Image

മഴ കനക്കുന്നു-2 (കവിതകള്‍: അംബാസഡര്‍ നിരുപമ മേനോന്‍ റാവു-വിവര്‍ത്തനം പ്രൊഫ. എം.എന്‍. കാരശേരി)

Published on 22 September, 2013
മഴ കനക്കുന്നു-2 (കവിതകള്‍: അംബാസഡര്‍ നിരുപമ മേനോന്‍ റാവു-വിവര്‍ത്തനം പ്രൊഫ. എം.എന്‍. കാരശേരി)
2. മാധവിയമ്മയുടെ ഫോട്ടോ

മുത്തശ്ശി
ഈ ഫോട്ടോവില്‍
എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചാണ് ഇരിപ്പ്.
ഇരുണ്ട്
തഴച്ച മുടി
നടു പകുത്ത് ചീകി വെച്ചിരിക്കുന്നു.
അന്ന് മുപ്പെത്തെട്ടാണ് പ്രായം.
ഇരുണ്ടമുറിയില്‍ നിന്നെടുത്ത ഈ ഫോട്ടോവില്‍
വേഷത്തിന്റെ വെണ്‍മ
നിഴലുകള്‍ക്ക് അതിരിടുന്നു.
സമീപത്തിരിക്കുന്ന
ഗ്രാമഫോണിന്റെ വിടര്‍ന്ന വായ
ഭാവം സ്ഫുരിക്കുന്ന സ്വരഭേദങ്ങള്‍ ആലപിക്കുന്നു.
ഫോട്ടോവിന് പുറത്ത്
പൂര്‍വപിതാക്കളുടെ മക്കള്‍
സ്വന്തം തോണികളില്‍
അവരെ കാത്തുനിന്നു.
നിശ്ശബ്ദദ നിശകളില്‍
അവര്‍ ആവേശിച്ചതിന്‍ വിധം
ആ മക്കളുടെ മര്‍മ്മരം
എന്റെ കാതില്‍.
അഭാവത്തിലൂടെ
എപ്പോഴും സന്നിഹിതയായ
ഒരാളുടെ ഫോട്ടോ.
എന്റെ മക്കളുടെ പാദങ്ങള്‍
ആ ഇരുട്ടുമുറിയുടെ മച്ചിന്‍പുറത്ത്
അടക്കമില്ലാതെ തിരിഞ്ഞുകളിക്കുമ്പോള്‍
അവക്ക് ശാസനയായി
മുത്തശ്ശിയുടെ ശബ്ദം.


മകന്റെ ചിത്രങ്ങള്‍ കാണുന്നേരം

എന്റെ മകന്റെ ആദ്യത്തെ പെയിന്റിങ്ങില്‍
അകലെയൊരു ശൂന്യമായ തോല്‍ക്കുടം
കൊടുങ്കാറ്റില്‍പെട്ട ഗോബി മരുഭൂമിയില്‍
വലിച്ചെറിയപ്പെട്ട പോല്‍.
കത്തിയാളുന്ന ആകാശം പിളര്‍ന്ന് ഇടിമിന്നല്‍
അവന്റെ ഏകാഗ്രതയുടെ കൈ
കുന്നുകള്‍ വരയുന്നത് കണ്ട് നില്‍ക്കുമ്പോള്‍
കാന്‍വാസിനെ വന്നു മൂടുന്ന
പെയിന്റിന്റെ ഊഷ്മളത എനിക്ക്
അനുഭവവേദ്യം
ശ്യാമശിലകളുടെ വന്‍ നിരകള്‍
തുപ്പുന്ന തീ
പിന്നെ,
പായല്‍പ്പച്ചകളില്‍
ത്യാഗത്തിന്‍ യൂപങ്ങള്‍
അവയ്ക്കുമേല്‍, ഉന്നതങ്ങളില്‍
താരകാനിബിഡമാം ആകാശം
ഒരു കാര്‍ട്ടൂണിന്‍ സംഗീതം.
ആലാപന മേളതന്‍ കുറിമാനങ്ങള്‍
ഓറഞ്ച്, വെള്ള, നീല, പച്ച
നിറങ്ങളില്‍ വീണ് തകര്‍ന്നു.
വിദൂരസ്ഥമാം ഗ്രഹത്തിന്റെ
നിഴലില്‍നിന്ന് ആവിര്‍ഭവിക്കും വര്‍ണങ്ങള്‍
ചാരുകസാലകള്‍ സ്വാഗതമോതും
മരീചികയിലേയ്ക്ക്
തിരതല്ലിയെത്തുന്ന
തടാകതീരങ്ങളിലൂടെ ഒഴുകിയിറങ്ങുകയായി.

മറന്നുപോയ പിറന്നാളുകള്‍

അച്ഛനമ്മമാരുടെ പിറന്നാളുകള്‍
എനിക്കറിഞ്ഞുകൂടാ.
അനേകം ധ്വനികള്‍
ഒരു സംഘഗാനമായി
വലിയ തീവണ്ടിമുറിയുടെ അഴികള്‍ പിടിച്ചുകൊണ്ട്
എന്ന പോലെ
ആ ശബ്ദവാഹിനിയിലേക്ക്
ഒഴുകിയിറങ്ങുകയായി.
കേരളീയ സായാഹ്നങ്ങളുടെ
സസ്യത്തഴപ്പിന്റെ മാര്‍ദ്ദവം
അടുത്തു കാണുംപോലെ.
നമ്മള്‍ പിറന്ന നാളുകള്‍
പിറന്ന മണിക്കൂറുകള്‍
പിറന്ന നിമിഷങ്ങള്‍
നിങ്ങളുടെ ശരീരത്തില്‍നിന്ന്
മാറ്റപ്പെട്ട കുഞ്ഞ്
നിങ്ങളുടെ സുവ്യക്തമായ
സ്മരണയ്ക്കകത്തുതന്നെ.
സ്മരണയില്‍
ജന്മത്തിലുള്ള കറുത്ത അടയാളങ്ങള്‍
മങ്ങിപ്പോവുന്നു.
ചെകുത്താന്‍ ഉറുമ്പുകള്‍
നിങ്ങളുടെ ജന്മങ്ങള്‍ക്ക് മുകളില്‍
മഴ കനക്കുന്നതിന്റെ ഗന്ധത്തില്‍ നിന്ന്
എങ്ങനെയോ ഇഴഞ്ഞ്
പുറത്തു കടക്കുകയാണ്.
പിറന്നാളുകള്‍
ജ്യോതിഷത്തിന്റെ കളികളില്‍
ഗണിച്ചുനോക്കാന്‍ വേണ്ടി
കുറിച്ചു വെയ്ക്കപ്പെട്ടവ.
ജ്യോതിഷിയായ ചങ്ങാതി
ഗ്രന്ഥത്താളുകളുടെ സ്വാധീനത്തെപ്പറ്റി
പറയുന്നതെന്തും എനിക്ക് ദുര്‍ഗ്രഹം.
എന്നെ ഭരിക്കുന്ന ഗ്രഹം
'വ്യാഴം'
ആണത്രെ!
എനിക്ക്
അച്ഛനമ്മമാരുടെ പിറന്നാളുകള്‍ അറിഞ്ഞുകൂടാ.
ആ അജ്ഞത തല്‍ക്കാലം മാറ്റി വെയ്ക്കാം.
ഞാന്‍ എന്റെ പട്ടിക പൂര്‍ത്തിയാകുന്നതും കാത്തിരിപ്പാണ്.
ജന്മദിനം
ജന്മസ്ഥലം
പിതാവിന്റെ/ഭര്‍ത്താവിന്റെ പേര്
കറുത്ത മഷി പരുക്കന്‍ കടലാസില്‍
അച്ഛനമ്മമാരുടെ പിറന്നാളുകള്‍ക്കുവേണ്ടി
കറുത്ത അടയാളങ്ങള്‍ ബാക്കി
ഇതാ, ഇപ്പോള്‍
അവിടെയൊരു ഗുമുസ്തന്‍ ഇരിപ്പു്.
അയാളുടെ കണ്ണുകള്‍
സംസാരിക്കുന്നത്
മങ്ങിയ പീലിക്കുള്ളിലെ
വയസ്സായിക്കൊണ്ടിരിക്കുന്ന കൃഷ്ണമണികളിലൂടെയാണ്.
അദ്ദേഹം തലയാട്ടുന്നു,
ഒരു പക്ഷേ
എന്തുകൊണ്ടാണ്
ജന്മദിനങ്ങള്‍
മറന്നുപോകുന്നത് എന്ന് മനസ്സിലാക്കിക്കൊണ്ട്.
മഴ കനക്കുന്നു-2 (കവിതകള്‍: അംബാസഡര്‍ നിരുപമ മേനോന്‍ റാവു-വിവര്‍ത്തനം പ്രൊഫ. എം.എന്‍. കാരശേരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക