ആദ്യ പ്രണയം എന്നു പറയാനാകുമോ? സ്‌കൂള്‍ പഠന കാലത്ത് തോന്നിയ ഇഷ്ടത്തെ ഒരു
ചങ്കിടിപ്പ് മാത്രമായി ഒതുക്കിയതു കൊണ്ടു തന്നെ പ്രണയം എന്ന വാക്കില്‍ അത്
എത്തിപ്പെടുന്നേയില്ല. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്, ആദ്യമായി മനസ്സിനെ
തിരിച്ചറിഞ്ഞത്. പ്രണയിക്കാനും പ്രണയിക്കപ്പെടാനുമുള്ള അതി തീവ്രമായ ആഗ്രഹം. ഏത്ര
ഒതുക്കി വച്ചാലും അതിങ്ങനെ മുല്ലവള്ളി പോലെ പടര്‍ന്നു കയറുകയാണ്. ചിലപ്പോള്‍
ഹൃദയത്തില്‍ വേരുകളാഴ്‌ത്തുകയാണ്. ആ സമയത്താണ്, അയാള്‍ ആ അമ്പലമുറ്റത്ത് വന്ന്
നീട്ടി വിളിച്ചത് `ഗൌരിക്കുട്ടീ` എന്ന്.
ക്ഷേത്രവും പരിസരവുമായി അപാരമായ
ഒരു ഹൃദയബന്ധം അല്ലെങ്കില്‍ തന്നെ ഉണ്ടായിരുന്നു. പിന്നീട് ദീപാരാധനയുടെ
തിളക്കത്തിനിടയിലൂടെ എന്നെ മാത്രം നോക്കുന്ന രണ്ടു കണ്ണുകളില്‍ ആരാധനയാണോ ഇഷ്ടമാണോ
എന്തെന്നറിയാത്ത ഒരു ഭാവം.
ചങ്കിടിപ്പ് കൂട്ടുന്ന രണ്ട് കണ്ണുകളല്ലാതെ
മറ്റൊന്നും ആ പ്രണയം അവശേഷിപ്പിച്ചില്ല. ഒരു വരി പോലും മിണ്ടിയില്ല, ഒരു പാട്ടു
പോലും പരസ്‌പരം പാടിയുമില്ല. അമ്പലമുറ്റത്തു ഉരുകി തീര്‍ന്ന ഒരു ഇഷ്ടം. എപ്പൊഴോ
എങ്ങനെയോ അതലിഞ്ഞു പോയി. പ്രണയം ഹൃദയത്തില്‍ നിന്ന് കുടിയിറങ്ങുന്നില്ല എന്ന
മരവിപ്പോടെ കാലം പിന്നെയും കടന്നു പോകുന്നു.
പിന്നെയുമെത്ര മുഖങ്ങള്‍
.പുസ്‌തകത്താളിലെ കവിതകള്‍ താളത്തില്‍ ഉറക്കെ വായിച്ച് പ്രനയം തോന്നിപ്പിച്ച
അദ്ധ്യാപകന്‍ , അതിനെ പ്രണയമെന്ന് വിളിക്കാന്‍ വയ്യ. ആരാധനയായിരുന്നില്ലേ അത്...
വീണ്ടും വീണ്ടും കേള്‍ക്കാന്‍ മാത്രമായിരുന്നു മോഹം ഉയര്‍ന്ന ഒച്ചയില്‍ ആ കവിത
ബാലന്‍ മാഷിന്റെ
`ചൂറ്റാതെ പോയി നീ നിനക്കായ് ഞാന്‍
ചോര ചറി
ചുവപ്പിച്ചൊരെന്‍ പനിനീര്‍ പൂവുകള്‍ ...`
എത്ര നാള്‍ നടന്നു
ആരുമില്ലെങ്കിലും ഹൃദയത്തില്‍ കിനിഞ്ഞിറങ്ങുന്ന ആ
തണുപ്പുമായി...
വഴിപോക്ക്‌കരായി വന്നു കയറിയവരെല്ലാം വെറുതേ നോവിച്ചിട്ട്
ഒന്നും മിണ്ടാതെ പടിയിറങ്ങിപ്പോയി. മിണ്ടാത്തത് അവരോ അതോ എന്നിലെ നിസ്സംഗയയ ഒരുവളോ
എന്നറിയില്ല.
എപ്പൊഴും പ്രണയത്തെ കുറിച്ച് ഉറക്കെ സംസാരിക്കുന്ന
ഒരുവള്‍ക്ക് അതിനെ കുറിച്ച് ആധികാരികമായി എഴുതാന്‍ അറിയില്ലെന്നു വനനല്‍ ...
സത്യമാണ്...
പ്രണയിക്കുവാനല്ലാതെ, അതില്‍ തീരുവാനല്ലാതെ അതേ കുറിച്ച്
രണ്ടു വാക്കെഴുതുവാന്‍ എനിക്കറിയില്ല. ആത്മാവിലുണ്ട്... അക്ഷരങ്ങളില്‍ പോലും
വരാത്ത ഒരു ഉള്‍വേദന... എത്ര കിട്ടിയാലും മതിവരാത്ത ഒരു അത്യഗ്രഹിയുടെ വേദന.