ആള്‍ത്തിരക്കില്‍നിന്നൊഴിഞ്ഞ് കല്യാണമണ്‌ഡപത്തിന്റെ ഒരു മൂലയില്‍
ഇരിയ്‌ക്കുകയായിരുന്നു ശങ്കരേട്ടന്‍. എന്റെ ശബ്‌ദം കേട്ടപ്പോള്‍ത്തന്നെ
തിരിച്ചറിഞ്ഞു.`ഇന്നാള് ടീവിയില്‍ വിദ്യാധരനെ കണ്ടപ്പോള്‍ ഞാന്‍ തന്നെ
ഓര്‍മ്മിച്ചു,' ശങ്കരേട്ടന്‍ എന്നെ അടുത്തു പിടിച്ചിരുത്തി. `തന്റെ
നാട്ടുകാരനാണല്ലോ വിദ്യാധരന്‍.' ശങ്കരേട്ടന്‍ കണ്ടു എന്നു പറഞ്ഞാല്‍ കേട്ടു എന്നു
ധരിച്ചാല്‍ മതി. പതിനഞ്ചു കൊല്ലം മുമ്പ് ശങ്കരേട്ടനെ ഗ്ലൂക്കോമ ബാധിച്ചു. ക്രമേണ
കാഴ്‌ച കുറഞ്ഞുകുറഞ്ഞു വന്നു. നാലുകൊല്ലം മുമ്പ് തീരെ കാണാതായി. പറമ്പില്‍ ഇറങ്ങി
മറ്റുള്ള പണികളൊന്നും എടുക്കാന്‍ പറ്റാതായി. അതില്‍പ്പിന്നെയാണ് ശങ്കരേട്ടന്‍ ടി
വി കാണാന്‍ തുടങ്ങിയത്. `ഇന്നാള് എന്ന് പറഞ്ഞാ അഞ്ച് മാസം മുമ്പ്,'
ശങ്കരേട്ടന്‍ വിശദീകരിച്ചു. `ഞാനിപ്പൊ ടീവി കാണുന്നതൊക്കെ നിര്‍ത്തി. അത്രേം നേരം
എറേത്ത് ഇരിയ്‌ക്കും ഒറ്റയ്‌ക്ക്. പൊറത്തേയ്‌ക്ക് നോക്കി സ്വപ്‌നം കണ്ടോണ്ട്‌്
വെറ്‌തെയങ്ങനെ ഇരിയ്‌ക്കാ. അതാ സുഖംന്ന് തോന്ന്‌ണൂ ഇപ്പൊ.'
ഒന്നു രണ്ടു
പേര്‍ കുശലം ചോദിച്ചുകൊണ്ട് ശങ്കരേട്ടന്റെ അടുത്തെത്തി. ശങ്കരേട്ടന്‍ അവരെയും
ശബ്‌ദം കൊണ്ട് തിരിച്ചറിഞ്ഞു. ഇന്നലെ കണ്ടു പിരിഞ്ഞതുപോലെയുള്ള
അന്വേഷണങ്ങള്‍.
`കാഴ്‌ച നഷ്ടപ്പെട്ടതില്‍ ശങ്കരേട്ടന് സങ്കടം
തോന്നുന്നില്ലേ?' കുറച്ചു നേരം ശങ്കരേ ട്ടനേത്തന്നെ നോക്കിയിരുന്നപ്പോള്‍ കുറേ
കാലമായി ഓങ്ങിവെച്ച ചോദ്യം ഞാന്‍ പുറത്തെ ടുത്തു.
ചോദിച്ചുകഴിഞ്ഞപ്പോള്‍
വേണ്ടിയിരുന്നില്ല എന്നു തോന്നി. എണ്‍പത്തഞ്ചു കഴിഞ്ഞ ആളാണ്. ഈ പ്രായത്തിലും
സാമാന്യം നല്ല ആരോഗ്യം ശങ്കരേട്ടനുണ്ട്‌്. നടക്കാനും മറ്റും പരസഹായം വേണ്ടി
വരുന്നു എന്നതൊഴിച്ചാല്‍ മറ്റു പരാധീനതകളൊന്നുമില്ല. സ്വതേ
ഇത്തരക്കാര്‍ക്കുണ്ടാവാറുള്ള പരാതികളുമില്ല. `കുറച്ച് ഒറക്കെ പറേണം,' ശങ്കരേട്ടന്‍
പറഞ്ഞു. `കണ്ടൂടായയ്‌ക്ക് പൊറമേ ഈയിടെ യായിട്ട് കൊറച്ച് പറഞ്ഞാ കേക്കായേം
തൊടങ്ങീട്ട്‌ണ്ട്. ടീവി കാണണ്ടാന്ന് തീരുമാനിയ്‌ക്ക ാനുള്ള കാരണങ്ങളില്‍ ഒന്ന്
അതാണ്. എനിയ്‌ക്കു വേണ്ടി അത്ര ഒറക്കെ വെയ്‌ക്കണത് മറ്റുള്ളോര്‍ക്ക്
ബുദ്ധിമുട്ടാവൂലോ.' ഞാന്‍ കുറച്ചു കൂടി ഉറക്കെ ചോദ്യം ആവര്‍ത്തി ച്ചപ്പോള്‍
ശങ്കരേട്ടന്‍ ചിരിച്ചു. `ഇല്യ,' അദ്ദേഹം പറഞ്ഞു. `അറുപത്തിരണ്ടു വയസ്സു വരെ എല്ലാം
നല്ലോണം കണ്ടതാണ്. ഇനിയിപ്പൊ ഒന്നും കാണാന്‍ ബാക്കിയില്ല. ദാ, ഇപ്പൊ താന്‍
അടുത്തിരിയ്‌ക്കുന്നുണ്ടല്ലോ. തന്നെ എനിയ്‌ക്ക് നല്ലോണം കാണാം. കാരണം മനസ്സില്‍
തന്റെ രൂപം പതിഞ്ഞുകിടപ്പുണ്ട്. പിന്നെ പുതീതൊന്നും കാണണ്ടാ എന്നു
തോന്നിത്തുടങ്ങി. അങ്ങനെയൊക്കെയാണല്ലോ ഇപ്പോഴത്തെ കാര്യങ്ങള്‍. താന്‍ പത്രം
സ്ഥിരമായി വായിയ്‌ക്കാറില്ലേ?'
`ഉവ്വല്ലോ,' ഞാന്‍ പറഞ്ഞു. കാഴ്‌ച
നഷ്ടപ്പെട്ടിട്ടും ശങ്കരേട്ടന്‍ പത്രം വായന മുടക്കിയി ട്ടില്ല. രാവിലത്തെ പണിയൊക്കെ
തീര്‍ത്ത് വിലാസിനിയോപ്പോള്‍ അടുത്തു ചെന്നിരുന്ന് പത്രം മുഴുവന്‍ വായിച്ചു
കേള്‍പ്പിയ്‌ക്കും. പിന്നെ ഒന്നൊന്നര മണിക്കൂര്‍ വിശദമായ ചര്‍ച്ച യാണ് രണ്ടു പേരും
തമ്മില്‍.
`ഒക്ടോ ര്‍ 19-ലെ പത്രം ശ്രദ്ധിച്ചേര്‍ന്ന്വോ?
കോട്ടയത്തുനിന്നുള്ള ഒരു വാര്‍ത്ത? ഇരുപത്തിരണ്ടു വയസ്സുള്ള വിജീഷ എന്ന ഒരു കുട്ടി
കുളിമുറീല് വെച്ച് പ്രസവിച്ചൂത്രേ. ഇര ട്ടക്കുട്ട്യോള്. പ്രസവിച്ച ഉടനെ രണ്ടു
കുട്ട്യോളേം കത്ത്യോണ്ട്‌് മുറിച്ച് കൊന്നൂത്രേ. ഞാനതു കേട്ട്
തരിച്ചിരുന്നുപോയി.'
വാര്‍ത്ത ഞാനും കണ്ടിരുന്നു. ഒരു മാതിരിപ്പെട്ട
ആളുകളെയൊക്കെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു അത്. മനസ്സിലാക്കാന്‍ പറ്റാത്ത പലതും ആ
വാര്‍ത്തയിലുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെയായിരുന്നു പ്രസവം.
ഒരു വര്‍ഷമായി കൂടെതാമസിയ്‌ക്കുന്ന വിജീഷ ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവും
വീട്ടുകാരും അറിഞ്ഞില്ല എന്നത് വിശ്വസിയ്‌ക്കാന്‍ വിഷമമാണ്.
നാലു ദിവസം
കഴിഞ്ഞ് തെളിവെടുപ്പിനായി വിജീഷയെ സംഭവസ്ഥലത്തു കൊണ്ടു വന്നതിന്റെ ചിത്രവും
വാര്‍ത്തയുമുണ്ടായിരുന്നു. വിജീഷയുടെ ചിത്രം ദൈന്യത്തിന്റേ തായിരുന്നു.
സ്വബോധത്തോടെയായിരുന്നില്ല അവര്‍ സ്വന്തം കുട്ടികളെ കൊന്നതെന്നു തീര്‍ച്ച.
അച്ഛനില്ലാത്ത രണ്ടു കുട്ടികളെ പ്രസവിച്ചാല്‍ വീട്ടിലും നാട്ടിലും ഉണ്ടാകുന്ന അപ
മാനം പേടിച്ചാവണം അവര്‍ ആ അരുംകൊല നടത്തിയത്.
കൊലപാതകം
ഒഴിച്ചുനിര്‍ത്തിയാല്‍ ഇതിനു മുമ്പും ഇത്തരം വാര്‍ത്തകള്‍ കണ്ടിട്ടുണ്ട്. പ്രസവം
കഴിഞ്ഞ് കുട്ടിയെ ആശുപത്രിയില്‍ത്തന്നെ
ഉപേക്ഷിച്ചുപോവുന്നവരുണ്ട്.അമ്മത്തൊട്ടിലുകളില്‍ കുട്ടികളെ നിക്ഷേപിച്ചു
പോവുന്നവരും ഉണ്ട്‌്. പല സ്വകാര്യ ആശുപത്രികളിലും എത്രയോ പേര്‍ ഗര്‍ഭച്ഛിദ്രത്തിനു
വേണ്ടി എത്തിച്ചേരുന്നുണ്ട്. എല്ലാം സ്വന്തംഅഭിമാനം നിലനിര്‍ത്താന്‍ വേണ്ടി
മാത്രം. സ്വന്തം കുട്ടിയുടെ അച്ഛനാര് എന്നു തെളിയിയ്‌ക്കേണ്ടബാധ്യത പെണ്ണുങ്ങളില്‍
നിക്ഷിപ്‌തമായിരിയ്‌ക്കുന്ന കാലത്തോളം ഇത്‌തുടര്‍ന്നു കൊണ്ടേയിരിയ്‌ക്കും. ഇതില്‍
പെണ്ണുങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ എന്താണര്‍ത്ഥം? അച്ഛനില്ലാത്ത
കുട്ടികളെ പ്രസവിയ്‌ക്കുന്നത് പെണ്ണിന്റെ തെറ്റല്ല എന്ന് നമ്മള്‍
മനസ്സിലാക്കുകയല്ലേ വേണ്ടത്?
എന്റെ ശബ്‌ദം കുറച്ച് ഉയര്‍ന്നു പോയെന്നു
തോന്നുന്നു.`ഞാന്‍ ആരെയും കുറ്റപ്പെടുത്തിയതല്ല,' ശങ്കരേട്ടന്‍ ചിരിച്ചു. `ചില
വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ തോന്നുന്നവിഷമം പറഞ്ഞൂന്നു മാത്രം. ഈയിടെയായി ഇത്തരം
സംഭവങ്ങള്‍ കൂടിക്കൂടി വരുന്നുണ്ട്‌എന്നു തനിയ്‌ക്കു
തോന്നീട്ട്‌ല്യേ?'
`ഉണ്ടാവാം. വായനക്കാര്‍ക്ക് ഇത്തരം വാര്‍ത്തകളാണ്
ഇഷ്ടം. അപ്പൊ പത്രക്കാരുംഅതിനൊത്ത് വിളമ്പിക്കൊടുക്കുന്നു.
അല്ലാണ്ടെന്താ?'
`അതു മാത്രമാണ് കാരണം എന്ന് എനിയ്‌ക്കു തോന്ന്‌ണ്‌ല്യ,'
ശങ്കരേട്ടന്‍ പറഞ്ഞു.`നമുക്കെന്തോ പറ്റീട്ട്‌ണ്ട്. ഒക്ടോര്‍ 22-ലെ പത്രത്തില്‍
തൊഴാന്‍ കൊണ്ടുവന്ന തൊണ്ണൂറുകാരി അമ്മയെ ഗുരുവായൂരില്‍ ഉപേക്ഷിച്ചു പോയ വാര്‍ത്ത
വായിച്ചില്ലേ താന്‍? ഒരാഴ്‌ചകഴിഞ്ഞ് കട്ടപ്പനയില്‍ മൂന്നു ദിവസം പ്രായമായ ഒരു
കുട്ടിയെ സഞ്ചിയില്‍ ഉപേക്ഷിച്ച നിലയില്‍കണ്ടെത്തി എന്നു വാര്‍ത്ത. അന്നു തന്നെ
രണ്ടു ചെറ്യേ കുട്ട്യോളെ അമ്മേടെമുന്നില്‍ വെച്ച് കുട്ട്യോളടെ ചെറിയച്ഛന്‍
കഴുത്തറുത്ത് കൊന്നുവെന്ന വാര്‍ത്തേം. അതിന്റെ
പിറ്റേന്ന്
ശാസ്‌താംകോട്ടയില്‍നിന്ന് മദ്യപസംഘം വീട്ടമ്മയെ തുണിയഴിച്ച് റോഡിലൂടെവലിച്ചിഴച്ച
വാര്‍ത്ത. വീടിനടുത്തുള്ള റോഡില്‍ ഇരുന്ന് എന്നും മദ്യപിയ്‌ക്കാറുള്ള സംഘത്തോട്
മറ്റെവിടെയെങ്കിലും പോയി മദ്യപിച്ചുകൂടെ എന്നു ചോദിച്ചതിനായിരുന്നു ഇതുചെയ്‌തത്.
ഒക്ടോ ര്‍ 31-ലെ പത്രത്തില് മുളന്തുരുത്തീല് നിന്നുള്ള വാര്‍ത്ത
ഇതിലൊക്കെബീഭത്സമായിരുന്നു. നാലു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്‌ത്
കുഴിച്ചുമൂടിയത്രേ.അതു ചെയ്‌തതോ അതിന് ഒത്താശ ചെയ്‌തു കൊടുത്ത അമ്മയുടെ രണ്ടു
കാമുകന്മാര്‍!വിശ്വസിയ്‌ക്കാന്‍ പറ്റ്വോ? നമ്മുടെ കേരളത്തിലാണ് ഇതൊക്കെ
നടക്കണത്. തനിയ്‌ക്ക് മനസ്സിലാവണില്യേ?
`കഴിഞ്ഞ ആഴ്‌ചേം സംഭവ
ഹുലമായിരുന്നു ശങ്കരേട്ടാ,' അന്തരീക്ഷത്തിന്‌അല്‍പം ലാഘവം വരുത്താന്‍
ശ്രമിച്ചുകൊണ്ട് ് ഞാന്‍ പറഞ്ഞു. `മുഖ്യമന്ത്രീടെ കാറിനുനേരെ കല്ലേറ്,
കൃഷ്‌ണപ്പിള്ളേടെ സ്‌മാരകം തകര്‍ക്കല്‍, പിന്നെ ശ്വേതാ മേനോന്‍......'ശങ്കരേട്ടന്‍
അതു ശ്രദ്ധിച്ചില്ല. കുറച്ചു നേരം ഒന്നും മിണ്ടാതെയിരുന്നു.
പിന്നെതുടര്‍ന്നു:
`പണ്ടും ഇങ്ങനെയൊക്കെ നടക്കാറുണ്ട്, അത്
പത്രത്തിലൊന്നും വരാഞ്ഞിട്ടാവുംഎന്നാണ് വിലാസിനി പറേണത്. എന്തോ എനിയ്‌ക്കത്
തോന്ന്‌ണ്‌ല്യ. നമുക്കെന്തോ മാറ്റങ്ങളുണ്ട്. പഴയ നന്മകളൊക്കെ പൊയ്‌പ്പോയ പോലെ.
എന്താ തനിയ്‌ക്കു തോന്നണത്?'`പഴയ കാലത്തെ പ്രകീര്‍ത്തിയ്‌ക്കണത് ഒരു ഫാഷനാണ്
ഇപ്പോള്‍,' ഞാന്‍ പറഞ്ഞു. `അതു ശരിയല്ല ശങ്കരേട്ടാ. മനുഷ്യന് അങ്ങനെ
പ്രത്യേകിച്ച് മാറ്റങ്ങളൊന്നും വന്നതായി എനിയ്‌ക്കു തോന്നുന്നില്ല.'
`എന്തോ
എനിയ്‌ക്ക് ഒന്നും മനസ്സിലാവണില്യ,' ശങ്കരേട്ടന്‍ പിന്നെയും കുറച്ചുനേരം
ചിന്തയിലാണ്ട് ഇരുന്നു. `പത്രം വായിയ്‌ക്കല് വിലാസിനിയ്‌ക്ക് വല്യെ
അദ്ധ്വാനായിട്ടുണ്ട് ഈയിടെയായിട്ട്. ഒറക്കെ വായിച്ചു തരണലോ. അതുകൊണ്ട് ് നാളെ
മുതല്‍ പത്രംവായിച്ചുതരണ്ട എന്നു പറഞ്ഞിരിയ്‌ക്കുകയാണ് ഞാന്‍. എന്നാല്‍പ്പിന്നെ
എനിയ്‌ക്ക്‌ഇതൊന്നും കാണേം കേള്‍ക്കേം വേണ്ടല്ലോ.'
ഊണിനുള്ള
സമയമായിരിയ്‌ക്കുന്നു എന്ന് ആതിഥേയരിലൊരാള്‍ വന്നറിയിച്ചു.ഞാന്‍ ശങ്കരേട്ടനെ
എഴുന്നേല്‍പ്പിച്ചു. കൈ കഴുകാനുള്ള സ്ഥലത്തേയ്‌ക്ക് കൈപിടിച്ചു നടത്തുമ്പോള്‍
ശങ്കരേട്ടന്‍ പറഞ്ഞു: `കണ്ണും കാതും പതുക്കെയായപ്പൊ ഓര്‍മ്മശക്തി
പതിവിലുംഷാര്‍പ്പായി. വായിച്ചതൊക്കെ, സ്ഥലോം തീയതീം പേരും അടക്കം വിശദായിട്ട്
മനസ്സിലങ്ങനെ കെടക്കാണ്. ഓര്‍ക്കണ്ട എന്നു വിചാരിച്ചിട്ടും ഫലം കിട്ടണില്യ,' ഒരു
ദീര്‍ഘനിശ്വാസത്തോടെ ശങ്കരേട്ടന്‍ തുടര്‍ന്നു. `ഇതൊക്കെ ഒന്ന് മറക്കാന്‍ പറ്റണേ
എന്നാ ഇപ്പൊ എന്റെ പ്രാര്‍ത്ഥന.'
ശങ്കരേട്ടന്റെ കയ്യ് സിങ്കിലേയ്‌ക്കു
നീട്ടിപ്പിടിപ്പിച്ച് ഞാന്‍ ടാപ്പ് അമര്‍ത്തി. വെള്ളം വേണ്ടതിലധികം ഊക്കില്‍
ചീറ്റിത്തെറിച്ച് ശങ്കരേട്ടന്റെ ഷര്‍ട്ടും മുണ്ടും നനഞ്ഞു.