Image

അതിരുകളില്ലാത്ത ആഘോഷത്തിന്റെ ഓര്‍മ്മയുമായി ഓണം (മണ്ണിക്കരോട്ട്‌)

Published on 01 September, 2013
അതിരുകളില്ലാത്ത ആഘോഷത്തിന്റെ ഓര്‍മ്മയുമായി ഓണം (മണ്ണിക്കരോട്ട്‌)
മലയാളികളുടെ മനസ്സില്‍ ഓണമെന്നു കേള്‍ക്കുമ്പോള്‍ നിരവധി ഓര്‍മ്മകളും
അനുഭവങ്ങളുമായിരിക്കും ചിറകുവിരിയുന്നത്‌. ഓണത്തിന്റെ ഗതകാലാനുഭവങ്ങള്‍ അയവിറക്കാത്ത വിദേശമലയാളികള്‍ ഉണ്ടാകില്ല. കുട്ടിക്കാലം മനസ്സിന്റെ അഭ്രപാളിയില്‍ ചലനാത്മകമാകുമ്പോള്‍ ചിന്തിക്കാന്‍ ഏറെ. ചിലത്‌ മന്ദംമന്ദം നീങ്ങുമ്പോള്‍ ചിലത്‌ മിന്നിമറയും. ചില ഓര്‍മ്മകള്‍ നിശ്ചലമായി മനസ്സില്‍ നിറഞ്ഞു തിളങ്ങി നില്‍ക്കും. അനുഭവത്തിന്റെ ഗൗരവം ഓര്‍മ്മകളുടെ ചലനം നിയന്ത്രിക്കും. അതെന്തുമാകട്ടെ, ഓണക്കാലമാകുമ്പോള്‍ ഓണത്തിന്റെ മധുരസ്‌മരണകള്‍ നുണയാത്ത മലയാളികള്‍ ഉണ്ടാകില്ല.

ഓണമെന്നുകേള്‍ക്കുമ്പോള്‍ ഇന്നും എന്റെ മനസ്സില്‍ കുട്ടിക്കാലത്തെ അനുഭവങ്ങള്‍ ഓടിയെത്തും. അതിരുകളില്ലാത്ത ആഘോഷത്തിന്റെ ആഹ്ലാദത്തിമിര്‍പ്പില്‍ ഓടിക്കളിക്കുന്ന മധുരസ്‌മരണകള്‍ അയവിറക്കുന്ന മനസ്‌. എന്തുമനോഹരമായിരുന്നു നഷ്ടപ്പെട്ട അന്നത്തെ ഓണം. ഇന്നും മായാതെ, മറയാതെ മനസ്സില്‍ ഓളമിട്ടുയരുന്ന ഗതകാല സ്‌മരണകളുടെ പരിചിന്തനം. അതുമാത്രമല്ലേ ഇക്കാലത്ത്‌ ഓണമെന്നോര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വിപ്രതിപത്തിയും.

അത്തത്തിനു മുമ്പേ കുട്ടികളില്‍ ആഹ്ലാദത്തിന്റെ ഓളങ്ങള്‍ ഓടിക്കളിക്കാന്‍ തുടങ്ങും. പ്രകൃതിയും അതിനൊത്ത്‌ തയ്യാറായിക്കഴിഞ്ഞിരിക്കും. കറുത്തിരുണ്ട കാര്‍മേഘപടലങ്ങളും പേമാരിപോലെ പെയ്‌തിറങ്ങുന്ന കാലവര്‍ഷവും കരകവിഞ്ഞ്‌ കുത്തിയൊഴുകുന്ന ജലാശയങ്ങളും ശാന്തമായി. ജനങ്ങള്‍ പഞ്ഞ കര്‍ക്കിടകത്തോട്‌ വിടപറഞ്ഞ്‌, പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കുകയായി. എങ്ങും പച്ചപ്പരപ്പും പകിട്ടോടെ പന്തിയില്‍ പൂത്തുലയുന്ന പൂച്ചെടികളും. എവിടെയും വിരിഞ്ഞും വിരിയാതെയുമുള്ള സുമങ്ങളുടെ സുഗന്ധം. കുളിര്‍കാറ്റിന്റെ കുസൃതിയില്‍ പൂക്കള്‍ ചാഞ്ഞും ചരിഞ്ഞും നൃത്തം വയ്‌ക്കുന്നു. അന്തരീക്ഷം ശാന്തമായി. അത്‌ സുന്ദരം, രമണീയം. പ്രകൃതി ഓണത്തെ സ്വീകരിക്കാന്‍ കൈകള്‍ നിവര്‍ത്തി കാത്തുനില്‍ക്കുന്നു.

ഇനി എല്ലാം ആനന്ദമയം, ഓണമയം. പിന്നങ്ങോട്ട്‌ ഊഞ്ഞാലില്‍ ഊയലാടാനുള്ള മോഹം. ഊഞ്ഞാലിടുകയാണ്‌ കുട്ടികളായ ഞങ്ങളുടെ ആദ്യപടി. ഞങ്ങളുടെ വീട്ടില്‍ എന്നും ഊഞ്ഞാല്‍ കെട്ടുന്നത്‌ കാട്ടുവള്ളികൊണ്ടായിരിന്നു. കയറുകൊണ്ട്‌ ഈഞ്ഞാല്‍ കെട്ടിയതായി ഓര്‍മ്മയില്ല. ഊഞ്ഞാല്‍ ഇടത്തക്ക കാട്ടുവള്ളികള്‍ കണ്ടെത്താന്‍ പട്ടാഴി ഗ്രാമം സജ്ജമായിരിക്കും. കല്ലടയാര്‍ രണ്ടാക്കിയ പട്ടാഴി എന്ന വലിയ ഗ്രാമത്തിന്റെ വടക്കുഭാഗം ഞങ്ങളുടെ ഭാഗം. കാടും മേടും കുന്നും മലയും കുറവല്ലാത്ത ഗ്രാമപ്രദേശം. ചില ഇടതൂര്‍ന്ന കാടുകളുടെ ഉള്ളില്‍ കയറുന്നതുതന്നെ ശ്രമകരമായിരിക്കും. പക്ഷെ അതിനുള്ളില്‍നിന്നാണ്‌ വള്ളി സംഘടിപ്പിക്കേണ്ടത്‌. അപ്പോള്‍ പിന്നെ സംഗതി എവിടെയെന്നത്‌ ആരു ഗൗനിക്കുന്നു?

അത്തം അടുക്കുമ്പോഴെ കാട്ടുവള്ളി ശേഖരിക്കാന്‍ ശുപാര്‍ശയ്‌ക്കായി അമ്മയോടടുക്കും. അമ്മയുടെ മറുപടി ഉടനെ ഉണ്ടാകും അപ്പച്ചനോടു ചോദിക്കട്ടെയെന്ന്‌. അടുത്ത ദിവസം മറുപടിവരും. ഓണത്തിന്‌ ആദ്യമായി വേണ്ടത്‌ വീടും പരിസരങ്ങളും വൃത്തിയാക്കുക എന്നതാണെന്ന്‌. അതിനുശേഷം ഊഞ്ഞാല്‍. മുറ്റത്തൊ വഴിയിലൊ ഒരു പുല്ലുപോലും കാണരുത്‌. ചെടികള്‍ക്കിടയില്‍ ഒരു കളപോലും ഉണ്ടാകരുത്‌. നിര്‍ദ്ദേശം നീളം. പിന്നെ താമസമില്ല. കാരണം അതു തീര്‍ത്തിട്ടെ ഊഞ്ഞാല്‍ വീഴുകയുള്ളുവെന്ന്‌ ഉറപ്പ്‌. പിന്നെ ഞങ്ങള്‍ മൂന്നു സഹോദരന്മാര്‍ കുട്ടിപ്പട്ടാളത്തെപ്പോലെ ഇറങ്ങും. ഒരു മാസത്തെ പണി ഒരു ദിവസത്തെ 'ചെറമം' കൊണ്ട്‌ തീര്‍ക്കും (ഈ ചെറമം എന്ന വാക്ക്‌ പലര്‍ക്കും പരിചയ സാധ്യത കാണില്ല. ഞങ്ങളുടെ വീട്ടില്‍ ഒരു ജോലിക്കാരനുണ്ടായിരുന്നു (അന്നത്തെ ഭാഷയില്‍ വേലക്കാരന്‍). 'എരവിപ്പറയന്‍' എന്നായിരുന്നു ഞങ്ങള്‍ അയാളെ വിളിച്ചിരുന്നത്‌ പിന്നീടാണ്‌ മനസ്സിലായത്‌ ഇരവിയുടെ നാടന്‍ പ്രയാഗമാണ്‌ എരവിയെന്ന്‌. അയാളുടെ ഭാഷയാണ്‌ ചെറമം. കുറെ വര്‍ഷത്തിനു ശേഷമാണ്‌ മനസ്സിലായത്‌ ശ്രമമെന്ന വാക്കാണ്‌ ചെറമമായതെന്ന്‌).

അടുത്ത ദിവസം വള്ളിവെട്ടു മഹോത്സവത്തിനു ഉത്തരവുണ്ടാകുമെന്നു ഉറപ്പായി. രാവിലെ കുട്ടിപ്പട്ടാളം തയ്യാര്‍. നിക്കറും ബനിയനുമാണ്‌ വേഷം. തലയില്‍ തോര്‍ത്തുകെട്ടിയിരിക്കണമെന്ന്‌ അലിഖിതശാസനമുണ്ട്‌. നിക്കറില്‍ വെട്ടുകത്തി കൊളുത്തിയിടും. അതിനും ഒരു പ്രത്യേക രീതിയുണ്ട്‌. തെങ്ങുകയറുന്ന തണ്ടാന്മാരില്‍നിന്നും കടമെടുത്ത രീതി. വെട്ടുകത്തിയുടെ കൂരിന്റെ ഭാഗത്ത്‌ ('കൂര്‌' അന്നത്തെ ഒരു സാധാരണ പ്രയോഗമായിരുന്നു. വെട്ടുകത്തിയുടെ മൂര്‍ച്ചയുള്ള ഭാഗവും പിടിയും ചേരുന്ന കനം കുറഞ്ഞ ഭാഗം) ഒരു വള്ളിച്ചരട്‌ ഏതാണ്ട്‌ ആറിഞ്ച്‌ നീളത്തില്‍ പിരിച്ചുകെട്ടും. അതിന്റെ അറ്റത്ത്‌ ഒരു തടിച്ച കെട്ടുണ്ടാകും. അത്‌ അരയില്‍ തിരുകിയാല്‍ കെട്ടുള്ളതുകാരണം വെട്ടുകത്തി നിലത്തു വീഴുകയില്ല. കയ്യില്‍ പിടിക്കുകയും വേണ്ട. അങ്ങനെയാണ്‌ തണ്ടാന്മാര്‍ തെങ്ങില്‍ കയറിയിരുന്നത്‌. അവര്‍ വെട്ടുകത്തി അരയില്‍ കുത്തി, തളപ്പ്‌ പാദങ്ങളിലിട്ട്‌, കൈകള്‍ തെങ്ങില്‍ ചുറ്റി അണ്ണാന്‍ ചാടുന്നതുപോലെ തെങ്ങില്‍ ചാടിക്കയറുന്നത്‌ കാണേണ്ടതുതന്നെ. അതുപോലെ ഒന്നു തെങ്ങില്‍ കയറണമെന്ന മോഹം പണ്ടേ ഉണ്ടായിരുന്നു. തെങ്ങില്‍ കയറിയില്ലെങ്കിലെന്ത്‌ അതുപോലെ വെട്ടുകത്തി അരയില്‍ തൂക്കി ഓണത്തിന്‌ കാടുകയറാമല്ലോ (ഓണംകൊണ്ട്‌ അങ്ങനെയും ചില ഗുണങ്ങളുണ്ട്‌) അങ്ങനെ കാടുകേറി വള്ളിവെട്ടാന്‍ റെഡി.

രാവിലെ പ്രഭാതഭക്ഷണത്തിന്റെ കാര്യം ഓര്‍ക്കാറില്ല. പക്ഷെ അമ്മയുണ്ടോ വിടുന്നു. പ്രഭാതഭക്ഷണം കഴിക്കാതെ പോകാനൊക്കുകയില്ല. അതും കഴിച്ചു കഴിഞ്ഞാലും അമ്മയില്‍നിന്ന്‌ അത്ര പെട്ടെന്നൊന്നും അകലാന്‍ സമ്മതിക്കുകയില്ല. പിന്നെയുണ്ട്‌ നീളുന്ന ഉപദേശം. കാലില്‍ മുള്ളുകൊള്ളെരുത്‌, വെട്ടുകത്തി കയ്യിലെങ്ങും കൊള്ളരുത്‌. താമസിയാതെ തിരികെ വരണം. വള്ളി കിട്ടിയില്ലെങ്കില്‍ സാരമില്ല. കയറുകൊണ്ട്‌ ഊഞ്ഞാലിടാം, അടുത്തവീട്ടിലെ ഇന്ന പയ്യെനെക്കൂടി കൂട്ടണം?. അതൊക്കെ കേള്‍ക്കാനെവിടെ സമയം. തിരിഞ്ഞുനിന്നും നടന്നുംകൊണ്ടു കേള്‍ക്കും. ഇടയ്‌ക്ക്‌ ഓടാന്‍ ശ്രമിക്കുമ്പോള്‍ അമ്മ തടയും. എല്ലാം കേട്ടു കഴിഞ്ഞിട്ടെ പോകാനൊക്കുകയുള്ളു. ഉപദേശം കഴിയുന്നതും ഒറ്റഓട്ടവും ഒരുമിച്ചായിരിക്കും (ആ നല്ല അമ്മയുടെ ഓര്‍മ്മകള്‍ ഇന്നു കണ്ണികളെ ഈറനണിയിക്കുന്നു).

എന്തായാലും ഉച്ചയാകുമ്പോഴേക്കും വള്ളി റെഡി (വള്ളികൊണ്ടുള്ള ഊഞ്ഞാലല്ലാതെ എന്തൊരൂഞ്ഞാല്‍? ഈ അമ്മയ്‌ക്കെന്തറിയാം?). വള്ളികൊണ്ടുവരുന്നത്‌ രാഷ്ട്രീയക്കാര്‍ കൊടിമരം കൊണ്ടുവരുന്നതുപോലെയില്ലെങ്കിലും ഒരു ചെറിയ ഘോഷയാത്രയുടെ പ്രതീതി ഉളവാക്കും. എന്തായാലും അത്‌ മരത്തില്‍ കയറി കെട്ടാന്‍ അമ്മ സമ്മതിയ്‌ക്കുകയില്ല. അത്‌ ജോലിക്കാരെക്കൊണ്ട്‌ കെട്ടിയ്‌ക്കും. മുറ്റവും പരിസരവുമെല്ലാം വൃത്തിയായി, ഊഞ്ഞാലായി. ഓണം അടുത്തെത്തിക്കഴിഞ്ഞു. പിന്നെ കുട്ടികള്‍ എപ്പോഴും വീടിനു പുറത്തും പൊതുസ്ഥലത്തും തന്നെ. കുട്ടികളുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള സന്ദര്‍ശനവുമുണ്ടാകും. എല്ലാവര്‍ക്കും മാറിയും മറിഞ്ഞും ഉഞ്ഞാലിലാടണം. അതോടൊപ്പം മറ്റ്‌ കളികളും. അങ്ങനെ ഉത്സഹത്തിന്റെയും ആഹ്ലാദത്തിന്റെയും അലകള്‍ ഉയര്‍ന്നു വീശുകയായി.

അത്തം തുടങ്ങിയാല്‍ പിന്നെ കുട്ടികള്‍ക്ക്‌ ചിത്തഭ്രമം പടര്‍ന്നതുപോലെയാണ്‌. പിന്നെ ഒരുക്കങ്ങള്‍ തകൃതി. ചില കുട്ടികള്‍ എന്തുചെയ്യെണമെന്നറിയാതെ എല്ലായിടവും പാറിനിടക്കും. പെണ്‍കുട്ടികളും ഒട്ടും പിന്നിലായിരിക്കില്ല. എല്ലാവരും ഉത്രാടത്തിനുവേണ്ടി കാത്തിരിക്കും. 'ഉത്രാടം ഉച്ചകഴിഞ്ഞാല്‍ അച്ചിമാര്‍ക്ക്‌ വെപ്രാള'മെന്ന്‌ പലരും പറഞ്ഞുകേട്ടിട്ടുണ്ട്‌. അത്‌ അച്ചിമാര്‍ക്കു മാത്രമായിരുന്നില്ല, ഓണക്കാലത്ത്‌ ഗ്രാമിവാസികള്‍ക്കെല്ലാം, ഒരുപക്ഷെ അക്കാലത്ത്‌ കേരളിയര്‍ക്കെല്ലാം പടര്‍ന്നു പിടിച്ചിരുന്ന ഒരു മാനസിക മാറ്റമായിരിക്കാം. എന്തായാലും ഉത്രാടം ഉച്ചകഴിഞ്ഞാല്‍ കവലകളിലും മൈതാനങ്ങളിലും ആളുകളുടെ തിരക്ക്‌. കവലകളില്‍ പുരുഷന്മാര്‍ കൂടുതലാകുമ്പോള്‍ മൈതാനങ്ങളില്‍ സ്‌ത്രീകളായിരുക്കും കൂടുതല്‍.

തിരുവോണദിവസത്തെക്കുറിച്ച്‌ പറയാനെന്തിരിക്കുന്നു? ഗ്രാമത്തിലെ മിക്കവാറും എല്ലാവരും ചുരുക്കത്തില്‍ ആബാലവൃന്ദം കവലകളിലും മൈതാനങ്ങളിലും തന്നെ. എല്ലാവരും ഓണക്കോടിയുമുടുത്തായിരിക്കും വരവെന്ന്‌ പറയേണ്ടതില്ലെല്ലോ. എല്ലാ ഓണക്കളികളും അവിടെ അരങ്ങേറും. 'മാവേലി നാടുവാണിടും കാലം മാനുഷ്യരെല്ലാരും ഒന്നുപോലെ'യെന്ന്‌ അവിടെ തിരിച്ചറിയാന്‍ കഴിയുമായിരുന്നു. ഈ ആഘോഷങ്ങള്‍ ചതയം വരെ നീണ്ടുനില്‍ക്കും. ഓണസദ്യയുടെ കാര്യം ഓര്‍ക്കുമ്പോള്‍തന്നെ വായില്‍ വെള്ളം നിറയും. അന്നൊക്കെ വിളമ്പിക്കിട്ടുന്ന വിഭവങ്ങള്‍ ഇല നിറഞ്ഞു കവിയും. അന്നൊക്കെ പേരറിയാതിരുന്ന വിഭവങ്ങള്‍. കുട്ടികള്‍ എവിടെ ചെന്നാലും സദ്യ ഉണ്ണണമെന്ന്‌ നിര്‍ബന്ധം. അവിടെ ജാതിയില്ല, മതമില്ല. എല്ലാവരും 'ആമോദത്തോടെ വസിച്ചി'രുന്ന, ആഘോഷിച്ചിരുന്ന ഗ്രാമത്തിലെ ഓണം. എന്തു സുന്ദരമായിരുന്നു ആ കാലങ്ങള്‍. അന്നത്തെ കേരളവും അതുപോലെ തന്നെ.

എന്നാല്‍ ഇന്നത്തെ ഓണം എന്താണ്‌ എങ്ങനെയാണെന്ന്‌ ഓര്‍ക്കുകയാണ്‌. ഇന്നും ഓണമുണ്ട്‌. ഗവണ്മെന്റ്‌ ജനങ്ങള്‍ക്കുവേണ്ടി എന്തൊക്കെയൊ ചെയ്യുന്നുണ്ടെന്നു പറയുന്നു. അന്ന്‌ ഗവണ്മെന്റ്‌ ഒന്നും ചെയ്യാതെ എല്ലാവരും ഓണം ആഘോഷിച്ചു. എവിടെയും സന്തോഷവും, സംതൃപ്‌തിയുമുണ്ടായിരുന്നു. ഇന്ന്‌ സര്‍ക്കാര്‍ എല്ലാം ചെയ്യുന്നെന്നു പറയുന്നുണ്ടെങ്കിലും പലയിടത്തും പട്ടിണിയും പരിവട്ടവും പരാതിയും. ഇന്ന്‌ കേളത്തിലെ ഓണം ടി.വി.യില്‍ ലിവിംഗ്‌ റൂമില്‍ മാത്രം ഒതുങ്ങുന്നതാണെന്നാണ്‌ നാട്ടില്‍നിന്നും അറിയാന്‍ കഴിയുന്നത്‌.

മാവേലിനാട്‌ എന്നേ അസുരനാടായി മാറിക്കഴിഞ്ഞിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്‌, രക്ഷസരുടെ സ്വന്തം നാടായി. ഒരിക്കല്‍ കള്ളവും ചതിയുമില്ലാത്ത നാടെന്ന്‌ പാടാനെങ്കിലും കഴിഞ്ഞിരുന്ന കേരളം ഇന്ന്‌ അതിന്റെയെല്ലാം സങ്കേതസ്ഥലമായി മാറിയിരിക്കുന്നു. ഇന്ന്‌ കളങ്കത്തിന്റെ താളത്തിനൊത്താണ്‌ ഭരണചക്രംപോലും തിരിയുന്നത്‌. കളങ്കമാണ്‌ ഭരണചക്രം നയിക്കുന്നത്‌.

അമ്പേ! ഈ നാടിനെന്തുപറ്റി? നമ്മുടെയെല്ലാം ഓര്‍മ്മയിലെ ഓണത്തിന്റെ മണമെങ്കിലും ഇന്ന്‌ ബാക്കിയുണ്ടോ? ഉണ്ടെങ്കില്‍ അത്‌ ഇന്നും നിലിര്‍ത്തുന്നത്‌ വിദേശമലയാളികള്‍ മാത്രമാണ്‌. ഹ്യൂസ്റ്റനില്‍ അത്തം മുതലുള്ള പത്തുനാളുകള്‍ മാത്രമല്ല ഓണനാളുകള്‍, ഏതാണ്‌ രണ്ട്‌ രണ്ടരമാസം ഓണക്കാലമാണ്‌. പല സംഘടനകളും ഓണം ആഘോഷിക്കാന്‍ ദിവസം (ഡേറ്റ്‌) കിട്ടാതെ, സ്ഥലം (ലൊക്കേഷന്‍) കിട്ടാതെ കുഴങ്ങുന്നതു കണ്ടിട്ടുണ്ട്‌. അങ്ങനെ അമേരിക്കയിലെ മലയാളികളായ നമുക്ക്‌ മാവേലിയെ ഓര്‍ത്ത്‌ പഴയ ഓണസ്‌മരണകള്‍ അയവിറക്കി സംഘടനകളിലെ, വീടുകളിലെ, റെസ്റ്ററന്റുകളിലെ ഓണമുണ്ട്‌ 'ആമോദത്തോടെ' വസിക്കാം.
അതിരുകളില്ലാത്ത ആഘോഷത്തിന്റെ ഓര്‍മ്മയുമായി ഓണം (മണ്ണിക്കരോട്ട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക