പെരുമഴയാണ്,
ആകാശം കനംതൂങ്ങി നില്‍ക്കുന്നു.
കറുത്ത കൊടിക്കൂറകള്‍ പറത്തി പായുന്ന മേഘക്കൂട്ടങ്ങള്‍.
അലച്ചെത്തുന്ന പ്രളയത്തെ എവിടെയാണ് ഒന്നൊതുക്കി ഇരുത്തുക എന്ന് അമ്പരക്കുകയാണ് ഭൂമി.
വെള്ളം കൊണ്ട് നിറഞ്ഞൊരു പകല്‍.
മുറ്റത്ത്, വയലില്‍, തോട്ടില്‍, പറമ്പില്‍ ജലരാശികള്‍ കടല് തീര്‍ക്കുകയാണ്.
കുഞ്ഞിനെ ഉണത്തി ചോറ് കൊടുക്കാനായി അമ്മ നടുവിലത്തെ മുറിയിലേക്ക് ചെന്നു.
കുഞ്ഞ് കട്ടിലിലില്ല. അമ്മ മുറികള്‍ തോറും കയറിയിറങ്ങി. ഇല്ല.
പെട്ടെന്ന് അമ്മയുടെ സംഭ്രമം നിലവിളിയായി, വീട്ടിലെ മറ്റംഗങ്ങളും അത്
ഏറ്റുവാങ്ങി.
കുഞ്ഞ്?
തിണ്ണയില്‍ ചാരിവച്ചിരുന്ന ഓലക്കുടയെടുത്ത് തലയില്‍ചൂടി അപ്പൂപ്പന്‍
മുറ്റത്തെ വെള്ളത്തിലൂടെ വയലിലേക്ക് പാഞ്ഞു. അമ്മാവന്മാര്‍ നാലുപാടും ഓടി.
പണിക്കര്‍ കൂടെ ഓടി. അമ്മയും അമ്മൂമ്മയും കുഞ്ഞമ്മമാരും നിലവിളിച്ച്
പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു.
വയലേത്, വരമ്പേത്, തോടേത് എന്നറിയാനാവാതെ പാഞ്ഞെത്തുന്ന വെള്ളത്തിന്റെ
കുത്തൊഴുക്കില്‍ ഓരോരുത്തരും കുഞ്ഞിന്റെ പേര് വിളിച്ചു തിരഞ്ഞു. ഒരാള്‍
പൊക്കത്തിലേറെ വളര്‍ന്നു നില്‍ക്കുന്ന മരച്ചീനികള്‍ക്കിടയില്‍,
കണ്ണെത്താദൂരം പരന്നു കിടക്കുന്ന എള്ളിന്‍ചെടികള്‍ക്കിടയില്‍,
കുറ്റിക്കാട്ടിനിടയില്‍.
കുഞ്ഞ് എവിടെയാണ്?
ഏഴെട്ട് ഏക്കറോളം പരന്നുകിടക്കുന്ന പറമ്പില്‍ വീടുകള്‍ ഒന്നോ രണ്ടോ
മാത്രമാണെങ്കിലും കിണറുകള്‍ ഏഴോ എട്ടോ ഉണ്ട്. അരഭിത്തിയോ മൂടിയോ ഇല്ലാത്ത
കിണറുകള്‍, പൊട്ടക്കണിറുകള്‍ - കൃഷിക്ക് വെള്ളം എടുക്കാന്‍
കുഴിച്ചിട്ടിരിക്കുന്ന വാല്‍ക്കിണറുകള്‍. ഒന്നും തിരിച്ചറിയാനാവാത്ത വിധം
വെള്ളം നിറഞ്ഞുകവിഞ്ഞൊഴുകുകയാണ്.
കുഞ്ഞ്?
മണിക്കൂറുകള്‍ കടന്നുപോയിക്കൊണ്ടിരുന്നു.
പ്രകൃതിയുടെ താണ്ഡവം ഒടുങ്ങി. കുഞ്ഞിനെ തിരഞ്ഞു പോയവര്‍ പല ദിക്കില്‍
നിന്ന് മടങ്ങിയെത്തി കൈമലര്‍ത്തി. വീട്ടില്‍ കൂട്ടനിലവിളി ഉയര്‍ന്നു.
പ്രതീക്ഷകള്‍ അവസാനിച്ച പകല്‍ ഒടുങ്ങാറായി.
അമ്മാവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കുഞ്ഞിക്കണ്ണുകള്‍, തൊള്ള തുറന്ന ചിരി,
എടുത്ത് പൊന്തിക്കാന്‍ വയ്യാത്തത്രയും ഭാരമുണ്ടെങ്കിലും തോളിലിട്ട്
ഓമനിച്ച് നടന്ന പുന്നാര കുഞ്ഞ്.
ഈ വെള്ളപ്പാച്ചിലില്‍ കുഞ്ഞ് പോയിക്കഴിഞ്ഞോ?
തെക്കുവശത്തെ വാതില്‍ തുറന്ന് അമ്മാവന്‍ നടന്നു. തലേന്ന് സ്‌കൂളില്‍
നിന്ന് വന്ന ഉടനെ തോളിലേറ്റുമ്പോള്‍ കുഞ്ഞ് വലിച്ചുപൊട്ടിച്ച നിക്കറിന്റെ
വള്ളി അരയില്‍ ചെരുകി അമ്മാവന്‍ പറമ്പിലേക്ക് കയറി.
അമ്മാവന്‍ പറമ്പിലേക്ക് കയറി.
ഓരോ മരച്ചീനിച്ചുവടും അരിച്ചുപെറുക്കി. എള്ളിന്‍ ചെടികള്‍ വകഞ്ഞുമാറ്റി ഉറക്കെ വിളിച്ചു.
''മോളേ...''
മറുശബ്ദത്തിന് കാതോര്‍ത്തു തളര്‍ന്ന് നിലത്തു കുത്തിയിരുന്നു. അടുത്തു
കിടന്ന നീളമുള്ള കമ്പ് കൈയിലെടുത്ത് ചുറ്റുമുള്ള വെള്ളക്കുഴികളിലൊക്കെ
കുത്തി നോക്കി.
കുഞ്ഞ്?
കണ്ണുകള്‍ നിറഞ്ഞൊഴുകി. പെട്ടന്നൊരു ഉള്‍വിളി;
''വാല്‍ക്കിണര്‍''
കുറച്ച് ദിവസം മുമ്പ് കുഞ്ഞിനെയും തൂക്കിയെടുത്ത് അവിടെ പോയത്, പടികളിറങ്ങി
ചെന്ന് വെള്ളത്തില്‍ തൊടീച്ചപ്പോള്‍ കുഞ്ഞ് തുള്ളിച്ചാടിയത്, അച്ഛന്‍
വഴക്കുപറഞ്ഞത്.
ഒരു പാച്ചിലില്‍ വാല്‍ക്കിണറിനടുത്തെത്തി. പറമ്പില്‍ വെള്ളം വാര്‍ന്നു
തുടങ്ങിയിരിക്കുന്നു. വാല്‍ക്കിണറിനുള്ളിലെ ഒതുക്കു കല്ലുകളില്‍ നിറയെ
പായല്‍. വഴുക്കലില്‍പ്പെട്ട് വീഴാതെ സൂക്ഷിച്ച് താഴേക്കിറങ്ങുമ്പോള്‍
ആര്‍പ്പുവിളിച്ചു പോയി.
അവിടെ, ഏറ്റവും താഴത്തെ പടിയില്‍ പച്ച ഉടുപ്പിട്ട് കുഞ്ഞ്. വാപൂട്ടാതെ
കരയുന്നുണ്ട്. ശബ്ദമുണ്ടാക്കി പേടിപ്പിച്ചാല്‍ കുഞ്ഞ് വെള്ളത്തില്‍ വീഴും.
അമ്മാവന്‍ സ്വയം നിയന്ത്രിച്ച് അടുത്തുചെന്ന് വാരിയെടുത്തു. തോളത്തിട്ട്
അതീവ ശ്രദ്ധയോടെ കിണറ്റിലെ പടികള്‍ കയറി. വീട്ടിലെത്തുമ്പോള്‍ മഴ
പൂര്‍ണ്ണമായും നിലച്ചിരുന്നു, കുഞ്ഞ് കരച്ചിലും നിര്‍ത്തിയിരുന്നു.
വീട്ടിനുള്ളില്‍ ആശ്വാസത്തിന്റെ പെരുമ്പറഘോഷം.
വേണുഗോപാല്‍ എന്ന വല്യമ്മാവന്‍ കെ.എ.ബീന എന്ന കുഞ്ഞിനോട് ഇക്കഥ എത്രവട്ടം പറഞ്ഞിരിക്കുന്നു എന്നതിന്റെ കണക്ക് സൂക്ഷിക്കാന്‍ പ്രയാസം.
''രണ്ട് വയസ്സില്‍ പുറപ്പെട്ടു പോയി എന്ന പേര് ദോഷമുണ്ടാക്കിയവള്‍'' എന്ന്
കളിയാക്കാന്‍ കുടുംബം മുഴുവന്‍ അമ്മാവനൊപ്പം ചേരുന്നുമുണ്ട്.
ഓരോ യാത്രയ്ക്ക് പെട്ടിയൊരുക്കുമ്പോഴും മനസ്സ് സന്ദേഹിക്കും.
അന്ന് യഥാര്‍ത്ഥത്തില്‍ പുറപ്പെട്ടു പോയതാണോ ഞാന്‍? യാത്രാഭ്രാന്ത് രക്തത്തില്‍ അന്നേ അലിഞ്ഞുചേര്‍ന്നിരുന്നോ?