ഒക്ടോബര്‍ 31ന് വൈകുന്നേരം തൃശ്ശൂരിലെ നാട്യഗൃഹത്തിനു മുന്നില്‍ കാത്തു
നില്‍ക്കുകയായിരുന്നു. `നാടകസൗഹൃദം' അവതരിപ്പിയ്‌ക്കുന്ന
`തൊഴില്‍കേന്ദ്രത്തിലേയ്‌ക്ക്' എന്ന നാടകം കാണാന്‍ എത്തിയതായിരുന്നുഞങ്ങള്‍.
വാതില്‍ തുറന്നിട്ടില്ല.
അകത്ത് അവസാനനിമിഷങ്ങളിലെ ചില ഒരുക്കങ്ങള്‍
നടക്കുകയാണെന്നു തോന്നി. ഇടയ്‌ക്ക് ആരോ വാതില്‍ തുറന്നപ്പോള്‍ അകത്തുനിന്ന് ഒരു
സംഭാഷണശകലം പുറത്തേയ്‌ക്ക് തെറിച്ചുവീണു. ഉടനെ വാതില്‍ അടയുകയും
ചെയ്‌തു.
പുറത്ത് ആളുകള്‍ കൂടിനില്‍ക്കുന്നുണ്ട്. എം. ജി. ശശിയും ശശിധരന്‍
ദേശമംഗലവും എം. വിനോദും ഹസീനയും മറ്റു നാടകപ്രവര്‍ത്തകരുമുണ്ട്. കാണികളായി
വന്നവര്‍ അധികവും നാല്‍പ്പതു വയസ്സിനു മുകളിലുള്ളവരാണ്. അതില്‍ത്തന്നെ വലിയൊരുഭാഗം
അമ്പതും അറുപതും പിന്നിട്ടവര്‍. ഏതു വിശേഷമായാലും ഇപ്പോള്‍ കാണികളായെത്തുന്നവര്‍
നാല്‍പതു വയസ്സിനു മുകളിലുള്ളവരാണ് എന്ന അറിവ് കുറച്ചുകാലമായുണ്ട്.മുപ്പതിനും
നാല്‍പതിനും ഇടയ്‌ക്കുള്ളവര്‍ ഒന്നോ രണ്ടോ കാണും. മുപ്പതു വയസ്സിനുതാഴെയുള്ളവര്‍
പൊതുസ്ഥലങ്ങളില്‍ എത്താത്തതിനേക്കുറിച്ചുള്ള ആശങ്ക കുറച്ചുകാലമായി ഞങ്ങളെ
പിന്‍തുടരുന്നുണ്ട്.
ഇത്തവണ ആശങ്കയ്‌ക്ക് വേറെയും കാരണങ്ങളുണ്ടായിരുന്നു.
ഇത് 1948-ല്‍ അവതരിപ്പിച്ച നാടകമാണ്. അര നൂറ്റാണ്ടു മുമ്പുള്ള വിഷയം വീണ്ടും
അവതരിപ്പിയ്‌ക്കുമ്പോഴുണ്ടാവാനിടയുള്ള ചെടിപ്പ് മനസ്സിലുടക്കിനിന്നു. എം. ജി. ശശി
പുനര്‍രചന നടത്തി എന്നുകാണുന്നുണ്ട്. എന്നാലും ഈ നാടകത്തിന് ഇപ്പോള്‍ എന്താണ്
പ്രസക്തി? അറുപത്തഞ്ചുവര്‍ഷം മുമ്പുള്ള ചുറ്റുപാടുകളുമായി ഇന്നത്തെ
നമ്പൂതിരിപ്പെണ്‍കിടാങ്ങളുടെ സ്ഥിതിയ്‌ക്ക്‌എന്തു താരതമ്യമാണുള്ളത്? ഇന്ന്
പഠിപ്പിലായാലും പ്രവൃത്തിയിലായാലും മറ്റുള്ളവരോടൊപ്പം നിന്നു പയറ്റാനുള്ള കോപ്പ്
അവര്‍ക്കുണ്ട്. മറ്റുള്ള സമുദായത്തില്‍നിന്നു വിട്ട്‌അവര്‍ക്കു മാത്രമായ
പ്രശ്‌നങ്ങളൊന്നും ഇന്നില്ല. പിന്നെ ഈ നാടകം? മറ്റൊന്നു കരുതി ആശ്വസിയ്‌ക്കുകയാണ്
ചെയ്‌തത്: ഇന്നത്തെ നമ്പൂതിരിപ്പെണ്‍കിടാങ്ങള്‍ അറിയട്ടെ അവരുടെ മുന്‍ഗാമികള്‍
അനുഭവിച്ച സങ്കടങ്ങള്‍. ഇന്നനുഭവിയ്‌ക്കുന്നസ്വാതന്ത്ര്യം എങ്ങനെയൊക്കെയാണ്
കിട്ടിയതെന്നും അവരറിയട്ടെ. ഇന്നത്തെ നമ്പൂതിരിപ്പെണ്‍കിടാങ്ങളുടെ വിലക്കില്ലാത്ത
ജീവിതത്തിന്റെ വിലയ്‌ക്ക് എത്ര ജീവിതങ്ങള്‍ ബലികൊടുത്തുവെന്ന് അവര്‍
മനസ്സിലാക്കട്ടെ.
ആ ചിന്തയും നിലനിന്നില്ല. കാണികളായെത്തിയവരില്‍ അവര്‍
മരുന്നിനു പോലുമില്ലല്ലോ. ഒടുവില്‍ നാടകം കളിച്ചു തീരുമ്പോള്‍ ചുണ്ടില്‍ ഒരു
പരിഹാസച്ചിരി മാത്രമാവുമോബാക്കി? അല്ലെങ്കില്‍ നാടകം മുഴുവന്‍ കണ്ടിരിയ്‌ക്കാന്‍
തന്നെ കഴിയില്ലെന്നുവരുമോ? ഉദ്യമം പരിഹാസ്യമായിപ്പോവാതിരിയ്‌ക്കട്ടെ എന്ന്
സംഘാടകര്‍ക്കു വേണ്ടി പ്രാര്‍ത്ഥിയ്‌ക്കാന്‍ തോന്നി
എനിയ്‌ക്ക്.
നാട്യഗൃഹത്തിന്റെ വാതില്‍ തുറന്നു. കാണികള്‍ ഇരിപ്പിടങ്ങളില്‍
നിറഞ്ഞു. നാടകംപുരോഗമിയ്‌ക്കുമ്പോള്‍ എം. ജി. ശശിയുടെ പുനര്‍രചനയ്‌ക്കും
ഗീതാജോസഫിന്റെ സംവിധാനത്തിനും പിഴവൊന്നും പറ്റിയിട്ടില്ലെന്നു ബോധ്യമായി. ശോഭന,
ശൈലജ, ഇന്ദു, ബീന,ചിത്തിര, ആര്യ, സാവിത്രി തുടങ്ങിയവരുടെ ഉജ്ജ്വലമായ അഭിനയം.
സംഭാഷണങ്ങളില്‍പ്പലതും മിന്നല്‍പ്പിണരുകള്‍ പോലെ നാലു ദിശകളിലേയ്‌ക്കും
പാഞ്ഞുചെന്നു. കെട്ടുതാലിപൊട്ടിച്ചെടുത്ത് ചിത്തിര ഭര്‍ത്താവിനു നേരെ
നീട്ടുമ്പോള്‍ വിദ്യുത്‌തരംഗമേറ്റതു പോലെഞാന്‍
തരിച്ചിരുന്നുപോയി.
അടുക്കളയില്‍നിന്ന് അരങ്ങത്തെത്തിയതുകൊണ്ടു
മാത്രമായില്ല, സ്വന്തം കാലില്‍നില്‍ക്കാനുള്ള സ്വാതന്ത്ര്യം നേടിയേ തീരൂ എന്ന
തിരിച്ചറിവാണ് തൊഴില്‍കേമ്പ്രം എന്നആശയത്തിലേയ്‌ക്കു നയിച്ചത്. പാര്‍വ്വതി
നെന്മിനിമംഗലവും ആര്യാ പള്ളവുമൊക്കെയായിരുന്നു അതിനു നേതൃത്വം നല്‍കിയത്.
ഭര്‍തൃഗൃഹത്തില്‍നിന്ന് ഒളിച്ചോടി എത്തിയകാവുങ്കല്‍ ഭാര്‍ഗ്ഗവിയ്‌ക്കു വേണ്ടി
1948-ല്‍ പാലക്കാട്ടെ ലക്കിടിയിലെ ചെറമംഗലത്തു മനയിലാണ്‌തൊഴില്‍കേന്ദ്രം രൂപം
കൊണ്ടത്. സ്‌തീകളുടെ ആദ്യത്തെ സ്വതന്ത്രകമ്മ്യൂണ്‍.
കേരളത്തില്‍
കമ്മ്യൂണിസ്റ്റുകാര്‍ ചുവടുറപ്പിയ്‌ക്കുന്ന കാലവുമായിരുന്നു അത്.തീര്‍ച്ചയായും
അത് നമ്പൂതിരി സമുദായത്തിലെ പ്രക്ഷോഭങ്ങള്‍ക്ക് ആക്കം കൂട്ടി. ഇ. എം.എസ്സും വി.
ടി.യും പ്രേംജിയും എം ആര്‍. ബി.യും അത്രതന്നെ പ്രശസ്‌തരല്ലാത്ത
നിരവധിപ്രവര്‍ത്തകരും പല വഴിയ്‌ക്കു നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായാണ്
നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങള്‍ അവസാനിച്ചത്. ഔദ്യോഗികമായ
പിരിച്ചുവിടലൊന്നുമുണ്ടായില്ലെങ്കിലും അതോടെ നമ്പൂതിരി യോഗക്ഷേമസഭയുടെ
പ്രവര്‍ത്തനവും നിലച്ചു. ഉദ്ദേശ്യലക്ഷ്യങ്ങള്‍നേടിയാല്‍പ്പിന്നെ സംഘടനകള്‍ സ്വയം
പിരിഞ്ഞു പോവുകയാണല്ലോ നല്ലത്.യോഗക്ഷേമസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമായ
പരിസമാപ്‌തിയായിട്ടാണ്‌ഇ. എം. എസ്സിന്റെ രണ്ടാമത്തെ മന്ത്രിസഭയുടെ ഭൂപരിഷ്‌കരണ
ില്ലു വന്നത്. പണിയെടുക്കാതെ നമ്പൂതിരിമാര്‍ക്കും ഉണ്ണാനാവില്ലെന്ന തിരിച്ചറിവ്
അതോടെയാണ്
പൂര്‍ത്തിയായത്. ഉണ്ടും ഉറങ്ങിയും വെടി പറഞ്ഞും കഴിഞ്ഞിരുന്നവര്‍
അതോടെ പട്ടിണിയിലുമായി. അവര്‍ പഠിയ്‌ക്കാനും ജോലിയെടുക്കാനും നിര്‍ബ്ബന്ധിതരായി.
`ഋതുമതിയായൊരുപെണ്‍കിടാവെന്നാകി-/ലതുമതി ഞായം പഠിപ്പുനിര്‍ത്താന്‍/അവളെന്നും
പിന്നെയടുക്കള തന്നില-/ങ്ങവശമിരുന്നു നരച്ചീടണം/കുടയെടുത്തീടണം
കുപ്പായമൂരണം/കുടിലസമുദായ നീതി നോക്കൂ' എന്ന `ഋതുമതി' നാടകത്തിലെ അവതരണഗാനം
പഴങ്കഥയാക്കിക്കൊണ്ട് നമ്പൂതിരിപ്പെണ്‍കിടാങ്ങളും പഠിയ്‌ക്കാന്‍ തുടങ്ങി. വൈകാതെ
ബിരുദധാരികളല്ലാത്ത പെണ്‍കുട്ടികള്‍ അപൂര്‍വ്വമായി. വിവാഹമാവുന്നതു വരെ പഠിപ്പു
തുടരുക എന്നഒരു നടപ്പു വന്നതോടെ ബിരുദാനന്തരബിരുദക്കാരും ഡോക്ടറേറ്റ് നേടിയവരും
ധാരാളമായി.അതിനു തക്കവണ്ണമുള്ള ഉദ്യോഗമുള്ളവരുമായി.
ഇതിനോടു
കൂട്ടിവായിയ്‌ക്കേണ്ട മറ്റൊന്നുണ്ട്. എണ്‍പതുകളില്‍ കേരളത്തില്‍മറ്റൊരു വലിയ
മാറ്റം നടക്കുകയായിരുന്നു. അമ്പലങ്ങളായ അമ്പലങ്ങളൊക്കെ നവീകരണകലശമാടി. ഒരു വിളക്കു
വെയ്‌ക്കാന്‍ പോലും ആളില്ലാതെ കാടു പിടിച്ചു കിടന്നിരുന്ന നിരവധി അമ്പലങ്ങള്‍
പുനരുദ്ധരിയ്‌ക്കപ്പെട്ടു. ചെമ്പോല മേഞ്ഞും പ്രദക്ഷിണവഴി പിച്ചള പതിച്ചും
ചുറ്റുവിളക്കുകള്‍ പിടിപ്പിച്ചും അലങ്കാരഗോപുരങ്ങള്‍ പണിതും
അമ്പലങ്ങള്‍
കൊട്ടാരസദൃശങ്ങളായി. സപ്‌താഹവും ലക്ഷാര്‍ച്ചനയും മഹാരുദ്രയജ്ഞവും
മുറതെറ്റാതെ നടത്തി ആളേക്കൂട്ടി. മുടങ്ങിക്കിടന്ന പല ഉത്സവങ്ങളും
ആഘോഷപൂര്‍വ്വംകൊണ്ടാടാന്‍ തുടങ്ങി.
ഈ സമയത്തു തന്നെയാണ് നമ്പൂതിരിമാര്‍
വീണ്ടും സമ്മേളിയ്‌ക്കാന്‍ തുടങ്ങിയത്. യോഗക്ഷേമ സഭ എന്ന പേരില്‍ത്തന്നെ.
കേരളത്തില്‍ മാത്രമല്ല പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം അവര്‍ നമ്പൂതിരിമാരാണെന്ന
ഒറ്റക്കാരണത്തില്‍ ഒത്തുചേര്‍ന്നു. പേര് യോഗക്ഷേമസഭ എന്നായിരുന്നുവെങ്കിലും
ആശയത്തില്‍ പഴയതിന്റെ നേരെ എതിരായിരുന്നു അവര്‍.പഴയ സഭ സഞ്ചരിച്ച വഴികളിലൂടെയുള്ള
തിരിഞ്ഞുനടത്തമായിരുന്നു അത്. നമ്പൂതിരിമാര്‍എന്ന `അവശവിഭാഗ'ത്തിന്റെ അവകാശങ്ങള്‍
നേടിയെടുക്കുകയായിരുന്നു പ്രധാനലക്ഷ്യം.ആശയം പ്രചരിപ്പിയ്‌ക്കാന്‍ ആനുകാലികങ്ങള്‍
തുടങ്ങി. വാണിജ്യത്തിനു വേണ്ടി ബാങ്കുകള്‍ തുറന്നു. ഒരു വോട്ട് ബാങ്കാവാനുള്ള
സംഖ്യാബലം ഇല്ലെന്നറിഞ്ഞിട്ടും വെള്ളാപ്പിള്ളിയാവാന്‍ മോഹിച്ചു. തൗര്യത്രികം എന്ന
കടിച്ചാല്‍പ്പൊട്ടാത്ത ബാനറില്‍ സമ്മേളിച്ച്‌കൈകൊട്ടിക്കളിയും ഭരതനാട്യവും കളിച്ചു.
കായികമത്സരങ്ങള്‍ നടത്തി. മുഖ്യധാരയില്‍നിന്നുകൊണ്ട് പയറ്റുന്നതിനു
കോപ്പില്ലെന്നുള്ള സ്വയംപ്രഖ്യാപനം പോലെയായിരുന്നുഅത്. ഇതുകൊണ്ട്
അവശേഷിയ്‌ക്കുന്ന ആത്മവിശ്വാസം പോലും ഇല്ലാതാവുമെന്നു മനസ്സിലാക്കിയില്ല.
നമ്പിയാര്‍-നമ്പീശന്‍-വാരിയര്‍-മാരാര്‍-പിഷാരോടി സമാജങ്ങളേപ്പോലെമറ്റൊരു
സമുദായസംഘടനയെന്നതില്‍പ്പരം ഒരടയാളവും തീര്‍ക്കാന്‍ ഇതേവരെ അവര്‍ക്കു
കഴിഞ്ഞതുമില്ല.
അമ്പലങ്ങള്‍ പുനരുദ്ധരിയ്‌ക്കപ്പെട്ടതോടെ പൂജാരികള്‍ക്ക്
വലിയ പ്രിയമായി. അമ്പതുകളില്‍ `മാറത്തെ ഇഴജന്തു'വിനെ പൊട്ടിച്ചു വലിച്ചെറിഞ്ഞ
നമ്പൂതിരിമാര്‍ ജോലിസാദ്ധ്യതയ്‌ക്കു വേണ്ടി അതു വീണ്ടും തപ്പിയെടുത്തു. അതോടെ ഒരു
കാലത്ത് ഉപേക്ഷിച്ച ഉപനയനവും സമാവര്‍ത്തനവും നിഷ്‌ഠയോടെ ചെയ്‌ത് `മനുഷ്യനെ
നമ്പൂതിരിയാക്കാന്‍' തുടങ്ങി. അതിനെ ന്യായീകരിയ്‌ക്കാന്‍ അവസാന കാലത്ത് വി ടി
ഭട്ടതിരിപ്പാടിന്റെആ വെളിപാട് അതിന്റെ സാരസ്യം പോലും നോക്കാതെ ഉദ്ധരിയ്‌ക്കാനും
മടിച്ചില്ല. വേളി-പെണ്‍കൊട-സംസ്‌കാരങ്ങളുടെ ക്രിയാഭാഗം പൂര്‍വ്വാധികം നിഷ്‌ഠയോടെ
നടത്താനും തുടങ്ങി. എളുപ്പത്തില്‍ പണിയും പണവുമായതോടെ സ്‌കൂളിലും കോളേജിലും പോയി
പഠിച്ചുസമയം കളയേണ്ടതില്ല എന്ന് ഉണ്ണി നമ്പൂതിരിമാര്‍ തീര്‍ച്ചയാക്കി.ഇനി നമുക്ക്
തീവെച്ചുനശിപ്പിയ്‌ക്കണം എന്ന് 1933-ല്‍ വി. ടി. പറഞ്ഞ അതേ അമ്പലങ്ങള്‍ തന്നെയായി
അവരുടെതൊഴില്‍കേമ്പ്രം. നമ്പൂതിരിയെ മനുഷ്യനാക്കാന്‍ ഏതൊക്കെ അനാചാരങ്ങള്‍
അവസാനിപ്പിയ്‌ക്കണമെന്ന് വി. ടി.യും കൂട്ടരും പരിശ്രമിച്ചുവോ അതേ അനാചാരങ്ങള്‍
അന്നത്തെയത്ര രൂക്ഷതയോടെയല്ലെങ്കിലും തിരിച്ചുവന്നു.
അമ്പലങ്ങളിലേയ്‌ക്കു
ചേക്കേറിയ ഉണ്ണിനമ്പൂതിരിമാര്‍. അറിവിന്റെ ഉയരങ്ങളിലെത്തിയ
നമ്പൂതിരിപ്പെണ്‍കിടാങ്ങള്‍. സമുദായത്തെ ഇത് വലിയ ഒരു ധ്രുവീകരണത്തിലേയ്‌ക്കാണ്
നയിച്ചത്. അധികം പഠിച്ച പെണ്‍കുട്ടികള്‍ പഠിപ്പില്ലാത്ത ആണ്‍കുട്ടികളെ
വരിയ്‌ക്കാന്‍ വൈമുഖ്യം കാട്ടിത്തുടങ്ങി. പല പെണ്ണുകാണലുകളും ആണുകാണലുകളായിമാറി.
പലപ്പോഴും തിരസ്‌കാരം പെണ്ണിന്റെ ഭാഗത്തുനിന്നായി. തിന്നാന്‍ പലഹാരത്തിന്റെഅനുവാദം
ചോദിയ്‌ക്കണ്ട എന്ന പണ്ടത്തെ കാട്ടുനീതി തിരിച്ചടിച്ചു. അനുയോജ്യനായവരനെ
കിട്ടാത്തതു കൊണ്ട് പെണ്‍കുട്ടികളില്‍പ്പലരും വിജാതീവിവാഹത്തിനു
മുതിര്‍ന്നു.ആണ്‍-പെണ്‍ അനുപാതത്തില്‍ ഇത് വലിയ വിള്ളലുകളുണ്ടാക്കി. പുതിയ
യോഗക്ഷേമസഭയെ ഇത് അമ്പരപ്പിച്ചു. ഉപസഭകള്‍ വിളിച്ചുകൂട്ടി പെണ്‍കുട്ടികളേക്കൊണ്ട്
വിജാതീവിവാഹംകഴിയ്‌ക്കില്ലെന്ന് പ്രതിജ്ഞയെടുപ്പിയ്‌ക്കുന്നതു വരെയെത്തി ഈ
അമ്പരപ്പ്. പക്ഷേപെണ്‍കുട്ടികളില്‍ ഭൂരിഭാഗവും അത്തരം ഒരു പ്രതിജ്ഞയെടുക്കാന്‍
തയ്യാറല്ല എന്ന ധീരമായനിലപാടെടുത്തതുകൊണ്ട് അവരുടെ ആ ഉദ്യമം പാഴായിപ്പോയി.നാടകം
നടന്ന ഒരു മണിക്കൂറോളം പുതിയ കാലം മറന്നാണ് ഞാനിരുന്നത്. കഥാപാത്രങ്ങളോടൊപ്പം അര
നൂറ്റാണ്ടു മുമ്പുള്ള സംഭവങ്ങളിലൂടെയുള്ള സഞ്ചാരമായിരുന്നുഅത്. ചിലപ്പോള്‍ രോഷം
കൊണ്ടും മറ്റു ചിലപ്പോള്‍ കണ്ണു നിറഞ്ഞും ഇടയ്‌ക്ക് മനസ്സുനിറഞ്ഞ്
ചിരിച്ചും.
നാട്യഗൃഹത്തില്‍ വെളിച്ചം തെളിഞ്ഞപ്പോള്‍ അരങ്ങിലെ നടികള്‍
കാണികളുമായിഇടകലര്‍ന്നു. പുതുതലമുറയിലെ പെണ്‍കുട്ടികള്‍ ആരും നാടകം കാണാന്‍
എത്തിയിട്ടില്ലെങ്കിലും ഇരുപതിനു താഴെ മാത്രം പ്രായമുള്ള ചിത്തിരയും ആര്യയും
സാവിത്രിയും ഇരിപ്പിലും നടപ്പിലും നോട്ടത്തിലുമെല്ലാം മുന്‍ഗാമികളുടെ ധീരത
ഉള്‍ക്കൊണ്ടിരുന്നു. പിന്നിട്ടവഴികളേക്കുറിച്ച് ഇതിനകം അവര്‍ തികച്ചും
ബോധവതികളായിട്ടുണ്ടാവണം. നാടകം
കാണാനെത്താത്ത കൂട്ടുകാരോട് അവര്‍
പറഞ്ഞുകൊടുക്കട്ടെ കാവുങ്കര ഭാര്‍ക്ഷവിയേപ്പറ്റിയും പാര്‍വ്വതി
നെന്മിനിമംഗലത്തേപ്പറ്റിയും ശ്രീദേവി കണ്ണമ്പിള്ളിയേപ്പറ്റിയും
ആര്യാപള്ളത്തേപ്പറ്റിയുമെല്ലാം. അതെ; കക്കാടിന്റെ ഭാഷയില്‍പ്പറഞ്ഞാല്‍ ഓര്‍മ്മകള്‍
ഉണ്ടായിരിയ്‌ക്കണം. ഈ നാടകം വീണ്ടും അവതരിപ്പിച്ചതിന് മറ്റൊരു ന്യായീകരണം
ആവശ്യമില്ല.ഞങ്ങളുടെ കൂടെയുണ്ടായിരുന്ന സിന്ധു നാരായണന്‍ നാടകം തീര്‍ന്നതും
നാട്യഗൃഹത്തില്‍നിന്ന് നേരെ റീജണല്‍ തീയറ്ററിലേയ്‌ക്കോടി. അവിടെ ഏഴു മണിയ്‌ക്ക്
`ദറെസ്റ്റോറന്റ് ഓഫ് മെനി ഓര്‍ഡേഴ്‌സ്' എന്ന ജാപ്പനീസ് നാടകം
കളിയ്‌ക്കുന്നുണ്ട്. നാടകംതീരുമ്പോള്‍ വൈകില്ലേ, തിരിച്ചു പോവുന്നത് ഒറ്റയ്‌ക്കു
വേണ്ടേ എന്ന ഭീതിയൊന്നുംസിന്ധുവിനുണ്ടായിരുന്നില്ല. അതിനുള്ള തന്റേടവും
സ്വാതന്ത്ര്യബോധവും ആ കുട്ടിയ്‌ക്കു ണ്ടായിരുന്നു. ഇക്കാലത്തെ
നമ്പൂതിരിപ്പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ പ്രതിനിധി!