മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ശ്രീ. പെരുമ്പടവം ശ്രീധരന്‍ അമേരിക്കന്‍ മലയാളികളുടെ സാഹിത്യ കൂട്ടായ്മയുടെ സമ്മേളനത്തിനെത്തുമ്പോള്‍ സാര്‍ത്ഥകമാകുന്നത് അമേരിക്കയിലെ മലയാള ഭാഷാ സ്‌നേഹികളുടെ മനസ്സായിരിക്കും.
എവിടേയും മലയാളം പറയാന്‍ മടിക്കുന്ന മലയാള പുതുതലമുറയ്ക്ക് ശ്രേഷ്ഠ ഭാഷയായി മലയാളത്തെ ഓര്‍ക്കാന്‍ പ്രവാസികള്‍ കാട്ടുന്ന വ്യഗ്രതയാണ് 'ലാനാ' യൂടെ കൂട്ടായ്മ. വളരും തോറും പിളരുന്ന അമേരിക്കന്‍ മലയാളി സംഘടനകള്‍ പലതും അമേരിക്കന്‍ മലയാള സാഹിത്യകാരന്‍മാരെയും എഴുത്തുകാരെയും എല്ലായ്‌പ്പോഴും തഴഞ്ഞ ചരിത്രമേയുള്ളൂ. അല്ലെങ്കില്‍ ഇത്തരം സംഘടനകളിലുള്ള കൂലി എഴുത്തുകാരുടെ മുതലാളിമാര്‍ 'ഒറിജിനലു'കളെ ഉള്‍പ്പെടുത്താന്‍ മടിക്കുന്നു. ഇത്തരം സാഹചര്യങ്ങളിലാണ് ആത്മസാക്ഷാത്ക്കാരത്തിനു വേണ്ടി സാഹിത്യ സംഘടനകള്‍ അമേരിക്കയില്‍ രൂപം കൊണ്ടത്. എങ്കിലും സജീവമായി ഒത്തുചേരുകയും, ചര്‍ച്ചകളും സംഘടിപ്പിക്കുകയും എഴുത്തുകളിലൂടെ സജീവമായി ഇക്കൂട്ടര്‍ നിലകൊള്ളുകയും ചെയ്യുന്നത് സന്തോഷകരം തന്നെ.
ഈയിടെ കേരളത്തില്‍ നടന്ന ഒരു അമേരിക്കന്‍ മലയാളി കണ്‍വന്‍ഷനില്‍ സാഹിത്യ മാധ്യമ സെമിനാറില്‍ ഈയുള്ളവന്‍ കാഴ്ചക്കാരനായി. പങ്കെടുത്തവരാകട്ടെ ഡോ:ബാബു പോള്‍ ഐ.എ.എസ് ഉള്‍പ്പടെയുള്ള . അരേിക്കയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും കിട്ടി വേദിയില്‍ സീറ്റ്. ആകെ അരമണിക്കൂര്‍ . ബാബുപോള്‍ സാറിന് 3 മിനിട്ട് ….. തോമസ് ജേക്കബ് സാറിന് 3 മിനിട്ട്….ഇങ്ങനെ പോയി സമയക്രമം. മൈക്ക് കയ്യിലെടുത്താല്‍ നന്നായി അത് കൈകാര്യം ചെയ്യുന്ന ഒരു യുവജനകളേബരന്‍ (വയസ് അന്‍പതായി) അവതാരകനുമായി. അദ്ദേഹം ആദ്യമേ പറഞ്ഞു. ഈ പരിപാടിയെക്കുറിച്ച് എനിക്കൊരു ഊഹവുമില്ല, എന്ന്. പിന്നാലെ വന്ന ബാബുപോള്‍ ഐ.എ.എസ് പറഞ്ഞു ഊഹമില്ലാത്ത കാര്യങ്ങള്‍ പറയാന്‍ മിനക്കെടരുതെന്ന്. എന്തിനേറെ പറയുന്നു അരമണിക്കൂറുകൊണ്ട് സാഹിത്യ മാധ്യമസെമിനാര്‍ പൊളിച്ചടുക്കി.
മറ്റൊരു സംഘടനയാകട്ടെ മതസന്ദേശയാത്രയും കൊടിയൂമായി ഒരു പരിപാടി നടത്തി. സമാപന സമ്മേളനത്തിനിടയ്ക്ക് കുറച്ച് സാഹിത്യ അവാര്‍ഡുകള്‍ കൊടുത്തു. സാഹിത്യകാരന്‍മാരെക്കൊണ്ട് ഒരക്ഷരം ഉരിയാടിച്ചില്ല (ആറന്‍മുള - ഹിരഹരന്‍ പുത്രന്‍ സാറേ മാപ്പ് ). ഇതാണ് സാഹിത്യ പോഷണം.
'ലാനാ' അതില്‍ നിന്നും വ്യത്യസ്തമാണെന്ന് അഭിപ്രായമാണ് പലര്‍ക്കും ഉള്ളത്. ഈ സാഹചര്യത്തില്‍ ആണ് ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കയ്യൊപ്പുള്ള പെരുമ്പടവം അമേരിക്കന്‍ മലയാളികള്‍ക്ക് മുന്‍പില്‍ വരുന്നത്. ജീവിതത്തിന്റെ വ്യതിരിക്തമായ അനുഭവങ്ങളുടെ സഹയാത്രികനാണ് അദ്ദേഹം. ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവല്‍ വായിക്കാത്ത മലയാളി ഉണ്ടാവില്ല. പതിനഞ്ചിലധികം പുരസ്‌കാരങ്ങള്‍. നാല്‍പതിലധികം പുസ്തകങ്ങളുടെ രചയിതാവ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ പെരുമ്പടവം ശ്രീധരന്റെ അമേരിക്കയിലേക്കുള്ള വരവ് മലയാളി കുടുംബങ്ങള്‍ ആഘോഷമാക്കണം. അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കുന്നവര്‍ അദ്ദേഹത്തെ മറക്കാനിടയില്ല.
അമേരിക്കന്‍ മലയാളികളില്‍ മലയാളത്തെ സ്‌നേഹിക്കുന്ന എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, സംഘടനാ പ്രവര്‍ത്തകര്‍ ഏവരും ഈ ഭാഷയുടെ കൂട്ടായ്മയില്‍ പങ്കെടുക്കുമെന്നാണ് 'ലാനാ' ഭാരവാഹികള്‍ കരുതുന്നത്. അക്ഷരത്തിനുവേണ്ടി ഒന്നിക്കുമ്പോള്‍ ഉണ്ടാകുന്ന കരുത്ത് ഒന്നു വേറെ തന്നെ.
മലയാളത്തെ വാക്കിലൂടെയും, സമയത്തിലൂടെയും, പുകഴ്ത്തലുകളിലൂടെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കൂട്ടായ്മയുടെ ഭാഗമാക്കാന്‍ ശ്രമിക്കണം. ഇനി വരുന്ന ആഘോഷങ്ങള്‍ക്കൊക്കെ ഭാഷയ്ക്കുവേണ്ടി, കഥയ്ക്കുവേണ്ടി, കവിതയ്ക്കുവേണ്ടി കുറച്ചു സമയം മാറ്റി വയ്ക്കാന്‍ സാധിക്കില്ലേ. എത്രയോ കുട്ടികള്‍ എഴുതുന്നു. ഇംഗ്ലീഷിലായിക്കോട്ടേ. അവ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്താലോ ? ഇത്തരം സംരംഭങ്ങള്‍ക്ക് തുടക്കമിടാന്‍ കേരള സാഹിത്യ അക്കാദമിയുടെ ചെയര്‍മാന്‍ കൂടിയായ പെരുമ്പടവം ശ്രീധരന്റെ അമേരിക്കന്‍ യാത്രകൊണ്ട് സാധിക്കും. അതിന് 'ലാനാ' പോലെയുള്ള സംഘടനകള്‍ മുന്‍കൈ എടുക്കണം അമേരിക്കന്‍ മലയാളികളെ ഒപ്പം കൂട്ടണം…..
തൊട്ടുകൂട്ടാന്‍: സൂചി കറങ്ങി ഏതു കളത്തില്‍ ചെന്നു നില്‍ക്കുന്നുവെന്ന് ആര്‍ക്കറിയാം. (ഒരു സങ്കീര്‍ത്തനം പോലെയില്‍ നിന്ന്)