Image

'ജീവിതത്തിന്റെ പുസ്തകം' - ഒരുവിചാരണ (ഭാഗം 4)- ഡോ.എം.എം.ബഷീര്‍

ഡോ.എം.എം.ബഷീര്‍ Published on 10 October, 2013
'ജീവിതത്തിന്റെ പുസ്തകം' - ഒരുവിചാരണ (ഭാഗം 4)- ഡോ.എം.എം.ബഷീര്‍

    നോവലെഴുത്തുകാര്‍ വല്ലപ്പോഴുമെങ്കിലും വലിയ എഴുത്തുകാരുടെ കൃതികള്‍  വായിക്കണം. അവര്‍ എങ്ങനെയാണ് പ്രമേയത്തെ ഇതിവൃത്തമാക്കി വികസിപ്പിച്ച് കഥാപാത്രസൃഷ്ടിയിലൂടെ, സംഭവങ്ങളിലൂടെ മഹത്തായ നോവലുകള്‍ രചിക്കുന്നതെന്ന് പഠിക്കണം.  രചനയെ മഹത്വത്തിലേക്കുയര്‍ത്തുന്ന സാഹചര്യങ്ങളും രീതികളും മനസ്സിലാക്കണം. ആഴത്തിലുള്ള അറിവ്, അഗാധമായ മനുഷ്യസ്‌നേഹം, സ്വാന്തസമര്‍പ്പണം - അതാണ് എഴുത്തുകാരെ മഹത്വത്തിലേക്കുയര്‍ത്തുന്നത്. ഒറിജിനാലിറ്റി, സുതാര്യത, ആത്മാര്‍ത്ഥത - ഇവയാണ് അത്തരം കൃതികളുടെ മുഖലക്ഷണം. 

    മഹത്വത്തിലേക്കുയര്‍ത്താന്‍ പോന്ന, ദാര്‍ശനികമായ വ്യഥകളെ ആവിഷ്‌ക്കരിക്കാന്‍ കെല്പുള്ള ഒരുപ്രമേയം കൈയിലുണ്ടായിരുന്നിട്ടും താത്ക്കാലികമായ ലാഭലോഭങ്ങളെ മോഹിച്ച് സെക്‌സിനെ അഭയം പ്രാപിച്ച നോവലിസ്റ്റ് തന്നോടുതന്നെ കൊടുംചതിയാണ് ചെയ്തിരിക്കുന്നത്. അന്തസ്സുള്ള, വളര്‍ച്ചകാണിക്കുന്ന ഒരു കഥാപാത്രത്തെയോ എടുത്തോതാന്‍ പോന്ന ഒരാശയത്തെയോ വളര്‍ത്തി, ഒരുജീവിതവീക്ഷണത്തിലേക്കുയര്‍ത്തുന്ന മുന്തിയ സന്ദര്‍ഭങ്ങളൊന്നും ഈ നോവലില്‍ കണ്ടുകിട്ടാനില്ല. ലൈംഗികതയാണ് ജീവിതത്തിന്റെ സര്‍വ്വവും എന്ന പഴഞ്ചന്‍വീക്ഷണമാണ് വേദവാക്യമായി കൊണ്ടുനടക്കുന്നത്. ഫ്രോയിഡിനുശേഷമുള്ള മനശ്ശാസ്ത്രനിരീക്ഷണങ്ങളോ തത്ത്വങ്ങളോ കഥാകൃത്ത് മനസ്സിലാക്കിയിട്ടില്ല. മനുഷ്യകുലത്തെയോ വ്യക്തിമനസ്സിനെയോ തലനാരിടയ്‌ക്കെങ്കിലും ഉയര്‍ത്തിപ്പിടിക്കാന്‍  ഒരുതരത്തിലും ഈ നോവല്‍ സഹായിക്കുന്നില്ല. ആകെക്കൂകൂടി ലഭിക്കുന്ന സന്ദേശം  ഇതാണ്: 'കാണുന്ന സ്ത്രീകളെയൊക്കെ ഭോഗിച്ചു നടക്കാനുള്ള സ്വാതന്ത്യം കിട്ടുമെങ്കില്‍, സമൂഹം അടിച്ചേല്പിക്കുന്ന ഒറ്റശ്രുതി ജിവിതത്തില്‍നിന്ന് പുറത്തുകടന്ന് അനേകം ജന്മങ്ങള്‍ നേടാന്‍ മനുഷ്യന്മാര്‍ക്ക് കഴിയും.' (പുറം 335) ഇത്തരം കാലഹരണപ്പട്ട ആശയങ്ങളുമായിട്ടാണല്ലോ നമമുടെ പുരോഗമനചിന്താഗതിക്കാരായ എഴുത്തുകാര്‍ കുന്തിച്ചു കുന്തിച്ചു നടക്കുന്നത്!  മലയാളനോവല്‍സാഹിത്യത്തില്‍ വേരൂന്നിക്കൊണ്ടിരിക്കുന്ന ഒരുദുഷിച്ചപ്രവണതയുടെ മികച്ചമാതൃകയാണ് 'ജീവിതത്തിന്റെ പുസ്തകം'.

    ആത്മാര്‍ത്ഥതയുള്ള എഴുത്തകാരന്, ശിക്ഷണം സ്വയം നേടുകയും ജീവിതത്തെ സ്വന്തം വീക്ഷണത്തോടെ, ദര്‍ശനത്തോടെ ആവിഷക്കരിക്കുകയും ചെയ്യേണ്ടതുണ്ട്.   ആശയങ്ങളെ രൂപശില്പത്തിലൂടെയും കൈവിരുതിലൂടെയും കലയാക്കി പരിവര്‍ത്തിപ്പിക്കേണ്ടതുണ്ട്. എഴുതിക്കഴിഞ്ഞ കൃതിയെ പലപ്രാവശ്യം വെട്ടിത്തിരുത്തി ഉലയിലൂതി സ്ഫുടംചെയ്‌തെടുക്കണം. നിരൂപണദൃഷ്ടിയോടെ വായിച്ചുനോക്കി തിരുത്താനും പദങ്ങളിലും പ്രയോഗങ്ങളിലും ഘടാനാശില്പത്തിലും സംഭവിച്ച ആവര്‍ത്തനങ്ങളും തെറ്റുകളും വിള്ളലുകളും സ്വയം പരിഹരിക്കാനും കഴിയണം. അതിനു കഠിനപരിശ്രമം വേണം. 'ജീവിതത്തിന്റെ പുസ്തക' ത്തിന്റെ കര്‍ത്താവ് കഠിനമായി അദ്ധ്വാനിച്ചിട്ടുണ്ട് എന്നതിനു സംശയമേയില്ല. അഞ്ചാറുമാസം കാഞ്ഞങ്ങാട്ടുപോയി മുക്കുവരുടെകൂടെ താമസിച്ച് അവരുടെ ജീവിതം പഠിച്ചു. കഥാനായകന്‍ വര്‍മ്മയ്ക്ക് ആംനിഷ്യ വരുത്താന്‍ ആംനീഷ്യയെയും ന്യൂറോളജിയെയും പഠിച്ചു. സിനിമാ രംഗത്തെ ജീവിതം പഠിക്കാന്‍ സിനിമാക്കാരോട് ചര്‍ച്ചകള്‍ നടത്തി. സൈക്കോളജി,  ഗൈനക്കോളജി, ഇസ്ലാം - തുടങ്ങിയ പലവിഷയങ്ങളും വായിച്ചും ചര്‍ച്ചചെയ്തും  മനസ്സിലാക്കി. തുടര്‍ന്ന് നോവലിസ്റ്റ് പറയുന്നു: ''പക്ഷേ, ഒരു കാര്യം വളരെ പ്രധാനമാണ്.   ഈ വിവരശേഖരങ്ങളൊന്നുുമല്ല നോവലിനെ നോവലാക്കി മാറ്റുന്നത്. പറയാനുള്ള പ്രമേയത്തോടും ചിത്രീകരിക്കാനുള്ള കഥാപാത്രങ്ങളോടും വൈകാരികമായ തന്മയീഭാവമില്ലെങ്കില്‍ എന്ത് ഉണ്ടായിട്ടും കാര്യമില്ല. രചന വക്കീല്‍ഗുമസ്ഥന്മാരുടെ ആധാരപ്പകര്‍പ്പുപോലിരിക്കും''   (ദേശാഭിമാനി പുസ്തകം 44 ലക്കം 30 / 16.12.2012) കഥാകൃത്ത് പറഞ്ഞതെത്ര ശരി! വിവരശേഖരണത്തിലുണ്ടായിരുന്ന കഠിനാദ്ധ്വാനം എഴുതിക്കഴിഞ്ഞ് വെട്ടിത്തിരുത്തുന്നതിലും എഡിറ്റുചെയ്യുന്നതിലുംകൂടി തുടര്‍ന്നിരുന്നെങ്കില്‍ സഹ്യമായ ഒരുനോവലാകുമായിരുന്നു 'ജീവിതത്തിന്റെ പുസ്തകം'. 

     എഴുത്ത് മനസ്സിന്റെ കണ്ണാടിയാണ്. ആത്മാര്‍ത്ഥതയും സത്യസന്ധതയും പാലിച്ചില്ലെങ്കില്‍ അത് എഴുത്തുകാരന്റെ മാനസികവൈകല്യത്തെ വെളിപ്പെടുത്തിക്കളയും. പദങ്ങളില്‍, വാക്യങ്ങളില്‍, പ്രയോഗങ്ങളില്‍, ശൈലികളില്‍ - എഴുത്തുകാരന്‍ കളിച്ചുകളിച്ച് കബളിപ്പിക്കുകുയാണല്ലോ എന്ന് എളുപ്പം മനസ്സിലാക്കും. വായനക്കാര്‍ നിശ്ശബ്ദരാണ്. അവര്‍ സമൂഹത്തില്‍ നടക്കുന്ന ചതികളും കുതന്ത്രങ്ങളും കാപട്യങ്ങളും കണ്ടറിയുന്നതുപോലെ സാഹിത്യത്തില്‍ സംഭവിക്കുന്ന കൊള്ളരുതായ്മകളും മൂല്യച്യുതികളും അറിയുന്നുണ്ട്. അവാര്‍ഡുകളികളെക്കുറിച്ചും അവര്‍ കൃത്യമായി മനസ്സിലാക്കുന്നുണ്ട്: അവാര്‍ഡുകളും ഉപഹാരങ്ങളും ഒരു  സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ സൂചകങ്ങളാണ്. എഴുത്തുകാരെയും കലാകാരന്മാരെയും ആദരിക്കുവാന്‍ വേണ്ടിയാണ് അവ സംവിധാനം ചെയ്തിട്ടുളളത്. ഏതുതരം അവാര്‍ഡോ   ആകട്ടെ, ഒരുരൂപയാണ് സമ്മാനത്തുകയെന്നിരിക്കട്ടെ. അതിനു രൂപയുടെ മൂല്യത്തെക്കാള്‍ വലിയ വിലയുണ്ടെന്ന് അവാര്‍ഡുകള്‍ കൊടുക്കുന്നവരും വാങ്ങുന്നവരും മനസ്സിലാക്കണം. അര്‍ഹതയുള്ളവരുടെ കൈകളില്‍ത്തന്നെയാണോ അവാര്‍ഡ് ചെന്നുചേരുന്നതെന്ന് ഉറപ്പുവരുത്തണം. പുസ്തകം വായിക്കുന്ന വിവരമുള്‌ളവരെക്കൊണ്ട് പരിശോധിപ്പിക്കണം. ഏതെങ്കിലും തരത്തിലുള്ള സ്വാധീനങ്ങള്‍ വന്നാല്‍ അത്തരം എഴുത്തുകാരുടെ കൃതികളെ അവാര്‍ഡ്  പരിഗണനയില്‍നിന്ന് എടുത്തുമാറ്റാനുളള സംവിധാനമുണ്ടാകണം. കുറഞ്ഞപക്ഷം അവസാനപരിഗണനയില്‍ വരുന്ന കൃതികളെങ്കിലും വായിക്കുവാനും അവാര്‍ഡിനര്‍ഹമാണോ എന്ന്  പരിശോധിക്കുവാനും ഏര്‍പ്പാടുണ്ടാക്കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ ജഡ്ജിംഗ്കമ്മററിയി   ലുള്ളവരെങ്കിലും കൃതികള്‍ വായിച്ചു നിലവാരം വിലയിരുത്തുകയും ഉറപ്പുവരുത്തുകയും വേണം. സംഘാടകര്‍ പറയുന്നിടത്ത് ഒപ്പിട്ടുകൊടുക്കുന്ന മാനംനോക്കികളാവരുത് ജഡ്ജിംഗ് കമ്മറ്റിയംഗങ്ങള്‍. ഉത്തരവാദിത്വം കമ്മറ്റിക്കാരോടല്ല, സമൂഹത്തോടാണെന്ന് അവര്‍ മറന്നുപോകരുത്. നിവലാരമില്ലാത്ത കൃതികള്‍ക്ക് അവാര്‍ഡ് നല്കുന്നതുകൊണ്ട് തെറ്റായ സന്ദേശം  പ്രചരിക്കാനിടയുണ്ട്. ഒന്ന്- അവാര്‍ഡിന്റെ വിശ്വാസ്യത നഷ്യപ്പെടും. രണ്ട്- അനര്‍ഹമായ കൃതികള്‍ക്കു നല്കുന്ന അവാര്‍ഡുകള്‍ ഏത് വ്യക്തികളുടെ പേരിലാണോ, അത്തരം  വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തും. മൂന്ന്- മൂന്നാംതരംകൃതികള്‍ ഒന്നാംതരമെന്ന്  പൊതുജനം വിശ്വസിക്കും. അവാര്‍ഡ് വാങ്ങുന്ന  എഴുത്തുകാരും ഒരുകാര്യം മനസ്സിലാക്കണം: അവാര്‍ഡുകള്‍ താനേവന്നുചേരണം. അങ്ങോട്ടുചെന്ന് സ്വാധീനം ചെലുത്തി വാങ്ങേണ്ട ഒന്നല്ല അത്. അന്തസ്സും ആത്മാഭിമാനവുമുള്ള ഒരെഴുത്തുകാരനും അവാര്‍ഡുകമ്മററിക്കാരുടെ  വീടുകള്‍ കയറിയിറങ്ങാന്‍ നടക്കരുത്. അങ്ങനെ നേടിയെടുക്കുന്ന അവാര്‍ഡിന് എന്തുവില? അങ്ങനെ ചെയ്യുന്ന എഴുത്തുകാരന് സംസ്‌ക്കാരത്തെക്കുറിച്ചും സദാചാരത്തെക്കുറിച്ചും  പറയാനെന്തവകാശം? നമ്മുടെ സാംസ്‌ക്കാരികരംഗം രാഷ്ട്രീയരംഗത്തെക്കാള്‍ മലീമസമായിക്കൊണ്ടിരിക്കുന്നു.

    'ജീവിതത്തന്റെ പുസ്തകം' ഹിന്ദിയില്‍ പരിഭാഷപ്പെടുത്തി വന്നതായി കേട്ടു.  ഉടനേ ഇംഗ്‌ളീഷില്‍ പരിഭാഷപ്പെടുത്തി വരുമെന്നും കേള്‍ക്കുന്നു.    
    ഇത്തരം പുസ്തകങ്ങളാണല്ലോ മലയാളത്തിന്റെ മഹത്വവും പേറി പുറത്തേക്കു          പോകുന്നത് എന്നു ചിന്തിക്കുമ്പോള്‍ ആ പുസ്തകം വായിച്ച ഏതുഭാഷാസ്‌നേഹിയുടെയും മനസ്സുനീറും, നീറണം!

    'ജീവിതത്തിന്റെ പുസ്തക'ത്തെക്കുറിച്ച് മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ പഠനങ്ങളുടെ ഒരുഗ്രന്ഥം തയ്യാറായിക്കൊണ്ടിരിക്കുന്നു!
    നിരൂപകരേ, ഹാ കഷ്ടം!

Dr m m basheer express enclave   near subramanya temple   chevayoor po   kozhikkode  673017

phone: 9447311142 /


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക