Image

ആന കൊടുത്താലും..... ആശ..... (പീറ്റര്‍ നീണ്ടൂര്‍)

Published on 08 June, 2013
ആന കൊടുത്താലും..... ആശ.....  (പീറ്റര്‍ നീണ്ടൂര്‍)
വള നല്ല കുപ്പിവള വാങ്കിത്തരാം നാന്‍,
മാല നല്ല കല്ലുമാല വാങ്കിത്തരാം നാന്‍......

കഴിഞ്ഞ രാത്രി റിപ്പോര്‍ട്ടര്‍ ടിവിയിലെ ആക്ഷേപ ഹാസ്യ പരിപാടിയായ `ഡമോക്രേസിയില്‍' കേട്ട ഗാനത്തിലെ രണ്ടു വരികളാണ്‌ മേലുദ്ധരിച്ചത്‌. കേരളത്തിലെ ഇപ്പോഴത്തെ ഭരണക്കാര്‍ അധികാരമേറ്റതുമുതല്‍ ഇന്നോളം പല പല വാഗ്‌ദാനം പ്രഖ്യാപനങ്ങളും നടത്തി. കേന്ദ്രത്തിന്റെ വക വേറെയും. എല്ലാം വെറും ജലരേഖകളായി മാറുന്ന കാഴ്‌ചയാണ്‌ നമുക്കു മുന്നില്‍. ഇങ്ങനെ പോയാല്‍ എന്തായിരിക്കും ഫലം?

ഭൂമികുലുക്കത്തിന്റെ ദുരിതമനുഭവിച്ചവര്‍ക്ക്‌ സര്‍ക്കാര്‍ വീടുവെച്ചുകൊടുക്കുമെന്ന്‌ പ്രഖ്യാപിച്ചു. നാളിതുവരെ ഒന്നും സംഭവിച്ചിട്ടില്ല. ആദിവാസിക്ഷേമത്തിനായി എത്രയെത്ര പ്രഖ്യാപനങ്ങള്‍. എല്ലാം തദൈവ. എടുത്തുപറയുവാന്‍ ധാരാളം പ്രഖ്യാപനങ്ങളും വാഗ്‌ദാനങ്ങളുമുണ്ട്‌. എല്ലാം പറഞ്ഞ്‌ അനുവാചകരെ മുഷിപ്പിക്കുവാന്‍ ഞാനാഗ്രഹിക്കുന്നില്ല. നമ്മുടെ മാണിച്ചായന്റെ മകന്‍ എം.പി ആയതിനുശേഷം അമേരിക്കയില്‍ വന്നതും, അദ്ദേഹത്തിനു ഡാളസുകാര്‍ നല്‍കിയ സ്വീകരണത്തില്‍ നടത്തിയ പ്രഖ്യാപനവും -വേസ്റ്റ്‌ മാനേജ്‌മെന്റ്‌- ജനം മറന്നുകാണാന്‍ വഴിയില്ല. എന്തായാലും കോട്ടയം പ്രദേശം ആകെ വെടിപ്പായി. ഇനി അവര്‍ക്കു കേന്ദ്രത്തില്‍ ഒരു മന്ത്രികൂടിയുണ്ടെങ്കില്‍.....

കേരളത്തിന്റെ ഭരണചക്രം ശരിയായ ദിശയിലാണോ തിരിയുന്നത്‌? അതിനിടയില്‍ മലയാളത്തിനു ശ്രേഷ്‌ഠഭാഷാ പദവിയും തരപ്പെട്ടിട്ടുണ്ട്‌. കൂട്ടത്തില്‍ കോടി രൂപയും പോരേ? ഇനി ആ കോടി രൂപ എവിടെയൊക്കെ തേഞ്ഞുമാഞ്ഞു പോകും എന്നാരറിഞ്ഞു. എന്തായാലും പദവി കിട്ടിയതില്‍ നാം അഭിമാനിക്കണോ? അതോ ലജ്ജിക്കണോ?

യഥാര്‍ത്ഥത്തില്‍ ഇന്നു കേരള മണ്ണില്‍ നിന്നും മലയാളം അന്യമായിക്കൊണ്ടിരിക്കുകയാണല്ലോ? കേരളത്തിലെ ജനങ്ങള്‍ സംസാരിക്കുന്നത്‌ അന്യഭാഷ കലര്‍ന്ന മലയാളമല്ലേ? പത്രമാസികകളിലും, ടിവി ചാനലുകളിലും പ്രയോഗിക്കുന്നത്‌ ശുദ്ധ മലയാളമാണോ? എന്തിന്‌ കവിതാലോകത്തു പോലും അന്യഭാഷയുടെ കടന്നുകയറ്റം ധാരാളമായി നടക്കുന്നു. ഈ പ്രത്യേക പരിതസ്ഥിതിയിലാണ്‌ ഭാഷയ്‌ക്ക്‌ പദവി കിട്ടിയതെന്നോര്‍ക്കണം. തുഞ്ചെത്തെഴുത്തച്ഛന്റെ പിന്‍മുറക്കാരെന്നഭിമാനിക്കുന്ന നമുക്കൊക്കെ എന്തുപറ്റി?

മരിക്കാന്‍ കിടക്കുന്ന മുത്തശ്ശിക്ക്‌ ഒരു കിലോ തങ്കം സമ്മാനം കൊടുക്കുന്നപോലുണ്ട്‌. ഇതിനെല്ലാം കാരണം മാറിമാറി ഭരിച്ച നേതാക്കളുടെ വികലമായ കാഴ്‌ചപ്പാടാണ്‌. സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ ഭരിച്ച നേതാക്കളില്‍ ഇന്ദിരാഗാന്ധി വരെയുള്ളവര്‍ക്ക്‌ രാജ്യസ്‌നേഹമുണ്ടായിരുന്നു. ഇന്ദിരാഗാന്ധിക്കുശേഷം ഭരിച്ചവര്‍ എല്ലാംതന്നെ ദിശാബോധമില്ലാത്തവരായിരുന്നു- ആണ്‌. ലക്ഷ്യബോധത്തോടെ മുന്നേറാന്‍ അവര്‍ക്കാവില്ല.

എല്ലാകൂടി ഒത്തുനോക്കുമ്പോള്‍ ഭാഷയ്‌ക്കു പദവി കിട്ടിയതും കേന്ദ്രത്തിന്റെ വകയും കേരളത്തിന്റെ വകയും സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം പതീക്ഷയ്‌ക്കുള്ള വക കുറവാണ്‌. ഈ സാഹചര്യത്തിലാണ്‌ `ആന കൊടുത്താലും കിളിയേ...ആശ കൊടുക്കാമോ?...എന്നു തോന്നിപ്പോകുന്നത്‌. പ്രിയ നേതാക്കളെ മധുര വാഗ്‌ദാനങ്ങളും കൊതിപ്പിക്കുന്ന പ്രഖ്യാപനങ്ങളും ഒഴിവാക്കി തലമുറകളുടെ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതിലൂടെ തെളിയിക്കൂ നിങ്ങള്‍ തന്നെയാണ്‌ ഞങ്ങളുടെ നേതാക്കളെന്ന്‌.
ആന കൊടുത്താലും..... ആശ.....  (പീറ്റര്‍ നീണ്ടൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക