എന്റെ വീട്ടിലേയ്‌ക്കു പോവുന്ന വഴി കൊറ്റിക്കല്‍ അയ്യപ്പന്റെ തറവാട്ടു മുറ്റത്ത്
വലിയൊരു പരസ്യപ്പലക ഉയര്‍ന്നിരിയ്‌ക്കുന്നു. `റോസ് ഗാര്‍ഡന്‍സ്' എന്ന ചുവന്ന
അക്ഷര ങ്ങള്‍ക്കു താഴെ ഭംഗിയുള്ള ഏതാനും കെട്ടിടങ്ങളുടെ രൂപരേഖ. ബന്ധപ്പെടേണ്ട
ഫോണ്‍ നമ്പറും വിലാസവും ഉണ്ട്. അതിന്റെ താഴെ ഇത്രയും വിവരങ്ങള്‍: ആറാട്ടുപുഴ
അമ്പലത്തിലേയ്‌ക്ക് രണ്ടു കിലോമീറ്റര്‍, പല്ലിശ്ശേരി പള്ളിയിലേയ്‌ക്ക് മൂന്ന്,
ഊരകത്തെ മുസ്ലിം പള്ളിയിലേയ്‌ക്ക് രണ്ട്, സാന്റാ മരിയ അക്കാദമിയിലേയ്‌ക്ക്
ഒന്ന്, തൃശ്ശൂര്‍ പട്ടണത്തിലേയ്‌ക്ക് പതിമൂന്ന്, നാഷണല്‍ ഹൈവേയിലേയ്‌ക്ക് ആറ്,
നെടുമ്പാശ്ശേരി വിമാനത്താവളത്തിലേയ്‌ക്ക് മുപ്പത്തിരണ്ട്.....
അയ്യപ്പന്റെ
തറവാട്ടില്‍ ആള്‍ത്താമസം ഇല്ലാതായിട്ട് ഒരു കൊല്ലത്തോളമായിരുന്നു. അയ്യപ്പന്റെ
പേരക്കുട്ടി കൊച്ചനിയനും കുടും വും മാത്രമായിരുന്നു കുറച്ചു കാലമായി അവി ടത്തെ
അന്തേവാസികള്‍. എട്ടുമുനയിലുള്ള ഒരു പഞ്ചകര്‍മ്മ സെന്ററില്‍ തെറാപ്പിസ്റ്റ് ആണ്
കൊച്ചനിയന്‍. അവിടേയ്‌ക്കു താമസം മാറ്റാന്‍ ഉദ്ദേശിയ്‌ക്കുന്നുണ്ടെന്ന് കുറച്ചു
കാലം മുമ്പ് അയാള്‍ എന്നോടു പറഞ്ഞിരുന്നു. ഭാര്യവീട് അവിടെയാണ്.
താമസം
മാറ്റുന്നതിനു മുമ്പേ തന്നെ കൊച്ചനിയന്‍ തറവാട്ടു വളപ്പിലുള്ള മരങ്ങള്‍ ഓരോന്നായി
മുറിച്ചു വിറ്റു തുടങ്ങിയിരുന്നു. ആറേഴു പ്ലാവുകളും അത്ര തന്നെ മാവുകളും. പിന്നെ
ബാക്കിയുണ്ടായിരുന്നത് കുറച്ചു കശുമാവുകളാണ്. അതും കഴിഞ്ഞമാസം മുറിയ്‌ക്കു ന്നതു
കണ്ടപ്പോള്‍ എന്തൊക്കെയോ ചിലതു സംഭവിയ്‌ക്കാന്‍ പോവുകയാണെന്ന് എനിയ്‌ക്കു
തോന്നിയിരുന്നു.
അയ്യപ്പന്‍ മരിച്ചുപോയിട്ട് പത്തുപന്ത്രണ്ടു
കൊല്ലമായിട്ടുണ്ടാവും. രാവിലെ സ്‌കൂളില്‍ പോവുമ്പോള്‍ മിക്കവാറും ദിവസങ്ങളില്‍
അയ്യപ്പന്‍ എതിരെ വരും. അയ്യപ്പന്റെ കയ്യില്‍ ചാട്ടയും ചുമലില്‍ കലപ്പയുമുണ്ടാവും.
കനത്ത ശബ്‌ദത്തില്‍ പോത്തുകളെ തെളിച്ചുകൊണ്ട് അയ്യപ്പന്‍ നടക്കും. അയ്യപ്പന്റെ
കടഞ്ഞെടുത്തതു പോലെയുള്ള ഉറച്ച ദേഹം എനിയ്‌ക്ക് ഒരു കാഴ്‌ചയായിരുന്നു.
അര
നാഴിക അകലെയുള്ള മണ്ടേമ്പാടത്തേയ്‌ക്കായിരുന്നു അയ്യപ്പന്റെ യാത്ര. അവിടെ
പത്തുപറയ്‌ക്ക് കൃഷിയുണ്ട് അയ്യപ്പന്. പോത്തുകള്‍ക്കും അയ്യപ്പനും പിന്നിലായി
അയ്യപ്പന്റെ മകന്‍ കുഞ്ഞന്‍ നടക്കും. അയാളുടെ കയ്യില്‍ കൈക്കോട്ടും അരിവാളും മറ്റ്
ആയുധങ്ങളും ഉണ്ടാവും. കുഞ്ഞന്‍ ബധിരമൂകനാണ്. എന്നെ കണ്ടാല്‍ വികൃതമായ ശബ്‌ദത്തില്‍
സ്‌നേഹം നടിയ്‌ക്കും. കല്യാണം കഴിച്ചിട്ടില്ല. അച്ഛന്റെ ഒപ്പം നിന്ന് പകലന്തിയോളം
അദ്ധ്വാനിയ്‌ക്കും. അയ്യപ്പന് മക്കള്‍ ആറു പേരായിരുന്നു. കുഞ്ഞനു താഴെ മാധവന്‍.
പിന്നെ മൂന്നു പെണ്‍മക്കള്‍. അവരെ അകലെ എവിടേയ്‌ക്കോ കല്യാണം കഴിച്ചു കൊടുത്തു.
അവര്‍ക്കു താഴെ വിജയന്‍. വിജയന്‍ സ്‌കൂളില്‍ എന്റെയൊപ്പമാണ്
പഠിച്ചിരുന്നത്.
അയ്യപ്പന്റെ ഭാര്യ ലക്ഷ്‌മി വിജയനെ പ്രസവിച്ച പാടേ
മരിച്ചുപോയി. കൈക്കുഞ്ഞായ വിജയന്‍. എവിടെയുമെത്തിയിട്ടില്ലാത്ത മറ്റു മക്കള്‍.
അയ്യപ്പനെ അതൊന്നും തളര്‍ത്തിയില്ല. അയാള്‍ രാപ്പകല്‍ അദ്ധ്വാനിച്ചു. പാടത്തെ
കൃഷിയ്‌ക്കു പുറമേ പാല്‍ക്കച്ചവടവുമുണ്ടായിരുന്നു. മൂന്നു വീതം പശുക്കളും എരുമകളും.
ഒരേക്കറോളം വരുന്ന പുരയിടത്തില്‍ നിറയെ ഫലവൃക്ഷങ്ങളുണ്ടായിരുന്നു. വേനല്‍ക്കാലത്ത്
അതിലൂടെ കടന്നു പോവുന്നവര്‍ ചക്കയും മാങ്ങയും മണം പിടിയ്‌ക്കും. പറമ്പില്‍ മത്തനും
കുമ്പളവും വെണ്ടയും വഴുതിനയും കയ്‌പയും പടവലവും കായ്‌ച്ചുനിന്നു. മുറ്റത്ത്
അമരപ്പന്തല്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നു.
കൊയ്‌ത്തു കഴിഞ്ഞാല്‍ അയ്യപ്പന്റെ
വീട്ടില്‍ ഉത്സവമായി. കറ്റ മെതിയും നെല്ലു പേറ്റിക്കെ ാഴിയ്‌ക്കലും പുഴുങ്ങലും
ചിക്കലുമൊക്കെയായി മക്കളും പേരക്കുട്ടികളും ഉത്സവത്തില്‍ പങ്കെടുക്കും. ഉണങ്ങാനിട്ട
വൈക്കോല്‍ ഏറെ നാള്‍ കഴിയും മുമ്പേ തുറുവിന്റെ രൂപം
കൈക്കൊള്ളും.
അയ്യപ്പന്റെ മരണം പെട്ടെന്നായിരുന്നു. അന്നു രാവിലെയും പാടത്തു
പോയിരുന്നു. വെയിലാറി പണി നിര്‍ത്തി പാടത്തുനിന്നു കയറി പുഴയിലേയ്‌ക്കു നടന്നു.
പോത്തുകളെ ചകിരി തേച്ച് കുളിപ്പിച്ചു. പീച്ചിങ്ങ തേച്ച് സ്വയം കുളിച്ചു.
സന്ധ്യയോടെ വീട്ടിലെത്തി. പോത്തുകളെ തൊഴുത്തില്‍ മുളച്ചു. പശുക്കള്‍ക്ക്
പരുത്തിക്കുരുവും പിണ്ണാക്കും കൊടുത്തു. തിന്നാന്‍ വൈക്കോല്‍ ഇട്ടുകൊടുത്തു. എട്ടു
മണിയ്‌ക്ക് പച്ചമുളക് അരച്ചു ചേര്‍ത്ത നാളികേരച്ചമ്മന്തി കൂട്ടി ഒരു
കവിടിക്കിണ്ണം നിറയെ പൊടിയരിക്കഞ്ഞി കുടിച്ചു. എട്ടരയോടെ ഉറങ്ങാന്‍ കിടന്നു. രാവിലെ
പശുക്കള്‍ അമറുന്നതു കേട്ടാണ് അച്ഛന്‍ ഉണര്‍ന്നില്ലല്ലോ എന്ന് മാധ വന്‍
അറിഞ്ഞത്.
അയ്യപ്പന്റെ മരണം തറവാട്ടില്‍ മരണങ്ങളുടെ ഒരു പരമ്പരയുടെ
തൊടുത്തു. അടുത്ത രണ്ടു കൊല്ലത്തിനുള്ളില്‍ മാധവന്‍ മരിച്ചു. അതോടെ കൃഷി നടത്താന്‍
ആളില്ലാതായി. മാധവന്റെ ഭാര്യയേയും കുട്ടികളേയും അവരുടെ ആങ്ങള കൂട്ടിക്കൊണ്ടുപോയി.
കിടപ്പിലായ കുഞ്ഞനും മരിച്ചുപോയി. പുറത്തെവിടെയോ ജോലി യുണ്ടായിരുന്ന വിജയന്‍
മടങ്ങിയെത്തി തറവാട്ടില്‍നിന്നു ഭാഗം കിട്ടിയ ഭൂമിയില്‍ ചെറിയ ഒരു പുര വെച്ചു.
തീയേറ്ററുകളിലേയ്‌ക്ക് ഫിലിം എത്തിയ്‌ക്കുന്ന ജോലിയെടുത്തു കുറച്ചുകാലം. അതൊന്നും
പച്ച പിടിച്ചില്ല. ഭാര്യ രണ്ടു പശുക്കളെ വളര്‍ത്തി പാലു വിറ്റ് ജീവിയ്‌ക്കാന്‍
നോക്കിയെങ്കിലും അവരും താമസിയാതെ
മരിച്ചു. അതോടെ വിജയന്‍ പശുക്കളെ വിറ്റു.
രണ്ട് ആണ്‍മക്കളില്‍ മൂത്തവന്‍ ഓട്ടോ റിക്ഷ വാങ്ങി. രണ്ടാമന്‍ പണിയൊന്നുമെടുക്കാതെ
തെണ്ടിനടക്കുകയാണെന്ന് എന്നെ കാണുമ്പോഴൊക്കെ വിജയന്‍ പരാതി പറഞ്ഞു. പക്ഷേ അവന്‍
എങ്ങനെയൊക്കെയോ പണമുണ്ടാക്കുന്നുണ്ടെന്ന് അത്ഭുതം കൊണ്ടു. കൂട്ടുകെട്ട് അവനെ
പലപ്പോഴും പോലീസ് സ്റ്റേഷനിലെത്തിയ്‌ക്കുന്നുണ്ടെന്ന് പിന്നീടു
കേട്ടു.
മാധവന്റെ മകന്‍ ഉണ്ണിക്കൃഷ്‌ണന് കെ. എഫ്. സിയില്‍ കയറ്റിറക്കു
ജോലിയുണ്ട്. അയാള്‍ തറവാട്ടില്‍നിന്ന് കുറച്ചകലെ സ്വന്തം പുര പണിത്
താമസിയ്‌ക്കുകയാണ്. വല്ലപ്പോഴും ബസ് സ്റ്റോപ്പില്‍ വെച്ചുകാണുമ്പോള്‍ വിശേഷങ്ങള്‍
ചോദിയ്‌ക്കും. ഇന്നു രാവിലെ കണ്ട പ്പോള്‍ തറവാട്ടു മുറ്റത്തെ ബോര്‍ഡിനേക്കുറിച്ച്
അന്വേഷിച്ചു. `കൊച്ചനിയന് തറവാടിനോട് ഒരു സ്‌നേഹവുമില്ല,' ഉണ്ണിക്കൃഷ്‌ണന്‍
പറഞ്ഞു. `ഇത്ര തിരക്കു പിടിയ്‌ക്കണ്ട എന്നു പറഞ്ഞതാണ് ഞങ്ങള്‍. അതവന്‍ കേട്ടില്ല.
നഷ്ടത്തിലാണ് കൊടുത്തത്.'
മാധവന്‍ മരിച്ചപ്പോള്‍ കൊച്ചനിയന്‍ ആദ്യം
ചെയ്‌തത് പശുക്കളെ വില്‍ക്കുകയാണ്. പോത്തുകളെ മുമ്പേത്തന്നെ വിറ്റിരുന്നു.
മണ്ടേമ്പാടത്തെ മണ്ണ് ഓട്ടു കമ്പനിക്കാര്‍ക്ക് കൊടുത്ത് നിലം കൃഷി ചെയ്യാന്‍
പറ്റാതായപ്പോള്‍ പോത്തുകളുടെ ആവശ്യമില്ലാതായിരുന്നു. പശുക്കളും പോത്തുകളും
ഇല്ലാതായപ്പോള്‍ കൊച്ചനിയന്‍ തൊഴുത്ത് പൊളിച്ചുകളഞ്ഞു. `വലിയ വിലയാണ്
പറയുന്നത്,' ഉണ്ണിക്കൃഷ്‌ണന്‍ പറഞ്ഞു. `ഇരുപത്തഞ്ചാണത്രേ.'`ആ വിലയ്‌ക്കൊക്കെ
വാങ്ങാന്‍ ആളുണ്ടാവുമോ?'
`ഉണ്ടാവുമോന്നോ? നല്ല കാര്യായി' ഉണ്ണിക്കൃഷ്‌ണന്‍
ചിരിച്ചു. `എല്ലാം വിറ്റുപോയീത്രേ. ആര്‍ക്കാ ഇപ്പൊ പണത്തിന് പഞ്ഞം?'
`ആകെ
എത്ര വീടുകളുണ്ട്?' ഞാന്‍ ചോദിച്ചു.
`എട്ടെണ്ണം' ഉണ്ണിക്കൃഷ്‌ണന്‍ വീണ്ടും
ചിരിച്ചു. `വീടുകളല്ല കേട്ടോ. വില്ലകളാണ്. വീടുകളൊക്കെ നമ്മളേപ്പോലെയുള്ള
പാവങ്ങള്‍ക്കുള്ളതല്ലേ!'
എനിയ്‌ക്ക് ഒരു കാര്‍ട്ടൂണ്‍ ഓര്‍മ്മ വന്നു. ഒരു
പുരയുടെ മുന്നില്‍ മൂന്നു പേര്‍ നില്‍ക്കുന്നു. ഗേറ്റില്‍ ബാബുവില്ല എന്ന്
എഴുതിവെച്ചിട്ടുണ്ട്. മൂന്നു പേരിലൊരാള്‍ പറയുന്നു:`ഞാനപ്പൊഴേ പറഞ്ഞതാണ് അവന്‍
ഉണ്ടോ എന്നു ചോദിച്ചിട്ടു പുറപ്പെട്ടാല്‍ മതിയെന്ന്!'വില കുറഞ്ഞ ഫലിതമാവാം. പക്ഷേ
അതില്‍ ചില കാര്യങ്ങളുണ്ട്. ആള്‍ത്താമസമില്ലാത്ത വീടുകള്‍ കൊണ്ട് നിറയുകയാണത്രേ
കേരളം. ഇപ്പോള്‍ അത്തരം പതിമ്മൂന്നു ലക്ഷത്തോളം വീടുകളുണ്ടെന്നാണ് കണക്ക്.
മറുനാട്ടില്‍ ജീവിയ്‌ക്കുന്നവര്‍ക്ക് നാട്ടില്‍ ഒരുവീട്
സ്വപ്‌നമാണ്. വളരെ
മിനക്കെട്ട് വീടു പണിത് അല്ലെങ്കില്‍ വില്ല വാങ്ങി
അവരതുസാക്ഷാല്‍ക്കരിയ്‌ക്കുന്നു. പിന്നെ പുതിയ വീട് പൂട്ടിയിട്ട്
മറുനാട്ടിലേയ്‌ക്കു തന്നെ മടങ്ങുന്നു.`വാങ്ങിയത് ആരും നമ്മുടെ നാട്ടുകാരല്ല,'
ഉണ്ണിക്കൃഷ്‌ണന്‍ പറഞ്ഞു. `നമ്മുടെ നാട്ടുകാര്‍ക്ക് എവിടെയാ കാശ്?' പിന്നെ ഒന്ന്
ആലോചിച്ച് അയാള്‍ തുടര്‍ന്നു: `നമ്മുടെ നാട്ടില്‍ഇനി നമ്മളൊന്നുമാവില്ല
അല്ലേ!'
വില്ലകളും ഫ്‌ളാറ്റുകളും നമുക്ക് നിക്ഷേപങ്ങളാണ്. ഒരിയ്‌ക്കലും
താമസിയ്‌ക്കാന്‍ കഴിയില്ലഎന്ന ഉറപ്പോടെത്തന്നെയാണ് കൊട്ടാരങ്ങള്‍ പണിയുന്നത്.
എന്നിട്ടും ഒരിയ്‌ക്കല്‍നാട്ടില്‍ വന്നു താമസിയ്‌ക്കാന്‍ കഴിയുമെന്ന് സ്വപ്‌നം
കാണുന്നു. ഇല്ലെങ്കിലെന്താ, നാട്ടിലെവീട് മറിച്ചു വിറ്റാല്‍ കോടികള്‍ കിട്ടുമല്ലോ
എന്ന് കണക്കു കൂട്ടുന്നു. ധനികത്വം ഒരു സങ്കല്‍പ്പമാണല്ലോ. വില്ലകള്‍
സമ്പത്തിന്റേയും അന്തസ്സിന്റേയും അടയാളങ്ങളാണ്.`മുന്‍പൊന്നും കേട്ടിട്ടില്ല,
ഉവ്വോ? എവിടുന്നു വന്നതാണ് ഈ വാക്ക്?'ഞാന്‍ വെറുതെ ചിരിച്ചു.
ഇംഗ്ലീഷില്‍
വീടിന് `ഹൗസ്' എന്നും `ഹോം' രണ്ടു വാക്കുകളുണ്ട്. രണ്ടും
തമ്മിലുള്ളവ്യത്യാസമെന്തെന്ന് ചിലപ്പോള്‍ ഞാന്‍ കുട്ടികളോടു ചോദിയ്‌ക്കാറുണ്ട്.
അവര്‍ക്കറിയില്ല.അപ്പോള്‍ വിശദീകരിയ്‌ക്കും: ഹൗസ് എന്നാല്‍ താമസസ്ഥലമേ
ആവുന്നുള്ളു. ആള്‍ത്താമസമുള്ളസ്ഥലമാണ് ഹോം. മലയാളത്തിലാണെങ്കില്‍ `പുര' എന്നും
`വീട്' എന്നും പറയാം.അല്ല. `വില്ല' എന്നും `വീട്' എന്നും പറയാം. `വില്ല'
എന്നതില്‍ത്തന്നെ ഇല്ല എന്ന ഒരു ശബ്‌ദമുണ്ടല്ലോ!