Image

മുട്ടത്ത് വര്‍ക്കിയുടെ ആദ്യ കൃതി- ആത്മാജ്ഞലി(ഭാഗം- 22)

Published on 11 November, 2013
മുട്ടത്ത് വര്‍ക്കിയുടെ ആദ്യ കൃതി- ആത്മാജ്ഞലി(ഭാഗം- 22)

96
അമ്മേ! നിന്‍ സുതപാദപത്മ യുഗളം
കാണാകണം, പിന്നെയാ-
ബ്രഹ്മാനന്ദ സുധാനുഭൂതിയരുളും
മുള്ളിന്‍ കിരീടത്തെയും,
ഓമല്‍ കൈകളി,ലേന്തിടുന്ന കുരിശും
ഒക്ഷസിലെപ്പാടു,മാ
പ്രേമപ്പുഞ്ചിരി പൂണ്ട ദിവ്യ മുഖവും
കാണാന്‍ കടാക്ഷിക്കണം.

97
ഹാ! കഷ്ടം കരയുന്നുവോ? മനുജ! നീ
നിന്‍ ചിത്തമൂഡത്വമീ-
ലോകത്തിന്റെ വിളക്കണച്ചു. പിഴുതാ
ക്കാരുണ്യ കല്‍പ്പദ്രുമം;
വേഗം പോവുക, മാപ്പുനല്‍കു,മവിടാ-
ക്രൂശിന്‍ ചുവട്ടിങ്കലായ്
നീ കാണും സുത രാജ്ഞിയത്തിരുവടി-
യക്കര്‍പ്പിക്ക, ബാഷ്പാഞ്ജലി.

98
എന്നോമല്‍ പ്രിയപുത്ര! നിന്‍തിരുമൊഴി
ത്തേനാസ്വദിക്കാനെനി-
ക്കെന്നൊക്കും മകനേ! തുറക്കു മിഴിയെ-
ന്നാലംബമേ! ജീവനേ!
കണ്ണേ! നിദ്രയിതെന്ത്? വേഗമുണരെന്‍-
സര്‍വ്വസ്വമേ! നീ ചിരി-”
യ്‌ക്കെന്നോതിക്കരയുന്നൊരാ മറിയമാം
ശോകാബ്ധിയെക്കൈതൊഴാം.

99
 ഉത്സംഗത്തിലിരുന്നു കൊച്ചു കരതാര്‍
രണ്ടു ചലിപ്പിച്ചുകൊ-
ണ്ടുത്സാഹത്തൊടു കൊഞ്ചിടുന്ന മകനില്‍
പ്പൊന്നുമ്മ വര്‍ഷിച്ചതും.
വല്‍സന്‍തന്‍ മൃദുമെയ് തണുത്ത പവനന്‍
തട്ടാതെ രക്ഷിച്ചതും,
ചിത്സമ്പന്ന നിനിച്ചിടുന്നു പലതും,
പൊയ് പോയ കാലങ്ങളെ!

100
ശാന്തം! ശാന്ത! മിതാ ശയിപ്പു ഭഗവാന്‍
കന്ന്യാത്മജന്‍, സര്‍വ്വവേ-
ദാന്തങ്ങള്‍ക്കു മഗമ്യനീ ശവകുടീ-
രത്തിങ്കലസ്താസുവായ്,
ക്ലാന്തം പൂമുഖമൊട്ടു താഴ്ത്തിയവിടാ-
ശിഷ്യൗഘ മോടൊത്തു തല്‍
പ്രാന്തത്തില്‍ ചുടുകണ്ണുനീരു പൊഴിയും
മാതാവിനെന്‍ കൂപ്പുകൈയ്!

(തുടരും)


മുട്ടത്ത് വര്‍ക്കിയുടെ ആദ്യ കൃതി- ആത്മാജ്ഞലി(ഭാഗം- 22)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക