2. ഒരു കൊടുങ്കാറ്റ്, ഒരു പെണ്ണ്, ഒത്തിരിക്കണ്ണുകള്‍
ചാറ്റമഴ തുടരുന്നു. അന്തി മയങ്ങുകയാണ്. അങ്ങുനിന്നും ഇങ്ങു നിന്നും ആളുകള്‍ കൂടുന്നു. പുതിയ പൊറുതിക്കാരെ കാണാന്‍.
“കൂന്തവറീച്ചനു ഞങ്ങ രൂഭാ കൊടുത്തേച്ചാ ഈ സ്ഥലം മേടിച്ചത്.” അമ്പതുകാരനായ പുലയന്‍ മത്തായി കുടിലിന്റെ വാതില്‍ക്കലേക്കു തലനീട്ടിക്കൊണ്ടു വെല്ലുവിളിച്ചു. രണ്ടുമൂന്നു പുലയസ്ത്രീകളും അകത്തുനിന്നു നോക്കുന്നത് മങ്ങിയ വെളിച്ചത്തില്‍ തോമ്മായ്ക്കു കാണാമായിരുന്നു.
“കൂന്തവറീച്ചനു ഞാന്‍ രൂപാ എഴുപത്തഞ്ചു കൊടുത്തുവാങ്ങിയതാടാ ഈ സ്ഥലം; കുടിലുവച്ചതു ഞാനാണ്.” തോമ്മാ എതിര്‍ത്തു. അയാളുടെ ഉള്ളില്‍ ഒരു കൊടുങ്കാറ്റ് ഇരമ്പുകയായിരുന്നു. പക്ഷേ, അമ്മയും ഭാര്യയും പെങ്കൊച്ചുങ്ങളും- വീണ്ടുവിചാരം അയാളെ കടിഞ്ഞാണിട്ടു നിയന്ത്രിച്ചിരിക്കുകയാണ്. അല്ലെങ്കില്‍ മറുപടിക്കുവേണ്ടി അങ്ങനെ കാത്തുനില്‍ക്കുന്നവനല്ല പൂത്തേടത്തു തോമ്മാ.
“രേകയൊണ്ടോ, പ്രമാണമൊണ്ടോ?” മത്തായി ചോദിക്കുന്നു.
“ആര്‍ക്കും രേകയില്ല. നിങ്ങള്‍ എന്റെക കുടിലില്‍നിന്ന് ഇറങ്ങിത്തരണം.” തോമ്മാ ശാന്തത വിടാതെതന്നെ ആവശ്യപ്പെട്ടു.
“എന്നെയിവിടുന്ന് എറക്കാന്‍ ചൊണയൊണ്ടേല്‍ എറക്കിക്കോ.” മത്തായിയുടെ പോര്‍വിളി.
“ഏതവനാ ഞങ്ങളെ എറക്കാന്‍ വന്നിരിക്കുന്നെ?” മുപ്പതുകാരിയായ ഒരു പുലയി അരിവാളുമായി മുറ്റത്തേക്കു ചാടി: വീശിക്കളേം പറഞ്ഞേക്കാം.”
തോമ്മായ്ക്കു സഹിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ മിന്നല്‍പോലെ കുടിലിനുള്ളിലേക്കു കയറി. മത്തായിയെപ്പിടിച്ചു പുറത്തേക്കു വലിച്ചിറക്കി ഒരു തൊഴി തൊഴിച്ചു; തൊഴിയുടെ ആഘാതത്തില്‍ അരിവാള്‍ക്കാരിയുടെ പുറത്തേക്കാണു പുലയന്‍ മറിഞ്ഞത്; പുലയനും പുലയിയും വീണു.
കൂട്ടനിലവിളിയായി. ഇരുപക്ഷത്തെയും പെണ്ണുങ്ങള്‍ നെഞ്ചത്തടിച്ചു കരഞ്ഞു ബഹളംകൂട്ടി. ആളുകള്‍ ഓടിക്കൂടി.
അക്കൂട്ടത്തില്‍ സ്ഥലത്തെ പ്രധാന ചട്ടമ്പിയായ ഇക്കോച്ചനും ഉണ്ടായിരുന്നു. പതിനെട്ടു ക്രിമിനല്‍ക്കേസില്‍ പ്രതിയും നല്ല കുടിയനും സ്ഥലത്തെ പ്രധാന മുച്ചീട്ടുകളിക്കാരനും ആണ് ഇക്കോച്ചന്‍. കാളച്ചന്ത ദിവസം സ്വല്പം ദല്ലാള്‍പണിയുമുണ്ട്. സര്‍വ്വോപരി കേറ്റത്തിലായ വലിയ വീട്ടില്‍ ഇട്ടിച്ചന്‍ മുതലാളിയുടെ ഒരാശ്രിതനുമാണ്. സ്ഥലത്തെ ഏറ്റവും വലിയ പണക്കാരനാണ് ഇട്ടിച്ചന്‍ മുതലാളി.
“ഏതു വരത്തനാടാ ഈ കരേല്‍വന്നു തല്ലാന്‍…” ഇക്കോച്ചന്‍ ആളുകളെ തള്ളിനീക്കിക്കൊണ്ടു തോമ്മായുടെ നേരേ ചീറി.
“എന്റെ അപ്പനെ തല്ലരുത്… തല്ലരുത്.” മേരി ഓടിവന്ന് തോമ്മായുടെ മുന്നില്‍ കയറിനിന്നു യാചനാരൂപത്തില്‍ കരഞ്ഞു.
“നീ മാറി നില്‍ക്കൂ പെണ്ണേ.” തോമ്മാ അവളെപ്പിടിച്ച് ഒരു വശത്തേക്കു തള്ളി. ഇക്കോച്ചന്‍ അയാളുടെ നേരേ കൈയോങ്ങി. തോമ്മാ ആ കൈക്കു പിടിച്ചു മുട്ടുമടക്കി ഇക്കോച്ചന്റെ വയറ്റിന് ഒരിടി ഇടിച്ചതും, ഇക്കോച്ചന്‍ മലര്‍ന്നടിച്ചു പുറകോട്ടു മറിഞ്ഞതും ഒരു നിമിഷത്തില്‍ കഴിഞ്ഞു.
“ഇങ്ങാ നോക്കട്ടു പെണ്ണേ അരിവാള്.” പുലയന്‍ മത്തായി അരിവാളുമായി വീണ്ടും കുതിച്ചു. ആരോ മത്തായിയുടെ കൈയ്ക്കു കയറി ബലമായി പിടിച്ചു.
“എടുക്കടാ മത്തായി അവന്റെ കൊടല്.” ഇക്കോ ഇരുണ്ടുപിടഞ്ഞെണീറ്റ് എളിയില്‍നിന്നു കഠാരി എടുത്തു നിവര്‍ത്തു.
“എടാ! ഈ ഇക്കോയെ തൊട്ടിട്ടുള്ളവര്‍ പിന്നീടു ജീവിച്ചിരുന്നിട്ടില്ല.” ഇക്കോ അലറി.
“നമ്മക്കിവിടുന്നു പോകാം. വേണ്ട, ഇവിടെ പൊറുക്കണ്ടാ.” തറതി വന്നു തോമ്മായുടെ കൈയ്ക്കു പിടിച്ചു വലിച്ചു. “വാ…”
നീ മാറിനില്‍ക്കെടീ മാറി നില്‍ക്കാന്‍ തോമ്മാ അവളുടെ കൈ കുതറി മാറ്റി.
“എന്റെ കര്‍ത്താവേവീശോമിശിഹായെ! ഇതൊക്കെ കാണാനും കേക്കാനും ആണേ ഇതിയാന്‍ ഞങ്ങളെ ഇങ്ങോട്ടു വലിച്ചോണ്ടു വന്നത്… അയ്യോ… അയ്യോ…” തറതി തന്നത്താന്‍ നെഞ്ചത്തടിച്ചു.
“എന്റെ പൊന്നമ്മച്ചി, അരുത്… അയ്യോ എനിക്കു വയ്യായേ… എന്റെ നിത്യസഹായമാതാവേ!” മേരി തടസ്സം പിടച്ചുകൊണ്ടു കരഞ്ഞു.
“ഇവനെവിടുന്നുവന്ന കാടനെടാ?”
“എന്താ സംഗതി?”
“ആ മത്തായിപ്പെലേന്‍വച്ച പെരേല്‍ ബലാല്‍ക്കാരമായി കേറാന്‍ പെണ്ണും പെടക്കോഴിം കെടേമായിട്ട് ഒരു ചട്ടമ്പി വന്നിരിക്കുന്നതു കണ്ടില്ലേ?”
“ഇവനെവ്ടുത്തുകാരനാ?”
“ആരെങ്കിലും പോയി പോലിസ് സ്റ്റേഷനില്‍ വിവരം അറിയിക്കിന്‍.”
“ഇയാളേതാ?”
“ആ!”
“കൈയ്ക്ക് എല്ലൊള്ളവരാരുമില്ലേ ഈ നാട്ടില്‍?”
“ഒണ്ടെങ്കില്‍ വാടാ.” തോമ്മാ വെല്ലുവിളിച്ചു. “ഇനീം ഏതായാലും ഞാനെന്റെ അമ്മേടെ വയറ്റിലോട്ടു പോകാന്‍ തീരുമാനിച്ചിട്ടില്ല. വീട്ടിന്നു യാത്ര ചോദിച്ചേച്ചു പോന്നവന്മാരാരേലും ഒണ്ടേല്‍ വാടാ. അല്ല. ഞാന്‍ എഴുപത്തഞ്ചു രൂപാ കൊടുത്തു വാങ്ങിച്ചു പുരവച്ച സ്ഥലത്തു വെറൊരുത്തന്‍ വന്നങ്ങു താമസിച്ചേക്കുക… ഇതെന്നാ വെള്ളരിക്കാപ്പട്ടണമോ, ഇതെവിടുത്തെ രീതി?”
“എടോ എടോ താന്‍ വാചകമടിക്കേണ്ട, കരക്കാരെ അടച്ചുപറയണയുന്നതു സൂക്ഷിച്ചുവേണം. ആള്‍ക്കൂട്ടത്തില്‍ ഒരു പരുക്കന്‍സ്വരം.
“ഇക്കോച്ചനെന്താ അങ്ങ് ഇരുന്നുകളഞ്ഞത്?” ചട്ടമ്പിയായ ഇക്കോയുടെ വയറിന് ഏറ്റ ഇടി ഇത്തരി കട്ടിയായിരുന്നു. അയാള്‍ മൂച്ചുപറഞ്ഞു വന്നെങ്കിലും ഒടുവില്‍ വയറുപൊത്തി ഇരുന്നുപോയി. പുലയന്‍ മത്തായിയുടെയും ചുണ തണുത്തു.
“ഇയാടെ പേരെന്താ?” ഒരദ്ധ്യാപകനാനെണെന്നു തോന്നുന്ന വേഷവും ഭാവവും കണ്ടിട്ട് മുന്നോട്ടു കേറിക്കൊണ്ടു ചോദിച്ചു.
“പൂത്തേടത്തു തോമ്മാ” തോമ്മാ പറഞ്ഞു. “മേരി, ആ സാമാനങ്ങള്‍ളൊക്കെ പെറുക്കി അകത്തുവയ്ക്ക്.”
അതൊന്നു കണ്ടിട്ടേ ഒള്ളൂ. പുലച്ചികള്‍ അരിവാളുമേന്തി, കുടിലിന്റെ വാതില്‍ക്കല്‍ വിലങ്ങനെ നിന്നു.
“എടോ തോമ്മാ, ഈ സ്ഥലം ചീത്തയാ; താന്‍ വന്നവഴിയേ പൊയ്‌ക്കോ. അതാണു നല്ലത്” എന്നു മാന്യന്‍.
“ചട്ടമ്പിമാരുടെയും തെമ്മാടികളുടെയും കൂട്ടില്‍നിന്നാ ഞാന്‍ വന്നത്.” തോമ്മാ പറഞ്ഞു: “ഞാന്‍ ഇവിടെത്തന്നെ താമസിക്കും”
“അതൊന്നു കാണണം.” പുലയന്‍ മത്തായി ചൊടിച്ചു.
“എന്റെ പൊന്നു മനുഷ്യനെ, നമ്മക്കു പോകാമെന്ന്.” വീണ്ടും തറതി.“എന്റെ കര്‍ത്താവേ! ഇതെന്തൊരു കഷ്ടകാലമാ!”
“നീ തല്ലുവാങ്ങിക്കും.” പുറകോട്ടുതിരിഞ്ഞു തോമ്മാ താക്കീതു നല്‍കി.
“പാവം വെറുതെ തല്ലുകൊള്ളാന്‍ വന്നിരിക്കുന്നു.” മാന്യന്‍ സഹതപിച്ചു. “ആ കുഞ്ഞുങ്ങളേം പെണ്ണുങ്ങളേം ഓര്‍ത്തെങ്കിലും നിങ്ങള്‍ ഇയാളെ ഉപദ്രവിക്കാതെ വിട്ടേക്കിന്‍.” അദ്ദേഹം കുടയും കുലുക്കി തുണിയും ചരിച്ചുകേറ്റിപ്പിടിച്ചുകൊണ്ടു നടന്നുനിന്നു.
പുറകില്‍നിന്ന് ഓര്‍ക്കാപ്പുറത്തു തോമ്മായുടെ പെടലിക്ക് ഒരടി വന്നു വീണു. സ്വല്പം ഉഗ്രമായ ഒരടിയായിരുന്നു അത്. വെടികൊണ്ട കാട്ടുപന്നിയെക്കൂട്ട് തോമ്മാ തിരിഞ്ഞു. ആളുകള്‍ കൂടി. അടിക്കാരന്‍ കുഞ്ഞമ്മുവിനെ കുറേപ്പേര്‍ ബലമായി പിടിച്ചു. തോമ്മായെ തറതിയും മേരിയുംകൂടി ഉറുമ്പടക്കം പിടിച്ചിരിക്കുന്നു. ഇക്കോച്ചന്‍ വീണ്ടും കഠാരിയുമായി എണീറ്റു. ഒരു പുലച്ചി ഒരുലക്കയുമായി ചാടിവീണു. സന്ധ്യ കുറെക്കൂടി മങ്ങി.
“ആരാ എന്താ ഇത്?” വലിയ വീട്ടിലെ ജോയി ആ സമരഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു. ചെറുപ്പക്കാരനായ ജോയി സുന്ദരനും വിദ്യാസമ്പന്നനും കരക്കാരുടെ കണ്ണിലുണ്ണിയും കുബേരപുത്രനും ആണ്. അവനെ സ്‌നേഹിക്കുകയും അനുസരിക്കുകയും ചെയ്യാത്തവരില്ല ആ കരയില്‍.
ആളുകള്‍ മാറിനിന്നു.
“എന്റെ കൊച്ചിമ്പ്രാനേ, അടിയനേ രക്ഷിക്കണം.” പുലയന്‍ മത്തായി വന്നു ജോയിയു െകാല്‍ക്കല്‍ വീണു നിലവിളിച്ചു. പുലച്ചികളും സ്വതസിദ്ധമായ ഈണത്തില്‍ വാ പിളര്‍ന്നു കരഞ്ഞു.
ജോയി ഇരുക്കൂട്ടരുടെയും മൊഴികള്‍ കേട്ടു. മഹാഭൂരിപക്ഷവും തോമ്മായ്‌ക്കെതിരാണെന്ന് അവനു ബോദ്ധ്യമായി.
“എടോ!” തോമ്മായുടെ നേരെ തിരിഞ്ഞ് ജോയി ഒരു ന്യായാധിപന്റെ ഭാവത്തില്‍ പറഞ്ഞു: “നിങ്ങള്‍ വന്ന വണ്ടിയാണോ ആ കിടക്കുന്നത്?” അല്പം അകലെ വഴിയിറമ്പില്‍ ഔക്കറുടെ കാളവണ്ടി കിടക്കുന്നു. കാളകളെ അതിന്റെ നുകത്തില്‍ത്തന്നെ ബന്ധിച്ചിരിക്കുകയാണ്. വണ്ടിയുടെ ഇരിപ്പിടത്തില്‍ ഔക്കര്‍ ആ രംഗം വീക്ഷിച്ചു കൊണ്ട് നിശ്ചലമായി ഇരുന്നു ബീഡി വലിക്കുന്നു. വണ്ടിയില്‍ നിന്നും സാമാനങ്ങളെല്ലാം ഇറക്കികഴിഞ്ഞിട്ടില്ല. വണ്ടിക്കൂടിന്റെ പുറത്ത് കെട്ടവച്ചിരിക്കുന്ന പായ്ച്ചുരുള്‍ അതേപടി ഇരിക്കുന്നു. ചാറ്റമഴയേറ്റ് അതുകുതിര്‍ന്നിട്ടുണ്ട്. വള്ളിക്കൊട്ടയുടെ പിടിയില്‍ ബന്ധിച്ചിരിക്കുന്ന പട്ടി സ്വതന്ത്രനാകാന്‍ വേണ്ടി മുന്നോട്ടായുമ്പോഴൊക്കെ, അതിനുള്ളില്‍ നിന്നു കോഴികള്‍ ബഹളം കൂട്ടും. അവറ്റകളും ബന്ധനസ്ഥരാണല്ലോ. വഴിയിറമ്പില്‍ ഒരു കാല്‍പ്പെട്ടിയുടെ പുറത്ത് കിഴവി അന്നത്തള്ള ഇരിക്കുന്നു. അടുത്തുതന്നെ പാവം അമ്മിണിയും ഉണ്ട്, രണ്ടുപേരുംകൂടെ തറതിയുടെ കീറിയ പുതകവണികൊണ്ടു തലകള്‍ മൂടി ചാറ്റമഴയില്‍ നിന്നു രക്ഷതേടുന്നു.
“വണ്ടി ഞങ്ങള്‍ വന്നതുതന്നെ.” തോമ്മാ പറഞ്ഞു. “ഉം എന്താ?”
“എങ്കില്‍ ഉടനെ തിരിച്ചുപോകണം.” ജോയി കല്പിച്ചു. അവന്റെ വിധി വാചകം കേള്‍ക്കാന്‍ ആളുകള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
“ങേ! ഇതാണോ ഇവിടുത്തെ ന്യായം? മേരി കയര്‍ത്തു. അവള്‍ക്കീ അനീതി കണ്ടിട്ടു സഹിക്കാന്‍ കഴിയുന്നില്ല. “നിങ്ങളുമൊക്കെ മനുഷ്യരാണല്ലോ. ന്യായം എന്താണെന്ന് അന്നേഴിച്ചോണ്ടാമോ ഈ പറയുന്നത്. ഞങ്ങളങ്ങു തിരിയെപ്പോയ്‌ക്കോളാന്‍…. ഞങ്ങളെങ്ങനെ...”
“മേരീ… നീ മിണ്ടണ്ടാ.” തോമ്മാ വിലക്കി. ജോയിയെ നോക്കിക്കൊണ്ടു തോമ്മാ പറഞ്ഞു: “എടാ കൊച്ചനേ, നീ ആരാണെങ്കിലും എനിക്കൊന്നുമില്ല… ഞാന്‍ പോകാന്‍ വന്നവനല്ല… നീ മര്യാദക്കാരനാണെങ്കില്‍ ഈ പുലയനെ ഇവിടുന്ന് ഇറക്കിവിടണം. അല്ലെങ്കില്‍ ഞാന്‍ ഇറക്കും… അത് തീര്‍ച്ചപ്പെട്ട കാര്യമാണ്… കുറേ ശവങ്ങള്‍ ഈ മുറ്റത്തു വീണെന്നിരിക്കും…”
ജോയിയുടെ കണ്ണുകള്‍ മേരിയുടെ ശരീരത്തില്‍ ഇടയ്ക്കിടെ മിന്നല്‍ പര്യടനം നടത്തിക്കൊണ്ടിരുന്നു. അതു തറതി കണ്ടു.
“മോളിങ്ങോട്ടു മാറിനില്‍ക്കെടീ.” മേരിയെ അവര്‍ പുറകോട്ടു പിടിച്ചുമാറ്റി നിര്‍ത്തി.
“മത്തായി!” എന്തോ ആലോചിച്ചുകൊണ്ട് ജോയി വിളിച്ചു.
“തമ്രാ!”
“നീ ഈ സ്ഥലത്തിനെത്ര രൂപാ കൊടുത്തു?”
“നൂറു രൂഭാ ആ കൂന്തവറീച്ചന് ഞാന്‍ എണ്ണിക്കൊടുത്തതാ തമ്രാ.”
“ഇയാളോടെത്രരൂപാ വാങ്ങി വറീത്?” തോമ്മായോടായി ജോയി ചോദിച്ചു.
“എഴുപത്തഞ്ചുരൂപാ.” തോമ്മാ പറഞ്ഞു.
“ഇയാളൊരു കാര്യം ചെയ്യ്. ഈ മത്തായി മുടക്കിയ നൂറുരൂപാ അവനു കൊടുത്തേക്ക്. അവനെ ഞാന്‍ ഇറക്കിത്തരാം.” മറ്റുള്ളവരെ നോക്കിക്കൊണ്ട് അവന്‍ തുടര്‍ന്നു: “അന്യനാട്ടില്‍നിന്ന് അവര്‍ വന്നതല്ലേ, നമ്മള്‍ അവരെ അങ്ങനെ വിഷമിപ്പിക്കാന്‍ പാടില്ല; മത്തായി എന്തു പറയുന്നു?”
“അടിയനു വേറെ കെടപ്പാടമില്ല തമ്രാ.”
“ഈ പുരവച്ചതാരാ?”
“ഞാനാ.” തോമ്മാ പറഞ്ഞു.
“അടിയനാ തമ്രാ.” മത്തായി വാദിച്ചു.
“അയ്യോ ഈ മനുഷേനാ പുരവച്ചത്.” കുടനന്നാക്കുകാരന്‍ പീലിപ്പായിയുടെ പെമ്പിള അക്കച്ചേടിത്തി പറഞ്ഞു. “എന്തിനാടാ മത്തായി ഇങ്ങനെ ദൈവംതമ്പിരാനു നെരക്കാത്ത നൊണ പറേണത്?”
“മുതുക്കിയെ ആരെങ്കിലും വിളിച്ചോ ഇങ്ങോട്ട്, ഒപ്പാരി പറയാനാ?” ഇക്കോച്ചന്‍ ആ കിഴവിയുടെ നേരേ കയര്‍ത്തു.
“എടാ ഇക്കോ, നിന്റെ ചട്ടമ്പിത്തരമൊന്നും ഇങ്ങോട്ടെടുക്കണ്ടാ കേട്ടോ. ആഹാ, ഞാന്‍ പെണ്ണുവേറെ.” അക്കച്ചേടത്തി ചൊടിച്ചു.
“അക്കെ, നീയിങ്ങുവാടീ.” പീലിപ്പായി വിളിച്ചു. “പൂച്ചയ്‌ക്കെന്താടീ പൊന്നുരുക്കുന്നിടത്തു കാര്യം?”
“കേട്ടതിന്റെ ചേഴം ആര്‍ക്കും പറയാം.” ചേടത്തീ മടുക്കുന്ന ലക്ഷണമില്ല.
“തോമ്മാച്ചേട്ടാ. മത്തായിക്ക് ആ നൂറുരൂപാ കൊടുത്തേക്ക്.” ജോയി വിധിച്ചു: “മത്തായി നീ അതു വാങ്ങിക്കൊണ്ടു സ്ഥലം മാറിക്കൊട്.”
“തമ്രാന്‍ പറഞ്ഞാപ്പിന്നെ അടിയന്…” മത്തായി സമ്മതിച്ചു.
“എന്റെ കൈയില്‍ രൂപയില്ല.” തോമ്മാ പറഞ്ഞു.
“ഉണ്ടെങ്കില്‍ത്തന്നെ കൊടുക്കാന്‍ യാതൊരു ന്യായവുമില്ല.”
“ഈ പെലേന്‍ കുന്തവറീതിനു രൂപായും കൊടുത്തില്ല. ഒരു മണ്ണാം കട്ടേം കൊടുത്തില്ല.” അക്കച്ചേടിത്തി വീണ്ടും പറയുകയായി: ഈ ചട്ടമ്പി ഇക്കോയും ഒക്കെക്കൂടി ഇവനെ ഉറുത്തി ഇവിടെക്കൊണ്ട താമസിപ്പിച്ചതല്ലേ… പാവപ്പെട്ട മനുഷ്യേനോടു രൂപാ വാങ്ങിച്ചുതരാമെന്നും പറഞ്ഞ്. എന്നിട്ട് അവന്മാര്‍ക്ക് അതുകൊണ്ടുപോയി കള്ളുകുടിക്കണം, അത്രതന്നെ.” ഇത്രയുമായപ്പോഴേക്കും പീലിപ്പായി മുടന്തിവന്നു പെമ്പ്രന്നോത്തിയെ ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടുപോയി.
തോമ്മാ ചില്ലിക്കാശുപോലും പുലയനു കൊടുക്കുകയില്ലെന്നു ശഠിച്ചു.
“ഇപ്പോഴെന്താണുവച്ചാല്‍ കൈയിലുള്ളതുകൊടുക്ക്.” ജോയി പറഞ്ഞു. വഴക്കു തീരട്ടെ; ബാക്കി പിന്നെങ്ങാന്‍ കൊടുത്താല്‍ മതി; മത്തായീ ഇയാളു തരുന്നതു വാങ്ങിക്കൊണ്ടു മാറിക്കൊടുക്കൂ.”
“തമ്രാന്‍ പറേന്നപോലെ പക്ഷേങ്കി…” മത്തായി പിറുപിറുത്തു.
“നിന്റെ പക്ഷേങ്കി…” ജോയി ശാസിച്ചു.
“കൈയില്‍ വല്ലതും ഒണ്ടെങ്കില്‍ കൊടുത്തു കഴുവേറ്റ്!” കടുക്കാ മറിയ എന്ന സ്ത്രീ ഗുണദോഷിച്ചു.: “കെട്ടുപ്രായമായ പെണ്ണിനെ ഇങ്ങനെ മൂവന്തിക്കു പെരുവഴി നിരത്തി വെല പറയിപ്പിക്കാതെ…”
വാസ്തവമായിരുന്നു. ബഹളം കേട്ടു വന്നവര്‍ ആ പത്തൊമ്പതു കാരിപ്പെണ്ണിലേക്കാണ് ക്രമേണ തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചത്. പെണ്ണുങ്ങള്‍പോലും അവളെയാണു നോക്കുന്നത്. അവര്‍ തമ്മില്‍ എന്തൊക്കെയോ കുശുകുശുക്കുന്നു. കേറ്റത്തിലെ ജോയി അവളെ കൂടെക്കൂടെ നോക്കുന്നതു കാണാത്തവരില്ല. ആ പുതിയ പൊറുതിക്കാരെപ്പറ്റി ഓരോരുത്തരും അവരുടേതായ അഭിപ്രായങ്ങള്‍ രൂപീകരിച്ചു.
“പെണ്ണു പെഴയാണെന്നു കണ്ടാലറിയാമല്ലോ.” ഒരുത്തി മറ്റൊരുത്തിയുടെ ചെവിയില്‍ മന്ത്രിച്ചു.
“എങ്കില്‍ അവിളിവിടെ അധികം പൊറുക്കുമെന്നു തോന്നുന്നില്ല.” മറ്റവള്‍ അല്പം കൂടെ ഉറക്കെ അഭിപ്രായം പാസ്സാക്കി.
ചുറ്റുപാടുകളുടെ സമ്മര്‍ദത്തിനും ഭാര്യയുടെ നിര്‍ബന്ധത്തിനും പാവം തോമ്മാ ഒടുവില്‍ വഴങ്ങി. അവന്‍ മടിയില്‍നിന്നു പൊതിയെടുത്തു. അതില്‍ മുപ്പത്തിമൂന്നു രൂപയും ഏതാനും നാണയത്തുട്ടുകളുമാണുള്ളത്. അത് അയാള്‍ ജോയിയുടെ മുമ്പില്‍ നിവര്‍ത്തുകാണിച്ചു. “എന്റെ ആകെക്കൂടെയുള്ള സ്വത്ത് ഇതാണ്.” അയാള്‍ പരാജിതനെപ്പോലെ പറഞ്ഞു: നിങ്ങളുടെയെല്ലാം സഹായത്തെക്കരുതിയാണു ഞാന്‍ ഇങ്ങോട്ടു വന്നത്…. പക്ഷേ…” അയാളുടെ കണ്ഠമിടറി.
“ഞങ്ങള്‍ മനുഷ്യരാണു തോമ്മാച്ചേട്ടാ!” ജോയി പറഞ്ഞു: “പാവപ്പെട്ടവരുടെ വിഷമതകലെന്തെന്നറിയാന്‍ കഴിവുള്ള ഒരു ഹൃദയം എനിക്കുണ്ടെന്നു വിശ്വസിക്കൂ… മത്തായി!”
“തമ്രാ!” പുലയന്‍ മത്തായി അടുത്തുവന്ന് ഓച്ഛാനിച്ചുനിന്നു. ആ കടലാസ് പൊതിയില്‍ നിന്നു ജോയിതന്നെ മുപ്പതുരൂപ എണ്ണി മത്തായിക്കു കൊടുത്തിട്ടു പറഞ്ഞു: “ഇതു മതി, കുടിലില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതെല്ലാം എടുത്തുകൊണ്ടു വേഗം സ്ഥലം ഒഴിഞ്ഞുകൊടുക്കൂ.”
“വാക്കിയോ തമ്രാ?”
“ബാക്കി തേങ്ങാക്കൊല.” ജോയിക്കു ദേഷ്യം വന്നു: “ഞാന്‍ പറയുന്നതു കേട്ടാല്‍ മതി.”
മത്തായി അനുസരിച്ചു. മത്തായിയെ പുലയികളും. അധികം സമാനങ്ങളില്ലായിരുന്നു: ഒരുലക്ക, ഒരു ചെറിയ മരയുരല്‍, രണ്ടു കരിക്കലം, രണ്ടു കരിച്ചട്ടി, മൂന്നു തഴപ്പായ്, ഒരു മുറം, ഒന്നുരണ്ടു വട്ടികള്‍, ഒരു കൂടക്കൊട്ടയില്‍ കൊള്ളാവുന്ന തവി മുതലായവ. 'കച്ചിരി പിച്ചിരി' സാധനങ്ങള്‍ തീര്‍ന്നു.
“തമ്രാന്‍ പറഞ്ഞതുകൊണ്ടു ഞങ്ങള്‍ പോണു.” മത്തായി തോമ്മായോടെന്നപോലെ പറഞ്ഞുംകൊണ്ടു കെട്ടുമായി വഴിയിലേക്കിറങ്ങി.
“ഫൂ!... കച്ചോടത്തിനു കൊണ്ട്വന്നിരിക്കുന്നു!” വഴിയിലേക്കിറങ്ങിയിട്ടു മേരിയെ നോക്കികൊണ്ട് ഒരു പുലയി അര്‍ത്ഥംവച്ചു പറഞ്ഞു.
ക്രമേണ ഇക്കോച്ചന്‍ ഉള്‍പ്പെടെ ആളുകള്‍ പിരിഞ്ഞു. കുഞ്ഞമ്മുവിനെ മാത്രം തോമ്മാ ഒന്നു സൂക്ഷിച്ചുനോക്കി. മേരിയും തറതിയും അമ്മിണിയും കൂടെ സാധനങ്ങളെല്ലാം പുരയ്ക്കകത്തേക്കു കേറ്റി അടുക്കിവയ്ക്കുന്ന പണിയില്‍ കൈച്ചുറുക്കോടെ വ്യാപൃതരായി.
“മകളുടെ പേരെന്താ തോമ്മാച്ചേട്ടാ?” ജോയി യാത്രപറയുന്ന ഭാവത്തില്‍ ചോദിച്ചു.
“മേരീന്ന്. ഞാന്‍ ദണ്ഡംകൊണ്ടു വല്ലോം അധികപ്പറ്റു പറഞ്ഞു പോയിട്ടുണ്ടെങ്കില്‍ കുഞ്ഞ് അതൊന്നും കണക്കാക്കരുത്. നിങ്ങടെയൊക്കെ സഹായം ഞങ്ങക്കു വേണം.” തോമ്മാ സങ്കടപൂര്‍വ്വം ഉണര്‍ത്തിച്ചു.
“തോമ്മാച്ചേട്ടനെന്നെ പരിചയമില്ലല്ലോ. ഞാന്‍ നല്ലവനാണോ അല്ലയോന്നു കുറേക്കഴിയുമ്പം മനസ്സിലാക്കിക്കൊള്ളും.” ജോയി പറഞ്ഞു.
“അയ്യോ… ഒള്ളതാ. ഈ കുഞ്ഞു വന്നില്ലായിരുന്നെങ്കി അവന്മാരെല്ലാംകൂടെ ഞങ്ങളെ ഇവിടുന്നു പറപ്പിച്ചേനെ.” അന്നത്തള്ള ഇരുന്നപെട്ടിയും ചുമന്നുകൊണ്ട് അകത്തേക്കു പോകുന്നവഴി തറതി അഭിപ്രായപ്പെട്ടു.
“തോമ്മാച്ചേട്ടന്‍ സൗകര്യമുള്ളപ്പോള്‍ വീട്ടിലേക്കുവാ.” ജോയി പറഞ്ഞു. “ദേ, അതാ എന്റെ വീട്.” അവന്‍ വടക്കോട്ടു വിരല്‍ ചൂണ്ടി. ഒരു ഫര്‍ലോങ് അകലെ പടിഞ്ഞാറോട്ടു ദര്‍ശനമുള്ള ഒരു വലിയ വീട് മങ്ങിയ വെളിച്ചത്തില്‍ തോമ്മായ്ക്കു കാണാമായിരുന്നു. തോമ്മാ നോക്കുന്നതുകണ്ടു മേരിയും നോക്കി.
“വരാം കുഞ്ഞേ….” തോമ്മാ പറഞ്ഞു.
“ശരി. പിന്നെക്കാണാം.” സാകൂതം മേരിയെ ഏറുകണ്ണിട്ടു നോക്കിയിട്ടു ജോയി പോയി. അതു തോമ്മാ കണ്ടില്ല. അയാള്‍ വണ്ടിക്കാരന്‍ ഔക്കറുടെ അടുത്തുചെന്നു.
ഏഴുരൂപാ സമ്മതിച്ചാണ് ഔക്കര്‍ വണ്ടി കെട്ടിയത്. തോമ്മായുടെ കൈയില്‍ ബാക്കിയുള്ളതു മൂന്നുരൂപയും. ഏതായാലും അതില്‍ നിന്ന് ഒരു രൂപ അയാള്‍ ഔക്കര്‍ക്കു കൊടുത്തു. ടൗണില്‍ വരുമ്പോള്‍ ബാക്കി തന്നുകൊള്ളാമെന്ന് അയാള്‍ ആണയിട്ടു പറഞ്ഞു. നല്ലവനായ ഔക്കര്‍ തര്‍ക്കിക്കാന്‍ നിന്നില്ല.
വണ്ടിയുടെ മുകളില്‍നിന്നു പായ്‌ക്കെട്ടും മറ്റും അഴിച്ചു താഴെ വച്ചിട്ട് ഔക്കര്‍ വണ്ടികെട്ടി തിരിയെപ്പോയി.
നേരം ഇരുണ്ടു.
ഒരു കൈയില്‍ പായ്‌ക്കെട്ടുകളും മറ്റേക്കൈയില്‍ അന്നത്തള്ളയെയും താങ്ങിക്കൊണ്ടു തോമ്മാ തന്റെ പുതിയ വസതിയിലേക്കു കയറി.
“കറുപ്പു കിട്ട്യോ മോനെ?” അവര്‍ ചോദിച്ചു.
“കറുപ്പ്… കറുപ്പ്… ഇവിടെ നടന്ന ബഹളംവല്ലോം അമ്മച്ചി അറിഞ്ഞോ…. നാളെയാട്ടെ കറുപ്പു മേടിക്കാന്‍…”
“എടാ പത്തുമാത്രം നിന്നെ ചൊമന്നതു ഞാനാ… തെറതിയല്ല.”
“ഉം.” തോമ്മാ മൂളി. മണ്ണെണ്ണ വിളക്കു കൊളുത്തപ്പെട്ടിരിക്കുന്നു, മണ്‍ചുവരില്‍ മേരി തിരുഹൃദയത്തിന്റെയും നിത്യസഹായമാതാവിന്റെയും രൂപങ്ങള്‍ ഒരുപ്രകാരത്തില്‍ വച്ചു. എന്നിട്ടു മുട്ടിന്മേല്‍നിന്നു സന്ധ്യാപ്രാര്‍ത്ഥന ചൊല്ലി. അമ്മിണിയുംകൂടി. വല്യമ്മച്ചി മുട്ടുമടക്കിയിരുന്നു ചുണ്ടനക്കി.
തറതി അയല്‍പക്കത്തെ അക്കച്ചേടത്തിയോടു കുറച്ചു വെള്ളവും വിറകും കടം മേടിച്ചു കഞ്ഞിവയ്ക്കുന്നതില്‍ വ്യാപൃതയായി. തോമ്മാ പുറത്തേക്കു പോയി. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഒരു പഴഞ്ചന്‍ കയറ്റു കട്ടിലും താങ്ങിക്കൊണ്ടുവന്നു. അഞ്ചുരൂപ കൊടുത്ത് അവന്‍ അതു നേരത്തേ ഒരു വീട്ടില്‍ വാങ്ങിയിട്ടിരുന്നതാണ്. ശകതിയായി തള്ളിയാല്‍ അതിന്റെ കാലുകള്‍ ആടും.
ഒരുപ്രകാരത്തില്‍ അത്താഴം ഊണുകഴിഞ്ഞു. വല്യമ്മച്ചിക്കു കട്ടിലില്‍ പായ് വിരിച്ചു. അതിന്റെ തൊട്ടുതാഴെ നിലത്തും മേരിയും അമ്മിണിയും. അമ്മിണിയുടെ പനിക്കു കുറവുണ്ടെന്നു തോന്നുന്നു. അടുപ്പു കല്ലിന്റെ ഭാഗത്തായി തറതി തനിക്കും തന്റെ ഭര്‍ത്താവിനും വേണ്ടിയുള്ള പായ് വിരിച്ചു.
“ഇവിടൊന്നു മറയ്ക്കണം.” തറതി അഭിപ്രായപ്പെട്ടു.
“എന്തിന്?” തോമ്മാ ചോദിച്ചു.
“പിള്ളേരവിടെക്കിടക്കുന്നു…” തറതി പറുക്കെയാണു പറഞ്ഞത്.
തൊമ്മായ്ക്കു കാര്യം മനസ്സിലായി. അയാള്‍ മന്ദഹസിച്ചു. തല്‍ക്കാലത്തേക്കു ചിക്കുപായകൊണ്ട് അവര്‍ മാപ്പിളയും പെമ്പിളയും കൂടെ ഒരു മറയുണ്ടാക്കി. പുരയ്കക്കം രണ്ടു മുറികളായി അങ്ങനെ തിരിച്ചു വിളക്കണച്ചു കിടന്നു.