല്യമ്മച്ചിയും (അമ്മയുടെ അമ്മയുടെ അനിയത്തി ലക്ഷി വല്യമ്മച്ചി) അടുക്കള സഹായത്തിനു ദേവകി ഇച്ചേയി എന്നൊരു മാവേലിക്കരക്കാരി സ്ത്രീയും അവിടെ താമസമാക്കി. ഗോപി മാമനും ലീല മാമിയും ജോലി സ്ഥലമായ എറണാകുളം, കാഞ്ഞിരപ്പള്ളി അങ്ങിനെ പലയിടങ്ങളായി മാറി മാറി വാടക വീടുകളില്‍ താമസവും. ഇടയ്ക്കിടെ മാമന്‍ തന്റെ ഹെറാള്‍ടു കാറില്‍ തങ്കശ്ശേരി വരും. മിക്കപ്പോഴും അരീക്കര വഴി വന്നു അമ്മയെ കണ്ടു ചില ധനസഹായങ്ങള്‍ ഒക്കെ ചെയ്തു ആയിരിക്കും പോവുക .

മധ്യവേനല്‍ അവധിക്കാലത്ത് മാമന്റെ മക്കള്‍ ഒന്നടങ്കം എറണാകുളത്തു പോവും. വല്യച്ചനു തോന്നിയ ആശയമാണ് ഇങ്ങനെ അവധിക്കാലത്ത് അരീക്കര വന്നു. പഠനത്തില്‍ സമര്‍ത്ഥനായ എന്റെ ചേട്ടന്‍ വിജയന്‍ അണ്ണനെ തങ്കശ്ശേരിയില്‍ കൊണ്ട് നിര്‍ത്തുകയും ഇംഗ്ലീഷ് പഠിപ്പിക്കലും ഒക്കെ. അങ്ങനെ അണ്ണന്‍ പെട്ടിയും കിടക്കയുമായി അവധികാലത്ത് വല്യച്ചന്റെ കൂടെ തങ്കശ്ശേരിയില്‍പോവുന്നത് അസ്സൂയയോടെയും കണ്ണീരോടെയും ഞാന്‍ എത്രയോ തവണ നോക്കി നിന്നിട്ടുണ്ട് .

'വിജയന്‍ യോഗ്യനും പഠിക്കാന്‍ സമര്‍ത്ഥനും അല്ലേ. അതല്ലേ അവനെ തങ്കശ്ശേരിയില്‍ കൊണ്ടുപോവുന്നത്, നീയും പഠിച്ചു കാണിക്കു, അപ്പോള്‍ നിന്നെയും കൊണ്ടുപോവാന്‍ ഞാന്‍ അച്ഛനോട് പറയാം ' അമ്മയുടെ ഈ വാദങ്ങള്‍ ഒന്നും എനിക്ക് മനസ്സിലാവില്ലായിരുന്നു

ഓരോ തവണയും അണ്ണന്‍ തങ്കശ്ശേരിയില്‍ പോയി വന്നിട്ട് പറയുന്ന നിറം പിടിപ്പിച്ച കഥകള്‍ എന്റെ ഉറക്കം കെടുത്തുക തന്നെ ചെയ്തു. അണ്ണന്‍ പറഞ്ഞ കടല്‍ത്തീരവും ലൈറ്റ് ഹൗസ്ഉം സൈക്കിളില്‍ ഉച്ചത്തില്‍ ഇംഗ്ലീഷ് പറഞ്ഞു പോവുന്ന ചട്ടക്കാരും ഒക്കെ എന്നാണു ഞാന്‍ ഒന്ന് കാണുക?

ഒരിക്കല്‍ ഗോപി മാമനോട് അമ്മ സങ്കടങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ എന്നെ നോക്കി മാമന്‍ ചോദിച്ചു.

'നിനക്ക് തങ്കശ്ശേരി പോയി നില്ക്കണോടാ?, നീ മഹാ ശല്യക്കാരന്‍ ആണന്നാ നിന്റെ അമ്മ പറയുന്നത് ? ശരിയാണോടാ?

അന്ന് അടുത്ത് ചെന്ന് മറുപടി പറയാന്‍ പോലും ഉള്ള ധൈര്യം ഇല്ല

'അതിനു ഇവന്‍ കറുത്ത സായിപ്പല്ലേ? ചട്ടക്കാരു ഇവനെകണ്ടാല്‍ പേടിച്ചോടും

മാമിയുടെ വക പരിഹാസം കേട്ട് അമ്മയും ചേട്ടനും ഒരുപോലെ പൊട്ടിച്ചിരിച്ചു.

അങ്ങിനെ അത്തവണ ആറാം ക്‌ളാസിലെ പരിക്ഷ കഴിഞ്ഞ ഉടനെ തങ്കശ്ശേരി പോവാന്‍ റെഡി ആയിക്കൊളാന്‍ പറഞ്ഞു വല്യച്ചന്‍ അയച്ച കാര്‍ഡു കിട്ടി . അങ്ങിനെ വല്യച്ചന്റെ കൂടെ പഴയ ഒരു തകരപ്പെട്ടിയും തൂക്കി ചെങ്ങന്നൂരില്‍ നിന്ന് ട്രെയിന്‍ കയറിയത് ഇന്നലെത്തെ എന്നവണ്ണം ഞാന്‍ ഓര്‍ക്കുന്നു. കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ വണ്ടി ഇറങ്ങിയപ്പോള്‍ വരി വരിയായി കിടക്കുന്ന സൈക്കിള്‍ റിക്ഷകള്‍, അതിലൊന്നിന് കൂലി വില പേശി വല്യച്ചന്റെ കൂടെ കയറിയപ്പോള്‍ ലണ്ടന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപോലെ സന്തോഷവും അത്ഭുതവും കൊണ്ട് ഞാന്‍ എന്നെ തന്നെ മറന്നു.

വലിയ ' പോപോ' ശബ്ദമുള്ള ഹോണ്‍ അടിച്ചു കൊണ്ട് ആഞ്ഞു ചവിട്ടിയും ഇടയ്ക്കിടെ ഇറങ്ങി തള്ളി ക്കൊണ്ട് ഓടിയും വണ്ടിയുടെ കുലുക്കവും ഒക്കെക്കൂടി ആകെ രസമുള്ള ഒരു യാത്ര.

പല റോഡുകള്‍ കടന്നു തങ്കശ്ശേരിയിലെ വലിയ ആര്‍ച്ചും കടലിന്റെ ഇരമ്പലും ഒക്കെ ആയപ്പോല്‍ മുതല്‍ ഇടയ്ക്കിടെ ഫ്രോക്ക് ധരിച്ച ചട്ടക്കാരി പെണ്ണുങ്ങളും ഒക്കെ കാണാന്‍ തുടങ്ങിയപ്പോല്‍ തങ്കശ്ശേരി ആയി എന്ന് മനസ്സിലായി. വല്യച്ചന്‍ പഴയ കാര്യങ്ങളും മക്കളെ വളര്ത്തിയ കാര്യങ്ങളും ഒക്കെ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. ആ യാത്രയുടെ അവസാനം പുന്നത്തല സൌത്ത് റോഡിലെ 'പ്രകാശ് ഭവന്‍' എന്ന വലിയ വീടിനു മുന്പിലെ പച്ച നിറമുള്ള തടി ഗേറ്റ്ന്റെ മുന്‍പില്‍ ആയിരുന്നു. ഗേറ്റ് തുറന്നു വന്ന സ്ത്രീ ദേവകി ചേട്ടത്തി ആയിരിക്കും എന്ന് ഞാന്‍ ഊഹിച്ചത് ഒട്ടും തെറ്റിയില്ല.

'ഇതാണോ അനിയന്‍ മോന്‍?, തങ്കമ്മ അക്കയുടെ രണ്ടാമത്തെ മോന്‍?, വല്യച്ചന്‍ പറഞ്ഞു എനിക്ക് നല്ലപോലെ അറിയാം' പെട്ടി കൈയ്യില്‍ നിന്ന് വാങ്ങുമ്പോള്‍ ദേവകി ചേച്ചി പറഞ്ഞു .

'പ്രകാശ് ഭവന്‍' സത്യമായും എന്റെ മനസ്സില് ഒരു പുതിയ പ്രകാശം പരത്തി. അത്രയ്ക്ക് വിശാലമായ ഒരു വീട്ടില് ഞാന്‍ ഇതിനു മുന്‍പ് താമസിച്ചിട്ടില്ല. മുറ്റത്ത് നില്ല്കുന്ന വിവിധ തരം പുള്ളികളുള്ള ഇലകള്‍ നിറഞ്ഞ ചെടികള്‍, ചെറിയൊരു മാവ്, റെഡ് ഒക്‌സൈട് തേച്ച നീളമുള്ള പടികള്‍, ഗ്രില്‍ ഇട്ടു മറച്ച ഒരു വലിയ വരാന്ത, ഇടത്തെ അറ്റത്തു ജയചേചിക്കും വിജിക്കും പഠിക്കാനുള്ള മുറി, മറ്റേ അറ്റത്തു ഗോപി മാമന്റെ മുറി! വരാന്തയില്‍ നിന്നും ഒരു ചെറിയ ഇടനാഴി, അതിന്റെ ഇടതു വശത്താണ് വല്യച്ചന്റെ പൂജാ മുറി, വലതു വശത്ത് നടുക്കത്തെ മുറി, അതും കഴിഞ്ഞു വല്യച്ചന്റെ കിടപ്പ് മുറി, ഇടനാഴി അവസാനിക്കുന്നത് വലിയ ഒന്ന് ഊണ്മുറിയിലാണ്, അവിടെ പിന്നെ അടുക്കള, വലതു വശത്ത് പിനെയും രണ്ടു മുറികള്‍ അത് പ്രകാശ് അണ്ണനും പ്രസാദ് അണ്ണനും ഉള്ളതാണ്. അവര്‍ക്ക് പ്രത്യേകം കുളിമുറികളും ടോയലെട്ടും അറ്റാച്ച് ചെയ്തിരിക്കുന്നു. വല്യച്ഛന്റെ മുറിയില്‍ വശത്തായി ഒരു സ്‌റ്റോര്‍ മുറി, അവിടെ എല്ലാവരും ഉപയോഗിച്ച ചെരുപ്പുകളും ഷൂകളും ഒരു റാക്കില്‍ അടുക്കിവെച്ചിരിക്കുന്നു. ഒരു അലമാരി മുഴുവന്‍ അണ്ണന്‍മാരുടെ പാന്റ്കളും ഷര്‍ട്ടും നിരനിരയായി അടുക്കിവെച്ചിരിക്കുന്നു. രണ്ടോ മൂന്നോ ഉടുപ്പുകളും ഷര്‍ട്ടും മാത്രം ഉള്ള എനിക്ക് മ്യൂസിയം കാണുന്നതുപോലെ ആണ് മാമന്റെ മക്കളുടെ ഉടുപ്പുകളും ഷൂകളും ഒക്കെ കണ്ടത്.

ഞാന്‍ ചെല്ലുന്ന കാലത്ത്തന്നെ വല്യമ്മച്ചി പിണങ്ങി മകനായ വിശ്വന്‍ മാമന്റെ കൂടെ തഴവക്ക് താമസം മാറിയിരുന്നു. ആ വഴി പിരിയല്‍ കഥകള്‍ ഒക്കെകുട്ടിയായ ഞാന്‍ അന്ന് അറിഞ്ഞിരുന്നില്ല എന്ന് മാത്രം.

അടുക്കളയില്‍ അറക്കപ്പൊടിനിറച്ച അടുപ്പുകള്‍ ആയിരുന്നു അന്ന് ഉപയോഗിച്ചിരുന്നത് . അതില്‍ പൊടിനിറക്കുന്നതും ആ അടുപ്പില്‍ പാചകംചെയ്തു രുചിയുള്ള വിഭവങ്ങള്‍ തീന്‍ മേശയില്‍ എത്തിക്കുന്നതുംഒക്കെ ദേവകീ ചേട്ടത്തി ആയിരുന്നു. അതിനാല്‍ വന്ന ദിവസം തന്നെ അവര്‍ എനിക്ക് പ്രീയപ്പെട്ട സ്ത്രീ ആയി.

വിശാലമായ ആ കോമ്പൌണ്ട് മുഴുവന്‍ തെങ്ങുകളും അവയില്‍ നിറയെ തേങ്ങകളും ആയിരുന്നു. വീടിന്നു പിന്നിലായി വലിയ ഒരു എരുത്തില്‍, അതില്‍ വലിയഒരു സിന്ധി പശു, അല്പം ദൂരെ മാറി ഒരു ടോയ്‌ലെറ്റ് , അടുക്കള വാതില്‍ വഴി പുറത്ത് വരുന്നത് കിണറ്റു കരയില്‍ ആണ്. അതിനടുത്ത് ഒരു കുളിമുറിയും ഉണ്ട്. എല്ലാറ്റിനേയും വിറപ്പിക്കാന്‍ കാര്‍ഷെഡില്‍ ഉഗ്രപ്രതാപി ആയി വാഴുന്ന ഒരു അല്‍സേഷ്യന്‍ നായ!

അരീക്കരയിലെ പരിമിത സൌകര്യങ്ങളില്‍ വളര്‍ന്ന എനിക്ക് പ്രകാശ് ഭവന്‍ ഒരു കൊട്ടാരം പോലെ തോന്നി. ഏറ്റവും വലിയ ആശ്വാസം ആയതു അമ്മയുടെ ശകാരം ഇല്ലാതെ മണിക്കണക്കിന് ഭക്ഷണവും ദേവകി ചേട്ടത്തിയുടെ സ്‌നേഹമുള്ള വാക്കുകളും വല്യച്ചന്റെ കൂടെ കൊല്ലം കാണാന്‍ റിക്ഷയില്‍ ഉള്ള സഞ്ചാരവും. ആകെക്കൂടി വിദേശത്ത് സുഖവാസത്തിനു പോയ ഒരു അവസ്ഥ ആയിരുന്നു . ഗോപി മാമന്റെ മക്കള്‍ വേനലവധി കഴിഞ്ഞു വരുന്നതിനകം സ്ഥലം കാലിയാക്കണം എന്നൊരു വ്യവസ്ഥ പാലിക്കേണ്ടതിനാല്‍ അവര്‍ വരുന്നതിനു ഒന്നോ രണ്ടോ ദിവസം മുന്‍പേ അമ്മ വന്നോ വല്യച്ചന്‍ കൊണ്ടാക്കിയോ അരീക്കര തിരികെ എത്തും .

ഗോപി മാമനും ലീല മാമിയും ഇടയ്ക്കിടെ വന്നുപോവും. അന്ന് ഒരു ചലച്ചിത്ര താരത്തെപ്പോലെ സുന്ദരിയായിരുന്ന മാമി വരുന്നത് കുറച്ചു പേടിയോടെയാണ് ദേവകി ചേട്ടത്തി കണ്ടിരുന്നത്. ഏതെങ്കിലും കുറ്റമോ കുറവോ കണ്ടാല്‍ ഇടവും വലവുംനോക്കാതെ ശകാരിക്കും. ചിലപ്പോള്‍ തിളച്ചു മറിയുന്ന ആ ദേഷ്യം മാമന്‍ വിചാരിച്ചാല്‍ പോലും തണുപ്പിക്കാന്‍ പറ്റില്ല. അത് ഇന്നും എന്നും അങ്ങിനെതന്നെ ആയിരുന്നു.

ദേവകി ചേട്ടത്തി എല്ലാവര്ക്കും ഊണ് മേശയില്‍ ഊണ് കഴിഞ്ഞതിനു ശേഷവും ചിലപ്പോള്‍ അടുക്കളയില്‍ എനിക്ക് ചോറും മീന്‍ വറുത്തതും ഒക്കെ വീണ്ടും വിളമ്പി തരും. അവര്‍ക്ക് എന്നോട് ഉണ്ടായിരുന്ന വാത്സല്യത്തിന്റെ കാരണം അവര്‍ തന്നെ പറഞ്ഞു തന്നു, അവര്‍ക്ക് ആണ്മക്കള്‍ ഇല്ല, പ്രകാശു അണ്ണനും പ്രസാദ് അണ്ണനും ചിലപ്പോള്‍ ദേഷ്യപ്പെടുകയും മറ്റും ചെയ്യും. അതിനാല്‍ അവര്‍ കൊടുക്കന്നത് ഞാന്‍ നിറഞ്ഞ മനസ്സോടെ കഴിക്കുന്നത് കണ്ടു വീണ്ടും വിളമ്പി തരികയാണ് .

സ്‌റ്റോര്‍ മുറിയില്‍ അടുക്കി വെച്ചിരുന്ന പ്രസാദ് അണ്ണന്റെ പഴയ പാന്റ് കളും ഷൂകളും ഒക്കെ എനിക്ക് പാകമായത് ഞാന്‍ വല്ല്യച്ചനോട് ചോദിച്ചു അരീക്കരക്കുള്ള പെട്ടിയില്‍ അടുക്കി വെച്ചു.

അരീക്കരയിലെ ചില ദുസ്വഭാവങ്ങള്‍ ഞാന്‍ തങ്കശ്ശേരിയില്‍ എത്തിയിട്ടും മറന്നില്ല . ഏതു സമയവും എല്ലായിടവും തപ്പുക, കയ്യില്‍ തടയുന്ന കൌതുകമുള്ള വസ്തുക്കള്‍ നിക്കറിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചു വെക്കുക. അത് വിലകൂടിയ ഒന്നും ആയിരിക്കില്ല. ഒരു ആണിയോ ടോര്‍ച്ചിന്റെ ബള്‍ബ് ഒക്കെയാവും. പ്രകാശു അണ്ണന്റെ മുറിയിലോ പ്രസാദ് അണ്ണന്റെ മുറിയിലോ ഒക്കെ ആയിരിക്കും ഈ തപ്പല്‍ കൂടുതല്‍. അവിടെയാണ് ഈഅടിച്ചു മാറ്റലിനു കൂടുതല്‍ സ്‌കോപ്

വല്യച്ചന്റെ മാസത്തില്‍ഒരിക്കല്‍ ഉള്ള ഗണപതി ഹോമം, അതിനു വെച്ചിരിക്കുന്ന കല്‍ക്കണ്ടം, കദളിപ്പഴം ഒക്കെ അടിച്ചു മാറ്റല്‍ തുടങ്ങി പല അനുഭവങ്ങളും പ്രകാശ് ഭവന്‍എനിക്ക് സമ്മാനിച്ചു.

ഞാന്‍ തങ്കശ്ശേരി കടപ്പുറവും പുരാതനമായ ലൈറ്റ് ഹൌസ്ഉം ഒക്കെ വല്യച്ചനോട് ഒപ്പം കണ്ടു . യൂറോപ്പോ മറ്റോ കാണുന്നത്ര സന്തോഷം ആയിരുന്നു ആ കാഴ്ച്ചകള്‍.

അങ്ങിനെ തങ്കശ്ശേരിയിലെ സുഖകരമായ ഒരു വേനല്‍ക്കാല താമസത്തിനിടെ ഞാന്‍ പതിവ് പോലെ അടിച്ചു മാറ്റാന്‍ ചെറിയ എന്തെങ്കിലും വസ്തുക്കള്‍ തപ്പുകയാണ്. ജയചേച്ചിയുടെ പഠനമുറിയില്‍ പഴയ പുസ്തകങ്ങള്‍ അടുക്കി വെച്ചിരിക്കുന്ന്തിനിടെ കുതിര ലാടത്തിന്റെ ആകൃതിയില്‍ ഉള്ള ഒരു കാന്തം ശ്രദ്ധയില്‍ പെട്ടു. അത് മുട്ട് സൂചിയും ചെറിയ ഇരുമ്പു പൊടികളും ഒക്കെ വലിച്ചെടുക്കുന്നത് കണ്ടപ്പോള്‍ ഇതിനെ എങ്ങിനെയും നാട് കടത്തണം എന്ന് കരുതി ആരുമറിയാതെ പേപ്പറില്‍ പൊതിഞ്ഞു ഞാന്‍ എന്റെ പെട്ടിയില്‍ തുണികള്‍ക്കിടയില്‍ തിരുകി . ഞാന്‍ ഒന്നുമറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടില്‍ ബാക്കിയുള്ള ദിവസങ്ങള്‍ കഴിച്ചു കൂട്ടി .

വല്ല്യച്ചനുമായി അരീക്കര എത്തിയതും ഞാന്‍ ഈ കാന്തം എന്റെ കട്ടിലിന്റെ മേത്തയുടെ അടിയിലേക്ക് മാറ്റി. ആരും കാണാതെ അത് കൊണ്ട് മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന മണല്‍ കൂമ്പാരത്തില്‍ നിന്നും ലോഹകണങ്ങള്‍ ഈ കാന്തം ഉപയോഗിച്ച് ശേഖരിക്കുക ആയിരുന്നു ഏറ്റവും വലിയ വിനോദം. എന്നെ സംബധിച്ച് അത് അത്ഭുത വസ്തുവും അത് കയ്യില്‍ വെച്ചിരിക്കുന്നത് ഒരു അഭിമാനവും ആയിരുന്നു . എന്റെ കാലക്കേടിന് കൊച്ചനിയന്‍ ജ്യോതിക്ക് എന്റെ ഈ കള്ളക്കളികള്‍ കണ്ടുപിടിക്കാന്‍ അധികം നേരം ഒന്നും വേണ്ടി വന്നില്ല. അമ്മ കൈയ്യോടെ തോണ്ടി മുതല്‍ പിടി കൂടി .വിചാരണയും വാദവും ശിക്ഷയും എല്ലാം പെട്ടന്ന് കഴിഞ്ഞു . അമ്മ എന്നെയും തൊണ്ടിമുതല്‍ ആയ കാന്തവും കൊണ്ട് എറണാകുളത്ത് താമസിക്കുന്ന മാമന്റെ വീട്ടിലേക്കു പോവാന്‍ തീരുമാനിച്ചു .

ഏറ്റുമാനൂരപ്പനെ മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവിനെ പോലീസുകാര്‍ കൊണ്ടുപോവുന്നതുപോലെ ആണ് എന്നെ അമ്മ ട്രെയിനില്‍ ഏറണാകുളത്ത് കൊണ്ടുപോയത്. യാത്രയില്‍ ഉടനീളം മറ്റുള്ള യാത്രക്കാരോട് എന്റെ മോശം സ്വഭാവത്തെപറ്റിയും മാമന്റെ തങ്കശ്ശേരിയിലെ വീട്ടില്‍ നിന്നും കാന്തം കട്ടു കൊണ്ട് വന്നതിനെപ്പറ്റിയും ഗോപി മാമനുമായുള്ള ബന്ധവും കടപ്പാടും ഒക്കെ വിവരിച്ചുകൊണ്ടിരുന്നു. പ്രമാദമായ ഒരു കേസിലെ പ്രതിയെപ്പോലെ ഞാന്‍ തല താഴ്ത്തി ഇരുന്നു.

പച്ചാളം റെയില്‍വെക്രോസ്സിനു അടുത്ത് അന്ന് മാമന്‍ വാടകയ്ക്ക് താമസിക്കുകയാണ്. അവിടെ എത്തിയതും അമ്മയുടെ ശകാരം ഏറെക്കുറെ ഉച്ചത്തില്‍ ആയി പിന്നീട് കരച്ചില്‍ ആയി മാറി.

'തങ്കമ്മ സാറേ, അവനു ബോധിച്ച ഒരു സൂത്രം കയ്യില്‍ കിട്ടിയപ്പോള്‍ ചൂണ്ടി, അത് ആരുമറിയാതെ ആ പിള്ളേരെ ഏല്‍പ്പിച്ചാല്‍ പോരെ, അവനെ ഇങ്ങനെ കൊണ്ട് നടന്നു പ്രദര്‍ശിപ്പിക്കണോ?

മാമിയുടെ ഉപദേശമൊന്നും അമ്മ കേള്‍ക്കുന്നില്ല, എന്റെ ദുസ്വഭാവങ്ങള്‍ മാറാന്‍ തകിട് വല്ലതും എഴുതി കെട്ടണമെന്നും ജോത്സ്യനെ കാണാനാന്മെന്നും ഒക്കെ അമ്മ ഗോപി മാമനോട് പറഞ്ഞു .

'പോട്ടെ തങ്കമ്മേ, അവന്‍ അങ്ങ് മാറും, പിള്ളേരെല്ല, അവന്‍ വലുതാവുമ്പോള്‍ ശരിയാകും' ഗോപി മാമനും അമ്മയെ സമാധാനിപ്പിക്കാന്‍ നോക്കി.

കാലചക്രം പിന്നെയും തിരിഞ്ഞപ്പോള്‍ തങ്കശ്ശേരിയിലെ പ്രകാശ് ഭവന്‍ വിറ്റ് മാമന്‍ എറണാകുളത്തു വലിയ ഒരു വീട് വാങ്ങി, വല്യച്ചന്‍ വിട വാങ്ങി, ഒടുവില്‍ മാമനും മാമിയും കടവന്ത്രയില്‍ ഫ്‌ലാറ്റില്‍ എത്തി. മക്കള്‍ ഒക്കെ പലയിടത്തു, മാമനും മാമിയും ഏറെക്കുറെ ഒറ്റക്ക്. മൂക്കിന്റെ തുമ്പത്ത് ദേഷ്യമുള്ള മാമിയും 'കുട്ടികളെ' എന്ന് അടുക്കള ഭാഗത്തേക്ക് നോക്കി മാമിയെ വിളിക്കുന്ന മാമനും 'ഈ മൂപ്പില്‍സ് എന്ന് മാമനെ വിളിക്കുന്ന മാമിയും. അവരെ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി മുടങ്ങാതെ എല്ലാ ഞായറാഴ്ചയും വിളിക്കുന്ന ആ പഴയ 'കാന്തം മോട്ടിച്ച കള്ളന്‍' പിനീട് വലിയ കാന്തം കൊണ്ട് പ്രവര്‍ത്തിക്കുന്ന എം ആര്‍ ഐ യുടെ തത്വം പഠിക്കാനായിരുന്നു ദൈവ നിയോഗം .

ഒരു ഞായാറാഴ്ച എന്റെ ഫോണ്‍ വരാന്‍ വൈകിയാല്‍ മാമന്‍ മാമിയെ നോക്കി

'കുട്ടികളെ , ഇല്ല എന്തിര് ചെറുക്കന്‍ വിളിച്ചില്ലല്ലോ'

'ഈ മൂപ്പില്‍സ്‌നു എന്തിന്റെ കേടാ? അവന്‍ അവനു തോന്നുമ്പോള്‍ വിളിക്കും '

ലോകത്തെവിടെപ്പോയാലും തിരികെ വരുമ്പോള്‍ ഞാന്‍ മാമനെയോ മാമിയെയോ കാണാതെ പോയിട്ടില്ല. മാമന്‍ പോയ ജപ്പാനും ലണ്ടനും ജര്‍മ്മനിയും സിംഗപ്പൂരും ഒക്കെ കാണാന്‍ ഭാഗ്യം ലഭിച്ചപ്പോള്‍, എം ആര്‍ ഐ വിദഗ്ധ പരിശീലനത്തിന് പോയപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തത് മാമന്‍ എന്നോട് പറഞ്ഞ വാക്കുകളും തങ്കശ്ശേരിയില്‍നിന്നും മോഷ്ടിച്ച ആ ചെറിയ കാന്തവും ആണ്. ദൈവം ഓര്‍ത്തു വെച്ച് തിരികെ തന്ന അനുഗ്രഹം!

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ചെറിയ ഒരു നെഞ്ചു വേദന കാരണം മാമനെ എറണാകുളം ഇ എം സീ യില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസംകൊണ്ട് സ്ഥിതി മോശമായി. ഐ സീ യൂ വില്‍ വെന്റിലേറ്റര്‍ ഇല്ല, മസ്തിഷ്‌ക മരണം ഏതു സമയവും സംഭവിക്കാവുന്ന അവസ്ഥ! മാമിയെ അവസാനമായി ഒന്ന് കാണാന്‍ അടുത്തേക്ക് വിളിപ്പിച്ചു

ദേഹമാസകലം ഉപകരണങ്ങള്‍ ഘടിപ്പിച്ച ആ ശരീരത്തെ നോക്കി മാമി ഉറക്കെ പറഞ്ഞു

'എടൊ മൂപ്പില്‌സേ താന്‍ അങ്ങിനെ ചുളുവില്‍ ഒന്നും പോവില്ല , ജ്യോത്സ്യന്‍ എന്റെ ജാതകം നോക്കി എനിക്ക് വൈധവ്യം വരില്ല എന്ന് കട്ടായം പറഞ്ഞിട്ടുണ്ട് '

പത്ത് മിനിട്ട് കഴിഞ്ഞു എനിക്ക് മുംബൈയില്‍ പ്രസാദ് അണ്ണന്റെ ഫോണ്‍ വന്നു

'എടാ അച്ഛന്‍ പോയി '

ഫോണ്‍ കട്ട് ചെയ്തതും അമ്മയുടെ കാണപ്പെട്ട ദൈവം എങ്ങിനെയാണ് എനിക്കും കാണപ്പെട്ട ദൈവം ആയതെന്നു ഓര്‍ത്തു. പഴയ കാലം ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ പോലെ എന്റെ മുന്നില്‍ തെളിഞ്ഞു . ഒരിക്കല്‍ ദൂരെ നിന്ന് ആരാധനോയോടെ ഞാന്‍ നോക്കി കണ്ട എന്നെ ഗോപി മാമന്റെയും ലീല മാമിയുടെയും എത്ര അടുത്ത് കൊണ്ട് ചെന്ന് നിര്‍ത്തി?

പിറ്റേ ദിവസം ഞാന്‍ എത്തിയാല്‍ ഉടന്‍ ശവസംസ്‌കാരം നടത്തണം എന്ന് തീരുമാനിക്കപ്പെട്ടു. മുംബയില്‍ വെച്ച് ആദ്യം കുറച്ചു കരഞ്ഞതിനാല്‍ എന്ത് സംഭവിച്ചാലും മാമിയുടെ മുന്‍പില്‍ കരയരുത് എന്ന് തീരുമാനിച്ചു തന്നെയാണ് പോയത്. പ്രകാശ് അണ്ണന്റെ ഭാര്യ വിലാചേച്ചി എന്നെ അറിയാവുന്നതിനാല്‍ അങ്ങിനെ നിര്‍ബന്ധപൂര്‍വ്വം പറയുകയും ചെയ്തു

'Dont create a scene.'

മൂന്നു മണിക്ക് ഞാന്‍ മാമന്റെ ഫ്‌ളാറ്റില്‍ എത്തി. ഫഌറ്റിന്റെ ലോബ്ബിയില്‍ മാമന്റെ മൃതശരീരം സ്വര്‍ണപ്പട്ടില്‍ പൊതിഞ്ഞു കിടത്തിയിരിക്കുന്നു. നെറ്റിയില്‍ സ്ഥിരമുള്ള ചന്ദനക്കുറി അപ്പോഴും ഉണ്ട്. മുഖത്തെ പ്രസാദം കണ്ടാല്‍ ഉറങ്ങുകയാണ് എന്നേ തോന്നുകയുള്ളൂ. ഞാന്‍ എന്നും തൊട്ടുവണങ്ങിയിരുന്ന ആ പാദങ്ങള്‍ ഒരു വെളുത്ത തുണി കൊണ്ട് വിരലുകള്‍ കൂട്ടി കെട്ടിയിരിക്കുന്നു. ഞാന്‍ ആ മുഖത്തേക്ക് എല്ലാ ധൈര്യവും സംഭരിച്ചു ഒന്ന് കൂടി നോക്കി .

'കുട്ടികളെ! ബോംബെന്നുആ എന്തരു ചെറുക്കന്‍ വന്നില്ലേ?

'മൂപ്പില്‌സേ നിങ്ങള്‍ക്ക് കണ്ണും കണ്ടുകൂടെ? അവനല്ലേ ഈ വടി പോലെ വന്നു മുന്നില്‍ നില്‍ക്കുന്നത്?'

'ഇങ്ങോട്ട് നീങ്ങിനില്ലടാ, പ്രസാദിന്റെ പാന്റും ഷൂസും ആണോടാ നീ ഇട്ടിരിക്കുന്നേ?

'നീ തങ്കശേരീന്ന് എന്റെ പിള്ളാരുടെ ഒരു മാഗ്‌നെറ്റ് മോട്ടിച്ചു കൊണ്ടുപോയത് ഓര്‍മയുണ്ടോഡാ?'

'നിന്റെഅമ്മ തങ്കമ്മ സാറ് എന്നിട്ട് എന്തോകരച്ചിലും പിഴിച്ചിലും ആരുന്നെടാ? ഒരുപാട് തല്ലിയോടാ അന്ന് ?

'നിനക്ക് വല്ലതും ഓര്‍മയുണ്ടോടാ?

'എന്നിട്ട് നീഎന്താ കരയാത്തെ ?

എന്റെ സകല നിയന്ത്രങ്ങളും വിട്ടുപോയി.

ഞാന്‍ മുഖംപൊത്തി പൊട്ടിക്കരഞ്ഞു

വെറും ഒരുഅനാഥനെപ്പോലെ !
 ഗോപി മാമന്‍; തങ്കശ്ശേരി; ഒരു മാഗ്‌നെറ്റ് : സോമരാജന്‍ പണിക്കര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക