Image

എന്‍റെ മരണവും പുനരുത്ഥാനവും (കഥ: കൃഷ്‌ണ)

Published on 03 June, 2013
എന്‍റെ മരണവും പുനരുത്ഥാനവും (കഥ: കൃഷ്‌ണ)
ചിട്ടിക്കമ്പനിയില്‍ ഇനി മൂന്നുമാസംകൂടിയെ എനിക്ക്‌ ജോലി ചെയ്യേണ്ടതുള്ളൂ. അതിനുശേഷം പിരിഞ്ഞുപോകാം. മുതലാളിയുടെ അറിയിപ്പ്‌ കിട്ടിയപ്പോള്‍ എനിക്ക്‌ സന്തോഷമാണ്‌ തോന്നിയത്‌. രാവിലെ കമ്പനിയിലെത്തുക, ആരെങ്കിലുമൊക്കെ കൊണ്ടുവന്നുതരുന്ന ചെക്കും പണവുമൊക്കെ വാങ്ങിവയ്‌ക്കുക, വൈകുന്നേരം മുതലാളി വരുമ്പോള്‍ ഓഛാനിച്ചുനിന്ന്‌ അയാളുടെ ശരീരത്തില്‍നിന്ന്‌ ഉയരുന്ന വിയര്‍പ്പിന്‍റെ ദുര്‍ഗന്ധം സഹിച്ച്‌ കണക്കുകളും തുകയും ചെക്കുകളും നല്‍കുക; ഇതിലേറെയൊന്നും അവിടെ എനിക്ക്‌ ചെയ്യാനില്ലായിരുന്നു. അതിനുശേഷം നേരെ മുറിയിലെത്തി നാറുന്ന വിയര്‍പ്പില്‍ മുങ്ങിത്താഴുന്നതോടെ എന്‍റെ ദിവസം അവസാനിക്കുകയായി. ചിട്ടിക്കമ്പനിയും എന്‍റെ മുറിയും ഹോട്ടലിലെ പയ്യന്‍ സ്ഥിരമായി എത്തിച്ചിരുന്ന ആഹാരവും കൂടാതെ വേറെ പലതും ഈ ലോകത്തുണ്ടെന്ന കാര്യം തന്നെ ഞാന്‍ മറന്നുകഴിഞ്ഞിരുന്നു. പക്ഷെ താമസിയാതെ ഈ ജോലി അവസാനിക്കുമെന്ന്‌ അറിഞ്ഞ നിമിഷം മുതല്‍ ഞാന്‍ മറ്റുകാര്യങ്ങളെപ്പറ്റി ചിന്തിച്ചുതുടങ്ങി. അതോടെ കമ്പനി ഇത്രയുംനാള്‍ ഒരു തടവറ മാത്രമായിരുന്നെന്ന ബോധം എന്നിലുദിച്ചു. പുറത്തെ തിളങ്ങുന്ന വെയിലിന്‍റെ സൗന്ദര്യവും അന്നുവരെ ഞാന്‍ ശ്രദ്ധിച്ചിട്ടില്ലാത്ത ചെടികളുടെയും വൃക്ഷങ്ങളുടെയും വിഭിന്ന നിറങ്ങളും പക്ഷികളുടെ കലപില ശബ്ദവും കാറ്റിലലിഞ്ഞ കടലിന്‍റെ ഗന്ധവും എന്നെ ഹഠാദാകര്‍ഷിച്ചു. മൂന്നുമാസങ്ങല്‍ക്കുശേഷം ഇവയെല്ലാം എന്‍റേതുകൂടിയാകുമെന്ന അറിവിന്റെ ആഹ്ലാദം പങ്കുവയ്‌ക്കാന്‍ ഒരു ചങ്ങാതിയില്ലാതായിപ്പോയതിന്‍റെ ദുഃഖം തീവ്രമായി എന്നിലുണര്‍ന്നു. നഷ്ടങ്ങളുടെ ആഴം ഒരു ശൂന്യതയായി എന്‍റെ ചിന്തകളില്‍ നിറഞ്ഞു. അതിന്‍റെ
ചുഴിയിലമര്‍ന്നലിഞ്ഞ്‌ എന്‍റെ ഉന്മേഷം പൂര്‍ണ്ണമായി നഷ്ടപ്പെട്ടു.

അങ്ങനെ വെളിയിലേക്കുനോക്കി ഞാന്‍ ഇരുന്നപ്പോഴാണ്‌ അയാള്‍ കടന്നുവന്നത്‌. അയാളുടെ വേഷത്തിന്‍റെ പ്രത്യേകതയാണ്‌ ആദ്യം ഞാന്‍ ശ്രദ്ധിച്ചത്‌. ആകെ പച്ചനിറം. ഒരു പച്ചത്തലപ്പാവ്‌. ഒരു പച്ചക്കോട്ട്‌. അതിനും താഴെ ഒരു അയഞ്ഞുലഞ്ഞ പച്ചപ്പൈജാമ. ഇതൊന്നും പോരാഞ്ഞിട്ട്‌ ഒരു പച്ചക്കണ്ണട. വളഞ്ഞമൂക്കിന്‍റെ അറ്റത്തും ഒരു പച്ചനിറം.

ചുറ്റുപാടാകെ ഒന്നുനോക്കി ഒന്നു മണം പിടിച്ച്‌ ഒരു നായയെപ്പോലെ അയാള്‍ എന്‍റെ മേശയുടെ സമീപത്തെത്തി കസേരയില്‍ ഇരിപ്പുറപ്പിച്ചു.

`നിങ്ങള്‍ ചിട്ടി നടത്തുകയാണല്ലേ? എനിക്കും ഒരു ചിട്ടിചേരണം.'

ഞാന്‍ മേശപ്പുറത്തുനിന്നും ഫാറങ്ങള്‍ തെരഞ്ഞെടുത്തു മുന്‍പില്‍ വച്ചു.
`പേരും മേല്‍വിലാസവും പറയണം.'

`അതൊന്നും വേണ്ട. അല്ലെങ്കില്‍ അതൊന്നും ഇല്ല എന്നെഴുതിക്കോളൂ.'
ഞാന്‍ അയാളുടെ മുഖത്തേക്കുതന്നെ നോക്കിയിരുന്നു.

`അല്ലെങ്കില്‍ ഒരു കാര്യം ചെയ്യൂ. നിങ്ങള്‍ക്ക്‌ തോന്നുന്ന പേരും മേല്‍വിലാസവും എഴുതിക്കോളൂ. കളിയില്‍ നിയമങ്ങള്‍ പാലിക്കണമല്ലോ?'

അയാള്‍ പുഞ്ചിരിച്ചു. നല്ല നിരയൊത്ത പല്ലുകള്‍ ആ പച്ചക്കാടിനുള്ളില്‍ മനോഹരമായിത്തോന്നി. ആദ്യമായി അയാളില്‍ എന്തോ ഒരു ആകര്‍ഷണീയത ഞാന്‍ കണ്ടു.

`ശരി.` എനിക്കുതോന്നിയ പേരും മേല്‍വിലാസവും ഞാന്‍ ഒരു ഫാറത്തിലെഴുതി. ഭ്രാന്തിന്‍റെ നിയമങ്ങള്‍ ഞാനും പാലിക്കണമല്ലോ?
`ഇവിടെ പലതരം ചിട്ടികളുണ്ട്‌. ജൂനിയര്‍, സീനിയര്‍, ടോപ്പ്‌ലെവല്‍ എന്നിങ്ങനെ. അതിലേതിനാണ്‌ ചേരുന്നത്‌?`

അയാള്‍ അല്‍പ്പനേരം ചിന്തിച്ചിരുന്നു. കണ്ണടച്ച്‌ ധ്യാനത്തിലെന്നവണ്ണമുള്ള ആ ഇരിപ്പ്‌ എനിക്ക്‌ നന്നേ രസിച്ചു.
`സീനിയര്‍ തന്നെയാകട്ടെ. രണ്ടിനും ഇടയിലായാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമല്ലോ?' അയാള്‍ ചിരിച്ചു.

`ഇനി പണത്തിന്‍റെ കാര്യം. ആയിരം രൂപാവീതം നാല്‍പ്പതുമാസം. പത്താംതീയതിക്കുള്ളിലാണ്‌ പണം അടയ്‌ക്കേണ്ടത്‌.'

`കോട്ടിന്‍റെ പോക്കറ്റിലേക്ക്‌ കയ്യിട്ട്‌ അയാള്‍ എന്തൊക്കെയോ വലിച്ചെടുത്തു. അതെല്ലാം മേശപ്പുറത്തുനിരത്തി.
തുല്യനീളത്തിലും വീതിയിലും മുറിച്ച കുറെ കടലാസ്സുകഷണങ്ങള്‍. എന്നിട്ട്‌ മേശപ്പുറത്തുകിടന്ന പേനയെടുത്ത്‌ അതിലൊരു കടലാസ്സില്‍ 'ആയിരം രൂപ' എന്നെഴുതി.

`ഇതാ ഈ മാസത്തെ തുക.`

ഞാന്‍ ആ കടലാസ്സുവാങ്ങി തുക ഫാറത്തില്‍ ചേര്‍ത്തു.

`ശരി. ഇനി അടുത്തമാസം കാണാം.`
അയാളെ പറഞ്ഞുവിടാനുള്ള ധൃതിയായിരുന്നു എനിക്ക്‌. പക്ഷെ അയാള്‍ക്ക്‌ യാതൊരു ധൃതിയും കണ്ടില്ല.
`സമയം പോകാന്‍ കളി തുടര്‍ന്നല്ലേ പറ്റൂ? ഒരു കാര്യം ചെയ്യാം. ഓരോ പത്തുമിനിട്ടും ഓരോ മാസം. മാസാമാസം ഞാന്‍ തുക അടച്ചുകൊണ്ടിരിക്കാം. അങ്ങനെ നമുക്ക്‌ കളി തുടരാം.`

ഭയം എന്നില്‍ വേരുറപ്പിച്ചുകഴിഞ്ഞിരുന്നു. അയാളെ എങ്ങനെ ഒഴിവാക്കും?

എന്റെ അസ്വസ്ഥത അയാള്‍ മനസ്സിലാക്കി.

`ഞാന്‍ എഴുതിത്തന്നതുകൊണ്ടാണോ നിങ്ങള്‍ക്കീ അസ്വാസ്ഥ്യം?'

അല്ലെന്നു പറയാന്‍ ഞാന്‍ മുതിര്‍ന്നെങ്കിലും അയാള്‍ കയ്യുയര്‍ത്തി വിലക്കി.

`വാങ്ങിക്കുന്ന ആളിനും കൊടുക്കുന്ന ആളിനും വിശ്വാസമുള്ള കടലാസ്സാണ്‌ പണം. കളിയില്‍ വിശ്വാസമല്ലേ പ്രധാനം? അല്ലാതെ പണം ആരും തിന്നാറില്ലല്ലോ?'

അയാള്‍ അടുത്ത കടലാസ്സ്‌ എന്‍റെനേരെ നീട്ടി. `ഇതാ ഈ മാസത്തെ പണം. നിങ്ങള്‍ കഴിഞ്ഞമാസത്തെ രസീത്‌ ഇതുവരെ തന്നില്ല.'

ഞാന്‍ ഒരു കടലാസ്സില്‍ എന്തൊക്കെയോ വരച്ച്‌ അയാള്‍ക്ക്‌ കൊടുത്തു. അത്‌ സൂക്ഷിച്ചുപരിശോധിച്ച്‌ അയാള്‍ പോക്കറ്റിലിട്ടു.

വീണ്ടും കളി തുടര്‍ന്നു. ഓരോ പത്തുമിനിട്ടിലും അയാള്‍ 'പണം' തരികയും ഞാന്‍ കഴിഞ്ഞ മാസത്തെ 'രസീത്‌' എഴുതുകയും അയാള്‍ അത്‌ പരിശോധിച്ച്‌ പോക്കറ്റിലിടുകയും ചെയ്‌തുകൊണ്ടിരുന്നു.`
ക്രമേണ എനിക്കും കളിയില്‍ രസം തോന്നിത്തുടങ്ങി. ഇടയ്‌ക്കൊരിക്കല്‍ എന്തോ പറഞ്ഞു ഞാനയാളോട്‌ തര്‍ക്കിച്ചു.

`നിങ്ങള്‍ക്ക്‌ കളിയില്‍ രസം തോന്നിത്തുടങ്ങി, അല്ലേ? എല്ലാ കളിയും കാര്യം. അല്ലെങ്കില്‍ എല്ലാ കാര്യവും കളി. രണ്ടും ഒന്നുതന്നെ.'

ഇരുപതുമാസത്തെ ഇടപാട്‌ കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു:

`ഇനി ആഹാരം കഴിക്കണം, അല്ലേ?'

ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. ആഹാരത്തിനുമുകളില്‍ ചുറ്റിപ്പറക്കുന്ന ഈച്ചകളായിരുന്നു അപ്പോള്‍ എന്‍റെ മനസ്സില്‍.

`വരൂ.' അയാള്‍ പുറത്തേക്കുനടന്നു. ഞാന്‍ അയാളെ അനുഗമിച്ചു.

നടന്നുനടന്നു നഗരത്തിന്‍റെ ഏതോ മൂലയില്‍ ഞങ്ങളെത്തി. ദൂരെ തീവണ്ടിയുടെ ശബ്ദം കേട്ടു.
`അവരെല്ലാം വന്നു. ഇനി മറ്റുള്ളവരെല്ലാം പോകും. അവസാനം തലയെണ്ണിത്തിട്ടപ്പെടുത്തുമ്പോള്‍ ആരും പോയതുമില്ല, വന്നതുമില്ല. അതാണ്‌ ശരിയായ വിനോദം.'

അയാള്‍ പറഞ്ഞത്‌ എനിക്ക്‌ മനസ്സിലായില്ല. പക്ഷെ അത്‌ അയാളോടു പറയാന്‍ എനിക്ക്‌ സങ്കോചം തോന്നി.

കൂനിപ്പിടിച്ചുനിന്ന ഒരു കടയിലേക്ക്‌ അയാളും പിറകെ ഞാനും കയറി. എരിതീയുടെ ചൂടായിരുന്നു അതിനുള്ളില്‍. പക്ഷെ അവിടെ നിശ്ശബ്ദരായിരുന്ന്‌ ഭക്ഷണത്തില്‍ മാത്രം ശ്രദ്ധിച്ചിരുന്ന ആളുകളെ ആ ചൂടും പുകയും ലേശവും അലട്ടിയിരുന്നില്ല. പഴകിപ്പിഞ്ചിയ ആ കെട്ടിടത്തിന്‍റെ മേല്‍ക്കൂരയിലൂടെ പുകച്ചുരുളുകള്‍ പതഞ്ഞൊഴുകുകയും ആ വിടവുകളിലൂടെ അസംഖ്യം സൂര്യന്മാര്‍ താഴേക്കു വീഴുകയും ചെയ്‌തുകൊണ്ടിരുന്നു. അവ ആ നനഞ്ഞ തറയിലും അവിടെയിരുന്നവരുടെ ദേഹത്തും അവരുടെ മുഖങ്ങളിലും തത്തിക്കളിച്ചു. തറയില്‍ പരസ്‌പരം കടിച്ചുവിഴുങ്ങിക്കൊണ്ടിരുന്ന നായ്‌ക്കളും പൂച്ചകളും ഇടക്കിടെ ആ സൂര്യന്മാരെ തങ്ങളുടെ പുറത്ത്‌ എഴുന്നള്ളിക്കുകയും പെട്ടെന്നുതന്നെ താഴേയ്‌ക്കിടുകയും ചെയ്‌തുകൊണ്ടിരുന്നു. ഞങ്ങളെ ആരുംതന്നെ അവിടെ ശ്രദ്ധിക്കുന്നതായി തോന്നിയില്ല.

പച്ചമനുഷ്യന്‍ ആളൊഴിഞ്ഞ ഒരു ബഞ്ചിലിരുന്നു. എന്നെയും അടുത്തുപിടിച്ചിരുത്തി. ആ കൊടുംചൂടിലും അയാളുടെ കൈപ്പത്തി മഞ്ഞുപോലെ തണുത്തിരുന്നു.

പെട്ടെന്ന്‌ ഒരാള്‍ ഞങ്ങളുടെ അടുത്തെത്തി. സര്‍ക്കസ്സിലെ ബഫൂണിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അയാളുടെ വേഷം.
അയാളുടെ മൂക്കിന്മേല്‍ പറ്റിപ്പിടിച്ചിരുന്ന പന്തുപോലെയുള്ള വസ്‌തുവിനുചുറ്റും അനേകം ചെറിയ പ്രാണികള്‍ ഇളകിപ്പറന്നു. പക്ഷെ ഒരു നിശ്ചിതദൂരത്തിനപ്പുറം അവയൊന്നും പറന്നുകണ്ടില്ല.

പച്ചമനുഷ്യന്‍ ഒരു വിരലുയര്‍ത്തിക്കാട്ടിയപ്പോള്‍ ബഫൂണ്‍ തിരിഞ്ഞുനടന്നു. എന്നിട്ട്‌ എന്‍റെ മുന്നില്‍ ഒരു നാക്കിലയും തടികൊണ്ടുള്ള സ്‌പൂണും കൊണ്ടുവച്ചു.

`നിങ്ങള്‍ ഒന്നും കഴിക്കുന്നില്ലേ?` ഞാന്‍ പച്ചമനുഷ്യനെ നോക്കി.

`എനിക്ക്‌ ഇതൊന്നും കഴിക്കാന്‍ പാടില്ല. നിങ്ങള്‍ കഴിച്ചുകൊള്ളൂ.' അയാളുപദേശിച്ചു. `പെട്ടെന്ന്‌ വേണം. ഇനി ഇരുപതുമാസത്തെ ചിട്ടിത്തവണ ബാക്കിയുണ്ട്‌.'

ബഫൂണ്‍ ഇതിനകം രണ്ടാമതും എന്‍റെ അടുത്തെത്തി. അയാളുടെ കയ്യിലിരുന്നത്‌ എന്‍റെ ഇലയില്‍ വച്ചിട്ട്‌ നടന്നുമറഞ്ഞു.

`ഇതെന്താണ്‌?' ഞാന്‍ സംശയത്തോടെ ആ കറുത്ത സാധനത്തിനു നേരെ നോക്കി.

`വിഷമിക്കേണ്ടാ. അത്‌ നിങ്ങളുടെ നിഴലിന്‍റെ കരള്‍ വറുത്തതാണ്‌. നല്ല രുചിയുണ്ടാകും.'

കുഴമ്പുപോലെയുള്ള ആ സാധനം സ്‌പൂണിലെടുത്ത്‌ ഞാന്‍ വായിലേക്കിട്ടു. അത്‌ പെട്ടെന്ന്‌ അലിഞ്ഞില്ലാതെയാകുന്നത്‌ എനിക്ക്‌ അനുഭവപ്പെട്ടു. ഒരു വിചിത്രമായ രുചി നാവില്‍ വ്യാപിച്ചു.
ഞാന്‍ വീണ്ടും സ്‌പൂണ്‍ പാത്രത്തിലേക്ക്‌ താഴ്‌ത്തിയപ്പോള്‍ പച്ചമനുഷ്യന്‍ തടഞ്ഞു.
`ഇപ്പോളിത്രയും മതി. ഇനിയൊരിക്കലാകാം ബാക്കി.'

അയാളോടൊപ്പം ഞാനും എഴുന്നേറ്റ്‌ കടയ്‌ക്കു പുറത്തെത്തി.

`അല്ലെങ്കില്‍ കളി പിന്നൊരിക്കലാകാം. ചിട്ടിത്തവണകള്‍ കുടിശ്ശികയാകുകയും വേണമല്ലോ? ഇനി നമുക്ക്‌ കടല്‍ത്തീരത്തേക്ക്‌ പോകാം.` പച്ചമനുഷ്യന്‍ പറഞ്ഞു. ഞങ്ങള്‍ കടലിനുനേരെ നടന്നു.

തണുത്ത കാറ്റില്‍ ഉപ്പുരസം കലര്‍ന്നിരുന്നു. തലയ്‌ക്കുമുകളില്‍ സൂര്യന്‍ സ്വന്തംചൂടില്‍ വിയര്‍ത്തുനിന്നു. ആ സ്വേദകണങ്ങള്‍ എന്‍റെ രക്തക്കുഴലുകളിലേക്ക്‌ ഊറിയിറങ്ങി. ചവിട്ടിക്കുഴച്ച ചേറുപോലെ എന്‍റെ നിഴല്‍ കാലില്‍ പൊതിഞ്ഞു. ആ ചേറുകുടഞ്ഞുകളയാന്‍ ഞാന്‍ ചാടിച്ചാടിനടന്നു. അപ്പോള്‍ ശരീരത്തിന്‍റെ ഭാരം കുറയുന്നതായും ഞാന്‍ തറയില്‍ തൊടാതെ നീങ്ങുന്നതായും എനിക്ക്‌ തോന്നി. കടലിന്‍റെ ഇരമ്പല്‍ എന്‍റെ ഉള്ളില്‍ ഞാനനുഭവിച്ചു.

`കടല്‍ ആകെ നനഞ്ഞുകുതിര്‍ന്നിരിക്കുന്നു.` പച്ചമനുഷ്യന്‍റെ ശബ്ദം എന്‍റെ ചെവിക്കുള്ളില്‍ മുഴങ്ങി. `ഇനി അതൊന്ന്‌ ഉണങ്ങിക്കിട്ടാനാണ്‌ പ്രയാസം.'

എന്തിനാണ്‌ അത്‌ ഉണങ്ങുന്നതെന്ന്‌ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. പക്ഷെ ആ ചോദ്യത്തിനുള്ള ഉത്തരം എന്‍റെ ഉള്ളില്‍ത്തന്നെയുണ്ടെന്നു ഞാനറിഞ്ഞു. നഷ്ടപ്പെട്ടത്‌ എവിടെയെന്നു വ്യക്തമായറിഞ്ഞിട്ടും വീണ്ടെടുക്കാനാകാത്ത ഏതോ വസ്‌തുപോലെ.

ഞങ്ങള്‍ കടലിനടുത്തെത്തി. പച്ചമനുഷ്യന്‍ പെട്ടെന്ന്‌ എന്‍റെ കയ്യില്‍ കയറിപ്പിടിച്ചു.

`ഇനി സൂക്ഷിച്ചുനടക്കണം. പതുക്കെപ്പതുക്കെ. കാല്‍ വഴുതാതെ നോക്കണം.'

വിയര്‍പ്പും ഉപ്പുവെള്ളവും എന്‍റെ ശരീരത്തിലൂടെ ഒഴുകി. ഞാന്‍ ധരിച്ചിരുന്ന ഷര്‍ട്ടിലെ ചെറിയചെറിയ സുഷിരങ്ങളിലൂടെ അത്‌ കുമിളകളായി പുറത്തേക്ക്‌ പ്രവഹിച്ചു. കാറ്റിലെ ഉപ്പുതരികള്‍ അവയിലേക്ക്‌ ആഴ്‌ന്നിറങ്ങിയപ്പോള്‍ എന്‍റെ ശരീരത്തില്‍ ചെറിയ വൃത്തങ്ങള്‍ വരച്ചുചേര്‍ത്തുകൊണ്ട്‌ കുമിളകള്‍ പെട്ടെന്ന്‌ മറഞ്ഞു.

ഭാരം ഏറിവന്നപ്പോള്‍ ഞാന്‍ ഷര്‍ട്ട്‌ ഊരി ഉയര്‍ത്തിപ്പിടിച്ചു. ഒരു വെളുത്ത പക്ഷിയെപ്പോലെ അത്‌ എന്‍റെ മുകളില്‍ നിഴല്‍ വിരിച്ചു. പിന്നെ ഒരു പൊരുന്നക്കോഴിയെപ്പോലെ എന്‍റെ തലയില്‍ അടയിരിക്കാനാഞ്ഞു. പക്ഷെ ചാടിച്ചാടി നടന്ന എന്‍റെ കയ്യില്‍നിന്നും പെട്ടെന്ന്‌ കുതറിമാറി അത്‌ പിന്നിലേക്ക്‌ പറന്നകന്നു.

ഞങ്ങള്‍ പതുക്കെ കടലിലേക്ക്‌ കാല്‍ വച്ചു. പുറംകടലില്‍നിന്നും അടിച്ചുവന്ന ഒരു കൂറ്റന്‍ തിരമാല ഞങ്ങളെ തട്ടിയുയര്‍ന്ന്‌ ഒരു കോട്ടപോലെ മുന്‍പില്‍ നിന്നു. കോട്ടയ്‌ക്കുമുകളില്‍ സൂര്യപ്രകാശം തട്ടി പ്രതിബിംബിച്ച ജലകണങ്ങള്‍ ആയിരം നിറങ്ങളില്‍ വാര്‍ത്തെടുത്ത ഒരു കമാനമായി നിലകൊണ്ടു. #ോ

`ഇവിടെയാണ്‌ വാതില്‍. നിങ്ങള്‍ മുന്നോട്ടു പോകുന്നുണ്ടോ?` പച്ചമനുഷ്യന്‍ എന്നോട്‌ ചോദിച്ചു.

ഭയം ഒരു പന്തംപോലെ എന്‍റെ തലച്ചോറില്‍ പുളഞ്ഞു. പക്ഷെ അതിന്‍റെ നിഷേധത്തിനും ഉപരിയായി ഒരു ശക്തി എന്നെ മുന്നോട്ട്‌ പിടിച്ചുവലിക്കുന്നതായി ഞാന്‍ അറിഞ്ഞു.

എന്‍റെ ഉള്ളിലെ കടലിന്‍റെ ഇരമ്പല്‍ അനുനിമിഷം വര്‍ദ്ധിച്ചുവന്നു. അത്‌ ധമനികളിലൂടെ പതഞ്ഞൊഴുകി. എന്‍റെ വായിലൂടെ നുരയും പതയുമായി അത്‌ പുറത്തേക്കൊഴുകി.

മുന്‍പില്‍ കടല്‍ ശാന്തമായിരുന്നു. കമാനത്തിനടിയില്‍ കോട്ടവാതില്‍ മൃദുവായി തുറന്നു.

ഞാന്‍ പച്ചമനുഷ്യന്‍റെ നേരെ നോക്കി. `നിങ്ങള്‍ ഇനി ഇരുപതു ചിട്ടികൂടി അടയ്‌ക്കാനുണ്ട്‌.`
`എനിക്കോര്‍മ്മയുണ്ട്‌.` അയാള്‍ കരുണയോടെ എന്നെ നോക്കി. `ചിട്ടിപിടിയ്‌ക്കാനും ഞാന്‍ ഓര്‍മ്മിച്ചുകൊള്ളാം.`
എന്‍റെ ഉള്ളിലെ കടലിന്‍റെ മുരള്‍ച്ച ഇതിനകം ഉച്ചസ്ഥായിയില്‍ എത്തിക്കഴിഞ്ഞിരുന്നു. അത്‌ തികച്ചും അസഹനീയമായിത്തോന്നിയപ്പോള്‍ തുറന്നു കിടന്ന വാതിലിലൂടെ എന്‍റെ കാലുകള്‍ മുന്നോട്ടു നീങ്ങി. അകത്ത്‌ കറുത്തുതിളങ്ങുന്ന മാര്‍ബിള്‍ പോലെ കടലിന്‍റെ ഉദരം ശാന്തതയോടെ തിളങ്ങി.

പെട്ടെന്ന്‌ പിന്നിലെന്തോ ചലിച്ചതായി തോന്നി. കോട്ടവാതില്‍ സ്വയം അടഞ്ഞു. പച്ചമനുഷ്യനെ അവിടെയെങ്ങും കണ്ടില്ല.

ഞാന്‍ മുന്നോട്ടു നടന്നു. മസ്‌തിഷ്‌കത്തിലെ എരിതീ പൂര്‍ണ്ണമായും അണഞ്ഞുകഴിഞ്ഞിരുന്നു.

ദൂരെ പച്ചമനുഷ്യന്‍റെ നിഴല്‍ വീണ്ടും കണ്ടു. പക്ഷെ അപ്പോള്‍ അയാള്‍ വെള്ളവസ്‌ത്രങ്ങളാണ്‌ ധരിച്ചിരുന്നത്‌. ആ മുഖം ഒരു മാലാഖയുടേതെന്നപോലെ ദയ നിറഞ്ഞതായിരുന്നു.
`ഇങ്ങോട്ടുപോരൂ. ഇനി ഇവിടെ ഒരു പുതിയ കളി തുടങ്ങാം.` അയാള്‍ ആവേശത്തോടെ എന്നെ ക്ഷണിച്ചു.

പെട്ടെന്ന്‌ മാര്‍ബിള്‍ ഫലകത്തിന്‍റെ വക്കുകള്‍ ഉയര്‍ന്നുവന്നു. വെല്‍വെറ്റുപോലെ മൃദുവും മിനുത്തതുമായ പുതിയ ഭിത്തിയിലൂടെ ചുവന്ന ജലകണങ്ങള്‍ മൌനമായി പ്രവഹിച്ചു. മുത്തുമണികള്‍പോലെ അവ തിളങ്ങി.
ഞാന്‍ അവയ്‌ക്കടുത്തേക്കു നീങ്ങി. ഒരു താമരമൊട്ടിനുള്ളിലെന്നപോലെ ആഴമേറിയ സുഗന്ധം ഞാനറിഞ്ഞു.

പതുക്കെപ്പതുക്കെ ഇരുള്‍ നിറഞ്ഞു. താമരമൊട്ട്‌ പൂര്‍ണമായി അടഞ്ഞു.
എന്‍റെ മരണവും പുനരുത്ഥാനവും (കഥ: കൃഷ്‌ണ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക