Image

വാതുവയ്‌പേ വാഴ്‌ക .... (കവിത: ശ്രീകുമാര്‍ പുരുഷോത്തമന്‍)

Published on 29 May, 2013
വാതുവയ്‌പേ വാഴ്‌ക .... (കവിത: ശ്രീകുമാര്‍ പുരുഷോത്തമന്‍)
വാതുവയ്‌പില്‍ ബിരുദമെടുത്തവര്‍
വാനം മുട്ടെ സിക്‌സര്‍ പറത്തുന്നു
കയ്യടിച്ചു ഞാന്‍ ഉന്മത്തനാകുന്നു
വാതുവയ്‌പുകാര്‍ പൊട്ടിച്ചിരിക്കുന്നു

ഫോറടിച്ചാല്‍ വിജയം സുനിശ്ചിതം
ഹൃദയതാളം ഉച്ചത്തിലാകുന്നു
റണ്ണെടുക്കാതെ റണ്‍ഔട്ട്‌ ആകുന്നു
വാതുവയ്‌പുകാര്‍ ആടി തിമര്‍ക്കുന്നു

വിഗ്രഹങ്ങള്‍ വീണുടഞ്ഞീടുന്നു
ജന്മനാടിനെ ഒറ്റിക്കൊടുക്കുന്നു
പാല്‌ നല്‌കിയ കയ്യില്‍ കടിക്കുന്നു
കാണികളൊക്കെ വിഡ്‌ഢികളാകുന്നു

നൂറുകോടി ജനങ്ങള്‍തന്‍ ശ്വാസത്തില്‍
പടര്‍ന്നുകയറിയോരീ കളിയാട്ടത്തെ
വ്യഭിചരിച്ചു മാനം കെടുത്തിയ
പിമ്പുകള്‍ വിളയാട്ടം നടത്തുന്നു

കളിക്ക്‌ പിന്നിലെ കളിയറിയാത്തവന്‍
കളിക്കളത്തിനു വെളിയിലിരിക്കുന്നു
വായില്‍ സ്വര്‍ണം അരച്ചുകുടിച്ചവന്‍
കളിക്കളത്തില്‍ അരങ്ങ്‌ തകര്‍ക്കുന്നു

ലീവെടുത്ത്‌ ഞാന്‍ വീട്ടിലിരിക്കുന്നു
എന്‍റെ ടീമിന്‌ കയ്യടിച്ചീടുവാന്‍
എന്‍റെ നെഞ്ചില്‍ അഗ്‌നിസ്‌ഫുലിന്‌ഗങ്ങള്‍
എന്‍റെ ടീമിതാ തോറ്റു മടങ്ങുന്നു

തോല്‍വിയെന്നും ജയത്തിന്റെ മുന്നോടി
കോടി ബാങ്കില്‍ നിറഞ്ഞു കവിയുന്നു
എന്‍റെ താരം മനസ്സില്‍ ചിരിക്കുന്നു
നൂറു കോടിയെ കാര്‍ക്കിച്ച്‌ തുപ്പുന്നു

എന്‍ തലച്ചോര്‍ അടിയറ വയ്‌ക്കണോ
വതുവയ്‌പിനു കോടികള്‍ നേടുവാന്‍ ?
രാക്കിളികള്‍ പാട്ട്‌ നിര്‍ത്തീടട്ടെ
ഇക്കളികള്‍ തിരിച്ചറിയേണം നാം !!!
വാതുവയ്‌പേ വാഴ്‌ക .... (കവിത: ശ്രീകുമാര്‍ പുരുഷോത്തമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക