9. സംഗമം
വിവാഹനാളില്‍
അനേകം കാക്കകളുടെ
താരസ്വരത്താല്‍ ഉണര്‍ത്തപ്പെട്ടിട്ടെന്നപോല്‍
നമുക്ക് നേരം പുലര്‍ന്നു.
നമ്മുടെ മുമ്പിലുള്ള ജീവിതത്തിനായി
എല്ലാം നിരന്നുനിന്നു.
ക്ഷേത്രത്തില്‍ സൂര്യനെ ധിക്കരിക്കുവാനെന്നപോല്‍
ഒറ്റയ്ക്ക് പിച്ചളയില്‍ കത്തിനില്‍ക്കും
നിലവിളക്ക്.
ബദ്ധപ്പെട്ട് ഏതോ മന്ത്രങ്ങള്‍ ഉരുവിടും
പുരോഹിതന്‍.
നമുക്ക്, അത് മതി-
ശീഘ്രം; വേദനാരഹിതം
കൊക്കക്കോല പോല്‍.
പിന്നെ സദ്യ
മുറപ്രകാരം ഇരിക്കും
കുടുംബക്കാരും ബന്ധുക്കളും
അപരാഹ്നത്തിന്റെ
നീരാവിക്കു മേല്‍
വെടിവട്ടം ഉയരവെ
എത്രയോ ഫോട്ടോകള്‍
ആ ആല്‍ബം പൊടിഞ്ഞു തുടങ്ങി.
എന്റെ ഇരുപത്തിനാല് വയസ്സുള്ള മുഖം
രജതമത്സ്യത്താല്‍ ഉത്തേജിതമായി
എനിക്ക് വിശ്വസിക്കുക പ്രയാസം:
അങ്ങനെ വര്‍ഷങ്ങള്‍
നമ്മുടെ തായ്ത്തടിക്കു ചുറ്റിലുമായി
എത്ര വെടിപ്പായി സ്വന്തം വരകള്‍
രേഖപ്പെടുത്തുന്നു!
നമ്മളാകട്ടെ,
കാലം ചെല്ലുംതോറും
ആ മരങ്ങളെപ്പോല്‍
കരുത്താര്‍ജിക്കുന്നുമില്ല.
10 നഗരത്തിലേയ്ക്കുള്ള മടക്കം
അപരാഹ്നം
അനന്തമായി മുഴങ്ങിക്കൊണ്ടേയിരിക്കുന്ന
സൈക്കിള്‍ ബെല്ലുകളിലേയ്ക്ക്
കണ്ണുമിഴിക്കുന്നു.
ആ വിരലുകൊണ്ടുള്ള ചിത്രങ്ങളെല്ലാം
ഏതോ യന്ത്രമനുഷ്യന്‍ വരഞ്ഞതുപോല്‍.
കുന്നും കുഴിയുമായ വരമ്പുകളും
ഉപരിപ്ലവമായ പ്രതികരണങ്ങളും
ഉണ്ടാക്കി അവ നിന്നു.
ആരുടെ രചനയോ?
ക്ഷാമം വന്നിറങ്ങുകയും
യുദ്ധം അടുത്തെത്തിപ്പോയി എന്ന്
നാം ആധിപ്പെട്ടുപോവുകയും
ചെയ്ത ഷോളാപ്പൂരിലെ ആ വര്‍ഷം
ഓര്‍മ്മയുണ്ടോ?
നീ എന്റെ മുടി പിടിച്ചു വലിച്ച്
പിന്നെ, കണ്ണുകളില്‍ ഉമ്മവെച്ചുണര്‍ത്തിയപ്പോള്‍
അതിന്റെ ആന്റി- ക്ലൈമാക്‌സ്.
ഈ രക്തവിവാഹത്താല്‍
നാം ബദ്ധര്‍.
നിനക്ക് എന്നെ വേണം എന്നതിനാല്‍ മാത്രം
ഞാന്‍ ഇവിടെയുണ്ട്.
ഈ നഗരത്തില്‍
ഇതിന്റെ ആന്തരസ്ഥലികളില്‍,
പിന്നെ, വീരക്കല്ലുകളിലും.
അവയില്‍ നാം പ്രാചീനരായ ദമ്പതികളെ
തേടിയിരുന്നുവല്ലോ—-
പരസ്പരമുള്ള തൃപ്തിയാല്‍
അനുഗ്രഹീതര്‍,
സ്മാരകശാലകളില്‍ സര്‍പ്പങ്ങളെന്നപോല്‍
കെട്ടിപ്പിണഞ്ഞിരുന്നവര്‍.
11. മാര്‍ച്ച് 27
വെള്ളിയില്‍ വാര്‍ത്ത
തക്കം പാര്‍ത്തിരിക്കുന്ന കഴുകന്റേതുപോല്‍
ആവിഷ്‌ക്കരിക്കപ്പെടാത്ത ചൈതന്യവുമായി
നിഴലില്‍ കൊത്തിയുണ്ടാക്കിയ
ശില്പമായി അവള്‍ നിന്നു.
തന്നെ വലയം ചെയ്യാനോ
ആലിംഗനം ചെയ്യാനോ
വന്നെത്തുന്ന വലിയ കടലിടുക്കുകളെ
കിനാവ് കണ്ടുകൊണ്ട്-
ഛിന്നഭിന്നമായ
സ്വന്തം ചിറകുകള്‍ക്ക് കരുത്തുകിട്ടുമെന്ന്
മോഹിച്ചുകൊണ്ട്-
കടലിടുക്കുകള്‍ക്കുമേല്‍
ആ ചിറകുകള്‍ വിടര്‍ത്തിക്കൊണ്ട്-
ഗതകാലജീവിതത്തിലെ
വകവെയ്ക്കാനില്ലാത്ത നിസ്സാരതകളെയെല്ലാം
എന്നെന്നേക്കുമായി നിഷ്‌ക്കാസനം ചെയ്തുകൊണ്ട്-
അവളെയാരും
ഉപ്പിലിടാനോ, സൂക്ഷിച്ചുവെയ്ക്കാനോ,
ശ്രദ്ധാപൂര്‍വ്വം പച്ചക്കുപ്പികളില്‍ അടച്ചുവെയ്ക്കാനോ
പോകുന്നില്ല
പകരം
അവളുടെ ചിറകുകളില്‍
രജതനൃത്തത്തോടൊപ്പം
കപ്പല്‍യാത്ര നടത്തും;
അന്നേരം ഞാന്‍
അടികാണാത്ത ഗര്‍ത്തത്തിന്റെ
സീമയില്‍ നിന്നുകൊണ്ട്
എന്റെ ഹൃദയത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന,
പഴകിത്തേഞ്ഞുപോയ നിന്റെ ഊഷ്മളതയെ ആനയിക്കും.
ഒരു നിലയ്ക്ക്
ഇത് പരിചിതം.
നമ്മളിരുവരും
മണ്ണില്‍ അവയവങ്ങള്‍ പൂണ്ടുപോയവരെപ്പോലെ
പരസ്പരം കാത്തു പോന്നിട്ടുണ്ട്.
ആ പലായനത്തിന്റെ സ്മരണങ്ങള്‍ പക്ഷേ,
പിന്നിലുപേക്ഷിച്ചുപോന്ന
കടലിടുക്കില്‍ അടക്കപ്പെട്ടു പോയല്ലോ.
(തുടരും..)