Image

നീന പനക്കലിന്റെ നോവല്‍ സ്വപ്നാടനം അവസാനിക്കുന്നു (നീനക്ക് നന്ദിപൂര്‍വം Eമലയാളിയും വായനക്കാരും)

സ്വപ്നാടനം(നോവല്‍ ഭാഗം-20)- നീന പനയ്ക്കല്‍ Published on 23 June, 2013
നീന പനക്കലിന്റെ നോവല്‍ സ്വപ്നാടനം അവസാനിക്കുന്നു (നീനക്ക് നന്ദിപൂര്‍വം Eമലയാളിയും വായനക്കാരും)
ഇരുപത്
ബാങ്കിനകത്ത് 'മാനേജര്‍' എന്ന് മുന്‍വശത്ത് എഴുതി വെച്ചിട്ടുള്ള മുറിയുടെ വാതിലില്‍ മൃദുവായി ബീന രണ്ടുതവണ മുട്ടി.

'യെസ്. കമിന്‍.'

അവള്‍ അകത്തേക്കു കയറിച്ചെന്നു. മധ്യവയസ്‌കയായ ഒരു സ്ത്രീയായിരുന്നു മാനേജര്‍.
'ഗുഡ്‌മോര്‍ണിംഗ്. ഹൗ മേ ഐ ഹെല്‍പ്പു യൂ?'

സെയ്ഫ് ഡെപ്പോസിറ്റ് ബോക്‌സിന്റെ താക്കോലും മറ്റു പേപ്പറുകളും ബീന അവരുടെ മുന്നില്‍ വെച്ചു.

'എനിക്ക് സെയ്ഫ് ഡെപ്പോസിറ്റ് ബോക്‌സ് വേണം.' മാനേജര്‍ കംപ്യൂട്ടറില്‍ എന്തൊക്കെയോ നോക്കി.

'ഓകെ. എവരിതിംഗ് ഈസ് ഇന്‍ ഓര്‍ഡര്‍.' അവര്‍ ചിരിച്ചുകൊണ്ട് ബീനയോടു പറഞ്ഞു. 'വരൂ, ബോക്‌സ് തുറന്നു തരാം.'

ബീനയെ അവര്‍ ബാങ്കിന്റെ പിന്നിലുള്ള, തടിച്ച കമ്പിയഴികള്‍ കൊണ്ടു ഭദ്രമാക്കിയ ഒരു വലിയ മുറിയിലേക്കു കൊണ്ടുപോയി. ചുവരില്‍ നിരനിരായി ചെറുതും വലുതുമായ ഡെപ്പോസിറ്റ് ബോക്‌സുകള്‍. ബീനയുടെ താക്കോലും ബാങ്കിന്റെ താക്കോലും ഉപയോഗിച്ച് ഒരു വലിയ ബോക്‌സ് തുറന്നു വലിച്ചെടുത്ത് അവളുടെ കൈയില്‍ കൊടുത്തു. ഒപ്പം താക്കോലും.

'അതാ ആ മുറിയിലിരുന്നു നിനക്കു നിന്റെ ബോക്‌സ് തുറക്കാം. ആവശ്യം കഴിയുമ്പോള്‍ എന്നെ വിളിക്കുക.' ഒരു മുറി ചൂണ്ടിക്കാണിച്ചു കൊണ്ട് മാനേജര്‍ പറഞ്ഞു.

ബീന ആ മുറിയിലേക്കു കയറി. ബോക്‌സ് മേശപ്പുറത്തു വെച്ചു. വാതില്‍ അകത്തുനിന്നും കുറ്റിയിട്ടു.
സാവധാനം പെട്ടിതുറന്നു. സ്റ്റോക്കുകള്‍, ഷെയറുകള്‍ ഓരോന്നും എടുത്തു വായിച്ചുനോക്കി മേശപ്പുറത്തു വെച്ചു.

ഒരു ചെറിയ ജൂവലറി ബോക്‌സില്‍ ഡയമണ്ടു പതിച്ച മോതിരം, ഒന്നു രണ്ടു ജോഡി കമ്മലുകള്‍, നാലഞ്ചു വളകള്‍, ഒന്നുരണ്ടു മാലകള്‍.

എറ്റവും അടിയില്‍ തടിച്ച ഒരു മഞ്ഞക്കവര്‍.

“ബീനക്കു മാത്രം. ബീന പ്രായപൂര്‍ത്തിയാകുമ്പോള്‍ കാണാനും വായിച്ച് അറിയാനും സ്വയം മനസ്സിലാക്കാനും.”

കവറിന്റെ മുകളില്‍ റീത്താന്റിയുടെ കൈപ്പടയില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നതുകണ്ട് ബീനയുടെ ഹൃദയം വല്ലാതെ മിടിച്ചു.

അവള്‍ കവര്‍ തുറന്നു. അതിനകത്തുനിന്നും ഫോട്ടോകള്‍ മടിയിലേക്കു വീണു.

സുന്ദരിയായ ഒരു യുവതിയുടെ മടിയിലിരിക്കുന്ന ഇരട്ടപ്പെണ്‍കുഞ്ഞുങ്ങള്‍.

മറ്റൊരു ഫോട്ടോയില്‍ ആദ്യത്തെ ഫോട്ടോയിലെ സുന്ദരിയോടൊപ്പം കോമളനായ ഒരു ചെറുപ്പക്കാരന്‍. അവള്‍ ഗര്‍ഭിണിയാണ്. തൊട്ടടുത്ത് ഒരു സ്‌ക്കൂട്ടര്‍.

മൂന്നാമത്തെ ഫോട്ടോ തിരുവനന്തപുരത്തെ വീടിനു മുന്നില്‍ വെച്ചെടുത്തതാണ്. ചെറുപ്പക്കാരിയായ സ്ത്രീയു#െ രണ്ട് ഒക്കത്തുമിരുന്നു ചിരിക്കുന്ന രണ്ടു പെണ്‍കുഞ്ഞുങ്ങള്‍. ഒരു വയസ്സില്‍ക്കൂടുതല്‍ വരില്ല കുഞ്ഞുങ്ങള്‍ക്ക്. ഇരുവശത്തും തിരുവനന്തപുരത്തെ ഗ്രാന്‍ഡ്പായും ഗാന്‍ഡ്മായും.

ബീന ഫോട്ടോകള്‍ വീണ്ടുംവീണ്ടും നോക്കി. സുന്ദരിയായ യുവതി സൂസിയാന്റിയാണ്. അവളുടെ നെഞ്ച് ശക്തിയായി മിടിച്ചു.

സൂസിയാന്റിക്ക് ഇരട്ടപ്പെണ്‍കുഞ്ഞുങ്ങളോ?

ബീന കവറിനക്തതേക്ക് കൈയിട്ട്, അതിലിരുന്ന പേപ്പറുകള്‍ പുറത്തെടുത്തു. അഡോപ്ഷന്‍ പേപ്പേഴ്‌സ്?

ആരുടെ? അവള്‍ വേഗം വേഗം പേപ്പറുകള്‍ വായിക്കാന്‍ തുടങ്ങി. അവള്‍ വല്ലാതെ വിയര്‍ത്തു. നെഞ്ച് വിങ്ങി.

പേപ്പറുകള്‍ വായിച്ചിട്ട് ഒന്നും ശരിക്കു മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. തലച്ചോറു മരവിച്ചിരിക്കുന്നു. ഒരു മന്ദബുദ്ധിയെപ്പോലെ ഫോട്ടോകളും പേപ്പറുകളും കൈയില്‍ പിടിച്ച് അവള്‍ ഇരുന്നു.
വാതിലില്‍ മുട്ടുകേട്ടു.

ഹലോ? ആര്‍ യു ഓകെ? നീഡ് എനി ഹെല്‍പ്പ്? മാനേജരുടെ ശബ്ദം. എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന്. പെട്ടെന്ന് ബീനക്ക് സുബോധമുണ്ടായി.

'ഐ ആം ഓക്കെ. ഞാന്‍ ഉടനെ പുറത്തിറങ്ങുന്നുണ്ട്.'

'നോ. വേണ്ട. ഇഷ്ടംപോലെ സമയമെടുത്തോളൂ. ഞാന്‍ വെറുതേ വിളിച്ചതാണ്.'

ഹാന്‍ഡ്ബാഗില്‍ നിന്നും ടിഷ്യൂ എടുത്ത് അവള്‍ മുഖം അമര്‍ത്തിത്തുടച്ചു. ഫോട്ടോകളും അഡോഷ്പഷന്‍ പേപ്പറുകളും അടങ്ങിയ കവര്‍ മാറ്റിവെച്ച്. ബാക്കിയെല്ലാം ബോക്‌സിനകത്താക്കി അടച്ച് അവള്‍ മാനേജരെ ഏല്‍പിച്ചു.

ഒരു കാര്‍ഡ് എഴുതിയുണ്ടാക്കിയതില്‍ ഒപ്പിടാന്‍ അവര്‍ ബീനയോട് ആവശ്യപ്പെട്ടു. ഒപ്പിട്ടപ്പോള്‍ അവളുടെ കൈവിരലുകള്‍ വല്ലാതെ വിറയ്ക്കുന്നത് അവര്‍ ശ്രദ്ധിച്ചു. അവര്‍ പറഞ്ഞു: 'ബീനാ, ഓരോ പ്രാവശ്യവും നീ സെയ്ഫ് ഡെപ്പോസ്റ്റ് ബോക്‌സ് തുറക്കുമ്പോള്‍ ഈ കാര്‍ഡില്‍ ഒപ്പിടണം.'
അവര്‍ പറഞ്ഞത് അവള്‍ കേട്ടതായിപ്പോലും തോന്നിയില്ല.

വാട്ട് ഹാപ്പന്‍ഡ് ടു ഹെര്‍ ? അവര്‍ അവളെ സാകൂതം നോക്കി.

പാര്‍ക്കിംഗ് ലോട്ടില്‍ ചെന്ന് കാറില്‍ക്കയറി കണ്ണുകളടച്ച് വളരെ നേരം അവളിരുന്നു. എന്തു ചെയ്യണമെന്ന് ഒരു രൂപവുമില്ല. കാറോടിക്കാന്‍ മറന്നുപോയതുപോലെ.

കുറച്ചുനേരം പുറത്തിറങ്ങി നടന്നാലോ. അവളാലോചിച്ചു. മനസ്സല്പം തെളിയുമായിരിക്കും.
അവള്‍ പുറത്തിറങ്ങിനിന്നു. കുളിര്‍കാറ്റ് വീശുന്നുണ്ടായിരുന്നു. ബാങ്കിനു ചുറ്റും ആളുകള്‍, വരുന്നു, പോകുന്നു. റോഡില്‍ വാഹനങ്ങള്‍ പോഞ്ഞോടുന്നു. ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്ന ഒരു യുവതി, അവളുടെ കുസൃതിക്കാരി കുഞ്ഞ് കൈവിട്ടു പോകാതിരിക്കാന്‍ മുറുകെ പിടിക്കുന്നു. പ്രതിഷേധിച്ച് പെണ്‍കുട്ടി കരയുന്നു.

അല്പനേരം അവള്‍ ആ കുട്ടിയെത്തന്നെ നോക്കിനിന്നു.

ശനിയാഴ്ച മിസ്റ്റര്‍ ന്യൂമന്റെ കൈയില്‍ നിന്നും സെയ്ഫ് ഡെപ്പോസിറ്റ് ബോക്‌സിന്റെ തോക്കോല്‍ വാങ്ങാന്‍ എത്ര ഉത്സാഹത്തോടെയാണ് പോയത്. അതിനകത്തെ നിധിയെടുക്കാനുള്ള ആകാംക്ഷ!
നിധിയൊരു പൊട്ടുന്ന ബോംബായിരുന്നു എന്നു മാത്രം.

അതു പൊട്ടി. താന്‍ തകരുകയും ചെയ്തു. അവള്‍ ഒരു പബ്ലിക്ക് ടെലിഫോണിനടുത്തേക്കു നടന്നു.
ഡാഡിയെ വിളിക്കാം.

ഡാഡിയോ? ഏതു ഡാഡി?

ഇത്രയും നാള്‍ ഡാഡിയെന്നു വിശ്വിസിച്ചു സ്‌നേഹിച്ചയാള്‍ യഥാര്‍ത്ഥ ഡാഡിയല്ല.

ആരാണ് എന്റെ യഥാര്‍ത്ഥ ഡാഡി? സൂസിയാന്റിയുടെ അടുത്തു നില്‍ക്കുന്ന ചെറുപ്പക്കാരനോ?

സൂസിയാന്റി വിധവയാണല്ലോ. ആ ചെറുപ്പക്കാരന്‍ മരിച്ചു പോയിരിക്കുന്നു. എന്റെ യഥാര്‍ത്ഥ ഡാഡി മരിച്ചുപോയി. ഇപ്പോഴുള്ളത് വെറും ഫേക്ക്(അയഥാര്‍ത്ഥ)ഡാഡി ആണ്.

അടുക്കോടും ചിട്ടയോടും കൂടി ചിന്തിക്കാനാവുന്നില്ല. ഈ അഡോപ്ഷന്‍ പേപ്പറുകള്‍ മുഴുവന്‍ വായിച്ചു മനസ്സിലാക്കണം. എന്നാലേ സത്യാവസ്ഥ മനസ്സിലാക്കാനാവൂ. അറിയാനാവൂ.

മിസ്റ്റര്‍ ന്യൂമന്റെ നമ്പര്‍ ഏതാണ്?

ഓര്‍മ്മ വരുന്നില്ല.

അവള്‍ ഓപ്പറേറ്ററെ വിളിച്ചു.

'ഹലോ മിസ് ബീന.' ന്യൂമന്റെ പ്രസന്നമായ സ്വരം കാതില്‍ വീണപ്പോള്‍ ആശ്വാസം തോന്നി. 'എങ്ങനെയാണ് ഞാന്‍ നിന്നെ സഹായിക്കേണ്ടത്? എന്താവശ്യമുണ്ടെങ്കിലും പറഞ്ഞാല്‍മാത്രം മതി.'

'മിസ്റ്റര്‍ ന്യൂമന്‍, താങ്കളെ എനിക്കുടന്‍ കാണണം. എനിക്ക് സഹായം വേണം. ഇറ്റ് ഈസ് വെരി ഇംപോര്‍ട്ടന്റ്. എനിക്ക് കാറോടിക്കാന്‍ വയ്യ.'

'അസുഖം വല്ലതുമാണോ? ആംബുലന്‍സ് വിളിക്കാം. ഞാനുമെത്താം. നീയിപ്പോള്‍ എവിടെയാണ്?' ഉല്‍ക്കണ്ഠ നിറഞ്ഞ ശബ്ദം.

'ഇല്ല. അസുഖമൊന്നുമില്ല. എനിക്ക് താങ്കളെ ഉടനെ കാണണം. ഈ ബാങ്കിന്റെ പാര്‍ക്കിംഗ് ലോട്ടിലാണു ഞാന്‍. പ്ലീസ് ഹറി.'

ബീന കാറിനടുത്തു ചെന്നു നിന്നു.

മിസ്റ്റര്‍ ന്യൂമന്‍ അവളേയുംകൂട്ടി അയാളുടെ ഓഫീസിലേക്കു പോയി.

'പ്ലീസ് മിസ്റ്റര്‍ ന്യൂമന്‍, ഈ പേപ്പറുകള്‍ എനിക്കു മനസ്സിലാക്കിച്ചു തരണം.' ബാഗില്‍നിന്നും മഞ്ഞക്കവര്‍ എടുത്ത് അവള്‍ മേശപ്പുറത്തു വെച്ചു.

സെക്രട്ടറി കൊടുത്ത നീണ്ട ഗ്ലാസിലെ ഓറഞ്ച് ജ്യൂസ് അല്പാല്പമായി അവള്‍ കുടിച്ചു കഴിയുമ്പോഴേക്ക്, പേപ്പറിലുള്ള വിവരങ്ങള്‍ മുഴുവന്‍ ന്യൂമന്‍ അവള്‍ക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു.
ബീന സ്തബ്ധയായി ഇരുന്നു.

'സോാറി.' മി. ന്യൂമന്‍ അവളെ സഹതാപത്തോടെ നോക്കി. 'എനിക്കറിയാം നീ ഷോക്കിലാണെന്ന്. ബീനാ ഞാന്‍ എന്തു ചെയ്യണം. നിന്നെ വീട്ടില്‍ കൊണ്ടു ചെന്നാക്കണോ? അതോ മറ്റെവിടെയെങ്കിലും നിനക്ക് പോകണോ?'

'എന്നെ ബാങ്കിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ വിട്ടേക്കൂ.'

'എനി ടൈം ബീനാ. നിന്നെ സേവിക്കുന്നതില്‍ സന്തോഷമേയുള്ളൂ.'

'എല്ലാറ്റിനും നന്ദി. ഈ സേവനത്തിന് ദയവായി ബില്ലയച്ചേക്കൂ.'

'നിന്റെ ഇഷ്ടംപോലെയാകട്ടെ.'

ന്യൂമന്‍ അവളെ ബാങ്കിനു മുന്നിലുള്ള പാര്‍ക്കിംഗ് ലോട്ടില്‍ കൊണ്ടു പോയി വിട്ടു. അയാളുടെ കാര്‍ കണ്ണില്‍നിന്നും മറയുന്നതുവരെ അവള്‍ നോക്കിനിന്നു.

വീണ്ടും കാറില്‍കയറി വളരെ നേരം ഇരുന്നു. എങ്ങോട്ടു പോകണം. ഒരു നിശ്ചയവുമില്ല.അവന്യൂകള്‍, സ്ട്രീറ്റുകള്‍, റോഡുകള്‍, ബുളവാഡ്… ഒരു ലക്ഷ്യവുമില്ലാതെ കാര്‍ ഓടിക്കൊണ്ടിരുന്നു.

ഞാന്‍ ആരാണ്. ജോസഫും മേരിക്കുട്ടിയും ആരാണ്. സൂസിയും ചെറുപ്പക്കാരനും ആരാണ്. ആരൊക്കെയാണ് സൂസിയുടെ ഇരട്ടപ്പണ്‍കുട്ടികള്‍?

വഞ്ചന. ചതി. അറിഞ്ഞുകൊണ്ട് എല്ലാവരും കൂടി എന്നെ വഞ്ചിച്ചു. ഒരാള്‍പോലും സത്യം പറഞ്ഞില്ല. റീത്താന്റിപോലും. പ്രായപൂര്‍ത്തിയായശേഷം ബീനയെ സത്യമറിയിച്ചാല്‍ മതിയെന്ന് അവരും കരുതി.

കാരണം? സ്‌നഹമില്ലായ്മ. വിശ്വസ്തതയില്ലായ്മ.

ഈ ഫോട്ടോകളും പേപ്പറുകളും എത്രനാളായി റീത്താന്റി സൂക്ഷിക്കുന്നു? ഇവയെങ്ങനെ റീത്താന്റിയുടെ കൈയില്‍ വന്നു. ജോസഫും മേരിക്കുട്ടിയും റീത്താന്റിയുടെ കൈയില്‍ സൂക്ഷിക്കാന്‍ കൊടുത്തിരുന്നോ?

കാറില്‍ ഇന്ധനം തീരാറായി എന്നു കാണിക്കുന്ന ലൈറ്റുകത്തി. യന്ത്രം സത്യം പറയുന്നു? മുന്നറിയിപ്പു തരുന്നു. അതിനു വഞ്ചിക്കാനറിയില്ല.

ആദ്യം കണ്ട ഗ്യാസ് സ്റ്റേഷനില്‍ ചെന്ന് ബീന ടാങ്കു നിറച്ചു.

ആരാണ് ജോസഫ്? എന്റെ ഡാഡി.

അപ്പോള്‍ മനു? അതും ഡാഡി.

ഒരാള്‍ക്ക് രണ്ടു ഡാഡിമാര്‍.

എന്തു സ്വഭാവക്കാരാനായിരുന്നു മനു?

ഭാര്യയെ ഒരുപാടു സ്‌നേഹിച്ചിരുന്നോ? ഉണ്ടായിരുന്നിരിക്കണം. അവര്‍ തിരിച്ചും സ്‌നേഹിച്ചിരുന്നിരിക്കും.

അതുകൊണ്ടാവണമല്ലോ അവര്‍ വീണ്ടും വിവാഹിതയാകാതിരുന്നത്.

എന്തൊക്കെയോ മനസ്സില്‍ പൊട്ടിത്തെറിക്കുന്നു.

വെള്ളസ്സാരി പുതച്ച ഒരു സ്ത്രീ. അവരുടെ ഇരുകൈകളിലും ഓരോ കുഞ്ഞുങ്ങള്‍. ഒരു കുഞ്ഞിന് ബിന്ദുവിന്റെ മുഖം. മറ്റേ കുഞ്ഞിന് മുഖമില്ല.

മുഖമില്ല…മുഖമില്ല. ബീന അലറി.

ടയറുകള്‍ റോഡില്‍ ശക്തിയായി ഉരയുന്ന ചെവിയടപ്പിക്കുന്ന ശബ്ദം. അവള്‍ പെട്ടെന്ന് ബ്രേക്കില്‍ കാലമര്‍ത്തി.

കാര്‍ നിന്നു.

കൈകള്‍കൊണ്ട് മുഖം അമര്‍ത്തിത്തുടച്ചിട്ട് അവള്‍ പുറത്തേക്കു നോക്കി. ചുറ്റും കാറുകളിലിരുന്ന് ശകാരിക്കുന്ന മനുഷ്യര്‍. ചിലര്‍ അട്ടഹസിക്കുന്നു. മറ്റുചിലര്‍ വിരലുകള്‍ കൊണ്ട് അസഭ്യം കാട്ടുന്നു.

സോറി. സോറി. ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ട് അവള്‍ കാര്‍ നേരെയാക്കി മുന്നോട്ടെടുത്തു.
കുറെയകലെ ഒരു ഒഴിഞ്ഞ പാര്‍ക്കിംഗ് ലോട്ടില്‍ കാര്‍ കൊണ്ടു ചെന്നിട്ടു.

ഓര്‍മ്മവെച്ചതുമുതലുമുള്ള കാര്യങ്ങള്‍ അവളുടെ മനസ്സിലൂടെ ഓരോന്നായി കടന്നുപോയി.

കണ്ട നിമിഷം മുതല്‍ സൂസിയാന്റി എന്ന സ്ത്രീയേയും അവരുടെ മകളേയും വെറുത്തിരുന്നു. കാരണമെന്ത്?

മനുഷ്യര്‍ക്ക് സിക്‌സ്ത് സെന്‍സ് എന്നൊന്നുണ്ടല്ലോ. പിഞ്ചു കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ഉപേക്ഷിച്ചുകളഞ്ഞ പെറ്റമ്മയോട്, തനിക്കവകാശപ്പെട്ട സ്‌നേഹം കൂടി അമ്മയില്‍ നിന്നും കവര്‍ന്നെടുത്ത സഹോദരിയോട് വെറുപ്പുണ്ടായത് ആ ആറാം ഇന്ദ്രിയം
കാരണമല്ലേ?

അവരെ രണ്ടുപേരേയും മന:പൂര്‍വ്വം വേദനിപ്പിച്ചിരുന്നു. വെറും രസത്തിനല്ല. അതില്‍നിന്ന് ഒരു തരം ക്രൂരമായ സംതൃപ്തി ലഭിച്ചിരുന്നതിനാല്‍തന്നെ.

താണവരിലും താണവരോടെന്നപോലെ അവരോടു പെരുമാറിയപ്പോള്‍, അവരെ നിന്ദിച്ചപ്പോള്‍ അവര്‍ തമ്മില്‍ത്തമ്മില്‍ എന്തു പറഞ്ഞു കാണും? അവര്‍ക്കറിയാമായിരുന്നല്ലോ ഈ രാജകുമാരി ബിന്ദുവിനെപ്പോലെ വെറുമൊരു ബീന മാത്രമാണെന്ന്.

സ്റ്റീയറിംഗ് വീലില്‍ തലയടിച്ചു പൊട്ടിക്കാന്‍ തോന്നി അവള്‍ക്ക്.

വീണ്ടും എങ്ങോട്ടെന്നില്ലാതെ കാര്‍ ഓടി. വളരെ സാവധാനം.

സന്ധ്യകഴിഞ്ഞപ്പോള്‍ ബീനയുടെ കാര്‍ ഫിലിപ്പ്‌സാറിന്‍രെ ഡ്യൂപ്ലക്‌സിന്റെ മുന്നില്‍ ചെന്നുനിന്നു.

ഒരു സ്വപ്നാടകയെപ്പോലെ വേച്ചുവേച്ചു നടന്നുവരുന്ന ബീനയെ ലിവിംഗ്‌റൂം ജനാലയിലൂടെ ഫിലിപ്പ് സാറും അന്നയും കണ്ടു. അവര്‍ അത്ഭുതപ്പെട്ടു. കാറിന്റെ ഡോറടയ്ക്കാന്‍പോലും അവള്‍ മറന്നിരിക്കുന്നു!!

മുകളിലേക്കുള്ള പടികള്‍ കയറി അവള്‍ വീടിനു മുന്നിലെ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി.

സൂസി പ്രാര്‍ത്ഥന കഴിക്കുകയായിരുന്നു. ബല്ലടികേട്ട് ബൈബിള്‍ അടച്ചു വെച്ചിട്ട് പുറത്തെ ലൈറ്റിട്ടശേഷം ഡോറില്‍ പതിപ്പിച്ചിരിക്കുന്ന ഗ്ലാസിലൂടെ വെളിയിലേക്കു നോക്കി.

ബീന!!

വിശ്വസിക്കാന്‍ സാധിച്ചില്ല. വീണ്ടും വീണ്ടും നോക്കി.
അതെ ബീനതന്നെ.

വേഗം സെയ്ഫ്ടി ലോക്കുകള്‍ ഊരി സൂസി വാതില്‍ മലര്‍ക്കെ തുറന്നിട്ടു.

പാറിപ്പറന്ന മുടിയും വിളറിയ മുഖവുമായി അസുഖം ബാധിച്ചവളെപ്പോലെ ബീന വാതില്ക്കല്‍ ആടിയാടി നിന്നു. അവളുടെ ക്ഷീണിതമായ മിഴികള്‍ സൂസിയുടെ മുഖത്തു പതിച്ചു.

അവളുടെ മുഖത്ത് മാറിമാറി വന്ന ഭാവങ്ങള്‍ അത്ഭുതപൂര്‍വ്വം സൂസി നോക്കിനിന്നു.

ബീനയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. ചുണ്ടുകള്‍ നിയന്ത്രണമറ്റു വിറച്ചു. നെഞ്ചിലെ കുരുക്ക് ഒന്നുകൂടി മുറുകി. കാലുകള്‍ക്ക് ബലം നഷ്ടമായി. മാറിടം പിടച്ചു.

എന്റെ അമ്മേ… നിലവിളിച്ചുകൊണ്ട് അവള്‍ സൂസിയുടെ നെഞ്ചിലേക്കു വീണു.
സൂസി അവളെ മുറുകെ കെട്ടിപ്പിടിച്ചു.

മോളേ എന്റെ ബീനമോളെ…

കരഞ്ഞുകൊണ്ട് ഇരുവരും കാര്‍പ്പെറ്റിലേക്ക് ഇരുന്നു. ഇനിയൊരിക്കലും വിടില്ല എന്ന മട്ടില്‍ അവര്‍ പരസ്പരം മുറുകെപ്പിടിച്ചു. കണ്ണീര്‍ ധാരധാരയായി ഒഴുകി.

എന്റെ ബീനമോള്‍ക്കുവേണ്ടി മിനിട്ടുകള്‍ക്ക് മുന്‍പ് പ്രാര്ത്ഥിച്ചതേയുള്ളൂ. ഇപ്പോഴിതാ അവളെ എന്റെ കൈകളില്‍ കൊണ്ടെത്തിച്ചു തന്നിരിക്കുന്നു കാരുണ്യവാനായ ദൈവം! സൂസി കണ്ണുകള്‍ ഉന്നതത്തിലേക്കുയര്‍ത്തി.

ഒരു പിഞ്ചു പൈതലിനെയെന്നോണം സൂസി അവളെ മാറോടണച്ച് താലോലമാട്ടി. അവളുടെ മുഖത്തുനിന്നും കണ്ണീര്‍ തുടച്ചുകളഞ്ഞു.

എന്നോ നഷ്ടപ്പെട്ട മുലപ്പാലിന്റെ മണം തിരിച്ചറിഞ്ഞ പിഞ്ചുപൈതലായി ആ മകള്‍ അമ്മയുടെ മാറില്‍ ഒട്ടിപ്പിടിച്ചു കിടന്നു.

എത്ര നാളായി ഞാനീ സുഗന്ധമന്വേഷിച്ചലയുന്നു. അവളുടെ ഉള്ളുതേങ്ങി. എന്തോ എവിടെയോ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാമായിരുന്നു. ഈ മാറിടത്തിലെ ചൂട്. ഈ ഹൃദയത്തിന്റെ സ്പന്ദനം!

ഇതാ എല്ലാം എനിക്കു തിരിച്ചു കിട്ടിയിരിക്കുന്നു. കരച്ചില്‍ ഒന്നടങ്ങിയപ്പോള്‍ ബീന മുഖമുയര്‍ത്തി അമ്മയുടെ മുഖത്ത് നൂറുമ്മകള്‍ വെച്ചു. അവള്‍ക്കു മതിയായില്ല.

'എന്താണ് അമ്മയെന്നെ കൊടുത്തു കളഞ്ഞത്? ഗദ്ഗദത്തോടെ അവള്‍ സൂസിയോടു ചോദിച്ചു: 'ബിന്ദുവിനെ അമ്മ ആര്‍ക്കും കൊടുത്തില്ല. ഞാനത്രക്കു ചീത്തയായിരുന്നോ അമ്മേ കുഞ്ഞായിരുന്നപ്പോഴും?'

'ഒക്കെ ഞാന്‍ പറയാം മോളെ.' സൂസി അവളുടെ തലയില്‍ തലോടി.

എന്നെ പ്രസവിച്ച അമ്മയോട്- അിറയാതെയാണെങ്കിലും- പുച്ഛത്തോടെ ബഹുമാനമില്ലാതെ പെരുമാറാന്‍ ഇടയായിപ്പോയല്ലോ. എന്തിന് എന്നെക്കൊണ്ട് ആ പാപം ചെയ്യിച്ചു? പറയമ്മേ എനിക്ക് സത്യമറിയണം. എനിക്കെല്ലാം അറിയണം.

'എന്നെങ്കിലും ഒരിക്കല്‍ നീ ആരാണെന്നറിയുമെന്നും അന്ന് നിന്നോട് എല്ലാം പറയേണ്ടിവരുമെന്നും എനിക്കറിയാമായിരുന്നു. അതിനുമുന്‍പ് എനിക്ക് ജോസച്ചാച്ചനെ വിളിക്കണം. നീ ഇവിടെയുണ്ടെന്ന് പറയണം.'

സൂസി അപ്പോള്‍ത്തന്നെ ജോസിനെ വിളിച്ചു. 'ബീന ഇവിടെയുണ്ട് അച്ചായാ. നിങ്ങള്‍ രണ്ടുപേരുംകൂടി ഇങ്ങോട്ടു വരണം.'

ഫോണ്‍ വെച്ചശേഷം സൂസി ബീനയുടെ അടുത്തു ചെന്നു. ഉ'ണ്ടായ കാര്യങ്ങളെല്ലാം ഞാന്‍ പറയാം മോളെ. എനിക്ക് നിന്നോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. നീയെന്നെ വെറുക്കരുത്. ജോസച്ചാച്ചനേയും മേരിക്കുട്ടിമ്മാമ്മയേയും വെറുക്കരുത്. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.'

മനുവിനെ പരിചയപ്പെട്ടതു മുതലുള്ള കാര്യങ്ങള്‍ സൂസി പറയാന്‍ തുടങ്ങി.

നിറകണ്ണുകളുമായി ബീന അമ്മയെ ചാരി, ആ സാമീപ്യത്തിന്റെ സ്വാന്തനമനുഭവിച്ച് നിശ്ശബ്ദയായി ഇരുന്നു. ശ്രദ്ധാപൂര്‍വ്വം ശ്രവിച്ചുകൊണ്ട്.

Previous Page Link:http://www.emalayalee.com/varthaFull.php?newsId=52873
നീന പനക്കലിന്റെ നോവല്‍ സ്വപ്നാടനം അവസാനിക്കുന്നു (നീനക്ക് നന്ദിപൂര്‍വം Eമലയാളിയും വായനക്കാരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക