Image

സുസ്‌മേരം, സുസ്മിതം, സ്മൃതിമധുരം- കെ.എ. ബീന

കെ.എ. ബീന Published on 11 November, 2013
സുസ്‌മേരം, സുസ്മിതം, സ്മൃതിമധുരം- കെ.എ. ബീന
 അസമിലെ ഗുവാഹത്തിയിലെ താമസക്കാലത്തെ  മൂന്നുമാസത്തിനിടയില്‍ നടക്കുന്ന മൂന്നാമത്തെ വീടുമാറ്റമായിരുന്നു അത്.  കള്ളന്മാരുടെ ഭീഷണിയുയര്‍ത്തുന്ന വീട്ടുടമസ്ഥനും അയല്‍വാസിയും കൂടി സൃഷ്ടിച്ച വിഭ്രാന്തികള്‍ക്കൊടുവില്‍ കണ്ടെത്തിയതാണ് ആ ഫ്‌ളാറ്റ്.  മുകളിലത്തെ നിലയിലെ വലതുവശത്തെ ഫ്‌ളാറ്റാണ് ഞങ്ങള്‍ എടുത്തിരിക്കുന്നത്.  കൈവണ്ടിയില്‍ വീട്ടുസാധനങ്ങള്‍ മാറ്റുന്നത് അസമിലെത്തിയശേഷം മന:ക്ലേശമുണ്ടാക്കാത്ത ഒന്നായി തീര്‍ന്നിട്ടുണ്ടായിരുന്നു.  എത്രയേറെ വലിയ ജോലിയും നിസ്സാരതുകയ്ക്ക് (2002-2004 കാലഘട്ടം) ചെയ്തു കിട്ടുന്ന നാടാണത്.  വീടുമാറ്റത്തിന് ചിലവ് 300-400 രൂപയിലേറെ വരാറില്ലായിരുന്നു.
വലിയൊരു വീടാണ് ജെ.പി. ബറുവ എന്ന വീട്ടുടമസ്ഥന്‍ ഞങ്ങള്‍ക്ക് തന്നിരിക്കുന്നത്.  വിശാലമായ സ്വീകരണമുറി, പഠനമുറി അങ്ങനെ.  മൂന്നാം നിലയില്‍ നിന്ന് താഴേയ്ക്ക് നോക്കുമ്പോള്‍ അതിമനോഹരമായ പൂന്തോട്ടം - വളരെ ശ്രമപ്പെട്ട് പരിപാലിക്കുന്നതാണെന്ന് കണ്ടാലറിയാം.  മനസ്സ് നിറഞ്ഞു.  എത്രയേറെ പൂക്കള്‍, ചെടികള്‍, ചെത്തിയൊരുക്കിയ പുല്‍ത്തകിടി, പാറിപ്പറക്കുന്ന പൂമ്പാറ്റകള്‍, നിറങ്ങളുടെ നൃത്തം കണ്ട് കണ്ണ് നിറഞ്ഞു.  ഒരു ചെടി പോലും നടാതെ, വെള്ളമൊഴിക്കാതെ, തീരെ അദ്ധ്വാനിക്കാതെ മൂന്നു വശവും പൂങ്കാവനം കണ്ട് ജീവിക്കുക - പുതിയ ഫ്‌ളാറ്റ്  നല്‍കുന്ന സുരക്ഷിതത്വത്തിനൊപ്പം, മനസ്സിന് മനോഹാരിത കൂടി വാഗ്ദാനം ചെയ്യുന്ന സന്തോഷത്തില്‍ വീടൊരുക്കുകയായിരുന്നു.
കാളിംഗ് ബെല്‍ ഒച്ച മുഴങ്ങി.  വാതില്‍ തുറക്കുമ്പോള്‍ വെളുത്ത് മെലിഞ്ഞ് ഒരു യുവതി.  മുഖത്ത് പൂങ്കാവനം പോലെ ചിരി, ആനന്ദം.
''ഞാന്‍ ഈ ഫ്‌ളാറ്റിലെ താമസക്കാരി.  സുസ്മിത.''
തൊട്ടപ്പുറത്തെ വാതില്‍ ചൂണ്ടി അവള്‍ പറഞ്ഞു.  അവള്‍ ചിരിച്ചുകൊണ്ടേയിരുന്നു, കിലുങ്ങുന്ന ചിരി, നിറമുള്ള ചിരി, ചന്തമുള്ള ചിരി.
''സുസ്മിത - പേര് നല്ല ചേരുന്നുണ്ട്, ഇങ്ങനെ ചിരിക്കുന്ന ഒരാള്‍ക്ക് മറ്റെന്ത് പേരാണ് ചേരുക?''
''അച്ഛനിട്ട പേരാണ് ഭാബിജീ, ഞങ്ങള്‍ ഒറീസക്കാരാണ്.  കട്ടക്കിനടുത്തുള്ള ഗ്രാമത്തിലാണ് ജനിച്ച് വളര്‍ന്നത്.  ഭര്‍ത്താവിന് ഇവിടെയാണ് ജോലി.  രണ്ട് മക്കള്‍ ചോട്ടുവും, ബാബുവും.  അഞ്ചും ആറും വയസ്സുണ്ട്.  ഭയങ്കര വികൃതികളാണ്.  ഭാബിജി അടുപ്പിക്കണ്ട.  ശല്യമാകും.''
വാ തോരാതെ വര്‍ത്തമാനം പറഞ്ഞ് അവളെനിക്കൊപ്പം അടുക്കളയിലെത്തി.  പാത്രങ്ങളുടെ കെട്ടുകള്‍ പൊട്ടിച്ച് അടുക്കുന്ന ജോലി സ്വയമേറ്റെടുത്ത് പറഞ്ഞു.
''ഭാബിജി പോയി വിശ്രമിക്ക്.  വീടുമാറ്റം കൊണ്ട് ക്ഷീണിച്ചു കാണും.  ഞാനിപ്പോള്‍ അടുക്കള ശരിയാക്കിത്തരാം.''
ഞാന്‍ തടഞ്ഞു.
''വേണ്ട, വേണ്ട, ഞാന്‍ പതുക്കെ ഒതുക്കി വച്ചോളാം, സുസ്മിത വരൂ.  നമുക്ക് മുന്‍വശത്തെ മുറിയിലിരിക്കാം.''
''ഭാബിജി ഒറ്റയ്ക്ക് ഇതെല്ലാം ചെയ്യേണ്ട, ഞാന്‍ ചെയ്തു തരാമെന്നേ.''
ഒന്ന് രണ്ട് മണിക്കുറിനുള്ളില്‍ അടുക്കള ചിട്ടയും വെടിപ്പുമാര്‍ജ്ജിച്ച് എന്റെ മുന്നില്‍ നിന്നു.
സുസ്മിതയുടെ ചിരി അവിടെ വെളിച്ചം നിറച്ചു.
അതിനിടയില്‍ അവളുടെ ഗ്രാമവും, അവിടുത്തെ കൃഷിയിടങ്ങളും വീടും അച്ഛനും അമ്മയും ഭര്‍ത്താവിന്റെ വീടും വീട്ടുകാരും എന്തിന് പശുക്കളും കോഴികളും വരെ എന്റെ മനസ്സില്‍ ചേക്കേറി കഴിഞ്ഞിരുന്നു.  നിര്‍ത്താതെ ചിരിച്ച് കൊണ്ട് സുസ്മിത പിന്നെയും കഥകള്‍ പറഞ്ഞു കൊണ്ടിരുന്നു.
പെട്ടന്നെന്തോ ഓര്‍ത്തതു പോലെ അവള്‍ പറഞ്ഞു.
''ഓ, ഓപ്പു (അപ്പു)വിനും ഭയ്യ (സഹോദരന്‍, ബൈജു) ക്കും വിശക്കുന്നുണ്ടാവും.  ഞാന്‍ പോയി ഭക്ഷണം കൊണ്ടുവരാം.  ഭാബിജിക്കും നല്ല വിശപ്പ് കാണും.  ഇതാ വരുന്നു.''
ഞാന്‍ അമ്പരന്നു നിന്നു പോയി, അമിതസ്‌നേഹം കാണിക്കുന്ന മനുഷ്യരെ വിശ്വസിക്കണോ, അവിശ്വസിക്കണോ എന്ന് പലപ്പോഴുമുണ്ടാകാറുള്ള സന്ദേഹം - ഞാനതില്‍പ്പെട്ട് വലഞ്ഞു.  നന്മയുടെ, സ്‌നേഹത്തിന്റെ കുത്തൊഴുക്കുകള്‍ മിഥ്യയോ യാഥാര്‍ത്ഥ്യമോ എന്ന് സംശയിക്കാതിരിക്കാന്‍ അന്നെനിക്ക് കഴിഞ്ഞില്ല.  ഒരു നിമിഷം കൊണ്ട് സ്വന്തമാകുന്ന സ്‌നേഹപ്രപഞ്ചം - അത് സാധ്യമോ?
പക്ഷെ, പിന്നീടുള്ള 18 മാസക്കാലം, അത് ശരിയെന്ന് തെളിയിച്ചു തന്നു.  സുസ്മിത സത്യമായിരുന്നു, അവളുടെ ചിരിയും സത്യമായിരുന്നു.  അത്യപൂര്‍വ്വമായി ഭൂമിയില്‍ വിരിയുന്നൊരു പൂവ് - അത് തന്നെയായിരുന്നു സുസ്മിത.  ഗുവാഹത്തിയിലെ ജീവിതം സമ്പന്നമാക്കിയ ഒരനുഭവം തന്നെയായിരുന്നു അവളോടുള്ള സൗഹൃദം.
അന്ന് സുസ്മിത മടങ്ങി വന്നത് ചൂട് പൊങ്ങുന്ന ആലൂപറാത്തായും, രാജ്മാകറിയുമായിട്ടായിരുന്നു.  പിന്നീടെത്രവട്ടമാണ് അവള്‍ അത്തരം വിഭവങ്ങളൊരുക്കി ഊട്ടിയിട്ടുള്ളത് - ഇഡ്ഡലിയും പുട്ടും ഇടിയപ്പവും ദോശയും സാമ്പാറുമൊക്കെ ഉണ്ടാക്കി നല്‍കി  ഞാനവളെയും (കുടുംബത്തെയും) ഊട്ടി.  വളരെ പെട്ടെന്ന് തന്നെ ഞങ്ങളുടെ അടുക്കളകള്‍ക്ക് (പിന്നില്‍ നിന്ന് തുറക്കാവുന്ന അടുക്കളകളായിരുന്നു ഞങ്ങളുടേത്) പൂട്ടുകള്‍ ഇല്ലാതായി, രണ്ട് അടുക്കളകളും എപ്പോഴും തുറന്നു തന്നെ കിടന്നു.  എനിക്ക് തിരക്കുള്ളപ്പോഴൊക്കെ അവളെന്റെ അടുക്കളയില്‍ ആഹാരമുണ്ടാക്കിവച്ച് പോയിരുന്നു.  ഞാനവളുടെ അടുക്കളയിലും ഭക്ഷണമുണ്ടാക്കി.  പിന്നെപ്പിന്നെ ഒരടുക്കളയില്‍ മാത്രമായി പാചകം.  വിഭവങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് തീരുമാനിച്ച് ഒന്നിച്ചുണ്ടാക്കി പകുത്തെടുത്ത് ഞങ്ങള്‍ ആഹാരത്തിലൂടെയും സ്‌നേഹിക്കാന്‍ ശീലിച്ചു.  അനേ്യാന്യം പാചകം പഠിപ്പിക്കുന്നതിനും സമയം കണ്ടെത്തി.  അവളെന്നെ ഒറീയ വിഭവമായ 'ഖാണ്ടൂ'വും മറ്റ് പലഹാരങ്ങളും ഉണ്ടാക്കാന്‍ പഠിപ്പിച്ചു.  കടല, ശര്‍ക്കര, പച്ചക്കറികള്‍ ഒക്കെ ചേര്‍ത്തുണ്ടാക്കുന്നതാണത്.  പിറന്നാളുകള്‍ക്ക് ഒറീസക്കാര്‍ ശര്‍ക്കരയും അരിപ്പൊടിയും ചേര്‍ത്തുണ്ടാക്കുന്ന പ്രതേ്യക വിഭവം അവള്‍ ഞങ്ങളുടെ പിറന്നാളുകള്‍ക്കും ഉണ്ടാക്കിത്തന്നു.  ആലു പറാത്ത, ഗോബീ പറാത്ത, ചില്ലി ചിക്കന്‍, വിവിധതരം പകോഡകള്‍ തുടങ്ങി അവള്‍ പഠിപ്പിച്ച നിരവധി വിഭവങ്ങളുണ്ട്.  അപ്പമുണ്ടാക്കാനും, സ്റ്റ്യൂവുണ്ടാക്കാനും സുസ്മിതയ്ക്ക് ഞാന്‍ ക്ലാസ്സെടുത്തു.  ഞായറാഴ്ചകളില്‍ ബല്‍ത്തോല മാര്‍ക്കറ്റില്‍ നിന്ന് കപ്പ വാങ്ങിക്കൊണ്ടു വന്ന് പുഴുങ്ങി അവളെയും ഞാന്‍ കഴിപ്പിച്ചു.  അക്കാലത്ത് അപ്പു സ്‌കൂളില്‍ നിന്ന് മടങ്ങി വരുമ്പോള്‍ മനസ്താപമില്ലാതെ ഞാന്‍ ഓഫീസിലിരുന്നു - എനിക്ക് ഉറപ്പായിരുന്നു സ്‌കൂള്‍ വിട്ട് വരുന്ന സ്വന്തം കുട്ടികള്‍ക്കൊപ്പം അപ്പുവിനും സുസ്മിത ചൂടോടെ ഭക്ഷണം ഉണ്ടാക്കി നല്‍കുമെന്ന്. 
നാട്ടില്‍ നിന്ന് ആയിരക്കണക്കിനകലെ സാധാരണഗതിയില്‍ ഒറ്റപ്പെട്ടു പോകുമായിരുന്ന ഗുവാഹത്തി ജീവിതകാലത്ത് സുസ്മിത ചിരിയും, ഭക്ഷണവും കൊണ്ട് മാത്രമല്ല ചൈതന്യം നിറച്ചത്.  താഴെ ജെ.പി. ബറുവ ഉണ്ടാക്കിയ പൂങ്കാവനം പോലെ മനോഹരമായ ഒരതിശയം അവള്‍ എനിക്കായി ഒരുക്കിവച്ചിരുന്നു - സാറ്റിന്‍ തുണികള്‍ കൊണ്ട് പൂക്കളുണ്ടാക്കുന്ന മാസ്മരവിദ്യ. അതവളെനിക്ക് പങ്കുവച്ചു.  റോസാപ്പൂക്കളുടെയും ചെമ്പരത്തിപ്പൂക്കളുടെയും, ഡാലിയകളുടെയും മറ്റ് പത്ത് നാല്‍പ്പതുതരം പൂക്കളുടെയും ഇലകളും തണ്ടുകളും ഇതളുകളും പൂമ്പൊടിയുമൊക്കെ ഉണ്ടാക്കി ഞങ്ങളൊരുക്കിയ പൂക്കളുടെ പ്രപഞ്ചം - ഇന്നും എന്റെ വീട്ടില്‍ അവളുടെ ഓര്‍മ്മ ഉണര്‍ത്തി അവയുണ്ട്.  അപൂര്‍വ്വമായ, ആനന്ദമേകുന്ന ഒരു കലയാണ് പൂക്കളുടെ നിര്‍മ്മാണം എന്ന് സുസ്മിതയിലൂടെയാണ് ഞാനറിഞ്ഞത്. 
മൂന്ന് മണിയോടെ സന്ധ്യ കടന്നുവരുന്ന നീണ്ട ശീതകാലത്ത് രാത്രികളുടെ വിരസത പൂക്കളുണ്ടാക്കി ഉണ്ടാക്കിയാണ് ഞങ്ങള്‍ ഒഴിവാക്കിയത്.  എന്റെ മുറി ഹിന്ദി പൂര്‍ണ്ണ ഹിന്ദിയായിത്തീര്‍ന്നതും സുസ്മിതയുടെ പൂവ് നിര്‍മ്മാണക്ലാസ്സുകളിലൂടെ ആയിരുന്നു.  സ്വിറ്റ്‌സര്‍ലണ്ടുകാരിയായ ഒരു സ്ത്രീയാണവളെ പൂക്കള്‍ ഉണ്ടാക്കാന്‍ പഠിപ്പിച്ചത്, സന്തോഷത്തോടെ അവളതെനിക്ക് പറഞ്ഞു തന്നു.  ഫാന്‍സി ബസാറിലെ ''ഫൂല്‍ കാ ദൂക്കാന്‍''  തേടി ഞങ്ങള്‍ ഒരുമിച്ച് അലഞ്ഞു.  ചുവപ്പ്, പിങ്ക്, മഞ്ഞ, വെള്ള അങ്ങനെ പലനിറങ്ങളിലുള്ള സാറ്റിന്‍ റിബ്ബണുകള്‍, പൂമ്പൊടികള്‍ ഉണ്ടാക്കാനുള്ള പൗഡറുകള്‍, പ്രതേ്യകതരം പശകള്‍, തണ്ടുകള്‍ക്ക് വേണ്ടി കമ്പിക്കടകളില്‍ കമ്പികള്‍, സ്പാനറും കത്രികയും പണിയായുധങ്ങള്‍ വില്‍ക്കുന്ന കടകളില്‍ നിന്ന് - അക്കാലത്ത് ഞാനുറങ്ങുന്നതും ഉണരുന്നതും പൂക്കളോടൊപ്പമായിരുന്നു.  പുതിയ പുതിയ പൂവുകള്‍ ഉണ്ടാക്കുന്നതിന് വേണ്ടി ഇന്റര്‍നെറ്റില്‍ അലഞ്ഞു നടന്നു.  ഉണ്ടാക്കിയ പൂക്കള്‍ക്ക് എന്റെ ജീവന്റെ അംശം ഊതി നല്‍കി.  സുസ്മിത ഒരുക്കിയ ആ പൂക്കാലത്തിന്റെ ചന്തം ഇന്നും മങ്ങാതെയുണ്ട് മനസ്സില്‍.
അവിടെവച്ച് നേരിടേണ്ടിവന്ന എല്ലാ പ്രതിസന്ധികളിലും അവള്‍ ഒപ്പമുണ്ടായിരുന്നു.  ഒരിക്കല്‍ ഒന്നര മാസത്തോളം നീണ്ട് വന്ന വയറിളക്കം പിടിപെട്ട് ഞാന്‍ വലഞ്ഞു.  അവളാണ് വീണു പോകാതെ എന്നെ താങ്ങിയത്: ഭക്ഷണത്തിലൂടെയും മറ്റ് സഹായങ്ങളിലൂടെയും.  സ്‌പോണ്ടിലെറ്റിസ് പിടിച്ച് കിടക്കേണ്ടി വന്നപ്പോള്‍, കാലുളുക്കി നടക്കാന്‍ വയ്യാതെ വന്നപ്പോള്‍ ബൈജുവിനും അപ്പുവിനും (എനിക്കും) അവള്‍ അന്നദാതാവായി.  അത്തരം അവസ്ഥകളിലൊക്കെ ആഹാരത്തേക്കാള്‍ അവളുടെ പരിചരണവും സാമീപ്യവും നല്‍കിയ സാന്ത്വനം മറക്കാനാവില്ല.
എപ്പോഴും തുറന്നുകിടന്ന വാതിലുകളിലൂടെ ചോട്ടുവും ബാബുവും ഓടിപ്പാഞ്ഞു കളിച്ചു കൊണ്ടേയിരുന്നു.  അപ്പു ഭയ്യായ്ക്ക് നാട്ടില്‍ നിന്നകലയാണെന്ന് തോന്നലുണ്ടാകാന്‍ അവസരം നല്‍കാതെ.
എഴുതാന്‍ ഒരുപാടുണ്ട് - ഏതു നാട്ടില്‍ പോയാലും സ്‌നേഹം എനിക്കായി കാത്തു നില്‍ക്കും എന്ന ധൈര്യം സുസ്മിത നല്‍കി എന്നതാണ് വലിയ കാര്യം.
ഗുവാഹത്തി ജീവിതം അത്ര സുഗമമോ സുരക്ഷിതമോ ഒന്നും ആയിരുന്നില്ല.  ബോംബ് സ്‌ഫോടനങ്ങള്‍, കലാപങ്ങള്‍, കര്‍ഫ്യൂകള്‍, ഉല്‍ഫയുടെയും മറ്റും ഭീഷണികള്‍, ഔദേ്യാഗികപരമായി അന്യനാട്ടുകാര്‍ എന്ന നിലയില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍.  തൊട്ടപ്പുറത്തെ  വീട്ടില്‍ നിറഞ്ഞു നിന്ന കരുതലും സ്‌നേഹവും ഏതു ഘട്ടത്തിലും ആശ്വാസം പകര്‍ന്നു .
എന്നിട്ട്,
അതൊരു വലിയ കഥ.  ചിരിക്കാന്‍ മാത്രം കഴിയുന്ന സുസ്മിത കരഞ്ഞ കഥയാണത്.
ഒരു ഉച്ചയ്ക്ക് അവള്‍ പാഞ്ഞു വന്നു.  കണ്ണീരൊഴുകുന്നുണ്ട്.
''ഭാബിജീ, എന്തോ വലിയ കുഴപ്പമാണ്.  ഭര്‍ത്താവ് ഒളിവില്‍ പോയിരിക്കുന്നു.  പോലീസ് ഫോണില്‍ വിളിച്ചു കൊണ്ടേയിരിക്കുന്നു.  അമൂല്‍ പൗഡറില്‍ വിഷം ചേര്‍ന്നുവെന്ന് എന്തോ കേസില്‍ (അമൂലിന്റെ റീജണല്‍ ഡയറക്ടറായിരുന്നു സുസ്മിതയുടെ ഭര്‍ത്താവ് പാണി) ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുമെന്ന് പറയുന്നു.''
ഞാന്‍ ഞെട്ടി.  പ്രശ്‌നം ഗുരുതരമാണ്, സുസ്മിതയെയും കുട്ടികളെയും കസ്റ്റഡിയിലെടുത്ത് ഒളിവില്‍ പോയ പാണിയെ പുറത്തു കൊണ്ടുവരാന്‍ പോലീസ് ശ്രമിക്കും എന്നുറപ്പാണ്.  ഈ പാവം പെണ്ണിന് പോലീസ് സ്റ്റേഷന്‍ പോയിട്ട് പോലീസിനെ നേരിട്ട് കാണാനുള്ള ശേഷി പോലുമില്ല; കുഞ്ഞുങ്ങളെക്കുറിച്ചോര്‍ത്ത് ഞാന്‍ ഞെട്ടി.
''നിനക്കിവിടെ ബന്ധുക്കള്‍ ആരെങ്കിലും?''
''ഭാംഗാഘറി'' ലുണ്ട്, ഒരമ്മാവന്‍.''
''വേഗം റെഡിയാവൂ, കുറച്ചു ദിവസത്തേക്കുള്ള വസ്ത്രങ്ങളും എടുക്കൂ, എത്രയും വേഗം അവിടെ കൊണ്ടാക്കാം.''
പേടിച്ചരണ്ട സുസ്മിത ഞൊടിയിടയില്‍ വീടു പൂട്ടി വന്നു.  ബൈജു കാറെടുത്തു. വീടിനു മുന്നില്‍ പോലീസ് ഉണ്ടോ എന്ന് നോക്കി ഉറപ്പു വരുത്തി കാര്‍ വിട്ടു.  സുസ്മിതയെയും കുട്ടികളെയും അമ്മാവനെ ഏല്‍പ്പിച്ച് മടങ്ങി വരുമ്പോള്‍ ഗേറ്റിന് മുന്നില്‍ പോലീസ്.  ഞങ്ങള്‍ ഒന്നും അറിയാത്ത മട്ടില്‍ അകത്തേക്ക് പോയി.  പിറ്റേന്ന് രാവിലെ ഞങ്ങളുടെ സാധനങ്ങള്‍ നാട്ടിലേക്കയയക്കണം, ഞങ്ങള്‍ക്കും മടങ്ങണം, ഗുവാഹത്തി ജീവിതത്തിന്റെ അവസാനരാത്രിയാണ്.  പായ്ക്കിംഗും മറ്റുമായി ബാക്കി പകല്‍ തിരക്കിട്ട് കടന്നു പോയി. 
രാത്രി ക്ഷീണിച്ച് ഉറങ്ങാന്‍ കിടക്കുമ്പോഴും മനസ്സ് ആധികൊണ്ട് മൂത്തു - ''സുസ്മിതയുടെ കാര്യം എന്താവും?''  ഉറങ്ങി തുടങ്ങി ഏറെ നേരമായില്ല, കതകില്‍ ഉച്ചത്തിലാരോ മുട്ടുന്നത് കേട്ടുണര്‍ന്നു.
വാതില്‍ തുറക്കുമ്പോള്‍ പോലീസ്.  അവര്‍ കഥകളറിയിച്ചു.
''അപ്പുറത്തെ വീട്ടുകാരെ തപ്പി ഇറങ്ങിയിരിക്കുകയാണ്.  വല്ല വിവരവും ഉണ്ടോ?''
ഞങ്ങള്‍ നിഷ്‌ക്കളങ്കതയോടെ നിസ്സഹായത അറിയിച്ചു.
''ഞങ്ങള്‍ നാളെ കേരളത്തിന് മടങ്ങുകയാണ്.  പായ്ക്കിംഗിന്റെ തിരക്കിലായിരുന്നു.  ഇന്ന് അവരെ കണ്ടിട്ടേയില്ല, ഇന്നലെയും കണ്ടില്ല.''
പോലീസ് അത്ര പെട്ടെന്ന് വിശ്വസിക്കുമോ.  അവര്‍ വീടു മുഴുവന്‍ അരിച്ചു പെറുക്കി.  ഓരോ പായ്ക്കറ്റും കുത്തിനോക്കി.  മറിച്ചിട്ടു.  ഞങ്ങളുടെ സത്യസന്ധത ബോധ്യമായപ്പോള്‍ പോലീസിന്റെ മേധാവി അനുമോദിച്ചു.
''അച്ചാ പായ്ക്കിംഗ് ഹൈ (നല്ല പായ്ക്കിംഗ്).''
അവര്‍ പോയി. ദീര്‍ഘനിശ്വാസം വിട്ട് ഞാന്‍ ബൈജുവിനോട് ചോദിച്ചു.
''അപ്പോള്‍ അവളുടെ സ്വര്‍ണ്ണം, പണം?''

ബൈജു ഒന്നും പറഞ്ഞില്ല.  പിറ്റേന്ന് രാവിലെ സാധനങ്ങള്‍ ലോറിയില്‍ കയറ്റാന്‍ ചുമട്ടുകാര്‍ വന്നു.  സുസ്മിതയുടെ വീടിന് കാവല്‍ നിന്ന പോലീസുകാര്‍ അവരെ സഹായിക്കാന്‍ കൂടി.  പോലീസിന്റെ ശ്രദ്ധ മാറിക്കിട്ടിയപ്പോള്‍ ഞങ്ങള്‍ സുസ്മിതയുടെ അടുക്കള വാതില്‍ താക്കോലിട്ട് തുറന്ന് അകത്ത് കടന്ന് അവളുടെ സ്വര്‍ണ്ണവും പണവും വില കൂടിയ വേഷങ്ങളും ഒരു ബാഗിലാക്കി.  പുറത്ത് കടന്ന് വാതില്‍ പൂട്ടി ഒന്നുമറിയാത്തതു പോലെ മറ്റ് ചില ബാഗുകളുമായി താഴേക്കിറങ്ങി.  കാറില്‍ കയറി നേരെ ഭാംഗാഘറിന് വിട്ടു.  ബാഗ് സുസ്മിതയെ ഏല്‍പ്പിച്ച് യാത്ര പറഞ്ഞു.  അവള്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു.
പിരിയുകയാണെന്ന ബോധം എന്റെ കണ്ണുകളെയും നിറച്ചു.  കെട്ടിപ്പിടിച്ച് ഉമ്മവച്ച് അവളെയും മക്കളെയും പിരിഞ്ഞ് ഞങ്ങള്‍ മടങ്ങി.  ഞങ്ങളുടെ സാധനങ്ങളും ഞങ്ങളും നാട്ടിലെത്തി.  തിരുവനന്തപുരത്ത് ജീവിതം എ ബി സി ഡി എഴുതിത്തുടങ്ങി. 
ഫോണില്‍ സുസ്മിത വീണ്ടും ചിരിച്ചു.  കുറേ മാസങ്ങള്‍ നീണ്ട ഒളിവ് ജീവിതത്തിനൊടുവില്‍ അവരുടെ ജീവിതം പഴയതു പോലെയായി.  അമുല്‍ കമ്പനി കേസ് ഏറ്റെടുത്ത് നടത്തി.  പാണിയെ കുറ്റവിമുക്തനാക്കി, കൊല്‍ക്കത്തയിലേക്ക് സ്ഥലംമാറ്റം കൊടുത്തു.  സുസ്മിതയും കുടുംബവും കൊല്‍ക്കത്തയിലേയ്ക്ക് മാറി.
സുസ്മിത ചിരിക്കിടയില്‍ തന്നെ പറഞ്ഞു.
''ഭാബിജി, അത് വെറുതെ ഉണ്ടാക്കിയ കേസായിരുന്നുവെന്ന്.  മറ്റ് നാട്ടുകാരെ അവിടുത്തുകാര്‍ക്ക് ഇഷ്ടമില്ലല്ലോ.  ആ ദേഷ്യം തീര്‍ക്കാനെന്ന്.''
മനസ്സില്‍ സുസ്മിത വീണ്ടും ചിരിയായി മാറിയതിന്റെ സമാധാനം ചെറുതായിരുന്നില്ല.  ഇപ്പോഴും അവളെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ നിറയെ പൂക്കള്‍ വിടരാറുണ്ട്.  ഏതോ നാട്ടില്‍ വിരിഞ്ഞ പൂക്കള്‍, എവിടുന്നൊക്കെയോ വന്നു ചേരുന്ന മനുഷ്യര്‍, സ്‌നേഹം കൊണ്ട് ഒന്നാവുന്ന മായാജാലം - ആരാണ് ആ മായാജാലമൊരുക്കുന്നത്?  ആരൊരുക്കിയാലും ഞാനാ മായാജാലത്തിന്റെ ഇഷ്ടക്കാരിയാണ്. 
ഒരു വര്‍ഷം മുമ്പ് ഞാനൊരു കാറു വാങ്ങി.  കാര്‍ ഗേറ്റ് കടന്നുവന്നത് നിറഞ്ഞ ചിരിയോടെയാണ്.  മനോഹരമായി ചിരിക്കുന്ന വെളുത്ത ചെറിയ കാര്‍ - പെട്ടന്നെനിക്ക് തോന്നി, ഇവള്‍ സുസ്മിത.  എന്റെ പ്രിയ സുസ്മിത.  ആ നിമിഷം കാറിന് ഞാന്‍ പേരിട്ടു.  സുസ്മിത.  എന്നും എപ്പോഴും കാറില്‍ കയറും മുമ്പ് ഞാന്‍ മറക്കാതെ പറയും.
''സുന്ദരീ, സുസ്മിതേ, നീ ചിരിച്ചു കൊണ്ടേയിരിക്കുക, ചിരിപ്പിച്ചു കൊണ്ടേയിരിക്കുക.  നിനക്ക് മംഗളം ഭവിക്കട്ടെ, എനിക്കും മംഗളം വരട്ടെ.  നമുക്ക് പോകാം.''
അങ്ങനെ സുസ്മിതയുമായി ഞാനിന്നും കഴിയുന്നു.

***

















































































































































































































































































































































































































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക