Image

നിനവും നനവും (കുസൃതിക്കുട്ടി - കെ.എ. ബീന)

ഇ മലയാളി എക്‌സ്‌ക്ലൂസീവ്‌ Published on 23 July, 2013
 നിനവും നനവും (കുസൃതിക്കുട്ടി - കെ.എ. ബീന)
സന്ധ്യ കടന്നു വരുന്നതേയുള്ളൂ.  സ്‌കൂള്‍ വിട്ടു വന്നാല്‍ വീട് തൂത്ത് വൃത്തിയാക്കുന്ന ജോലി എന്റേതായിരുന്നു.  രണ്ട് നേരം വീട് തൂത്തിട്ടില്ലെങ്കില്‍ വലിയ അപകടം പോലെയാണ് അമ്മ കരുതിയിരുന്നത്.  ബിന്ദു കിണറ്റിന്‍കരയില്‍ തുണികള്‍ കഴുകുകയാണ്.
''ഡ്രും...''
എന്തോ ഒരു ശബ്ദം.  ഒപ്പം ബിന്ദുവിന്റെ നിലവിളിയും.
''അയ്യോ, ഓടി വരണേ.''
ഞാന്‍ കിണറ്റിന്‍കരയിലേക്കോടി.
മതിലിനടുത്ത് ചെന്ന് നിന്ന് ബിന്ദു കൈകള്‍ ഉയര്‍ത്തി അലറി വിളിക്കുകയാണ്. 
''ഓടി വരണേ, ഓടി വരണേ, ഞങ്ങളുടെ കൊച്ചിനെ രക്ഷിക്കണേ.''
ഞാന്‍ പേടിച്ച് ചോദിച്ചു.
''എന്തു പറ്റി, എന്താന്ന് പറയ് നീ.''
''കൊച്ച് കിണറ്റില്‍ വീണേയ്, രക്ഷിക്കണേ, രക്ഷിക്കണേ.''
 എന്റെ ചോദ്യം കേട്ട് ബിന്ദു കരഞ്ഞ് നിലവിളിച്ച് പറഞ്ഞു.
ഞെട്ടി വിറച്ച് കൊണ്ട് ഞാന്‍ കിണറ്റിനടുത്തേക്കോടി.  കിണറ്റിനുള്ളില്‍ നിന്ന് ഒരു കുഞ്ഞ് ശബ്ദം ഉയരുന്നുണ്ട്.
''രച്ചിക്കണേ, രച്ചിക്കണേ.''
കിണറ്റിനുള്ളിലേക്ക് നോക്കിയ ഞാന്‍ പേടിച്ച് ബിന്ദൂനൊപ്പം നിലവിളിക്കാന്‍ കൂടി.
''രക്ഷിക്കണേ, ഓടി വരണേ.''
കൊച്ചനിയത്തി ലക്ഷ്മി... കിണറ്റിനുള്ളിലെ വെള്ളത്തില്‍.  മുങ്ങിയും പൊങ്ങിയും വെപ്രാളപ്പെടുകയാണവള്‍.
പെട്ടന്ന് ഞാന്‍ ഉണര്‍ന്നു.
തൊട്ടിയും കയറും കപ്പി വഴി കിണറ്റിലേക്ക് കിടക്കുന്നുണ്ട്.  തൊട്ടിയുടെ അറ്റം ലക്ഷ്മിക്ക് നേരെ ഇട്ട് ഞാനവളോട് പറഞ്ഞു.
''ഇതില്‍ പിടിക്ക്.  ബലമായി പിടിക്ക്.''
അവള്‍ അതുപോലെ ചെയ്തു.  കയറില്‍ ബലമായി തൂങ്ങിപ്പിടിച്ച് നിന്നു.  ഞാന്‍ കയര്‍ വലിച്ച് എടുക്കാന്‍ ശ്രമിച്ചു.  പറ്റുന്നില്ല.  എനിക്ക് ഒറ്റയ്ക്ക് വലിച്ചെടുക്കാനാവുന്നില്ല.  ലക്ഷ്മിക്കന്ന് 6 വയസ്സാണ് പ്രായം.  കപ്പിയിലൂടെ അവളെ വലിച്ചെടുക്കാനുള്ള ശക്തി തരാന്‍ ഞാന്‍ ദൈവങ്ങളെ വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.  ബിന്ദു വീടിന്റെ നാലു ഭാഗത്തും ഓടി നടന്ന് രക്ഷയ്ക്കായി വിളിച്ചു കൊണ്ടേയിരിക്കുകയാണ്.  അച്ഛനുമമ്മയും വീട്ടിലില്ല, അച്ഛന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയിരിക്കുന്നു.
ഞാന്‍ ലക്ഷ്മിയോട് പതുക്കെ കയറില്‍ പിടിച്ച് തൂങ്ങി കിണറ്റിനുള്ളിലെ ഉറയുടെ വക്കത്തേക്ക് വരാന്‍ പറഞ്ഞു.  അല്ലാത്ത സമയങ്ങളില്‍ എന്തു പറഞ്ഞാലും അനുസരിക്കാത്തവളാണ്, ഇപ്പോള്‍ പറയുന്നത് അപ്പടി കേള്‍ക്കുന്നുണ്ട്.  അവള്‍ പതുക്കെ വന്ന് ഉറയില്‍ കാലുറപ്പിച്ച് കയറില്‍ തൂങ്ങിനിന്നു.  തലേന്ന് കിണര്‍ വൃത്തിയാക്കിയതേയുള്ളൂ.  വെള്ളം മുഴുവന്‍ കോരിക്കളഞ്ഞ് ചെളി മാറ്റിയപ്പോള്‍ കിണറ്റിനുള്ളില്‍ നിന്ന് സ്പൂണുകള്‍, കപ്പുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി ഒരുപാട് സാധനങ്ങള്‍ പുറത്തുവന്നു.  ലക്ഷ്മിയുടെ കുസൃതിയുടെ ബാക്കിപത്രങ്ങളാണതൊക്കെ.  കണ്ണുതെറ്റിയാല്‍ എന്തെങ്കിലുമൊക്കെയെടുത്ത് കിണറ്റിലോ വീടിന്റെ രണ്ട് വശത്ത് കൂടിയും ഒഴുകുന്ന തോടുകളിലോ ഒക്കെ ഇടുന്നത് അവള്‍ക്ക് ഇഷ്ടപ്പെട്ട കളികളിലൊന്നായിരുന്നു.  എത്ര പറഞ്ഞാലും, ശിക്ഷിച്ചാലും ഒരു കുലുക്കവുമില്ല, കുസൃതി അവളുടെ രക്തത്തിലൂടെ ഒഴുകിക്കൊണ്ടേയിരിക്കുന്ന ഒന്നായിരുന്നു.
കിണറ്റിനുള്ളിലും ആ കുസൃതിഭാവം കുറഞ്ഞിട്ടില്ല.   കയറില്‍ തൂങ്ങി കിണറ്റിനുള്ളില്‍ കഴിയുന്നത് ആസ്വദിക്കുകയാണ് അവള്‍.  ഞങ്ങളുടെ വീട് ഭൂമിയുടെ അവസാനമാണ് എന്നായിരുന്ന അക്കാലത്ത് എന്റെ തോന്നല്‍.  കരയും, റോഡും അവസാനിച്ച് പാടം തുടങ്ങുന്നിടത്ത് ഒരേയൊരു വീട്.  ഇടതുവശത്തും പിന്‍ഭാഗത്തും വലിയ വലിയ പറമ്പുകള്‍. മുന്നില്‍ അന്തമില്ലാതെ കിടക്കുന്ന
 പെട്ടന്ന് പിന്‍ഭാഗത്തെ വരമ്പില്‍ ഒരത്ഭുതം ഞാന്‍ കണ്ടു.  അപ്പൂപ്പന്‍.  ഖദര്‍ മുണ്ടുടുത്ത്, വെളുത്ത ഖദര്‍ ജൂബയിട്ട് കാലന്‍ കുടയും കുത്തി അപ്പൂപ്പന്‍ നടന്നു പോകുന്നു.  അപ്പൂപ്പന്‍ അല്ലത് - ദൈവം തന്നെയാണ് എന്നെനിക്ക് തോന്നി.
കിണറ്റിനുള്ളില്‍ ലക്ഷ്മി തൂങ്ങിക്കിടക്കുന്ന കയര്‍ പിടിച്ച് ഞാന്‍ ക്ഷീണിക്കുകയാണ്.  സര്‍വ്വശക്തിയുമെടുത്ത് ഞാന്‍ അലറി വിളിച്ചു.
''അപ്പൂപ്പാ.''
ബിന്ദു കൂടെ വിളിച്ചു.
''അപ്പൂപ്പാ, ഓടിവായോ.''
കിണറ്റിനുള്ളില്‍ കിടന്ന് ലക്ഷ്മിയും വിളിച്ചു.
''അപ്പൂപ്പാ എന്നെ രച്ചിച്ചാന്‍ ഓടി വാ.''
അപ്പൂപ്പന്‍ വിളികേട്ടു.  അമ്പലം ചുറ്റി അപ്പൂപ്പന്‍ പാഞ്ഞെത്തി.  എന്റെ കൈകള്‍ ഏതു നിമിഷമാണ് ലക്ഷ്മിയെ തൂക്കിയിട്ടിരിക്കുന്ന കയര്‍ വിട്ടു കളയുക എന്ന് എനിക്ക് കൂടി നിശ്ചയമില്ലാതിരുന്ന നേരത്താണ് അപ്പൂപ്പന്‍ വന്നത്.  സ്ഥിതിഗതികള്‍ കണ്ട് അപ്പൂപ്പന്‍ ഭയന്നുകാണണം.  കിണറ്റിനുള്ളിലെ ലക്ഷ്മിയും പുറത്തെ ബിന്ദുവും ഞാനും അപ്പൂപ്പനെ കണ്ട് പൊട്ടിക്കരയാന്‍ തുടങ്ങി.  നിലവിളിയോട് നിലവിളി.   അതുവരെ രക്ഷക്കായുള്ള വിളിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ സങ്കടം പൊട്ടിയൊഴുകുകയാണ്.
അപ്പൂപ്പന്‍ എന്റെ ഒപ്പം ചേര്‍ന്ന് കയറിന്റെ ഇങ്ങേയറ്റം പിടിച്ചു.
''കയറിലെ പിടി വിടരുത്.''
ശക്തി മുഴുവനെടുത്ത് ഞാന്‍ പിടിമുറുക്കി.
അപ്പൂപ്പന്‍ ലക്ഷ്മിയോടും കയറിനറ്റത്തുള്ള പിടിമുറുക്കാന്‍ ആവശ്യപ്പെട്ടു.
പതുക്കെ പതുക്കെ കപ്പിയിലൂടെ കയര്‍ മുകളിലേക്ക് വലിക്കാന്‍ തുടങ്ങി, ഞാനും കൂടി.  ബിന്ദു കരഞ്ഞു കൊണ്ട് കൈകൂപ്പി പ്രാര്‍ത്ഥിക്കുകയാണ്.
ലക്ഷ്മി പതുക്കെ പതുക്കെ മുകളിലേക്ക് പൊങ്ങി വന്നു തുടങ്ങി.  പരമാവധി ശക്തിയും കൊടുത്ത് ഞാന്‍ കയറില്‍ പിടിച്ച് കൊണ്ടേയിരുന്നു.  അപ്പൂപ്പന്‍ ശ്രദ്ധയോടെ കയര്‍ വലിച്ച് കൊണ്ടേയിരുന്നു.  ആ കാഴ്ച - ഇന്നും മനസ്സിലെ ഞെട്ടല്‍ മാറുന്നില്ല.  മൂന്നാള്‍പ്പൊക്കം വെള്ളം നിറഞ്ഞു കിടക്കുന്ന കിണറ്റിന്‍ കയറില്‍ തൂങ്ങി മുകളിലേക്ക് വന്നു കൊണ്ടിരിക്കുന്ന കൊച്ചനിയത്തി.  ഏറെ പ്രായവ്യത്യാസമുള്ളതിനാല്‍ മകളെപ്പോലെയുമാണവള്‍.  കുസൃതിക്കുടുക്കയായതിനാല്‍ ശകാരങ്ങളും അടിയുമൊക്കെ ധാരാളം കൊടുക്കാറുണ്ട് എല്ലാവരും.  പക്ഷെ ആ നിമിഷത്തില്‍ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളതും സുന്ദരവുമായ ഒന്നാണ് അവളെന്ന് തോന്നുകയായിയിരുന്നു.  ഒരു സെക്കന്റ് നേരത്തെ ശ്രദ്ധക്കുറവ് കൊണ്ട് പോലും കിണറ്റില്‍ വീണു പോകാതെ മുകളിലേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുന്ന അവളെക്കാള്‍ പ്രിയപ്പെട്ടതായി ഒന്നുമില്ലെന്ന് എനിക്ക് തോന്നി.  എന്റെ കൈകളിലേക്ക് എവിടെ നിന്നോ അത്യപൂര്‍വ്വമായ ഊര്‍ജ്ജം ഒഴുകിയെത്തി.  അപ്പൂപ്പനൊപ്പം ചേര്‍ന്ന് ഞാന്‍ അവളെ വലിച്ചെടുത്തു. 
അവള്‍ മുകളിലെത്തി.  പെണ്ണ് ഉച്ചത്തില്‍ കരയുകയാണ്.  അപ്പൂപ്പന്‍ അവളെ എടുത്ത് കിണറ്റിന്‍കരയില്‍ നിര്‍ത്തി.  ഞാന്‍ കെട്ടിപ്പിടിച്ച് ഉമ്മകൊടുക്കാന്‍ തുടങ്ങി.  ബിന്ദു ഓടിവന്നു അവളെ എടുത്തു പൊക്കി ഉച്ചത്തില്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.  അപ്പൂപ്പന്‍ ഞങ്ങളെ മൂന്നു പേരെയും ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ചുകൊണ്ടേയിരുന്നു.
പെട്ടന്ന് ഞങ്ങളെ ഒരാള്‍ക്കൂട്ടം വളഞ്ഞു. നിലവിളി കേട്ട്  നാട്ടുകാര്‍ മുഴുവന്‍ എത്തിക്കഴിഞ്ഞു.  അവര്‍ ഞങ്ങളെ വീട്ടിന്നകത്തേക്ക് നയിച്ചു.  തറവാട്ടില്‍ നിന്ന് അമ്മൂമ്മയും കുഞ്ഞമ്മമാരുമൊക്കെ കരഞ്ഞ് നിലവിളിച്ച് എത്തി.  അറിഞ്ഞറിഞ്ഞ് എത്തുന്ന ആള്‍ക്കൂട്ടത്തില്‍ സന്ധ്യയ്ക്ക് വീട് ബഹളമയമായി.
ആരോ ടാക്‌സി വിളിച്ചു കൊണ്ടു വന്നു.  ലക്ഷ്മിയെ അപ്പൂപ്പനും, അമ്മാവന്മാരും ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടു പോയി.  ഞാനും ബിന്ദുവും കരഞ്ഞു കൊണ്ടേയിരുന്നു; അമ്മൂമ്മയുടെ മടിയില്‍ കിടന്ന്.  അമ്മൂമ്മ പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു.  കുഞ്ഞമ്മമാര്‍ ഞങ്ങള്‍ക്കൊപ്പം കൂടി കരച്ചില്‍ ഏറ്റെടുത്തു.
വഴയില എന്ന നാട് മുഴുവനായും ഞങ്ങളുടെ വീട്ടിനു ചുറ്റും നിരന്നു നിന്നു.  എന്തു ചെയ്യണം, എന്തു സഹായമാണ് ആവശ്യം എന്ന ചോദ്യവുമായി.
അന്നൊക്കെ അങ്ങനെയായിരുന്നു.  ആരും ആരെയും സഹായിക്കാന്‍ മടിക്കാത്ത കാലം.  ഒരു വീട്ടിലെ പ്രശ്‌നം എല്ലാവരുടെയും പ്രശ്‌നമായി കരുതിയിരുന്ന കാലം.  ഓരോ വീടും എല്ലാവരുടെയും വീടായിരുന്ന കാലം.  മതിലുകള്‍ ഇല്ലാതിരുന്ന ആ കാലത്തിന്റെ മനോഭാവം - ഇന്നോര്‍ക്കുമ്പോഴും മനസ്സ് തരളിതമാകുന്നു, എത്ര പെട്ടന്നാണ് നമ്മള്‍ മതിലുകള്‍ക്കുള്ളിലായിപ്പോയത്.  ആ  സന്ധ്യയില്‍ ഞങ്ങളുടെ അനിയത്തി കിണറ്റില്‍ വീണത്, ആ പ്രദേശത്തെ ഒരു കുഞ്ഞ് കിണറ്റില്‍ വീണു എന്ന മട്ടിലാണ് നാട് സ്വീകരിച്ചത്.
ലക്ഷ്മിയെ ആശുപത്രിയില്‍ നിന്ന് മടക്കിക്കൊണ്ട് വന്നു.
''കുഴപ്പമൊന്നുമില്ല, പേടിച്ചു പോയിരിക്കുന്നു.  കുറച്ച് മരുന്ന് കൊടുത്ത് അതൊന്നു മാറ്റണം.''
അപ്പൂപ്പന്‍ പറഞ്ഞു.
ഞങ്ങള്‍ അവളെ വാരിയെടുത്ത് ഉമ്മവച്ചു.  അവള്‍ ഒരിക്കലുമില്ലാത്ത അനുസരണയോടെ ഞങ്ങളുടെ മടിയില്‍ അടങ്ങിക്കിടന്നു.  ഒരു പോറലുപോലുമേല്‍പ്പിക്കാതെ കൊച്ചിനെ തിരിച്ചു തന്നതില്‍ അമ്മൂമ്മ ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടേയിരുന്നു.
രാത്രി വൈകുവോളം നാട്ടുകാര്‍ കാത്തു നിന്നു.  അച്ഛനുമമ്മയും ഇതൊന്നുമറിയാതെ സുഹൃദ്‌സന്ദര്‍ശനം കഴിഞ്ഞെത്തിയപ്പോള്‍ ഏറെ വൈകിയിരുന്നു.
അമ്മ പൊട്ടിക്കരഞ്ഞു കൊണ്ട് ലക്ഷ്മിയെ എടുത്തു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു.  അച്ഛന്‍ കാര്യവിചാരണ തുടങ്ങി.
''എങ്ങനെയാണവള്‍ കിണറ്റില്‍ വീണത്?  എന്തിന് കിണറ്റിനടുത്ത് പോയി?''
അപ്പോഴാണ് ഞങ്ങളും ആ ചോദ്യം ചോദിച്ചത്.
മറുപടി അവള്‍ തന്നെ പറഞ്ഞു.
''വെള്ളം കോരിയതാ.''
പൊടി ഡപ്പി പോലെയുള്ള ഇവള്‍ (ലക്ഷ്മിയെ ഞങ്ങള്‍ ഡപ്പി എന്നാണ് വിളിക്കുന്നത്) എന്തിന് വെള്ളം കോരി?
''സന്ധ്യയ്ക്ക് വിളക്ക് കത്തിക്കാന്‍ കിണ്ടിയില്‍ വെള്ളം വയ്ക്കാനാ.''
അവളുടെ മറുപടി കേട്ട് അച്ഛന്‍ കലിതുള്ളി.
''അതിന് ഇവിടെ ചേച്ചിമാരില്ലേ?  അവര്‍ വെള്ളം കോരിത്തരില്ലേ?''
''അവരെ സഹായിക്കാമെന്ന് വച്ചതാ.''
ലക്ഷ്മിയുടെ കുസൃതിയ്ക്ക് മുന്നില്‍ പലതവണ തോറ്റുകഴിഞ്ഞ അച്ഛന്‍ എന്തിനീ ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന് ഞാന്‍ ഓര്‍ത്തുപോയി.
കിണറ്റിന് മുകളില്‍ പിറ്റേന്ന് തന്നെ അച്ഛന്‍ ഇരുമ്പുവലയിട്ടു, ലക്ഷ്മി കിണറ്റിനടുത്ത് പോകുന്നെങ്കില്‍ അടി കൊടുത്തോളാന്‍ എനിക്കും ബിന്ദുവിനും ''ക്ലീന്‍ ചിറ്റും'' തന്നു.
  പിറ്റേന്ന് രാവിലെ അന്തം വിട്ട് നിലവിളിച്ചു കൊണ്ട് ഞാന്‍ അമ്മയുടെ അടുത്തേക്കോടി.  അടുക്കള മുതല്‍ വരാന്തവരെ രക്തം ഒഴുകിക്കിടക്കുന്നു.
അമ്മയോടൊപ്പം രക്തത്തിന്റെ അവസാനം തേടിച്ചെല്ലുമ്പോള്‍ പൂജാമുറിയില്‍ ലക്ഷ്മി   തിരിത്തുണി (വിളക്കില്‍ തിരിയിടാന്‍ വേണ്ടി അലക്കി വച്ചിരിക്കുന്ന മുണ്ട്) കീറി കാല്‍ കെട്ടുകയാണ്.  കാലില്‍ നിന്ന് രക്തമൊഴുകുന്നു.
കാല്‍ കഴുകിക്കൊടുത്ത് കാര്യം തിരക്കി. 
''തേങ്ങാ പൊതിച്ചതാണ്, അമ്മയെ സഹായിക്കാന്‍.''
വീണ്ടും ആശുപത്രിയിലേയ്ക്ക്.
ഇങ്ങനെയുള്ള സഹായസഹകരണങ്ങളാല്‍ ലക്ഷ്മി സമ്പന്നമാക്കിക്കൊണ്ടേയിരുന്ന കുട്ടിക്കാലം.  അലമാരയില്‍ അള്ളിപ്പിടിച്ച് കയറി നിലത്ത് വീണ് തലപൊട്ടിയത്, മുറ്റത്തെ തോട്ടില്‍ തലകുത്തി വീണ് നെറ്റി പൊട്ടിയത്, സ്‌കൂള്‍ ബസില്‍ കയറാതെ സന്ധ്യവരെ സ്‌കൂളില്‍ നിന്ന് വിരട്ടിയത്, ഇറങ്ങേണ്ട സ്ഥലത്ത് ഇറങ്ങാതെ മറ്റൊരിടത്തിറങ്ങി സ്‌കൂളുകാരെയും വീട്ടുകാരെയും പേടിപ്പിച്ചത്.  സത്യം പറയണമല്ലോ, ജീവിതം ബോറടിക്കുന്നു എന്ന് പറയാന്‍ അവള്‍ അവസരം തന്നിട്ടേയില്ല.  ഞങ്ങളെ നെട്ടോട്ടം ഓടിക്കാന്‍ എന്നും എന്തെങ്കിലുമൊക്കെ ചെയ്തില്ലെങ്കില്‍ അവള്‍ക്ക് സമാധാനം വരില്ലായിരുന്നു.
''ഇന്നെന്താണ് ലക്ഷ്മിയുടെ പരിപാടി?'' എന്നതായിരിക്കും അവളെ അറിയുന്നവരുടെ സ്ഥിരം ചോദ്യം.
ഇന്ന് അവള്‍ മൂക്ക് കൊണ്ട് ''ക്ഷ'' വരയ്ക്കുകയാണ്.  എട്ട് വയസ്സുകാരി മീനാക്ഷിയും മൂന്ന് വയസ്സുകാരന്‍ മാധവനും ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ അമ്മയെ വെല്ലുന്ന കുസൃതി കളായി  തകര്‍ക്കുമ്പോള്‍.
മക്കളുടെ വികൃതിയെപ്പറ്റി അവള്‍ പരാതി പറയുമ്പോള്‍ കുടുംബം ഒറ്റസ്വരത്തില്‍ ചോദിക്കും.
''നിന്റെ മക്കളല്ലേ, എങ്ങനെ അങ്ങനെ അല്ലാതാവും?''
ഇടയ്ക്കിടെ ഞാനോര്‍ക്കാറുണ്ട്, ലക്ഷ്മിയുടെ കുറുമ്പുകാലത്ത് ഒരു വലിയ കുടുംബവും ഒരു നാടും തന്നെ ഉണ്ടായിരുന്നു കാണാനും, കേള്‍ക്കാനും നിയന്ത്രിക്കാനും.  അവള്‍ക്കോടി നടന്ന് വികൃതി കാട്ടാന്‍ വിശാലമായ ഒരു ഭൂപ്രദേശം ഉണ്ടായിരുന്നു.  ഷാര്‍ജയിലെ രണ്ട് മുറി ഫ്‌ളാറ്റില്‍ ഒതുങ്ങുന്ന മീനാക്ഷിയുടെയും മാധവന്റെയും കുട്ടിക്കാലം - ടി.വി.യിലോ കമ്പ്യൂട്ടറിലോ ഒക്കെ ഒതുങ്ങുന്ന അവരുടെ ലോകം - അവരെങ്ങനെ  അവരുടെ അമ്മയ്ക്ക് പഠിക്കാനാണ്.
വൈകിട്ടത്തെ ഫ്‌ളൈറ്റില്‍ ലക്ഷ്മിയും മാധവനും മീനാക്ഷിയും എത്തുന്നു.  അവധിക്കാല ആഘോഷത്തിന്.  ഒരാഴ്ച മുമ്പേ അമ്മ വീടൊരുക്കി തുടങ്ങി മാധവന് ഓടിക്കളിക്കാന്‍ പാകത്തിന് സാധനങ്ങള്‍ മാറ്റിയും മറ്റും.  മുറ്റത്തെ ചെടികളിലൊക്കെ പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്, മീനാക്ഷിയ്ക്ക് പറിച്ച് കളിക്കാന്‍.  പിന്നിലെ കിണറ്റില്‍ ഇന്നലെ ഞാന്‍ പോയി നോക്കി ഉറപ്പിച്ചു.  ഇരുമ്പുവലയ്ക്ക് ബലമുണ്ടോന്ന്.  അകത്തേക്ക് നോക്കുമ്പോള്‍ റോസ് നിറമുള്ള ഫ്രോക്കിട്ട് ഒരു കൊച്ചു പെണ്‍കുട്ടി നിലവിളിച്ചു കരയുന്നുവോ
''എന്നെ രച്ചിച്ച് വലേ്യച്ചീ, എന്നെ രച്ചിച്ച്.''
 





















 നിനവും നനവും (കുസൃതിക്കുട്ടി - കെ.എ. ബീന)  നിനവും നനവും (കുസൃതിക്കുട്ടി - കെ.എ. ബീന)  നിനവും നനവും (കുസൃതിക്കുട്ടി - കെ.എ. ബീന)  നിനവും നനവും (കുസൃതിക്കുട്ടി - കെ.എ. ബീന)  നിനവും നനവും (കുസൃതിക്കുട്ടി - കെ.എ. ബീന)  നിനവും നനവും (കുസൃതിക്കുട്ടി - കെ.എ. ബീന)  നിനവും നനവും (കുസൃതിക്കുട്ടി - കെ.എ. ബീന)  നിനവും നനവും (കുസൃതിക്കുട്ടി - കെ.എ. ബീന)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക