Image

മലയാളത്തിന്റെ അപര്‍ണ്ണ - ഒരിക്കലും തോല്‍ക്കാത്ത കാവ്യകൗതുകം

കുര്യന്‍ പാമ്പാടി Published on 02 September, 2013
മലയാളത്തിന്റെ അപര്‍ണ്ണ - ഒരിക്കലും തോല്‍ക്കാത്ത കാവ്യകൗതുകം
നൂറ്റാണ്ടിലേറെക്കാലത്തെ ചരിത്രം പേറുന്ന കോട്ടയം പബ്ലിക് ലൈബ്രറിയുടെ മുന്നിലെ വള്ളിപ്പടര്‍പ്പുകളുടെ തണലില്‍ ചുവന്ന മാരുതി കാര്‍ പാര്‍ക്ക് ചെയ്തിട്ട് ടീച്ചര്‍ ഇറങ്ങി. കട്ടികൂടിയ കണ്ണടയുടെ ഫ്രെയിമിനിടയില്‍ ചുവന്ന വലിയ പൊട്ടുകൂടിയായപ്പോള്‍ ബംഗാളി നടിയും സംവിധായകയുമായ അപര്‍ണ്ണ സെന്നിന്റെ അനുജത്തിയാണെന്നു തോന്നും കോട്ടയത്തിന്റെ സുജ സൂസന്‍ ജോര്‍ജ്.

കവിയാണ്, അദ്ധ്യാപികയാണ്, ആക്ടീവിസ്റ്റാണ്. പക്ഷേ, അപര്‍ണ്ണയുമായുള്ള താരതമ്യം അവിടെ അവസാനിക്കുന്നു. സത്യജിത് റേയുടെ 'തീന്‍ കന്യ'യിലൂടെ അരങ്ങേറ്റം കുറിച്ച അപര്‍ണ്ണ '36 ചൗരംഗി ലെയ്ന്‍' എന്ന ചിത്രം സംവിധാനം ചെയ്ത് സാര്‍വ്വദേശീയ പ്രശസ്തി നേടി. നിരവധി പുരസ്‌കാരങ്ങള്‍ സമ്പാദിച്ച 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് അയ്യരി' ലൂടെ മകള്‍ കൊങ്കണാ സെന്നിനെ ചലച്ചിത്രലോകത്ത് അവതരിപ്പിക്കുകയും ചെയ്തു.

''അപര്‍ണ്ണ സെന്നിനെ എനിക്കിഷ്ടമാണ്. പക്ഷേ, ഞാനൊരു നടിയോ സംവിധായകയോ അല്ല. വെറുമൊരു അദ്ധ്യാപിക. കവിതയെഴുതും. ഇടയ്ക്കിടെ മുദ്രാവാക്യങ്ങള്‍ മുഴക്കും. പക്ഷേ, ഒന്നുണ്ട്. അപര്‍ണ്ണയെപ്പോലെ ബംഗാള്‍ ഗ്രാമങ്ങളിലൂടെ, ഹൃദയസരസ്സിലൂടെ ധാരാളം സഞ്ചരിച്ചിട്ടുള്ള ആളാണു ഞാന്‍. അവിടത്തെ ഗ്രാമീണരെയും പട്ടിണിപ്പാവങ്ങളെയും എഴുത്തുകാരെയും ഞാന്‍ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു വന്ദിക്കുന്നു'' -സുജ ഒരഭിമുഖത്തിലൂടെ മനസ്സു തുറന്നു.

സാഹിത്യം, സംസ്‌കാരം, രാഷ്ട്രീയം എന്നിങ്ങനെ ജീവിതത്തിന്റെ നാനാ മേഖലകളില്‍ പടര്‍ന്നുപന്തലിച്ചു കിടക്കുന്ന ജീവിതമാണു സുജയുടേത്. പുതുപ്പള്ളിക്കാര്‍ പത്തു തവണ തോളിലേറ്റി നടന്ന ഉമ്മന്‍ചാണ്ടിയോട് 2011ല്‍ 11074 വോട്ടുകള്‍ക്കു തോറ്റയാളാണ് സുജ. പക്ഷേ, അതിനു മുമ്പു മത്സരിച്ച മാര്‍ക്‌സിസ്റ്റ് സ്ഥാനാര്‍ത്ഥി സിന്ധു ജോയിയുടെ തോല്‍വിയുടെ മാര്‍ജിന്‍ 8789 വോട്ടുകണ്ടു കുറയ്ക്കാന്‍ സുജയ്ക്കു കഴിഞ്ഞു. അത് സുജ എന്ന വ്യക്തിയുടെ നേട്ടം.

''പാര്‍ട്ടി പറഞ്ഞു, മത്സരിച്ചു. തോല്‍ക്കുമെന്നുറപ്പായിരുന്നു. പക്ഷേ, പരിഭവമോ പരാതിയോ ഇല്ല. ഉമ്മന്‍ചാണ്ടിയോട് കുറഞ്ഞ മാര്‍ജിനില്‍ തോല്‍ക്കുക എന്നതില്‍ അഭിമാനമുണ്ടു താനും'' -സുജ പറഞ്ഞു. എതിരാളി പ്രബലനായിരുന്നതിനാല്‍ സുജയുടെ ഒരു 'ബൈറ്റി' നുവേണ്ടി ദേശീയ ചാനലുകള്‍ പുതുപ്പള്ളിയില്‍ തലങ്ങും വിലങ്ങും ഓടി.

പുരോഗമന കലാസാഹിത്യസംഘത്തിന്റെ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളാണു സുജ. സാഹത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ ഭരണസമിതിയംഗവും ബുള്ളറ്റിന്‍ എഡിറ്ററും. മൂന്നു പുസ്തകങ്ങള്‍ - എന്റെ പേര്, ആരാണീ വാതിലുകള്‍ തുറക്കുന്നത് (കവിതകള്‍), എഴുത്തുകാരികളുടെ മാധവിക്കുട്ടി (എഡിറ്റര്‍). ''മാറ്റങ്ങളെ അപനിര്‍മ്മിക്കാന്‍ കഴിവുള്ള കാവ്യഹൃദയം സുജയ്ക്കുണ്ടെ''ന്ന് ആമുഖത്തില്‍ ഡോ. മ്യൂസ് മേരി ജോര്‍ജ് പറയുന്നു.
പത്തനംതിട്ട ജില്ലയില്‍ തുമ്പമണ്ണില്‍ മാന്താനത്ത് അദ്ധ്യാപക ദമ്പതിമാരായ ജോര്‍ജിന്റെയും ശോശാമ്മയുടെയും മകളാണ് സുജ. സഹോദരന്‍ സജീവ് കുവൈറ്റില്‍. സഹോദരി സുഷ ആന്‍ഡമാന്‍സില്‍. പ്രഫ. സ്‌കറിയ സഖറിയായുടെ മേല്‍നോട്ടത്തില്‍ നാടോടിക്കഥകളെക്കുറിച്ചു ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടി. ഇപ്പോള്‍ മണര്‍കാട് സെന്റ് മേരീസ് കോളേജില്‍ അദ്ധ്യാപിക.
മിശ്രവിവാഹം. ഭര്‍ത്താവ് ഹീരണ്‍ സുധാകരന്‍ കോട്ടയത്ത് എസ്.ബി.ടി മാനേജറാണ്. ഏകപുത്രന്‍ ദീപു ബാംഗളൂരില്‍ ഹുവെയ് കമ്പനിയില്‍ സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍. മീര, രചന എന്നീ മലയാളം സോഫ്ട്‌വെയറുകള്‍ നിര്‍മ്മിച്ച കെ.എച്ച്. ഹുസൈന്റെ മകള്‍ മീരയാണു ഭാര്യ. സുജ-ഹീരണ്‍ ദമ്പതിമാര്‍ പുതുപ്പള്ളിയില്‍ പുതിയൊരു വീടു വച്ച് 'ചിരാത്' (മണ്‍വിളക്ക്) എന്നു പേരിട്ടു. sujachirath@gmail.com എന്നു മെയില്‍ ഐഡി. അടുത്ത റിപ്പബ്ലിക് ദിനത്തില്‍ സുജയ്ക്ക് 45 തികയും (അപര്‍ണ്ണ സെന്നിന് 68).

''മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അയല്‍ക്കാരനാണല്ലോ, സുഹൃത്തുക്കളാണോ?''

''അല്ലല്ല. അദ്ദേഹത്തെ എങ്ങനെ കണ്ടുകിട്ടാനാണ്? എപ്പോഴും തിരക്കല്ലേ?'' -സുജ ചോദിക്കുന്നു.
പക്ഷേ, കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറി ലതിക സുഭാഷ് സുഹൃത്താണ്.

ഒടുവിലത്തെ ചോദ്യം: ''ബംഗാളില്‍ ചുറ്റിക്കറങ്ങിയ ആളല്ലേ? അവിടത്തെ ചെറുപ്പക്കാര്‍ ജോലിതേടി കേരളത്തിലേക്കു പ്രവഹിക്കുന്നതെന്താണ്?''

''അതൊരു സമസ്യതന്നെ. ചരിത്രപരവും സാമ്പത്തികവുമായ കാരണങ്ങളുണ്ടായിരിക്കണം. ഞാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.''

എന്റെ ഗ്രാമം (ആഗോള മലയാളിക്ക്‌ ഓണസമ്മാനം-1: സുജ സൂസന്‍ ജോര്‍ജ്‌)
മലയാളത്തിന്റെ അപര്‍ണ്ണ - ഒരിക്കലും തോല്‍ക്കാത്ത കാവ്യകൗതുകംമലയാളത്തിന്റെ അപര്‍ണ്ണ - ഒരിക്കലും തോല്‍ക്കാത്ത കാവ്യകൗതുകംമലയാളത്തിന്റെ അപര്‍ണ്ണ - ഒരിക്കലും തോല്‍ക്കാത്ത കാവ്യകൗതുകംമലയാളത്തിന്റെ അപര്‍ണ്ണ - ഒരിക്കലും തോല്‍ക്കാത്ത കാവ്യകൗതുകംമലയാളത്തിന്റെ അപര്‍ണ്ണ - ഒരിക്കലും തോല്‍ക്കാത്ത കാവ്യകൗതുകംമലയാളത്തിന്റെ അപര്‍ണ്ണ - ഒരിക്കലും തോല്‍ക്കാത്ത കാവ്യകൗതുകംമലയാളത്തിന്റെ അപര്‍ണ്ണ - ഒരിക്കലും തോല്‍ക്കാത്ത കാവ്യകൗതുകംമലയാളത്തിന്റെ അപര്‍ണ്ണ - ഒരിക്കലും തോല്‍ക്കാത്ത കാവ്യകൗതുകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക