Image

ഇക്കാമല്ലി ഇക്കുട്ടാമല്ലി (കഥ: ഷീലമോന്‍സ്‌ മുരിക്കന്‍)

Published on 02 February, 2014
ഇക്കാമല്ലി ഇക്കുട്ടാമല്ലി (കഥ: ഷീലമോന്‍സ്‌ മുരിക്കന്‍)
ഇന്നലത്തെ ദാമ്പത്യ കലഹത്തിന്റെ ഹാങ്‌ഓവര്‍ ഇനിയും തീര്‍ന്നിട്ടില്ല. താലിയുടെ ഉടമസ്ഥാവകാശമുള്ള പുരുഷന്റെ ഒന്നുരണ്ടു വാചകങ്ങള്‍ ചിന്തയില്‍ കുരുങ്ങിക്കിടന്നു.

``ഈ ലോകം പുരുഷന്മാര്‍ക്കുള്ളതാ''

`കാലം എത്രകണ്ട്‌ പുരോഗമിച്ചാലും പെണ്ണെന്നും രണ്ടാംതരം തന്നെയാ...

ആണുങ്ങളെപ്പോലെ തോന്നുമ്പോള്‍ കറങ്ങണമെങ്കില്‍ ആണായിത്തന്നെ ജനിക്കണം'

നാലഞ്ചു ദിവസം കൂട്ടുകാരുമായി കൊടൈക്കനാലിന്റെ തണുപ്പു ആസ്വദിച്ച്‌ ഇന്നലെ മടങ്ങിയെത്തിയതാണ്‌. പുരുഷനല്ലേ, അവര്‍ക്ക്‌ എപ്പോള്‍ വേണമെങ്കിലും കറങ്ങാനുള്ള സ്വാതന്ത്ര്യം സമൂഹം അനുവദിച്ചിട്ടുണ്ടല്ലോ.

പെണ്ണുങ്ങളുടെ അവസ്ഥ അതാണോ?

കുട്ടികളുടെ ഉത്തരവാദിത്വം നോക്കിയും കുടുംബാംഗങ്ങളെ പരിചരിച്ചും അവള്‍ വീടിനു വിശ്വസ്‌തയായ ഒരു കാവല്‍ നായയെപ്പോലെയാണ്‌.

ഒന്നു പുറത്തിറങ്ങണമെങ്കില്‍ പൂച്ചയ്‌ക്കും പട്ടിയ്‌ക്കും വരെ ഒരുക്കി വയ്‌ക്കണം. പുറത്തിറങ്ങിയാലും വീട്ടുവളപ്പിലെ ചിന്തകള്‍ അവളെ വിട്ടുപിരിയാതെ കൂടെയുണ്ടാവും. കുട്ടികളെക്കുറിച്ചുള്ള വേവലാതി അവളുടെ പാതി മനസ്സ്‌ അപഹരിക്കും. ബാക്കി പകുതിയില്‍ ചിലന്തിവല തീര്‍ക്കാന്‍ ഓഫ്‌ ചെയ്‌ത ഗ്യാസ്‌ സിലിണ്ടറിനെക്കുറിച്ചുള്ള ആശങ്കയും, കൊളുത്തിടാന്‍ മറന്നുപോയ വാതിലുകളും, ഉണങ്ങാന്‍ വിരിച്ചിട്ട തുണികളും അല്‍പം കാര്‍മേഘവും ധാരാളം മതിയാവും.

പക്ഷേ, ഈ വക ആലോചനാമൃതങ്ങളൊന്നും പുരുഷന്മാരെ ശല്യം ചെയ്യാറില്ല. കാണുന്നതും കൂടുന്നതുമാണ്‌ അവരുടെ ലോകം.

സത്യം പറഞ്ഞാല്‍ ഈ പെണ്ണുങ്ങള്‍ ജീവിതം ആസ്വദിക്കുന്നുണ്ടോ?

പാവങ്ങള്‍ പെണ്ണുങ്ങള്‍!

അല്ല, ഈ പെണ്ണുങ്ങള്‍ക്കെന്താ തനിയെ ഒരു സിനിമയ്‌ക്കു പോയാല്‍, ഇഷ്‌ടമുള്ള ഉല്ലാസ കേന്ദ്രത്തില്‍, ഇഷ്‌ടമുള്ള ആണിന്റേയോ പെണ്ണിന്റേയോ കൂടെ പോയാല്‍ ആകാശം ഇടിഞ്ഞു വീഴുമോ?

മരമണ്ടികള്‍..

ജീവിതം കഞ്ഞിവച്ചും കറിവച്ചും തീര്‍ക്കുന്ന ബുദ്ദൂസുകള്‍!

`ശ്രീദേവിക്കുട്ട്യേ... ഇക്കാമല്ലി ഇക്കുട്ടാമല്ലി'

മുന്‍വശത്തെ ഒറ്റപ്പാളി ഗേറ്റ്‌ തുറന്ന്‌ രുക്കു ചെറുവിരല്‍ നിവര്‍ത്തി ഇപ്പോള്‍ വരാം എന്ന്‌ ആംഗ്യം കാട്ടി തിരിച്ചു പോയി. നീല പുള്ളി ബ്ലൗസും റോസ്‌ നിറത്തിലെ മാച്ച്‌ ചെയ്യാത്ത പ്ലെയില്‍ സാരിയുമാണ്‌ അവര്‍ ധരിച്ചിരിക്കുന്നത്‌.

രുക്കു നല്ലൊരു കഥാപാത്രമാണ്‌.

ഏതു പെണ്ണിനും റോള്‍ മോഡലാക്കാവുന്ന സ്വതന്ത്ര ചിറകുള്ള ഒരു പെണ്‍പക്ഷി.

അവര്‍ ഈണത്തില്‍ പറയുന്ന ഇക്കാമല്ലി ഇക്കുട്ടാമല്ലി യുടെ അര്‍ത്ഥം `ദൈവം പെണ്ണുങ്ങള്‍ക്ക്‌ സന്തോഷം നല്‍കട്ടെ' എന്നാണ്‌. ഇതില്‍ ദൈവം, പെണ്ണ്‌, സന്തോഷം, നല്‍കല്‍ എന്നര്‍ത്ഥം വരുന്ന ശബ്‌ദം ഏതെന്നു ചോദിച്ചാല്‍ രുക്കുവിനും നിശ്ചയമില്ല. ഇക്കയും മല്ലിയും ഇക്കുട്ടയും ചേര്‍ത്ത്‌ രുക്കു സ്വയം വികസിപ്പിച്ചെടുത്ത ഈ ഭാഷാവാക്യത്തിന്റെ അര്‍ത്ഥം ഇതുതന്നെയെന്ന്‌ അവര്‍ അവകാശപ്പെടുന്നു. ഏതു സ്‌ത്രീകളെ കണ്ടാലും രുക്കു വിഷ്‌ ചെയ്യുന്നത്‌ ഇക്കാമല്ലി ഇക്കുട്ടാമല്ലി എന്നു തന്നെ.





എനിക്ക്‌ രുക്കുവിനെ പണ്ടു മുതല്‍ക്കേ ഇഷ്‌ടമാണ്‌. പതിനാലു വര്‍ഷം മുമ്പ്‌ എന്റെ ആദ്യ ഗര്‍ഭത്തിന്റെ അരിഷ്‌ടതകള്‍ ഏറിവന്നപ്പോള്‍ ദാക്ഷായണി വല്ല്യമ്മ സഹായത്തിന്‌ ഏര്‍പ്പാടാക്കിത്തന്നതാണ്‌ രുക്കുവിനെ. വലിയ വിധേയത്വമുള്ള പെരുമാറ്റമൊന്നുമില്ല. എല്ലാത്തിനും സ്വതന്ത്രമായ ഒരു കാഴ്‌ച്ചപ്പാടും രീതിയും. `ഇഷ്‌ടമല്ലാത്തത്‌ ചൊമന്നോണ്ട്‌ നടക്കരുത്‌, വേണ്ടാന്നു വെച്ചാ അപ്പം മുറിച്ചു കളയണം.' ഞങ്ങളുടെ ദാമ്പത്യം നാലു വര്‍ഷം കണ്ട രുക്കുവിന്റെ വിദഗ്‌ദ്ധോപദേശമാണത്‌. `ശ്രീദേവിക്കുട്ടിക്ക്‌ മണിസാറ്‌ തീരെ ചേരില്യ. അനിയന്‍ ദേവന്‍സാറായിരുന്നേല്‍ ജോറായേനെ!'

ദേവന്‍ ഇടയ്‌ക്കിടെ വരുമ്പോള്‍ പഴയ സിനിമാ ഗാനങ്ങള്‍ പാടാറുണ്ട്‌. ഞാനും രുക്കുവും പല പാട്ടുകള്‍ ആവശ്യപ്പെടും. രുക്കു എപ്പോഴും ആവശ്യപ്പെടുന്നത്‌ ``മാനസ മൈനേ വരൂ..'' എന്ന പാട്ടാണ്‌. ആ പാട്ടിനു പിന്നില്‍ രുക്കുവിന്‌ ഒരു പ്രണയ കഥയുണ്ട്‌ പറയാന്‍. രുക്കുവിന്‌ പതിനാറ്‌ വയസ്സുള്ള കാലം, അന്നു രുക്കുവിന്റെ പേര്‌ ചെല്ലമ്മ എന്നാണ്‌. പിന്നീട്‌ കൊച്ചുപെണ്ണ്‌, പാറു, അമ്മാളു എന്നിങ്ങനെ പരിണാമം സംഭവിച്ച്‌ രുക്കുവില്‍ എത്തി നില്‍ക്കുമ്പോഴാണ്‌ കക്ഷി ഇവിടെയെത്തുന്നത്‌. `മനുഷ്യന്‌ ഇഷ്‌ടമുള്ളപ്പോള്‍ പേരു മാറ്റാം. അതൊക്കെ അവനവന്റെ ഇഷ്‌ടമല്ലേ, ഈ പേരിലൊക്കെ എന്തിരിക്കുന്നു' ഇതാണ്‌ പേരിനെക്കുറിച്ച്‌ രുക്കുവിന്റെ അഭിപ്രായം. ഒരു പേരില്‍ എന്തിരിക്കുന്നു എന്നുള്ള വിശ്വസാഹിത്യത്തിലെ ഡയലോഗൊന്നും രുക്കു കേട്ടിട്ടെടുത്ത തീരുമാനം ആയിരുന്നില്ലത്‌.

ഒരു സ്വതന്ത്ര പക്ഷിയുടെ പാരതന്ത്ര്യങ്ങളില്ലാത്ത കാഴ്‌ച്ചപ്പാടിന്റെ പരിണിതഫലം!

ചെല്ലമ്മയെ കാണാന്‍ നല്ല ചേലാണ്‌. വിടര്‍ന്ന കണ്ണുകളും മാംസളമായ മാറും, കൊഴുത്തുരുണ്ട ശരീരവുമുള്ള അവള്‍ അന്ന്‌ ജോലി നോക്കിയിരുന്നത്‌ ഊടന്‍ ഭാസ്‌കരന്റെ വീട്ടില്‍. അദ്ദേഹം വലിയ ഭൂവുടമയായിരുന്നു. പട്ടി വളര്‍ത്തല്‍ ആയിരുന്നു പ്രധാന ഹോബി. പത്തോളം പട്ടികളുണ്ട്‌. അതുങ്ങളെ നോക്കാന്‍ അന്നവിടെ നിന്നിരുന്നത്‌ കൊഞ്ചം കൊഞ്ചം മലയാളം പറയുന്ന ഒരു പാണ്ടിച്ചെക്കനാണ്‌. അയാള്‍ക്ക്‌ ആകെ അറിയാമായിരുന്ന ഒരു പാട്ടായിരുന്നു `മാനസ മൈനേ..'. രുക്കുവിന്റെ നിഴല്‍ കണ്ടാല്‍ രത്തിനം ആ പാട്ട്‌ മൂളും. അടുത്തു കാണുമ്പോള്‍ `മൈനേ' എന്ന്‌ ശബ്‌ദം താഴ്‌ത്തി വിളിക്കും. രുക്കുവിന്‌ ഇഷ്‌ടം തോന്നിയതുകൊണ്ട്‌ അങ്ങോട്ടു ചോദിച്ചു. രത്തിനം എന്നെ കെട്ടുമോ?. രത്തിനം പെട്ടെന്ന്‌ ഉഷാറായി.

വിറകുപുരയുടെ ഒരു വശം കെട്ടിയടച്ച്‌ വാല്യക്കാര്‍ക്ക്‌ നല്‍കി, വീട്ടുടമസ്ഥര്‍ കല്ല്യാണം നിശ്ചയിച്ചു.

അകലങ്ങള്‍ സൂക്ഷിക്കാതെ രണ്ടുപേരും പല നിലാവുകള്‍ ആസ്വദിച്ചു.

ഒരു ദിവസം രാവിലെ പട്ടികളെ കൂട്ടില്‍ കയറ്റാന്‍ രത്തിനത്തെ കാണാതെ എല്ലാവരും പരിഭ്രമിച്ചു. ആറുമാസം നീണ്ടുനിന്ന കാത്തിരിപ്പ്‌ ചെല്ലമ്മയും അവസാനിപ്പിക്കുകയായിരുന്നു.

ഒരു രാത്രി ആരോടും മിണ്ടാതെ ചെല്ലമ്മയും അവിടുന്ന്‌ വിടപറഞ്ഞു.

അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കൈയില്‍ മൂന്നാല്‌ പുള്ളി ബ്ലൗസുകളും ഒന്നുരണ്ട്‌ മുണ്ടും ചുരുട്ടിയ ഭാണ്‌ഡക്കെട്ടുമായി ഇറങ്ങുമ്പോള്‍ 60 രൂപ സമ്പാദ്യം ഉണ്ടായിരുന്നു. രണ്ടു ദിവസം തുടര്‍ച്ചയായി നടന്നു. മകര മാസത്തിന്റെ മഞ്ഞും വെളിച്ചവും കൊണ്ടുള്ള നടപ്പ്‌ അവസാനിച്ചത്‌ കുട്ടനാടിന്റെ കൊയ്‌ത്തുപാട്ട്‌ കേട്ടപ്പോഴാണ്‌. മരത്തൂണില്‍ കെട്ടിത്തൂക്കിയ റാന്തലുകളുടെ വെളിച്ചത്തില്‍ കുഴഞ്ഞു വീണ `കൊച്ചുപെണ്ണിനെ' കൊയ്‌ത്തുകാരികള്‍ മാടത്തില്‍ കിടത്തി ഒരു ദിവസം ശുശ്രൂഷിച്ചു. പിന്നെ അവരില്‍ ഒരാളായി. കൊയ്‌ത്തും മെതിയും കഴിഞ്ഞ്‌ എല്ലാവരും പിരിഞ്ഞപ്പോള്‍ കൂടെ കൂട്ടിയത്‌ ശങ്കരചോകോന്‍ ദീനം പിടിച്ച തള്ളയ്‌ക്ക്‌ ഒരു കൂട്ടായിട്ട്‌ കുടിലില്‍ കൊണ്ടുപോയി പാര്‍പ്പിച്ചു. അഞ്ചാറുമാസം കഴിഞ്ഞപ്പോള്‍ നാട്ടുകാരു നിര്‍ബന്ധിച്ചു കെട്ടിച്ചു. കെട്ടുകഴിഞ്ഞ രാത്രിയിലാണ്‌ അയാള്‍ ആദ്യമായി രുക്കുവിനെ തൊട്ടത്‌. ?അതാണ്‌ മനുഷ്യേന്‍.? ഒരു ദീര്‍ഘനിശ്വാസത്തിന്റെ അകമ്പടിയോടെ മാത്രമേ അവര്‍ ശങ്കരചോകോനെ ഓര്‍മ്മിക്കാറൊള്ളു.

പതിനഞ്ചു വര്‍ഷം കൂടെ പൊറുത്തു. കുട്ടികള്‍ ഉണ്ടാകുവാനുള്ള ക്രിയകളിലൊക്കെ ഏര്‍പ്പെട്ടെങ്കിലും കുട്ടികള്‍ ഒന്നും ഉണ്ടായില്ല. ഉരുളി കമഴ്‌ത്തിയിട്ടും, പാമ്പിന്‌ പാല്‍ ഊട്ടിയിട്ടും കുഞ്ഞിക്കാല്‍ കാണാനള്ള ഭാഗ്യം ഉണ്ടായില്ല. ഒരു വെള്ളപ്പൊക്ക കെടുതിയില്‍ ജ്വരം പിടിച്ച്‌ തള്ളയും മകനും മരിച്ചു. ബന്ധുക്കള്‍ കുടിലു കയ്യേറിയപ്പോള്‍ ഭാണ്‌ഡക്കെട്ടുമായി ഇറങ്ങേണ്ടി വന്നു. അന്ന്‌ വയസ്സ്‌ മുപ്പത്തിയഞ്ച്‌. ഒന്നുരണ്ട്‌ വണ്ടികള്‍ മാറിക്കയറി എങ്ങോട്ടു പോകണമെന്ന്‌ വിചാരിച്ചിരിക്കുമ്പോള്‍ അടുക്കുമുണ്ടുടുത്ത നസ്രാണിത്തള്ള കോഴിക്കോട്ടേക്ക്‌ എന്നു പറഞ്ഞു. അങ്ങനെ കോഴിക്കോട്‌ ടിക്കറ്റെടുത്തു ബസിലിരുന്ന്‌ സുഖമായി ഉറങ്ങി. പിറ്റേന്ന്‌ ഉച്ചയായപ്പോള്‍ കോഴിക്കോട്ടെത്തി. കുറെനേരം അവിടെ ഇരുന്നു. പിന്നെ ചായപ്പീടികയില്‍നിന്നും രണ്ടു വത്സന്‍ വാങ്ങിതിന്നു. നടന്നു നടന്നു കടപ്പുറത്തെത്തുമ്പോള്‍ കാലിന്‌ നല്ല നീരുണ്ടായിരുന്നു.

കടപ്പുറത്ത്‌ വള്ളക്കാരുടെ മീന്‍ കച്ചവടം നോക്കിയിരുന്നു. ഒടുവില്‍ ഒറ്റയ്‌ക്കായപ്പോള്‍ പരീദുമ്മ വിളിച്ച്‌ കുടിലില്‍ കൊണ്ടുപോയി. ചെമ്മീന്‍കറീം കൂട്ടി ചോറൂട്ടി. നാലു ദിവസം അവിടെ പൊറുത്തു. അവരുടെ മാപ്പിള ആളു പിശകായിരുന്നു. കാണുമ്പോള്‍ കാണുമ്പോള്‍ മൊലേട്ട്‌ മാന്തുന്ന അയാള്‍ `മനുഷ്യേനല്ല എരണം കെട്ട പോത്ത്‌' എന്നാണ്‌ രുക്കു പറയുന്നത്‌.

അവിടുന്ന്‌ ചെന്നത്‌ ഭാര്യ മരിച്ചു ഒറ്റയ്‌ക്ക്‌ കഴിയുന്ന പാച്ചന്റെ കുടിലിലായിരുന്നു. ആദ്യം പെങ്ങളെപ്പോലെ ആയിരുന്നു. പിന്നെ കൂട്ടുകാരെപ്പോലെ ജീവിച്ചു. രുക്കുവിനെ പാറു എന്നാണ്‌ അയാള്‍ വിളിച്ചത്‌.

ആണും പെണ്ണും കൂടി കൂടുന്നതു നല്ല രസമാണെന്ന്‌ മനസ്സിലാക്കിയത്‌ പാച്ചന്റെ കൂടെ കൂടിയപ്പോഴാണ്‌. മീന്‍പിടിക്കാന്‍ പോകുന്ന പാച്ചന്റെ കാര്യങ്ങള്‍ അമ്മയെപ്പോലെ, പെങ്ങളെപ്പോലെ രുക്കു നോക്കി. നല്ല ഉശിരുള്ള ആളായിരുന്ന പാച്ചന്‍. ഭാര്യ മരിച്ച്‌ പത്തു വര്‍ഷം കഴിഞ്ഞിട്ടും ബ്രഹ്മചാരിയെപ്പോലെ കഴിയുന്ന അയാള്‍ ശ്രീരാമന്റെ അവതാരമാണോ എന്ന്‌ രുക്കുവിന്‌ സംശയം തോന്നീട്ടുണ്ട്‌.

ഒരിക്കല്‍ വെളിയിലിട്ട പായ മഴനനഞ്ഞുപോയപ്പോള്‍ പാച്ചന്‍ സ്വന്തം പായില്‍ ഒതുങ്ങികിടന്നിട്ടു പറഞ്ഞു കൂടെ കിടന്നോളാന്‍. ആണും പെണ്ണും കൂടി ഒരുമിച്ച്‌ കിടന്നാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന്‌ ലോകത്തോട്‌ ഉറക്കെ പറയണമെന്ന്‌ അന്നു രുക്കുവിന്‌ തോന്നിയിരുന്നത്രേ!. നിലാവും തണുപ്പുമുള്ള എത്ര രാത്രികള്‍ ഒരു പായില്‍ കിടന്നു.

ആകാശം ഇടിഞ്ഞുവീഴാത്ത ഒരു സത്യമാണെന്ന്‌ രുക്കു അന്നു മനസ്സിലാക്കി.

ഒരിക്കല്‍ വള്ളക്കാര്‍ക്കിടയിലുണ്ടായ വഴക്കില്‍ പാച്ചന്‍ പോലീസ്‌ പിടിയിലായി. ഒരാഴ്‌ച കാത്തു. വിവരം അറിഞ്ഞെത്തിയ പാച്ചന്റെ തള്ള കലി തുള്ളി. `തൊറേലെ ആണുങ്ങളെ പെഴപ്പിക്കാന്‍ വലിഞ്ഞുകേറി വന്നിരിക്കണ്‌ ഫൂ...'

അവര്‍ പുറത്തേക്കെറിഞ്ഞ തുണികള്‍ വാരിക്കെട്ടി ചെറിയ തകരപ്പാട്ടയുമായി വീണ്ടും നടന്നു. അന്നു വയസ്സ്‌ മുപ്പത്തിയെട്ട്‌. കരഞ്ഞും നെലവിളിച്ചും കുറേ നടന്നു. പിന്നെ റെയില്‍വേ സ്റ്റേഷനില്‍ വച്ചു പരിചയപ്പെട്ട മാതംഗി ടീച്ചറുടെ കൂടെ ഇറങ്ങിയത്‌ കൊല്ലത്ത്‌. മുപ്പതു രൂപ ശമ്പളത്തില്‍ വീട്ടുജോലി ചെയ്‌തു. ഇഷ്‌ടമുള്ളപ്പോള്‍ സിനിമയ്‌ക്കു പോകും, ചിലപ്പോള്‍ വെറുതെ കറങ്ങി നടക്കും. ടീച്ചറിന്റെ വീട്ടിലെ ജീവിതം രുക്കു ഒരുപാടിഷ്‌ടപ്പെട്ടിരുന്നു. ടീച്ചറും ഭര്‍ത്താവും `അമ്മാളുവിന്‌' ഒരുപാട്‌ സ്വാതന്ത്ര്യം അനുവദിച്ചിരുന്നത്രേ.

അനാവശ്യ വര്‍ത്തമാനങ്ങള്‍ കേട്ടാല്‍ രുക്കു തിരിഞ്ഞു നാലുവര്‍ത്തമാനം പറയും. മുണ്ടും ബ്ലൗസും മാറി സാരി ധരിച്ചു. പുള്ളിയുള്ള ബ്ലൗസും മാച്ചു ചെയ്യാത്ത സാരിയും അതായിരുന്നു പിന്നീട്‌ രുക്കുവിന്റെ ഇഷ്‌ട വേഷം. വേഷത്തെക്കുറിച്ചു ചോദിച്ചാല്‍ രുക്കു പറയും `എന്റെ ശരീരത്തിന്റെ ഇഷ്‌ടം ഞാനല്ലേ നോക്കേണ്ടേ..?

ഭാര്യ മരിച്ച്‌, മൂന്നാം മാസം വിവാഹം കഴിച്ച വിജയനെ കണ്ടപ്പോള്‍ വിധവകളായ കൊച്ചു പെണ്‍കുട്ടികള്‍ കല്ല്യാണം വേണ്ടാന്നു വയ്‌ക്കുന്ന ആനമണ്ടത്തരത്തോട്‌ രുക്കു വിയോജിപ്പു പ്രകടിപ്പിച്ചു. താലിയില്‍ മുറുകെ പിടിച്ച്‌ പാതിവ്രത്യം എന്ന വേണ്ടാത്ത നോമ്പും നോറ്റു ജീവിക്കേണ്ട കാര്യം പെണ്ണുങ്ങള്‍ക്ക്‌ ആവശ്യമില്ലാത്ത ഒരേര്‍പ്പാടാണെന്നും രുക്കു വിശ്വസിക്കുന്നു. പരസ്‌പരം മനസ്സു പങ്കുവയ്‌ക്കുന്നവര്‍ ശരീരം പങ്കുവയ്‌ക്കുന്നത്‌ തെറ്റല്ല എന്ന പക്ഷമാണ്‌ രുക്കുവിന്‌. ചെറുപ്പത്തിലെ വിധവയായ വത്സയ്‌ക്ക്‌ പീടികേലെ ടോമിച്ചനുമായിട്ടുള്ള രഹസ്യബന്ധം രുക്കുവിന്‌ മാത്രമേ അറിയൂ. വത്സ ഒരു ദിവസം മഞ്ഞളിച്ചു നിന്നപ്പോള്‍ രുക്കു അതു തുറന്നു പറയുകയും ചെയ്‌തു. `എന്റെ വത്സേ, നമ്മള്‌ മനുഷ്യമ്മാര്‌ ഭൂമീല്‌ നരകിച്ച്‌ കഴിയണോന്നൊന്നും ഒടേതമ്പുരാന്‌ പൂതിയില്ല. നിങ്ങക്ക്‌ രണ്ടാള്‍ക്കും സന്തോഷാന്ന്വച്ചാ അങ്ങേരിതില്‍ ഒരേനക്കേടും കാണൂല്ല'

രുക്കുവിന്റെ സ്വതന്ത്രമായ കാഴ്‌ച്ചപ്പാട്‌ ഇങ്ങനെയൊക്കെയാണെങ്കിലും ഇഷ്‌ടമില്ലാതെ ഒരാണും പെണ്ണിന്റെ മേല്‍ കൈവയ്‌ക്കരുത്‌ എന്ന നിബന്ധനയും അവരുടെ നീതിശാസ്‌ത്രത്തില്‍ ഉണ്ട്‌. പണത്തിനു ശരീരം വില്‍ക്കുന്ന പെണ്ണിന്റെയും സമ്മതമില്ലാതെ പെണ്ണിനെ ആക്രമിക്കുന്ന ആണിന്റെയും കൈ വെട്ടിക്കളയണമെന്നാണ്‌ രുക്കു നിഷ്‌കര്‍ഷിക്കുന്നത്‌.

രുക്കു രണ്ടാം വേളിക്ക്‌ തയ്യാറായപ്പോള്‍ വയസ്സ്‌ നാല്‌പത്‌. വാച്ചറുദ്യോഗസ്ഥന്റെ രണ്ടാം ഭാര്യ പദവി തന്നെയാണ്‌ ലഭിച്ചത്‌. കര്‍ക്കശക്കാരനായ ആ `ശവ'ത്തിന്റെ കൂടെ ഒമ്പതു മാസം പൊറുത്തു. മാംസബന്ധം മാത്രമായിരുന്നു അയാള്‍ക്ക്‌ പ്രധാനം. ഭാര്യയുടെ ആവശ്യങ്ങളോ, മേലാഴികയോ വക വെയ്‌ക്കാതെയുള്ള പെരുമാറ്റം വാക്കേറ്റത്തില്‍ തുടങ്ങി കൈയ്യേറ്റത്തില്‍ അവസാനിക്കുകയായിരുന്നു. ഒന്നുരണ്ടു തവണ രുക്കു തല്ലുകൊണ്ടത്രേ. ഒമ്പതു മാസം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചപ്പോള്‍ അയാളുടെ കരണത്ത്‌ രുക്കുവിന്റെ നാലു വിരലുകളും പതിപ്പിച്ചിരുന്നു. അത്‌ ക്ഷമിക്കാന്‍ അറിയാഞ്ഞിട്ടല്ല, പെണ്ണുങ്ങള്‍ക്കും തിരിച്ചു തല്ലാനറിയാം എന്നു പഠിപ്പിക്കാന്‍ വേണ്ടിയായിരുന്നു. അതു ഒരു തെറ്റായി രുക്കുവിന്‌ ഇന്നുവരെ തോന്നിയിട്ടുമില്ല.

പിന്നീട്‌ രുക്കു കല്ല്യാണത്തിനു മുതിര്‍ന്നില്ല. ഇഷ്‌ടം തോന്നിയ ഒരു നല്ല മനുഷ്യനുമായി ജൈവബന്ധവും മാനസിക ബന്ധവും ഉണ്ടായി. ഒരു പെണ്ണിന്‌ ഒരു ആണേ പാടുള്ളൂ എന്ന അലിഖിത വിശ്വാസപ്രമാണം രുക്കു എട്ടുനിലയില്‍ പൊളിച്ചെഴുതി

രുക്കു ഇന്നും സ്വതന്ത്രയായി ജീവിതം ആസ്വദിക്കുന്നു.

``ശ്രീദേവിക്കുട്ടിയേ...''

രുക്കുവിന്റെ വിളി കേട്ടപ്പോള്‍ വേഗം പുറത്തിറങ്ങി. `ഇക്കാമല്ലി ഇക്കുട്ടാമല്ലി...'

ആറുമാസത്തെ അജ്ഞാതവാസത്തിന്റെ കുരുക്കഴിക്കാന്‍ രുക്കു തിണ്ണയില്‍ വിസ്‌തരിച്ചിരുന്നു.

``എന്റെ കുട്ടീ, കല്ല്യാണം കഴിഞ്ഞാ കലം നെറയെ കലഹത്തിന്‌ കാരണങ്ങളുണ്ടാകും. എന്നുവച്ച്‌ ഇതിനകത്ത്‌ അടച്ചുപൂട്ടി ഇങ്ങനെ ഇരിക്കണോ? പൊറത്തൊക്കെ ഒന്നെറങ്ങെന്റെ കുട്ട്യേ. പുറത്തല്ലേ ജീവിതം. ഈ മണിയമ്മയെ കണ്ടു പഠി''

തന്റെ വീങ്ങിയ കണ്ണുകളെ നോക്കിയാണ്‌ രുക്കു അത്‌ പറഞ്ഞത്‌.

``രുക്കു മദിരാശി പട്ടണം കണ്ടിട്ടുണ്ടോ?''

എന്തോ നിശ്ചയിച്ചുറച്ച പോലെയായിരുന്നു ആ ചോദ്യം. രുക്കു ഒന്ന്‌ അന്ധാളിച്ചു.

``ഇല്ല കാണണംന്ന്‌ മണിയമ്മയ്‌ക്ക്‌ ആശയുണ്ട്‌''

``കുട്ടികള്‍ക്ക്‌ മൂന്നു ദിവസം സ്‌കൂള്‍ അവധിയാ. അവരെ ദേവന്റെ വീട്ടില്‍ ആക്കി വൈകിട്ടത്തെ വണ്ടിക്ക്‌ നമ്മള്‍ മദിരാശി കാണാന്‍ പോകുന്നു.''

ശ്രീദേവിയുടെ മനസ്സില്‍ സ്വാതന്ത്ര്യത്തിന്റെ വെള്ളരിപ്രാക്കള്‍ പറക്കുന്നത്‌ കണ്ടു രുക്കു പറഞ്ഞു.

``ഇക്കാമല്ലി ഇക്കുട്ടാമല്ലി''

തീവണ്ടിയുടെ ചെറിയ ജാലകത്തിലൂടെ പുറത്തെ ദീപക്കാഴ്‌ച്ചകള്‍ കാണുമ്പോള്‍ മുറ്റത്ത്‌ തോരാനിട്ട തുണിയെക്കുറിച്ചോ കുട്ടികളുടെ വയറുവേദനയെക്കുറിച്ചോ ശ്രീദേവി ഓര്‍മ്മിച്ചില്ല.

ഇടയ്‌ക്ക്‌ രുക്കുവിനെ നോക്കിപ്പറഞ്ഞു.

``ഇക്കാമല്ലി ഇക്കുട്ടാമല്ലി''

** ***

ഷീലമോന്‍സ്‌ മുരിക്കന്‍
ഇക്കാമല്ലി ഇക്കുട്ടാമല്ലി (കഥ: ഷീലമോന്‍സ്‌ മുരിക്കന്‍)
Join WhatsApp News
G. Puthenkurish 2014-02-03 19:37:09
കഥാതന്തു, ഭാഷ,  ശൈലി എന്നിവകൊണ്ട്  മികവുറ്റ പതിമൂന്നു ചെറുകഥകളുടെ സമാഹാരമാണ് 'ഇക്കാമല്ലി ഇക്കൂട്ടാമല്ലി'. അതിലെ അവസാനത്തെ കഥയാണ് ഇക്കാമല്ലി ഇക്കൂട്ടാമല്ലി. ഓരോ കഥയും വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കാൻ തക്കവണ്ണം, നാം നമ്മളുടെ ജീവിതയാത്രയിൽ കണ്ടുമുട്ടിയ കഥാപാത്രങ്ങളെക്കൊണ്ടും അവരുടെ ജീവിത അനുഭവങ്ങളിൽ നിന്ന് കോറിഎടുത്ത ആശയങ്ങളെക്കൊണ്ടും   എഴുത്തുകാരി ആകർഷകമാക്കിയിരിക്കുന്നു. ഒറ്റ ഇരിപ്പിൽ വായിച്ചു തീർക്കാൻപറ്റുന്ന നല്ല ഒരു കഥാസമാഹാരം. ഷീലമോൻസ് മുരിക്കന് എല്ലാ ആശംസകളും 
Ambily 2015-07-29 01:01:55
സത്യം..പ്രാരഭ്ധങ്ങൾ ഉത്തരവാദിത്വങ്ങൾ കേറി നിരങ്ങുമ്പോ,
എനീട്ടു ചെയ്തു തീര്ത്ത കാര്യങ്ങൾടെ നീണ്ട ലിസ്റ്റ് കാണാതെ കയ്യബദ്ധം/പരാധീനത വാനോളം ഉയരുന്ന കഴിവ് കേടാകുംബൊ എനിക്കും തോന്നാരുണ്ട് രണ്ട് തുണിയും ഒരു കുപ്പി വെള്ളവും ഒരു ബാഗിലെടുത്തിട്ട് സ്ഥലം വിട്ടാളൊന്നു..നാലഞ്ചു ദിവസം തനിയെ എല്ലാം ചെയ്യുമ്പോ പഠിച്ചോളും 
Sebastian Vattamattam 2015-11-13 18:00:13
ഇതൊരു പൊളിച്ചെഴുത്താണ് - മലയാളിയുടെ കപടസദാചാര നാട്യങ്ങളുടെ സരസമായൊരു പൊളിച്ചെഴുത്ത്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക