Image

സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയോരക്കാഴ്ചകള്‍-1

ഏബ്രഹാം തെക്കേമുറി. Published on 04 July, 2013
സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയോരക്കാഴ്ചകള്‍-1
ഒറ്റക്കണ്ണനെ ക്രോക്രി കാട്ടുന്ന ചൊക്രകണ്ണന്‍മാര്‍ മതത്തിന്റെയും , ദൈവത്തിന്റെയും പേരില്‍ ഇന്ന് മനുഷ്യനെ ചൂഷണംചെയ്യുന്നു. എന്താണു മനുഷ്യന്‍? ആരാണ്‌ ദൈവം? മനുഷ്യന്‍ ഒരു കൊച്ചുജീവിയാണ്. അവന്റെ മനസിന്റെ ബോധവൃത്തം ചെറുതാണ്. അവന്റെ ആവശ്യങ്ങള്‍ തുച്ഛമാണ്. എന്നാല്‍ അനാദികാലത്തെ തേടിപ്പോകുന്ന ഒരു മനസാണ് അവനുള്ളത്. അനന്തതയിലേക്ക് പോകാന്‍ അവനെ പ്രേരിപ്പിക്കുന്ന ഒരു മനസ്. അങ്ങനെ അന്വേഷണം ആരംഭിച്ചു. അന്വേഷണ കുതുകിയായ മനഷ്യന്‍ കണ്ടെത്തിയതിനെ കുറിച്ചിടുന്നതിലും ഉത്‌സുകനായി. അങ്ങനെ വേദങ്ങള്‍ ഉണ്ടായി. വേദപ്രമാണങ്ങള്‍ ഉണ്ടായി. വേദം 'ശ്രുതി'യായി അറിയപ്പെടുന്നതിന്റെ പിന്നില്‍ തങ്ങള്‍ കേട്ടതിനെക്കുറിച്ചിട്ടുവെന്ന ധ്വനിയാണുള്ളത്. സത്യമായുംഅത് അങ്ങനെതന്നേയാകുന്നു. അല്ലയെങ്കില്‍ ഇന്നത്തെ അത്യാധുനിക മനുഷ്യന്‍ ഇന്നും പുരാണത്തിന്റെ മഹത്വംതേടി നട്ടംതി്‌രിയുകയില്ലായിരുന്നു. ശാസ്ത്രസങ്കേതിക വിദ്യകള്‍ക്കൊണ്ട് അളന്നിട്ടും ഇന്നും പരിഛേദം നിഷേധിക്കാനാകാതെ സാത്താനും ദൈവത്തിനുമിടയില്‍ മനുഷ്യന്‍ നട്ടംതിരിയുകയാണ്.

'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്ന സിദ്ധാന്തം യൂറോപ്പില്‍ പൊട്ടിപ്പുറപ്പെട്ട് ശക്തിപ്പെട്ടു. എന്നിട്ടോ? ഇന്നും മതം അഖിലാണ്ഡത്തിലെ മര്‍ത്യന്റെ അടിസ്ഥാനഘടകമാണ്. എന്തെന്നാല്‍ ആശയറ്റ മനുഷ്യന്റെ ജീവനാഡിയാണ് മതം .മതങ്ങളെ വിഭിന്നങ്ങളായി ചിത്രീകരിച്ച് ഇന്നത്തെ മനുഷ്യന്‍ സ്വയം നാശം ഏറ്റുവാങ്ങുകയാണ്. മതസംവാദം നടത്തി ഐക്യതയിലെത്താന്‍ ഇന്ന് ശുപാര്‍ശകള്‍ ഏറിവരുന്നു. 'സര്‍വമതസാരമേക'മെന്ന് ജ്ഞാനികള്‍ കാലങ്ങളായി പറയുന്നു. എന്നിട്ടും മതങ്ങള്‍ ഏകമാകുന്നില്ല. എന്തേ കാരണം.? സാധാരണക്കാരുടെയും ജ്ഞാനികളുടെയുമിടയില്‍ ഒരുവിധ വിവരദോഷികളായ മതനേതാക്കന്മാര്‍ മനുഷ്യനും ദൈവത്തിനുമിടയിലെ മദ്ധ്യസ്ഥര്‍. ബ്രാഹ്മണമേധാവിത്വം സൃഷ്ടിച്ച ജാതിവ്യവസ്ഥയിലുടെ നിലനിര്‍ത്തിക്കൊണ്ടു പോരുന്ന പൗരോഹിത്യം. എന്നാല്‍മതം പുരോഹിതതന്ത്രമല്ല. അത് ചടങ്ങല്ല, കണ്ണുമുടിയചില വിശ്വാസങ്ങളുമല്ല. അത് മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന ആദ്ധ്യാത്മികതയുടെ പ്രകാശനമാണ്. ആ പ്രകാശം ലഭിക്കണമെങ്കില്‍ മതങ്ങളുടെ താരതമ്യപഠനം ആവശ്യമാണ്. ആചാരങ്ങളെന്ന പുരോഹിത തന്ത്രങ്ങളെയോ, കല്ല്, കളിമണ്ണ്, പിത്തള, ഓട് തുടങ്ങിയ ഖരവസ്തുക്കളിലെ പ്രതിബിംബങ്ങളെയോ പറ്റിയല്ല പഠിക്കേണ്ടത്.കല്ലാശാരിമെനയുന്ന ദൈവങ്ങളെയും, ദൈവമാതാക്കളെയും, വാളിനെയും കുരിശിനെയും നമിക്കുന്നതും , നേര്‍ച്ച കാഴ്ചകള്‍കൊണ്ട് കാര്യസാദ്ധ്യം ഉണ്ടാക്കുന്നതിനെയും കുറിച്ച് അന്വേഷിക്കുന്നതുതന്നേ തെറ്റാകുന്നു. വ്യാജ്യമതമെന്തെന്നു ഇപ്പോള്‍ നാം അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്.

ചരിത്രാതീത കാലത്തെപ്പറ്റി വേദഗ്രന്ഥങ്ങള്‍ പറയുന്നണ്ടു്. അതായത് പ്രകൃതിശക്തികളെആരാധിച്ച മനുഷ്യന്‍. ആ കാലഘട്ടംവേദത്തിനു വെളിയിലാണ്. എന്നാല്‍ മനുഷ്യനോട്‌ ദൈവം സംവാദിക്കാന്‍ തുടങ്ങിയതോട് നന്മതിന്മകളെ തിരിച്ചറിയാനുള്ള ജ്ഞാനത്തിന്റെ പ്രകാശം ഭൂതലത്തില്‍ പ്രശോഭിക്കപ്പെട്ടു. ധര്‍മ്മത്തേയും അധര്‍മ്മത്തേയും രണ്ടായി വിഭജിച്ചുകൊണ്ടുള്ളതും മര്‍ത്യനിലെ ആത്മാവിന്റെ 'മോക്ഷം' അഥവാ “ജ്ഞാത്വാതംമൃത്യുമത്യേതി” (ആത്മാവിനെ അറിഞ്ഞാല്‍ മരണത്തെ ജയിക്കാം) നേടാമെന്നുള്ള വേദാന്തം
'ഏകം നിത്യംവിമലചേലം
സര്‍വ്വദാസാക്ഷിഭൂതം
ഭാവാതീതം ശ്രീഗുണരഹിതം
സല്‍ഗുരുനാം നമാമീം.'
ഒന്നായ അങ്ങയെപ്പറ്റി ഞങ്ങള്‍ സ്മരിക്കട്ടെയെന്നു തുടങ്ങിയ ധര്‍മ്മവാക്യം പില്‍ക്കാലത്തു വന്നുകൂടിയ ശിഥില സംസ്‌കാരങ്ങളുടെ വളര്‍ച്ചകൊണ്ട്മറയപ്പെടുകയും മുപ്പത്തിമുക്കോടി ദൈവങ്ങള്‍ രൂപപ്പെടുകയും ഓരോ ദൈവങ്ങള്‍ക്കും ഓരോവിധ ആരാധനക്രമം ഉണ്ടാകയും അങ്ങനെ സത്യദൈവചിന്ത മനുഷ്യമനസില്‍ നിലനില്‍ക്കുകയും പ്രത്യക്ഷത്തില്‍ വിഭിന്ന സാത്താന്യസേവ സംജാതമാകയും ചെയ്തു.
എന്നാല്‍ കാലാകാലങ്ങളില്‍ ദൈവീകശബ്ദം ഈ ഭൂതലത്തില്‍ മര്‍ത്യനോട്‌ സംവാദിച്ചുകൊണ്ടിരുന്നു. മനുഷ്യോല്‍പ്പത്തിക്കു മുമ്പുള്ള കാലത്തെപ്പറ്റി ദൈവത്തിന്റെ ആത്മാവ്‌ വെള്ളത്തിന്മേല്‍ പരിവര്‍ത്തിച്ചുകൊണ്ടിരുന്നു എന്ന്‌ ബൈബിള്‍ പറയുമ്പോള്‍ ആര്യമതത്തിന്റെ സംഭാവനയായ വേദങ്ങളിലൊന്നായ ഋഗ്‌വേദത്തില്‍ ആത്മാവായ ദൈവത്തെപ്പറ്റി പറയുന്നു. മതസിദ്ധാന്തങ്ങളില്‍ ഏകദൈവവിശ്വാസവും ആചാരാനുഷ്ടാനങ്ങളില്‍ വിവിധത്വവും പല ദൈവങ്ങളും കടന്നുകൂടിയ വിധത്തെപ്പറ്റിയാണ് ഇന്നത്തെ മനുഷ്യന്‍ ബോധവാനാകേണ്ടത്. കാവ്യഭാവനകള്‍ക്ക്‌ മോടിപിടിപ്പിച്ചുകൊണ്ടുള്ള ദൈവീക ആരാധനയില്‍ പാരമ്പര്യങ്ങളെ കണ്ണടച്ചു വിശ്വസിച്ചുകൊണ്ട് മുന്നേറുകയാണ് ഇന്നത്തെ മനുഷ്യന്‍.  

മാനവസംസ്‌കാരത്തിന്റെ ഉത്ഭവസ്ഥാനം ചരിത്രപരമായി കുറിക്കപ്പെട്ടത് ബാബേല്‍ പട്ടണത്തിലാണ്. പിന്നീടത് ബ്രഹ്മദേശം, ആര്യാവൃത്തം ഇത്യാദി പേരുകളിലറിയപ്പെട്ട ഭാരതം, ഗാന്ധാരം(അഫ്ഗാനിസ്ഥാന്‍) തുടങ്ങി പലസ്തീനിന്റെ ദക്ഷിണഭാഗത്ത് യോര്‍ദാന്‍ തീരഭൂമിയില്‍ സ്ഥിതിചെയ്തിരുന്ന സോദോം, ഗോമോറ, സെബയീം, അദമ, സോവാര്‍ എന്നിങ്ങനെ മദ്ധ്യധരണാഴിയുടെ സമീപപ്രദേശങ്ങളെല്ലാം പടര്‍ന്നു. മെസപ്പൊത്തോമ്യയില്‍ നിന്ന് ആര്യന്മാര്‍ ഇന്ത്യയിലേക്ക് കുടിയേറിയതോടെ അവരുടെ വേദജ്ഞാനപ്രകാരം ഇന്ത്യയിലെ ആദിവാസികളായ ദ്രാവിഡരെ വാനരരായും കാട്ടാളന്മാരായും, അസുരന്മാരായുമൊക്കെ ചിത്രീകരിച്ചുകൊണ്ടുള്ള ഇതിഹാസങ്ങള്‍ ഉണ്ടായി. ഹിന്ദുമതത്തിലെ ആദ്യമതമായ സൗരമതംസൂര്യോപാസന സമ്പ്രദായം ആണ്. മിഹിരഗോത്രത്തിലെ നിക്ഷുദ എന്ന സൂര്യഭക്തയ്ക്ക് 'ജരാശസ്തന്‍' എന്നൊരുസൂര്യപുത്രന്‍ ജനിച്ചു. ബാബിലോണ്‍ പട്ടണം പണിത നിമ്രോദ് തന്നെയാണ് ഈ സൂര്യപുത്രന്‍. പിന്നീടത്‌ ലാറ്റിനോസ് ദേവന്‍, സാറ്റേണ്‍, ദാഗോന്‍ ബാക്കസ്, ജാനുസ് എന്നിങ്ങനെ പലയിടത്തും ദൈവമായി. മനുഷ്യര്‍ പെരുകുന്നതിനോടൊപ്പം ദൈവങ്ങളും പെരുകിവന്നു. സ്ത്രീകള്‍ പ്രസവിച്ച ദൈവങ്ങളും ഉണ്ടായി. ആര്യന്മാരോ, വേദങ്ങളോ ഇന്നു കാണപ്പെടുന്ന, അഥവാ അറിയപ്പെടുന്ന ഹിന്ദുമതത്തിന്റെ അടിസ്ഥാനങ്ങള്‍ അല്ല. പഞ്ചമകാര പൂജയില്‍ വിശ്വസിച്ചിരുന്ന താന്ത്രികമതങ്ങളുടെ കൂട്ടംആണ് ഹിന്ദുക്കള്‍. എന്നു പറഞ്ഞാല്‍ വിദേശത്തു നിന്നുവന്നതോ, ഇന്ത്യയില്‍ തന്നേ ഉദയം ചെയ്തതോ ആയ ഏകദൈവവിശ്വാസമുള്ള ഒരുമതത്തിലും വിശ്വസിക്കാതെ പൊതുവായ ഒരു വിശ്വാസപ്രമാണമോ, അവരില്‍തന്നെ എല്ലാവരും അംഗീകരിക്കുന്ന ഒരു മതഗ്രന്ഥമോ ഇല്ലാതെ ഒട്ടേറെ വിശ്വാസങ്ങളുടെ ഒരു സങ്കരരൂപമാണ് ഹിന്ദുമതം.

ഇത്തരം സങ്കരമതങ്ങള്‍ ചൈന, മെക്‌സിക്കോ, കൊറിയ, വിയറ്റ്‌നാം എന്നിങ്ങനെ വളരെയാണ്. പൂജയും കര്‍മ്മവും കോവിലും വിഗ്രഹവും എല്ലാമണ്ടു്. ജാതിയടിസ്ഥാനത്തിലാണ് ഇവിടെ മനുഷ്യന്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നത്. വിഗ്രഹപൂജജാതീയ സംസ്‌കാരമായതിനാലാണ് ജാതിയുടെ പേരില്‍ മനുഷ്യന്‍ വിഘടിക്കപ്പെട്ടിരിക്കുന്നത്. ജാതീയപാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയാണ്‌ ക്രൈസ്തവരുടെ ഇടയിലെ വിഗ്രഹങ്ങളും.

വേദങ്ങളും, ഗീതയും, ബൈബിളും, ഖുറാനും തമ്മില്‍ പൊരുത്തപ്പെടുന്നു. അങ്ങനെ സര്‍വമതഗ്രന്ഥസാരം ഏകമാകുന്നു. എന്നാല്‍ മതഗ്രന്ഥങ്ങള്‍ക്ക്‌ വെളിയില്‍തീര്‍ത്ത ചട്ടക്കൂട്ടില്‍ സങ്കലനത്തിന്റെയും സങ്കരത്തിന്റെയും ചതിവില്‍ അകപ്പെട്ടുകിടക്കയാണ് ഇന്നത്തെ മതങ്ങള്‍.

മതസംവാദത്തിനായി വേദിയൊരുക്കി മതങ്ങളുടെ താരതമ്യപഠനത്തിനൊരുങ്ങിയാല്‍ ഇവിടെ കുലപാതകം ഉണ്ടാകും. കാരണം ഇന്നത്തെ വിശ്വാസങ്ങളും ആചാരങ്ങളും അവിടെ അവഹേളിക്കപ്പെടും. സിംഹാസനങ്ങള്‍ മറിയപ്പെടുകയും കിരീടങ്ങള്‍ താഴെ വീഴുകയും ചെയ്യും. ജപനൂല് അറ്റുപോകയും കിണ്ടികിണ്ണങ്ങള്‍ ഉടയുകയും ചെയ്യും. സൗകര്യപൂര്‍വം സാധാരണക്കാരെ വഞ്ചിച്ചുകൊണ്ടുള്ള കൊടുംതട്ടിപ്പാണ് ഇന്നത്തെ മതാനുഷ്ടാനങ്ങള്‍ . മസ്തിഷ്‌കപ്രക്ഷാളനം സംഭവിച്ച കൂട്ടങ്ങള്‍ എല്ലാ മതാദ്ധക്ഷ്യന്മാരുടെയും പിന്നിലുണ്ടു്. നിലതെറ്റിയാല്‍ ഏതുതരം ഗുണ്ടായിസവും കാട്ടി നേതാക്കന്മാരെ അനുഗമിക്കുന്നവര്‍. മതസിദ്ധാന്തങ്ങളിലെ 'ഏകദൈവവിശ്വാസം' ശക്തിപ്പെട്ടാല്‍ ലോകത്തിലിന്നുവരെയുണ്ടായിട്ടില്ലാത്ത വലിയ 'തൊഴിലില്ലായ്മ' അന്നാളില്‍ ഉണ്ടാകും. മുപ്പത്തിമുക്കോടി ദൈവങ്ങളുടെ സ്ഥാനത്ത് ഒരു ദൈവം പ്രതിഷ്ഠിക്കപ്പെടുക. എന്തത്ഭുതം!
ആരായിരിക്കും ആ ദൈവം?
To be continued
സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയോരക്കാഴ്ചകള്‍-1
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക