ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്തമേരിക്കയുടെ 9ാം സമ്മേളനവേദിയിലെ
വിശിഷ്‌ടാതിഥികളായ കേരളസാഹിത്യ അക്കാദമി ചെയര്‍മാന്‍ ശ്രീ. പെരുമ്പടവം ശ്രീധരന്‍,
സതീഷ് പയ്യന്നൂര്‍, വേദിയില്‍ഇരിക്കുന്ന ബഹുമാന്യരായ സഹപ്രവര്‍ത്തകരേ! ലാനയുടെ
പങ്കാളികളാകുവാന്‍ എത്തിയിരിക്കുന്ന സദസ്യരെ, സഹോദരങ്ങളെ,
മലയാളത്തിന്റെ
പ്രിയപ്പെട്ട കഥാകാരനും, സഞ്ചാര സാഹിത്യകാരനുമായിരുന്ന എസ്.കെ. പൊറ്റക്കാട് എന്ന
ശങ്കരന്‍കുട്ടി പൊറ്റെക്കാടിന്റെ ജന്‍മശതാബ്‌ദി അനുസ്‌മരണസമ്മേളനത്തിലേക്ക്
നിങ്ങള്‍ക്കേവര്‍ക്കും സ്വാഗതം.
മലയാളസാഹിത്യത്തിന്റെ അടിവേരുകള്‍
ഉറപ്പിച്ച മഹാരഥന്മാരായ നിരവധി പേരുടെ ജന്മശതാബ്‌ദിയിലൂടെ ഈ നാളുകള്‍
കടന്നുപോകയാണ്. വെറും രണ്ട് നൂറ്റാണ്ടിന്റ ചരിത്രത്തിലൂടെ
മണ്‍മറയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സംസ്‌കൃതിയുടെ അവശിഷ്‌ടങ്ങളായി അധപതിച്ച ഒരു
ഭാഷയുടെ ഉത്‌പന്നങ്ങളാണ് നാം.
1821ല്‍ അതായത് 193 വര്‍ഷങ്ങള്‍ക്കു
മുമ്പ് ബഞ്ചമിന്‍ ബെയ്‌ലി അച്ചടിമാധ്യമത്തിലൂടെ മലയാളഭാഷ സാധാരണക്കാരിലേക്ക്
എത്തിച്ചു. ആയതിലൂടെ അക്‌ഷരാഭ്യാസം നേടിയ ഒരു ജനതയ്‌ക്ക് 19ാം നൂറ്റാണ്ടിന്റെ
ആദ്യപാദത്തില്‍ ജനിച്ച ഒരു പറ്റംഎഴുത്തുകാരിലൂടെ, ലളിതമായ ഗ്രാമീണ ജീവിതത്തിന്റെ
നൈര്‍മല്യമാര്‍ന്ന സാഹിത്യസൃഷ്‌ടികളിലൂടെ പ്രകൃതിയേയും മനുഷ്യനേയും ഈശ്വരനേയും
ഉള്‍ക്കൊണ്ട കേരളവും മലയാളിയും വളര്‍ന്നു.
ഈ
വളര്‍ച്ചയ്‌ക്കെല്ലാം അറുതിവരുത്തിക്കൊണ്ട് 1980കളുടെ
ആരംഭത്തില്‍ കേരളത്തിലേക്ക് ആഞ്ഞടിച്ച വിദേശപ്പണത്തിനൊപ്പം വിദേശസംസ്‌കാരവും
കടന്നുകൂടി. ഇംഗ്‌ളീഷ് മീഡിയം സ്‌കൂളുകളിലൂടെ തുടച്ചുനീക്കപ്പെട്ട മലയാള ഭാഷ ഇന്ന്
ഊര്‍ദ്‌ധശ്വാസം വലിക്കുകയാണ്.
അക്‌ഷര സ്‌ഥിരതയില്ലാത്ത വെറും ടെക്‌നോളജിയുടെ
ഉല്‍പ്പന്നമായ ബ്‌ളോക് എഴുത്തകാര്‍, യൗവനത്തിന്റെ സീല്‍ക്കാരശബ്‌ദവും, സൗന്ദര്യവും
കാഴ്‌ചവെയ്‌ക്കുന്ന ദൃശ്യമീഡിയകളുടെ പീഡനമേറ്റ് തളര്‍ന്ന മലയാളം ഇന്ന്
അക്‌ഷര വ്യതിയാനം അറിയാതെ കാല്‍പ്പാടും, കടപ്പാടും, കഷ്‌ടപ്പാടും മംഗ്‌ളീഷില്‍ എഴുതി
ഒന്നാക്കി വികലമാക്കി, ഇടപാടും വഴിപാടും, വേര്‍പാടും, വെളിപ്പാടും,
വിളിപ്പാടും വികലമാക്കി ചര്‍ക്കയില്‍ നൂല്‍കോര്‍ക്കുന്ന കോണ്‍ഗ്രസുകാരനെ
`ചക്കരയി'ല്‍ നൂല്‍ കോര്‍ക്കുന്നവനാക്കി എന്നെഴുതി, മാത്രമല്ല,
`ഉപ്പുമാങ്ങയുടെ അണ്ടി' യെന്നുപറഞ്ഞാല്‍ `അപ്പുനായരെ തോണ്ടി'യെന്ന് മനസിലാക്കുന്ന
സാഹിത്യഭാഷാ പത്രക്കാര്‍ ഇന്ന് വികലമാക്കിയ ഭാഷയുടെ മുന്നില്‍
ആത്‌മാര്‍ത്‌ഥതയോടെ കഴിഞ്ഞ ശതകത്തിലെ വെള്ളിനക്‌ഷത്രങ്ങളെ ഞാന്‍
നമസ്‌കരിക്കുകയാണ്.
1913 മാര്‍ച്ച് 14ന് കോഴിക്കോട് നഗരത്തിലെ
പുതിയറയില്‍ ജനിച്ച് കോഴിക്കോട്ട് സാമൂതിരി കോളജില്‍ നിന്ന് ഇന്റര്‍മിഡിയറ്റ്
പാസായി ഒരു സ്‌കൂളദ്‌ധ്യാപകനായി ജീവിതം ആരംഭിച്ച എസ്.കെ. പൊറ്റെക്കാട്
ബോംബയിലേക്ക് താമസം മാറിയതോടെ വിശാല ലോകത്തിന്റെ വാതായനങ്ങള്‍ തന്റെ മുന്നിലേക്ക്
തുറക്കപ്പെടുകയായിരുന്നു.
മലയാളകഥാ സാഹിത്യത്തില്‍ നവോത്‌ഥാന കാലഘട്ടത്തിലെ
എഴുത്തുകാരില്‍ മുന്‍നിരയിലായിരുന്നു എസ്.കെ.യുടെ സ്‌ഥാനം. കവിതയില്‍ ചങ്ങമ്പുഴ
ജ്വലിച്ചുനിന്ന കാലത്ത് കഥാസാഹിത്യത്തില്‍ ഏറ്റവും ആരാധകരുണ്ടായിരുന്ന
എഴുത്തുകാരനായിരുന്നു എസ്.കെ.
സാമൂതിരി കോളജ് മാഗസിനില്‍ വന്ന രാജനീതി എന്ന
കഥയാണ് ആദ്യമായി പ്രസിദ്‌ധീകരിച്ചത്. 1931ല്‍ ദീപം മാസികയില്‍ ഹിന്ദു മുസ്‌ലീം
മൈത്രി എന്ന കഥ അച്ചടിച്ചു വന്നതോടെ ശ്രദ്‌ധിക്കപ്പെട്ടു. 1939ല്‍ ബോംബയില്‍ വെച്ച്
എഴുതിയ നാടന്‍ പ്രേമമാണ് ആദ്യനോവല്‍.
ദേശങ്ങളെയും കഥാപാത്രങ്ങളെയും
ഭാവ വൈവിധ്യത്തോടെ ചിത്രീകരിക്കുന്നതിലുള്ള വൈഭവമാണ് എസ്.കെ.യുടെ കഥകളുടെ മികവ്.
അവയെ ജനകീയമാക്കിയതും ഈ കഴിവുതന്നെ. ദേശത്തിന്റെ കഥയിലെ ശേഖരന്‍, കുഞ്ഞപ്പു,
തെരുവിന്റെ കഥയിലെ കൃഷ്‌ണക്കുറുപ്പ് തുടങ്ങി എസ്.കെ.യുടെ ഓരോ കഥാപാത്രവും
വായനക്കാരുടെ മനസില്‍ മായാത്ത
ചിത്രങ്ങളാണ് വരച്ചുവെയ്‌ക്കുന്നത്.
നാടന്‍ പ്രേമം, വിഷകന്യക, കാറാമ്പൂ,
കുരുമുളക്, മൂടുപടം, കബീന, പ്രേമശിക്‌ഷ, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ,
എന്നിവയാണ് എസ്.കെ. പൊറ്റെക്കാടിന്റെ നോവലുകള്‍. ഒരു ദേശത്തിന്റെ കഥ എന്നനോവലിനു
1980ല്‍ ജ്‌ഞാനപീഠം ലഭിച്ചു. തെരുവിന്റെ കഥയ്‌ക്ക് 1962ലെ കേരള സാഹിത്യ അക്കാദമി
പുരസ്‌കാരവും, ഒരുദേശത്തിന്റെ കഥയ്‌ക്ക് 1972ലെ കേന്ദ്ര സാഹിത്യ അക്കാദമി
പുരസ്‌ക്കാരവും ലഭിച്ചു.
മലയാളത്തിന്
യാത്രാവിവരണ സാഹിത്യത്തില്‍ ഏറ്റവും മികച്ച സംഭാവനകള്‍ നല്‍കിയത് പൊറ്റെക്കാടാണ്.
1949 ല്‍ കപ്പലില്‍ ലോകയാത്രയ്‌ക്കിറങ്ങിയ പൊറ്റെക്കാട് യൂറോപ്പ്, ദക്ഷിണേഷ്യ,
അമേരിക്ക, ആഫ്രിക്ക, എന്നിവിടങ്ങളിലെ മിക്ക ദേശങ്ങളിലും പലതവണ സന്ദര്‍ശിച്ചു.
1955ല്‍ ഹെല്‍സിങ്കിയില്‍ നടന്ന ലോകസമാധാന സമ്മേളനത്തില്‍ ഇന്ത്യയുടെ പ്രതിനിധിയായി
പങ്കെടുത്തു.
കെയ്‌റോ കത്തുകള്‍, ബാലിദ്വീപ്, കാപ്പിരികളുടെ നാട്ടില്‍,
യൂറോപ്പിലൂടെ, സിംഹഭൂമി, കാശ്‌മീര്‍, പാതിരാ സൂര്യന്റെ നാട്ടില്‍, യാത്രാ സ്‌മരണകള്‍,
ഇന്നത്തെ യൂറോപ്പ്, സിംഹഭൂമി, ബൊഹീമിയന്‍ ചിത്രങ്ങള്‍, മലയാ നാടുകളില്‍, നൈല്‍ ഡയറി,
സോവിയറ്റ് ഡയറി, നേപ്പാള്‍ യാത്ര, ലണ്ടന്‍ നോട്ട്‌ബുക് എന്നിവ യാത്രാവിവരണ
സാഹിത്യത്തിന് എസ്.കെ. നല്‍കിയ വിലപ്പെട്ട സംഭാവനയാണ്.
രാഷ്‌ട്രീയത്തിലും
പയറ്റിയ പെറ്റെക്കാട് 1962ല്‍ ഡോ. സുകുമാര്‍അഴിക്കോടിനെ തോല്‍പ്പിച്ച് തലശേരിയില്‍
നിന്ന് ലോകസഭാംഗമായി.
രാജമല്ലി, പുള്ളിമാന്‍, നിശാഗന്‌ധി, മേഘമാല,
പത്‌മരാഗം, ജലതരംഗം, പൗര്‍ണ്ണമി, വൈജയന്തി, മണിമാളിക, ഇന്ദ്രനീലം, പ്രേതഭൂമി
തുടങ്ങിയവയാണ് കഥാസമാഹാരങ്ങള്‍.
മലയാളത്തിനായി `ലോകവാതില്‍'
അക്‌ഷരത്താളുകളിലൂടെ തുറന്നുതന്ന ഈ മഹാപ്രതിഭ 1982 ആഗസ്റ്റ് 6ന് അന്തരിച്ചു. എല്ലാ
നല്ല ഓര്‍മ്മകളേയും പേറി ഈ മഹാശയന്റെ മുന്നില്‍ നമ്രശിരസ്‌കനായി ഞാന്‍ ആദരപൂര്‍വം
`സ്‌മരണാജ്‌ഞലി' അര്‍പ്പിക്കുന്നു.

