അവസ്ഥാന്തരങ്ങള്‍
രക്തം കിനിഞ്ഞൊരാ നാട്ടുവഴികളില്‍
സ്തബ്ധനായി ഞാന്‍ നിന്ന് തേങ്ങി
എന്‍പ്രിയ തോഴനും ബന്ധുവും കാന്തനും
വെട്ടേറ്റു വീണതീ മണ്ണില്‍
വടിവാള് വീശി കുസൃതി കാട്ടി
വെടിയേറ്റ് വീണവരെത്രെയെന്നോ ?
അനുശോചനത്തിന്റെ ലാവാപ്രവാഹത്തില്‍
വാക്കുകള്‍ അന്തിച്ചു നിന്നു
അപദാനസൂക്തങ്ങളുച്ചത്തില്‍ ഘോഷിച്ചു
സ്മാരക സ്തൂപത്തിന്‍ മുന്നില്‍
സംസ്ഥാന നെതാക്കളെല്ലാരുമെത്തി
കണ്ണീരു വീഴ്ത്തി പിരിഞ്ഞു
പോരാളിയാണവന്‍ തേരാളിയാണവന്‍
നാടിന്റെ ഓമനപ്പുത്രന്‍
പാതയോരങ്ങളില്‍ പോസ്റ്റര്‍ പതിച്ചവര്‍
വീര ചരിതം പുകഴ്ത്തി
തോരണം കെട്ടി കൊടികള്‍ നാട്ടി
വാര്‍ഷികമാഘോഷമാക്കി
ബക്കറ്റ്ഫണ്ട് പിരിച്ചു രസിച്ചവര്‍
കീശ നിറച്ചു സുഖിച്ചു
ഉമിനീരു കിട്ടാതടുപ്പു പുകയാതെ
ഉറ്റവര്‍ പട്ടിണിയായി
കാലങ്ങള്‍ ചിത്രം മാറ്റി വരയ്ക്കുന്നു
കോലങ്ങളാടി തിമര്‍ത്തു
ചൂടുവെള്ളത്തില്‍ കുളിച്ചു നിവര്‍ന്നപ്പൊഴെ
നേതാക്കളെല്ലാം മറന്നു
പ്രത്യയ ശാസ്ത്രങ്ങള്‍ പോയി തുലയട്ടെ
വോട്ടാണ് മുഖ്യം സുഹൃത്തേ
ശത്രുവും മിത്രവും തോളോട് ചേര്‍ന്നിതാ
പാതയോരത്തൊരു റൂട്ട്മാര്‍ച്ച്
കാവിമണ്‍പുറ്റില്‍ ചെമ്മണ്ണു പാകി
വീഥികളൊക്കെയലങ്കരിച്ചു
തുടരാതിരിക്കട്ടെ പ്രതികാരദാഹങ്ങള്‍
ഉരുളാതിരിക്കട്ടെ തലകള്‍ വീണ്ടും
ഉയരട്ടെ മാനവ ചിന്താധരണികള്‍
പുലരട്ടെ ശാന്തി , കറയറ്റ സ്‌നേഹം !!!