ഓര്‍ക്കാപ്പുറത്ത് ഒരശനിപാതം! എല്ലാവരും പരിസരം മറന്ന് സ്‌തബ്‌ദരായി
വറങ്ങലിച്ചങ്ങനെ നിന്നു. എത്രനേരമങ്ങനെ നിന്നു എന്നുപോലും രൂപമില്ല. ഒന്നുമാത്രം
ഞാന്‍ തീവ്രമായി ആഗ്രഹിച്ചു; മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. ദൈവമേ! കേട്ടതു
സത്യമായിരിക്കരുതേ. പഠനം പൂര്‍ത്തിയാക്കി നാട്ടിലെത്താന്‍ മണിക്കൂറുകള്‍ ശേഷിക്കെ
സീതമോള്‍ക്ക് അപകടം പിണഞ്ഞു. വാര്‍ത്ത മിഥ്യയോ, തഥ്യയോ! ആരോടു ചോദിച്ചാലാണ്
നിജസ്ഥിതി അറിയുക? എല്ലാവരും ഇത്തരമൊരങ്കലാപ്പിലാണ്. നിറംപിടിപ്പിച്ച പല നുണകളും
പ്രചരിക്കുന്ന കെട്ടുകാലം! വല്ല ദുഷ്‌ടബുദ്ധികളും പടച്ചിറക്കിയ ഒരു `ഏപ്രില്‍
ഫൂള്‍' വാര്‍ത്തയാണോ? ആരോടു ചോദിച്ചാല്‍ വാസ്‌തവമറിയാം. ഏതു കിരാതനും
ഇത്തരത്തിലുള്ള നുണ പ്രചരിപ്പിക്കാന്‍ മടിക്കുന്ന വാര്‍ത്തയാകയാല്‍ അല്‌പസ്വല്‍പം
സത്യമുണ്ടാകാതെ തരമില്ല. എന്നും അനുമാനിച്ചു. എന്നാലും, എന്നാലും നാം കരുതുന്ന
വിധിക്ക് ഇത്രയും കനത്ത ഒരു കടുംകൈ ചെയ്യാനാകുമോ? ആയെങ്കില്‍ ആ കുരുന്നു
കുഞ്ഞിനോട് എന്തിനീ പാതകം ചെയ്‌തു? മറുപടിയില്ലാത്ത ചോദ്യം. പക്ഷെ കേട്ട വാര്‍ത്ത
സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ പിന്നെ നിജസ്ഥിതിയോട് പൊരുത്തപ്പെടാനായി ശ്രമം. നാം
എത്ര കൈകാലിട്ടടിച്ചാലും വിധി മുന്‍കൂട്ടി കുറിച്ചിട്ടിരിക്കുന്ന വാചകത്തിലെ ഒരു
കുത്തോ, കോമയോ പോലും മായ്‌ച്ചുകളയാന്‍ നമ്മുടെയൊക്കെ കണ്ണീരിനു സാധ്യമല്ലല്ലോ.
പക്ഷെ എന്നുകരുതി ആശ്വാസംകൊള്ളാന്‍ നമുക്കാവില്ലല്ലോ.
സീതമോളെ ഞാനാദ്യം
കാണുമ്പോള്‍ കേരളാ സെന്ററിന്റെ ഓഫീസിലിരുന്നു ഒരു പുസ്‌തകം വായിക്കുന്നു.
മുഖമുയര്‍ത്തി എന്നെ നോക്കി പുഞ്ചിരിച്ചു. വീണ്ടും വായനയിലേക്കു തിരിഞ്ഞു.
മാസന്തോറുമുള്ള സര്‍ഗ്ഗവേദിയില്‍ പങ്കെടുക്കാനെത്തിയതാണു ഞാന്‍. മലയാള
സാഹിത്യവേദികളിലേറെയും ഒരു `വയസ്സന്‍ ക്ലബാ'ണ് ഇവിടെ ഇതാ ഒരു 'സ്വീറ്റ്
സിക്‌സ്റ്റീന്‍കാരി'! ഈ മിടുക്കി കുട്ടി എങ്ങനെയെത്തി എന്ന ചോദ്യഭാവത്തോട നോക്കി
നിന്നപ്പോള്‍ എന്റെ മനോഗതം മനസിലാക്കി മനോഹര്‍ തോമസ് പറഞ്ഞു.
`എന്റെ
മോളാണ്. സീത'. ഏക മകള്‍. മകന്‍ വന്നില്ല. ആ പറച്ചിലില്‍ അഭിമാനം തുടിച്ചുനിന്നു.
ഞാന്‍ മോളോട് പഠിത്തകാര്യങ്ങളും മറ്റും ചോദിച്ചപ്പോഴേക്കും മീറ്റിംഗിനു
സമയമായി. `എന്നാല്‍ മോള്‍ടെ വായന നടക്കട്ടെ' എന്നു പറഞ്ഞ് ഞങ്ങള്‍ അടുത്ത
മുറിയിലേക്കു പോയി.
പിന്നീട് കുറെ നാള്‍ കഴിഞ്ഞ്, മറ്റൊരു ദിവസം മോള്‍
വന്നപ്പോള്‍ മീറ്റിംഗില്‍ പങ്കെടുത്തു. കഴിഞ്ഞവര്‍ഷത്തെ വിചാരവേദിയുടെ ഓണാഘോഷത്തിനു
വന്നപ്പോള്‍ ഏതാനും മിനിറ്റ് പ്രസംഗിക്കുകയും ചെയ്‌തു. അപ്പോള്‍ എന്റെ
അടുത്തിരുന്നയാള്‍ `മിടുക്കി' എന്നു പറയുന്നുണ്ടായിരുന്നു. `ഇവള്‍ ഭാവിയുടെ ഒരു
വാഗ്‌ദാനമാണ്, മനോഹറിന് അഭിമാനിക്കാം' എന്റെ മനസു പറഞ്ഞു.
ഞങ്ങള്‍
വല്ലപ്പോഴുമൊക്കെ ഫോണില്‍ സംസാരിക്കുമ്പോള്‍ അതവസാനിക്കുന്നത്
`സീതായണ'ത്തോടെയാണ്. അമ്മയുമായുള്ള ഇണക്കവും കൊച്ചുകൊച്ചു പിണക്കങ്ങളും ഒടുവില്‍
അമ്മയെ കെട്ടിപ്പിടിച്ച് പിണക്കം തീര്‍ക്കുന്നതുമൊക്കെ മനോഹര്‍ ആഹ്ലാദത്തോടെ
പറയുന്നത് ഞാന്‍ കൗതുകത്തോടെ കേട്ടിരിക്കും. ഞാനപ്പോള്‍ എന്റെ മകള്‍ ഷീബയുമായി
സീതമോള്‍ക്ക് അക്കാര്യത്തിലുള്ള സാമ്യം ഓര്‍ക്കും. അവളും ഞാന്‍ ദേഷ്യപ്പെടുമ്പോള്‍
കുറച്ചുകഴിഞ്ഞ് പമ്മിപമ്മി വന്ന് എന്നെ കെട്ടിപ്പിടിക്കും.
കാണാന്‍ അവസരം
ഏറെ കിട്ടിയില്ലെങ്കിലും കേട്ടുകേട്ട് സീതമോള്‍ എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമായി
കഴിഞ്ഞിരുന്നു. സൗന്ദര്യത്തിലേറെ മോള്‍ടെ സ്വഭാവഗതമായ പ്രത്യേകതകള്‍ എന്റെ
നിശ്ശബ്‌ദമായ പ്രശംസയ്‌ക്കും പുത്രീനിര്‍വിശേഷമായ സ്‌നേഹത്തിനും
ഹേതുവായിത്തീര്‍ന്നു.
അപ്പോഴാണ്, പ്രിയപ്പെട്ട ശങ്കരത്തിലച്ചന്റെ അറുപതാം
പൗരോഹിത്യവാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ പോയി കുര്‍ബാന കഴിഞ്ഞതും സപ്‌ത നാഡികളും
തളര്‍ത്തുന്ന ദുരന്തവാര്‍ത്ത കേട്ടതും. നട്ടുച്ചയ്‌ക്ക് ഒരു വെള്ളിടി! സീതമോള്‍
എന്തോ അപകടത്തില്‍പ്പെട്ടിരിക്കുന്നു. മനോഹര്‍ അയര്‍ലന്റിലേക്ക് പോയിട്ടുണ്ട്.
ആശയ്‌ക്ക് വക നല്‍കുന്ന വിവരമൊന്നുമല്ല കേള്‍ക്കുന്നത്. രാജു തോമസ് ദുഖം
കടിച്ചമര്‍ത്തി വണ്ടിയോടിച്ച് എന്നെ വീട്ടിലെത്തിച്ചു.
രണ്ടുമണിക്ക് കവി
മധൂസദനന്‍ നായരുടെ സാഹിത്യശില്‍പശാല മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതാണ്. അതില്‍
പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ടവര്‍ കുറെപ്പേര്‍ എത്തി. `പരിപാടി
മാറ്റിവെയ്‌ക്കണ്ട'എന്ന മനോഹറിന്റെ സുഗ്രീവാജ്ഞ പാലിക്കാന്‍ ബാദ്ധ്യസ്ഥരായ രാജു
തോമസും ജേക്കബും ജോണ്‍സണുമൊക്കെ ഒരുദ്ധ്യക്ഷനെ തേടി ഓരോരുത്തരെ സമീപിക്കുന്നു.
ശുര്‍പ്പണഖയ്‌ക്ക് നേരിട്ട ഗതികേട് ഞാന്‍ നേരില്‍ കാണുകയാണ്. മാത്യു സാര്‍ ശോകം
മൂര്‍ത്തീകരിച്ചപോലെ `വയ്യ' എന്നുപോലും പറയാനാകാതെ അങ്ങനെ ചലനമറ്റ് ഇരുന്നു.
`ദയവായി എന്നെ ഇക്കാര്യത്തിന് നിര്‍ബന്ധിക്കല്ലേ' എന്ന എന്റെ ആവര്‍ത്തിച്ചുള്ള
യാചന അവര്‍ കൈക്കൊണ്ടു. കിരുശ്, ജേക്കബും ജോണ്‍സണുംകൂടി വഹിക്കാന്‍
നിര്‍ബന്ധിതരായി. ഞാന്‍ പറയാനുദ്ദേശിച്ചതൊക്കെ ദുരന്തവാര്‍ത്താ കൊടുങ്കാറ്റില്‍
അപ്രത്യക്ഷമായിരുന്നു. പക്ഷെ, ഏറ്റിരുന്ന വാക്കു പാലിക്കാന്‍ എന്തൊക്കെയോ കലപില
പറഞ്ഞു മറ്റൊരു വചനപാലനത്തിന് വിചാരവേദിയിലെത്തി. ദുഖമോചനത്തിന് ഉതകില്ലയെങ്കിലും
ഒരു താത്‌കാലിക ശ്രദ്ധതിരിക്കല്‍ ഇതൊക്കെ സാധ്യമാക്കിത്തീര്‍ന്നു.അവിടെയും
ശോകമൂകമായ അന്തരീക്ഷം, എങ്കിലും ചടങ്ങ് നിര്‍വഹിച്ചു.
ഇതിനിടെ മറ്റൊരു
വാര്‍ത്ത കേട്ടു. അറംപറ്റുക എന്നൊരു വിശ്വാസം പ്രചാരത്തിലുള്ളത് ചിലപ്പോള്‍
സത്യമായി വരുന്നതുമായി ബന്ധിപ്പിച്ച് മനോഹര്‍ ഏതാനും ആഴ്‌ചകള്‍ക്കുമുമ്പെഴുതിയ ഒരു
കഥയുടെ കാര്യം. സീതയുടെ അപകടം മുന്‍കൂട്ടി കണ്ടതുപോലെ `ഇ-മലയാളി'യില്‍ കണ്ട ഒരു കഥ!
ആരോ ഇതു സ്വന്തകഥായാണോ എന്നു ചോദിക്കപോലും ചെയ്‌തുവത്രേ! സാഹിത്യ കൃതികളില്‍ ഇത്തരം
പരാമര്‍ശങ്ങള്‍ വരാനിരിക്കുന്ന അപമൃത്യുവുമായി ബന്ധപ്പെടുത്തി സ്വന്തം കൃതിയിലെ
(കരുണ) വരികള്‍ ഉദ്ധരിച്ച് `അറംപറ്റിയ'തായി സൂചിപ്പിക്കുക പതിവാണ്.
പഠനം
പൂര്‍ത്തിയാക്കി വരുന്ന മകളെച്ചൊല്ലി എന്തെന്തു പ്രതീക്ഷകളും പ്ലാനും
പദ്ധതികളുമാണ് മനോഹറും ജമിയും പ്ലാന്‍ ചെയ്‌തിരുന്നത്! മകളെ സ്വീകരിക്കാന്‍
ഒരുക്കങ്ങള്‍ ചെയ്‌തു കാത്തിരിക്കുമ്പോള്‍ കേള്‍ക്കുന്ന ദുരന്തവാര്‍ത്ത!
തുടര്‍ന്നുള്ള സംഭവത്തിനു സാക്ഷ്യംനില്‍ക്കുക. ശക്തമായ അടി താങ്ങുവാനുള്ള കരുത്തും
വിധാതാവ് ഒരുമിച്ച് നല്‍കുമെന്നു പറയാറുണ്ട്.
ഏതായാലും ഭൗതീകമായി
സീതമോള്‍ നമ്മോടൊപ്പം ഇല്ല എന്ന യാഥാര്‍ത്ഥ്യം നാം ഉള്‍ക്കൊള്ളാതെ തരമില്ല. `മൃതി
മര്‍ത്ത്യനു ജന്മസിദ്ധം' എന്ന വേദന്തോക്തി നമ്മുടെ ആശ്വാസത്തിനു ഉതകുന്നില്ല.
മറഞ്ഞുപോയ നമ്മുടെ പ്രിയപ്പെട്ടവര്‍ നമ്മില്‍ നാമായി ജീവിക്കും. എന്നിരുന്നാലും
മരണം മൂലം സംഭവിക്കുന്ന ദുഖത്തിന് പരിഹാരമില്ല. നമ്മുടെ ഹൃദയത്തിനേറ്റ മുറിവില്‍
തൈലസേചനം ചെയ്‌ത് വേദന സഹ്യമാക്കാന്‍ കാലമാകുന്ന വൈദ്യന് ഒരുമട്ടൊക്കെ
സാധിക്കുമെന്നാണ് ഇത്തരം ഏറെ അടികളേറ്റ ക്ഷതങ്ങളോടെ കഴിയുന്ന ഈയുള്ളവളുടെ അനുഭവം.
മനസില്‍ വാടാതെ നിരന്നിരിക്കുന്ന ചുവന്ന റോസാദലങ്ങളുടെ പട്ടികയില്‍
ഒന്നുകൂടി.
ലോകമെങ്ങും ഭീകരതയുടെ താണ്‌ഡവം! നിസ്സഹായനായ
അണുകോവിദമര്‍ത്ത്യന്‍! കണ്ണീര്‍ക്കടലില്‍ മുങ്ങിയും പൊങ്ങിയും ജീവപര്യന്തം
കഴിച്ചുകൂട്ടുവാന്‍ വിധിക്കപ്പെട്ടവര്‍ ദുഖത്തിന്റെ അദൃശ്യമായ മുള്‍ക്കിരീടവും
ചൂടി, സ്‌നേഹത്തിന്റെ, സേവനത്തിന്റെ കവാടം ആര്‍ക്കെന്നും എന്തിനെന്നുമില്ലാതെ
തുറന്നിടുക. അങ്ങനെ ശിഷ്‌ടജീവിതം ജീവിതവ്യമാക്കാതെ
ഗത്യന്തരമില്ലല്ലോ.
ഒരുകാര്യം തീര്‍ച്ചയുണ്ട്. പ്രിയപ്പെട്ടവരുടെ
ഓര്‍മ്മയില്‍ വാടാമലരായി, മനോമണ്‌ഡലത്തില്‍ വെള്ളിനക്ഷത്രമായി സീതമോളുണ്ട്.....