Image

എഞ്ചിനീയര്‍: `ദി ലെഫ്‌റ്റ്‌ മുസ്ലിം' (എം.എന്‍.കാരശ്ശേരി)

Published on 31 July, 2013
എഞ്ചിനീയര്‍: `ദി ലെഫ്‌റ്റ്‌ മുസ്ലിം' (എം.എന്‍.കാരശ്ശേരി)
കാറല്‍ മാര്‍ക്‌സിന്റെയും അബുല്‍ക്കലാം ആസാദിന്റെയും പാതകള്‍ എവിടെയെങ്കിലും വെച്ച്‌ ഒന്നിച്ചുചേര്‍ന്ന്‌ മുന്നേറാന്‍ ഇടയുണ്ടോ?

കേള്‍ക്കുമ്പോള്‍ അസംബന്ധം എന്ന്‌ തോന്നാനിടയുള്ള ഈ ചോദ്യത്തിന്‌ സ്വന്തം ജന്മം കൊണ്ട്‌ ഉത്തരം അന്വേഷിച്ച സാമൂഹ്യചിന്തകനാണ്‌ അസ്‌ഗര്‍ അലി എഞ്ചിനീയര്‍ (1939- 2013).

എഞ്ചിനീയര്‍ തന്നെയും ഇപ്പറഞ്ഞത്‌ കേള്‍ക്കുമ്പോള്‍ പകച്ചു നില്‍ക്കാന്‍ ഇടയുണ്ട്‌. ഉര്‍ദു എഴുത്തുകാരില്‍ അദ്ദേഹത്തെ അധികം സ്വാധീനിച്ചത്‌ മീര്‍സാ ഗാലിബും മുഹമ്മദ്‌ ഇഖ്‌ബാലുമാണ്‌; അബുല്‍ക്കലാം ആസാദല്ല. തീര്‍ച്ചയായും ഇഖ്‌ബാലിന്റെ സാമുദായികരാഷ്‌ട്രീയം അദ്ദേഹത്തെ ആകര്‍ഷിക്കുകയില്ല.

പാകിസ്‌താന്‍ പ്രമേയം ലാഹോറില്‍ അവതരിപ്പിക്കുമ്പോള്‍ (1940) അസ്‌ഗറലിക്ക്‌ ഒരു വയസ്സാണ്‌. ഏഴ്‌ കൊല്ലം കഴിഞ്ഞ്‌ വന്നെത്തിയ രാഷ്‌ട്രവിഭജനത്തിന്റെ ചോരയും കണ്ണീരും കണ്ടുനിന്നതിന്റെ ബാല്യകാലസ്‌മൃതികള്‍ ആ ജീവിതത്തില്‍നിന്ന്‌ ഒരിക്കലും മാഞ്ഞുപോയില്ല. മുസ്ലീങ്ങള്‍ക്കിടയിലെ ശിയാവിഭാഗത്തിലെ ദാവൂദിബോറ സമുദായത്തില്‍, മതപുരോഹിതന്റെ മകനായിട്ടാണ്‌ രാജസ്ഥാനില്‍ അദ്ദേഹം ജനിച്ചത്‌. കുട്ടിക്കാലത്തുതന്നെ അറബിയും നാനാവിധമായ മതവിജ്ഞാനവും അഭ്യസിച്ചു വളര്‍ന്ന ആ യുവാവ്‌ കുടുംബപാരമ്പര്യത്തിന്‌ ചേര്‍ന്ന പൗരോഹിത്യവൃത്തി ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. അങ്ങനെ ബോംബെ മുനിസിപ്പാലിറ്റിയില്‍ എഞ്ചിനീയറായി. എങ്കിലും എന്നും മതവിശ്വാസം മുറുകെപ്പിടിച്ചിരുന്നു; മതം അനുഷ്‌ഠിച്ചിരുന്നു.

ആ യുവാവിന്റെ നടുക്കം ആരംഭിക്കുന്നത്‌ സമുദായനായകനായ `സയ്യിദുനാ'യുടെ കാല്‌പടം ചുംബിക്കുന്ന ചടങ്ങ്‌ നടത്തുവാന്‍ പിതാവ്‌ ആവശ്യപ്പെടുന്നതോടുകൂടിയാണ്‌. പൗരോഹിത്യത്തെ വെല്ലുവിളിച്ചുകൊണ്ടാണ്‌ അസ്‌ഗറലി പൊതുരംഗത്തേക്ക്‌ ഇറങ്ങുന്നത്‌. ആ വീറ്‌ മരണംവരെ നിലനിന്നു. സമുദായബഹിഷ്‌ക്കരണവും വധശ്രമങ്ങളും പലവട്ടം, പലമാതിരി ആവര്‍ത്തിച്ചിട്ടും ഒരടിപോലും പിന്നോട്ടുപോയില്ല.

രാഷ്‌ട്രത്തെപ്പറ്റിയും സമൂഹത്തെപ്പറ്റിയും ആ യുവാവ്‌ ആലോചിച്ചുതുടങ്ങുന്ന ഘട്ടത്തില്‍ ഇന്ത്യയിലെ മുസ്ലീങ്ങളുടെ മുന്നില്‍ മൂന്ന്‌ വഴികളാണ്‌ ഉണ്ടായിരുന്നത്‌:

1. മതേതരജനാധിപത്യം- മുസ്ലീങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമായി നിലകൊള്ളണമെന്നും മതേതരജനാധിപത്യത്തില്‍ ഉള്‍ച്ചേര്‍ന്ന്‌ ജീവിക്കണമെന്നും ഉള്ള ദേശീയവാദം. ഈ ചിന്തയുടെ നായകന്‍ കോണ്‍ഗ്രസ്സ്‌ നേതാവ്‌ അബുല്‍ക്കലാം ആസാദായിരുന്നു.

2. മതദേശീയത - മതമാണ്‌ ദേശീയത നിര്‍ണ്ണയിക്കുന്നത്‌ എന്നും അതുകൊണ്ടുതന്നെ മുസ്ലിം സമുദായം വേറിട്ടൊരു രാഷ്‌ട്രീയമായിത്തീരുകയുമാണ്‌ വേണ്ടത്‌ എന്നും ഉള്ള സമുദായികവാദം. ഈ ചിന്തയുടെ നായകന്‍ മുസ്ലിംലീഗ്‌ നേതാവ്‌ മുഹമ്മദലി ജിന്നയായിരുന്നു.

3. ദൈവികാധിപത്യം- ദേശീയത, മതേതരത്വം, ജനാധിപത്യം എന്നിവ ഇസ്ലാമിന്‌ എതിരാണ്‌ എന്നും മതനിയമങ്ങള്‍ രാഷ്‌ട്രനിയമങ്ങളാവുന്ന ഇസ്ലാമികരാഷ്‌ട്രസ്ഥാപനത്തിലൂടെ `ദൈവത്തിന്റെ ഭരണം' സ്ഥാപിച്ചാല്‍ മാത്രമേ മുസ്ലീങ്ങള്‍ ഇഹത്തിലും പരത്തിലും രക്ഷപ്പെടുകയുള്ളു എന്നും ഉള്ള മതരാഷ്‌ട്രവാദം. ഈ ചിന്തയുടെ നായകന്‍ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ അബുല്‍അ്‌ലാ മൗദൂദിയായിരുന്നു.

മൗദൂദിയുടെ മതരാഷ്‌ട്രവാദത്തെ ജീവിതകാലം മുഴുവന്‍ എഞ്ചിനീയര്‍ എതിര്‍ത്തു. `ദ ഇസ്ലാമിക്‌ സ്റ്റേറ്റ്‌' (1980) എന്ന പ്രശസ്‌തമായ പുസ്‌തകം അതിന്റെ രേഖയാണ്‌. `ഇസ്ലാമികരാഷ്‌ട്രം' എന്നൊരു സങ്കല്‌പം തന്നെ വേദഗ്രന്ഥമായ ഖുര്‍ആനിനും നബിചര്യാരേഖയായ ഹദീസിനും അന്യമാണ്‌ എന്ന്‌ അദ്ദേഹം ഈ പുസ്‌തകത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്‌. ജനാധിപത്യം, മതേതരത്വം, നീതിബോധം, തുല്യത, ദേശീയത തടുങ്ങിയ ആധുനികരാഷ്‌ട്രീയമൂല്യങ്ങള്‍ തിരിച്ചറിയാത്ത മൗദൂദിയുടെ ചിന്തകള്‍ സമൂഹത്തെ ഏഴാംനൂറ്റാണ്ടിലെ ഗോത്രജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുപോകാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്ന്‌ അദ്ദേഹം കണ്ടെത്തുന്നു.

ജിന്ന സ്വന്തം രാഷ്‌ട്രീയജീവിതത്തിന്റെ രണ്ടാം പാതിയില്‍ ഉയര്‍ത്തിപ്പിടിച്ച സാമുദായികരാഷ്‌ട്രീയം ഭിന്ന മതക്കാര്‍ക്ക്‌ ഒന്നിച്ചുപുലരാന്‍ അവസരം നിഷേധിക്കുന്ന അസമത്വത്തിന്റെ രാഷ്‌ട്രീയമാണ്‌ എന്നും അതുകൊണ്ട്‌ എല്ലാ മതക്കാര്‍ക്കും ദോഷം മാത്രമേ ഉള്ളൂ എന്നും എഞ്ചിനീയര്‍ തുടക്കത്തിലേ മനസ്സിലാക്കുന്നുണ്ട്‌. അദ്ദേഹം ജിന്നയുടെ വിമര്‍ശകനായിത്തീര്‍ന്നത്‌്‌ സ്വാഭാവികം.

ദേശീയധാരയില്‍ ലയിച്ചുചേരാനാണ്‌ മുസ്ലീങ്ങള്‍ ശ്രമിക്കേണ്ടത്‌ എന്ന ആസാദിന്റെ നിലപാട്‌ തീര്‍ച്ചയായും എഞ്ചിനീയര്‍ക്ക്‌ പഥ്യമായിരുന്നു. മതത്തില്‍ എന്നപേലെ മതേതരരാഷ്‌ട്രീയത്തിലും മതപണ്‌ഡിതനായ ആസാദ്‌ വിശ്വസിച്ചു. `മതേതരം' എന്നത്‌ മതരഹിതമോ മതവിരുദ്ധമോ മതാതീതമോ ആയ രാഷ്‌ട്രീയകാലാവസ്ഥയല്ല എന്ന്‌ ആസാദ്‌ തിരിച്ചറിഞ്ഞിരുന്നു. നീതിയും തുല്യതയും ഉറപ്പാക്കിക്കൊണ്ട്‌, പാരമ്പര്യ നിയമങ്ങള്‍ കാലത്തിനും ദേശത്തിനും ചേര്‍ന്നവിധം പരിഷ്‌ക്കരിച്ചുകൊണ്ട്‌, ജനാധിപത്യത്തിന്റെ കൂടെ യാത്ര ചെയ്യുകയാണ്‌ മതം വേണ്ടത്‌ എന്നായിരുന്നു ആസാദിന്റെ നിലപാട്‌. ഇതുതന്നെയായിരുന്നു മതത്തെ സംബന്ധിച്ച്‌ എഞ്ചിനീയറുടെ കാഴ്‌ചപ്പാടും.

മതകാര്യങ്ങളില്‍ ആസാദിനോട്‌ യോജിക്കുമ്പോഴും രാഷ്‌ട്രീയകാര്യങ്ങളില്‍ എഞ്ചിനീയര്‍ വഴിപിരിഞ്ഞു. ആസാദ്‌ ഉള്‍പ്പെട്ട കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയത്തെക്കാള്‍ കാറല്‍മാര്‍ക്‌സ്‌ ചൂണ്ടിക്കാണിച്ച തൊഴിലാളിവര്‍ഗ്ഗ രാഷ്‌ട്രീയമാണ്‌ ഇന്ത്യയിലെ ദരിദ്രകോടികള്‍ക്ക്‌ ഉപകാരപ്പെടുക എന്ന്‌ അദ്ദേഹം വിശ്വസിച്ചു. ദൈവത്തിലോ മതത്തിലോ വിശ്വസിക്കാത്ത ആള്‍ക്ക്‌ മാത്രമേ മാര്‍ക്‌സിസം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയൂ എന്ന വിചാരത്തോട്‌ എഞ്ചിനീയര്‍ യോജിച്ചില്ല. അദ്ദേഹം മുസ്ലിമായിക്കൊണ്ടുതന്നെ മാര്‍ക്‌സിയനായി; മാര്‍ക്‌സിയനായിക്കൊണ്ടുതന്നെ മുസ്ലിമും- ഒരിക്കല്‍ തമാശയായി സ്വയം വിളിച്ചപോലെ `ലെഫ്‌റ്റ്‌ മുസ്ലിം'. മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്‌ത്രത്തെപ്പറ്റി ഉര്‍ദുവില്‍ എഴുതിയ പുസ്‌തകമാണ്‌ എഞ്ചിനീയറുടെ പ്രഥമകൃതി.

സാമൂഹ്യനീതിയെപ്പറ്റി ഇസ്ലാമും കമ്മ്യൂണിസവും പറയുന്ന കാര്യങ്ങളെല്ലാം പരസ്‌പരപൂരകമാണെന്ന്‌ അദ്ദേഹം കണ്ടെത്തി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം കുറയ്‌ക്കുവാനാണ്‌ മുഹമ്മദ്‌ നബിയും മാര്‍ക്‌സും ഭിന്ന കാലഘട്ടങ്ങളില്‍, ഭിന്ന ദേശങ്ങളില്‍, ഭിന്ന മാര്‍ഗ്ഗങ്ങളില്‍ ചിന്തിച്ചത്‌. ചൂഷണവിരുദ്ധവും നീതിനിഷ്‌ഠവും ആയ സമൂഹഘടന കെട്ടിപ്പടുക്കുക എന്നതാണ്‌ ഇസ്ലാമിന്റെയും കമ്മ്യൂണിസത്തിന്റെയും ലക്ഷ്യം. അവ തമ്മില്‍ മത്സരിക്കുകയല്ല, സഹകരിക്കുകയാണ്‌ വേണ്ടത്‌.

ഇസ്ലാമിനകത്ത്‌ ഉള്ളടങ്ങിക്കിടക്കുന്ന ഈ നീതിയുടെ രാഷ്‌ട്രീയം പുറത്തുകൊണ്ടുവരുവാന്‍ വേണ്ടിയാണ്‌ എഞ്ചിനീയര്‍ എഴുതിയതും പ്രസംഗിച്ചതും; അനവധി പതിറ്റാണ്ടുകള്‍ ബോംബെ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചതും. മുസ്ലിം പാരമ്പര്യത്തിലെ പൗരോഹിത്യനിഷ്‌ഠവും സ്‌ത്രീവിരുദ്ധവും ചൂഷണാധിഷ്‌ഠിതവും ആയ എല്ലാ ധാരകളെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. അങ്ങനെയാണ്‌ ഇസ്ലാമിക `വിമോചനദൈവശാസ്‌ത്ര'ത്തിന്റെ ഇന്ത്യയിലെ ഉപജ്ഞാതാവായി അദ്ദേഹം രൂപാന്തരപ്പെട്ടത്‌.

നമ്മള്‍ ഓര്‍ത്തിരിക്കണം:

ഈ ആശയധാര ഇന്ത്യയ്‌ക്കകത്തും പുറത്തും അപൂര്‍വ്വമാണ്‌. പൗരോഹിത്യം ജന്മിമാര്‍ക്കും പ്രഭുക്കന്മാര്‍ക്കും വേണ്ടി, രാജാക്കന്മാര്‍ക്കും സൈന്യാധിപന്മാര്‍ക്കും വേണ്ടി, ഇവരുടെയെല്ലാം യജമാനസ്ഥാനത്തുള്ള സാമ്രാജ്യത്വത്തിനു വേണ്ടി മതത്തെ വ്യാഖ്യാനിച്ചു കൊടുക്കുന്ന കാഴ്‌ചയാണ്‌ നാം അധികദിക്കിലും കാണുന്നത്‌; അല്ലെങ്കില്‍ `ദൈവികഭരണ'ത്തിന്റെ പേരില്‍ പുരോഹിതന്മാര്‍ സ്വയം അധികാരം കയ്യിലാക്കാന്‍ വേണ്ടി മതത്തെ രാഷ്‌ട്രീയമായി ദുര്‍വ്യാഖ്യാനിക്കുന്ന കാഴ്‌ച. രണ്ടും രണ്ടുവഴിക്ക്‌ ജനാധിപത്യവിരുദ്ധമാണ്‌; പൗരന്മാരെ അടിമകളാക്കുന്ന ജനവിരുദ്ധരാഷ്‌ട്രീയമാണ്‌.

മതത്തിന്റെ ജനാധിപത്യവല്‌ക്കരണമാണ്‌ വിമോചന ദൈവശാസ്‌ത്രത്തിന്റെ ഉള്ളടക്കം. മനുഷ്യന്‍ മതത്തിനുവേണ്ടിയല്ല, മതം മനുഷ്യനുവേണ്ടിയാണ്‌ എന്ന തീര്‍പ്പാണത്‌- പൗരോഹിത്യത്തിന്റെ നുകത്തില്‍നിന്ന്‌ വിശ്വാസിയെ മോചിപ്പിക്കുന്ന രാഷ്‌ട്രീയപ്രവര്‍ത്തനം. മതം പുരോഹിതന്മാരുടേതല്ല, ജനങ്ങളുടേതാണ്‌ എന്ന നിലപാടില്‍ നിന്നുകൊണ്ടാണ്‌ അതു പ്രവര്‍ത്തിക്കുന്നത്‌. രാജാക്കന്മാര്‍ പ്രജകളെ ചരിത്രത്തില്‍നിന്ന്‌ ഒഴിച്ചുനിര്‍ത്തിയതുപോലെ, പുരോഹിതന്മാര്‍ വിശ്വാസികളെ ദൈവത്തില്‍നിന്ന്‌ അകലെ നിര്‍ത്തിയിരിക്കുന്നു. ഈ തിരിച്ചറിവില്‍നിന്നാണ്‌ ക്രിസ്‌തുവും മുഹമ്മദ്‌ നബിയും പുരോഹിതന്മാര്‍ക്കെതിരെ നിരന്തരം സംസാരിച്ചത്‌.

മതത്തെ നാനാവിധമായ ചൂഷണവ്യവസ്ഥയാക്കി മാറ്റുന്നത്‌ പുരോഹിതന്മാരാണ്‌. മതത്തില്‍ ജന്മിയായിത്തീര്‍ന്ന പുരോഹിതനെതിരെ, കുടിയാന്മാരായിത്തീര്‍ന്ന വിശ്വാസികള്‍ നടത്തുന്ന മുന്നേറ്റമാണ്‌ വിമോചനദൈവശാസ്‌ത്രം- മര്‍ദ്ദകന്റെ വേദപാരായണത്തെ മര്‍ദ്ദിതന്റെ വ്യാഖ്യാനത്തിലൂടെ മറികടന്ന്‌ സ്വന്തം ആത്മീയാനുഭൂതികള്‍ വീണ്ടെടുക്കാന്‍ വിശ്വാസികള്‍ നടത്തുന്ന ആധുനിക രാഷ്‌ട്രീയപ്രവര്‍ത്തനം. അത്‌ മതം പ്രത്യയശാസ്‌ത്രമാണ്‌ എന്ന ആന്ധ്യമല്ല; മറിച്ച്‌, വിവേചനം നേരിടുന്ന ഏത്‌ വിഭാഗത്തിന്റെയും മോചനത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാനുള്ള പ്രചോദനമായി മതവിശ്വാസം തീരണം എന്ന നീതിബോധമാണ്‌.

എഞ്ചിനീയര്‍ ആവര്‍ത്തിച്ചു: ചൂഷണത്തിനും അനീതിക്കും എതിരിലാണ്‌ വിശ്വാസികള്‍ ധര്‍മ്മയുദ്ധം (ജിഹാദ്‌) നടത്തേണ്ടത്‌. അനീതിയുടെ ഏറ്റവും മുതിര്‍ന്ന രൂപമാണ്‌ സ്‌ത്രീകളോടു കാണിക്കുന്ന വിവേചനം. അനീതി നിറഞ്ഞ മതവിധികളെ പിന്തുണയ്‌ക്കുകയോ, അനീതിക്കുനേരെ മൗനം പാലിക്കുകയോ ചെയ്യുന്ന വ്യക്തിക്ക്‌ മതവിശ്വാസമില്ല. വെറുപ്പും ഹിംസയും വളര്‍ത്തുന്ന യാതൊന്നിനെയും മതം എന്നു പറയുകയില്ല. വര്‍ഗീയത പടര്‍ത്തിയും കലാപം സംഘടിപ്പിച്ചും വോട്ടുനേടുന്ന രാഷട്രീയപ്രവര്‍ത്തനം കുറ്റകൃത്യം മാത്രമാണ്‌.

നീതിയിലും സമാധാനത്തിലും അധിഷ്‌ഠിതമായി, വ്യക്തിയുടെ വളര്‍ച്ചയ്‌ക്കും സമൂഹത്തിന്റെ സുസ്ഥിതിക്കും താങ്ങായി നിലനില്‍ക്കുകയാണ്‌ മതത്തിന്റെ കര്‍ത്തവ്യം.

സ്‌ത്രീപുരുഷ സമത്വത്തിനുവേണ്ടി അദ്ദേഹം നടത്തിയ പോരാട്ടം വിശകലനം ചെയ്‌താല്‍ ഇപ്പറഞ്ഞ `വിമോചന ദൈവശാസ്‌ത്ര'ത്തിന്റെ മട്ടും മാതിരിയും വ്യക്തമാവും:

മുസ്ലീങ്ങളുടെ പാരമ്പര്യജീവിതത്തില്‍ സ്‌ത്രീകള്‍ നേരിടുന്ന വിവേചനത്തെ എന്നപോലെ അവയ്‌ക്ക്‌ ആധാരമായി നിലകൊണ്ട ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെയും അദ്ദേഹം എതിര്‍ത്തു. സ്‌ത്രീവിരുദ്ധമായ വചനങ്ങള്‍ക്ക്‌ പുതിയ കാലത്തിനുചേര്‍ന്ന വ്യാഖ്യാനം കണ്ടെത്തുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. പുരുഷാധിപത്യ മൂല്യങ്ങളില്‍ അധിഷ്‌ഠിതമായ ഇസ്ലാമികപാരമ്പര്യത്തിനുനേരെ അദ്ദേഹം നടത്തിയ വെല്ലുവിളി ഏറ്റവും ശക്തമായി വെളിപ്പെട്ടത്‌ ഷാബാനുവിധി(1985)യുടെ കാലത്താണ്‌- വിവാഹമുക്തയ്‌ക്ക്‌ ജീവിക്കാന്‍ മാര്‍ഗ്ഗമില്ലെങ്കില്‍ മരണംവരെയോ പുനര്‍ വിവാഹംവരെയോ ചെലവിനുകൊടുക്കാന്‍ മറ്റു സമുദായക്കാരെപ്പോലെ മുസ്ലിം ഭര്‍ത്താവും ബാധ്യസ്‌ഥനാണ്‌ എന്ന സുപ്രീംകോടതി വിധി വന്നപ്പോള്‍ അതിന്നനുകൂലമായി ഉയര്‍ന്നുവന്ന അപൂര്‍വ്വം ശബ്‌ദങ്ങളിലൊന്ന്‌എഞ്ചിനീയറുടേതായിരുന്നു. ആ കാലത്തെ സംവാദാന്തരീക്ഷം ഉപയോഗപ്പെടുത്തി മുസ്ലിം സ്‌ത്രീകള്‍ നേരിടുന്ന പ്രായവ്യത്യാസം നോക്കാത്ത വിവാഹം, ഏകപക്ഷീയമായ വിവാഹമോചനം, ബഹുഭാര്യത്വം മുതലായ അനേകം പ്രശ്‌നങ്ങള്‍ അദ്ദേഹം മുഖ്യധാരയിലേക്കു കൊണ്ടുവന്നു. അവ സാമുദായികപ്രശ്‌നങ്ങളല്ല, പൗരാവകാശപ്രശ്‌നങ്ങളാണ്‌ എന്നതായിരുന്നു അദ്ദേഹത്തിന്റെ നില. അത്തരം നടപ്പുകളില്‍ വെളിപ്പെട്ട സ്‌ത്രീവിരുദ്ധത ജനാധിപത്യവിരുദ്ധം എന്ന പോലെ `അനിസ്ലാമിക'വും ആണ്‌ എന്ന്‌ അദ്ദേഹം വിധിച്ചു. കോടതിവിധിയും ബന്ധപ്പെട്ട രേഖകളും സമരങ്ങളുടെ വിവരങ്ങളും അതേപ്പറ്റിവന്ന പ്രധാനപ്പെട്ട ലേഖനങ്ങളും സമാഹരിച്ച്‌ എഞ്ചിനീയര്‍ എഡിറ്റു ചെയ്‌ത `ദി ഷാബാനു കോണ്‍ട്രവേഴ്‌സി'(1987) എന്ന പുസ്‌തകം ഇന്ത്യയിലെ സ്‌ത്രീ വിമോചനപ്രസ്ഥാനത്തിന്‌ വിലപിടിച്ച രേഖയാണ്‌.

മുസ്ലിംസ്‌ത്രീകളുടെ പൗരാവകാശങ്ങള്‍ക്കു വേണ്ടി ഇന്ത്യയില്‍ ഉയര്‍ന്ന ഏറ്റവും ഉദാത്തമായ ശബ്‌ദം അസ്‌ഗറലി എഞ്ചിനീയറുടേതാണ്‌.

ബഹുമതസമൂഹമായ ഇന്ത്യയ്‌ക്കും ജനാധിപത്യം മുന്നേറിയ ഇരുപതാം നൂറ്റാണ്ടിനും ചേര്‍ന്ന വിധം ഇസ്ലാമിനെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയുമാണ്‌ എഞ്ചിനീയര്‍ ചെയ്‌തത്‌. 14 നൂറ്റാണ്ടിന്റെ ഭാരമുള്ള ഒരു ജഡവസ്‌തുവായി സ്വന്തം മതത്തെ പേറി നടക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. അതിന്‌ ശ്വാസവും ഊര്‍ജ്ജവും നല്‍കി ആധുനികീകരിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. അങ്ങനെ ഇസ്ലാമിനും കമ്മ്യൂണിസത്തിനും ഇടയിലുള്ള പാലമായി നിലകൊണ്ട എഞ്ചിനീയറുടെ ധൈഷണികജീവിതം മതേതരരാഷ്‌ട്രീയചിന്തയെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌; മതത്തെ രാഷ്‌ട്രീയത്തിന്റെ ഊര്‍ജ്ജസ്രോതസ്സ്‌ ആക്കുന്നതിന്റെ ആരോഗ്യകരമായ മാതൃക ചൂണ്ടിക്കാണിച്ചുതരുന്നതില്‍ വിജയിച്ചിട്ടുണ്ട്‌.

അസ്‌ഗറലിയെപ്പോലൊരു ചിന്തകന്റെ സാന്നിധ്യം ഇന്ത്യന്‍ സാഹചര്യത്തിന്‌ ഏറ്റവും ആവശ്യമുള്ള സന്ദര്‍ഭത്തിലാണ്‌ ആ നിര്യാണം സംഭവിച്ചത്‌ എന്ന വസ്‌തുത എന്റെ അനാഥത്വത്തെ എത്രയോ ആഴത്തില്‍ സങ്കടപ്പെടുത്തുന്നു.

***
എംഎന്‍.കാരശ്ശേരി അമ്പാടി കാരശ്ശേരി മുക്കം കോഴിക്കോട്‌ - 673 602 ഫോണ്‍: 9539831211
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക