ഡിസംബര്‍ രണ്ടിന് ആലപ്പുഴ ജില്ലയിലെ 73 ഗ്രാമപ്പഞ്ചായത്തുകളെയും സമ്പൂര്‍ണ്ണ
പെന്‍ഷന്‍ വിതരണ പഞ്ചായത്തുകളായി പ്രഖ്യാപിക്കും എന്ന ഒരു വാര്‍ത്ത ഒക്ടോബര്‍ 19-
ന്റെ പേപ്പറില്‍ കണ്ടു. മറ്റു ജില്ലകളിലും സ്വാഭാവികമായി ഈ പരിപാടി ഉണ്ടായിരിക്കും.
പക്ഷെ കേരളത്തിലുള്ള എല്ലാവര്‍ക്കും പെന്‍ഷന്‍ കൊടുക്കാനുള്ള ഈ പരിപാടിക്ക് എവിടെ
നിന്നാണ് പണം കണ്ടെത്തുക? (അതോ മറ്റെന്തെങ്കിലുമാണോ ഈ പ്രഖ്യാപനത്തിന്റെ
അര്‌ത്ഥം?) ഇപ്പോള്‍ തന്നെ വരവ് ചെലവിനേക്കാള്‍ കൂടിയിരിക്കുന്ന സ്ഥിതിയാണ്.
ചെലവു ചുരുക്കലിനെപ്പറ്റി മന്ത്രിമാരും മറ്റും പറയാന്‍ തുടങ്ങിയിട്ട് നാളുകളായി.
പക്ഷെ എല്ലാം നല്ലനിലയില്‍ എത്തിയതായി ഒരു വാര്‍ത്ത എവിടെയും കണ്ടില്ല. അപ്പോള്‍
പിന്നെ എങ്ങനെയാണ് എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‌കുക?
ഡല്‍ഹിയില്‍ നടന്ന
ഒരു പത്രസമ്മേളനത്തിലേക്ക് കയറിച്ചെന്ന കുട്ടിനേതാവ് (പ്രായം കൊണ്ട് മാത്രം
കുട്ടി, സ്ഥാനം കൊണ്ട് എല്ലാവരുടെയും തലയ്‌ക്കു മുകളില്‍) അയാളുടെ പാര്‍ട്ടി
എടുത്ത തീരുമാനം വലിച്ചുകീറിക്കളയേണ്ടതാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്
പ്രധാനമന്ത്രിയെ ഉള്‍പ്പടെ നാണം കെടുത്തിയത് അടുത്ത കാലത്താണല്ലോ? പാര്‍ട്ടി
എടുത്ത തീരുമാനം തെറ്റായിരുന്നെന്നു വിവരമുള്ളവരെല്ലാം സമ്മതിക്കും എന്നതൊരു
വാസ്‌തവം. പക്ഷെ ആ തീരുമാനം പാര്‍ട്ടി എടുത്തപ്പോള്‍ നമ്മുടെ കുട്ടിനേതാവും അവിടെ
ഉണ്ടായിരുന്നെന്നും പക്ഷെ അപ്പോള്‍ ആ തീരുമാനത്തിനെതിരെ അയാള്‍ ഒന്നും തന്നെ
പറഞ്ഞില്ലെന്നും ആണ് കേട്ടത്. ഇതില്‍നിന്ന് ഒന്ന് വ്യക്തമാണ്. താന്‍
ബഹുജനങ്ങളുടെ ആളാണെന്നു സ്ഥാപിക്കാന്‍ കുട്ടിനേതാവ് എടുത്ത അടവായിരുന്നു അത് എന്ന
കാര്യം. അല്ലെങ്കില്‍ പാര്‍ട്ടി മീറ്റിങ്ങില്‍ തീരുമാനം എടുക്കാനുള്ള പരിപാടി
ഉപേക്ഷിക്കണമെന്ന് പറയാന്‍ അയാള്‍ക്ക് കഴിയുമായിരുന്നല്ലോ? അയാള്‍ ഒന്ന്
മൂളിയാല്‍ അത് അപ്പടി അനുസരിക്കുന്ന ഒരു പാര്‍ട്ടിയുടെ മീറ്റിങ്ങില്‍ ആണ് അയാള്‍
മിണ്ടാതെയിരുന്നത്. കാരണം, പുറത്തുവന്നു നാടകീയമായി പ്രഖ്യാപിച്ചാലല്ലേ തനിക്ക്
വോട്ടു നേടാന്‍ കഴിയൂ? പക്ഷെ തന്റെു പാര്‌ട്ടിഷ തെറ്റായ തീരുമാനങ്ങള്‍
എടുക്കുന്നുണ്ടെന്നു പൊതുവേദിയില്‍ വിളിച്ചുപറയുന്ന ഈ അടവ് പാര്‍ട്ടിയുടെയും
പ്രത്യേകിച്ച് പ്രധാനമന്ത്രിയുടെയും വിശ്വാസ്യത കുറയ്‌ക്കും എന്നുള്ള കാര്യം
അയാള്‍ക്ക് പ്രശ്‌നമായില്ല. ഭരണം കിട്ടിയാലും ഇല്ലെങ്കിലും തന്റെ പാര്‍ട്ടിയില്‍
താന്‍ അനിഷേധ്യനേതാവായിരിക്കും എന്ന് അയാള്‍ക്ക് അറിയാം.
അടിയന്തിരാവസ്ഥക്കാലത്ത് തന്റെ അച്ഛന്റെ അനുജന്‍ കാണിച്ച വിക്രിയകളെ എതിര്‍ക്കാന്‍
പാര്‍ട്ടിയില്‍ ആരും തന്റേടം കാണിച്ചില്ലെന്ന ചരിത്രം അയാളുടെ വിശ്വാസം
ശരിയാണെന്ന് തെളിയിക്കുന്നു. (അടിയന്തിരാവസ്ഥക്കാലത്ത് ഡല്‍ഹിയില്‍ നടന്നത്
അറിയണമെങ്കില്‍ ശ്രീ. എം. മുകുന്ദന്റെി `ദല്‌ഹി ഗാഥകള്‍' എന്ന നോവല്‍ വായിച്ചാല്‍
മതി.) പോരെങ്കില്‍ ആരും ചോദ്യം ചെയ്യാത്ത സുപ്പര്‍ പ്രധാനമന്ത്രിയായ വിദേശവനിതയുടെ
മകനല്ലേ താന്‍? പാര്‍ട്ടിയില്‍ ആര്‍ക്കു ധൈര്യം വരും തന്നോട് എതിര് പറയാന്‍?
ഇപ്പോള്‍ അദ്ദേഹം ഒരു പുതിയ അടവ് പുറത്തെടുത്തിരിക്കുന്നു. തന്റെ
മുത്തശ്ശിയും അച്ഛനും കൊല്ലപ്പെട്ടതുപോലെ താനും ഒരുനാള്‍ കൊല്ലപ്പെട്ടേക്കാം
എന്നാണു അദ്ദേഹം പറയുന്നത്. അങ്ങനെ എന്തെങ്കിലും സൂചന ലഭിച്ചാല്‍ പൊലീസിന്റെ സഹായം
തേടുകയും തനിക്ക് ലഭിച്ച അറിവിന്റെ ഉറവിടം ഏതെന്നു അവരോട് പറയുകയും കിട്ടിയ
വിവരങ്ങള്‍ അവരോടു പങ്കുവയ്‌ക്കുകയും അല്ലേ ചെയ്യേണ്ടത്? തന്റെ
സെക്യുരിറ്റിക്കാര്‍ക്കും മുന്നറിയിപ്പ് കൊടുക്കാം. ഭയം വളരെ കൂടുതലാണെങ്കില്‍
രാഷ്ട്രീയത്തില്‍ നിന്നും അകന്നു നില്‌ക്കാം . അതിനു ആരുടെയും സമ്മതം വേണ്ടല്ലോ?
അല്ലാതെ ഇങ്ങനെ വിളിച്ചുപറഞ്ഞാല്‍ എന്തു പ്രയോജനമാണ് ലഭിക്കുക? അദ്ദേഹം രാഷ്ട്രീയം
ഉപേക്ഷിച്ചാല്‍ ഇവിടെ ആര്‍ക്കെങ്കിലും എന്തെങ്കിലും നഷ്ടം സംഭവിക്കുമെന്ന്
എനിക്ക് തോന്നുന്നില്ല.
ഇനി മറ്റൊരു നേതാവ് ഞാന്‍ രണ്ടു
വര്‍ഷത്തിനുള്ളില്‍ മരിച്ചുപോയേക്കാം എന്ന് പറഞ്ഞുകൊണ്ട് നടന്നേക്കാം.
ഇവര്‍ക്കെല്ലാം സഹതാപവോട്ട് ചെയ്യാന്‍ ജനങ്ങള്‍ മുന്നോട്ടുവരും എന്ന്
ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ?
ഇന്നത്തെ നിലയില്‍ അടുത്തകാലത്തെങ്ങും
നടക്കാന്‍ സാദ്ധ്യതയില്ലാത്ത സമ്പൂര്‍ണ്ണ പെന്‍ഷന്‍ പദ്ധതിയും വോട്ടുനേടാനുള്ള
അടവിന്റെ ഭാഗമാണോ? ഉദ്‌ഘാടനം എന്ന് പറഞ്ഞു പത്തുപേര്‍ക്ക് എന്തെങ്കിലും
കൊടുത്തിട്ടു ബാക്കിയുള്ളവരുടെ കാര്യം ഇന്ത്യയുടെ ഭരണം ഞങ്ങളെ ഏല്‌പ്പിച്ചാല്‍
അപ്പോള്‍ ആലോചിക്കാം എന്ന് പറഞ്ഞു ലോകസഭാതെരഞ്ഞെടുപ്പില്‍ വോട്ടു നേടാന്‍
കുട്ടിനേതാവിനെപ്പോലെ ആരെങ്കിലും ഉപദേശിച്ചതാണോ ഈ പെന്‍ഷന്‍ പദ്ധതി? എട്ടുപത്തു
സാധുക്കളായ കേരളീയര്‍ക്ക് കുട്ടിനേതാവിന്റെ അമ്മയെക്കൊണ്ട് മൂന്നു സെന്റ്
ഭൂമിയുടെ അവകാശം അവരുടെ ദാനം പോലെ കൊടുപ്പിച്ചതാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്.
ഇവരെല്ലാം ഒരു കാര്യം ഓര്‍ക്കു ന്നത് നന്ന്. ഇവിടെ ആ പാര്‍ട്ടിക്ക് വോട്ട്
കിട്ടുന്നുണ്ടെങ്കില്‍ അതിനു കാരണം സത്യസന്ധരായ, കഴിവും പരിചയവും
പ്രവര്‍ത്തനപാരമ്പര്യവുമുള്ള, ഏതാനും നേതാക്കന്മാരാണ്. പാര്‍ട്ടി
നിലനില്‌ക്കുണമെങ്കില്‍ അങ്ങനെയുള്ളവര്‍ നേതൃത്വത്തില്‍ വരണം. അല്ലാതെ അടവുകള്‍
പയറ്റുന്നവരെയല്ല ഭരണം എല്‌പ്പിക്കേണ്ടത്.
The white-right wing Republicans too say the same things against Obama