Image

മഴ കനക്കുന്നു-3 (കവിതകള്‍: അംബാസഡര്‍ നിരുപമ മേനോന്‍ റാവു-വിവര്‍ത്തനം പ്രൊഫ. എം.എന്‍. കാരശേരി)

Published on 05 October, 2013
മഴ കനക്കുന്നു-3 (കവിതകള്‍: അംബാസഡര്‍ നിരുപമ മേനോന്‍ റാവു-വിവര്‍ത്തനം പ്രൊഫ. എം.എന്‍. കാരശേരി)
5. കോട്ടയ്ക്കല്‍
മടക്കയാത്ര,
ഞങ്ങള്‍ അവിടെ നിര്‍ത്തി
വടക്കോട്ടു തിരിഞ്ഞു.
കാറില്‍ ഞാനിരിക്കുന്ന വശത്തെ
ജനാലയ്ക്കു പുറത്ത്
മധുരനാരങ്ങാഗോളം പോല്‍ സൂര്യന്‍
പാരമ്പര്യചികിത്സതന്‍ ഔഷധോദ്യാനം
വിദഗ്ധവൈദ്യന്റെ പുഞ്ചിരി
പരാന്നഭുക്കുകളായ സസ്യങ്ങള്‍ക്കു മധ്യേ
വഴികാട്ടിയാവുന്നു.
തഴച്ചു വളരും സ്വസ്ഥതതന്‍ ഹരിതവിശുദ്ധിക്ക്
ദിനേന രണ്ടുനേരം നന.
ഇത് ഉല്പത്തിസ്ഥാനം.
ഊഷ്മളം, നുരപ്പിച്ചെടുത്ത സ്ഥലം.
ഇത് ജീവിതം ഉത്തേജിപ്പിക്കപ്പെടുന്ന ഇടം.
വേരുകള്‍ ഗൂഢാലോചന നിറഞ്ഞ
രഹസ്യസന്ധികളിലേയ്ക്ക് സ്വയം കെട്ടിപ്പിണയുന്നു.
അവ അസ്തമയ സൂര്യനെയും
മാന്ത്രികമായ ശമനത്തിന്റെ വാര്‍ത്തകളെയും
അല്ലാതെ മറ്റൊന്നിനെയും
രക്ഷപ്പെടാന്‍ വിടുന്നില്ല.

6. സ്വാതന്ത്ര്യം
ഞാന്‍ ഓടുകയാണ്.
എന്റെ കാലുകള്‍ വിലക്ഷണം, വിരൂപം
എന്റെ കല്പനകള്‍ക്ക് കാല്‍മുട്ടുകള്‍ വഴങ്ങുന്നില്ല.
നട്ടെല്ലിലൂടെ നാഡീവ്യൂഹങ്ങള്‍
നല്കുന്ന മെടഞ്ഞ മുടികളുടെ സന്ദേശങ്ങള്‍
ദുര്‍ഗ്രഹമായ ചിത്രലിപികളില്‍
സുറുമയിട്ട് ചേതോഹരമാക്കിയ
നോട്ടങ്ങൡ നിന്ന് കിട്ടുന്ന
സന്ദേശങ്ങളും അവയ്ക്ക് സദൃശം.
ഞാന്‍ പോരാട്ടമാണ്.
കടുവയുടെ പുറം വരകളുമായി
വരുന്ന ദേവതകളെ
കണ്ണുരുട്ടിപ്പേടിപ്പിക്കാന്‍ എനിക്ക് മോഹം.
എനിക്കു വേണം,
എല്ലാറ്റിനെയും വിഴുങ്ങിക്കളയുന്ന
ആ ശുഭ്രപ്രകാശം;
പിന്നെ അയല്‍പക്കത്തു വിടരുന്ന നക്ഷത്രം;
ഉയര്‍ന്നുവരുന്ന
ആകാശങ്ങളെ മാറ്റിമറിക്കുമാറ്
ധിക്കാരിയാകുന്ന ക്ഷീരപഥവും.

7. ശീര്‍ഷകമില്ലാതെ
മറന്നു േപായതിലാണ്
നിങ്ങള്‍ വിശ്വസിക്കുന്നത്,
ഓര്‍ത്തിരിക്കുന്നതിലല്ല;
വിരസവും ആവര്‍ത്തനവും ആയി
ഓര്‍ത്തിരിക്കുന്നതിലല്ല.
മറന്നുപോയവയുടെ വഴിയേ ചെന്നിട്ടാണ്
ഒരിക്കല്‍ എന്റെ വിരലുകള്‍ തഴമ്പിച്ചുപോയത്;
പ്രലോഭിപ്പിക്കുന്ന ഐശ്വര്യങ്ങളുടെ വഴിയേ ചെന്നിട്ട്;
സൂക്ഷ്മനിരീക്ഷണം നടത്താന്‍ അസ്തമയരശ്മികള്‍
കിടന്ന ചെങ്കല്ലിന്റെ വഴിയേ ചെന്നിട്ടും
വിസ്മൃതി പ്രാചീനമായ സൈനിക ഭൂപടം പോലെ
രേഖാസമൃദ്ധം.
ഭൂമിയുടെ കിടപ്പ് അത് വിസ്തരിക്കും-
എവിടെയാണ് പതിയിരിക്കുന്നത ്,
കുനിഞ്ഞിരിക്കുന്നത ്
കെണിയൊരുങ്ങുന്നത്-
നിങ്ങള്‍ കരുതി,
ആ നിലം തൊട്ടറിഞ്ഞിട്ടുന്നെ്
എന്നിട്ടും തേങ്ങയുടെ അളിഞ്ഞ തൊണ്ടില്‍
ചവിട്ടി നിങ്ങള്‍ വീണു
പ്രായാധിക്യത്താല്‍ ചുക്കിച്ചുളിഞ്ഞ
പരിചാരികമാരുടെ കഥനങ്ങളില്‍
അത് പടര്‍ന്നു.
അങ്ങനെ, ഉല്ക്കകള്‍ വര്‍ഷിക്കുകയായി.
ആ വഴി വന്ന പുതുരക്തത്താല്‍
മാറിത്തീര്‍ന്ന രസതന്ത്രത്തിലൂടെ
വിസ്മൃതി വന്നെത്തി.

8. താവളങ്ങള്‍
ഏകാന്തത
ഒറ്റെപ്പടല്‍
ആത്മഗതങ്ങള്‍
അല്ലെങ്കില്‍, വെറും മൗനം
തളര്‍ന്ന ശബ്ദത്തിന് സമ്പൂര്‍ണമായ വിശ്രമം.
മണിക്കൂറുകള്‍
പ്രകാശവര്‍ഷങ്ങളിലേയ്ക്കും
അനന്തതയിലേയ്ക്കും
നീണ്ടു ചെല്ലുകയായി.
തെരഞ്ഞെടുത്ത പാതയിലൂടെ
ഞാന്‍ ബോധപൂര്‍വം മുന്നേറി;
നീ ഒപ്പം ഉണ്ടായിരുന്നില്ല.
എന്റെ ദൗര്‍ബല്യമാണ് ഈ മൗനത്തെ തകര്‍ക്കുന്നത്.
നമ്മുടെ ജീവിതത്തിന്റെ ചലിക്കുന്ന ചിത്രങ്ങള്‍ രേഖപ്പെട്ട
ഫിലിമുകള്‍
യൗവനത്തിന്റെ മുഖങ്ങളില്‍
സൂര്യനെ തടവുകാരനാക്കുന്നു.
പിന്നെ, നരച്ച് തിരയടിച്ചാര്‍ത്തിരമ്പുന്ന മഹാസമുദ്രങ്ങള്‍
എന്റെ അസ്വതന്ത്രമായ വേര്‍പാടുകളുടെ കാല്‍ക്കുലസിന്
ദിവ്യത ചാര്‍ത്തുന്നു.
ഞാന്‍ താണ്ടിക്കടന്നുപോന്ന
നാഴികകളെ പരിശോധിക്കുവാന്‍
ഈ മുറിയില്‍ കാത്തിരിക്കുന്ന അപരിചിതര്‍.
ആ ഓര്‍മ്മ കൊണ്ടു വരുന്ന ഹിമവൃഷ്ടിയില്‍
ഞാനുറഞ്ഞു േപാകുന്നു.

മഴ കനക്കുന്നു-3 (കവിതകള്‍: അംബാസഡര്‍ നിരുപമ മേനോന്‍ റാവു-വിവര്‍ത്തനം പ്രൊഫ. എം.എന്‍. കാരശേരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക