ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഉപ്പുഖനിയും ക്രകോ പട്ടണവും… രണ്ടാം ദിവസം ഞങ്ങള്‍ ക്രകോ പട്ടണത്തിലൂടെ നടക്കുമ്പോള്‍ കണ്ട കാഴ്ച്ചകളില്‍ ഏറ്റവും ആകര്‍ഷണം ആയി തോന്നിയത് സ്ത്രീകളുടെ വസ്ത്രധാരണം ആയിരുന്നു. വളരെ മാന്യമായ വസ്ത്രധാരണമായിരുന്നു അവിടെ കണ്ടത്. അതുപോലെ മറ്റൊരു പ്രത്യേകത കണ്ടത് യുവജനങ്ങള്‍ക്കു മാത്രമാണ് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയുന്നുള്ളൂ എന്നതാണ്. ടൗണിലൂടെയുള്ള യാത്ര മുഴുവന്‍ ട്രമിലൂടെയാണ് നടക്കുന്നത്. ഭക്ഷണവും താമസവും വളരെ ചെലവു കുറവാണ്, പോളിഷ്‌കാരുടെ പെരുമാറ്റം വളരെ മാന്യമായി തോന്നി.
മാന്‍ചെസ്റ്ററിലുള്ള പത്രപ്രവര്‍ത്തകന്‍ അലക്‌സ് കണിയാന്‍ പറമ്പിലിന്റെ അഭിപ്രായത്തില്‍ വെളുത്ത മലയാളികളാണ് പോളണ്ടുകാര്‍ അവിടെ ചെറിയ ബിസിനസ് കേന്ദ്രങ്ങളും പള്ളികളും ഒക്കെ കണ്ടപ്പോള്‍. അതുശരിയാണ് എന്ന് തോന്നി. മറ്റൊന്നു കണ്ടത് ഇംഗ്ലണ്ടിലെ പോലെ കറുത്തവര്‍ഗക്കാരെയും ഏഷ്യക്കാരെയും അവിടെ കൂടുതല്‍ ആയി കാണാന്‍ കഴിഞ്ഞില്ല. അവിടെ ബസ് ടിക്കറ്റ് എടുക്കാന്‍ ഞങ്ങള്‍ അല്‍പ്പം പ്രയാസപ്പെട്ടു. കാരണം ബസില്‍ വച്ചിരിക്കുന്ന മിഷനില്‍ നിന്നോ ബസ് സ്റ്റോപ്പുകളില്‍ വച്ചിരിക്കുന്ന മിഷനില്‍ നിന്നോ വേണം ടിക്കറ്റ് എടുക്കാന്‍ ഈ മിഷനില്‍ മുഴുവന്‍ പോളിഷ് ഭാഷയില്‍ ആണ് എഴുതി വച്ചിരിക്കുന്നത്. പക്ഷേ ഞങ്ങളുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞു പോളിഷ് കാര്‍ സഹായിച്ചു. പോളണ്ടിലെ വീടുകള്‍ കേരളത്തിലെ പോലെ തന്നെയാണ്. കൃഷി സ്ഥലവും വീടും ആടുമാടുകളും ഒക്കെയായിട്ടാണ് അവരുടെ ജീവിതം. െ്രഡെവ് ചെയ്യുന്നത് വലതു വശത്തുകൂടിയാണ്. ഞങ്ങള്‍ കണ്ട മറ്റൊരു പ്രധാന സ്ഥലം വാവേല്‍ കാസില്‍ ആണ്. പോളണ്ട് രാജഭരണത്തിന്‍ കീഴില്‍ ആയിരുന്ന കാലത്ത് രാജാവ് ഇവിടെയാണ് താമസിച്ചിരുന്നത് പതിമൂന്നാം നൂറ്റാണ്ടില്‍ പണിത ഈ കൊട്ടാരം പിന്നീട് പല തവണ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവസാനത്തേ താമസക്കാരന്‍ ഹിറ്റ്‌ലര്‍ പോളണ്ട് കീഴടക്കിയപ്പോള്‍ അവിടെ ഗവര്‍ണര്‍ ആയി നിയമിച്ച ഹാന്‍സ് ഫ്രാങ്ക് ആയിരുന്നു പിന്നീട് ഇത് മ്യൂസിയം ചെയ്തത് ഏറെ ചരിത്രപ്രാധാന്യം ഉള്ള ഈ പാലസ് കാണാന്‍ ഒട്ടേറെ ആളുകള്‍ ആണ് ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നു വന്നു കൊണ്ടിരിക്കുന്നത്. പതിനാറാം നൂറ്റാണ്ട് വരെ ഭരിച്ചിരുന്ന രാജാവിന് കുട്ടികള്‍ ഇല്ലാതെ വന്നപ്പോള്‍ പിന്നീട് അന്യരാജ്യങ്ങളില്‍ നിന്നും ജനങ്ങള്‍ രാജാവിനെ തിരഞ്ഞെടുത്തു ഭരണം നടത്തുകയാണ് ചെയ്തിരുന്നത്. അങ്ങനെ തിരഞ്ഞെടുത്ത സ്വീഡിഷ് രാജാവ് അദ്ദേഹത്തിന്റെ ഭരണ സൗകര്യത്തിനായി തലസ്ഥാനം ക്രകോയില്‍ നിന്നും വാര്‍ഷോയിലേക്ക് മാറ്റുകയാണ് ചെയ്തത്. ബ്രിട്ടനിലെ ബക്കിങ്ഹാം പാലസ്‌നേക്കാള്‍ മൂന്നിരട്ടി വലുപ്പം ഉള്ള ഈ കൊട്ടാരം ഒരു കാലത്ത് യൂറോപ്പിലെ അറിയപ്പെടുന്ന കൊട്ടാരം ആയിരുന്നു. വളരെ വിലപ്പിടിപ്പുള്ള ഒട്ടേറെ പെയിന്റ്ങ്ങ്‌സ് ഇവിടെ സൂക്ഷിച്ചിട്ടുണ്ട് ഇവയെല്ലാം ലോകോത്തര നിലവാരം പുലര്‍ത്തുന്നവ കൂടിയാണ്. ഇവിടുത്തെ മറ്റൊരു പ്രധാന കാഴ്ച ലിയനാര്‍ഡോ ഡാ വിന്‍ഞ്ചിയുടെ വളരെ പ്രസിദ്ധമായ lady with an ermine(കാട്ടുപൂച്ച) എന്ന പെയിന്റിംഗ് ആണ്. ഡാവിഞ്ചി വരച്ച നാലുസ്ത്രീകളുടെ ചിത്രങ്ങളില്‍ ഒന്നാണിത്. ഇത് കാണാന്‍ ലോകത്തങ്ങോളം ഇങ്ങോളം ഉള്ള പെയിന്റിംഗ് പ്രേമികള്‍ അവിടെ എത്തുന്നുണ്ട്.
ക്രകോ പട്ടണത്തിന്റെ നടുവിലൂടെ ഒഴുകുന്ന വിസ്ടുല നദി തീരത്ത് സ്ഥിതി ചെയ്യുന്ന ഈ മഹാത്ഭുതം ഒന്നു കാണേണ്ടത് തന്നെയാണ്. ഞങ്ങള്‍ വിസ്ടുല നദിതീരത്ത് കൂടി നടക്കുമ്പോള്‍ നദിക്കു കുറുകെ കണ്ട തൂക്കുപാലത്തില്‍ നിറയെ താഴുകള്‍ പൂട്ടി ഇട്ടിരിക്കുന്നത് കണ്ടു. അത് എന്താണ് എന്ന് അന്വേഷിച്ചപ്പോള്‍ ഇവിടെ ഉള്ള മനുഷ്യര്‍ അവര്‍ക്ക് സ്‌നേഹം ഉള്ള ആരെങ്കിലും മരിച്ചു പോയാല്‍ അവരോടുള്ള സ്‌നേഹം ഒരു താഴിന്റെ അകത്താക്കി പാലത്തില്‍ ലോക്ക് ചെയ്തതിനു ശേഷം താക്കോല്‍ നദിയിലേക്ക് എറിഞ്ഞു കളയും. അങ്ങനെ ഉള്ള താഴുകള്‍ ആയിരുന്നു ആ പാലം മുഴവന്‍ പിന്നീട് കണ്ടത്. നാസി കാലഘട്ടത്തില്‍ യഹൂദരെ താമസിപ്പിച്ചിരുന്ന ഗെറ്റോകളായിരുന്നു. അവരെ കൂട്ടം ആയി താമസിപ്പിക്കാന്‍ കാരണം പെട്ടെന്ന് നിരീക്ഷിക്കാന്‍ വേണ്ടി ആയിരുന്നു. അതും വേണ്ടത്ര ഒരു സ്വകാര്യതയും ഇല്ലാതെ ആയിരുന്നു. പിന്നീട് അവിടെ യാഹൂദ ചിഹ്നം ആയി കാണുന്ന ജെറുസലേം പള്ളിയും മതിലിന്റെ മാതൃകയില്‍ നിര്‍മ്മിച്ച മതില്‍ നമുക്ക് കാണാന്‍ കഴിയും പതിമൂന്നാം നൂറ്റാണ്ടില്‍ പണിത സെന്റ് മേരീസ് പള്ളിയും ആ കാലഘട്ടത്തിലെ പഴയ പട്ടണവും ഒക്കെ ഇപ്പോഴും നിലനില്‍ക്കുന്നു.
