29.സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്
ഇവിടത്തെ പ്രകാശം വിശേഷമാണ്.
അത് മൂക്കറ്റം കുടിക്കേണ്ടി വന്നത്
രക്തവും മഞ്ഞും.
ഇവിടെ എന്തൊക്കെ നടന്നിട്ടില്ല?
വെള്ളോടില്‍ നില്‍ക്കുന്ന കുതിരസവാരിക്കാരന്‍.
കത്തിയെരിയുന്ന വീടുകള്‍.
വറ്റിപ്പോയ കണ്ണീര്‍ചാലുകളുടെ
സിംഫണിയിലേയ്ക്ക് എഴുതിച്ചേര്‍ത്ത
തൊള്ളായിരം ദിവസങ്ങള്‍.
'വേലികളുടെ ഇരുമ്പ് നാടകള്‍'
-ആസക്തനായ കവിയുടെ വാക്കുകള്‍.
കമ്പിവേലികള്‍ക്കപ്പുറത്ത്
ചിലത് കാണാനാണ്
ഞാന്‍ ഇവിടെ വന്നത്.
എന്റെ കണ്ണുകള്‍
നിന്റെ വിശദാംശങ്ങളെ ഒഴിവാക്കി-
ചതുപ്പുനിലം വറ്റിക്കുന്നതും
പിതാവ് പുത്രനെ വധിക്കുന്നത് സങ്കല്പിക്കുന്നതും
ശാന്തമായ ഈ ഗ്രീഷ്മവസതിയില്‍
ആ മരണം പ്രവചിക്കപ്പെടാതെ പോയതും എല്ലാം.
കൊടും തണുപ്പില്‍
എന്തും ഉറഞ്ഞു കട്ടിയാകുന്ന ഹേമന്തകാലത്ത്
ഐസ്‌ക്രീമിനുവേണ്ടി കൈനീട്ടുന്ന
ആളുകളുടെ നിര നീളുന്നു.
ചാലിട്ടുനീങ്ങുന്ന ഉറുമ്പുകളെപ്പോല്‍
ധിക്കാരികള്‍,
യോദ്ധാക്കള്‍ എന്ന നിലയില്‍ തോറ്റിട്ടില്ലാത്തവര്‍
പിന്നെ, അമ്മമാര്‍
മരണം സ്വന്തം ദൗത്യം
നിര്‍വഹിക്കുന്നതു കണ്ട കമിതാക്കള്‍.
നീര്‍ച്ചാലുകളിലെ ജലം ശാന്തമാണ്.
പ്രഭുക്കന്മാര്‍
അവരുടെ മിനുങ്ങുന്ന കാറുകളാല്‍
ചില ഘടനകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
നെവ്‌സ്‌ക്കി പ്രോസ്‌പെക്ടില്‍
മിറന്‍സ്‌ക്കിയിലും
മധുരം നിറഞ്ഞ മുകള്‍തട്ടുകള്‍.
ചുമരുകളെ തുളച്ചുകേറുന്ന സംഗീതം.
ഞാന്‍ ഓര്‍ത്തിരുന്നുപോയി:
സാവകാശം പ്രവഹിക്കുന്ന നദിയുടെ
തീരത്തുനിന്നുകൊണ്ട്
ഒരു കഷ്ണം കറുത്ത റൊട്ടിക്കുവേണ്ടി
കെഞ്ചാന്‍ ഇടയാകുന്നത് എന്തു ഭയങ്കരമാണ്?
30.സമര്‍ക്കണ്ടിലെ സായാഹ്നം
ഞങ്ങള്‍ സറീനയില്‍
തടാകത്തിന്റെ കരയിലെ
ഒറ്റപ്പെട്ട കൊച്ചുവീട്ടില്‍,
തടാകക്കരയില്‍
ക്ഷീണിച്ചുവിളറിയ ഒരു ഫ്രഞ്ചുയുവതി.
-അവള്‍ ആദ്യം
കാലു നനയ്ക്കുന്നു.
പിന്നെ, ജലത്തിലേയ്ക്ക് വഴുതിയിറങ്ങുന്ന
മിനുത്ത മൃദുവായ മാനത്തിന്‍ കീഴില്‍
ഞങ്ങള്‍ അതു കണ്ടുനില്‍ക്കുന്നു.
വൈദ്യുതി നിലച്ചു.
ആരോ സിഗരറ്റിന് തീകൊളുത്തി.
അകലെകാണുന്ന റജിസ്റ്റന്‍ ചത്വരത്തിന്റെ
നിഴല്‍ചിത്രം വരയുവാന്‍ ആ വെളിച്ചമേയുള്ളൂ.
മോസ്‌ക്കോവിനെയും സമര്‍ക്കണ്ടിനെയും
കവച്ചുവെച്ചുകൊണ്ട് വിനോദയാത്രക്കാരുടെ ഇംഗ്ലീഷിനാല്‍
തൊണ്ട വിറപ്പിക്കുന്ന
വികൃതിപ്പിള്ളേര്‍-
ഇവരാണ് പുതിയ നൂറ്റാണ്ടിന്റെ മാതൃകകള്‍.
അവരിലൊരുത്തന്‍, ആലുക് ബേഗ്,
ജ്യോതിശാസ്ത്രജ്ഞന്റെ അതേ പേരുകാരന്‍,
തന്റെ ടെലിസ്‌ക്കോപ്പ്
മെര്‍സിഡസ് ബെന്‍സിന്
മുകളില്‍ പിടിപ്പിച്ചിരിക്കുന്നു.
അത് അവന്റെ
ചാട്ടത്തിന് പുരസ്‌ക്കാരമായി
മരണം നല്‍കുകയും
പ്രേമഭാജനങ്ങളായ റാണിമാരുടെ കവിള്‍ത്തടങ്ങളില്‍
ശില്പികള്‍ ചുംബനത്തിന്റെ ശ്വാശ്വത മുദ്ര ചാര്‍ത്തുകയും
ചെയ്യുന്ന നഗരത്തിലെ
പൊടിപിടിച്ച് വിസ്മൃതിയില്‍ അടിഞ്ഞുപോയ
ചത്വരങ്ങള്‍ക്കപ്പുറം കിടക്കുന്ന
വിശാലതകളെ ഓര്‍മ്മിപ്പിച്ചു.
നിശാവേളകളില്‍
നിശ്ചലതകള്‍ക്കുമേല്‍
നീന്തിത്തുടിക്കും ഗസലുകള്‍.
അന്തലൂസിയയില്‍ നിന്ന് പുറപ്പെടുന്ന
ഈരടികളുടെ ഒരു പരമ്പര.
ഉത്തരാഫ്രിക്കയുടെയും
ബര്‍ബര്‍ മണലാരണ്യത്തിന്റെയും മേലെ
അത് കുതിച്ചുയര്‍ന്നു-
ഒരു റോക്കറ്റ് കണക്കെ.
പിന്നെ, സര്‍ദാരിയയ്ക്കുമേല്‍
വിലാപമായിത്തീര്‍ന്ന്
അത് സമര്‍ക്കണ്ടിലേയ്ക്ക്,
ഞങ്ങള്‍ക്കിടയിലേയ്ക്ക്,
വന്നെത്തുന്നു.
ഞങ്ങളുടെ
ഉര്‍ദുവും ഇംഗ്ലീഷും
പരസ്പരം അര്‍ത്ഥം കണ്ടെത്തുമ്പോള്‍
ഈ ദേശങ്ങളുടെ ചരിത്രം
അമ്മാനമാടുന്ന തുച്ഛമായ
ശകലങ്ങള്‍ മാത്രമാണ് ഞങ്ങള്‍
എന്ന വെളിവ്
മിന്നിത്തെളിയുകയാണ്.
31. മോസ്‌ക്കോ തിയേറ്ററിലെ സായാഹ്നം
കറുപ്പാണ് മുഖംമൂടി.
അവളതണിഞ്ഞു.
അവളുടെ ദേവാലയത്തിന്മേലുള്ള
സുഷിരത്തിനകത്ത്
കറുപ്പ് കോട്ടുവായിട്ടു.
അതിലൂടെ
അവര്‍ അവളെ പുറത്തെത്തിച്ചു.
വെടിയുണ്ട അപ്പോഴും ദേഹത്തുണ്ടായിരുന്നു.
ഗ്രോസ്‌നിയിലെ
അന്നത്തെ വസന്തം.
അന്നവള്‍ വിവേകിയായി.
അത്യുത്സാഹത്തോടെ ജലം.
പതുങ്ങിനടക്കുന്ന ഭീതിയില്ല.
നിഞ്ചയില്‍
നേരത്തേ നടന്ന കൊയ്ത്ത്.
വിള മൂപ്പകാത്തതിന്റെ ബഹളം.
ഇപ്പോഴിതാ,
ഈ ശവസംസ്‌ക്കാരത്തിന്റെ മുഖംമൂടി
അവള്‍ മനഃപ്പൂര്‍വം എടുത്തണിഞ്ഞിരിക്കുന്നു.
ഈ വെടിപ്പുള്ള താടിയെല്ലിന്റെ രേഖയും
ഭംഗിയുള്ള നീണ്ട വിരലുകളും
രാവിന്റെ രാജ്ഞിയെപ്പോലുള്ള
ചുരുള്‍മുടികളും
കാലഷ്‌നികോവിലെ ഒരു വീപ്പയുടെ
പുറത്തു തങ്ങിനില്‍ക്കുന്ന
പൂക്കളുടെ നേര്‍ത്ത മധുരഗന്ധവും.
അവളുടെ മരണാഭിലാഷം
നിങ്ങളുടെ ജീവിതോത്സാഹത്തെക്കാള്‍
ഊറ്റം വഹിക്കുന്നു.
അറ്റങ്ങളില്‍
രക്തകണങ്ങളാല്‍ പുള്ളികുത്തിയ
സ്ഥടിക ശകലങ്ങളായി
പ്രത്യാശയുടെ അന്തിമരൂപവും ചിതറി
പരിപോഷിപ്പിക്കുന്ന
മൂലകാരണങ്ങള്‍
ധൃതിയോടും ദുരയോടും കൂടി
ഭൂമി സ്വീകരിക്കുകയായി.
(തുടരും)