കടല്‍ത്തീരത്തെ പള്ളി എല്ലാവരാലും അവഗണിക്കപ്പെട്ട് നിന്നു. പ്രാര്‍ഥന നടത്തുവാന്‍
പാതിരികള്‍ വരാറില്ല, ഭക്തജനങ്ങളുടെ തിക്കും തിരക്കുമില്ല. വര്‍ഷങ്ങളായി
മരക്കുരിശില്‍ ക്രിസ്‌തു യേശു ഒരേകിടപ്പാണ്, അര്‍ദ്ധപ്രാണനായി, അര്‍ദ്ധനഗ്‌നനായി.
ആരെങ്കിലും ഭക്തി തോന്നിയോ എന്തെങ്കിലും കാര്യം സാധിച്ചതിലുള്ള നന്ദിയായോ
കുരിശ്ശുംതൊട്ടിയില്‍ കുറച്ചു പൈസ ഇട്ടാലായി. പഴയ മുറിവുണങ്ങിയിട്ടില്ല, അതിന്
ചെമ്പരത്തിപ്പൂവിന്റെ നിറം.
പള്ളിക്ക് പുറത്തുമുണ്ട് ഒരു
കൃസ്‌തുയേശുവിന്റെ രൂപം. ആശ്രിതര്‍ക്ക് അഭയം കൊടുത്തിരുന്ന യേശു. നീണ്ട
അങ്കിയണിഞ്ഞ് ആര്‍ക്കോ അനുഗ്രഹം കൊടുക്കും മാതിരി കൈകള്‍ അല്‍പ്പം
ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നു. ഇപ്പോള്‍ കയ്യിലും തലയിലും
ഇരിക്കാനൊരിടമെങ്കിലും തേടിവരുന്നത് പറന്ന് തളര്‍ന്ന് വരുന്ന
കടല്‍ക്കാക്കകളാണ്.
കാറ്റത്തടിച്ചുവന്ന ഒരു കഷ്‌ണം ന്യൂസ് പേപ്പര്‍
ഒരിക്കല്‍ പുറത്തുനില്‍ക്കുന്ന യേശുവിന്റെ കാലില്‍ തടഞ്ഞു. നില്‍ക്കുന്ന
നിലയില്‍ത്തന്നെ അതിലെ വാര്‍ത്തകള്‍ വായിച്ചു. ആള്‍ക്കാര്‍ ഇപ്പോള്‍ ആള്‍ദൈവങ്ങളുടെ
പിന്നാലെയാണ്. ഒരു ആള്‍ദൈവത്തിന്റെ പേരില്‍ അവര്‍ ആശുപത്രികളും ആരാധനാലയങ്ങളും
തുടങ്ങിയിട്ടുണ്ടത്രെ! അവര്‍ ഭക്തജനങ്ങളെ ആശ്‌ളേഷിക്കുകയും അവരുടെ ചെവിയില്‍
ആശ്വാസവചനങ്ങള്‍ ഓതുകയും ചെയ്യുമത്രേ. അതിലുണ്ടായിരുന്ന ചിത്രം പണ്ട്
കടല്‍ത്തീരത്ത് കളിച്ചുനടന്നിരുന്ന ഒരു കാരുണ്യവതിയായ പെണ്‍കുട്ടിയെ
ഓര്‍പ്പിച്ചു.
ആവുന്നത്ര ശക്തി ഉപയോഗിച്ച് ദേഹം ഒന്ന് കുടഞ്ഞു.
തുരുമ്പിച്ച ഇരുമ്പാണികള്‍ ഇളകി. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുരിശ് ഉണ്ടാക്കിയ
പാഴ്‌ത്തടി ഒടിഞ്ഞു. യേശുവിന് കുരിശില്‍ നിന്നും മോചനം കിട്ടി. മരവിച്ചിരുന്ന
കാലുകള്‍ വലിച്ചു നീട്ടി. യേശു ഒരു കാല്‍ മുന്നോട്ടുവെച്ചു, പിന്നെ അടുത്തകാല്‍,
കുട്ടികള്‍ പിച്ചനടക്കും മാതിരി ജാഗ്രതയോടെ. പള്ളിയുടെ പുറത്തിറങ്ങി.
വീശിയടിക്കുന്ന കടല്‍ക്കാറ്റില്‍ അവിടെയെല്ലാം ഓടിനടക്കണമെന്ന് തോന്നി,
വര്‍ഷങ്ങളായി കുരിശില്‍ ഒരേകിടപ്പായിരുന്നില്ലേ? കാറ്റിന് ഉന്മാദം,
കടല്‍ക്കാക്കകളും ചെറുകിളികളും വായുവില്‍ വസന്തം വിരിയിച്ചു. പകലിന്റെ ചൂടിനെ
മടക്കിയയക്കാത്ത മണല്‍ത്തരികള്‍ ഇക്കിളിയിട്ട് യേശുവിന്റെ
നഗ്‌നപാദങ്ങള്‍ക്കടിയില്‍ ഞരങ്ങി, ഭൂമി സ്‌പര്‍ശമറിയിച്ചു. മീന്‍ കുട്ടകള്‍
തലയിലേന്തി നിറഞ്ഞ മാറുള്ള അരയത്തികള്‍, വലകളുമായി കടലില്‍ പോകുവാന്‍
തയ്യാറെടുക്കുന്ന അരയന്മാര്‍. പള്ളിക്കുള്ളിലെ ഏകാന്തതയില്‍, നരിച്ചീറുകളുടെ
മൂത്രഗന്ധത്തില്‍, ജീണ്ണിച്ച വായുവില്‍ തനിക്ക് നഷ്ടമായ ലൗകീകദൃശ്യങ്ങള്‍!
ആത്മീയതക്കുമുമ്പുള്ള അഗ്‌നിപരീക്ഷണങ്ങള്‍. കൈക്കുമ്പിള്‍ നിറയെ തണുത്ത ജലം
കോരിയെടുത്തു. കാല്‍ നനച്ചു. സമുദ്രതീരത്തുകൂടെ വിജനമായൊരു സ്ഥലം തേടി നടന്നു.
വെള്ളത്തിനുമീതെ നടക്കുവാനുള്ള സിദ്ധി ഇപ്പോഴും ഉണ്ടോ എന്നു നോക്കണമെന്നു തോന്നി.
വെള്ളത്തിനുമീതെ കാലെടുത്ത് വെച്ചു. അത്ഭുതം! പലകയില്‍ ചവുട്ടുന്നതുപോലെ.
വെള്ളത്തില്‍ താഴാതെ കുറെദൂരം നടന്നു. തണുത്ത കാറ്റ് യേശുവിന്റെ നീണ്ട മുടി
പറത്തി, ദേഹത്തു തലോടി, മുഖത്ത് മുത്തങ്ങള്‍ നല്‍കി, അങ്കിയിളക്കി കടന്നു പോയി.
ആരെങ്കിലും തന്നെ ലാളിച്ചിട്ട് വര്‍ഷങ്ങളായി. എല്ലാവരും അവരുടെ ആവശ്യങ്ങളുമായി
വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. തന്റെ മുറിവുകള്‍ അവരില്‍ ഭക്തി ഉളവാക്കി, അവര്‍
തിരുമുറിവുകള്‍ എന്ന് വിളിച്ചു. അവരുടെ പരാതികളും പ്രാര്‍ഥനകളും
നിരത്തിവെച്ചു.
പെട്ടന്നാണ് ആകാശത്ത് കാര്‍മേഘങ്ങള്‍ കമ്പിളി വിരിച്ചത്.
മഴത്തുള്ളികള്‍ കൃസ്‌തുവിന്റെ മുഖത്തും ചെറുഭൂപടങ്ങള്‍ സൃഷ്ടിച്ച് അങ്കിമേലും
വീണു. ചെറിയൊരു കുളിരും ലോകത്തിനോടാകെ പ്രണയവും തോന്നി. ഒരു മൂളിപ്പാട്ട്
ചുണ്ടില്‍ തത്തിക്കളിച്ചു. `തനനന പവിഴമഴ , മഴവില്‍ കുളിരണിഞ്ഞ് വിരിഞ്ഞൊരു
വര്‍ണ്ണമഴ, ഗന്ധര്‍വ ഗാനമീമഴ, ആദ്യാനുരാഗ രാമഴ. പ്രണയമണിത്തൂവല്‍ പൊഴിയും പവിഴമഴ'
അങ്കിയില്‍ പിടിച്ച് കറങ്ങി. മഴയിലാകെ നനഞ്ഞ് പാടുന്ന ഭാനുപ്രിയെ മനസ്സില്‍
കണ്ടു. സന്തോഷാതിരേകത്താല്‍ നൃത്തം ചെയ്യണമെന്ന് തോന്നി. നൃത്തം ചെയ്യുവാന്‍ ലോകം
അനുവദിക്കുമോ എന്നറിയില്ല. കുട്ടികള്‍ക്കിടയില്‍ ഇരിക്കുന്ന യേശുവിന്റെ ചിത്രങ്ങള്‍
വരക്കുമ്പോള്‍പോലും ചിരിക്കുന്ന യേശുവിനെ ആരും വരക്കില്ല, ചിരിക്കുന്നതൊരു
അപരാധമാണെന്ന മട്ടില്‍. തൈലം കൊണ്ട് തന്നെ അഭിഷേകം ചെയ്‌ത മഗ്‌നലമറിയത്തിനെ
ഓര്‍ത്തു, പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ. പെട്ടന്നാണ് കാറ്റു
ചുഴറ്റിയടിച്ച് മഴക്ക് ശക്തികൂടിയത്. നീണ്ടമുടിയും അങ്കിയും നനഞ്ഞുകുതിര്‍ന്നു,
മഴയില്‍ ദേഹം തണുത്തുവിറച്ചു . ഒട്ടും പ്രതീക്ഷിക്കാതെ ആരുടെയോ കരച്ചില്‍
എവിടെനിന്നോ കേട്ടു.
യേശു ചെവി വട്ടം പിടിച്ചു. ആരോ ഒരാള്‍ ഉറക്കെ വിളിച്ച്
കരയുകയാണ്. ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു. ചൂണ്ടയില്‍ കൊളുത്തിയ ഒരു കൊമ്പന്‍
ശ്രാവുമായി മല്‍പ്പിടുത്തം നടത്തുന്ന മീന്‍ പിടുത്തക്കാരന്‍ അയാളുടെ ചെറുതോണിയില്‍.
വെള്ളത്തിനുമുകളിലൂടെ നടന്ന് സഹായത്തിനെത്തുന്ന യേശുവിനെ അയാള്‍ അവിശ്വസനീയമായി
നോക്കി. `മകനെ, നീ കൊമ്പനെ ധൈര്യമായി വിട്ടേക്കു' യേശു അയാള്‍ക്കുനേരെ കൈകള്‍
നീട്ടി. അയാള്‍ യേശുവിന്റെകൈകളില്‍ പിടിച്ച് തോണിയില്‍നിന്നിറങ്ങി. അത്ഭുതത്തോടെ
യേശുവിന്റെ കാലുകളിലേക്ക് നോക്കി. രണ്ടാളുടെയും കാലുകള്‍ താഴ്‌ന്നുപോവാതെ
വെള്ളത്തിനുമേല്‍ ചവുട്ടിനില്‍ക്കുന്നു. `ഒരിക്കല്‍ ഞാന്‍ നിന്നെ മനുഷ്യനെ
പിടിക്കുന്നവന്‍ ആക്കും' യേശു ചിരിച്ചുകൊണ്ട് അയാളോട് പറഞ്ഞു. `നിങ്ങളാര്,
എന്റെപേര് പളനി' അയാളുടെ ചുണ്ടുകള്‍ തണുപ്പില്‍ വിറച്ചു. `ഞാന്‍ യേശു, നീ
വേദപുസ്‌തകം വായിച്ചിട്ടുണ്ടെങ്കില്‍ ഞാനാരെന്ന് അറിയാന്‍ പറ്റും' യേശു ഭവ്യതയോടെ
പറഞ്ഞു. `നീയെന്തിന് ഈ കൊടുംമഴയത്ത് ഈ കൊമ്പനുമായി മല്ലിടുന്നു? ജീവനില്‍
കൊതിയില്ലേ?'
`ഞാന്‍ ചത്താലും കുഴപ്പമില്ല , എന്നെ നോക്കി ആരും കുടിലില്‍
കാത്തിരിപ്പില്ല. ഞാന്‍ ചത്താല്‍ എന്റെ പെണ്‍പെറന്നോത്തിക്ക് അവള്‍ സ്‌നേഹിക്കുന്ന
പുരുഷനെ കെട്ടാല്ലോ! അവളുടെ സ്‌നേഹം ഇപ്പോഴും അയാളോടാ' പളനി കരച്ചിലിനോട്
അടുത്തിരുന്നു. വേദപുസ്‌തകം വായിച്ചിട്ടില്ലെങ്കിലും യേശുവാരെന്ന് പളനിക്ക്
കേട്ടറിവ് ഉണ്ടായിരുന്നു. യേശു വെള്ളത്തിനുമീതെ നടന്നിട്ടുണ്ടെന്ന്
കേട്ടിട്ടുണ്ടെങ്കിലും താഴ്‌ന്നു പോവാതെ നില്‍ക്കുന്ന അവരുടെ കാലുകളിലേക്ക് നോക്കി
പളനി അത്ഭുതപ്പെട്ടു നിന്നു. പിന്നെ പളനി കറുത്തമ്മയുടെ കഥ പറഞ്ഞു,
പരീക്കുട്ടിയെക്കുറിച്ച് അറിയാവുന്നതൊക്കെ പറഞ്ഞു. യേശു കാതു കൂര്‍പ്പിച്ച്
കേട്ടു.
കാറ്റും കോളൂം നിറഞ്ഞ ആ സമയം കുടിലില്‍ കറുത്തമ്മ പളനിയെ ഓര്‍ത്ത്
വ്യാകുലപ്പെട്ടിരിക്കയായിരുന്നു. കുട്ടി ഉറങ്ങുകയാണ്. അവരുടെ കുട്ടിയുടെ പിതൃത്വം
വരെ തലേന്ന് അയാള്‍ ചോദ്യം ചെയ്‌തിരുന്നു. അതേസമയം പരീക്കുട്ടിയെ ഓര്‍ത്ത് അവളുടെ
ഹൃദയം തേങ്ങി. അവളുടെ ആദ്യാനുരാഗം. അയാളോടുള്ള അവളുടെ ദാഹം തിരകള്‍പോലെ
മലപോലെയുയര്‍ന്ന് തലതല്ലി ചിതറുന്നു. അവളുടെ ഹൃദയം അയാളുടെ പക്കലാണന്നുള്ളതില്‍
അവള്‍ക്ക് സംശയമില്ല. പലവിധചിന്തകള്‍ കടന്നുപോയപ്പോള്‍ അവള്‍ക്ക് ജീവിതം
ഒടുക്കണമെന്ന് തോന്നി. കാറ്റും കോളും നിറഞ്ഞ ഈ രാത്രി തന്നെ അതിന് പറ്റിയത്,
കടപ്പുറത്ത് ആരും കാണില്ല. അനുജത്തി പഞ്ചമി വന്നിട്ടുണ്ട്. കുട്ടിയുടെ കാര്യം
അവള്‍ നോക്കിക്കൊള്ളും. അവള്‍ കടലമ്മയോടൊന്നിക്കുവാന്‍ തയ്യാറായി.
കുഞ്ഞ്
ഉണര്‍ന്ന് കരഞ്ഞു. കരച്ചിലിന് ശബ്ദം കൂടി. പഞ്ചമി എണീറ്റ് തീപ്പെട്ടി ഉരച്ച്
വിളക്ക് തെളിക്കുന്നതും കുട്ടിയെ എടുക്കുന്നതും കുട്ടി കരച്ചില്‍ നിര്‍ത്തുന്നതും
കാത്ത് കറുത്തമ്മ വാതില്‍ ചാരി നിന്നു. ഒന്നുമുണ്ടായില്ല. കുട്ടിയുടെ കരച്ചില്‍
കേള്‍ക്കുമ്പോള്‍ ഏതൊരമ്മയുടെയും നെഞ്ച് പിടയും, സ്വന്തരക്തത്തില്‍ പിറന്ന,
ഉദരത്തില്‍ വഹിച്ച, നൊന്ത് പ്രസവിച്ച കുട്ടിയല്ലേ? പുരുഷന് പ്രസവ വേദന
അറിയില്ലല്ലോ! അവന് കിട്ടുന്നത് ഉല്‍പ്പാദനത്തിന്റെ ഏതാനും നിമിഷങ്ങളിലെ ആനന്ദം
മാത്രം. കറുത്തമ്മ കുട്ടിയെ എടുത്തു. അവള്‍ സ്‌നേഹനീര് ചുരത്തി. കുട്ടി
മുത്തിക്കുടിച്ചു. പഞ്ചമി ഒന്നും കേള്‍ക്കാത്തപോലെ സുഖനിദ്രയില്‍ ആയിരുന്നു. ഏതോ
മധുരസ്വപ്‌നത്തില്‍ എന്നപോലെ അവളുടെ മുഖത്തൊരു പുഞ്ചിരി പടര്‍ന്നു. ഈറന്‍ കാറ്റ്
ജനാലയിലൂടെ അകത്തുകയറിയപ്പോള്‍ അവള്‍ പുതപ്പ് ഒന്നുകൂടി
വലിച്ചിട്ടു.
കാറ്റും മഴയും നിന്ന്, ആകാശം തെളിഞ്ഞ്, നക്ഷത്രങ്ങള്‍ കത്തി.
യേശു പളനിയുടെ തോളില്‍ കയ്യിട്ടു നടന്നു, മനുഷ്യ സ്‌നേഹിയായി. അവര്‍ കരയില്‍
എത്തിയിരുന്നു. `നീ കറുത്തമ്മയെ സ്വതന്ത്രയാക്കി അവളുടെ വഴിക്ക് വിടു.' യഥാര്‍ത്ത
പ്രണയത്തിന് മുന്നില്‍ ആരും വിലങ്ങുതടിയായി നിന്നു കൂടാ. പ്രണയം അഗ്‌നിയാണ്. ആ
അഗ്‌നിയില്‍ വിലങ്ങുകള്‍ എരിയും. നീ ചിന്തിക്കുന്നതുപോലെ ഭര്‍ത്താവിനെ ഉപേക്ഷിച്ച്
സ്‌നേഹിക്കുന്നവന്റെ കൂടെ ജീവിക്കുന്നത് തെറ്റാണന്ന് ഞാന്‍ ചിന്തിക്കുന്നില്ല,
ഞാന്‍ മനുഷ്യനല്ലല്ലോ! യേശുവിന്റെ വാക്കുകള്‍ അഗ്‌നിയായി പൊഴിഞ്ഞു, കനലുകളായി
പളനിയില്‍ ജ്വലിച്ചു. അതിന്റെ പ്രഭയില്‍ പളനിയുടെ ബോധമുണര്‍ന്നു. കറുത്തമ്മയോടുള്ള
സ്‌നേഹശൂന്യത അവനില്‍ കടല്‍ പോലെ വളര്‍ന്നിരുന്നു. കാറ്റും കോളും പളനിയുടെ
മനസ്സിലും അടങ്ങി.
`ഞാന്‍ നിന്റെ വീട്ടിലേക്ക് വരട്ടെ? ഞാനും നീയും ഈ
ലോകത്തിപ്പോള്‍ ഏകരാണ്. ഏകാന്തത മരണതുല്യമാണ്.' യേശുവിന്റെ വാക്കുകള്‍ വീണ്ടും
ജ്വലിച്ചു.
കറുത്തമ്മ ജനലിലൂടെ പുറത്തേക്ക് നോക്കി. മഴ ശമിച്ചിരിക്കുന്നു.
കടല്‍ ഇരമ്പുന്നു, അവളുടെ മനസ്സും. തിരകള്‍ തീരത്തിനുവേണ്ടി കേഴുകയാണ്. തീരത്ത്
ആരോ നടക്കുന്നതും അയാളുടെ നിഴലനക്കങ്ങളും അവള്‍ ശ്രദ്ധിച്ചു. അയാള്‍ നടപ്പിന്റെ
ദിശമാറ്റി വീടിനെ ലക്ഷ്യമാക്കി നടന്നുവരികയാണോ? `മാനസ മൈനയുടെ' വരികള്‍ കാറ്റില്‍
ചിതറി. അവള്‍ കാതോര്‍ത്തു. ഇരുട്ടില്‍ സൂക്ഷിച്ച് നോക്കി. ആള്‍രൂപം നടന്ന്
കുടിലിന് അടുത്തോളം എത്തി. `കുറുത്തമ്മേ' അയാള്‍ ശബ്ദം താഴ്‌ത്തിവിളിച്ചു. അവളുടെ
മനസില്‍ കുളിര്‍ക്കാറ്റ് വീശി. അവള്‍ മാസങ്ങളായി കേള്‍ക്കുവാന്‍ കൊതിച്ചിരുന്ന,
കാത്തിരുന്ന ശബ്ദം. ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്‌നേഹിക്കുന്ന പുരുഷനോടൊപ്പം
പോയാല്‍ കടലമ്മ പൊറുക്കുമെന്ന് കറുത്തമ്മക്ക് അറിയാം. തിരകള്‍ക്ക് തീരത്തിനെ
പിരിഞ്ഞിരിക്കാനാവില്ലല്ലോ! അവള്‍ കുടിലിന്റെ വാതില്‍ ശബ്ദം ഉണ്ടാക്കാതെ മെല്ലെ
തുറന്ന് പുറത്തിറങ്ങി. കുട്ടി ഒക്കത്തിരുന്ന് അമ്മയുടെ കവിളില്‍ തലോടി മുത്തം
നല്‍കി, പിന്നെ ചിരിച്ച് കൈകള്‍ വീശി, സ്‌നേഹിക്കുന്നവനോടൊപ്പം പോകുവാന്‍
അമ്മക്ക് അനുവാദം നല്‍കുന്നപോലെ.
(കടപ്പാട്: മലയാളം വാരിക)