മറ്റൊന്ന് ഞങ്ങള്‍ കണ്ടത് പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ അദ്ദേഹത്തിന്റെ വൈദീകജീവിതം ആരംഭിക്കുന്നത് ക്രകോയിലാണ്. അദ്ദേഹം ബിഷപ്പും കര്‍ദിനാളും ആയിരുന്ന കാലഘട്ടത്തില്‍ ജീവിച്ച രണ്ടു പാലസുകള്‍ ഞങ്ങള്‍ കണ്ടു. പിന്നീട് ഞങ്ങള്‍ കണ്ട ഒരു അത്ഭുതം എന്ന് പറയുന്നത് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഉപ്പുഖനിയാണ്, ക്രകോ പട്ടണത്തില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലെയാണ് ഇത്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും 327 മീറ്റര്‍ താഴെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. നാനൂറു സ്റ്റെപ്പുകളില്‍ കൂടുതല്‍ നടന്നു വേണം താഴെ ഇറങ്ങാന്‍. ഇതിലൂടെ മൂന്നര കിലോമീറ്റര്‍ ആണ് നമ്മള്‍ നടന്നു കാണേണ്ടത്. ഭൂമിക്കടിയില്‍ ഓക്‌സിജന്‍ കിട്ടാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ നിറയെ ഇപ്പോള്‍ പള്ളികളും പ്രതിമകളും. സഞ്ചാരികള്‍ക്കു വേണ്ടിയുള്ള കടമകളും ആണ് ഉപ്പു കൊണ്ട് നിര്‍മ്മിച്ച ജോണ്‍ പോള്‍ മാര്‍പ്പാപ്പയുടെ ഉള്‍പ്പെടെ ഒട്ടേറെ പ്രതിമകളും നമുക്ക് ഇവിടെ കാണാം. ഖനിയിലെ കാഴ്ചകള്‍ കണ്ടതിനു ശേഷം തിരിച്ചു നമ്മള്‍ ലിഫ്റ്റിലൂടെയാണ് തിരിച്ചു വരുന്നത്.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഉപ്പിനു സ്വര്‍ണത്തെക്കാള്‍ വിലയായിരുന്നു. അന്ന് രാജാവിന്റെ ഉടമസ്ഥതയില്‍ ആയിരുന്ന ഈ ഖനിയില്‍ നിന്നും കിട്ടിയ സമ്പത്ത് കൊണ്ടാണ് വാവല്‍ കാസില്‍ ഇത്രയേറെ മോടിയായി രാജാവ് പണിതത് എന്നാണ് ഗൈഡ് പറഞ്ഞത്. ആ കാലത്ത് ഉപ്പ് അറിയപ്പെട്ടിരുന്നത് വെളുത്ത സ്വര്‍ണ്ണം എന്നാണ്. വര്‍ഷം 1.2 മില്യണ്‍ ആളുകള്‍ ഈ ഖനി സന്ദര്‍ശിക്കുന്നുണ്ട്. വളരെ വിസ്തൃതിയില്‍ കിടക്കുന്ന ഈ ഉപ്പുഖനി UNESCOയുടെ world heritage cente കൂടിയാണ്. 13.5 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടം കടല്‍ ആയിരുന്നു.
ആ കാലഘട്ടത്തില്‍ രൂപപ്പെട്ടതാണ് ഈ ഉപ്പുഖനി എന്നാണ് ഗൈഡ് പറഞ്ഞത്. എത്രയും താഴെ നിന്നും ഉപ്പുഖനനം ചെയ്ത് മുകളില്‍ കൊണ്ടു വന്നിരുന്നതു കുതിരകള്‍ വലിക്കുന്ന ചക്ക്‌പോലത്തെ യന്ത്രം ഉപയോഗിച്ചാണ്. അത്തരം യന്ത്രങ്ങളും ആ കാലഘട്ടത്തില്‍ മനുഷ്യന്‍ ജീവിച്ച അവസ്ഥയും എല്ലാം അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത് വളരെ അത്ഭുതമായി നമുക്ക് തോന്നും 1996 മുതല്‍ ഇവിടെ ഉപ്പുഖനനം നിര്‍ത്തലാക്കി. കാരണം കുറഞ്ഞ വിലയില്‍ ഉപ്പു ലഭിക്കാന്‍ തുടങ്ങിയതു കൊണ്ടാണ്. ചെറിയ കുട്ടികളെയും ആയി സ്ഥലങ്ങള്‍ കാണാന്‍ പോകാന്‍ കഴിയില്ല. കാരണം ഈ സ്ഥലങ്ങള്‍ എല്ലാം നടന്നു മാത്രമേ കാണാന്‍ കഴിയൂ. ക്രകോ മറ്റു പട്ടണങ്ങളെ അപേക്ഷിച്ച് ചിലവു കുറഞ്ഞ പട്ടണം കൂടി ആണ്. അഞ്ചു ദിവസം ഞങ്ങള്‍ ക്രകോ എന്ന ഹിറ്റലറുടെ ക്രൂരതയുടെയും, പോളിഷ് രാജകീയതയുടെയും, പഴമയുടെയും, പ്രതീകമായ പട്ടണത്തില്‍ ചിലവിട്ടപ്പോള്‍ ഞങ്ങള്‍ അനുഭവിച്ചത് ചരിത്രവുമായി ഒരു കൂട്ടിമുട്ടല്‍ ആയിരുന്നു.