Image

പനിക്കാലം: പാളുന്ന പ്രതിരോധം (ശ്രീപാര്‍വതി)

Published on 18 June, 2013
പനിക്കാലം: പാളുന്ന പ്രതിരോധം (ശ്രീപാര്‍വതി)
പനിക്കാലം മഴയോടൊപ്പം നിറഞ്ഞു പെയ്യുന്നുണ്ട്‌. സംസ്ഥാനത്ത്‌ വിവിധ ജില്ലകളിലായി നൂറിലേറെ ജനങ്ങളാണ്‌, പനി ബാധിച്ചു മരിച്ചതെന്ന്‌ പത്രറിപ്പോര്‍ട്ടുകള്‍ . ആയിരങ്ങള്‍ പനിബാധിച്ച്‌ വിവിധ ആശുപത്രികളില്‍ അഭയം തേടിയിരിക്കുന്നു. ഡങ്കി പനിയും എലിപ്പനിയും ഒരു നാടിനെ മുഴുവന്‍ വിറപ്പിച്ച്‌ കത്തിപ്പടരുന്നു, എന്നിട്ടും എന്തുകൊണ്ട്‌ സംസ്ഥാനത്ത്‌ ഇതുവരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ല എന്നത്‌ ഒരു ചോദ്യമാണ്‌.

കഴിഞ്ഞ ദിവസം പഞ്ചായത്തുവക കിട്ടിയ ഒരു നോട്ടീസ്‌ ഇപ്രകാരമാണ്‌. കൊതുകിനു സ്വയം വളരാനുള്ള സാഹചര്യം ഒഴിവാക്കുക, അതിനു സാഹചര്യം ഒരുക്കുന്നവര്‍ ശിക്ഷാര്‍ഹരാണ്‌. നോട്ടീസ്‌ വായിച്ച്‌ ചിരിച്ചു പോയി. അതിനു തൊട്ടു മുന്‍പൊരുദിവസം ടൌണിലെ മുന്തിയ ആശുപത്രിയില്‍ സന്ധ്യയ്‌ക്ക്‌ കൊതുകുകടി സഹിക്കാനാകാതെ ഇവിടുന്ന്‌ ഡിസ്‌ചാര്‍ജ്ജ്‌ വാങ്ങിയാലോ എന്നു ചോദിച്ച കൂട്ടുകാരിയെ ഓര്‍ത്തു. ഏറ്റവും കൂടുതല്‍ പനിരോഗികള്‍ ചികിത്സതേടി വരുന്ന ആശുപത്രി പോലെയൊരു സ്ഥാപനത്തില്‍പോലും അപകടകാരിയായ കൊതുകിനെ അകറ്റാന്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെ എന്തു ഭരണമാണ്‌, ജനങ്ങള്‍ക്കു വേണ്ടി നമ്മുടെ സര്‍ക്കാര്‍ നടത്തുന്നത്‌?

ഇവിടെ കൊതുകു മാത്രമാണോ കുറ്റവാളി? ആരും കൊതുകു വളരാനുള്ള സഹചര്യം മനപ്പൂര്‍വ്വം ഉണ്ടാക്കുന്നില്ല. എന്നിട്ടും മഴക്കാലത്ത്‌ പെറ്റുപെരുകുന്ന കൊതുകുകള്‍ അപകടകാരികളാകുന്നു. ഈ സാഹചര്യം ആദ്യമായി അല്ല. കഴിഞ്ഞ വര്‍ഷവും അതിനു മുന്‍പുള്ള വര്‍ഷവും പല പേരുകളില്‍ പനിയും മറ്റു ബുദ്ധിമുട്ടുകളും ജനങ്ങള്‍ നേരിട്ടതാണ്‌. അതുകൊണ്ടുതന്നെ മഴക്കാലമെത്തുന്നതിനുമുന്‍പ്‌ തുടങ്ങേണ്ട പ്രതിരോധമാര്‍ഗ്ഗങ്ങള്‍ എവിടെയുമെത്തിയിട്ടില്ല. അതുപോട്ടെ, പനി പിടിച്ചവരുടെ അവസ്ഥയാണ്‌, അതിലും കഷ്ടം. സ്വാര്‍ത്ഥ ലാഭത്തിനായി അവസരം മുതലെടുത്ത്‌ തന്‍കാര്യം നേടുന്ന ഡോക്ടര്‍മാരുടെ കാര്യം തന്നെ. െ്രെപവറ്റ്‌ പ്രാക്ടീസ്‌ എന്ന വലിയ ഇര അവരുടെ മുന്നിലുണ്ട്‌ അതിനുവേണ്ടി ജനങ്ങളുടെ ജീവന്‍വച്ചു വരെ ചൂണ്ടകളാക്കുന്ന ഒരു വിഭാഗം ഡോക്‌റ്റര്‍മാര്‍ മെഡിസിന്‍ അഡ്‌മിഷനു വേണ്ടി കൊടുത്ത ലക്ഷങ്ങള്‍ തിരിച്ചു പിടിയ്‌ക്കാനുള്ള ആധിയിലാണ്‌. പൊതു താല്‍പ്പര്യാര്‍ത്ഥം സായാഹ്ന ഒ. പിയ്‌ക്ക്‌ അവര്‍ തയ്യാറായി എങ്കിലും അത്‌ പൊതുജന സേവനാര്‍ത്ഥം അല്ലെന്നത്‌ ഈ കുറച്ച്‌ ദിവസങ്ങളിലെ അവരുടെ പെര്‍ഫോമന്‍സില്‍ നിന്ന്‌ മനസ്സിലാക്കാം.

ഇവിടെ ആരെയാണ്‌, സാധാരണക്കാരന്‍ വിശ്വസിക്കേണ്ടത്‌? പനിക്കാലം തുടങ്ങിയിട്ടും പറ്റുന്ന ഇടങ്ങളില്‍പോലും കൊതുകിനെ തുരത്താന്‍ ഫോഗിങ്‌ പോലും നടത്താത്ത അധികൃതരേയോ, അതോ തിളങ്ങുന്ന കണ്ണുകളുമായി രോഗിയുടെ കീശയിലേയ്‌ക്ക്‌ ആര്‍ത്തിയോടെ നോട്ടമെത്തിക്കുന്ന ഡോക്ടര്‍മാരെയോ? അധികാരികളെ കുറ്റം പറയുന്നില്ല, കാരണം ഗ്രൂപ്പ്‌പോരും തൊഴുത്തില്‍കുത്തും കഴിഞ്ഞിട്ട്‌ മറ്റുള്ളവരുടെ പ്രശ്‌നങ്ങളിലേയ്‌ക്ക്‌ നോക്കാന്‍ സമയം തികയില്ല. ഇതേ പ്രശ്‌നങ്ങള്‍ കൊണ്ടുതന്നെ പ്രതിപക്ഷത്തിനും വായില്‍ നാക്കില്ല. സ്വയം പുകഴ്‌ത്തി നടക്കുന്ന സമുദായ പ്രമാണിമാര്‍ക്കും ഇക്കാര്യത്തില്‍ ഒച്ചയില്ല. അപ്പോള്‍പ്പിന്നെ അവനവന്റെ കാര്യം അവനവന്‍ ചെയ്യുക തന്നെ.

പനി ബാധിച്ച്‌ മെഡിക്കല്‍ ഡിസ്‌പെന്‍സറിയില്‍ ചെന്നാല്‍ സ്ഥിരം തരുന്ന മരുന്ന്‌ പാരസെറ്റാമോളും സന്ധിവേദനകള്‍ക്ക്‌ ആസ്‌പിരിനോ ആയിരിക്കും. ഇവയുടെ സ്ഥിരഉപയോഗം കൊണ്ട്‌ ശരീരത്തിനല്ല പ്രയോജനം മറിച്ച്‌ വില്‍ക്കുന്ന മെഡിക്കല്‍ സ്‌റ്റോര്‍ ഉടമകള്‍ക്കും അതിലൂടെ കമ്മീഷന്‍ നേടുന്ന ഡോക്ടര്‍മാര്‍ക്കുമായിരിക്കും. ശരീരത്തിന്‌, ഇത്‌ നല്ലതല്ലെന്നു മാത്രമല്ല ആഫ്‌റ്റര്‍ എഫക്ടുകള്‍ ഉണ്ടാകുകയും ചെയ്യും. ആള്‍ടര്‍നേറ്റീവ്‌ മാര്‍ഗ്ഗങ്ങളായ ഹോമിയോപ്പതിയിലും ആയുര്‍വേദത്തിലും മരുന്നുകള്‍ ഉണ്ടെന്ന്‌ പറയപ്പെടുന്നുണ്ടെങ്കിലും അവയുടേയും നിരന്തരമായ ഉപയോഗം ശരീരത്തെ അപകടത്തിലാക്കും. എന്നുവച്ച്‌ അസന്നിഗ്‌ദ്ധമായ സാഹചര്യത്തില്‍ ഇംഗ്ലീഷ്‌ മരുന്ന്‌ അന്വേഷിച്ചാണ്‌, രോഗി ഓടുന്നത്‌ എന്നത്‌ അതിലുള്ള സാമാന്യജനങ്ങളുടെ അതിരു കവിഞ്ഞ വിശ്വാസ്യത തന്നെയാണ്‌. പക്ഷേ ഈ വിശ്വാസ്യതയ്‌ക്കുമേല്‍ ആണിയടിയ്‌ക്കുന്ന ചില ഡോക്ടര്‍മാര്‍ക്ക്‌ പനിക്കാലം സന്തോഷത്തിന്റേതാണ്‌. കഴിഞ്ഞ പനിക്കാലം കഴിഞ്ഞപ്പോഴേക്കും ലക്ഷങ്ങള്‍ മുടക്കി വീടു വച്ച ഡോക്ടര്‍മാര്‍വരെ ഇവിടെയുണ്ട്‌.അല്ല അതുമൊരു കുറ്റമല്ല, കാറ്റുള്ളപ്പോഴല്ലേ തൂറ്റാന്‍ പറ്റൂ...

പനിപിടിക്കാത്തവര്‍ കൊതുകടി കൊള്ളാതിരിക്കാന്‍ സ്വയം ഫോഗിങ്ങ്‌ ചെയ്‌തു നോക്കുക. ഒരു പാത്രത്തില്‍ കുറച്ച്‌ ചകിരിയെടുത്ത്‌ കനലിട്ട്‌ പുകയ്‌ക്കുക. വീടിനു ചുറ്റും ഇങ്ങനെ പുക കൊള്ളിക്കാം. സന്ധ്യാ സമയത്തു ചെയ്‌താല്‍ കൊതുകിന്‍ അല്‍പ്പം ആശ്വാസം കിട്ടും. അതുപോലെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അവനവന്‍ സ്വീകരിക്കുക. ശരീരത്തിന്‌, പ്രതിരോധം നല്‍കുന്ന ഭക്ഷണസാധനങ്ങള്‍ കഴിക്കുക. കഴിവതും പുറത്തു നിന്നുള്ള ഭക്ഷണം മഴക്കാലത്ത്‌ ഒഴിവാക്കുക. ആരോഗ്യകരമായ രീതികളില്‍ ജീവിക്കുന്നവരെ ഏതൊരു ഡങ്കിയും പിടിക്കാന്‍ അല്‍പ്പമൊന്ന്‌ മടിക്കും. ഇതൊക്കെയേ ഇനി ചെയ്യാന്‍ കഴിയൂ, കാരണം സാധാരണ ജങ്ങള്‍ക്ക്‌ പ്രതീക്ഷയോടെ കാത്തിരിക്കാനുള്ള ഒന്നും ഭരിക്കുന്ന വര്‍ഗ്ഗത്തിന്റെ കയ്യിലില്ല. അവരുടെ പ്രശ്‌ങ്ങള്‍ ഒഴിഞ്ഞ്‌ ഇവിടെ പനിമരണങ്ങള്‍ ഒഴിവാക്കപ്പെടുകയും ഇല്ല.

ഇടവപ്പാതിയ്‌ക്ക്‌ നിലയ്‌ക്കാതെ പെയ്യുന്ന മഴയുണ്ട്‌, പക്ഷേ ഒപ്പം കടന്നു വരുന്ന അതിമാരകമായ പനി വൈറസ്സുകളെ ഉന്‍മൂലനം ചെയ്യാന്‍ അടുത്ത വര്‍ഷമെങ്കിലും ആലോചിച്ച്‌ പഠിച്ചൊരു മാര്‍ഗ്ഗം സര്‍ക്കാര്‍ കൊണ്ടു വരുമെന്ന പ്രതീക്ഷയോടെ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക