പഴയ ആകാശം, പുതിയ ഭൂമി…'
രാത്രിയിലും മഴപെയ്തു. ചുളുചുളുപ്പന്‍ കാറ്റുമുണ്ടായിരുന്നു. മണ്ണു കുഴച്ചു തോമ്മാതന്നെ ഉണ്ടാക്കിയ ഇഷ്ടികകള്‍ക്കൊണ്ടു നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചുവരുകളുടെ ഇടയില്‍ക്കൂടി നുഴഞ്ഞു കയറിവന്ന തണുത്ത കാറ്റ് മേരിക്ക് സുഖപ്രദമായിട്ടേ തോന്നിയുള്ളൂ. സ്‌നേഹമസൃണമായ കൈകൊണ്ട് അവളെ ആരോ തലോടുന്നതുപോലത്തെ സുഖം. ഇന്നലെ രാത്രി അവള്‍ ശരിക്കുറങ്ങിയില്ല. ഒരുക്കങ്ങളുടെ ബഹളമായിരുന്നു. പലരോടും യാത്ര പറയാനുണ്ടായിരുന്നു. കാരണം, എന്നേക്കുമായി അവള്‍ പട്ടണത്തെ വിട്ടുപോരികയായിരുന്നു. കാരണം, എന്നേക്കുമായി അവള്‍ പട്ടണത്തെ വിട്ടുപോരികയായിരുന്നു. ഇനി അവരെയൊക്കെ എന്നായിരിക്കുമോ കാണാനൊക്കുക, ആവോ! ഇന്നലത്തെ ഉറക്കിളപ്പും ഇന്നത്തെ യാത്രയും. ശരിക്കുണങ്ങിയിട്ടില്ലാത്ത മണ്‍തറയില്‍ തഴപ്പായ് വിരിച്ചു കാലുകള്‍ നിവര്‍ത്ത് ഒന്നു കിടന്നപ്പോള്‍ എന്തൊരാശ്വാസം തോന്നിയെന്നോ.
മേരി പെട്ടെന്ന് ഉറക്കംപിടിച്ചു. ആ ഉറക്കത്തിന് ഒരായിരം സ്വപ്നങ്ങള്‍ തോഴ്മനിന്നു. അവളേതോ ഘോരവനാന്തരത്തില്‍, കൂരിരുട്ടത്തു കൈവിടപ്പെട്ടുപോയി എന്നും, ഒത്തിരി ക്രൂരമൃഗങ്ങള്‍ നാലുദിക്കിലും നിന്ന് അവളെ ചീന്തിക്കീറാന്‍ പാഞ്ഞുവന്നു എന്നും. സന്തോഷമുള്ള സ്വപ്നങ്ങളും ഉണ്ടായിരുന്നു. അവളെ കാണാന്‍ ഒരു ചെറുക്കന്‍ വന്നു. അവള്‍ വാതിലിന്റെ മറയില്‍ നാണിച്ചുനിന്നു. അവന്‍ സുന്ദരനായിരുന്നു. അവന്‍ അവളെ കല്യാണം കഴിച്ചു. എന്നിട്ടു നോക്കെത്താത്ത പച്ചപ്പുല്‍ത്തകിടിയില്‍ ഒരു അരുവിയുടെ തീരത്തു നിലാവണിഞ്ഞ രാത്രിയില്‍ അവള്‍ മണവാളന്റെ മടിത്തട്ടില്‍ തല ചായ്ച്ച് ഉറങ്ങി. ഒരു സ്വപ്നം സങ്കടകരമായിരുന്നു; അവളുടെ പ്രിയപ്പെട്ട അനിയത്തി അമ്മിണി പനിപിടിച്ചു മരിച്ചുപോയെന്ന്. ശവമെടുത്തുകൊണ്ടു പള്ളിസെമിത്തേരിയിലേക്കു പോയപ്പോള്‍ അവള്‍ വാവിട്ടു കരഞ്ഞുപോയി. അവള്‍ ഞെട്ടിയുണര്‍ന്നു. അടുത്തു കിടന്നിരുന്ന അമ്മിണിയെ തൊട്ടു കുലുക്കി. പാവം അമ്മിണി നല്ല ഉറക്കമായിരുന്നു.
“മോളേ മേരീ!” മറയ്ക്കപ്പുറത്തുനിന്നു തറതി വിളിച്ചുചോദിച്ചു.
“ഞാനൊരു കിനാവുകണ്ടമ്മച്ചി!” മേരി പറഞ്ഞു.
“നെറ്റിയേല്‍ കുരിശുവരച്ചോണ്ടു കെടക്കു പെണ്ണേ.” അമ്മ ഗുണദോഷിച്ചു.
പക്ഷേ, പിന്നീട് ആ രാത്രിയില്‍ മേരി ഉറങ്ങിയില്ല.
നേരം വെളുക്കാന്‍ ഇനി അധികതാമസമില്ല എന്ന് പടിഞ്ഞാറു വശത്തെ റബര്‍ചില്ലകളിലിരുന്ന് പറവകള്‍ വിളിച്ചറിയിച്ചു.
അവള്‍ പരമ്പുചെറ്റകൊണ്ടുള്ള വാതില്‍ തുറന്നു വെളിയിലേക്കു നോക്കി. കിഴക്കു വെള്ളക്കാല്‍ വീശിത്തുടങ്ങിയിരുന്നു. എങ്കിലും മഴക്കാറുകള്‍ ആ വെളിച്ചത്തിന്റെ പ്രവാഹത്തെ തടഞ്ഞുനിര്‍ത്തുന്നു. ആകാശവും മേഘങ്ങളും ആകാശത്തിലെ പറവകളും കാറ്റുകളും എല്ലാം പഴയതുതന്നെ. ഭൂമിയും അതിലെ മനുഷ്യരും പുതുതായിരിക്കുന്നു. ആരെയും പരിചയപ്പെട്ടില്ല. ഒരു കൊടുങ്കാറ്റായിരുന്നു ഇന്നലെ സന്ധ്യയ്ക്ക് നടന്നത്. എല്ലാവരും അപരിചിതരായിരുന്നു. ആ വഴക്കിനു മാദ്ധ്യസ്ഥം പിടിച്ച ചെറുപ്പക്കാരന്‍ ജോയിച്ചന്‍ അവളെ സൂക്ഷിച്ചുനോക്കിയതെന്തിനാണ്? അവന്‍ നല്ലവനായിരിക്കാം; സുഭഗനായ ആ ചെറുപ്പക്കാരന്റെ രൂപം അവളുടെ ഹൃദയത്തില്‍ കൂടെക്കൂടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ചട്ടമ്പിമാരായ ഇക്കോച്ചനും കുഞ്ഞുമ്മവും അവര്‍ ഇനിയും അവരെ ശല്യം ചെയ്യാന്‍ വരുമോ?
ആ സ്ഥലത്ത് അവര്‍ക്കു സഹായികളായി ആരുമില്ല. ആരൊക്കെയാണ് അയല്‍ക്കാരെന്നറിഞ്ഞില്ല. എങ്കിലും നാട്ടുംപുറത്തിന്റെ സ്വതന്ത്രതയും സ്വച്ഛതയും സ്വാഗതാര്‍ഹങ്ങള്‍തന്നെ. പട്ടണത്തിലെപ്പോലെ ഇവിടെ തെമ്മാടികളായ ചെറുപ്പക്കാരുടെ എത്തിനോട്ടങ്ങളും ചൂലം വിളികളും കൈക്രിയകളും കുറവായിരിക്കുമെന്നതു തീര്‍ച്ചയാണ്.
എന്നിട്ട്…. അവളുടെ അപ്പന്‍ അവള്‍ക്ക് ഒരു ചെറുക്കനെ കൊണ്ടുവരും. അവന്‍ നിര്‍ദ്ധനന്‍ ആണെങ്കില്‍ത്തന്നെയും കണ്ടാല്‍ യോഗ്യനായിരിക്കണം. അവള്‍ ആ കൊച്ചു മണ്‍കുടിലിന്റെ മുറ്റത്തേക്കു നോക്കി. ഒരു കല്യാണപ്പന്തലുകെട്ടാനുള്ള ഇടം പോരാ. എങ്കിലും അവിടൊരു ചെറിയ പന്തലുണ്ടാവും.
വഴിയിറമ്പിലുള്ള ആ പുറമ്പോക്കിന് ഒന്നരഫര്‍ലോങ് നീളമുണ്ടാകും. മുന്‍വശത്തെ ഗ്രാമീണറോഡിനും പിന്‍വശത്തെ വിസ്തൃതമായ റബര്‍തോട്ടത്തിനും ഇടയ്ക്കു കിടക്കുന്ന ആ ദൈവത്തിന്റെ ഭൂമിക്കു കഷ്ടിച്ച് ഒരു ഇരുപതടിവീതിയേ വരൂ. ആ പുറമ്പോക്കു ഭൂമിയില്‍ എട്ടുപത്തു വീട്ടുകാര്‍ താമസിക്കുന്നു…. മനുഷ്യസമുദായത്തിലെ ബഹിഷ്‌കൃതരും അശരണരുമായ ഒരു കൂട്ടര്‍. വെറും ഭിക്ഷക്കാരില്‍നിന്നു കുറേക്കൂടി ഉയര്‍ന്നവര്‍. അവര്‍ സര്‍ക്കാരിന്റെ വക ഭൂമി അനധികൃതമായി കൈയേറി പുരവച്ചു താമസിക്കുന്നു. നിയമത്തിന്റെ ഖഡ്ഗം ആ കൊച്ചുമണ്‍പുരകളുടെ മുകളില്‍ എപ്പോഴും തൂങ്ങിനില്‍ക്കുന്നു. ഏതു നിമിഷത്തിലും അവര്‍ അവിടെനിന്നു പുറന്തളപ്പെടും. എങ്കിലും വരുന്നതു വരട്ടെ എന്ന ചങ്കൂറ്റത്തോടെ അവര്‍ താമസിക്കുന്നു. അവര്‍ക്കു നഷ്ടപ്പെടാനൊന്നുമില്ല. മുകളിലേക്കു നോക്കിയാല്‍ ആകാശം; താഴോട്ടു നോക്കിയാല്‍ ഭൂമിയും. ആകാശത്തിലെ പറവകളെ നോക്കുക: അവ വിതയ്ക്കുന്നില്ല; കൊയ്യുന്നില്ല; അറപ്പുരകളില്‍ ശേഖരിക്കുന്നുമില്ല എന്നതുപോലെതന്നെ ആ പുറമ്പോക്കുകാരനും.
എട്ടുകൊല്ലമായിക്കാണും പുറമ്പോക്കിലെ ആ കന്യാഭൂമി കൈയേറ്റം ചെയ്യപ്പെട്ടിട്ട്. ആദ്യം പുറമ്പോക്കിന്റെ തെക്കേയറ്റത്ത് ഒരു രാത്രി ഒരു പറയന്‍ ഒരു കുടില്‍കെട്ടി. നേരം വെളുത്തപ്പോള്‍ പുതുതായി ഒരു കുടിലും കുടിലില്‍ തീപ്പുകയും കണ്ടു നാട്ടുകാര്‍ അത്ഭുതപ്പെട്ടു. പൊലീസും പട്ടാളവും വന്ന് അവനെ ഇറക്കിവിടുമെന്ന് അയല്‍ക്കാര്‍ ഭീഷണിപ്പെടുത്തി. പറയന്‍ കൂട്ടാക്കിയില്ല. ആ ധീരോദാത്തന്‍ അവിടെത്തന്നെ താമസിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം വടക്കേയറ്റത്തും ഒരു കുടില്‍ ഒരു രാത്രികൊണ്ടു പൊങ്ങിവന്നു. ഒരു മാസത്#ിനുള്ളില്‍ പുറമ്പോക്കില്‍ നെടുനീളെ കുടിലുകളും കുടിതാമസവുമായ ആദ്യത്തെ കുടിയേറ്റക്കാരില്‍ പീലിപ്പായി എന്ന തളന്തന് മൂപ്പീന്നാണ്. ക്രയവിക്രയങ്ങള്‍ നടന്നു. രണ്ടും മൂന്നും സെന്റുകള്‍വീതം ആ ഭൂമി വേലികളിലെ കടലാവണക്കിന്‍ പത്തലുകളും ചീമക്കൊന്നകളും മുരിങ്ങകളും വളര്‍ന്നു മരങ്ങളായിരുന്നു.
തെക്കേയറ്റത്ത് ഇപ്പോള്‍ താമസിക്കുന്നത് റിക്ഷാക്കാരന്‍ രാമനാണ്. ഭാര്യയും മക്കളും ഉണ്ട്. രാമന്റെ മൂത്തമകളാണ് കല്യാണി കളവാണി. കളവാണി എന്നു കല്യാണിക്കു നാട്ടുകാര്‍ ഓമനപ്പേരു നല്‍കിയത് അവളുടെ സംസാരം ഭംഗിയുള്ളതായിട്ടല്ല. അവളുടെ സ്വഭാവം ചീത്തയാണ്. അയല്‍പക്കത്തെ പണ്ടാരത്തി പാറുവിന്റെ കുടിലില്‍ നിന്ന് അവള്‍ ഒരിക്കല്‍ ഒരു കോഴിമുട്ട ചൂണ്ടി എന്നൊരു കേസ്സുണ്ടാക്കിയിട്ടുണ്ട്. ആ കളവിനുശേഷമാണ് 'കളവാണി' എന്ന പേര്‍ അവള്‍ക്കു സ്ഥിരപ്പെട്ടത്.
ഇപ്പുറത്തു പണ്ടാരത്തി പാറുവും രണ്ടു പിഞ്ചുമക്കളും താമസിക്കുന്നു. അവളുടെ ഭര്‍ത്താവ് അവളെ ഉപേക്ഷിച്ചു മറ്റെവിടെയോ പോയി മറ്റൊരുത്തിയെ വിവാഹം കഴിച്ചു ജീവിക്കുന്നു. ഉഴുന്നുപര്‍പ്പടം ഉണ്ടാക്കി അവള്‍ കാലയാപനം ചെയ്തുപോന്നു.
അതുകഴിഞ്ഞാല്‍ ഒറ്റക്കണ്ണന്‍ നാരായണന്‍ എന്നൊരു കൊല്ലനും അവന്റെ ഭാര്യ താടകഗൗരിയും നാലുമക്കളും താമസിക്കുന്നു. പുറമ്പോക്കു താമസക്കാരില്‍ ഏറ്റവും സുഖമായി ജീവിക്കുന്നതു നാരായണനാണ്. വെള്ളതേച്ചതാണ് അവന്റെ പുര എന്നതുതന്നെയല്ല അവനു സ്വന്തമായി ഒരു കിണറുമുണ്ട്. ആ കിണറ്റില്‍നിന്നാണ് കുടികിടപ്പുകാര്‍ വെള്ളത്തിന്റെ ആവശ്യം നിര്‍വഹിച്ചുപോരുന്നത്. വേനല്‍ക്കാലത്തു വെള്ളം വറ്റിയാല്‍ പിന്നെ അങ്ങു വടക്കുള്ള കേറ്റത്തില്‍ക്കാരുടെ കിണറുമാത്രമാണ് അവരുടെ ആശ്രയം.
കൊല്ലക്കുടിലിനു വടക്കു കാളയറപ്പുകാരന്‍ കുഞ്ഞന്‍ പറയന്‍ താമസിക്കുന്നു. അതുകഴിഞ്ഞു പണ്ടന്‍ കറിയാ എന്ന ഒരു യൂക്കാലിപ്‌സ് കച്ചവടക്കാരനും കുടുംബവും. അതിന്റെ തെക്കാണ് പൂത്തേടത്തു തോമ്മാ എന്ന വരത്തന്റെ കുടില്‍. അതിനുതൊട്ടു വടക്കായി തളന്തന്‍ പീലിപ്പായി. അയാളുടെ മകന്‍ മത്തായി പട്ടാളത്തിലാണ്. അവന്‍ പെണ്ണുകെട്ടീട്ടില്ല. അവന്‍ മാസം അമ്പതുരൂപാവീതം പീലിപ്പായിക്ക് അയച്ചുകൊടുക്കും. അതുകൊണ്ട് പീലിപ്പായിക്കും കിഴവിക്കും സുഖമാണ്. കുടനന്നാക്കുന്ന ജോലികൊണ്ടു പീലിപ്പായിക്കു ചില്ലറച്ചെലവിനുള്ള കാശുകിട്ടും. അയാളുടെ കൈയില്‍ പൂത്ത രൂപാ ഇരിപ്പുണ്ടെന്നാണു ജനങ്ങള്‍ പറയുന്നത്. ഏതായാലും പുറമ്പോക്കുനിവാസികളില്‍ പീലിപ്പായിക്ക് ഒരു പാത്രിയര്‍ക്കീസിന്റെ പദവിയുണ്ടെന്നു പറയാം. പീലിപ്പായിയുടെ തൊട്ടുവടക്ക് ഒരു മണ്ണാനും അതിനുംവടക്കു കടുക്കാമറിയയെന്ന ഒരു വിധവയും മക്കളും താമസിക്കുന്നു. അവര്‍ക്ക് ഒരു ചെറിയ കടയുണ്ട്, കപ്പയും ഉണക്കമീനും മറ്റും. പിന്നെ വിറകുവെട്ടുകാരന്‍ കുഞ്ഞപ്പന്‍നായര്‍, വടക്കേയറ്റത്തു വച്ചുവാണിഭക്കാരന്‍ കാതര്‍. കുഞ്ഞമ്മു എന്ന ചട്ടമ്പിയുടെ ഒരു മച്ചാനാണത്രേ കാതര്‍.
പുറമ്പോക്കു കോളനിയുടെ മുന്‍വശത്തുള്ള റോഡിനു കിഴക്കു വശത്തായി കാണുന്ന വിശാലമായ പുരയിടം കേറ്റത്തില്‍ ഇട്ടിച്ചന്റെ വകയാണ്. കിഴക്കേ അരികില്‍ത്തന്നെ രണ്ടു ഫര്‍ലോങ്ങ് തെക്കോട്ടുമാറി ഒരു ചെറിയ മിഷന്‍ ഹോസ്പിറ്റലുണ്ട്. ഒന്നരമൈല്‍ തെക്കുമാറിയാണ് ഗ്രാമത്തിന്റെ തലസ്ഥാനം. അവിടെ ഒരു നാല്‍ക്കവലയും പഞ്ചായത്ത് ചന്തയും കള്ളുഷാപ്പും സ്ഥിതിചെയ്യുന്നു. കൂടാതെ പ്രധാന റേഷന്‍കടയും അവിടെയാണ്. പള്ളിക്കൂടവും അതിന് അടുത്തുതന്നെ. പള്ളി കുറേ ഉള്ളിലേക്കു കേറിയാണ്.
രാവിലെ എണീറ്റ് എന്തെങ്കിലും ജോലി അന്വേഷിച്ചു പുറപ്പെടാനൊരുങ്ങിയ തോമ്മായ്ക്ക് അതിലും അത്യാവശ്യമായ ഒരു ജോലി നിര്‍വഹിക്കാനുണ്ടായിരുന്നു, തന്റെ റേഷന്‍ കാര്‍ഡ് പുതിയ കടയിലേക്കു മാറ്റുക.
തോമ്മാ കാപ്പികുടിയും കഴിഞ്ഞു മുറ്റത്തേക്കിറങ്ങിയപ്പോള്‍ തറതി ഒരു ഔണ്‍സ് കുപ്പികൊണ്ടുവന്നു ഭര്‍ത്താവിനെ ഏല്‍പ്പിച്ചിട്ടു പറഞ്ഞു: “അമ്മിണിക്കു ശകലം മരന്നുംകൂടെ വൈദ്യശാലേന്നോ ആശുപത്രീന്നോ മേടിച്ചോണ്ടു പോരണം. പെണ്ണിന്റെ പനി വിട്ടുമാറുന്നില്ല.”
“അപ്പാ എന്നെ പള്ളിക്കൂടത്തിലാക്കാമെന്നു പറഞ്ഞിട്ട്?” അമ്മിണി ബോധിപ്പിച്ചു. അവളുടെ തലമുടി പതറികിടക്കുന്നു. പാവാടയുടുപ്പിന്റെ അടിവശം കീറിയിട്ടുണ്ട്.
“ആക്കാം മോളെ, മോടെ പനി പോട്ടെ.” തോമ്മാ സമാധാനിപ്പിച്ചു. “മേരീ ദേ ഇവളുടെ പാവാട ഒന്നു തയ്ച്ചുകൊടുക്കൂ; അല്ലെങ്കില്‍ ബാക്കി കൂടെ കീറും.”
“അപ്പന്‍ പോരുമ്പം എന്നാലൊരു ഉണ്ടനൂലുമേടിച്ചോണ്ടുപോര്.” മേരി പറഞ്ഞു.
“അപ്പന്‍ എനിക്കൊരു ഉടുപ്പു മേടിച്ചുതരാമെന്നു പറഞ്ഞിട്ട്…” അമ്മിണി ഓര്‍മ്മിപ്പിച്ചു.
“എനിക്കു പള്ളിയില്‍ പോകാന്‍ നേര്യതില്ല.” തറതി അവളുടെ ഏറ്റവും വലിയ ആവശ്യം അറിയിച്ചു: “ശകലം ചട്ടത്തുണീം വേണം. നാണം മറിച്ചു നടക്കാന്‍ ഈദേഹത്തിട്ടിരിക്കുന്നതേയുള്ളൂ… ഇതും തേ പിഞ്ചി…”
“ഇതൊന്നും മേടിച്ചുതരാന്‍ എനിക്കറിഞ്ഞുകൂടെന്നാണോ നീ വിചാരിക്കുന്നത്!” ആയിരം ആവശ്യങ്ങള്‍ മൂര്‍ഖന്‍പാമ്പുകളെപ്പോലെ അയാളുടെ ചുറ്റും പത്തിയുയര്‍ത്തി നില്‍ക്കുന്നു. പാവം എന്തുചെയ്യും? ഹൃദയത്തോടൊപ്പം കൈ പൊങ്ങുന്നില്ല.
“ഞാന്‍ പറയാനൊള്ളതു പറഞ്ഞു. തറതി വീണ്ടും നിരാശയിലേക്കുതന്നെ മടങ്ങി. തന്റെ ഭര്‍ത്താവിന്റെ സ്‌നേഹത്തെപ്പറ്റി അവര്‍ ഒരിക്കലും സംശയിച്ചിട്ടില്ല. അദ്ദേഹത്തിന്റെ നിര്‍ദ്ധനാവസ്ഥയെപ്പററിയും അവര്‍ക്കു ബോധ്യമുണ്ട്. പക്ഷേ പറയാതിരിക്കുന്നതെങ്ങനെ?” ഇനി ആകെ ഇരുനാഴി അരികൂടേ കെടപ്പുള്ളൂ. അതുകൊണ്ട് അത്താഴം വയ്ക്കാം. ഉച്ചയ്‌ക്കെന്നാ എടുക്കും? എനിക്കൊന്നും വേണ്ട. അമ്മച്ചിക്കും എന്തെങ്കിലും കൊടുക്കണ്ടേ?”
“ഓ പിന്നെ ആരാ നിങ്ങളെ ഊട്ടുന്നത്?” തറതിക്കു ദേഷ്യം വന്നു.
“നീ മിണ്ടാതെടീ.” തോമ്മാ വിലക്കി. അമ്മച്ചിക്കു ബോധം എന്ന സാധനമില്ലല്ലോ; പിന്നെന്തുചെയ്യും, സഹിക്കയല്ലാതെ!”
“എടാ, നിന്നെ പത്തുമാതം ചൊമന്നതു ഞാനാ തെറതിയല്ല.” കിഴവിയുടെ സ്ഥിരം പല്ലവിയാണത്.
“നീ എനിക്കു കറുപ്പു മേടിച്ചു തന്നല്ലോ?”
“മേടിച്ചു തരാമ്മേ.” തോമ്മാ പറഞ്ഞു.
“ഇനി എന്നാ എന്റെ തല തെക്കോട്ടെടുക്കുമ്പോഴോ?”
“അമ്മേ ക്ഷമയ്‌ക്കൊരതിരുണ്ട്; എന്നെക്കൊണ്ടൊന്നും പറയിക്കരുത്…. നിങ്ങടെ ഈ ദാരിദ്ര്യം പറച്ചിലു നിമിത്തമാ ഇങ്ങോട്ടു കെട്ടിയെടുത്തത്!”
“എടാ നിന്നോടു ഞാന്‍ എന്നുതൊട്ടു പറേന്നു… എന്നെ വല്ല അനാദശാലേലും കൊണ്ടാക്കാന്‍… എന്നിട്ടു നെനക്കും പെമ്പിളയ്ക്കും സുഹിക്കാമല്ലോ… ഞാനല്ലേ നിങ്ങക്കിപ്പം ഒരു കുരിശായിരിക്കുന്നത്.”
“വാസ്തവത്തില്‍ ഒരു കുരിശുതന്നെയാ…” തോമ്മാ പിറുപിറുത്തു. പൂത്തേടത്തു തറവാട്ടുകാര്‍ക്ക് ഒരു മാനമുണ്ട്, എവിടെച്ചെന്നാലും. തോമ്മാ മാത്രം ഇങ്ങനെ ദരിദ്രനായിപ്പോയി. എങ്കിലും കുടുംബത്തിന്റെ അന്തസ്സിനു കുറവൊന്നും പറ്റീട്ടില്ല. തന്റെ അമ്മയെ അനാഥമന്ദിരത്തിലാക്കുക… താന്‍ ജീവിച്ചിരിക്കുന്നിടത്തോളംകാലം അതുണ്ടാവില്ല.
“ഞാന്‍കൂടെ വരുവാ നിന്റെകൂടെ.” അന്നത്തള്ള പിന്നെയും ശുണ്ഠി പിടിക്കുകയാണ്. “എന്നെ അനാദശാലേല്‍ കൊണ്ടുചെന്നാക്കിയേക്കൂ… എനിക്കു വയ്യടാ ഈ നരകത്തില്‍ കെടക്കാന്‍… ഒരു മനുഷ്യരെപ്പോലും കാണാനില്ലാത്ത ഈ സ്ഥലം…”
തോമ്മായ്ക്ക് അരിശം സഹിക്കവയ്യാതായി. എങ്കിലും അവനതു ചവച്ചിറക്കി. പല്ലുകള്‍ ഞെരിച്ചു. അവന്‍ ഒന്നും പറഞ്ഞില്ല.
“എന്റെ ചവമടക്കിനുള്ള കാശു കരുതിവച്ചേച്ചേ ചെലവാക്കാവൊള്ളൂ… അതു ഞാന്‍ നേരത്തേ പറഞ്ഞേക്കാം..” അന്നത്തള്ള തുടരുകയാണ്.
“വല്യമ്മച്ചി വാ, വല്ല മനുഷ്യേരും കേക്കുമല്ലേ…” മേരി അവരുടെ കൈയ്ക്കു പിടിച്ച് അകത്തേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചു.
“വിടു പെണ്ണേ, എടാ ചെറുക്കാ, നീ ഇങ്ങോട്ടു നോക്കടാ.” കിഴവി തുടര്‍ന്നു: നിന്റെ മൊകത്തു കണ്ണൊണ്ടോടാ?... എന്തെടാ പരട്ടെ… പെണ്ണിനു വയസ്ത് പതിനെട്ടു കഴിഞ്ഞു, ഞാന് പറഞ്ഞേക്കാം… ഇനീം എന്നാ മൂക്കിപ്പല്ലു വരുമ്പോഴാണോടാ ഇവളെ കെട്ടിക്കുന്നത്?... എന്തെടാ നീ തൊഴപോലെ നില്‍ക്കുന്നേ?”
“എന്റെ പൊന്നമ്മച്ചിയല്ലേ. അങ്ങു കേറിപ്പോ, ദൈവം തമ്പുരാനെ ഓര്‍ത്ത്…” തോമ്മായ്ക്കു സങ്കടവും അരിശവും നിരാശയും ഉണ്ടായി. “എന്നെ തീ തീറ്റിക്കാതെ… മോളെ…മേരി… ഇന്നാ.” മടിക്കുത്തിലുണ്ടായിരുന്ന രണ്ട് ഒറ്റ രൂപാനോട്ടുകളില്‍ ഒന്നെടുത്ത് അയാള്‍ മേരിയുടെ കൈയില്‍ കൊടുത്തു. “വല്ല കപ്പയോ മറ്റോ വാങ്ങിക്ക്. എന്നിട്ട് പുറകുവശത്തെ ആ കുഴിയിലെ മണ്ണിളക്കി വെള്ളം ഒഴിച്ച് ചവിട്ടി കുഴച്ചിട്… ഞാന്‍ വന്നിട്ട് ഇഷ്ടികപിടിക്കാം…” തോമ്മാ വേഗം വഴിയിലേക്കിറങ്ങിനടന്നു.
“എടാ ചെറുക്കാ ശകലം പൊകലഞെട്ടുംകൂടെ…” പോകുംവഴി അന്നത്തള്ള വിളിച്ചറിയിച്ചു. അതു തോമ്മാ കേട്ടെങ്കിലും കേട്ടതായി ഭാവിച്ചില്ല. അയാള്‍ കാലുനീട്ടിവച്ചു നടന്നു.
കവലയ്ക്കു പോകുമ്പോള്‍ മുഖത്തെ ആ മീശേംകൂടെ വടിപ്പിച്ചിട്ടു പോരണമെന്നു തന്റെ ആമ്പ്രന്നോനോടു പറയാന്‍ തറതി ഉദ്ദേശിച്ചിരുന്നതാണ്. മറന്നുപോയി.
ഇനിയും ഒരായിരം കൂട്ടം കാര്യങ്ങള്‍ അറിയിക്കാനുണ്ട്. അിറയിച്ചതുകൊണ്ട് എന്തുപ്രയോജനം?
ഒരു രൂപയുകൊണ്ട് തറതി ഇറങ്ങി. വടക്കേ അറ്റത്തുള്ള കടുക്കാമറിയയുടെ കടയില്‍നിന്ന് അവര്‍ അരരൂപയ്ക്കു പച്ചക്കപ്പ വാങ്ങിക്കൊണ്ടു വന്നു. കപ്പയ്ക്കു തീപിടിച്ച വിലയാണത്രേ. വെറും നാലുകിഴങ്ങുകള്‍. അതില്‍ ഒരെണ്ണത്തിന്റെ അറ്റം ഒടിച്ച് അമ്മിണി തിന്നുകയായി.
“അമ്മ കണ്ടാല്‍ നിന്നെ കൊല്ലും പെണ്ണേ.” മേരി അവളുടെ കൈയില്‍നിന്നു കപ്പ വാങ്ങി കറിച്ചട്ടിയിലിട്ടിട്ട് അവളുടെ ചെവിക്കു പിടിച്ചു. അമ്മിണി ഒരു കോണില്‍ മാറിനിന്ന് ഏങ്ങിയേങ്ങി കരഞ്ഞു. ആ വീട്ടില്‍ കരച്ചിലിന് ഒരു പുതുമയുമില്ല.
പുരയുടെ പുറകുവശത്തുണ്ടായിരുന്ന മണ്‍കുഴിയില്‍ തൂമ്പാകൊണ്ടു മേരി മണ്ണിളക്കി. അവള്‍ മണ്‍കുടം എടുത്തുകൊണ്ടുപോയി കൊല്ലന്റെ കിണറ്റില്‍നിന്നു വെള്ളംകോരി ആ മണ്ണിലൊഴിച്ചു തൂമ്പാ കൊണ്ടുതന്നെ കുഴച്ചു.
മൂന്നാമത്തെ പ്രാവശ്യം വെള്ളംകോരാന്‍ ചെന്നപ്പോള്‍ കൊല്ലന്റെങ്ങത്തെ താടകഗൗരി പറഞ്ഞു: “ബാക്കിയുള്ളോര്‍ക്കും കൊറച്ചു വെള്ളം അവിടിട്ടേക്കണേ പെണ്ണേ!”
കൊല്ലത്തി കയറി പെണ്ണേ എന്നു വിളിച്ചതു മേരിക്ക് ഒട്ടും രസിച്ചില്ല. എങ്കിലും മേരി ഒന്നും മിണ്ടിയില്ല. കൊല്ലന്റെ ആലയില്‍ മഴുവും തൂമ്പായും കാച്ചിക്കാന്‍ വന്നവര്‍ മേരിയെ കൃത്തിച്ചു നോക്കി. എന്നു തന്നെയല്ല പുറമ്പോക്കു കോളനിയിലെ പണ്ടാരത്തി പാറു, കല്യാണി കളവാണി, പണ്ടന്‍കറിയായുടെ പെമ്പിള, സാരിക്കാരി റോസലിന്‍, കാതറിന്റെ മകള്‍ സൈനബ മുതലായ പെണ്ണുങ്ങള്‍. അവര്‍ ഓരോന്ന് ഇടഞ്ഞിടഞ്ഞു ചോദിക്കുകയും പരസ്പരം എന്തോ കുശുകുശുക്കുകയും ചെയ്തു.
“പേരെന്താ? കെട്ടിയതാണോ? എന്താ കെട്ടിക്കാതെ നില്‍ക്കുന്നേ?... കല്യാണം പറേന്നൊണ്ടോ…? ഈ കര ചീത്തയാ… ദൂഷിച്ചു ജീവിച്ചോണം..” ഇങ്ങനെയുള്ള ചോദ്യങ്ങളും താക്കീതുകളും ഭീഷണികളും ഗുണദോഷങ്ങളും. ആരെയും വെറുപ്പിക്കാത്ത തരത്തില്‍ മേരി അതിനൊക്കെ മറുപടി പറഞ്ഞു. പക്ഷെ, പെണ്ണുങ്ങള്‍ ചുറ്റും കൂടുകയും ആണുങ്ങള്‍ കൃത്തിച്ചു കൃത്തിച്ചു നോക്കുകയും ചെയ്തപ്പോള്‍, ഇന്നലെ കണ്ട സ്വപ്നം അവള്‍ ഓര്‍ത്തു. കാട്ടുമൃഗങ്ങള്‍ അവളുടെ നേരെ വായ് പിളര്‍ന്നുകൊണ്ടു വരുന്നു എന്ന ആ സ്വപ്നം.
ഒരുപ്രകാരത്തില്‍ അവള്‍ മൂന്നാമത്തെ കുടവുംകൊണ്ട് ആ ഹിംസ്ര ജന്തുക്കളുടെ ഇടയില്‍നിന്നു രക്ഷപ്പെട്ടു.
“അമ്മച്ചി, എനിക്കുവയ്യ… ഇനീം ആ കൊല്ലത്തീടവിടുന്നു വെള്ളം കോരാന്‍.” അവള്‍ തറതിയെ അറിയിച്ചു.
“ഉം, എന്തുപറ്റിയെടീ?”
“എനിക്കുവയ്യ.” മേരി തീര്‍ത്തു പറഞ്ഞു.
“മേരിയമ്മയൊരു കാര്യം ചെയ്യ്, ശകലംകൂടെ നടന്നാല്‍ മതി… കേറ്റത്തിക്കാരുടെ അവിടെ എമ്പടി വെള്ളമുണ്ട്.” കടുക്കാമറിയച്ചേടത്തി അറിയിച്ചു.
ആ നിര്‍ദ്ദേശം മേരിക്കു സ്വീകാര്യമായിരുന്നു.
അവള്‍ അമ്മിണിയെയും കൂട്ടിക്കൊണ്ടു വടക്കോട്ടു നടന്നു. കേറ്റത്തിലെ വീട്ടിലേക്ക്.