അങ്ങാടിപ്പുറത്തുകാരനായ രവീന്ദ്രന്‍ മാഷായിരുന്നു എന്റെ വഴികാട്ടി. യാത്രതുടങ്ങും
മുമ്പേ മലയാളം അദ്ധ്യാപകനാണെന്ന് സ്വയം പരിചയപ്പെടുത്തി. ഇരുട്ടില്‍എനിയ്‌ക്കു
കുറച്ചു പരിഭ്രമമുണ്ടായിരുന്നു. പിടി വിട്ടു പോവാതിരിയ്‌ക്കാന്‍ ഞാന്‍
മാഷടെകയ്യില്‍ മുറുകെപ്പിടിച്ചു. `നമുക്കാദ്യം ഒരു പൂരം കാണാന്‍ പോവാം,' മാഷ്
എന്നെമുന്നോട്ടു നയിച്ചു. രണ്ടടി മുന്നോട്ടു വെച്ചപ്പോഴേയ്‌ക്കും ചെണ്ട മേളം
കാതില്‍ വന്നലച്ചു.`തൃശ്ശൂര്‍പ്പൂരമാണ്' മാഷ് പറഞ്ഞു.`ആനകളേയും ചെണ്ടക്കാരേയും
കാണാനില്ലേ?' മുറുകിയ മേളം പിന്നിട്ട് മാഷ് എന്നെ നയിച്ചു. `പൂരപ്പറമ്പിലെ
വില്‍പ്പനക്കാരാണ്, വളയുംമാലയും ഒക്കെ കിട്ടും,' മാഷ് പറഞ്ഞു. `തൊട്ടു
നോക്കിക്കോളൂ.' ഞാന്‍ സ്‌പര്‍ശിയ്‌ക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു ബലൂണ്‍ എന്റെ
ദേഹത്ത് തൊട്ടു. കുറച്ചകലെ ഒരു ബലൂണ്‍പൊട്ടി. നടന്നു നീങ്ങുന്നതിനിടയില്‍
വഴിവാണിഭക്കാര്‍. കടല, കപ്പലണ്ടി, പൊരി കച്ചവടക്കാര്‍. ശീതളപാനീയക്കാരുമുണ്ട്‌്.
ചെണ്ടമേളം അകന്നകന്നു പോയി. പൂരപ്പറമ്പ് വിടുംമുമ്പ് വെടിക്കെട്ട്. `ഇനി
നമുക്ക് ഒരു പുഴ കടക്കണം,' രവീന്ദ്രന്‍ മാഷ് പറഞ്ഞു. പാലമുണ്ട്‌്,
പാലത്തിലേയ്‌ക്കു കയറാന്‍ രണ്ടു പടവുകളുണ്ട്‌്. മാഷടെ കൈ വിടാതെ ഞാന്‍ നടന്നു.
താഴെ പുഴയുടെ കളകളാരവം. `പാലത്തില്‍ നിന്ന് വീണാലേ, നിങ്ങള്‍ക്ക്
നീന്തലറിയ്വോ?'മാഷ് ചോദിച്ചു. `അറിയാം,' ഞാന്‍ അഭിമാനത്തോടെ പറഞ്ഞു. `ഞാന്‍
കരുവന്നൂര്‍പ്പുഴവക്കത്താണ് താമസിയ്‌ക്കുന്നത്.' `അതെ അല്ലേ,' മാഷ് ചിരിച്ചു:
`പക്ഷേ ഈഇരുട്ടത്ത് എവിടേയ്‌ക്കാണ് നീന്തുക?'
അതെ. തികഞ്ഞ ഇരുട്ടാണ്.
ഏതായാലും വീണില്ല. പാലം കടന്നത് ഒരു ഗ്രാമത്തിലേയ്‌ക്കാണ്. അവിടത്തെ ചന്ത.
പച്ചക്കറിക്കടകളും പഴക്കടകളും. ഏതേതെന്ന്‌എല്ലാം സ്‌പര്‍ശിച്ചാണ്
മനസ്സിലാക്കിയത്. നാലു ഭാഗത്തുനിന്നും കച്ചവടക്കാര്‍ വിലപറഞ്ഞ്
വിളിയ്‌ക്കുന്നുണ്ടായിരുന്നു. അതിനിടെ മാഷ് ഒരു മീനിന് വില ചോദിച്ചു. ഉടനെഎന്തോ
ഓര്‍മ്മ വന്നതു പോലെ `ഓ, നിങ്ങള്‍ സസ്യഭുക്കാവുമല്ലോ, അല്ലേ,' എന്നു പറഞ്ഞ് മീന്‍
നിരസിയ്‌ക്കുകയും ചെയ്‌തു. പ്രദര്‍ശനം തികച്ചും സ്വാഭാവികമാക്കാന്‍
ശ്രമിയ്‌ക്കുകയായിരുന്നു രവീമ്പ്രന്‍ മാഷ്.
ഇത്തരം ഒരു
പ്രദര്‍ശനത്തേക്കുറിച്ച് കഴിഞ്ഞമാസമാണ് വായിച്ചത്. ഇ. സന്തോഷ്‌കുമാറിന്റെ
`പ്രകാശദൂരങ്ങള്‍' എന്ന കഥ ഇക്കൊല്ലത്തെ `സമകാലീനമലയാളം' ഓണപ്പതിപ്പില്‍
പുനഃപ്രസിദ്ധീകരിച്ചിരുന്നു. കഥ/കഥനം/ജീവിതം എന്ന ഒരു വിഭാഗത്തില്‍ കഥയെഴുതാനുണ്ടായ
പശ്ചാത്തലവും വിവരിയ്‌ക്കുന്നുണ്ട് കഥാകൃത്തുക്കള്‍. കഥയ്‌ക്കുമുന്നോടിയായി `ഈ
ഇരുട്ടിന്റെ തെളിച്ചം' എന്ന തലക്കെട്ടില്‍ സന്തോഷ്‌കുമാര്‍ എഴുതിയഅനുഭവം കഥയോളം
തന്നെ ഹൃദ്യമായിട്ടുണ്ട്. ഹൈദരാബാദിലെ ഹൈടെക് സിറ്റിയില്‍`ഇരുട്ടിലെ സംഭാഷണം'
(Dialogue in the Dark) എന്ന ഒരു പ്രദര്‍ശനമുണ്ട്. ആ പ്രദര്‍ശനംകണ്ട ജ്യോതി എന്ന
കൂട്ടുകാരി സന്തോഷിന് എഴുതിയ കത്തിലെ വിവരങ്ങളാണ് ഈകുറിപ്പിന്റെ
തുടക്കത്തിലുള്ളത്. `മൂന്ന് അന്ധന്മാര്‍ ആനയെ വിവരിയ്‌ക്കുന്നു' എന്ന
കഥയെഴുതിയതുകൊണ്‌ടാവാം ആ കൂട്ടുകാരി താനുമായി ആ അനുഭവംപങ്കുവെച്ചത് എന്ന്‌സന്തോഷ്
അനുമാനിയ്‌ക്കുന്നു. 1988-ല്‍ ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ ആരംഭിച്ച
ഒരുപ്രസ്ഥാനമാണ് Dialogue in the Dark. നൂറ്റിപ്പത്തു രാജ്യങ്ങളിലായി മുന്നൂറോളം
സ്ഥലത്ത്‌ഇത്തരം പ്രദര്‍ശനശാലകളുണ്ട്. കണ്ണു കാണാത്തവന്‍ ലോകവുമായി
പൊരുത്തപ്പെടുന്നതെങ്ങനെ എന്നു മനസ്സിലാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ പ്രദര്‍ശനം.
പാര്‍ക്ക്, വെള്ളച്ചാട്ടം, ചെടികള്‍, പൂക്കള്‍, കിളികള്‍, ബോട്ട്,
ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിങ്ങനെയുള്ളവയെല്ലാംതന്നെ ഘോരമായ ഇരുട്ടിലൂടെ നമ്മള്‍
അനുഭവിച്ചറിയുന്നു. പ്രദര്‍ശനത്തിന്റെ
അവസാനമാണ് നയിച്ചുകൊണ്ടു പോയത് കണ്ണു
കാണാത്ത ഒരാളായിരുന്നുവെന്ന് നമ്മളറിയുക.
`പ്രകാശദൂരങ്ങള്‍' എന്ന കഥയിലെ
കമല ജന്മനാ അന്ധയാണ്. കുടകിലെ മടിക്കേരിയിലേയ്‌ക്ക് അവള്‍ എത്തുന്നത് രണ്ടാം
പ്രാവശ്യമാണ്. ഇത്തവണ കൂടെയുള്ളത്‌ജെയിംസ് എന്ന കൂട്ടുകാരനാണ്. കമല
എപ്പോഴുമെപ്പോഴും തന്റെ മുന്‍യാത്രയേപ്പറ്റിജെയിംസിനോട്
പറഞ്ഞുകൊണ്ടേയിരിയ്‌ക്കുന്നു. അന്ന് കൂടെയുണ്ടായിരുന്നത് നന്ദന്‍. നന്ദന്‍ എല്ലാ
കാഴ്‌ചകളും വിവരിച്ചു തന്നിരുന്നു. അതുകൊണ്ട് കമലയ്‌ക്ക് ഇത്തവണഎല്ലാം
കാണാപ്പാഠമായിരുന്നു. ജെയിംസിനാവട്ടെ കമലയുമായി വേഴ്‌ച നടത്തുകഎന്നതിനപ്പുറം ആ
യാത്രയ്‌ക്ക് മറ്റൊരു ലക്ഷ്യവുമുണ്ടായിരുന്നില്ല. മടങ്ങുന്ന വഴി കമലജെയിംസിനോട്
അയാള്‍ എടുത്ത ചിത്രങ്ങളുടെ ഡാറ്റാ കാര്‍ഡ് ചോദിച്ചുവാങ്ങി വായിലിട്ടു ചവച്ച്
പുറത്തേയ്‌ക്കു തുപ്പിക്കളയുന്നു. ഉറങ്ങിക്കിടക്കുമ്പോള്‍ ജെയിംസ് തന്റെ
നഗ്നചിത്രം എടുത്തിരുന്നു എന്ന് അവളറിഞ്ഞിരുന്നു. `യൂ കാണ്‍ട് ബ്ലാക് മെയില്‍ എ
ബ്ലൈന്‍ഡ്'ഉറക്കെ ചിരിച്ചുകൊണ്ട് കമല പറയുന്നു:`നെവര്‍. കുരുടിയ്‌ക്ക്
നഗ്നതശരിയ്‌ക്കും മനസ്സിലാണ്. പക്ഷേ എന്നാലും ആ ചിത്രങ്ങള്‍ നിന്റെ കയ്യില്‍
വേണ്ട. അതുഞാന്‍ തീരുമാനിച്ചു. ജെയിംസ്, നിനക്ക് അവ സൂക്ഷിയ്‌ക്കാനുള്ള
യോഗ്യതയില്ല. യൂവാര്‍ജസ്റ്റ് എ ബിഗ് .... ബിഗ് ബാസ്റ്റാഡ്.'
`മൂന്ന്
അന്ധന്മാര്‍ ആനയെ വിവരിയ്‌ക്കുന്നു' എന്ന കഥയിലെ മൂന്ന് അന്ധന്മാരുംകാഴ്‌ചകള്‍ ഓരോ
തരത്തില്‍ അറിയുന്നവരാണ്. അവരിലൊരാള്‍ ടൂറിസ്റ്റ് ഗൈഡാണ്!മൂന്നു പേരും ആനയെ
മൂന്നു തരത്തില്‍ അനുഭവിച്ചറിഞ്ഞവരാണ്. അവര്‍ അവരറിഞ്ഞആനകളേക്കുറിച്ച്
വാചാലരാവുമ്പോള്‍ കണ്ണു കാണുന്ന നായകനാണ് ആനയെ വര്‍ണ്ണിയ്‌ക്കാന്‍ വാക്കുകള്‍
കിട്ടാതെ തപ്പുന്നത്.
അന്ധത ചിലപ്പോള്‍ ഒരനുഗ്രഹമായിപ്പോലും മാറാറുണ്ട്.
`വെയ്‌റ്റ് അണ്‍ടില്‍ഡാര്‍ക്' എന്ന പ്രശസ്‌തമായ ചലച്ചിത്രത്തില്‍ ഇങ്ങനെ ഒരു
സന്ദര്‍ഭം കാണാം. അന്ധയായനായിക സൂസി ഹെന്‍ഡ്രിക്‌സ് (ഓഡ്രി ഹെപ് ണ്‍) തന്നെ
ആക്രമിയ്‌ക്കാനെത്തുന്നവരെ നേരിടുന്നത് അങ്ങനെയാണ്. വിളക്കുകളില്‍നിന്ന്
ബള്‍ബുകള്‍ ഊരിയെടുത്തും കയ്യെത്താത്തവ നീണ്ട വടികൊണ്ട് അടിച്ചു തകര്‍ത്തും അവര്‍
വീട് ഇരുട്ടിലാക്കുന്ന ഉജ്ജ്വലമായ രംഗങ്ങള്‍ ശ്വാസം പിടിച്ചിരുന്നാണ് ഞാന്‍
കണ്ടിട്ടുള്ളത്. ഇരുട്ടില്‍ അക്രമികളുടെ നീക്കങ്ങള്‍ക്ക് പരിമിതിയുണ്ട്. അവര്‍
അംഗവിഹീനരേപ്പോലെ നിസ്സഹായരാവുമ്പോള്‍ സൂസി അവര്‍ക്കു മേല്‍ വിജയം
നേടുന്നു.
ട്രിച്ചൂര്‍ ഐ ഹോസ്‌പിറ്റലിന്റെ പ്രദര്‍ശനത്തിലേയ്‌ക്ക്
എത്തുന്നതിനു മുമ്പ് ഇതിനേക്കുറിച്ചൊക്കെ ഞാന്‍ ആലോചിച്ചിരുന്നു. എന്നെങ്കിലും
ഹൈദരാ ാദില്‍ പോവുമ്പോള്‍ഹൈടെക് സിറ്റിയില്‍ പോവണമെന്നും ആ പ്രദര്‍ശനം കാണണമെന്നും
തീരുമാനിച്ചിരുന്നു. അപ്പോഴാണ് ട്രിച്ചൂര്‍ ഐ ഹോസ്‌പിറ്റല്‍ അത്തരമൊരു പ്രദര്‍ശനം
നടത്തുന്നതിനേക്കുറിച്ച് വാര്‍ത്ത കാണുന്നത്. `അന്ധതയെ അനുഭവിച്ചറിയുക'
എന്നായിരുന്നു പ്രദര്‍ശനത്തിന്റെ പേര്. ഒരേ സമയം അഞ്ചു പേരെയാണ് ഇരുട്ടിലേയ്‌ക്കു
കടത്തിവിടുക. ഇരുപതുമിനിട്ടോളം നീണ്ടു നില്‍ക്കുന്നതാണ് പ്രദര്‍ശനം. നാലു
ദിവസത്തേയ്‌ക്കാണ് അവര്‍പ്രദര്‍ശനം ഒരുക്കിയിരിയ്‌ക്കുന്നത്. ഇത്തരം അപൂര്‍വ്വമായ
അവസരം ഉപയോഗിയ്‌ക്കാന്‍അവിടെ തടിച്ചുകൂടുന്നവരേക്കറിച്ച് ആലോചിച്ചപ്പോള്‍ ആ
സാഹസത്തിനു മുതിരാതിരിയ്‌ക്കുകയാവും ബുദ്ധി എന്നു തോന്നി. അപ്പോഴാണ് ട്രിച്ചൂര്‍ ഐ
ഹോസ്‌പിറ്റലിലെ പിആര്‍ ഒയും എഴുത്തുകാരനുമായ ഗോപന്‍ പഴുവില്‍ വിളിയ്‌ക്കുന്നത്.
എങ്ങനെയുംപ്രദര്‍ശനം കാണണമെന്നും അതിനുള്ള സൗകര്യം ഒരുക്കാമെന്നും ഗോപന്റെ
വാഗ്‌ദാനംസ്വീകരിച്ച് പുറപ്പെട്ടു. ഹോസ്‌പിറ്റലിന്റെ ഡയറക്ടര്‍ റൈഹാനും
അഡ്‌മിനിസ്റ്റ്രേറ്റര്‍മാരായസുബിരാജും ശ്രീകലയും ചേര്‍ന്ന് ഞങ്ങളെ സ്‌നേഹത്തോടെ
സ്വീകരിച്ചു. ഹോസ്‌പിറ്റല്‍നടത്തുന്ന കോളേജിലെ വിദ്യാര്‍ത്ഥികളാണ് സന്നദ്ധസേവകരായി
പ്രദര്‍ശനത്തോടൊപ്പംഉണ്ടായിരുന്നത്. വഴിവാണിഭക്കാരായി ഇരുട്ടില്‍ നില്‍ക്കുന്നതും
അവര്‍ തന്നെ. ഇടയ്‌ക്ക്‌ഭക്ഷണം കഴിയ്‌ക്കാന്‍ വേണ്ടി മാത്രമാണ് അവര്‍
വെളിച്ചത്തിലേയ്‌ക്ക് വരുന്നത് എന്ന്‌സംഘാടകര്‍ പറഞ്ഞു. സമ്പര്‍ശകരുടെ തിരക്കു
കാരണം തലേന്ന് വൈകുന്നേരം അഞ്ചുമണിയ്‌ക്ക് അവസാനിപ്പിയ്‌ക്കേണ്ട പ്രദര്‍ശനം
രാത്രി ഒമ്പതു മണി വരെ നീട്ടിക്കൊണ്ടുപോവേണ്ടി വന്നുവത്രേ.
ഞങ്ങള്‍
പച്ചക്കറിച്ചന്ത പിന്നിട്ടിരുന്നു. `ഇനി നമുക്ക് റെയില്‍വേ
സ്റ്റേഷനിലേയ്‌ക്കുപോവാം,' മാഷ് എന്റെ കൈപിടിച്ച് നടന്നു. പ്ലാറ്റ് ഫോമില്‍
കയറിയതും ഏതോ വണ്ടിയുടെവരവിനേക്കുറിച്ച് മൈക്കിലൂടെയുള്ള അറിയിപ്പ്. ഒരു
റെയില്‍വേ സ്റ്റേഷനില്‍ പതിവുള്ളഎല്ലാ ശബ്‌ദകോലാഹലങ്ങളും. വൈകാതെ ഒരു വണ്ടി ചൂളം
വിളിച്ച് അരികിലൂടെകടന്നു പോയി. പിന്നാലെ വണ്ടി പോയതിന്റെ കാറ്റും. സ്റ്റേഷനില്‍
അധികം നിന്നില്ല.ഇനി പോവാനുള്ളത് ഒരു കാട്ടിലേയ്‌ക്കാണ്. ചെളി നിറഞ്ഞ
ഒറ്റയടിപ്പാത. `തലഉയര്‍ത്തിപ്പിടിയ്‌ക്കണ്ട', മാഷ്‌നിര്‍ദ്ദേശിച്ചു. `വള്ളി തടയും.'
പറഞ്ഞതുപോലെ ഏതോവള്ളിയില്‍ എന്റെ മുഖം ഉടക്കി. കണ്ണട ഊരി താഴെ വീണു. അപ്പോഴാണ്
മുഖത്ത് കണ്ണടയുണ്ടല്ലോ എന്ന് ഓര്‍മ്മിച്ചതു തന്നെ. ഈ ഇരുട്ടില്‍
കണ്ണടയുടെഒരാവശ്യവുമില്ല. കണ്ണുതുറന്നാലും അടച്ചുപിടിച്ചാലും ഒരു പോലെയാണ്.
മൊബൈല്‍ ഫോണും വാച്ചും ഊരി
പുറത്തുവെച്ച കൂട്ടത്തില്‍ കണ്ണടയും
വെയ്‌ക്കാമായിരുന്നു. ഭാഗ്യത്തിന് കണ്ണട പെട്ടെന്നുതന്നെ തപ്പിയെടുക്കാന്‍ പറ്റി.
ഇരുട്ടുമായി ഞാന്‍ ഇത്രവേഗം താദാത്മ്യം പ്രാപിച്ചല്ലോ എന്ന് എനിയ്‌ക്ക് അത്ഭുതം
തോന്നി.
കാടിന്റെ നാനാവശങ്ങളില്‍നിന്നും വന്യമൃഗങ്ങളുടെ ശബ്‌ദങ്ങള്‍. ഏതോ
ചിലജന്തുക്കള്‍ കാലിലൂടെ കടന്നുപോയെന്ന് എനിയ്‌ക്കു വെറുതെ തോന്നിയതാവാം.
മാഷ്‌പിന്നേയും എന്നെ മുന്നോട്ടു നയിച്ചു. കാട്ടുവള്ളികളില്‍
കുടുങ്ങാതിരിയ്‌ക്കാന്‍ തലകുനിച്ചു പിടിച്ച് ഞാന്‍ ഒപ്പം നടന്നു. വഴിയിലെവിടെയോ
വെച്ച് മഴ ചാറി. ദേഹം ചെറുതായി നനഞ്ഞു. ഇനി നമുക്കു നില്‍ക്കാം എന്ന് രവീന്ദ്രന്‍
മാഷ് പറഞ്ഞു. നമ്മുടെ കൂട്ടുകാര്‍ ഒപ്പമെത്തട്ടെ. മാഷ് നീണ്ട ഒരു വിസില്‍
വിളിച്ചു.
യാത്ര അവസാനിച്ചിരുന്നു. പുറത്തേയ്‌ക്കുള്ള വാതില്‍ ആരോ പാതി
തുറന്നു.ഇരുട്ടിനെ കീറിമുറിച്ച് അകത്തേയ്‌ക്ക് നേരിയ ഒരു വെളിച്ചപ്പാളി തെറിച്ചു
വീണു.പുറത്തെ വെളിച്ചത്തിലേയ്‌ക്ക് രവീമ്പ്രന്‍ മാഷ് എന്നെ ആനയിച്ചു. അപ്പോഴാണ്
മാഷെഞാന്‍ ശരിയ്‌ക്കു കണ്ടത്. കണ്ണു കാണില്ല എന്നു പറഞ്ഞുവെങ്കിലും
ഒരന്ധനാണെന്നുതോന്നാത്ത സുമ്പരമുഖം. ഇനിയും കാണാമെന്നു പറഞ്ഞ് പരസ്‌പരം
ആശ്ലേഷിച്ച്‌ഞങ്ങള്‍ പിരിഞ്ഞു. സമ്പര്‍ശകപ്പുസ്‌തകവുമായി ശ്രീകല വന്നു. ഗോപനോടും
റൈഹാനോടും ശ്രീകലയോടും നന്ദി പറഞ്ഞ് ഞങ്ങള്‍ മടങ്ങി.
സ്വരാജ്
റൗണ്ടിലേയ്‌ക്കു നടക്കുമ്പോള്‍ ഏ. ആര്‍. മേനോന്‍ റോഡില്‍ വെച്ച് ഒരന്ധന്‍
ഞങ്ങള്‍ക്കെതിരെ വന്നു. ഒരു വേള ഈ പ്രദര്‍ശനം കാണാനാണോ വരുന്നത് എന്ന്‌ചിന്തിച്ചു.
പിന്നെ അതിലെ അര്‍ത്ഥശൂന്യതയോര്‍ത്ത് ചിരിച്ചു. ഇത് കണ്ണു കാണുന്നവര്‍ക്കുള്ള
പ്രദര്‍ശനമാണല്ലോ.
അന്ധന്റെ കയ്യില്‍ ഒരു നീണ്ട വടിയുണ്ടായിരുന്നു. പാതയില്‍
വടി കൊണ്ട് തട്ടിത്തട്ടിയാണ് അയാള്‍ നടന്നിരുന്നത്. ഹൈദരാ ാദിലെ
റെസ്റ്റോറന്റില്‍ എത്തുന്ന അതിഥികള്‍ക്ക് സഹായത്തിന് ഒരു വടി കൊടുക്കുമത്രേ.
കണ്ണില്ലാത്തവര്‍ക്ക് വടി ഒരു കണ്ണാണ്.കുട്ടിക്കാലത്ത് സ്‌കൂളില്‍ പോവുമ്പോള്‍
വഴിയില്‍ എന്നും കാണാറുള്ള തിക്കന്റെ കയ്യില്‍നീണ്ട വടി കാണാറുണ്ട്. വടി
മുന്നിലേയ്‌ക്കു നീട്ടി കൊട്ടിക്കൊട്ടിക്കൊണ്ടാണ് നല്ല ഉയരമുള്ള തിക്കന്‍ നടക്കുക.
സ്‌കൂള്‍ വിട്ടു പോവുന്ന കുട്ടികള്‍ അയാള്‍ക്കൊരു തമാശയായിരു
ന്നു. ഇടയ്‌ക്കിടെ
വടി ഉയര്‍ത്തി അയാള്‍ ഓങ്ങുന്നതു പോലെ കാണിയ്‌ക്കും. നിലത്തുനിന്ന് വടി
ഉയര്‍ത്തുമ്പോള്‍ പാവാടയില്‍ കുടുങ്ങുമോ എന്ന് പെണ്‍കുട്ടികള്‍
പേടിച്ചിരുന്നു.തിക്കനെ കാണുമ്പോള്‍ അവര്‍ ഒഴിഞ്ഞുപോവാന്‍ ശ്രമിയ്‌ക്കും.
പ്രാകൃതമായ ഒരു ശബ്‌ദമുണ്ടാക്കുന്ന തിക്കനെ ആണ്‍കുട്ടികള്‍ക്കും
പേടിയായിരുന്നു.
ചായക്കടകള്‍ക്കു മുന്നില്‍ പരുങ്ങിനില്‍ക്കുന്ന തിക്കന്
അവരില്‍പ്പലരും ചായകൊടുക്കാറുണ്ട്. ഒരിയ്‌ക്കല്‍ സ്‌കൂള്‍ വിട്ടു പോരുമ്പോള്‍ ഒരു
ചായക്കടയുടെ മുന്നില്‍നില്‍ക്കുന്ന തിക്കനെ കണ്ടു. കടയില്‍നിന്ന് പരിപ്പുവടയുടെ
വാസന വന്നിട്ടാവാം തിക്കന്‍കടക്കാരനോട് ഒരു പരിപ്പുവട തരുമോ എന്നു ചോദിച്ചു
കൈനീട്ടി. ചായക്കടക്കാരന്‍ തിളയ്‌ക്കുന്ന വെള്ളമാണ് കയ്യിലേയ്‌ക്ക് ഒഴിച്ചത്.
പൊള്ളിയ കൈ കുടഞ്ഞ് കയ്യിലേയ്‌ക്ക്‌ഊതുന്ന തിക്കനെ കണ്ടപ്പോള്‍ എനിയ്‌ക്കു പാവം
തോന്നി.
അന്ധരോട് പാവം തോന്നേണ്ട കാര്യമില്ല എന്ന് `പ്രകാശദൂരങ്ങ'ളിലെ കമല
പറയുന്നുണ്ട്. കാഴ്‌ചയില്ലെന്നു പറഞ്ഞു കരഞ്ഞ യാചകന് ജെയിംസ് ചില്ലറ
കൊടുത്തപ്പോഴാണ്‌കമല അതു പറഞ്ഞത്. കണ്ണു കാണാത്തതു കൊണ്ടു മാത്രം ഒരാള്‍
പാവമാവുന്നില്ല.അതുകൊണ്ടു മാത്രം ഭിക്ഷ കൊടുക്കേണ്ടതില്ലെന്നും അവള്‍ ജെയിംസിനോടു
പറയുന്നു.
അപ്പോള്‍ എനിയ്‌ക്ക് എന്റെ കൂട്ടുകാരനും എഴുത്തുകാരനുമായ ഷാജി
ചെന്നൈപറഞ്ഞത് ഓര്‍മ്മ വന്നു. `എല്ലാ ജീവിതത്തിനും അതിന്റേതായ പൂര്‍ണ്ണതയുണ്ട്
മൂര്‍ത്തിയേട്ടാ,' ഷാജി പറഞ്ഞു. `കണ്ണു കാണാത്തവര്‍ പലതും മിസ്സ് ചെയ്യുന്നുണ്ട്
എന്നുനമുക്കു വെറുതെ തോന്നുന്നതാണ്.' തുടര്‍ന്ന് ഷാജി `ചിത്ത് ചോ'റിലെ
പ്രസിദ്ധമായ`ഗോരി തേരാ ഗാവ് ബഡാ പ്യാരാ' എന്ന പാട്ട് പാടിക്കേള്‍പ്പിച്ചു. `ജീ
കര്‍ത്താ ഹെ മോര്‌കി പാവോം മെ പായലിയാ പെഹ്‌നാ ദൂം/കുഹു കുഹു ഗാത്തീ കോയലിയാ
കോഫൂലോം കാ ഗെഹ്‌നാ ദൂം/യഹി ഘര്‍ അപ്‌നാ ബനാനേ കോ പഞ്‌ഛി കരേ ദേഖോതിന്‍കേ ജമാരേ,
തിന്‍കേ ജമാ രേ.' ഈ വരികള്‍ എഴുതിയ രവീമ്പ്ര ജെയിന്‍ ജന്മനാഅന്ധനാണ്. അദ്ദേഹം
മാനത്ത് ചന്ദ്രക്കല കാണുന്നതും നൃത്തമാടുന്ന മയിലിന്റെ കാലുകളില്‍ ചിലങ്ക
കെട്ടിക്കൊടുത്താലോ എന്ന് ആലോചിയ്‌ക്കുന്നതും പാടുന്ന കുയിലിന്റെകഴുത്തില്‍ പല
നിറത്തിലുള്ള പൂക്കള്‍ കൊരുത്ത മാലയണിയിച്ചാലോ എന്നു ചിന്തിയ്‌ക്കുന്നതും
തങ്ങള്‍ക്കു കൂടു കെട്ടാനായി ചുള്ളിക്കമ്പുകള്‍ ശേഖരിച്ച് പറക്കുന്ന
ഇണക്കിളികളെകാണുന്നതും നമ്മളെ അമ്പരപ്പിയ്‌ക്കും. അദ്ദേഹം പൂക്കള്‍ കണ്ടിട്ടില്ല,
മയിലുകളേയുംകുയിലുകളേയും ഇണക്കിളികളേയും കണ്ടിട്ടില്ല, ചുള്ളിക്കമ്പും കിളിക്കൂടും
ആകാശവുംകണ്ടിട്ടില്ല. അപ്പോള്‍ അന്ധര്‍ ഒന്നും കാണുന്നില്ല എന്നു പറയുന്നതു
ശരിയാണോ?
തീര്‍ച്ചയായും അല്ല. അതാണ് ശ്രീകല നീട്ടിയ
സമ്പര്‍ശകപ്പുസ്‌തകത്തില്‍ ഞാന്‍എഴുതിയതും: `അന്ധര്‍ക്ക് ഒന്നും കാണാന്‍ കഴിയില്ല
എന്നായിരുന്നു എന്റെ ധാരണ.പക്ഷേ അവര്‍ എല്ലാം കാണുന്നുണ്ട്‌് എന്ന് എനിയ്‌ക്കു
മനസ്സിലായി. ഒരു പക്ഷേ നമ്മള്‍കാണുന്നതിലും വിശദവും സൂക്ഷ്‌മവുമായ കാഴ്‌ചകള്‍.'
(ദേശാഭിമാനി വാരിക)